Posted on

ബ്രിസ്ബെയിന്‍ നഗരം സന്തോഷത്തിലാണ്

 

റബീഉല്‍ അവ്വല്‍ സന്തോഷങ്ങള്‍ ലോകമെങ്ങും അലയടിക്കുകയാണ്. സര്‍വ്വ ലോകത്തിനും അനുഗ്രഹമായ തിരുദൂതരുടെ ആഗമനം ഏവരും കൊണ്ടാടുന്നു. എവിടെയും ഹര്‍ഷം നിറക്കുന്നു. പാടിത്തീരാത്ത ഗാനം പോലെ, കേട്ടു മടുക്കാത്ത രാഗം പോലെ. മനുഷ്യവാസമുള്ളയിടമെല്ലാം ഈ വസന്തം പുക്കുന്നു. ഏഷ്യയുടെ തെക്ക് കിഴക്കേയറ്റത്ത് കിടക്കുന്ന ഓസ്ട്രേലിയന്‍ ദീപുകളുടെ സ്ഥിതിയും വ്യത്യസ്തമല്ല. നാടെങ്ങും വയലറ്റ് വര്‍ണ്ണത്തില്‍ ജാകരന്ത പൂക്കള്‍ നിറയുന്ന, ദേശീയ പുഷ്പം ഗോള്‍ഡന്‍ പാറ്റ്ലിന്‍റെ മഞ്ഞ നിറം പാതയോരങ്ങളില്‍ വിരിയുന്ന വസന്തകാലത്താണ് ഈ വര്‍ഷം ഇവിടെ റബീഉല്‍ അവ്വല്‍.
കുടിയേറ്റരാജ്യമാണിത്. ബ്രിട്ടന്‍റെ ആദ്യകാല പര്യവേഷണങ്ങളില്‍ അധീനപ്പെട്ട ദ്വീപിന് പല കോളനികള്‍ക്കുമുള്ള ഇരുണ്ട ഭൂതകാലം ഉണ്ടായിട്ടുമുണ്ട്. കുടിയേറ്റം, കുടിയിറക്കം, അധിനിവേശം… കൈവന്ന ഭൂവിസ്തൃതിയുടെ ആകാര മൂപ്പിളമ, കലഹങ്ങളില്‍ നഷ്ടപ്പെട്ടു പോവുന്ന നിഷ്കളങ്ക ജീവിതങ്ങള്‍. എലിസബത്ത് രാജ്ഞിയുടെ ഉടമസ്ഥതയിലാണ് ഇന്നും ഇവിടെ മതേതര ജനാധിപത്യത്തിന്‍റെ ഉലച്ചില്‍ തട്ടാത്ത സമ്പ്രദായങ്ങള്‍ രാജ്ഞിക്ക് കീഴില്‍ നിലനില്‍ക്കുന്നു. ജനസംഖ്യയുടെ രണ്ട് ശതമാനം വരും മുസ്ലിംകള്‍. ഏതാണ്ട് മുഴുവനും കുടിയേറ്റക്കാര്‍ തന്നെ. ബോസ്നിയ, ലെബനെന്‍, അഫ്ഗാനിസ്ഥാന്‍ തുടങ്ങി വിവിധ ആഫ്രിക്കന്‍ നാടുകളില്‍ നിന്നും അഭയാര്‍ത്ഥി പ്രവാഹം വരുന്ന നാടുകള്‍. മുസ്ലിംകള്‍ കമ്മ്യൂണിറ്റിയായി തദ്ദേശീയ ജനത ഇനിയും പരിണമിക്കേണ്ടതുണ്ട്. കടന്നുവന്ന നാടിന്‍റെ പേരില്‍ തന്നെയാണ് മുസ്ലിം കൂട്ടായ്മകള്‍ അധികവും. സൗത്ത് ആഫ്രിക്കന്‍ പള്ളി, അറബി മദ്രസ, ബംഗ്ലാദേശീ സ്കൂള്‍, ബോസ്നിയന്‍ റാത്തീബ്, ഫിജി പ്രോഗ്രാം. അങ്ങനെ നീണ്ടു പോകുന്നു ഈ നാടിന്‍റെ സാംസ്കാരിക തനിമകള്‍.
