Posted on

മക്കയിലുയര്‍ന്ന ബാങ്കൊലി മായാതെ..

 

പുതിയ മതമാണ് മക്കയിലെ ചര്‍ച്ചാവിഷയം. ഖുറൈശീ തലവന്‍ അബ്ദുല്‍ മുത്ത്വലിബിന്‍റെ മകന്‍ അബ്ദുല്ല (റ)യുടെ മകന്‍ മുഹമ്മദ്(സ)യാണ് അതിന്‍റെ വക്താവ്. അബൂഖുറാഫയുടെ മകന്‍ അബൂബക്കര്‍(റ) അതില്‍ അംഗമായിട്ടുണ്ട്. പരിചിതരെ അതിലേക്ക് ക്ഷണിക്കലാണ് ഇപ്പോള്‍ നടക്കുന്നത്. ഉസ്മാനുബ്നു ഗഫാന്‍, ത്വല്‍ഹ, സഅദ്(റ) എന്നിവര്‍ അതുവഴി ഇസ്ലാം സ്വീകരിച്ചു. അടുത്ത ദിവസം ശാമിലേക്ക് പുറപ്പെടുന്ന കച്ചവട സംഘത്തില്‍ ബിലാല്‍(റ)വും അംഗമാണ്. തിങ്ങിയ മുടി, നേര്‍ത്ത താടി, പൊക്കം കൂടി കറുത്ത് മെലിഞ്ഞ ശരീരം. എല്ലാം മേളിച്ച ആരോഗ്യവാനായ അബ്സീനിയക്കാരനാണ് അദ്ദേഹം. യാത്രക്കിടയിലാണ് സിദ്ദീഖ്(റ) ആ മഹാ പുരുഷനെ അടുത്തറിഞ്ഞത്. ബിലാല്‍(റ) വിന്‍റെ വ്യക്തി പ്രഭാവവും സ്വഭാവവൈശിഷ്ടിയും മനസ്സിലാക്കിയ സിദ്ദീഖ്(റ) അദ്ദേഹത്തെയും ഇസ്ലാമിലേക്ക് ക്ഷണിച്ചു. ലാത്തയെയും ഉസ്സയെയും ആരാധിക്കുന്നതിലെ വിഢിത്തം തിരിച്ചറിഞ്ഞ ബിലാല്‍(റ) നാളുകളേറെയായി സത്യാന്വേഷണത്തിലാണ്. സത്യം മനസ്സിലാക്കാനും അതില്‍ അണി ചേരാനും തനിക്ക് ലഭിച്ച അവസരത്തില്‍ അല്ലാഹുവില്‍ സ്തുതികളര്‍പ്പിച്ച് ഇസ്ലാം സ്വീകരിച്ചു. ആദ്യമായി ഇസ്ലാം സ്വീകരിച്ച അടിമയാണിപ്പോള്‍ ബിലാല്‍(റ).
