Posted on

തൗഹീദ്

wherever-i-go-god-is-there

ഇസ്ലാമിന്‍റെ അടിത്തറയാണ് തൗഹീദ്. അഥവാ ഏകദൈവ വിശ്വാസം. തൗഹീദിന്‍റെ സംസ്ഥാപനത്തിന് വേണ്ടിയാണ് പരസഹസ്രം പ്രവാചകന്‍മാരെ നിയോഗിക്കപ്പെട്ടത്. ഉല്‍പത്തി മുതല്‍ ഈ തൗഹീദിന്‍റെ വക്താക്കള്‍ രൂപ ഭാവ വ്യത്യാസങ്ങളോടെയാണെങ്കിലും എതിര്‍പ്പുകളും പീഢനങ്ങളും നേരിട്ടിട്ടുണ്ട്. വര്‍ത്തമാനയുഗത്തിലും ഇസ്ലാം നേരിട്ട് കൊണ്ടിരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയാണിത്. അകത്തു നിന്നും പുറത്തുനിന്നുമായി ഇസ്ലാമിനെ നശിപ്പിക്കാന്‍ ശത്രുക്കള്‍ ജാഗരൂകരാണ്. ഇസ്ലാമിക ദര്‍ശനങ്ങളുടെ ആണിക്കല്ലായ തൗഹീദില്‍ മായം ചേര്‍ക്കാനും ഉന്മൂലനം ചെയ്യാനുമാണവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ബൗദ്ധികമായ സമീപനങ്ങളും മസ്തിഷ്ക നിര്‍മ്മിത മതങ്ങളും കാഴ്ചപ്പാടുകളും കാലത്തോട് സമരസപ്പെടാനാവാതെ തോറ്റ് പിന്‍മാറിയപ്പോഴും, പല പ്രത്യായശാസ്ത്രങ്ങളും പിറന്ന മണ്ണില്‍ തന്നെ കുഴിച്ച്മൂടപ്പെട്ടപ്പോഴും കാലഘട്ടത്തിന്‍റെ അനിവാര്യതയായി. ആധുനികതയുടെ ആവലാതികള്‍ക്ക് പൂര്‍ണ്ണ പരിഹാരമായി ഇസ്ലാം മാത്രം മുന്നേറുന്നത് അത് ലോക രക്ഷിതാവിന്‍റെ മതമായത് കൊണ്ടാണ്.
തൗഹീദില്‍ നിന്നും പടര്‍ന്നു പന്തലിച്ച വിശ്വാസ സംഹിത ഇസ്ലാമില്‍ മാത്രമേ നമുക്കു കാണാന്‍ കഴിയുകയുള്ളൂ. സൃഷ്ടികള്‍ ദൈവാവതാരമാണെന്നോ അവരില്‍ ദൈവാംശമുണ്ടെന്നോ വിശ്വസിച്ച് സൃഷ്ടാവിന് ഉപദൈവങ്ങളെയോ കീഴ് ദൈവങ്ങളെയോ പ്രതിഷ്ടിക്കുന്നവരാണ് മറ്റു പലമതങ്ങളും. ഹിന്ദുമതം, ക്രിസ്തുമതം, ജൂതമതം, ജൈനമതം, ഷിന്‍റോ മതം, കണ്‍ഫ്യൂഷനിസം തുടങ്ങിയവയെല്ലാം ബഹുദൈവ വിശ്വാസത്തിന്‍റെ നേര്‍ക്കാഴ്ചകളാണ്.