മുസ്ലിം സംസ്കാരങ്ങള്‍ സ്ഫുരിച്ച പ്രദേശങ്ങളില്‍ നിന്നും വന്നവര്‍ അവരുടേതായൊന്നും കൊണ്ടുവരാതിരുന്നില്ല. ഇസ്ലാമും ദേശാടനത്തിന്‍റെ മതമാണല്ലോ ഒരര്‍ത്ഥത്തില്‍. അതിരുകള്‍ ഭേദിച്ച് കച്ചവടത്തിനും പര്യവേഷണത്തിനും അതിര്‍ത്ഥി വ്യാപനത്തിനും പൂര്‍വ്വികര്‍ നടത്തിയ യാത്രകള്‍ തന്നെയല്ലേ ഇങ്ങനെ സര്‍വ്വദേശത്തും ഈ വിത്തെത്തിച്ചത്. പാരമ്പര്യം മുറിഞ്ഞ് പോവാതെ സൂക്ഷിക്കാനും തങ്ങളുടെ പൂര്‍വ്വ ദേശങ്ങളുടെ വിശ്വാസ രീതികളുമായി ചേര്‍ന്നു നില്‍ക്കാനും എല്ലാ മുസ്ലിം കൂട്ടായ്മകളും തുനിയുന്നുണ്ട്. നബിദിന വിഷയത്തില്‍ ഒട്ടും കുറയാത്ത ആവേശമാണ് മിക്ക മുസ്ലിം കൂട്ടായ്മകള്‍ക്കും. അതിവിശാലമായ ഭൂഖണ്ഡത്തില്‍ ജനവാസമുള്ളത് തീരപ്രദേശങ്ങളില്‍ മാത്രമാണ്. അതില്‍ തന്നെ മുസ്ലിം ജനസാന്ദ്രതയുള്ള ഭാഗങ്ങള്‍ ഇനിയും കുറയും. എങ്കിലും വിശ്വാസികളുള്ളയിടങ്ങളില്‍ പള്ളി, മദ്രസ, മുസ്ലിം സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ സാന്ദ്രത ഏറെ കൂടും. സിഡ്നി, മെല്‍ബണ്‍, ബ്രിസ്ബന്‍, കാന്‍ബറ, അഡലെയ്ഡ്, പെര്‍ത്ത്, ഡാര്‍വ്വിന്‍ തുടങ്ങിയവയാണ് പ്രധാന ജനവാസ കേന്ദ്രങ്ങളും നഗരങ്ങളും. ഇവിടങ്ങളെല്ലാം നബിദിനം ആഘോഷിക്കുന്ന ചെറുതും വലുതുമായ ഒരുപാട് കൂട്ടായ്മകള്‍ കാണാനാവും. മറ്റു പലയിടങ്ങളിലും പോലെ ആസ്ട്രേലിയയിലും മീലാദികള്‍, അല്ലാത്തവര്‍ എന്ന നിലയില്‍ മൊത്തം മുസ്ലിംകള്‍ അറിയപ്പെടുന്നത് കാണാം. അത്രയും പ്രകടമാണ് മൗലിദാഘോഷത്തിന്‍റെ സാന്നിദ്ധ്യം.
ലേഖകന്‍ ഇവിടെയെത്തിയ രണ്ടായിരത്തിയേഴ് മുതല്‍ വ്യത്യസ്ത മേല്‍ക്കൈകളില്‍ ഒരുക്കപ്പെടുന്ന നൂറു കണക്കിന് മീലാദ് കൂട്ടായ്മകളില്‍ ഭാഗഭാക്കാവാന്‍ കഴിഞ്ഞിട്ടുണ്ട്. ജോലിസ്ഥലമായ ക്യൂന്‍സ് ലാന്‍റ് സ്റ്റേറ്റ് റബീഉല്‍ അവ്വല്‍ ആഘോഷങ്ങളുടെ പല വേദികള്‍ക്കും ഇടം കൊടുക്കാറുണ്ട്. രണ്ടു വര്‍ഷം മുമ്പ് ശൈഖുനാ കാന്തപുരം ഉസ്താദും ഒരു മീലാദ് വേദിയില്‍ പങ്കെടുക്കാന്‍ ഇവിടെ എത്തിയിട്ടുണ്ട്. ലോകമെങ്ങും പൂക്കുന്ന ആമോദ പൂത്തിരിയുടെ അലയൊലികള്‍ ഇവിടെയും നിതാന്തമായി അലയടിക്കുന്നു.
