Posted on

മഴമര്‍മരങ്ങള്‍

ആകാശത്ത്
കാര്‍മേഘങ്ങള്‍ തടിച്ചുകൂടി
ഞാനൊരു മഴത്തുള്ളിയായി ഉരുത്തിരിഞ്ഞു.
പോകാനൊരുങ്ങവേ
അമ്മ പറഞ്ഞുതന്നു
മനോഹരമാം ഭൂമിയെകുറിച്ച്.
ഭൂമിയിലെത്താന്‍
എന്‍റെ ഉള്ളം വെന്പല്‍ കൊണ്ടു.
പോകവെ കൂട്ടിനായ് ചേര്‍ന്നു
അനേകം മഴത്തുള്ളികള്‍.
ഭൂമിയിലെത്തിയപ്പോള്‍
ചുടുനിണത്തിന്‍റെ ഗന്ധം.
ഭൂമിയുടെ വര്‍ണന
കേട്ടുകേള്‍വിയിലൊതുങ്ങിയോ?
ഞാന്‍ വരുന്നതു കണ്ട്
ചിലരെല്ലാം പുളകം പൂണ്ടു.
ഒരു നീണ്ട വരിയായ്
നില്‍ക്കുന്നേറെ മനുഷ്യര്‍.
ഒരുതുള്ളി വെള്ളത്തിനാണെന്നറിഞ്ഞപ്പോള്‍
എന്‍റെ പൊന്നുംവിലയെ ഞാനറിഞ്ഞു.
ഞാന്‍ ഒരു കടലിലിറങ്ങി
കൂടെ എന്‍റെ കൂട്ടുകാരും.
ഞങ്ങള്‍ ഒന്നിച്ചു യാത്രചെയ്തു.
കടലിലെവിടെയും ഞാന്‍ കണ്ടില്ല,
അതിനൊരു അതിര്‍വരന്പ്.
ഞങ്ങള്‍,
തിരമാലകളെയും മുക്കുവന്‍മാരെയും
ഭീമന്‍ മത്സ്യങ്ങളെയും കണ്ടു.
ഞാന്‍ കൂട്ടുകാരോടായി ചോദിച്ചു:
ഭൂമിയെന്നാല്‍ ഇത്രമാത്രമോ,
ഭൂമിയുടെ ഗന്ധം ചുടുനിണത്തിന്‍റെയോ?
കളിച്ചു ചിരിച്ചു സമയമങ്ങനെ നീങ്ങി.
ഞാനൊന്നു മേലോട്ടു നോക്കി,
മാനം എന്തൊരഴക്!
ഞാനും കൂട്ടരും തേങ്ങിക്കരഞ്ഞു.
ഞാനെന്തിനിങ്ങോട്ടു വന്നു?
ഇനി കരഞ്ഞിട്ടെന്തു കാര്യം.
പെട്ടെന്ന്, കടല്‍ നിണത്തിന്‍റെ നിറമാകുന്നു
കടലിലേക്ക് ആണ്ടുപോകുന്നു
ചേതനയറ്റ ഒരു മനുഷ്യശരീരം
എന്‍റെ നിറമാകെ മാറി.
ഞാനും ഒരു നിണത്തുള്ളിയായോ?
ഇനിയും വരുന്ന കൂട്ടുകാരോട്
ഞാനെങ്ങനെ പറയും
“മനോഹരമായ’ ഈ ഭൂമിയുടെ കഥ.

One comment on “മഴമര്‍മരങ്ങള്‍”

  • shabdamdesk December 15, 2013
    Reply

    Grate Imagination…

Write a comment