പ്രവാചകരും മുന്‍ഗാമികളും സന്പൂര്‍ണ്ണമാക്കിയ സുന്ദരമായ തൗഹീദിനെ വക്രീകരിച്ച് വികലമായ വീക്ഷണങ്ങളും നിര്‍വ്വചനങ്ങളും നല്‍കി പരകോടി മുസ്ലിം ജനവിഭാഗത്തെ പുറംകാലു കൊണ്ട് തട്ടിമാറ്റി മുവഹ്ഹിദ് ചമയുന്ന പുത്തന്‍ തൗഹീദിന്‍റെ അനുകൂലികള്‍ സുലഭമാണിന്ന്. നിരാക്ഷേപം മുസ്ലിം ലോകം അനുഷ്ഠിച്ച് പോന്ന ആചാരാനുഷ്ഠാനങ്ങളെ നിഷ്കരുണം ശിര്‍ക്കിന്‍ പട്ടികയില്‍ ഇവര്‍ എഴുതിച്ചേര്‍ക്കുന്നു. പഠന ക്ലാസുകളും പ്രസിദ്ധീകരണങ്ങളും ഉപയോഗപ്പെടുത്തി പൊതുജനങ്ങളെ കൈക്കലാക്കുകയാണിവരുടെ ലക്ഷ്യം. ഈ സാഹചര്യത്തില്‍ വിശിഷ്യാ മുസ്ലിം തറവാട്ടില്‍ നിന്ന് തെറ്റിപ്പിരിഞ്ഞുപോയ ഏതാനും അല്പ ബുദ്ധികള്‍ ബഹുഭൂരിപക്ഷം വരുന്ന ജനസമൂഹത്തെ ഈ തൗഹീദിന്‍റെ പേരില്‍ കാഫിറാക്കി ചിത്രീകരിക്കുകയും അവര്‍ക്കു നേരെ ശിര്‍ക്കാരോപണം നടത്തുകയും ചെയ്യുന്പോള്‍ സത്യാസത്യങ്ങളെ വേര്‍തിരിച്ച് ഗ്രഹിക്കേണ്ടതും ഉള്‍കൊള്ളേണ്ടതും അത്യന്താപേക്ഷിതമാണ്.
അല്ലാഹുവല്ലാത്ത മറ്റൊരു ആരാധ്യനുമില്ലെന്ന ഉറച്ച വിശ്വാസത്തിനാണ് തൗഹീദ് എന്നു പറയുന്നത്. ഭാഷാപരമായി ഏകനാക്കല്‍ എന്നാണിതിനര്‍ത്ഥം. അഥവാ ഈ ലോകത്തെ സൃഷ്ടിച്ച് സംരക്ഷിച്ച് സംഹരിക്കുന്ന അല്ലാഹു ഏകന്‍ മാത്രമാണെന്നും അവന് മറ്റൊരാളുടെയും പിന്തുണയോ പങ്കാളിത്തമോ ആവശ്യമില്ലെന്നും അവന്‍ നിരാശ്രയനാണെന്നും അവനെ മാത്രമേ ആരാധിക്കാവൂ മറ്റൊരാളെയും ആരാധിച്ച് കൂടെന്നുമുള്ള ശക്തമായ പ്രഖ്യാപനമാണിത്.
അപ്പോള്‍ അല്ലാഹു അവന്‍റെ സത്തയിലും വിശേഷണത്തിലും പ്രവര്‍ത്തനത്തിലും എല്ലാം ഏകനാണെന്ന് വിശ്വസിച്ചാല്‍ മാത്രമേ തൗഹീദില്‍ അടിയുറച്ച് നില്‍ക്കാനാവുകയുള്ളൂ. കാരണം, അല്ലാഹുവിന്‍റെ സത്തപോലെ മറ്റൊരു സത്തയുണ്ടെന്നും അവന്‍റെ വിശേഷണങ്ങളെയും പ്രവര്‍ത്തനങ്ങളെയും പോലെ മറ്റു വിശേഷണങ്ങളും പ്രവര്‍ത്തനങ്ങളുമുണ്ടെന്നും വിശ്വസിക്കല്‍ മറ്റ് ഇലാഹുകളില്‍ (ആരാധ്യരില്‍) വിശ്വസിക്കലാണ്. അത് തൗഹീദിന് വിരുദ്ധവുമാണ്. ദാത്തിലും സ്വിഫാത്തിലും അഫ്ആലിലും അല്ലാഹു