Posted on

ഓ ഖാജാ മരിക്കും മുമ്പേ നീ മരിക്കുക

ഏകനായ ഇലാഹിലേക്കുള്ള യാത്ര ഭൂമിയില്‍ ജീവിക്കുമ്പോള്‍ തന്നെ സംഭവിക്കുക സാധ്യമാണ്! ആ യാത്രയിലേക്കാണ് തിരുനബി(സ്വ)യുടെ ‘മരണത്തിനു മുമ്പേ നിങ്ങള്‍ മരിക്കുക’ എന്ന സന്ദേശം ക്ഷണിക്കുന്നത്. മൗലാനാ ജലാലുദ്ദീന്‍ റൂമി(റ)വിന്‍റെ ആത്മീയ സങ്കീര്‍ത്തനങ്ങളില്‍ ലയിപ്പിക്കുന്ന കീര്‍ത്തനങ്ങള്‍ ഈ ഹദീസിനെ സൂഫികള്‍ രുചിച്ചറിഞ്ഞതിന്‍റെ ഭാവനകള്‍ അടയാളപ്പെടുത്തുന്നുണ്ട്. ‘ഓ, ഖോജാ! മരിക്കും മുമ്പേ നീ മരിക്കുക; എങ്കില്‍ മരണവേദന നീ സഹിക്കേണ്ടിവരില്ല. വെളിച്ചത്തിലേക്ക് പ്രവേശിക്കും വിധം നീ മരിക്കുക ഖബ്റിലേക്ക് മരിക്കുന്ന മരണമല്ല വേണ്ടത് ‘(ജലാലുദ്ദീന്‍ റൂമി). മരണം നിത്യമായ ഉന്മാദാവസ്ഥയാണ്, സൂഫികള്‍ മരണത്തിനു മുമ്പുതന്നെ അല്ലാഹുവില്‍ ലയിച്ച് ഉന്മാതാവസ്ഥ പ്രാപിക്കുന്നു. അതുകൊണ്ടുതന്നെ അവര്‍ മരണത്തിന്‍റെ രുചിയെന്തെന്ന് രുചിക്കാതെ തിരിച്ചറിയുന്നു!
അല്ലാഹുവിലേക്കുള്ള യാത്രയുടെ സൗന്ദര്യത്തെ അതീന്ദ്രിയ ജ്ഞാനങ്ങളിലൂടെ വായിച്ചറിയുന്നവരുടെ ലോകത്ത് തനതായ വ്യക്തിത്വം നേടിയെടുത്ത പ്രതിഭാശാലിയാണ് ജലാലുദ്ദീന്‍ റൂമി (റ). ആ ലോകത്തേക്കുള്ള കവാടത്തിലേക്ക് വാതായനങ്ങള്‍ തുറന്നുകൊടുക്കുകയായിരുന്നു ജലാലുദ്ദീന്‍ റൂമി (റ). ആത്മീയതക്ക് ലഭിച്ച സൗന്ദര്യം നിലനില്‍ക്കുന്ന കാലത്തോളം ജലാലുദ്ദീന്‍ റൂമി (റ)വിന്‍റെ ആത്മീയ വീക്ഷണങ്ങളും വായിക്കപ്പെടും. സര്‍വ്വലോക പരിപാലകനായ അല്ലാഹുവിനെ അര്‍ത്ഥമറിഞ്ഞ് വായിക്കുന്നതിന്‍റെ ഫലമായി നേടിയെടുക്കുന്ന പ്രേമാവസ്ഥയാണ് സൂഫിസം. അവിടെ കവിതകളുടെ രൂപത്തിലും ജ്ഞാന സംവേദനങ്ങളായും ആത്മീയ വീക്ഷണങ്ങളായും സ്രഷ്ടാവ് ജ്വലിച്ചു നില്‍ക്കും. ജലാലുദ്ദീന്‍ റൂമി (റ) വെറുമൊരു കവിയായിരുന്നില്ല, തികഞ്ഞ ആത്മീയ ലഹരിയില്‍ അലിഞ്ഞുചേര്‍ന്ന് സ്വയമറിയാതെ കവിതകളായി ആ ജീവിതത്തിലുടനീളം ദിവ്യ വെളിച്ചം പ്രകാശിതമാവുകയായിരുന്നു. കവിതകളിലൂടെ ആത്മീയ വെളിച്ചം പകരുന്നതിനാണ് അദ്ദേഹം ഊന്നല്‍ നല്‍കിയത്. റൂമി (റ)വിന്‍റെ ദിവ്യ പ്രേമം തുളുമ്പുന്ന കീര്‍ത്തനങ്ങളും അവയിലടങ്ങിയിരിക്കുന്ന വിശുദ്ധ വചനങ്ങളും ഇസ്ലാമിക ലോകത്തിന്‍റെ മുന്നേറ്റത്തിന് മികച്ച സംഭാവനകളാണര്‍പ്പിച്ചത്.