ബിലാല്‍ പുതിയ മതം പുല്‍കിയ വാര്‍ത്ത ഉമയ്യത്തിന്‍റെ കാതുകളിലും ഓടിയെത്തി. ഉമയ്യത്ത് ആക്രോശിച്ചു: വേഗം ബിലാലിനെ ഹാജറാക്കൂ…! പരിചാരകര്‍ കല്‍പന നിറവേറ്റി. ഉമയ്യത്ത് ഉറഞ്ഞ് തുള്ളുകയാണ്. ‘ബിലാല്‍ നീ ഇസ്ലാം സ്വീകരിച്ചോ?’ ‘അതെ’ ബിലാലിന്‍റെ മറുപടി. ‘എങ്കില്‍ വേഗം അതില്‍ നിന്ന് പിന്മാറണം. എന്നിട്ട് ലാത്തയെയും ഉസ്സയെയും ആരാധിക്കണം’. ‘ഇല്ല. ഞാനതിന് തയ്യാറല്ല’ ബിലാല്‍(റ). ‘എങ്കില്‍ നീ ക്രൂരത അനുഭവിക്കേണ്ടിവരും, തീര്‍ച്ച’ ഉമയ്യത്ത് ക്രൂരമായി ബിലാലിനെ മര്‍ദ്ദിക്കാന്‍ തുടങ്ങി. അടിയേറ്റ് ആ ശരീരത്തില്‍ നിന്ന് രക്തം ധാരയായി ഒലിക്കാന്‍ തുടങ്ങി. ബിലാല്‍(റ)വിനെ ചുട്ടുപഴുത്ത മണലിലൂടെ വലിച്ചിഴച്ചു. ചൂടേറ്റ് പൊള്ളി എരിയുന്ന വ്രണങ്ങളുമായി ബിലാല്‍(റ) പിടഞ്ഞുകൊണ്ടിരുന്നു. അരിശം തീരാത്ത ഉമയ്യത്ത് അദ്ദേഹത്തെ മലര്‍ത്തി കിടത്തി നെഞ്ചത്ത് വലിയ പാറക്കല്ല് കയറ്റി വെച്ചു. ‘ബിലാല്‍.. നീ ഇനിയും മുഹമ്മദിന്‍റെ മതത്തില്‍ നിന്ന് പിന്തിരിയാന്‍ തയ്യാറായില്ലെങ്കില്‍ നീ വെന്ത് മരിക്കേണ്ടിവരും’. ഉമയ്യത്തിന്‍റെ നാക്ക് പിടച്ചു. പക്ഷേ ബിലാല്‍(റ) വിശ്വാസം മനസ്സില്‍ ഊട്ടിയുറപ്പിച്ചു. എന്തോ ഉരിയാടുന്നതിലാണ് ബിലാല്‍(റ)വിന്‍റെ ശ്രദ്ധ മുഴുവനും. ഉമയ്യത്ത് ശ്രദ്ധിച്ചു. അഹദ്.. അഹദ്.. ഈ വാക്കുകള്‍ ഉമയ്യത്തിനെ വീണ്ടും ക്ഷുഭിതനാക്കി. ഉമയ്യത്ത് കിട്ടിയതെടുത്ത് അടിക്കാനും തെറിവിളിക്കാനും തുടങ്ങി. ഉമ്മയ്യത്തിന്‍റെ അടിമകള്‍ യജമാനന്‍റെ പ്രീതിക്ക് വേണ്ടി അടിക്കുന്നതിലും വലിച്ചിഴക്കുന്നതിലും മത്സരിക്കാന്‍ തുടങ്ങി. വിശ്വാസത്തിന്‍റെ കയറുകളാല്‍ വലിഞ്ഞു മുറുക്കപ്പെട്ട അദ്ദേഹത്തിന്‍റെ ഹൃദയത്തെ ഭേദിക്കാനോ മാറ്റിമറിക്കാനോ ആര്‍ക്കും സാധിക്കുമായിരുന്നില്ല. കെട്ടിവെലിച്ചും കല്ലെറിഞ്ഞും അവര്‍ ബിലാല്‍(റ)വിന്‍റെ ശരീരം രക്തപങ്കിലമാക്കി. വസ്ത്രങ്ങളഴിച്ച് ഇരുമ്പ് കവചം ധരിപ്പിച്ച ശേഷം പെരുവെയിലില്‍ കിടത്തി, രാത്രി ഭക്ഷണം പോലും കൊടുത്തില്ല. യാതനകള്‍ നിറഞ്ഞ ദിവസങ്ങള്‍ തുടര്‍ന്നു. വിശ്വാസത്തിന്‍റെ ശക്തി കുറയാതെ ആ മനസ്സ് അല്ലാഹുവിനെയും റസൂലിനെയും ആത്മാവിലേക്ക് ആവാഹിച്ചു. ഉമയ്യത്ത് ശങ്കിച്ചു. ഇനിയെന്ത് ചെയ്യും! ബിലാല്‍(റ)വിനെ തെളിച്ച് നേരെ അബൂജഹ്ലിന്‍റെ വസതിയിലെത്തി കാര്യം വിശദീകരിച്ചു. ഉടന്‍ അബൂജഹ്ലിന്‍റെ ആജ്ഞ..! ‘ബിലാലിന്‍റെ കഴുത്തില്‍ കയറിടൂ. കന്നുകാലികളെ തളിക്കും പ്രകാരം ഗ്രാമങ്ങളിലൂടെ അവനെ തെളിച്ച് നടത്തുക’ അബൂജഹ്ലിന്‍റെ ആജ്ഞ നിറവേറ്റപ്പെട്ടു. വികൃതി പയ്യന്മാര്‍ ചത്ത പട്ടിയെ വലിക്കും പ്രകാരം ബിലാല്‍(റ) വിനെ കെട്ടിവലിച്ചു. എല്ലാത്തിലുമുപരി അങ്ങാടിപ്പിള്ളേരുടെ കൂക്കുവിളിയും പാടുകള്‍ വീണ് ബിലാല്‍(റ)വിന്‍റെ കഴുത്തില്‍ നിന്ന് രക്തം വാര്‍ന്നൊഴുകുന്നത് കണ്ട് അവര്‍ ആത്മാനുഭൂതി പൂണ്ടു. രാത്രി കെട്ടിയിട്ട് ചാട്ടവാര്‍ കൊണ്ട് വീണ്ടും അടിച്ചു. ഈ കൊടും ക്രൂരത ഏറെ നാള്‍ തുടര്‍ന്നു.
ഒരു ദിവസം സിദ്ദീഖ്(റ) ഗ്രാമവഴിയിലൂടെ നടന്ന് നീങ്ങുമ്പോഴാണ് ആ കാഴ്ച്ച കണ്ടത്. നരകയാതനകളനുഭവിക്കുന്ന ബിലാലാണത്..! വേഗം ഉമയ്യത്തിന്‍റെ അടുക്കലേക്ക് ചെന്നു. ‘ഉമയ്യാ.., ഈ പാവപ്പെട്ട അടിമയുടെ കാര്യത്തില്‍ നീ അല്ലാഹുവിനെ സൂക്ഷിക്കുന്നില്ലേ, ഈ അടിമക്ക് ഞാന്‍ എന്തുതരണം ?’ സിദ്ദീഖ്(റ) തിരക്കി. സഹതാപമുണ്ടെങ്കില്‍ ഇരുനൂറ് ദിര്‍ഹം നല്‍കി മോചിപ്പിക്കാം എന്നായിരുന്നു ഉമയ്യത്തിന്‍റെ മറുപടി. ഉമയ്യത്തിന്‍റെ നിര്‍ദേശമനുസരിച്ച് ഇരുന്നൂറ് ദിര്‍ഹം കൊടുത്ത് സിദ്ധീഖ്(റ) ബിലാല്‍(റ)വിനെ മോചിപ്പിച്ചു. പിന്നീടൊരിക്കല്‍ വഴിയില്‍ കണ്ടുമുട്ടിയ ഉമയ്യത്ത് സ്വിദ്ദീഖ്(റ)നോട് പറഞ്ഞു: 40 ദിര്‍ഹം നല്‍കിയാല്‍ ബിലാലിനെ ഞാന്‍ നിനക്ക് നല്‍കുമായിരുന്നു. സ്വിദ്ദീഖ്(റ) പ്രതികരിച്ചു: ബിലാലിനു പകരം നാലായിരം ദിര്‍ഹം വില പറഞ്ഞിരുന്നെങ്കില്‍ അതും നല്‍കാന്‍ ഞാന്‍ തയ്യാറായിരുന്നു. ആ അടിമയുടെ വില നിനക്കറിയില്ല.
