Posted on

കര്‍ബല ആഘോഷിക്കപ്പെടുന്നു

Oasis-Dakhla-Sahara-Desert-

പ്രവാചകര്‍ക്കു ശേഷം ആരംഭിച്ച ഖുലഫാഉര്‍റാശിദുകളുടെ ഭരണം മുപ്പതു വര്‍ഷക്കാലം നീണ്ടു നിന്നു. അതിനു ശേഷം ഉമവിയ്യ ഭരണാധികാരികള്‍ ഇസ്ലാമിക രാഷ്ട്ര സംവിധാനവുമായി മുന്നോട്ട് പോയി. മുആവിയ (റ) ന്‍റെ ഖിലാഫതിനു ശേഷം മകന്‍ യസീദ് ഭരണ സാരഥ്യം ഏറ്റെടുത്തു. ഇക്കാലമത്രയും തുടര്‍ന്നു വന്നിരുന്ന തീര്‍ത്തും ജനാധിപത്യപരമായ പ്രവാചകന്‍റെ ഭരണ ശൈലിയെ അവഗണിച്ച് കൊണ്ടുള്ള കിരാത ഭരണമായിരുന്നു യസീദിന്‍റേത്. ഈ ദുര്‍ഭരണത്തിനെതിരെയുള്ള സമര പോരാട്ടങ്ങള്‍ക്കിടയിലാണ് പ്രവാചക പൗത്രന്‍ ഹുസൈന്‍ (റ) അതിദാരുണമായി കൊല ചെയ്യപ്പെടുന്നത്. ഹി : 61 മുഹര്‍റം പത്തിനായിരുന്നു ഇത്.

ചരിത്രം ഇങ്ങനെ…
ഇസ്ലാമിനോടകന്നു പോകുന്ന മുആവിയ ഭരണത്തിനെതിരെ ശബ്ദിക്കാന്‍ ഹിജാസിലെ അഞ്ച് പേര്‍ തീരുമാനമെടുത്തു. അവരുടെ നേതാവിയിരുന്നു, ഹുസൈന്‍ (റ). ഉരുക്കു മുഷ്ടി കൊണ്ട് അധികാരം അടിച്ചേല്‍പിക്കുന്ന രീതി കൂഫക്കാര്‍ അംഗീകരിച്ചില്ല. അവര്‍ പ്രവാചക പൗത്രനെ ഖലീഫയാകാന്‍ ക്ഷണിച്ചു. ഹുസൈന്‍ (റ), മുസ്ലിം ബിന്‍ അഖീലിനെ കൂഫയിലേക്കയച്ചു. യസീദിന്‍റെ കൂഫ ഗവര്‍ണര്‍ നുഅ്മാന്‍ ബിന്‍ സഫീര്‍, മുസ്ലിമിനെ എതിര്‍ത്തില്ല എന്ന കാരണത്താല്‍ സ്ഥാന ഭ്രഷ്ടനാക്കപ്പെട്ടു. പകരം ഉബൈദുല്ല ഇബ്നു സിയാദ് കൂഫ ഗവര്‍ണറായി. ക്ഷോഭിതരായ കൂഫക്കാര്‍ മുസ്ലിം (റ) നു പിന്നില്‍ അണിനിരന്നു. ഉബൈദുല്ലയുടെ ഭീഷണിയില്‍ ഭയന്ന അവര്‍ പിന്നീട് മുസ്ലിം (റ) നെ ഒറ്റപ്പെടുത്തി. മുസ്ലിം (റ) കൊല്ലപ്പെട്ടു. വിവരമറിഞ്ഞ ഹുസൈന്‍ (റ) സകല എതിര്‍പ്പുകളും വകഞ്ഞു മാറ്റി കൂഫയിലേക്ക് പുറപ്പെട്ടു.
