Posted on

ഹജ്ജും പെരുന്നാളും

bp1 - Copy

ത്യാഗോജ്ജ്വല ചരിത്രത്തിന്‍റെ വീരഗാഥയുമായി ബലിപെരുന്നാള്‍ ഒരിക്കല്‍ കൂടി നമ്മിലേക്ക് കടന്നു വരുന്നു. പ്രക്ഷുബ്ദതയുടെ തീയുതിരുന്ന തീരങ്ങളിലൂടെ സഞ്ചരിക്കുന്പോഴും തൗഹീദിന്‍റെ അനശ്വര ധ്വജം ആകാശത്തിന്‍റെ ഉച്ചിയില്‍ സ്ഥാപിച്ച് ചരിത്രത്തിന്‍റെ ഏടുകളില്‍ ത്യാഗപ്രയാണത്തിന്‍റെ നേതാവായി എന്നും ലോകം വാഴ്ത്തുന്ന ഇബ്റാഹീം നബിയുടെയും കുടുംബത്തിന്‍റെയും സ്മരണകളാണ്്, ബലിപെരുന്നാള്‍ സുദിനത്തില്‍ മുസ്ലിം ലോകം ആവേശത്തോടെ അയവിറക്കുന്നത്. പുണ്യങ്ങളുടെ പൂത്തിരിയുമായി, അര്‍പ്പണബോധത്തിന്‍റെ സന്ദേശവുമായി നമ്മിലേക്ക് കടന്നുവരുന്ന ബലിപെരുന്നാള്‍ സ്നേഹത്തിന്‍റെയും ശാന്തിയുടെയും എ്യെത്തിന്‍റെയും സന്ദേശമാണ് നല്‍കുന്നത്.
പ്രതിസന്ധിയുടെ കനല്‍കട്ടയില്‍, അജ്ഞതയുടെയും അന്ധകാരത്തിന്‍റെയും സര്‍വ്വത്ര സാമൂഹ്യ തിന്മകളുടെയും വാക്താക്കളും പ്രയോക്താക്കളുമായിരുന്ന, മനുഷ്യരുടെ കരവലങ്ങളിലകപ്പെട്ട ഒരു സമൂഹത്തിലേക്കായിരുന്നു ഖലീലുല്ലാഹിയുടെ പ്രബോധന നിയോഗം. ആ നിയോഗത്തിലൂടെ പില്‍കാലത്ത് ചരിത്ര സ്മാരകമായി മാറിയ ഈ ആഘോഷം മഹാന്‍റെ മാഹാത്മ്യത്തെ വിളിച്ചോതുന്നുണ്ട്.