ഒരര്‍ത്ഥത്തില്‍ കൂടുതല്‍ അന്താരാഷ്ട്രീയ മാനമുണ്ട് ഇവിടെയുള്ള മീലാദ് ആഘോഷങ്ങള്‍ക്ക്. ഓരോ മുസ്ലിം കമ്മ്യൂണിറ്റികളും മത്സരിച്ച് തങ്ങളുടെ പൂര്‍വ്വ ദേശങ്ങളിലെ മുസ്ലിം നേതാക്കളെയും രീതികളെയും ഇവിടെ പരിചയപ്പെടുത്തുന്നു. ഏകതാനമായ രീതി മീലാദ് ആഘോഷങ്ങള്‍ക്ക് ഇല്ലാതിരിക്കാന്‍ ഈ ബഹുരാഷ്ട്ര പശ്ചാത്തലം ഒരു കാരണമാണ്.

ഫിജിയന്‍ മീലാദുകള്‍
ഇന്ത്യയുടെ ഒരു അകന്ന ബന്ധുവായി വരും ഫിജി ദ്വീപുകള്‍. കോളനി കാലത്ത് ഇംഗ്ലണ്ടിന്‍റെ കരിമ്പു തോട്ടങ്ങളായിരുന്നു ഈ നാടുകള്‍. തൊഴിലാളികളായി ധാരാളം ഇന്ത്യക്കാരെ ബ്രിട്ടീഷുകാര്‍ ഇങ്ങോട്ട് കൊണ്ടുവന്നു. അവരുടെ പിന്മുറക്കാര്‍ നാടുകള്‍ മുഴുവന്‍ ചേക്കേറി. ആസ്ട്രേലിയ, ന്യൂസിലന്‍റ്, കാനഡ, അമേരിക്ക, യു കെ. ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം നേടിയതു കൊണ്ട് ലോകമെങ്ങും പരന്നൊഴുകാന്‍ അവര്‍ക്കായി. പോയ ഇടങ്ങളിലൊന്നും തങ്ങളുടെ ദേശത്തിന്‍റെയും വിശ്വാസത്തിന്‍റെയും നന്മകള്‍ പതിപ്പിക്കാന്‍ അവര്‍ മറന്നില്ല. ആ സാംസ്കാരിക മുദ്രണങ്ങളില്‍ ഏറ്റവും പ്രകടമായതാണ് മീലാദുകള്‍. ഒരുപക്ഷെ, ഈ പറയപ്പെട്ട രാജ്യങ്ങളിലെല്ലാം ഏറ്റവും സജീവമായ സുന്നീ കൂട്ടായ്മകള്‍ ഫിജി മേല്‍ക്കൈയില്‍ തന്നൊണ്. കേരളീയ ശൈലിയോട് ഏറ്റവും അടുത്തു നില്‍ക്കുന്നതും ഇവരുടേത് തന്നെ. ഇപ്പോഴും പല മലയാള മദ്ഹ് ഗീതങ്ങളും ഇവര്‍ക്ക് മനഃപാഠമാണ്. സി എച്ച് പ്രിന്‍റിലടിച്ച മൗലിദ് കിത്താബുകള്‍ സൂക്ഷിക്കുന്നവര്‍ ധാരാളം പേരുണ്ട്. റബീഉല്‍ അവ്വല്‍ ഓരോ ദിവസവും ഓരോ വീടുകളില്‍ വിപുലമായ മൗലിദ് നടക്കും. മഗ്രിബ് തൊട്ട് ഏറെ നേരം മന്‍ഖൂസ് മൗലിദും ഉറുദുവിലുള്ള മൗലിദ് അക്ബറുമാണ് പ്രധാനമായും പാരായണം ചെയ്യാറുള്ളത്. ഇംഗ്ലീഷിലുള്ള സീറകളും വായിക്കും. മനോഹരമായ ഉറുദു നഅ്ത്തുകള്‍ ആലപിക്കുന്ന പ്രായഭേദമില്ലാത്ത വിശ്വാസി വൃന്ദം മനോഹരമായ കാഴ്ച്ചയാണ്. അഹ്മദ് റസാഖാന്‍ ബറേല്‍വിയുടേതടക്കം ഹൃദയം തുടിക്കുന്ന നഅ്ത്തുകള്‍. ഒരു വിധം നഅ്ത്തുകളെല്ലാം സദസ്സിനും ഹൃദിസ്ഥമായിരിക്കും.
മുസ്ഥഫാ ജാനേ റഹ്മത്ത്
പേ ലാക്കോം സലാം
ശംഏ ബസ്മേ ഹിദായത്ത്
പേ ലാക്കോ സലാം.