അഗാധമായ ചിന്തകള്‍ക്കും അവാച്യമായ ആത്മീയ അനുഭൂതികള്‍ക്കും കാവ്യാത്മകത നല്‍കി ആത്മീയ മുന്നേറ്റം സാധ്യമാക്കാന്‍ റൂമി (റ)വിന്‍റെ കവിതകള്‍ക്കായി. മുന്‍ഗാമികളില്‍ നിന്ന് പകര്‍ന്നെടുത്ത ആത്മീയതക്ക് ജീവന്‍ നല്‍കി ലോകത്തിന് സമ്മാനിക്കുകയാണ് ജലാലുദ്ദീന്‍ റൂമി (റ) ചെയ്തത്. അനുഭവങ്ങളുടെയും നീണ്ട തപസ്യയുടെയും ഫലമായി ലഭിച്ച ആത്മീയാനുഭൂതി ആ ജീവിതത്തിലുടനീളം പകര്‍ന്നു നല്‍കിയിട്ടുണ്ട്. അധ്യാത്മികരംഗത്ത് ഏറ്റവും പ്രഭാപൂരിതമായ കാലമായിരുന്നു ഇബ്നു അറബിയുടെയും നജ്മുദ്ദീന്‍ കുബ്റയുടെയും കാലം. ഈ കാലഘട്ടത്തിന്‍റെ അവസാന കണ്ണിയായി ജലാലുദ്ദീന്‍ റൂമി (റ) അറിയപ്പെടുന്നു. ഭക്തയില്‍ വളര്‍ന്ന സൂഫിസം സ്നേഹത്തിന്‍റെ ഘട്ടത്തിനപ്പുറം ജ്ഞാനത്തിന്‍റെ മാര്‍ഗ്ഗത്തില്‍ പ്രവേശിച്ചപ്പോഴാണ് റൂമി (റ) രംഗപ്രവേശനം നടത്തുന്നത്. ഈ കാലത്ത് ഇസ്ലാമിക ശാസ്ത്രവും ചിന്തയും ദൈവശാസ്ത്രവുമെല്ലാം സമ്പുഷ്ടമായിരുന്നു. വിശുദ്ധ ഖുര്‍ആനിലും ഹദീസിലും മുന്‍കാല ചിന്തകന്മാരുടെ ഗ്രന്ഥങ്ങളിലും പരിജ്ഞാനം നേടിയെടുത്തായിരുന്നു റൂമി (റ)വിന്‍റെ മുന്നോട്ടുള്ള ഗമനം.
