വൈജ്ഞാനിക വീഥിയില്‍ അരീക്കോട് മജ്മഅ്

ആത്മീയ-ഭൗതിക സമന്വയ വിദ്യാഭ്യാസ മേഖലയില്‍ കേരളത്തിലെ ആദ്യ സംരംഭമാണ് അരീക്കോട് മജ്മഅ്. കേരളീയ ജനതക്ക് ദിശാബോധം നല്‍കിയ നാലകത്ത് മരക്കാരുട്ടി മുസ്ലിയാരെ പോലോത്ത അനേകം മതപണ്ഡിതര്‍ അതിവസിച്ച നാടായിരുന്നു അരീക്കോട്. പാരമ്പര്യ മുസ്ലിം വിശ്വാസാചാരങ്ങളില്‍ അനൈക്യം വിതറിയ ബിദഇകളുടെ കടന്നുകയറ്റം അരീക്കോടിന്‍റെയും ആത്മീയ മുഖം വികൃതമാക്കി. ഭൗതിക വിദ്യയില്‍ ഏറെ പുരോഗതി പ്രാപിച്ച അരീക്കോട് ആത്മീയാന്വേഷണത്തിലും അറിവിലും പിന്തള്ളപ്പെട്ടു. പൂര്‍വ്വകാല പ്രതാപത്തിലേക്ക് അരീക്കോടിനെ തിരിച്ചെത്തിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് മജ്മഅ് സ്ഥാപിതമാകുന്നത്.
തുടക്കം
1973-ല്‍ രൂപം കൊണ്ട കേരളാ സ്റ്റേറ്റ് സുന്നീ സ്റ്റുഡന്‍റ് ഫെഡറേഷന്‍(ടടഎ) സംസ്ഥാന കമ്മിറ്റി 1986ല്‍ കോഴിക്കോട് ആസ്ഥാനമാക്കി രജിസ്റ്റര്‍ ചെയ്ത സംഘമാണ് മജ്മഉദ്ദഅ്വതില്‍ ഇസ്ലാമിയ്യ(ഇസ്ലാമിക് സര്‍വ്വീസ് സെന്‍റര്‍). മത-ഭൗതിക വിദ്യാര്‍ത്ഥികള്‍ അകലം പാലിച്ച് കഴിഞ്ഞിരുന്ന കാലത്താണ് കേരളത്തില്‍ എസ്.എസ്.എഫ് രൂപീകരിക്കുന്നത്. ധാര്‍മ്മിക ബോധമുള്ള അച്ചടക്കവും അനുസരണയുമുള്ള സമൂഹ സൃഷ്ടിപ്പാണ് എസ്.എസ്.എഫിന്‍റെ പ്രാഥമിക ലക്ഷ്യം. ഇതിനാണ് മജ്മഉദ്ദഅ്വതില്‍ ഇസ്ലാമിയ്യ രജിസ്റ്റര്‍ ചെയ്തത്. പ്രസ്തുത സംഘത്തിന് കീഴില്‍ അരീക്കോട് താഴത്തങ്ങാടിയില്‍ ഒരു പഴയ ഇരുനില കെട്ടിടം കച്ചവടം ചെയ്യുകയുണ്ടായി. അഹ്ലുസ്സുന്നയുടെ ആള്‍രൂപമായിരുന്ന മര്‍ഹൂം അണ്ടോണ മുഹിയിദ്ധീന്‍ കുട്ടി മുസ്ലിയാരായിരുന്നു അക്കാലത്ത് അരീക്കോട് ജുമുഅത്ത് പള്ളിയിലെ മുദരിസ്. അദ്ദേഹത്തിന്‍റെ പരിശ്രമത്തില്‍ സജ്ജരായ അരീക്കോട് പരിസരങ്ങളിലെ സുന്നീ പ്രവര്‍ത്തകര്‍ സംഘടനാ കാര്യാലയത്തിനായി കണ്ടെത്തിയ കെട്ടിടമായിരുന്നു ഇത്. ബഹുമാനപ്പെട്ട ഉസ്താദ് പേരോട് അബ്ദുറഹിമാന്‍ സഖാഫിയാണ് ഇത് സംബന്ധിയായ സാമ്പത്തിക ഇടപാടുകള്‍ പൂര്‍ത്തിയാക്കിയത്.

