Posted on

പ്രവാചക പ്രമത്തിന്‍റെ ഹൃദയ ഭാഷ

pravachaka copy

പ്രവാചക പ്രണയത്തിന്‍റെ വൈകാരിക തീരങ്ങളിലൂടെ അറിഞ്ഞും അലിഞ്ഞും ആസ്വദിച്ചും ആനന്ദവായനയുടെ വാതില്‍ തുറക്കുകയാണ് ഫൈസല്‍ അഹ്സനി ഉളിയിലിന്‍റെ “പ്രവാചക പ്രേമത്തിന്‍റെ ഹൃദയഭാഷ’. സ്നേഹം ഹൃദയത്തിന്‍റെ സംസാരമാണ്. ഓര്‍മകളിലേയും വാക്കുകളിലേയും ആനന്ദമാണ്. അതിനപ്പുറം ഒരു ലഹരിയാണ്. അടുത്തു ചെന്നാല്‍ നിയന്ത്രണം നഷ്ടപ്പെട്ട് അന്ധവും ബധിരവുമാവുന്ന ഹൃദയത്തിന്‍റെ ചലനമാണ്. ചരിത്രത്തില്‍ ലൈലയും ഖൈസും വരഞ്ഞു വെച്ച അനിയന്ത്രിതമായ സ്നേഹവികാരമാണ്. ഭ്രാന്ത് പിടിച്ച് ചുമരുകള്‍ ചുംബിച്ചതും പ്രിയതമയെ കണ്ട നായയെ കെട്ടിപ്പുണര്‍ന്നതും, ഇങ്ങനെ പ്രേമഭാജനം ഹൃദയത്തില്‍ അലിഞ്ഞു കലങ്ങുന്പോള്‍ തൊട്ടതും തീണ്ടിയതും ഉടുത്തതും തുപ്പിയതുമെല്ലാം അനശ്വരമായി തീരുന്നു. അതിനപ്പുറം സ്നേഹത്തിനൊരു അടിമയാക്കലുണ്ട്. തന്‍റെ പ്രേയസിക്ക് ഏതു വിധേനയും അടിമപ്പെടാനും പറഞ്ഞ വാക്കുകള്‍ അനുസരണയോടെ അംഗീകരിക്കാനും അവന്‍ തയ്യാറാവുന്നു. കണ്ടും അനുഭവിച്ചും പരിചയമുള്ള പുതിയ കാല പ്രണയങ്ങളില്‍ കാമുകനു വേണ്ടി സര്‍വ്വവും ത്യജിക്കുന്നവരും ജീവന്‍ കൊടുക്കുന്നവരും ഈ അടിമ ബന്ധത്തെയാണ് വിരല്‍ ചൂണ്ടുന്നത്.
ഇത്തരം കിളുന്ത് സ്നേഹത്തെ കൃത്യമായി വരച്ച് കാണിക്കുന്നു പുസ്തകത്തില്‍ വേറിട്ട ചിന്തകള്‍ക്കും യുക്തിപരമായ പ്രത്യുത്തരങ്ങള്‍ക്കും തുടക്കമാവുന്നത് “ആ സ്നേഹവും ഈ സ്നേഹവും’ എന്ന അധ്യായം മുതലാണ്. ചിപ്പിക്കകത്തെ ഒരു പദാര്‍ത്ഥമായ “മുത്തും’ ശരീരത്തില്‍ രക്തം കട്ടപിടിച്ച് കിടക്കുന്ന കരളും വിളിക്കുന്നത് എങ്ങനെയാണ് യുക്തിയുടെ പക്ഷമാവുന്നത്. കാമുകിക്ക് നല്‍കുന്ന മിസ്കോളും അവളില്‍ നിന്നു വീണ തൂവാലയില്‍ പറ്റിപ്പിടിച്ച പൊടിമണ്ണ് മുഖമാസകലത്തില്‍ ഉരസി സ്നേഹത്തിന്‍റെ രതി സാന്ദ്രത നുണയുന്നതും യുക്തിയനുകൂലമാക്കുന്നവര്‍ക്ക് എന്തു കൊണ്ടാണ് പ്രിയ ഹബീബിന്‍റെ പേരിലുള്ള സ്വലാത്തും അവിടുത്തെ ആദരിക്കപ്പെടുന്ന മുടി സ്പര്‍ശിച്ച വെള്ളവും അംഗീകരിക്കാന്‍ വൈമനസ്യമുണ്ടാവുന്നത്. നിര്‍ത്തിയും കിതച്ചും ചിരിച്ചും കൊഞ്ചിയും പ്രവാചക ജീവിതത്തെ കുറിച്ച് പ്രസംഗിക്കുന്ന രണ്ടാം ക്ലാസുകാരനും പ്രവാചകന്‍റെ മാതാപിതാക്കള്‍ കാഫിറാണെന്ന് കുരച്ച് തുപ്പിച്ചാടുന്ന മൗലവിയും പറയുന്നതും വാദിക്കുന്നതും പ്രവാചക സ്നേഹമാണ്. പക്ഷേ, അയാളുടെ സ്നേഹത്തിന്‍റെ അടയാളം ഈ തരത്തിലുള്ള വൃത്തി കെട്ട വാക്കുകളാണ്. അപ്പോള്‍ അയാള്‍ക്ക് സ്നേഹവുമായി ഒരു ബന്ധവുമില്ല. വ്യതിയാന മതത്തിന്‍റെ കരണം മറിച്ചില്‍ കൃത്യമായും ലളിതമായും പുസ്തകത്തിലുടനീളം പരാമര്‍ശിക്കുന്നുണ്ട്. പ്രവാചകനെ ജീവനു തുല്യം സ്നേഹിക്കുന്ന സത്യവിശ്വാസിയെ മുശ്രിക്കാണെന്ന് വിളിക്കുന്ന ഈ മനുഷ്യപ്പിശാചുക്കള്‍ക്ക് പ്രവാചകരുമായി സ്നേഹം അവകാശപ്പെടാന്‍ ഒട്ടും അര്‍ഹതയില്ലെന്ന് വാക്കുകളിലുടനീളം പറയുന്നുണ്ട്.
മേനി കണ്ട് സ്നേഹിക്കുന്നവരുണ്ട്, പണം നോക്കി ഇഷ്ടപ്പെടുന്നവരുണ്ട്. എല്ലാം കുളത്തിലെ ജലാംശം പോലെയാണ്. എപ്പോഴും വറ്റിപ്പോവാനുള്ള അതിന്‍റെ സാധ്യത ആര്‍ക്കും ഊഹിക്കാവുന്നതാണ്. പ്രവാചക സ്നേഹം ഹൃദയത്തില്‍ നട്ടു വളര്‍ത്തേണ്ട ചെടിയാണ്. അത് പടര്‍ന്ന് പന്തലിച്ച് പുറത്തേക്ക് എടുത്ത് ചാടണം. അപ്പോള്‍ വാക്കുകളിലും പ്രവര്‍ത്തികളിലും ആ കലര്‍പ്പില്ലാത്ത സ്നേഹത്തിന്‍റെ അലയൊലികള്‍ ദര്‍ശിക്കാനാവും. റൊമാന്‍റിക് ലൗ, പ്ലാറ്റോണിക് ലൗ, ഈറോണിക് ലൗ ഇങ്ങനെ തുടങ്ങി പലതും ഉണ്ട്. പ്രണയം നടിക്കുന്നവരും പ്രണയിക്കുന്നവരുമുണ്ടാവും. പരിചിതമായ സ്നേഹത്തിന്‍റെ വേലിക്കെട്ടുകള്‍ തകര്‍ത്ത് വെളിയില്‍ ചാടിയാലേ പ്രവാചക സ്നേഹം എന്താണെന്ന് മനസിലാക്കാനാവൂ. അല്ലെങ്കില്‍ അനുകരണത്തിന്‍റെ മാത്രം സ്നേഹമായി നാം മനസിലാക്കേണ്ടി വരും. കര്‍മ്മങ്ങള്‍ക്കപ്പുറം നില കൊള്ളുന്ന മനോകര്‍മമാണ് പ്രവാചക സ്നേഹം. അനുയോജ്യമായ ഉപമകളും പ്രവാചക ചരിത്രത്തിലെ അനര്‍ഗ സംഭവങ്ങളും അവതരിപ്പിച്ച് നബി തങ്ങളോടുള്ള സ്നേഹത്തെ വ്യക്തമായി അടയാളപ്പെടുത്തുകയാണ് ഗ്രന്ഥകാരന്‍. നേതാവിനെ കാണുന്പോള്‍ എഴുന്നേറ്റ് നിന്ന് മടിക്കുത്തഴിക്കുന്ന രാഷ്ട്രീയ ആദരവല്ല സ്നേഹത്തിനാല്‍ പിറവി കൊള്ളുന്ന ആദരവ്. അതിനൊരു റൊട്ടേറ്റിങ്ങ് തലമുണ്ട്. സ്നേഹം ആദരവിലേക്കും ആദരവ് അകലത്തിലേക്കും അകലം അടുപ്പത്തിലേക്കും ചലിപ്പിക്കും. ഈ ആദരവിനെ ആരാധനയാണെന്നും ആയതിനാല്‍ ആശിഖീങ്ങള്‍ മുശ്രിക്കുകളാണെന്നും പറയുന്നവര്‍ക്ക് സ്നേഹത്തെ കുറിച്ചറിയില്ലെന്നര്‍ത്ഥം.