ഭക്തിയില്‍ എഴുന്നേറ്റ് നിന്ന് വട്ടത്തില്‍ നിരന്ന് യാ നബീ സലാം ബൈത്തിനോടൊത്ത് നഅ്ത്തുകള്‍ ഉയരുമ്പോള്‍ ഏറ്റുചൊല്ലും എല്ലാവരും. വിഭവ സമൃദ്ധമായ സദ്യയോടെയാവും സദസ്സ് പിരിയുക. നമ്മുടെ സേമിയന്‍ പായസത്തോട് സാദൃശ്യമുള്ള ‘സമയ്’ വിളമ്പി പുലാവും ബാര്‍ബെക്ക്യൂവും കൊഴുപ്പു കൂട്ടുന്ന സദ്യ. സദസ്സ് നയിച്ചവര്‍ക്ക് ഉപഹാരങ്ങളും സമ്മാനങ്ങളും നല്‍കും. പന്ത്രണ്ടിന് വിവിധ ഫിജി മുസ്ലിം ഗ്രൂപ്പുകളുടെ കീഴില്‍ പൊതുപരിപാടികള്‍ അതിവിപുലമായി സംഘടിപ്പിക്കും. പ്രത്യേകം വലിയ ഓഡിറ്റോറിയങ്ങള്‍ വാടകക്കെടുത്ത് പുറം നാടുകളില്‍ നിന്നും വിശിഷ്ടാതിഥികളെ വരുത്തി അഞ്ചും ആറും മണിക്കൂറുകള്‍ നീണ്ടുനില്‍്ക്കുന്ന മീലാദ് സദസുകള്‍. അസറോടെ തുടങ്ങി പാതിരോവോളം നീളുന്ന പ്രവാചക പ്രകീര്‍ത്തനങ്ങളുടെ പുണ്യ നൈരന്തര്യങ്ങള്‍. ഇസ്ലാമിക് സൊസൈറ്റി ഓഫ് ക്യൂന്‍സ് ലാന്‍റ്, അല്‍ മുസ്ഥഫാ ഇന്‍സ്റ്റിറ്റ്യൂട്ട്, അര്‍റഹ്മാന്‍ ഇസ്ലാമിക് ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയവ വളരെ വിപുലമായ ഫിജി മീലാദ് സമ്മേളനങ്ങളാണ് സംഘടിപ്പിക്കുക. വാര്‍ഷികമായി നടക്കുന്ന ബഹുജന മീലാദാഘോഷങ്ങള്‍ക്ക് പുറമെ മാസാന്തം ഈ കൂട്ടായ്മകള്‍ നടക്കുന്ന പ്രഭാഷണ പ്രകീര്‍ത്തന രാവുകള്‍ക്കും മീലാദ് എന്നു തന്നെയാണ് പൊതുവെ വിളിക്കപ്പെടുക. നബിദിനത്തിനപ്പുറം നബിവര്‍ഷം ആചരിക്കുന്നവര്‍ നബിദിനാഘോഷത്തിന്‍റെ ഫിജി രീതികള്‍ക്ക് അദമ്യമായ ഒരടുപ്പം കേരളാ മോഡലുമായി കാണാനാവും. വിദ്യാര്‍ത്ഥികളുടെ കലാ പരിപാടികളടക്കം ഇവിടങ്ങളില്‍ മീലാദ് യോഗങ്ങളില്‍ കാണാനാവും. ചെറിയ ജനസംഖ്യ മൂലം വൈപുല്യത്തിന്‍റെ ഏറ്റക്കുറച്ചിലുകള്‍ പലയിടങ്ങളിലായി കാണാനായേക്കും. ഫിജി ദീപുകളില്‍ നടക്കുന്ന അതിവിപുലമായ മൗലിദാഘോഷങ്ങളില്‍ പങ്കെടുക്കുന്ന ഓസ്ട്രേലിയന്‍ പണ്ഡിതന്മാര്‍ അവയുടെ വൈപുല്യം കണ്ട് അമ്പരന്നിട്ടുണ്ട്. തലസ്ഥാന നഗരിയില്‍ നടക്കുന്ന സമാപന സംഗമം പ്രധാനമന്ത്രിയാണ് ഉദ്ഘാടനം ചെയ്യുക.