ക്രസന്‍റ് ആര്‍ട്സ് ആന്‍ഡ് ഇസ്ലാമിക് കോളേജ്
പ്രസ്തുത കെട്ടിടത്തില്‍ 1989ല്‍ ക്രസന്‍റ് ആര്‍ട്സ് ആന്‍ഡ് ഇസ്ലാമിക് കോളേജ് ആരംഭിച്ചു. റഈസുല്‍ മുഹഖിഖീന്‍ കണ്ണിയത്ത് അഹമ്മദ് മുസ്ലിയാരായിരുന്നു ഉദ്ഘാടകന്‍. കേരളത്തില്‍ അക്കാലത്ത് സുന്നികളുടേതായി അറിയപ്പെട്ട ആര്‍ട്സ് കോളേജുകളൊന്നും പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല. അത്കൊണ്ട് തന്നെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ധാരാളം പ്രീ ഡിഗ്രി വിദ്യാര്‍ത്ഥികളെ ക്രസന്‍റിലേക്ക് ആകര്‍ഷിച്ചു. എസ് എസ് എഫിന്‍റെ നേതാക്കളെല്ലാം സ്ഥിരം സന്ദര്‍ശകരായി. ശാസ്ത്ര സാങ്കേതിക വിഷയങ്ങളില്‍ കൂടി അവഗാഹമുള്ള ഉസ്താദ് ബശീര്‍ ഫൈസി വെണ്ണക്കോട് ക്രസന്‍റിന്‍റെ മോറല്‍ ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ തലവനായതോടെ ക്രസന്‍റ് സുന്നീ തലമുറയുടെ ശ്രദ്ധാകേന്ദ്രമായി. ഇതിനെ തുടര്‍ന്ന് കൈരളിയുടെ വിരിമാറില്‍ സുന്നീ പ്രവര്‍ത്തകരുടെ കീഴില്‍ അനേകം ആര്‍ട്സ് കോളേജുകള്‍ നിലവില്‍ വന്നു.

സ്വിദ്ദീഖിയ്യാ ദഅ്വാ കോളേജ്
മജ്മഇന്‍റെ സംരംഭങ്ങളില്‍ ഏറ്റവും പ്രമുഖ സ്ഥാനം വഹിക്കുന്ന സ്ഥാപനമാണ് മജ്മഅ് സ്വിദ്ദീഖിയ്യ ദഅ്വാ കോളേജ്. ദഅ്വത്തിന് പാകമായ പണ്ഡിതരെ വാര്‍ത്തെടുക്കുകയാണിതിന്‍റെ സ്ഥാപിത ലക്ഷ്യം. ശരീഅത്തില്‍ മുത്വവല്‍ ബിരുദത്തോടൊപ്പം അംഗീകൃത യൂണിവേഴ്സിറ്റികളുടെ ഡിഗ്രിയും പി ജിയും കൂടി ലഭ്യമാവും വിധമാണ് ദഅ്വാ കോളേജിന്‍റ സിലബസ്സ് സംവിധാനിക്കപ്പെട്ടിരിക്കുന്നത്. മുത്വവ്വലിന് ഒതുക്കുങ്ങല്‍ ഇഹ്യാഉസ്സുന്നയിലേക്കും പിന്നീട് കാരന്തൂര്‍ സുന്നീ മര്‍ക്കസിലേക്കും പറഞ്ഞയക്കലായിരുന്നു ആദ്യകാലങ്ങളിലെ പതിവ്. എന്നാല്‍ പിന്നീടാണ് ഒന്നാം ഖലീഫ അബൂബക്കര്‍ സിദ്ധീഖ്(റ) വിന്‍റെ വംശപരമ്പരയില്‍ പെട്ട നാലകത്ത് മരക്കാരുട്ടി മുസ്ലിയാരുടെ സ്മരണാര്‍ത്ഥം മജ്മഇല്‍ നിന്നും ദശ വര്‍ഷ കോഴ്സ് പൂര്‍ത്തിയാക്കുന്ന പണ്ഡിതര്‍ ‘സ്വിദ്ദീഖി’ കളായി അറിയപ്പെടാന്‍ തുടങ്ങിയത്. നൂറ് കണക്കിന് സ്വിദ്ദീഖികള്‍ ഇന്ന് വ്യത്യസ്ത കര്‍മമണ്ഡലങ്ങളില്‍ സജീവ സാന്നിധ്യമാണ്. രാജ്യത്തിനകത്തും പുറത്തും അവര്‍ സേവനം ചെയ്യുന്നു. ആത്മീയതയും ആധുനികതയും ചേര്‍ത്ത് പിടിച്ചുള്ള അനവധി സംരംഭങ്ങള്‍ക്കവര്‍ നേതൃത്വം നല്‍കുന്നു. ദഅ്വാ കോളേജില്‍ നിന്നും പഠിച്ചിറങ്ങുന്നവര്‍ പാരമ്പര്യ ദര്‍സീ വിജ്ഞാനമില്ലാത്തവരായിരിക്കുമെന്ന