ജലാലുദ്ദൂന്‍ റൂമി (റ)വിന്‍റെ പ്രതീകാത്മകത തിരിച്ചറിയണമെങ്കില്‍ വിശുദ്ധ ഖുര്‍ആനിലും ഹദീസിലും വന്നിട്ടുള്ള പ്രതീകങ്ങളെക്കുറിച്ചറിയണം. തിരുനബി (സ്വ)യുടെ വചനങ്ങളുടെ പ്രാപഞ്ചിക ശാസ്ത്രത്തെയും ആത്മീയ വെളിച്ചത്തെയും വിവരിക്കുന്നതില്‍ റൂമി (റ)വിന്‍റെ കവിതകള്‍ വിജയം കാണുകയായിരുന്നു. റൂമി തന്‍റെ കവിതകളില്‍ വിശുദ്ധ ഖുര്‍ആനിനെ പ്രാപഞ്ചിക ഖുര്‍ആനായും (ഖുര്‍ആനുതക്വീനി), പ്രത്യക്ഷ ഖുര്‍ആനായും(ഖുര്‍ആനുത്തദ്വീനി) വിശദീകരക്കുന്നുണ്ട്. തന്‍റെ കൃതിയായ മസ്നവിയെ വിശുദ്ധ ഖുര്‍ആന്‍റെ വ്യാഖ്യാനമായാണ് അദ്ധേഹം പരിചയപ്പെടുത്തിയത്. വിശുദ്ധ ഖുര്‍ആനെന്ന പര്‍വ്വതത്തില്‍ നിന്നുത്ഭവിക്കുന്ന നദിയെ പോലയെണ് അദ്ധേഹത്തിന്‍റെ സമാഹാരമായ ദിവാന്‍ എന്ന ഗ്രന്ഥം. പ്രവാചകര്‍ ( സ്വ)യുടെ ജീവിതചരിത്രവും അവിടുത്തെ വ്യക്തിത്വവും പറയുന്ന ഭാഗങ്ങളില്‍ ഹ്യദയസ്പന്ദനം ലഭിക്കുന്ന തരത്തിലാണവതരിപ്പിച്ചിരിക്കുന്നത്. മൂസാ(അ), സുലൈമാന്‍ (അ), ദാവൂദ് (അ), ഇബ്റാഹീം (അ), യൂസുഫ് (അ) തുടങ്ങി പ്രവാചകന്മാരെകുറിച്ചുള്ള വിവരണങ്ങളെ റൂമി (റ) അവതരിപ്പിക്കുന്നതിലൂടെ അദ്ധേഹത്തിന്‍റെ ചരിത്ര ജഞാനത്തിന്‍റെ ആഴം വ്യക്തമാകും.
ശംസുദ്ധീന്‍ തിബ്രീസി, അവ്ഹാദുദ്ദീന്‍ കിര്‍മാനി തുങ്ങിയവരുമായി ബന്ധം പുലര്‍ത്തിയിരുന്ന കാലം മുതല്‍ക്കാണ് റൂമി(റ) ആത്മീയകാവ്യ ലോകത്തേക്ക് ആകൃഷ്ടനാവുന്നത്. റൂമി (റ)വിന്‍റെ കൃതികള്‍ പിന്നീട് പേര്‍ഷ്യന്‍ സാഹിത്യലോകത്തെ തിളക്കമാര്‍ന്ന താരകങ്ങളായി മാറുകയായിരുന്നു. മുന്‍ഗാമികളായ സൂഫീവര്യന്മാരുടെ ചിന്തകളുടെയും സാഹിത്യതനിമയുടെയും പൂര്‍ത്തീകരണമാണ് റൂമിയുടെ കൃതികളായി രൂപം പ്രാപിച്ചത്. ഏറ്റവും കൂടുല്‍ വാള്യങ്ങളുള്ള(മുപ്പതിയാറായിരം വരികള്‍) റൂമി(റ)വിന്‍റെ കൃതിയാണ് ദിവാനേ ശംസേ തബ്രീസി. ഗുരുവായ തിബ്രീസിയോടുള്ള കടമയും കടപ്പാടും സ്നേഹവുമാണിതിന്‍റെ പ്രേരകം. വരികളിലെ ആധ്യാത്മികതയും അര്‍ത്ഥതലങ്ങളും അത്യപരമായതിനാല്‍ ഇന്നോളം ഇതിനെ വെല്ലാന്‍ പേര്‍ഷ്യന്‍ സാഹിത്യ ലോകത്തിന് കഴിഞ്ഞിട്ടില്ലായെന്നത് റൂമിയുടെ സാഹിത്യ കൃതിക്ക് ലഭിച്ച സവിശേഷതയാണ്. മുസ്ലിം പൗരസ്ത്യ ലോകത്തും പാശ്ചാത്യന്‍ ലോകത്തും ദിവാന്‍ ഒരുപോലെ പ്രചാരം നേടി. തെഹ്റാനില്‍ ബി. ഫിറോസ് നഫല്‍ ദിവാന് പത്ത് വാള്യങ്ങളുള്ള വ്യാഖ്യാനമെഴുതി. ആര്‍.നിക്കള്‍സണ്‍, ഡബ്ള്യു ചിറ്റിക്, ആര്‍ബറി തുടങ്ങിയവര്‍ ദിവാന്‍റെ പലഭാഗങ്ങളും യൂറോപ്യന്‍ ഭാഷയിലേക്ക് പരിഭാഷപെടുത്തിയിട്ടുണ്ട്.