സൗത്താഫ്രിക്കന്‍ മീലാദുകള്‍
അഹ്ലുസ്സുന്നത്തിന്‍റെ മാര്‍ഗത്തില്‍ നിന്ന് ഒരല്‍പ്പം പോലും വ്യതിചലിക്കാത്തവരാണ് സൗത്താഫ്രിക്കന്‍ പശ്ചാത്തലങ്ങളില്‍ നിന്ന് വരുന്നവര്‍. അഹ്മദ് റസാഖാന്‍ ബറേല്‍വിയുടെ നവോത്ഥാന ശ്രമങ്ങളുടെ നേര്‍ഗുണഭോക്താക്കള്‍ ആശയ കാര്‍ക്കശ്യത്തിന്‍റെ മാതൃകകളാണ്. റബീഉല്‍ അവ്വല്‍ പെരുന്നാളിന് തുല്യമാണ് ഈ ജനതക്ക്. മുഹറം തൊട്ട് തുടങ്ങുന്ന ആഘോഷാരവങ്ങള്‍ റബീഉല്‍ അവ്വല്‍ കഴിയുവോളം നീളും. നഅ്ത് രാവുകളില്‍ പുളകം കൊള്ളുന്ന വിശ്വാസി സഹസ്രങ്ങള്‍. ഉപഭുഖണ്ഡത്തില്‍ നിന്നും ലോകത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നും നിപുണരായ പണ്ഡിതരെയും പാരായണ വിദഗ്ധരെയും നിത്യം ഇവിടേക്ക് ആനയിക്കക്കപ്പെടുന്നു.
വീടുകളിലും നടക്കും മൗലിദ് പാരായണങ്ങള്‍. കൂടുതല്‍ റസാഖാന്‍ ബറേല്‍വിയുടെ നഅ്തുകളും അവയുടെ ഇംഗ്ലീഷ് വെര്‍ഷനുകളുമാകും ചേരുവ. പന്ത്രണ്ടിന് നടക്കുന്ന ഗംഭീര മീലാദ് സംഗമങ്ങള്‍ ബഹുജന, ഭരണ നേതാക്കളുടെ വലിയ ഒത്തുചേരലുകളായി മാറാറുണ്ട്. ഇസ്ലാമിക് സൊസൈറ്റി ഓഫ് ബ്രിസ്ബന്‍, മേഖലയിലെ അതിവിപുലമായ നബിദിന സംഘാടകരാണ്. ഹിഫ്ള് വിദ്യാര്‍ത്ഥികളുടെ ബിരുദദാനം, സംഘടിത പ്രകീര്‍ത്തനങ്ങള്‍, പ്രഭാഷണങ്ങള്‍, അന്നദാനം, ഉപഹാര വിതരണം തുടങ്ങിയവ ഇവരുടെ ആഭിമുഖ്യത്തില്‍ അരങ്ങേറുന്നു. മുന്‍വര്‍ഷങ്ങളില്‍ ഡോ. താഹില്‍ ഖാദിരി, ശൈഖ് അബൂബക്കര്‍ അഹ്മദ്‌, ഉനൈസുല്‍ ഖാദിരി, ശൈഖ് ഹബീബ് ഉമര്‍ തുടങ്ങി ലോകപ്രശസ്തരായ ഒട്ടേറെ സുന്നീ നേതാക്കള്‍ ഈ സദസ്സുകളില്‍ നേതൃത്വം കൊടുക്കുന്നു. തിരുദുതരുടെയും പുണ്യാത്മാക്കളുടെയും ആസാറുകളുടെ പ്രദര്‍ശനങ്ങളും നബിദിനത്തോടനുബന്ധിച്ച് സിയാറത് എന്ന പേരില്‍ നടക്കാറുണ്ട്. പൊതു ഖബര്‍സ്ഥാനില്‍ നടക്കുന്ന ഖബറാളികള്‍ക്ക് വേണ്ടിയുള്ള കൂട്ട സിയാറത്തിന് പുറമെയാണിത്. പുത്തനാശയക്കാരുടെ മുനയൊടിക്കുന്ന ആശയസമര്‍ത്ഥനങ്ങളുടെയും ആദര്‍ശപഠനങ്ങളുടെയും വേദിയാകും പലപ്പോഴും ഇത്തരം സദസ്സുകള്‍. നാട്ടിലെ മുഖാമുഖങ്ങളോട് കിടപിടിക്കുന്ന ചോദ്യോത്തര സെഷനുകളടക്കം മീലാദ് ആഘോഷങ്ങളുടെ ഭാഗമായി ഈ കൂട്ടായ്മകള്‍ നടത്താറുണ്ടെങ്കിലും മറ്റു ഭാഗങ്ങളില്‍ കാണപ്പെടുന്ന മീലാദ് കാലത്തെ ഖണ്ഡന മണ്ഡനങ്ങള്‍ ഇവിടങ്ങളിലില്ല. കാര്യമായി ഈ സുദിനത്തെ എതിര്‍ക്കുന്നവരില്ല എന്നത് തന്നെ ഒന്നാമത്തെ കാരണം. മുന്നേ എതിര്‍ത്തിരുന്നവര്‍ തന്നെ പല രൂപങ്ങളില്‍ ഇപ്പോള്‍ മീലാദാഘോഷങ്ങളുടെ ഭാഗമാകുന്ന ദൃശ്യമാണ് പൊതുവില്‍ എവിടെയും.