ചിലരുടെ ധാരണാ പിശകുകള്‍ തിരുത്താന്‍ മജ്മഇന് സാധിക്കുകയുണ്ടായി. സ്വിദ്ദീഖിയ്യാ ദഅ്വാ കോളേജിനെ സംശയത്തോടെ നോക്കിക്കണ്ടിരുന്നവരെല്ലാം തുടര്‍ന്ന് സമാനമായ കോഴ്സുകള്‍ നടപ്പിലാക്കിത്തുടങ്ങിയത്. ഇതിന്‍റെ അനന്തരഫലമായിരുന്നു. ജാമിഅതുല്‍ ഹിന്ദ് അല്‍ ഇസ്ലാമിയ്യയുടെ സിലബസിന് വിധേയമായി നവവത്സര കോഴ്സായാണ് ദഅ്വാ കോളേജ് പ്രവര്‍ത്തിക്കുന്നത്. ഇരു വിദ്യാഭ്യാസവും നേടിയ മുപ്പത്തിയഞ്ച് യുവ പണ്ഡിതന്മാര്‍ കൂടി ഈ വര്‍ഷം സമസ്ത പ്രസിഡണ്ട് റഈസുല്‍ ഉലമയില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് വാങ്ങി പ്രവര്‍ത്തന ഗോദയില്‍ സജ്ജമാവുകയാണ്.

മജ്മഅ് ഇംഗ്ലീഷ് സ്കൂള്‍
ഭൗതികവിദ്യയില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന പ്രദേശമാണ് അരീക്കോട്. കായിക പുരോഗതിയിലും അരീക്കോട് എക്കാലത്തും പ്രശോഭിതമായ മുന്നേറ്റങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. എന്നാല്‍ ധാര്‍മ്മിക അറിവിന്‍റെയും അവബോധത്തിന്‍റെയും കുറവ് അരീക്കോടിനെ നന്നായി ബാധിച്ചിട്ടുണ്ട്. കേവലം നൈമിഷിക ജീവിത അറിവുകള്‍ മാത്രം പോരല്ലോ മുസ്ലിംകള്‍ക്ക്. പ്രത്യേകിച്ചും പുതിയ ലോകത്ത്.
കാലിലെ ചുവപ്പ് മാറും മുമ്പേ അശ്ലീലതയും അധര്‍മ്മവും കണ്ട് വളരാനുള്ള സാഹചര്യമാണ് സമൂഹത്തില്‍ നിലവിലുള്ളത്. പാശ്ചാത്യ സംസ്കാരങ്ങളുടെ ജീര്‍ണ്ണതകളില്‍ നിന്നും പിഞ്ചോമനകളെ മോചിപ്പിക്കേണ്ടതുണ്ട്. പുതിയ വൈജ്ഞാനിക മണ്ഡലങ്ങളിലേക്ക് ചുവടുവെക്കാനുള്ള അവസരങ്ങളും അടിസ്ഥാന സൗകര്യങ്ങളും അവര്‍ക്ക് മുമ്പില്‍ തുറന്നിടേണ്ടതുണ്ട്. കുരുന്നുകള്‍ ആദ്യാക്ഷരം നുണയുന്നത് യഥാര്‍ത്ഥ ഇസ്ലാമിക പ്രഭാവത്തില്‍ നിന്നാകുമ്പോഴാണ് ഇത് സാധ്യമാകുക. ഇത്തരം തിരിച്ചറിവുകളാണ് മജ്മഇനെ ഇംഗ്ലീഷ് മീഡിയത്തിലേക്ക് കൂടി വഴിതിരിച്ചത്. പട്ടണത്തില്‍ നിന്നും രണ്ടര കിലോമീറ്റര്‍ മീറ്റര്‍ മാറി നഗരത്തിന്‍റെ മാലിന്യ ചുറ്റുപാടുകളില്‍ നിന്നകന്ന് തെരട്ടമ്മല്‍ ആറ് ഏക്കര്‍ ഭൂമി സ്വന്തമാക്കി കേരളാ സര്‍ക്കാര്‍ അംഗീകാരത്തോടെയാണ് മജ്മഅ് ഇംഗ്ലീഷ് സ്കൂള്‍ പ്രവര്‍ത്തനം തുടങ്ങിയത്. കെ ജി മുതല്‍ 12ാം ക്ലാസ് വരെ പഠനം തുടരുന്ന ആയിരത്തില്‍ പരം വിദ്യാര്‍ത്ഥികളും നൂറിലേറെ സ്റ്റാഫുകളും ജോലി ചെയ്യുന്ന പ്രസ്തുത സംരംഭം മേല്‍പ്രസ്താവിച്ച ലക്ഷ്യ സാക്ഷാത്കാരത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്.