മുത്ത് നബി(സ)യോടൊപ്പമാണ് പിന്നീട് ബിലാല്‍(റ)വിന്‍റെ ജീവിതം. വുളൂഅ് ചെയ്യാനുള്ള വെള്ളം എത്തിക്കുക, അവിടുത്തെ പാദരക്ഷ സൂക്ഷിക്കുക, വടിയെടുത്ത് കൊടുക്കുക തുടങ്ങിയ സേവനങ്ങളിലെല്ലാം ബിലാല്‍(റ) സജീവമായി. മുത്ത് നബി(സ)ക്ക് താങ്ങും തണലുമായി ആ ജീവിതം മുന്നേറികൊണ്ടിരുന്നു. നാള്‍ക്കുനാള്‍ ആ സ്നേഹബന്ധം ഊഷ്മളമായി.
മക്കയില്‍ ഇസ്ലാം ദ്രുതഗതിയില്‍ പ്രചരിച്ചുകൊണ്ടിരുന്നു. സ്വഹാബത്തിനെതിരയുള്ള അക്രമണങ്ങള്‍ ഗണ്യമായി വര്‍ദ്ധിച്ചു. അക്രമങ്ങളേറ്റ് സഹികെട്ട സ്വഹാബത്തിന് മക്കയിലെ ജീവിതം മടുത്തുതുടങ്ങി. എല്ലാം വെടിഞ്ഞ് മദീനയിലേക്ക് പലായനം ചെയ്ത് അവിടെ ആരാധനയില്‍ മുഴുകി. നിസ്കാര സമയത്തെ കുറിച്ച് പ്രത്യേക അറിയിപ്പിന്‍റെ അഭാവം നിസ്കാരം മുറപോലെ നിര്‍വഹിക്കുന്നതിന് ഇടയ്ക്കിടെ വിഷയീഭവിച്ചു. പരിഹാരത്തിനായി ഉപായങ്ങളും ഉയര്‍ന്നുവെങ്കിലും അന്തിമ തീരുമാനമൊന്നും ഉണ്ടായിട്ടില്ല. തൊട്ടടുത്ത ദിവസം താന്‍ കണ്ട സ്വപ്നവുമായി(ബാങ്ക്) അബ്ദുള്ളാഹിബ്നു സൈദ്(റ) നബി(സ)യുടെ ചാരത്ത് എത്തിയപ്പോള്‍ സ്വപ്നം യാഥാര്‍ത്ഥ്യമാണെന്ന് കൊടിവീശി. മാധുര്യമാര്‍ന്ന ശബ്ദത്തിന്‍റെ ഉടമയായ ബിലാല്‍(റ)വിന് അതിന്‍റെ രൂപം പഠിപ്പിച്ചു കൊടുക്കാന്‍ റസൂല്‍ ആജ്ഞാപിച്ചു. അങ്ങനെ നമസ്ക്കാര സമയവിളംബരം ചെയ്യുന്ന ബാങ്കൊലി ആദ്യമായി ബിലാല്‍(റ)ന്‍റെ സ്വര മാധുര്യയില്‍ മുഴങ്ങിക്കേട്ടു. അന്ന് മുതല്‍ തിരുനബി(സ)യുടെ മുഅദ്ദിനാ(ബാങ്ക് വിളിക്കാരന്‍)ണ് ബിലാല്‍(റ). ദിവസവും അഞ്ച് തവണ ബിലാല്‍(റ) ബാങ്കൊലി ഉയര്‍ന്നു. ആ സ്വരം മദീനാപട്ടണത്തെ ശാന്തമാക്കി. ജനങ്ങളെ നിസ്കാരത്തിലേക്ക് വിളിച്ചു. തന്നിലര്‍പിതമായ ഉത്തരവാദിത്ത നിര്‍വഹണത്തില്‍ ബിലാല്‍(റ) ബദ്ധശ്രദ്ധ പുലര്‍ത്തിപോന്നു.