ശാന്തമായൊഴുകുന്ന യൂഫ്രട്ടീസ് നദീ തീരത്ത് അവര്‍ തന്പടിച്ചു. വിവരമറിഞ്ഞ ഉബൈദുല്ല മൂന്ന് വന്‍ സൈന്യങ്ങളെ അവിടേക്കയച്ചു. യൂഫ്രട്ടീസിലെ ഒരു തുള്ളി വെള്ളം പോലും എടുക്കാന്‍ അവര്‍ക്കധികാരമില്ലായിരുന്നു. പ്രതിരോധങ്ങള്‍ക്കിടെ മുഹര്‍റം പത്തിനു സൈന്യം ഹുസൈന്‍ (റ) നെതിരെ ക്രൂരമായ ആക്രമണം നടത്തി. സായുധ സജ്ജരായ ഉബൈദുല്ലയുടെ സൈന്യത്തിനു മുന്നില്‍ പ്രവാചക പൗത്രന് അധിക സമയം പിടിച്ചു നില്‍ക്കാനായില്ല. സിഹാനു ബ്നു അനസ് എന്ന ക്രൂരന്‍റെ വാളിനിരയായി ഹുസൈന്‍ (റ) രക്തസാക്ഷിയായി. പ്രവാചകന്‍റെ സ്നേഹഭാജനം, സ്വര്‍ഗീയ യുവാക്കളുടെ നേതാവ്, അലിഫാത്വിമ ദന്പതികളുടെ പ്രിയപ്പെട്ട മകന്‍…ഇസ്ലാമിനിത് വലിയ ആഘാമായി. ഹുസൈന്‍ (റ)ന്‍റെ ശിരസ്സ് ശരീരത്തില്‍ നിന്നു വേര്‍പ്പെടുത്തി, ആ കബന്ധത്തിന്‍ ശത്രുക്കള്‍ താണ്ഢവമാടി, ശരീരം വികൃതമാക്കി. ചരിത്രത്തില്‍ തുല്യതയില്ലാത്ത പീഢനമായിരുന്നു അത്. പ്രവാചക കുടുംബത്തിലെ ഭൂരിഭാഗം പേരും കര്‍ബലയില്‍ രക്തസാക്ഷ്യം വരിച്ചു. സൈനുല്‍ ആബിദീന്‍ (റ) മാത്രമാണ് ബാക്കിയായത്.പ്രവാചക പൗത്രനെ കൊലപ്പെടുത്തിയതില്‍ യസീദ് ദുഃഖിച്ചിരുന്നുവെന്ന് ചില ചരിത്രകാരന്‍മാര്‍ രേഖപ്പെടുത്തുന്നു.യസീദ് അറിയാതെയാണ,് ഉബൈദുല്ല പ്രവാചക പൗത്രനെ കൊന്നതെന്നും അഭിപ്രായമുണ്ട്. എന്നാല്‍ ഇതെല്ലാം ജനങ്ങളുടെ സഹതാപം പിടിച്ചുപറ്റാന്‍ ചരിത്രകാരന്‍മാരെ കൂലിക്കെടുത്തതാണെന്ന് മറുപക്ഷം വാദിക്കുന്നു. ദുഃഖമുണ്ടായിരുന്നെങ്കില്‍ എന്ത്കൊണ്ടാണ് ഉബൈദുല്ലക്കെതിരെ നടപടിയെടുക്കാതെന്നുമിവര്‍ ചോദിക്കുന്നു.
പിന്നീട് കൂഫ യുടെ ചരിത്രം മറ്റൊന്നായി. ഹുസൈന്‍ (റ) ന്‍റെ പക്ഷം ശക്തിപ്രാപിച്ചു. അവര്‍ ഭരണകൂടത്തിനെതിരെ സംഘടിച്ചു. ഉബൈദുല്ലയെ വകവരുത്തി. കൂഫ കലാപ കലുഷിതമായി “മുഖ്താര്‍ കലാപം ‘ എന്നാണിത് ചരിത്രത്തില്‍ അറിയപ്പെടുന്നത്. ഹിജാസിലും കലാപം കത്തിപ്പടര്‍ന്നു. യസീദും മരണപ്പെട്ടു. ഈ അവസരം മുതലെടുത്ത് ഹുസൈനുബ്നു യസീദ് ഖലീഫയായി.