അല്‍-ബയാന്‍ പ്രീ സ്കൂള്‍
മജ്മഅ് ഇംഗ്ലീഷ് സ്കൂളിലെ പ്രവേശനം അല്‍-ബയാന്‍ പ്രീ സ്കൂളിലൂടെയാണ്. മൂന്നരയോ നാലോ വയസ്സുള്ള ഒരു കുട്ടിയെ അല്‍-ബയാന്‍ പ്രീ സ്കൂളില്‍ ചേര്‍ക്കുന്ന പക്ഷം ഫാതിഹ മുതല്‍ ആവശ്യം അറിഞ്ഞിരിക്കേണ്ടതായ അദ്കാറുകളും അനുബന്ധ വിജ്ഞാന ശകലങ്ങളും കുട്ടി മനഃപാഠമാക്കുന്നു. ജീവിതത്തിന്‍റെ ഭാഗമാക്കേണ്ടതായ അമലുകള്‍ ഓരോരുത്തരും ശീലിക്കുന്നു. മജ്മഅ് ഇംഗ്ലീഷ് സ്കൂള്‍ മോറല്‍ ഡിപ്പാര്‍ട്ടമെന്‍റില്‍ മാത്രം 25 മതാദ്ധ്യാപകര്‍ നിശ്ചയദാര്‍ഢ്യത്തോടെ സേവനം ചെയ്യുന്നുണ്ട്. നിക്ഷിപ്ത ചൂഷണ താല്‍പര്യമില്ലാത്തതിനാല്‍ പണക്കാരുടെയും സാധാരണക്കാരുടെയും മക്കള്‍ക്ക് ഒരുമിച്ച് പഠിക്കാനുള്ള അവസരമാണ് മജ്മഅ് ഇംഗ്ലീഷ് സ്കൂളിലുള്ളത്. ആദര്‍ശത്തിലുറച്ച് നില്‍ക്കുന്ന സേവന സന്നദ്ധരായ പുതുതലമുറയുടെ പിറവിയാണ് സ്കൂള്‍ ലക്ഷ്യമിടുന്നത്. ഇതര ഇംഗ്ലീഷ് മീഡിയങ്ങളില്‍ നിന്ന് സ്ഥാപനത്തെ വ്യത്യസ്തമാക്കുന്ന ഘടകങ്ങള്‍ വേറെയുമുണ്ട്. കുഞ്ഞുനാള്‍ തൊട്ടേ അനാഥത്വങ്ങളില്‍ അകപ്പെട്ടുപോയ കുട്ടികളെ ദത്തെടുത്ത് തീര്‍ത്തും സൗജന്യമായി വിദ്യാഭ്യാസം നല്‍കുന്ന പദ്ധതിയാണതില്‍ പ്രധാനം. എല്‍ കെ ജി മുതല്‍ പ്ലസ് ടു വരെയുള്ള ക്ലാസുകളിലായി നൂറോളം അനാഥ മക്കള്‍ ഇപ്പോള്‍ പഠനം നടത്തുന്നുണ്ട്.