റൂമിയുടെ മറ്റൊരു കൃതി മസ്നവിയാണ്. പേര്‍ഷ്യന്‍ ഭാഷയിലെ ഖുര്‍ആന്‍ എന്നാണ് പേര്‍ഷ്യന്‍ മിസ്റ്റിക്ക് കവി ജാമീ ഇതിനെ വിളിച്ചത്. വിശുദ്ധ ഖുര്‍ആനിന്‍റെ രഹസ്യങ്ങളുടെ കലവറ തുറക്കുന്ന ഈ കൃതി ഖുര്‍ആനിലെ ചരിത്ര കഥകള്‍ക്ക് ആത്മീയമായ വ്യാഖ്യാനം കൂടി നല്‍കുന്നുണ്ട്. ഇതിനു പുറമെ ഇസ്ലാമിന്‍റെ മാസ്മരികവും മനഃശാസ്ത്രപരവുമായ വശങ്ങളും റൂമി മസ്നവിയിലൂടെ ആവരണം ചെയ്യുന്നുണ്ട്. സൂഫിസത്തിന്‍റെ ഇതര തലങ്ങളെ അടയാളപ്പെടുത്തിയതിലൂടെ മസ്നവി സൂഫിസത്തിന്‍റെ വിജ്ഞാന കോശമെന്നാണറിയപ്പെടുന്നത്. ഈരടികളധികവും ഉന്മാദാവസ്ഥയില്‍ ഉളവായതുകൊണ്ട് അങ്ങേയറ്റത്തെ ചോദനശക്തി പ്രകടമാവുന്നുണ്ടതില്‍. ആത്മീയ യാത്രയിലേക്കുള്ള ഉപദേശ നിര്‍ദേശങ്ങള്‍ ഖുശൈരി, മക്കി, സര്‍റാജ്, ഹുജ്വീരി തുടങ്ങിയ പൂര്‍വ്വികരെ അനുധാവനം ചെയ്താണ് റൂമി മസ്നവിയില്‍ അടയാളപ്പെടുത്തുന്നത്. മുന്‍കാല സൂഫികളുടെ ചരിത്രങ്ങള്‍ക്ക് അബൂനുഐമിന്‍റെ ഹില്‍യതുല്‍ ഔലിയ, അത്താറിന്‍റെ തദ്ഖിറത്തുല്‍ ഔലിയ എന്നീ കൃതികളെയാണ് റൂമി(റ) ആശ്രയിച്ചിരിക്കുന്നത്. ആധ്യാത്മികതയോടുള്ള സമീപനം ഇമാം ഗസ്സാലി(റ), ഇബ്നു അറബി, അയ്നുല്‍ ഖുളാത്ത് എന്നിവരുടെ സ്വാധീനവും കാവ്യഭംഗിക്ക് പേര്‍ഷ്യന്‍ കവികളായ ബാബാതാഹിര്‍, അബൂസഈദ്, സനാഈ, അത്താര്‍ എന്നിവരോടും റൂമി(റ) കടപ്പെട്ടിട്ടുണ്ടാവും. ആരോടൊക്കെ കടപ്പെട്ടെന്ന് പറഞ്ഞാലും ഒരു പുത്തന്‍ ആധ്യാത്മികതയുടെ സൃഷ്ടികര്‍മ്മം നടത്തുക വഴി റൂമി(റ)വിന്‍റെ കൃതികള്‍ സ്വന്തമായൊരു വ്യക്തിത്വം കരസ്ഥമാക്കിയിട്ടുണ്ട്.