ശിയാ ദുരാചാരങ്ങള്‍
ഹുസൈനുബ്നു യസീദ് ഭരണാധികാരിയായി ചുമതലയേറ്റ ശേഷം കൂഫ കേന്ദ്രമായി ശിയാ വിശ്വാസം തഴച്ചുവളര്‍ന്നു. ഖലീഫയാകുന്നതിന് മുന്പ്തന്നെ അലി(റ) നെ ചിലയാളുകള്‍ പ്രത്യേകം സ്നേഹിച്ചിരുന്നു. നബിയുടെ അടുത്ത ബന്ധു, കുട്ടിക്കാലത്ത്തന്നെ ഇസ്ലാം സ്വീകരിച്ച വ്യക്തി, പ്രമുഖ സ്വഹാബി തുടങ്ങിയ പലകാരണങ്ങളുമായിരുന്നു ഇതിനുപിന്നില്‍. അലി(റ)ന്‍റെ വഫാത്തിനുശേഷം ഖലീഫയുടെ പേരില്‍ ഒരു പ്രത്യേക പ്രസ്ഥാനം ശക്തിപ്പെട്ടു വരികയായിരുന്നു. അബൂബക്കര്‍ (റ) ഉള്‍പ്പെടെയുള്ള മൂന്നു ഖലീഫമാരെയും അവര്‍ ഖുതുബകളില്‍ വരെ ലഹനതോതുന്നത് നിത്യചര്യയാക്കി. അബൂഹുറൈറ (റ) നെപ്പോലുള്ള സ്വഹാബി പ്രമുഖരെ ജൂതന്മാരായി ചിത്രീകരിച്ചു.
മുഹര്‍റം പത്തിന് കര്‍ബലയില്‍ വെച്ചു നടന്ന അലി പുത്രന്‍റെ കൊലപാതകം ഇന്നും ശിയാക്കള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. തീ സമാനമായ പൊരി വെയില്‍, കത്തി, കുപ്പിച്ചില്ല്, പോലുള്ള മാരകായുധങ്ങള്‍ കൊണ് സ്വശരീരത്തില്‍ മുറിവേല്‍പിച്ച്കൊണ്ട് രക്തമൊലിപ്പിച്ചു നടന്നു നീങ്ങുന്ന പ്രകടനങ്ങള്‍ മാറത്തടിച്ചു ആര്‍ത്തലച്ചു നിരയായി നീങ്ങുന്ന വനിതകള്‍ ആശുറാഹ് ദിനത്തില്‍ ബഗ്ദാദ് പോലുള്ള തെരുവുകളിലെ നിത്യകാഴ്ചയാണിത്.
ഇബ്നു കസീര്‍ അല്‍ ബിദായത്തു വന്നിഹായയില്‍ രേഖപ്പെടുത്തുന്നു””ആശുറാഹ് ദിനമാചരിക്കുന്നതില്‍ ശിയാക്കള്‍ അതിരുകവിഞ്ഞിരിക്കുന്നു അതുമായി ബന്ധപ്പെട്ട് കുറേ നീചമായ കള്ളക്കഥകള്‍ ഹദീസുകളെന്ന പേരില്‍ അവര്‍ നിര്‍മ്മിച്ചിട്ടുണ്ട്.ആ ദിനത്തില്‍ സൂര്യഗ്രഹണം സംഭവിച്ചുവെന്നും അന്നു കര്‍ബലയിലുള്ള ഏതു കല്ലിന്‍ ചുവട്ടിലും രക്തം കാണാമായിരുന്നുവെന്നും അവര്‍ പ്രചരിപ്പിച്ചു. അന്തരീക്ഷം ചുവപ്പുകലര്‍ന്നു, സൂര്യ രശ്മികള്‍ രക്ത വര്‍ണ്ണമായി, ആകാശം രക്തക്കട്ട പോലെയും ഗ്രഹങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചു, രക്തവര്‍ണ്ണമുള്ള മഴ വര്‍ഷിച്ചു തുടങ്ങിയവ ഈ കള്ളക്കഥകളില്‍ ചിലതാണ്.