ഹിഫ്ളുല്‍ ഖുര്‍ആന്‍
വിശുദ്ധ ഖുര്‍ആന്‍ മനഃപാഠമാക്കാന്‍ സാധിക്കുക എന്നത് അല്ലാഹുവിന്‍റെ മഹത്തായ അനുഗ്രഹമാണ്. സമൂഹത്തിനും കുടുംബത്തിനും പ്രതീക്ഷയേകുന്ന ഹാഫിളുകളെ വാര്‍ത്തെടുക്കാന്‍ അരീക്കോടും പരിസരങ്ങളിലുമുള്ളവര്‍ക്ക് മജ്മഅ് ഒരുക്കിയ അനര്‍ഘ അവസരമാണ് ഹിഫ്ളുല്‍ ഖുര്‍ആന്‍ കോളേജ്. മജ്മഅ് ഇംഗ്ലീഷ് സ്കൂളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് അതോടൊപ്പം തന്നെ ഖുര്‍ആന്‍ ഹൃദ്യസ്ഥമാക്കാനുള്ള സൗകര്യമാണിത്. അഞ്ചാം ക്ലാസിലേക്കാണ് അഡ്മിഷന്‍ നല്‍കുന്നത്. എസ് എസ് എല്‍ സി പാസ്സാകുന്നതോടെ ഹാഫിളാകാനുള്ള അവസരം ലഭിക്കുന്നു. സ്വര മാധുര്യമുള്ള പഠന തല്‍പരരായ കുട്ടികളെയാണ് ഇതിലേക്കാവശ്യം.

ജൂനിയര്‍ ദഅ്വാ:
ജാമിഅത്തുല്‍ ഹിന്ദിന്‍റെ പ്രത്യേക സിലബസനുസരിച്ച് മജ്മഅ് ഇംഗ്ലീഷ് സ്കൂളില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് മതപണ്ഡിതരാകാനുള്ള കോഴ്സാണിത്. അരീക്കോട് മുസ്ലിംകള്‍ക്ക് നഷ്ടപ്പെട്ട അതിശോഭനമായ പ്രതാപം തിരിച്ച് പിടിക്കാനുള്ള പദ്ധതിയാണിത്. മുമ്പ് സൂചിപ്പിച്ചതു പോലെ സാത്വികരായ വ്യക്തിത്വങ്ങളും ഉലമാക്കളും ജീവിച്ച നാടായിരുന്നു അരീക്കോട് പ്രദേശം. അരീക്കോട് ജുമുഅത്ത് പള്ളിയുടെ സ്ഥാപകന്‍ അഹമദ് കുരിക്കള്‍, നാലകത്ത് മരക്കാരുട്ടി മുസ്ലിയാര്‍, വേപ്പൂര്‍ അഹമദ് കുട്ടി മുസ്ലിയാര്‍, വാണിയമ്പലം അബ്ദുറഹിമാന്‍ മുസ്ലിയാര്‍ തുടങ്ങിയവര്‍ അവരില്‍ പ്രധാനികളാണ്. സമീപ പ്രദേശങ്ങളില്‍ ദീനിബോധനങ്ങള്‍ എത്തിക്കാന്‍ ആദ്യകാലം തൊട്ടേ മുന്‍ നിരയില്‍ ഉണ്ടായിരുന്നവരായിരുന്നു ഇവര്‍, ഭൗതിക വിദ്യയുടെ മറവില്‍ പുതുതലമുറയെ പാരമ്പര്യ മതവിശ്വാസങ്ങളില്‍ നിന്നും മോചിപ്പിക്കാനുള്ള നവീനാശയക്കാരുടെ കപടനീക്കങ്ങളെ പരാജയപ്പെടുത്തേണ്ടതുണ്ട്. അത്തരം ഉദ്യമങ്ങള്‍ക്ക് നെടുനായകത്വം വഹിക്കാന്‍ കഴിയുന്ന പ്രതിഭാധനരായ പണ്ഡിതരെ ഉയര്‍ന്ന നിലവാരമുള്ള പഠനം നല്‍കി എട്ട് വര്‍ഷത്തെ കോഴ്സിലൂടെ വാര്‍ത്തെടുക്കുകയാണ് ജൂനിയര്‍ ദഅ്വ.