ഇന്തോനേഷ്യന്‍, മലേഷ്യന്‍, സിംഗപ്പൂരി സ്റ്റൈല്‍
ത്വരീഖത്തിന്‍റെ മൂശയില്‍ വാര്‍ത്ത സൂഫിസത്തിന്‍റെ ധാരയില്‍ ചലിക്കുന്ന വിശ്വാസികക്കുന്നു. ലാളിത്യവും ആദരവും നൈര്‍മല്യവും മുഖമുദ്രയാക്കിയവര്‍. ആധുനികതയുടെ കാഴ്ച്ചപ്പാടുകളുണ്ടെങ്കിലും പരമ്പരാഗത ദീനിന്‍റെ തനിമയില്‍ നില്‍ക്കാന്‍ കൊതിക്കുന്നവര്‍. സയ്യിദ് കുടുംബങ്ങളെ, പണ്ഡിത ശ്രേഷ്ഠരെ അദമ്യം കാംക്ഷിക്കുന്നവര്‍.
വളരെ വ്യത്യസ്തമായ രീതികളില്‍ ഈ കൂട്ടായ്മകളും നബിദിനാഘോഷങ്ങള്‍ നടത്താറുണ്ട്. മിക്കവാറും ശാഫീ മദ്ഹബുകാരായ ഇന്നാട്ടുകാര്‍ മൗലിദിന്‍റെ സംഗീതാത്മകതയെ പ്രണയിക്കുന്നവരാണ്. കെട്ടിലും മട്ടിലും പുതുമയുള്ള ഈണവും രാഗവും പുനക്രമീകരിച്ച ബുര്‍ദാ പാരായണം ഇന്നാട്ടുകാരുടെ നബിദിനാഘോഷങ്ങളുടെ മുഖ്യാകര്‍ഷണമാണ്. ശൈഖ് അഫീഫുദ്ദീന്‍ ജീലാനിയടക്കം പ്രശസ്തരായ ആലിമുകള്‍ ഈ സദസ്സുകളില്‍ പങ്കെടുക്കുന്നുണ്ട്. കലാ പ്രകടനത്തിലും, ഭക്ഷണ വൈവിധ്യങ്ങളിലും മറ്റോതൊരു കൂട്ടായ്മകളെയും മറികടക്കും ഇവര്‍.