അന്നു പൂര്‍വ്വാഹ്നത്തില്‍തന്നെ നക്ഷത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടു, ഹുസൈന്‍(റ)ന്‍റെ തലയുമായി രാജകൊട്ടാരത്തിലെത്തിയപ്പോള്‍ അവിടുത്തെ ചുമരുകളില്‍ നിന്നും രക്തം സ്രവിച്ചു, ഭൂമി മൂന്നുദിവസം ഇരുള്‍ മുറ്റിനിന്നു, ബൈതുല്‍ മുഖദ്ദസിലെ കല്ലുകള്‍ക്കിടയില്‍ നിന്ന് രക്തം സ്രവിച്ചു, യുദ്ധമുതലുമായി ശത്രുക്കള്‍ പിടച്ചെടുത്ത ഹുസൈന്‍(റ) വിന്‍റെ ആടുകളെ പാകം ചെയ്തപ്പോള്‍ മാംസമെല്ലാം രക്തക്കട്ടയായി പരിണമിച്ചു, തുടങ്ങിയ നിര്‍മ്മിത ഹദീസുകള്‍ക്കു സ്വീകാര്യതയില്ല.

മതം പറയുന്നു
എന്നാല്‍ ഹുസൈന്‍ (റ) വിനെ ക്രൂരമായി കൊലപ്പെടുത്തി എന്നത് നിഷേധിക്കാനാകാത്ത സത്യമാണ്. പ്രവാചക പുത്രനെ കൊലപ്പെടുത്തിയവര്‍ പില്‍ക്കാലത്ത് ഭ്രാന്തന്‍മാരായി മാറിയെന്ന് ചരിത്രത്തിലുണ്ട്. (ബദായ:8/202)
ആശൂറാഹ് ആഘോഷത്തിന്‍റെ പേരില്‍ ചെണ്ട മുട്ടിയും, ടൗണിലും റോഡിലുമെല്ലാം വെണ്ണീര്‍ പുരട്ടിയും കടയിലും വീടുകളിലും കറുത്ത തുണികള്‍ കെട്ടിയും ദുഖമാചരിച്ചു. ഹുസൈന്‍ (റ) ദാഹിച്ചവശനായാണ് മരിച്ചതെന്ന കാരണത്താല്‍ ശിയാക്കള്‍ പ്രസ്തുത ദിനത്തില്‍ ഒരിറക്ക് വെള്ളം കുടിക്കില്ല.
ശിയാ വിഭാഗമായ റാഫിളത്തിനെ വിമര്‍ശിച്ച് കൊണ്ട് ഇബ്നു റജബ് (റ) രചിച്ച കിതാബുല്ലത്വാഇഫില്‍ നിന്ന് സുയൂഥി ഇമാം (റ) ഉദ്ധരിക്കുന്നു””ആശൂറാഹ് ദിനത്തില്‍ ഹുസൈന്‍ (റ) കൊല ചെയ്യപ്പെട്ടത് കൊണ്ട് അന്നൊരു ദുഖാചരണ ദിനമായിട്ടാണ് റാഫിളത്ത് കാണുന്നത്. പ്രവാചകന്‍മാരുടെ വഫാത്ത് ദിനങ്ങളെയും അവര്‍ക്കുണ്ടായ പരീക്ഷണ അനുസ്മരണ ദിനങ്ങളെയും ദുഃഖാചരണമായി സ്വീകരിക്കാന്‍ അല്ലാഹുവും പ്രവാചകരും പഠിപ്പിച്ചിട്ടില്ല. പിന്നെ അവരിലും താഴെയുള്ളവരുടെ വഫാത്ത് ദിനം എങ്ങനെ ദുഃഖ ദിനമാക്കും. (ഫതാവാ സുയൂഥി 1/193)
ഹുസൈന്‍ (റ) വിന്‍റെ പതാവ് അലി (റ) വും കൊല ചെയ്യപ്പെട്ടതാണ.് എന്നാല്‍ ആ ദിനം പോലും ആരും ദുഃഖമാചരിക്കുന്നില്ലെന്നിരിക്കെ പല്‍കാലക്കാരായ ഹുസൈന്‍ (റ)ന്‍റെ അനുസ്മരണ ദിനം രക്ത പങ്കിലമാക്കുന്നതില്‍ സംശയത്തിന് വകയുണ്ട്. മുഹര്‍റം പത്തിന് അല്ലാഹു പ്രത്യേകം സമ്മാനിച്ച അനുഗ്രഹ കൂട്ടങ്ങളെയെല്ലാം വിസ്മരിക്കുന്ന രീതിയിലാണിത് എന്നതും ദുഃഖാചരണത്തിന്‍റെ അസ്വാഭാവികത വിളിച്ചുപറയുന്നു.