ഹൈസം അക്കാദമി
ഇസ്ലാമില്‍ മതപണ്ഡിതര്‍ക്കുള്ള അതേ സ്ഥാനവും അംഗീകാരവുമുള്ള വിഭാഗമാണ് ഉമറാക്കള്‍. നബി(സ) പറഞ്ഞു: ‘എന്‍റെ സമുദായത്തില്‍ രണ്ട് വിഭാഗമുണ്ട്. അവര്‍ നന്നായാല്‍ എന്‍റെ സമുദായം നന്നാവും. അവര്‍ക്ക് കേട് പറ്റിയാല്‍ എന്‍റെ സമുദായം നശിക്കും. അറിയുക, അവര്‍ ഉലമാഉം ഉമറാഉമാണ്. നാട്ടിലെ കൈകാര്യകര്‍ത്താക്കള്‍ക്കാണ് ഉമറാഅ് എന്ന് പറയുന്നത്. ഇസ്ലാമിക ശിക്ഷണവും ദര്‍ശനവും ലഭിക്കാതെ വളര്‍ന്ന് വരുന്ന ഇന്നത്തെ തലമുറ കേവലം സ്ക്കൂള്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും മഹല്ല് കാരണവന്മാരായാല്‍ സംഭവിക്കാന്‍ പോവുന്ന സ്ഥിതിഗതികള്‍ തീര്‍ത്തും ആശങ്കാജനകമല്ലേ? അനാഥകളെയും മുതഅല്ലിമുകളെയും സംരക്ഷിക്കാന്‍ ഇന്ന് സംവിധാനങ്ങള്‍ ധാരാളമുണ്ട്. എസ് എസ് എല്‍ സി ക്ക് ശേഷം ദഅ്വാ കോളേജുകളില്‍ ചേര്‍ന്ന് നീണ്ട കാലം പഠിക്കാന്‍ സാധിക്കാത്ത, അതേസമയം ദീനീ ബോധത്തോടെ സ്കൂള്‍ പഠനം തുടരാന്‍ ആഗ്രഹിക്കുന്നവരാണ് നമ്മുടെ നാട്ടില്‍ ഭൂരിപക്ഷം. ഇത്തരക്കാരെ ഏറ്റെടുത്ത് പ്ലസ് ടു മുതല്‍ ഡിഗ്രിയും ഉള്‍പ്പെടുന്ന അഞ്ച് വര്‍ഷക്കാലം കൊണ്ട് പണ്ഡിത തുല്യരായ ഉമറാക്കളെ ഉണ്ടാക്കിയെടുക്കാനാണ് മജ്മഅ് ഹൈസം അക്കാദമി ആരംഭിച്ചത്. ഭൗതിക പഠനത്തില്‍ തളച്ചിട്ട് പുതിയ കാലക്രമത്തിന്‍റെ വിരോധാഭാസങ്ങളിലേക്ക് സ്വന്തം മക്കളെ തള്ളി വിടുന്നതിന് പകരം ദീനും ദുനിയാവും കൈകോര്‍ത്ത് പിടിച്ച് സമൂഹത്തിന്‍റെ തെറ്റുകളെ തിരുത്തി സാര്‍ഥക മുന്നേറ്റങ്ങള്‍ നടത്തുന്ന ബഹുമുഖ പ്രതിഭകളെയാണ് ഇതിലൂടെ നിര്‍മിച്ചെടുക്കുന്നത്.

കഫാലത്തുല്‍ ഐതാം
ഇസ്ലാം വലിയ പ്രാധാന്യം നല്‍കിയ പുണ്യപ്രവര്‍ത്തിയാണ് അനാഥ സംരക്ഷണം. അനാഥകളെ സംരക്ഷിക്കുന്നവരും ഞാനും സ്വര്‍ഗ്ഗത്തില്‍ ഒന്നിച്ചായിരിക്കുമെന്ന പ്രവാചക വചനം നമുക്ക് പാഠമാകേണ്ടതുണ്ട്. മാതാപിതാക്കളുടെ തലോടലും പരിലാളനയും ഏല്‍ക്കാന്‍ ഭാഗ്യമില്ലാതെ പോയ കുരുന്നുകള്‍ അന്യാധീനപ്പെട്ടു കൂടാ. സ്നേഹം നല്‍കാന്‍ ആളില്ലാതെ പോയതിന്‍റെ പേരില്‍ അവര്‍ ക്രിമിനലുകളായിക്കൂടാ. അത്കൊണ്ട് തന്നെ അനാഥ മക്കളെ കൈപിടിച്ചാനയിക്കുകയും സമുദ്ധരിക്കുകയും ചെയ്യുന്നതിന് വേണ്ടിയാണ് മജ്മഇന് കീഴില്‍ കഫാലത്തുല്‍ ഐതാം പ്രവര്‍ത്തിക്കുന്നത്. അരീക്കോട്, എടവണ്ണ, കാവനൂര്‍, കീഴുപറമ്പ്, ഊര്‍ങ്ങാട്ടിരി പഞ്ചായത്തുകളിലെ അനാഥ കുഞ്ഞുങ്ങളെ കണ്ടെത്തി കെ ജി മുതല്‍ പ്ലസ് ടു വരെ പഠിപ്പിക്കുന്ന സംവിധാനമാണിത്.