ഈ ആദരവ് കൊണ്ടാണ് അവിടുത്തെ വഫാത്തിനു ശേഷം മസ്ജിദുന്നബവിയില്‍ നിന്നു സ്വഹാബികള്‍ പതുക്കെ സംസാരിച്ചിരുന്നത്. അവിടുത്തെ സ്പര്‍ശനമേറ്റ മണല്‍ തരിയില്‍ പോലും പാദം പതിയുന്നത് ഭയപ്പെട്ടിരുന്നത്, നാമം കേള്‍ക്കുന്പോഴേക്ക് നിയന്ത്രണം വിട്ട് വിതുന്പിയിരുന്നത്, അവശനായി കിടക്കുന്പോഴും ഇബ്നു മുസയ്യബ്(റ) എഴുന്നേറ്റ് നിന്ന് മാത്രം ഹദീസ് ചൊല്ലിക്കൊടുത്തത്, മാലിക്(റ)ന് ഹദീസ് ചോദിക്കാന്‍ വന്നാല്‍ അന്നൊരു പെരുന്നാളാണ്. കുളിച്ച്, വുളു ചെയ്ത്, പുതുവസ്ത്രം ധരിച്ച്, അത്തറ് പൂശി, തലപ്പാവു ധരിച്ച് മാത്രമേ മഹാന്‍ ഓതിക്കൊടുക്കൂ. ഇതാണ് സ്നേഹത്തിന്‍റെ ആദരവ്.
“റബീഅ്’ വിശ്വാസിക്ക് ആനന്ദവും ആഹ്ലാദവും ആകുന്നത് ആ സ്നേഹം ഹൃദയാന്തരങ്ങളില്‍ നിന്ന് അണ പൊട്ടിയൊഴുകുന്പോഴാണ്. മനസ്സിന്‍റെ സാന്ദ്രമായ താഴ്വരയിലേക്ക് ആനന്ദത്തിന്‍റെ ഒരു നദീ പ്രവാഹം നീന്തിയെത്തുന്ന പ്രതീതിയാണ് സത്യവിശ്വാസിക്ക്. ഈ സമയത്തും തിരുസ്നേഹത്തിന്‍റെ പേരില്‍ ഒരുമിച്ച് കൂടാനുള്ള അവസരങ്ങള്‍ മുഴുവനും കൊട്ടിയടക്കപ്പെട്ടവര്‍ക്ക് ജീവിതത്തില്‍ ഒരിക്കലും പച്ചയായ തിരുസ്നേഹം അനുഭവിക്കാനാവുന്നില്ല. കഅ്ബ്ബുനു സുഹൈര്‍(റ)വും ഹസ്സാനുബ്നു സാബിത്(റ)വും ഇങ്ങനെ എണ്ണമറ്റ അനുചരന്മാരും ഈ സവിധത്തില്‍ വെച്ച് പുകഴ്ത്തി ഗാനം ആലപിച്ചിട്ടും എന്തേ പ്രവാചകര്‍ ഇത് ശിര്‍ക്കാണെന്ന് പറയാതിരുന്നത്? നബി(സ്വ) തങ്ങള്‍ അവര്‍ക്ക് ആദരവ് നല്‍കിയപ്പോള്‍ എന്തേ സ്വഹാബത്ത് ഇത് ശിര്‍ക്കല്ലേ എന്ന് ചോദിക്കാതിരുന്നത്? അപ്പോള്‍ ഇത് സന്മാര്‍ഗത്തിന്‍റെ പാതയാണ്. സ്നേഹത്തിന്‍റെ അടയാളമാണ്.
സ്നേഹത്തിന്‍റെ മുഖവും പ്രവാചക പ്രേമത്തിന്‍റെ അനിവാര്യതയും കൃത്യമായി അടയാളപ്പെടുതത്തുന്നതും തെളിവുകളുടെ പിന്‍ബലമില്ലാതെ ശിര്‍ക്കും കുഫ്റും ആരോപിക്കുന്നവരെ പരസ്യമായി വിചാരണ ചെയ്യുന്നതും പുസ്തകത്തില്‍ ദര്‍ശിക്കാനാവും. ലളിതമായ ഭാഷയില്‍ ആശയങ്ങള്‍ വ്യക്തമായി കുറിച്ചിട്ട ഈ പുസ്തകം വായനക്കാര്‍ക്കും ആനന്ദമാവുമെന്നതില്‍ സംശയമില്ല. തുടക്കത്തിലും ഒടുക്കത്തിലും ഒരേ അനുഭൂതിയില്‍ വായനക്കാരെ ചിന്തിപ്പിക്കുന്ന ഈ പുസ്തകം പുസ്തക ലോകത്തെ അപൂര്‍വ്വ ഗ്രന്ഥമാണ്.

 

IPC Office,

Areacode Majmau

Thazhathangadi, Areacode (PO)

Malappuram673639

Kerala, India

 

Write a comment