റുബാഇയ്യാത്ത് എന്ന പേരില്‍ മറ്റൊരു കവിതാ സമാഹാരം കൂടി റൂമി(റ)വിനുണ്ട്. അത്ര പ്രസക്തി നേടിയില്ലെങ്കിലും മുവ്വായിരത്തോളം വരികള്‍ ഉള്‍ക്കൊണ്ട ഇതിലെ ഈരടികളും ദിവാനോടും മസ്നവിയോടും കിടപിടിക്കുന്നതാണ്. റൂമിയുടെ ഗദ്യ രചനയില്‍ പ്രാമുഖ്യം നേടിയത് ഫീഹി മാഫീഹി എന്ന കൃതിയാണ്. അവിടുത്തെ പ്രസംഗങ്ങളും ശിഷ്യന്മാരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടികളുടെ സമാഹാരവുമാണിത്. ഡിസ്കോഴ്സസ് (പ്രസംഗങ്ങള്‍) എന്നാണ് റൂമിയുടെ ഈ ഗ്രന്ഥം പാശ്ചാത്യന്‍ ലോകത്ത് അറിയപ്പെടുന്നത്. റൂമി(റ)വിന്‍റെ കത്തുകളുടെ സമാഹാരം മകാതീബ് എന്ന പേരില്‍ പ്രസിദ്ധീകൃതമായപ്പോള്‍ ജുമുഅ പ്രസംഗ സമാഹാരം മജാലിസെ സബ്അ എന്ന പേരിലും പ്രസിദ്ധി നേടി.
സൂഫീ പണ്ഡിത ലോകത്തെ നേതൃത്വം വഹിച്ചവരില്‍ പ്രധാനിയായ ശൈഖ് മുഹമ്മദ് ജലാലുദ്ദീന്‍ റൂമി(റ) 1207 സെപ്തംബര്‍ 30(ഹി: 604)ന് പേര്‍ഷ്യയിലെ ബല്‍ഖിലാണ് ജനിച്ചത്. അനതോലി (റോം)യിലാണ് ഏറെക്കാലം കഴിഞ്ഞത്. അവിടെ മുല്ലായെ റൂം എന്നപേരിലാണ് അറിയപ്പെട്ടത്. പിന്നീട് മഖ്ലവി എന്ന പേരില്‍ പ്രസിദ്ധനായതിലൂടെ മഖ്ലവിയ്യാ സൂഫീ പ്രസ്ഥാനം രൂപപ്പെടുകയായിരുന്നു. ശിഷ്യന്മാര്‍ അദ്ധേഹത്തെ സിര്‍റുല്ലാഹില്‍ അഅ്ളം(അല്ലാഹുവിന്‍റെ മഹാരഹസ്യം) എന്ന് വിളിച്ചു. പിതാവ് മുഹമ്മദ് ഹുസൈന്‍ ഖതീബി അറിയപ്പട്ട സൂഫീ പണ്ഡിതനായിരുന്നു. പിതാവിനോടൊപ്പം പതിമൂന്നാം വയസ്സില്‍ ജന്മനാട് വിട്ട് ഏഷ്യാ മൈനറില്‍ (അനതോലി)എത്തി. അങ്ങനെയാണ് പേര്‍ഷ്യക്കാരനായ ജലാലുദ്ദീന്‍, ജലാലുദ്ദീന്‍ റൂമിയായിത്തീരുന്നത്.