ഹജ്ജ്: സ്നേഹം വിരിയുന്ന മഹാ സംഗമം
മാനവികൈക്യത്തിന്‍റെയും ത്യാഗബോധത്തിന്‍റെയും മഹാസംഗമത്തിന് സാക്ഷ്യം വഹിക്കുന്ന വിശുദ്ധ ഭൂമിയാണ് മക്ക. ഇവിടെ ലക്ഷക്കണക്കിന് വിശ്വാസികള്‍ ഒന്നായി ചേര്‍ന്ന് ഒരേ ഈണത്തില്‍ ഭക്തി പ്രാവാഹമായി ലയിച്ചു ചേരുന്ന മഹത്തായ ഒരു മന്ത്രമുണ്ട്. ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്… ഏകനാഥനു മുന്നില്‍ ഭക്തി മഹാസമുദ്രം തീര്‍ക്കുന്ന ഈ ധന്യ മുഹൂര്‍ത്തത്തേക്കാള്‍ ഒരു മതത്തിന്‍റെ സ്നേഹ പ്രപഞ്ചം വിളിച്ചറിയിക്കാന്‍ മറ്റെന്തു തെളിവു വേണം.
രാജ്യങ്ങളുടെയും ഭാഷകളുടെയും അതിര്‍ വരന്പുകള്‍ ഭേദിച്ച്, അരുതായ്മകളുടെയും അനൈക്യത്തിന്‍റെയും ഓര്‍മ്മകള്‍ക്കും വര്‍ഗ്ഗവര്‍ണ്ണ ചിന്തകള്‍ക്കും ഹൃദയത്തിന്‍റെ വിശാല ഭൂമിയിലിടം കൊടുക്കാതെ, എല്ലാം സ്മരിച്ച് അല്ലാഹുവിന് മുന്നില്‍ വിനയാന്വിതരായെത്തുന്ന ജനലക്ഷങ്ങളുടെ സംഗമം ഇതൊന്നു മാത്രമാണ്. അവര്‍ക്കെല്ലാം തേടാനുള്ളത് തങ്ങളുടെ വിമോചനത്തിന്‍റെ വഴി മാത്രമാണ്.
വിശുദ്ധ ഹജ്ജ് കര്‍മ്മത്തിലെ സര്‍വ്വ കാര്യങ്ങളും ഇബ്രാഹീമീ കുടുംബത്തിന്‍റെ സ്മരണ പുതുക്കലാണ്. ഉദാഹരണമായി ഹജ്ജിലുള്ള ഒരു ആരാധനയാണ് സഫാമര്‍വകള്‍ക്കിടയിലെ സഅ്യ്. ഇതിന്‍റെ പിന്നില്‍ വലിയൊരു ചരിത്രം തന്നെയുണ്ട്. ഇബ്റാഹീം നബി(അ) തന്‍റെ പത്നിയായ ഹാജറ ബീവിയെ വിജനമായ മക്ക താഴ്വരയിലാക്കി കഥനഭാരത്തോടെ തിരിച്ചു പോന്നു. തന്‍റെ കൈക്കുഞ്ഞായ ഇസ്മാഈലുമായി ആരുമില്ലാത്ത ആ മലഞ്ചെരുവില്‍ സങ്കടത്തോടെ കഴിച്ചു കൂട്ടവെ, തന്‍റെയടുത്തുള്ള വെള്ളവും ഭക്ഷണവുമെല്ലാം തീര്‍ന്നു തുടങ്ങി. ദാഹിച്ചു വലയുന്ന ഇസ്മാഈല്‍ എന്ന ആ പിഞ്ചു ബാലന്‍ കൈകാലിട്ടടിച്ചു കരയുകയാണ്. തന്‍റെ കുഞ്ഞിന്‍റെ തൊണ്ട നനക്കാന്‍ അമ്മിഞ്ഞപ്പാല്‍ പോയിട്ട് ഒരിറക്ക് വെള്ളം പോലും അടുത്തില്ല. കുഞ്ഞിന്‍റെ കരച്ചിലുയര്‍ന്നപ്പോള്‍ ആ മാതൃഹൃദയം ദുഃഖഭാരത്താല്‍ തേങ്ങി. ദാഹമകറ്റാന്‍ ഒരിറ്റു വെള്ളമന്വേഷിച്ച് ആ മാതാവ് അടുത്തുള്ള സഫാമര്‍വ കുന്നുകള്‍ക്കിടയില്‍ ഏഴോളം പ്രാവശ്യം കയറിയിറങ്ങി. പക്ഷേ ഫലം നിരാശ മാത്രമായിരുന്നു. പ്രതീക്ഷയറ്റ മനസ്സും ഓടിത്തളര്‍ന്ന ശരീരവുമായി തന്‍റെ കുഞ്ഞിനടുക്കലേക്ക് തിരിച്ചെത്തിയപ്പോഴേക്കും അവിടെ സംഭവിച്ചത് അത്ഭുതമായിരുന്നു. മഹാത്ഭുതം…! ദാഹിച്ചു കരഞ്ഞു കാലിട്ടടിച്ച തന്‍റെ കുഞ്ഞിന്‍റെ കാലടിയില്‍ നിന്ന് ശുദ്ധ ജലം ഉറവ പൊട്ടി. അതാണ് “സംസം’.
അതിരുകളില്ലാത്ത ജനപ്രവാഹം ഇന്നും ഒരിറ്റു വെള്ളത്തിന്‍റെ ബറകത്തിനായി ആ കിണറിനടുത്തേക്ക് ഒഴുകിക്കൊണ്ടിരിക്കുകയാണ്. ഹജ്ജ് ചെയ്യുന്ന നാം ഈ സഫമര്‍വ കുന്നുകള്‍ക്കിടയില്‍ “സഅ്യ്’ചെയ്യുന്നത് ഹാജറ ബീവിയുടെ ഈ ത്യാഗത്തിന്‍റെ സ്മരണയായിട്ടാണ്. ഈ ചരിത്രം അയവിറക്കാതെ എങ്ങനെയാണ് നമുക്ക് സംസം വെള്ളം കുടിക്കാന്‍ കഴിയുക?
ഹജ്ജിന്‍റെ മറ്റൊരു ഘടകമാണ് ജംറകളില്‍ കല്ലെറിയല്‍. ഇസ്മാഈല്‍ നബി(അ) ഇബ്ലീസിനെ കല്ലെറിഞ്ഞോടിച്ച സ്ഥലമാണിവിടെ. അത് സ്മരിക്കലാണ് ഇവിടെ നാം ചെയ്യുന്നത്. അറഫ സംഗമം പല മഹാന്മാരുടെയും സംഗമം അയവിറക്കലാണ്. ഈ സ്ഥലത്തിന്‍റെ പേരു തന്നെ “കണ്ടു മുട്ടല്‍’ എന്നര്‍ത്ഥം വരുന്ന “അറഫ’ എന്നാവാന്‍ കാരണവും ഇതാണ്. ഇങ്ങനെ ഹജ്ജിന്‍റെ ഏതു ഘടകമെടുത്തു പരിശോധിച്ചാലും അതില്‍ ഈ മഹത്തായ കുടുംബത്തിന്‍റെ സ്മരണകള്‍ നിറഞ്ഞു നില്‍ക്കുന്നതായി കാണാം. മഹാന്മാരെ ബഹുമാനിക്കലും അവര്‍ ചെയ്ത നന്മകള്‍ എടുത്തു പറയലും ശിര്‍ക്കാണെങ്കില്‍ പിന്നെ അവര്‍ ചെയ്തതു പോലെ ചെയ്യല്‍ കടുത്ത ശിര്‍ക്കും വിഡ്ഢിത്തരവുമാവേണ്ടതല്ലേ…?