ഇന്ത്യന്‍ കൂട്ടായ്മകള്‍
മിക്ക ഇന്ത്യന്‍ സംസ്ഥാനങ്ങളിലുമുള്ള മുസ്ലിം കൂട്ടായ്മകള്‍ ആസ്ത്രേലിയയിലെ മുഴുവന്‍ ഭാഗങ്ങളിലുമുണ്ട്. ഈ കൂട്ടായ്മകള്‍ക്കെല്ലാം അവരുടെ വാര്‍ഷികം പോലെയാണ് നബിദിന സംഗമങ്ങള്‍. വര്‍ഷത്തില്‍ ഒത്തുകൂടുന്ന ഏറ്റവും വലിയ യോഗമാണ് പലര്‍ക്കും ഇത്. പൊതുവെ തിരക്ക് പിടിച്ച ജീവിതം. മണിക്കൂറുകള്‍ കണക്കാക്കി ജോലി ചെയ്യുന്നവര്‍. നാടിന്‍റെ വിസ്തൃതി മൂലം ഏത് ചെറിയ കാര്യത്തിനും യാത്ര ചെയ്യേണ്ടവര്‍, പ്രതികൂല കാലാവസ്ഥ. മനുഷ്യര്‍ തമ്മില്‍ ഇഴയകലം കൂട്ടുന്ന ഘടകങ്ങളെമ്പാടുമുണ്ടിവിടെ. അപരനെ കാണാനും ഒരു വാക്ക് മിണ്ടാനും ഇടമേറെയില്ലാത്തിടം. അവനവനിലേക്ക് ഓടിക്കയറുകയും ഒടുക്കം, ബോധം വരുമ്പോള്‍ കൂടെയാരുമില്ലെന്ന് വ്യസനിക്കുകയും ചെയ്യുന്ന യൂറോപ്യന്‍ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍, സങ്കടക്കാഴ്ച്ചകള്‍, തങ്ങളെ ആക്ഷേപിക്കരുതെന്ന് കണിശപ്പെടുന്നവരാണ് മുസ്ലിംകളിവിടെ. പക്ഷേ സാഹചര്യം കാലിടറിപ്പിക്കുന്നതാണ്. നബിദിന സംഗമങ്ങള്‍ പലപ്പോഴും ഈ അസുരയാഥാര്‍ത്ഥ്യങ്ങളെ തകര്‍ക്കാനുള്ള ഊര്‍ജം നല്‍കും വിശ്വാസികള്‍ക്ക്. കുട്ടികളുടെ നൈസര്‍ഗികത, തലമുറകള്‍ക്കിടയിലെ വിളക്കിച്ചേര്‍ക്കല്‍, മഹല്ലുകളുടെ അദൃശ്യ ബന്ധനങ്ങള്‍ക്കൊരു ബദല്‍ എല്ലാം സാമൂഹിക പാരസ്പര്യത്തിന്‍റെ പ്രയോഗം. നബിദിനാഘോഷം ഈ സമൂഹത്തില്‍ നിര്‍വ്വഹിക്കുന്ന ദൗത്യങ്ങള്‍ക്ക് അതിരുകളില്ല. ഇംഗ്ലീഷും തമിഴും മലയാളവും കന്നഡയും ഉര്‍ദുവും ഹബീബിന്‍റെ സ്നേഹപ്രകീര്‍ത്തനങ്ങളുടെ മാധ്യമങ്ങളാവുമ്പോള്‍ കുട്ടിക്കാലങ്ങളിലേക്ക് വിരുന്നുപോകും, സദസ്സിന്‍റെ മാനസഭാവങ്ങള്‍. രിസാല സ്റ്റഡി സര്‍ക്കിളിന്‍റെ കീഴില്‍ എല്ലാ വര്‍ഷവും അതിവിപുലമായി മലയാളികള്‍ പല ഭാഗങ്ങളിലായി സംഘടിപ്പിക്കാറുണ്ട്. താരതമ്യേന ഓരോ മാസവും നടക്കുന്ന സംഗമങ്ങളുടെ വാര്‍ഷികമായി ഈ യോഗങ്ങള്‍ ഉപയോഗപ്പെടുന്നു. മലയാളീ പണ്ഡിതന്മാര്‍ യൂസുഫ് സഖാഫി, അബ്ദുസ്സലാം നദ്വി, ജാഫര്‍ നിസാമി, ശരീഫ് അഹ്സനി, അഷ്റഫ്, അമീര്‍ ഹസന്‍ തുടങ്ങിയവര്‍ മലയാളീ മീലാദ് സംഗമങ്ങളിലെ മാത്രമല്ല പ്രദേശത്തെ മുഴുവന്‍ സുന്നീ ചലനങ്ങളിലേയും നിത്യ സാന്നിദ്ധ്യങ്ങളാണ്. കേരളാ പ്രളയസമയത്ത് അതീവതാല്‍പര്യത്തോടെ ഇതര മുസ്ലിം കുട്ടായ്മകള്‍ വിപുലമായി സഹായഹസ്തം നീട്ടിയത് ഈ സ്നേഹ പാരസ്പര്യം കൊണ്ടാവാം. ഒരുവിധം അറിയപ്പെട്ട ലോക പണ്ഡിതന്മാരെല്ലാം ഇവിടുത്തെ മീലാദ് ആഘോഷങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്.