വിശ്വസ്തതയും നിഷ്കളങ്കതയും സല്‍സ്വഭാവവും ബിലാല്‍(റ)നെ സര്‍വ്വര്‍ക്കും പ്രിയങ്കരനാക്കി. ബദ്റിലുള്ള മുസ്ലിം മുന്നേറ്റത്തില്‍ ബിലാല്‍(റ)വിന്‍റെ അഹദ്, അഹദ് എന്ന മുദ്രാവാക്യം സര്‍വ്വര്‍ക്കും ആവേശം പകര്‍ന്നു. ധീരപോരാട്ടത്തില്‍ തന്നെ മര്‍ദ്ദിച്ചു കൊതി അടങ്ങാത്ത ഉമയ്യത്തിന്‍റെ ശരീരം ബിലാല്‍(റ)വിന്‍റെ വെട്ടേറ്റ് പോര്‍ക്കളത്തില്‍ ചിതറിവീണു.
ബദ്റിലെ പോരാട്ടത്തിന് തിരശ്ശീല വീണിരിക്കുന്നു. ആവേശത്തിന് ഈരടി പകര്‍ന്ന് ബിലാല്‍(റ)വിന്‍റെ തക്ബീര്‍ ധ്വനികളുയര്‍ത്തി. ഇതോടെ മുശ്രികീങ്ങളുടെ ശക്തി ക്ഷയിച്ചു കൊണ്ടിരുന്നു. ഇസ്ലാം മക്കയിലും വേരുറച്ച് തുടങ്ങി. മദീനയിലേക്ക് പലായനം ചെയ്ത തിരുനബി(സ്വ)യും സ്വഹാബത്തും അന്‍സ്വാരികളുടെ ഊഷ്മളമായ സ്വീകരണങ്ങള്‍ക്കൊടുവില്‍ മദീനയില്‍ തിരിച്ചെത്തി. തിരുനബി(സ) പറഞ്ഞു. ബിലാല്‍.., കഅ്ബയുടെ മുകളില്‍ കയറി ബാങ്ക് വിളിക്കൂ.. നിമിഷങ്ങള്‍ കൊണ്ട് ആ ശബ്ദം മക്കയിലെ മലകളിലും താഴ്വരകളിലും പുളകം കൊള്ളിച്ചു ശാന്തിയുടെ വസന്തം പെയ്തിറങ്ങി. തന്‍റെ ഹബീബിന്‍റെ തണലില്‍ ആ ജീവിതം നിറഞ്ഞുനിന്നു. ലജ്ജ നിറഞ്ഞ ആ ജീവിതത്തില്‍ നബി(സ)യും സന്തോഷിച്ചു. ബിലാല്‍(റ)വിന്‍റെ ഭക്തിനിര്‍ഭരമായ ആ ജീവിതം പലപ്പോഴും പങ്കുവെക്കാറുണ്ടെത്രേ. ഒരു വേള സ്വര്‍ഗാവകാശിയായിട്ടാണ് നബി(സ) അദ്ദേഹത്തെ പരിചയപ്പെടുത്തിയത്. സ്വഹാബികളെല്ലാം ബിലാല്‍ (റ)നോട് ഏറെ ആദരവോടെ പെരുമാറി. രോഗബാധിതനായിരിക്കുന്ന തന്‍റെ ഹബീബിനെ ഓര്‍ത്ത് ബിലാല്‍(റ) ദുഖിതനായി. ആ രോഗത്തില്‍ റസൂല്‍(സ) വഫാത്തായതോടെ ബിലാല്‍ (റ)ന്‍റെ ആനന്ദങ്ങള്‍ക്ക് തിരശ്ശീല വീണു. വഫാത്തിന്‍റെ ദിനം അദ്ദേഹത്തിന് തന്‍റെ മിഴികളില്‍ നിന്നുതിര്‍ന്നു വീണ അശ്രുകണങ്ങളെ നിയന്ത്രിക്കാനായില്ല. പതിവു പോലെ അടുത്ത ദിവസവും