സൈക്രിഡ്
സിദ്ദീഖിയ്യ ദഅ്വ കോളേജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ സിദ്ദീഖികളുടെ കൂട്ടായ്മയാണ് സൈക്രിഡ് (സിദ്ദീഖി അസോസിയേഷന്‍ ഫോര്‍ ചാരിറ്റി, റിസര്‍ച്ച് ആന്‍ഡ് എജ്യൂകേഷന്‍) സൈക്രിഡിന്‍റെ കീഴില്‍ വിവിധങ്ങളായ സേവന വിദ്യഭ്യാസ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടന്ന് വരുന്നു. കേരളത്തിനകത്തും പുറത്തും മുസ്ലിംകള്‍ സാമ്പത്തികമായും മതപരമായും പിന്നോക്കാവസ്ഥയില്‍ ഉള്ള സ്ഥലങ്ങളില്‍ പ്രബോധന പ്രവര്‍ത്തനങ്ങളും ജീവകാരുണ്യപ്രവര്‍ത്തനങ്ങളും നടത്തി സേവനം ചെയ്യുന്നു. സര്‍ഗാത്മക കൂട്ടായ്മകള്‍ സംഘടിപ്പിക്കുന്നു. പ്രസാധക രംഗത്ത് പുതിയ ഇടപെടലുകള്‍ക്ക് നേതൃത്വം നല്‍കുന്നു. 2020തോടു കൂടി കേരളത്തിലെ പ്രബോധന രംഗത്ത് നേതൃപരമായ ഇടം നേടിക്കൊടുക്കും വിധമുള്ള വിഷന്‍ സൈക്രിഡ് രൂപീകരിക്കുകയാണ്. കേന്ദ്രസര്‍ക്കാറിന്‍റെ ചഇജഡഘ അംഗീകൃത പഠനകേന്ദ്രം മജ്മഇല്‍ പ്രവര്‍ത്തിക്കന്നു. ഉര്‍ദു ഭാഷയും ഫന്‍ക്ഷണല്‍ അറബിയും വ്യവസ്ഥാപിതമായി പഠിപ്പിക്കാന്‍ ഇതുവഴി സാധിക്കുന്നു.

എം.എസ്.എ
വര്‍ത്തമാന കാലത്തിന്‍റെ സ്പന്ദനങ്ങള്‍ അറിഞ്ഞ് പുതിയ സമവാക്യങ്ങള്‍ സൃഷ്ടിക്കുന്ന മജ്മഇന്‍റെ വിദ്യാര്‍ത്ഥി സംഘടനയാണ് മജ്മഅ് സ്റ്റുഡന്‍റ്സ് അസോസിയേഷന്‍. മജ്മഅ് കാമ്പസ് വിദ്യാര്‍ത്ഥികളുടെ അഭിവൃദ്ധി ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന എം.എസ്.എ വെറുമൊരു കാമ്പസ് സംഘടന എന്നതിലുപരി സമൂഹത്തിന്‍റെ പുറംചട്ടകളിലേക്കുള്ള ഇടപടലുകളും സേവനങ്ങളും നടത്തുന്നു. ദഅ്വാ സെല്‍, കാമ്പസ് സെല്‍, റിലീഫ് സെല്‍, സര്‍ഗ ശബ്ദം തുടങ്ങിയ പ്രധാനപ്പെട്ട ഉപഘടങ്ങളിലൂടെ വിദ്യാര്‍ത്ഥികള്‍ക്കും സമൂഹത്തിനും ഉപകരിക്കുന്ന ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നു.
വടശ്ശേരി ഹസ്സന്‍ മുസ്ലിയാര്‍

Write a comment