അറബ് കൂട്ടായ്മകളില്‍ നടക്കുന്ന മീലാദ് സംഗമങ്ങള്‍ വളരെ വ്യതിരിക്തമാണ്. എറെ നേരം നീണ്ടുനില്‍ക്കുന്ന ഖുര്‍ആന്‍ പാരായണം, ഖസീദത്തുല്‍ ബുര്‍ദയുടെയും, ഖമറുന്‍… തുടങ്ങിയ ഖസീദകളുടെയും ആലാപനം, സീറാപാരായണം, ഹദീസ് പരിചയം തുടങ്ങിയ വിഭവങ്ങള്‍ ഉള്‍ക്കൊള്ളുന്ന ദൈര്‍ഘ്യമേറിയ പരിപാടികള്‍. അറബ് വിഭവങ്ങള്‍ നിരക്കുന്ന ഭക്ഷണ വിതരണം.
നബിദിനം പൊതു അവധിയാക്കണമെന്ന ഒരാലോചന ആസ്ത്രേലിയന്‍ കേന്ദ്ര ഗവണ്‍മെന്‍റ് ഒരു ഘട്ടത്തില്‍ മുന്നോട്ട് വെക്കുകയുണ്ടായി. മുഖ്യധാരാ രാഷ്ട്രീയ ഭരണനേതാക്കളെല്ലാം മീലാദ് യോഗങ്ങളില്‍ അതിഥികളായി പങ്കെടുക്കുന്നവരാണ്. പ്രവാചക സ്നേഹത്തിന്‍റെ വിശ്വാസ ആഴങ്ങള്‍ ദര്‍ശിക്കുന്ന ഇതര മതക്കാര്‍ക്ക് ദീനിനെ അടുത്തറിയാന്‍ ആഗ്രഹിപ്പിക്കുന്ന ചാലകം കൂടിയാവുന്നുണ്ട് ഇന്നാട്ടില്‍ മീലാദ്.
വഹാബീ തീവ്ര ഭീകരബാന്ധവങ്ങളെ മറ്റേതൊരു രാജ്യത്തേക്കാളേറെ വെറുക്കുകയും അടുത്തറിയുകയും ചെയ്യുന്ന നാടാണിത്. അറിയപ്പെട്ട മുഴവന്‍ വഹാബീ പ്രഭാഷകര്‍ക്കും ഇവിടം വിലക്കപ്പെട്ടിട്ടുണ്ട്. സലഫിസത്തിന്‍റെ എതിര്‍ചേരിയില്‍ നില്‍ക്കുന്നവര്‍ എന്ന നില്ക്ക് സൂഫീധാരക്ക് ലോകം നല്‍കിയ സ്വീകാര്യത, ഇവിടെയും വളരെ പ്രകടമാണ്. ആത്മീയാന്വേഷണങ്ങളുടെ യൂറോപ്യന്‍ മാതൃകകള്‍ക്ക് എന്നും കൗതുകം നല്‍കുന്നതാണ് സൂഫീ രീതികള്‍. അതില്‍ തന്നെ മീലാദും ബന്ധപ്പെട്ട വിഷയങ്ങളും മറ്റോതൊരു രാജ്യത്തിലുമുപരി സ്വതന്ത്രമായും വിപുലമായും നബിദിനം ഇവിടെ അരങ്ങേറുന്നതിന്‍റെ ഒരു രഹസ്യവും ഇത് തന്നെ.
പാക്കിസ്താനീ- ബംഗ്ലാദേശീ മുളയിലുള്ള ദഅ്വതേ ഇസ്ലാമീ പോലുള്ള ഗ്രൂപ്പുകള്‍ക്ക് കീഴില്‍ പല സ്ഥലങ്ങളിലും ഘോഷയാത്രകളടക്കം അരങ്ങേറുന്നു. പൊതുവെ പൊതുജനത്തെ ശല്യപ്പെടുത്തുന്ന ഒരു പബ്ലിക് സെമോണ്‍സ്ലേഷനും ഈ നാട് അനുവദിക്കാറില്ല. രാഷ്ട്രീയത്തിലടക്കം. എങ്കിലും അപൂര്‍വ്വം അവസരങ്ങളില്‍ മീലാദ് യാത്രകള്‍ക്ക് അനുമതി ലഭിക്കാറുണ്ട്. മുസ്ലിം പൊതുമനസ്സും റബീഉല്‍ അവ്വലിനെ വര്‍ഷത്തെ ഏറെ പിരിശപ്പെട്ട വേളയായായി നെഞ്ചേറ്റുന്നവര്‍ തന്നെ.

ശരീഫ് സ്വിദ്ദീഖി ഉമ്മനഴി

Write a comment