ദുഃഖാചരണത്തിലെ രാഷ്ട്രീയം
ആശൂറാഹ് ദിനം കരിദിന മാചരിക്കുന്നതിനു പിന്നുല്‍ ശിയാക്കളുടെ ഉമവി വിരുദ്ധത പ്രകടമായിരുന്നു. പ്രവാചക പൗത്രനെ സ്നേഹിക്കുന്നതിനാലല്ല ഈ കാട്ടിക്കൂട്ടലുകള്‍ മറിച്ച്, ശിയാക്കള്‍ നയിക്കുന്ന ഭരണം തുടര്‍ന്നു കിട്ടാനുള്ള അടവുകളും പ്രകടനങ്ങളുമായിരുന്നു.
റാഫിളത്തിനോട് ശക്തമായ വിരോധമുള്ള ശിയാക്കളിലെ തന്നെ മറ്റൊരു വിഭാഗം, ആശൂറാഹ് ദിനത്തെ സന്തോഷപൂര്‍വ്വം ആഘോഷിക്കുകയാണ് പതിവ്. നല്ല ധാന്യങ്ങള്‍ പാചകം ചെയ്്ത് മധുരപലഹാര വിതരണം നടത്തി, കുളിച്ചു പുതുവസ്ത്രമണിഞ്ഞു സുഗന്ധം പൂശി പ്രസ്തുത ദിനം ആഘോഷമാക്കിമാറ്റുക, ഇങ്ങനെ റാഫിളത്തിനോട് രാഷ്ട്രീയപരമായി എതിരാവുക എന്ന ലക്ഷ്യം മാത്രം വെച്ച് പ്രവര്‍ത്തിക്കുന്നവരുമുണ്ട്.
ഹുസൈന്‍(റ) ന്‍റെ രക്ത സാക്ഷിദിനത്തെ ആഘോഷിക്കുകയും ദുഃഖമാചരിക്കുകയും ചെയ്യുന്ന ഇരു വിഭാഗത്തിന്‍റെയും പ്രവര്‍ത്തികള്‍ക്ക് ശറഹിന്‍റെ പിന്‍ബലമില്ലെന്ന് നിസ്തര്‍ക്കം പറയാം. ആശൂറാഹ് ദിനത്തില്‍ ഇറാന്‍, ഇറാഖ് പോലുള്ള ശിയാ ആധിപത്യരാഷ്ട്രങ്ങളില്‍ നടക്കുന്ന അനിസ്ലാമിക പ്രകടനങ്ങളെ ചൂണ്ടിക്കാട്ടി ഇസ്ലാമിനെ പഴിപറയുന്നവരുണ്ട്, അന്താരാഷ്ട്ര പത്രങ്ങളും ദൃശ്യമാധ്യമങ്ങളും പ്രസ്തുത ദിനത്തിലെ കൂറ്റന്‍ റാലികള്‍ ഒപ്പിയെടുത്ത് ഇസ്ലാമിന്‍റെ “മനുഷ്യത്വ രഹിതമായ അനുസ്മരണരീതി’യെ പഴിപറയുന്നു.മതത്തിന്‍റെ വേലിക്കെട്ടുകള്‍ തകര്‍ത്തുകൊണ്ടുള്ള ഇത്തരം ചെയ്തികള്‍ ഉയര്‍ത്തിക്കാട്ടി ഇസ്ലാമിനെ വിമര്‍ശിക്കുന്നതില്‍ സാംഗത്യമില്ല.

Write a comment