പിതാവിന്‍റെ വഫാത്തോടെ ജനങ്ങളുടെ നേതൃത്വം റൂമി(റ)വിനായി. പിന്നീടുള്ള ഒമ്പത് വര്‍ഷക്കാലം പിതാവിന്‍റെ ശിഷ്യന്‍ ബുര്‍ഹാനുദ്ദീന്‍ മുഹഖിഖു തുര്‍മുദിയുമായി ബന്ധപ്പെട്ട് അധ്യാത്മിക ജ്ഞാനത്തില്‍ കൂടുതല്‍ അവഗാഹം നേടി. ജ്ഞാന ദാഹിയായ റൂമി (റ) ഖുര്‍ആനിലും ഹദീസിലും കൂടുതല്‍ ജ്ഞാനം കരസ്ഥമാക്കാന്‍ വേണ്ടി അലപ്പോയിലെ ഹലവ്വിയ്യ മദ്രസയിലെത്തി. കര്‍മ്മ ശാസ്ത്രത്തിലും ആത്മീയ ജ്ഞാനത്തിലും പര്യവേശം നടത്തുന്നതിനായി ഡമസ്ക്കസ്സിലും കുറച്ചുകാലം കഴിച്ചുകൂട്ടി. റൂമി(റ)വിനെ പോലെ ശരീഅത്തിലും ഹഖീഖത്തിലും പ്രാവീണ്യം നേടിയ പണ്ഡിതന്മാരെ അക്കാലത്ത് കണ്ടെത്താന്‍ പ്രയാസമായിരുന്നു വെന്നാണ് ചരിത്രകാരന്മാര്‍ വിലയിരുത്തുന്നത്. ഖൂന്‍യയില്‍ ഇക്കാത്ത് അദ്ധേഹമൊരു മതപഠനകേന്ദ്രവും നടത്തിയിരുന്നതായി ചരിത്രം രേഖപ്പെടുത്തുന്നുണ്ട്.
ഒരു നീണ്ട കാലം ആത്മീയ മേഖലയില്‍ നേതൃത്വം വഹിച്ച ജലാലുദ്ദീന്‍ റൂമി(റ) 1273 ഡിസംബറില്‍ രോഗശയ്യയിലായി. അധികം താമസിയാതെ അല്ലാഹുവിലേക്ക് യാത്രയാവുകയായിരുന്നു. മൗലാനാ സദറുദ്ദീന്‍ ഖുന്‍യവിയാണ് അന്ത്യകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. തുര്‍ക്കിയിലെ ആത്മീയ കേന്ദ്രമായി ഇന്നും റൂമി (റ)വിന്‍റെ സിയാറത്തു കേന്ദ്രമറിയപ്പെടുന്നു. ആത്മീയ ജ്ഞാനത്തിലൂടെ അല്ലാഹുവിനെ അടുത്തറിയാന്‍ ശ്രമിച്ചവരിലും അല്ലാഹു തിരുനബി(സ്വ)യിലൂടെ പകര്‍ന്ന് തന്ന അറിവിനായുള്ള തേട്ടത്തിലും വിജയം വരിച്ച പുണ്യാത്മാക്കള്‍ക്കിടയില്‍ ജലാലുദ്ദീന്‍ റൂമി(റ)വിന്‍റെ സ്ഥാനം ഇന്നും സ്തുത്യര്‍ഹമാണ്.
ജലാലുദ്ദീന്‍ റൂമി (റ) വഫാത്തിന് ശേഷം ഏഴു നൂറ്റാണ്ട് പിന്നിട്ടിട്ടും പേര്‍ഷ്യ, ഇന്ത്യ, തുര്‍ക്കി ഭാഷകളില്‍ അദ്ധേഹത്തിന്‍റെ സ്വാധീനം പുഷ്കലമാണിന്നും. പതിനഞ്ചാം നുറ്റാണ്ടു മുതല്‍ റൂമി (റ) ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ ശ്രദ്ധേയനാവാന്‍ തുടങ്ങി. നഖ്ശബന്ദികളിലൂടെയാണ് റൂമീ സന്ദേശം ഇന്ത്യയിലേക്ക് കൈമാറപ്പെട്ടത്. മരിക്കും മുമ്പേ അല്ലാഹുവിലേക്ക് യാത്ര ചെയ്യുകയെന്ന ലക്ഷ്യം സാക്ഷാല്‍കരിക്കുന്നതിലും അല്ലാഹുവിന്‍റെ വിശുദ്ധ മതം പ്രചരിപ്പിക്കുന്നതിലും സൂഫികള്‍ സഹിക്കുന്ന കഠിന പ്രയത്നം എത്രമാത്രമാണെന്ന് ഇസ്ലാമിക ദഅ്വാ മേഖലയിലെ ഇന്നലെകളില്‍ പ്രകടമാണ്. അവരില്‍ ഒരു പ്രധാനിയായ ജലാലുദ്ദീന്‍ റൂമി (റ)വിന്‍റെ സംഭാവനകളിന്നും സമര്‍പ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.

സാലിം നൈന മണ്ണഞ്ചേരി

Write a comment