ഏകനാണെന്ന് വിശ്വസിക്കലാണ് തൗഹീദ് എന്ന് പറയുന്പോള്‍ മനുഷ്യനും അങ്ങനെത്തന്നെയാണല്ലോ എന്ന സ്വഭാവിക ചോദ്യം ഉയര്‍ന്നേക്കാം. ഒരു വ്യക്തിയുടെ ദേഹത്തെ പോലെ ദേഹവും വിശേഷണങ്ങളെപ്പോലെ വിശേഷണങ്ങളും പ്രവര്‍ത്തനങ്ങളെപ്പോലെ പ്രവര്‍ത്തനങ്ങളും ഉള്ള മറ്റൊരു വ്യക്തിയുണ്ടാവില്ലല്ലോ എന്നതാണ് സംശയത്തിനാധാരം. എന്നാല്‍ ഇവ തമ്മില്‍ വലിയ അന്ധരമുണ്ട്. അല്ലാഹു അനാദ്യനും അനന്ത്യനുമാണ്. ഇല്ലായ്മ എന്ന ഒരു ഘട്ടം അവന് ഉണ്ടായിട്ടേയില്ല. അതിനാല്‍ അവനെ ഉണ്ടാക്കേണ്ട ആവശ്യമേയില്ല. അതേസമയം മനുഷ്യന്‍ ഇല്ലായ്മക്കു ശേഷം ജനിച്ചവനാണ്. അവനെ സൃഷ്ടിക്കാന്‍ മറ്റൊന്ന് ഉണ്ടായേ പറ്റൂ. അവന്‍ നേടുന്നതും ചെയ്യുന്നതുമെല്ലാം മറ്റൊരാളുടെ (അല്ലാഹുവിന്‍റെ) ഉടമസ്ഥതയിലാണ്. ചുരുക്കത്തില്‍ എന്തൊരു കാര്യത്തിലും പരാശ്രിതനാണ്. ഈ ആശയം തന്നെയാണ് സൂറത്തുല്‍ ഇഖ്ലാസിലൂടെ അല്ലാഹു തആല പഠിപ്പിക്കുന്നത്. നബിയെ തങ്ങള്‍ പറയുക കാര്യം അല്ലാഹു ഒരുവനാണ്. അവന്‍ പരാശ്രിതരഹിതനും ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനുമാകുന്നു. അവന്‍ ആര്‍ക്കും ജന്മം നല്‍കിയിട്ടില്ല. ആരുടെയും സന്തതിയായി ജനിച്ചതുമല്ല. അവന് തുല്യനായി ആരുമില്ല.
ലോകത്തിന്‍റെ സൃഷ്ടാവും നിയന്താവും ഒന്നില്‍ കൂടുതലുണ്ടെന്ന വാദം ഒരിക്കലും ഒരു ബുദ്ധി ജീവിക്കും അംഗീകരിക്കാനാവാത്തതാണ്. കാരണം ഒരുപാട് സൃഷ്ടാക്കളുണ്ടെങ്കില്‍ പ്രാപഞ്ചിക പ്രക്രിയകള്‍ അപ്പാടെ അവതാളത്തിലാകും. ഒരു രാജ്യത്തിനു തുല്യശക്തിയുള്ള രണ്ട് പരമാധികാരികളുള്ളതു പോലെ.
തൗഹീദിന്‍റെ നേര്‍വിപരീതമാണ് ശിര്‍ക്ക്. പങ്കുചേര്‍ക്കുക എന്നാണ് ഇതിന്‍റെ ഭാഷാര്‍ത്ഥം അല്ലാഹുവിന് തുല്യമായതോ കീഴിലുള്ളതോ ആയ ഇലാഹോ ഇലാഹുകളോ ഉണ്ടെന്ന് വിശ്വസിക്കലാണിത്. ഇത് കൊടുംപാതകമാണ്. ചുരുക്കത്തില്‍ അല്ലാഹു മാത്രമാണ് ഇലാഹ് എന്ന വിശ്വാസത്തിന് തൗഹീദ് എന്നും അവനെ കൂടാതെ വേറെ ഇലാഹുണ്ടെന്ന വിശ്വാസത്തിന് ശിര്‍ക്ക് എന്നും പറയുന്നു.

Write a comment