Posted on

പുഴ നനഞ്ഞ കിനാക്കള്‍

nature_hd_vector-wide

ചാലിയാര്‍
നിന്‍റെ തീരങ്ങളെന്തേ അസ്വസ്ഥമാകുന്നു.
അക്കരെയെത്താന്‍ കൊതിച്ചുപോയ ജീവിതങ്ങളെയോര്‍ത്തോ
ഇല്ല, നീ മറന്നു കാണില്ല
അക്ഷരങ്ങളെ പ്രണയിച്ച കുഞ്ഞു മനസ്സുകള്‍
നിന്‍റെ മാറിടത്തില്‍ പിടഞ്ഞു മരിച്ചത്
അറിവു ദാഹിച്ചു കരകയറും മുന്പേ
നീയവര്‍ക്ക് അന്ത്യചുംബനം നല്‍കിയത്
ജീവിതാര്‍ത്തിക്കു മുന്പില്‍ ഒരുപാട് പ്രതീക്ഷകള്‍
ചിതറിത്തെറിച്ചത്.
ഇല്ല, മറക്കില്ലൊരിക്കലും
ഒരു ഗ്രാമത്തോട് നീ ചെയ്ത ക്രൂരത
ഒരായിരം കിനാവുകള്‍
നിന്നിലൂടെ ഒഴുകി നീങ്ങുന്പോള്‍
ആരറിഞ്ഞു,
ഇനിയീ ജീവിതത്തില്‍ ഒരുദയസൂര്യനില്ലെന്ന്
ഇനിയൊരു പ്രഭാതം അവര്‍ വരവേല്‍ക്കില്ലെന്ന്
പേടിച്ചും മടിച്ചും നിന്നോളങ്ങളോരോന്നും മറികടക്കുന്പോള്‍
ഈ സ്വപ്നങ്ങള്‍ക്ക് സാക്ഷാല്‍കാരമില്ലെന്ന്
വീടിന്‍റെ അവസാന ഉമ്മറപ്പടിയും കടന്ന് യാത്രപറഞ്ഞവര്‍ക്ക്
ഇനിയൊരു തിരിച്ചു വരവില്ലെന്ന്.
ആ സമയം, എണ്ണമറ്റ നേര്‍ത്ത ശബ്ദങ്ങള്‍
നിന്നോടു കരഞ്ഞു പറഞ്ഞു.
ഇല്ല, നീയതു കേട്ടില്ല.
വിടരാനൊരിതള്‍ മാത്രം ബാക്കിവെച്ച്
നീയവരെ പറഞ്ഞയച്ചു,
ഇനിയൊരിക്കലും തിരിച്ചുവരാന്‍
കഴിയാത്തത്രദൂരത്തേക്ക്.
ഇനിയീ വീടുകള്‍ നിശ്ശബ്ദമാണ്
പരിസരപ്രദേശങ്ങളും.
നീ യെഴുതിവെച്ച ചരമഗീതമോതി
ഇനി കാത്തിരിക്കാം നമുക്ക്
തലയുയര്‍ത്തി നില്‍ക്കുന്ന
ഈ മീസാന്‍ കല്ലുകള്‍ക്കു ചാരെ.

Write a comment