ബിലാല്‍ (റ) നേരത്തെ പള്ളിയിലെത്തി തന്‍റെ റബ്ബിനോട് കരഞ്ഞ് പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. സുബ്ഹിയുടെ സമയമായി. ബിലാല്‍ (റ)ന്‍റെ മധുരസ്വരത്തില്‍ ബാങ്കൊലി ഉയര്‍ന്നു. ഇനി ഇമാമായി ഹബീബ് (സ) ഇല്ലല്ലോ. മുത്ത് നബി (സ)യുടെ മധുര ഓര്‍മകള്‍ ബിലാല്‍ (റ)നെ പിടിച്ചുലച്ചു. ഒടുവില്‍ അശ്ഹദു അന്ന മുഹമ്മദന്‍ റസൂലുള്ളാ… ശബ്ദം തൊണ്ടയില്‍ കുടുങ്ങിയിരിക്കുന്നു. ഒരക്ഷരം ഉരിയിടാനാകാതെ ബിലാല്‍ (റ) വിതുമ്പി കരയുകയാണ്. ആര്‍ക്കും സമാശ്വസിപ്പിക്കാന്‍ കഴിയുന്നില്ല. പെട്ടെന്ന്, ബിലാല്‍ (റ) പള്ളിയില്‍ തളര്‍ന്നു വീഴുന്ന രംഗം കണ്ട് സ്വഹാബത്തും സങ്കടത്താല്‍ വിതുമ്പിനിന്നു. ഒരുപാട് സയത്തിനു ശേഷം ബിലാല്‍ (റ) ബാങ്ക് പൂര്‍ത്തിയാക്കി. പള്ളിച്ചെരുവില്‍ ദുഖിതനായിരുന്ന അദ്ദേഹത്തിന്‍റെ മിഴികളില്‍ നിന്ന് അശ്രുകണങ്ങള്‍ അക്ഷമതിനായി കൊണ്ടേയിരുന്നു.
ബിലാല്‍ (റ)ന്‍റെ ശ്രവണങ്ങളെ കീഴടക്കുന്ന ബാങ്കൊലി കേള്‍ക്കാന്‍ കൊതിച്ച സ്വഹാബികളോട് അദ്ദേഹത്തിന്‍റെ മറുപടി ഇങ്ങനെയായിരുന്നു: എന്‍റെ സ്നേഹനിധി മുത്ത് നബി (സ)ക്കു വേണ്ടിയല്ലാതെ ബാങ്ക് കൊടുക്കാന്‍ എനിക്ക് സാധിക്കില്ല എന്നായിരുന്നു.
റസൂലിന്‍റെ വഫാത്തിനു ശേഷം പല യുദ്ധങ്ങളിലും പങ്കെടുത്ത അദ്ദേഹം തിരുനബിയുടെ ഭൗതിക സാന്നിദ്ധ്യമില്ലാത്ത മദീനയില്‍ നിന്ന് സിറിയയിലേക്ക് താമസം മാറ്റി. അവിടെ താമസിക്കുന്നതിനടക്കാണ് ഒരു രാത്രി ബിലാല്‍ (റ) മുത്ത് നബിയെ സ്വപ്നത്തില്‍ ദര്‍ശിക്കാനിടയായത്. അവിടുന്ന് ചോദിച്ചു; ബിലാല്‍.. എന്താണീ പിണക്കം? എന്നെ ഒന്ന് സന്ദര്‍ശിക്കാന്‍ ഇനിയും സമയമായിട്ടില്ലേ.. ഈ ചോദ്യം കേട്ട് ഞെട്ടിയുണര്‍ന്ന ബിലാല്‍ വേഗം മദീനയിലേക്ക് യാത്ര തിരിച്ചു. ആ മനസ്സില്‍ നബി (സ)യെക്കുറിച്ചുള്ള മധുരസ്മരണകള്‍ മിന്നി മറഞ്ഞു. മദീനയിലെത്തിയ ഉടന്‍ റൗളാ ശരീഫ് സന്ദര്‍ശിച്ചു. ഹബീബിന്‍റെ സ്നേഹസ്പര്‍ശനങ്ങളവര്‍ക്ക് ബിലാല്‍ (റ) വിങ്ങി പൊട്ടി. അപ്പോഴാണ് ഹസ്സന്‍, ഹുസൈന്‍ (റ) അടുതെത്തിയത്. കണ്ട പാടെ അവിടുന്ന് അവരെ വാരിപ്പുണര്‍ന്നു. ചുംബനങ്ങള്‍ സന്തോഷപരിതരായി. കിട്ടിയ അവസരം അവര്‍ മുതലെടുത്തു. ബിലാല്‍ (റ)നോട് പറഞ്ഞു. ‘ അവിടുത്തെ ബാങ്കൊലി ഒന്ന് കേള്‍ക്കണം’ മറുവാക്കുകള്‍ എന്തു പറയണമെന്നറിയാതെ മസ്ജിദുന്നബവിയുടെ മുകളില്‍ കയറി. ‘ അല്ലാഹു അക്ബര്‍ അല്ലാഹു അക്ബര്‍’ ഏറെ നാളുകള്‍ക്കു ശേഷം ആ ശബ്ദം മദീനയില്‍ പ്രതിധ്വനിച്ചു. മുത്ത് നബിയുടെ കാലത്തുണ്ടായ ആ സുന്ദരനാദം കേട്ട് മസ്ജിദുന്നബവിയുടെ പരിസരം ജനനിപിടമായിരിക്കുന്നു. വീടുകളില്‍ നിന്ന് സ്ത്രീകളും കുട്ടികളും പുറത്തിറങ്ങി. മുത്ത് നബിയുടെ ജീവിത കാലം തിരിച്ചു വരുന്നതായി അവര്‍ക്കനുഭവപ്പെട്ടു. പഴയകാല ഓര്‍മ്മകള്‍ അവരുടെ മനസ്സില്‍ മിന്നിമറഞ്ഞു. പ്രവാചകന്‍ ഉയര്‍ത്തെഴെന്നേറ്റുവോ…? അവര്‍ സംശയിച്ചു. ബിലാല്‍ (റ)ന്‍റെ ശബ്ദവിജികള്‍ മുത്ത് നബിയുടെ കാലഘട്ടത്തിലേക്ക് അവരെ തിരിച്ചു കൊണ്ടു പോയിരിക്കുന്നു. വികാരപരിതരായി നനയാത്ത കണ്ണുകളോ നിയന്ത്രിതമായ ഹൃദയങ്ങളോ അന്ന് മദീനയില്‍ ഉണ്ടായിരുന്നില്ല. ശേഷം, ബിലാല്‍ (റ) ശാമിലേക്ക് മടങ്ങി.
ഇപ്പോള്‍ ബിലാല്‍ (റ) രോഗ ബാധിതരായി. രോഗം മൂര്‍ച്ഛിക്കുകയും മരണം മുന്നില്‍ കാണുന്ന അവസാന നിമിഷങ്ങള്‍! അവിടുത്തെ പ്രിയതമയും കുടുംബവും കരഞ്ഞുകൊണ്ടിരിക്കുമ്പോഴും ബിലാല്‍ (റ)ആവേശ ഭരിതനാകുകയാണ്. എന്‍റെ സന്തോഷമേ…ആനന്ദമേ.. നാളെ ഞാനെന്‍റെ ഹബീബിനെയും കൂട്ടുകാരെയും കണ്ടുമുട്ടുമല്ലോ..അങ്ങനെ ആ തിരുപ്രണയത്തിന്‍റെ വെളിച്ചം ആകാശലോകത്തേക്ക് പറന്നുയര്‍ന്നു.

വഹാബ് പറമ്പില്‍ പീടിക

Write a comment