സ്മരണകളുണര്‍ത്തുന്ന ബലി പെരുന്നാള്‍
അനുസ്മരണമാണ് ബലി പെരുന്നാളിന്‍റെ കാതല്‍. സ്വന്തം പുത്രനെ റബ്ബിന്‍റെ സവിധത്തില്‍ ബലി നല്‍കാന്‍ സന്നദ്ധനായ ഉപ്പയുടെയും അതിനു പരിപൂര്‍ണ്ണമായും വിധേയനായ മകന്‍റേയും അതിനു വേണ്ട എല്ലാ ഒരുക്കങ്ങളും ക്ഷമാ പൂര്‍വ്വം ചെയ്തു കൊടുത്ത ഒരു ഉമ്മയുടെയും ചരിത്രം അയവിറക്കാതെ ഒരിക്കലും നമുക്ക് ബലി പെരുന്നാള്‍ ആഘോഷിക്കാന്‍ സാധ്യമല്ല. സുഖത്തിന്‍റെ പുല്‍മേടുകള്‍ കാത്തിരിക്കാതെ പ്രയാസങ്ങളുടെ ബലിപീഠങ്ങള്‍ അതിജീവിക്കണമെന്നതാണ് ഹജ്ജിന്‍റെയും ബലി പെരുന്നാളിന്‍റെയും സന്ദേശം.
ഇബ്രാഹിം നബിയുടെയും മകന്‍ ഇസ്മാഈല്‍ നബിയുടെയും ത്യാഗം തുടിച്ചു നില്‍ക്കുന്ന ഒരു മഹത്തായ കര്‍മ്മമാണ് ഈ സുദിനത്തിലെ ബലിദാനം. ഇത് നിര്‍ബന്ധമാണോ എന്ന് പോലും പണ്ഡിതന്മാര്‍ക്കിടയില്‍ ചര്‍ച്ചയുണ്ട്. ഏതായാലും ശക്തമായ സുന്നത്താണെന്നതില്‍ ആര്‍ക്കും സംശയമില്ല. “”ബലി മൃഗത്തിന്‍റെ രക്തമോ മാംസമോ അല്ലാഹുവിങ്കലെത്തുന്നില്ല. മറിച്ച് നിങ്ങളുടെ തഖ്വയാണ് നാഥന്‍ പരിഗണിക്കുന്നത്” എന്ന ഖുര്‍ആനിക സന്ദേശത്തില്‍ നിന്ന് ഉളൂഹിയ്യതിന്‍റെ ആത്മീയ വശം നമുക്ക് മനസ്സിലാക്കാം.
വാര്‍ദ്ധക്യത്തിന്‍റെ സായം സന്ധ്യയിലുണ്ടായ ഏക കണ്‍മണിയെ റബ്ബിന്‍റെ സവിധത്തില്‍ ബലി നല്‍കാന്‍ കല്‍പനയുണ്ടായപ്പോള്‍ രണ്ടാമതൊന്നു ചിന്തിക്കാതെ പൂര്‍ണ്ണമായി അല്ലാഹുവിനു വഴിപ്പെടുകയായിരുന്നു ഇബ്റാഹീം നബി. അവരുടെ ഈമാനികാവേശവും എന്തും ബലിയര്‍പ്പിച്ച് സായൂജ്യമടയാനുള്ള ദൃഢവിശ്വാസവുമാണ് ഈ ദിനത്തില്‍ നടത്തുന്ന ബലി കര്‍മ്മത്തിലൂടെ വിശ്വാസികള്‍ പ്രകടമാക്കേണ്ടത്.
തുല്യതയില്ലാത്ത മഹാത്യാഗത്തിനു സാക്ഷ്യം വഹിച്ച ഇബ്റാഹീം നബിയുടെയും, അനുസരണയുടെയും സമര്‍പ്പണത്തിന്‍റെയും പര്യായമായി എന്നും നിഴലിച്ചു നില്‍ക്കുന്ന ഇസ്മാഈല്‍ നബിയുടെയും, അസാധാരണ ക്ഷമയോടെ ജീവിതത്തിന്‍റെ നിഖില മേഖലകളെയും നേരിട്ട മാതൃകാ മഹതി ഹാജറ ബീവിയുടെയും ജീവിതദര്‍ശനങ്ങള്‍ ബലി പെരുന്നാള്‍ സുദിനത്തില്‍ ആധുനിക സമൂഹം അയവിറക്കേണ്ടതുണ്ട്. ജഗനിയന്താവായ അല്ലാഹുവിന്‍റെ കല്‍പ്പനകള്‍ക്ക് വഴിപ്പെടാന്‍ മനുഷ്യന്‍ എപ്പോഴും തയ്യാറായിരിക്കണമെന്ന മഹത്തായ സന്ദേശം കൂടി ഈ കുടുംബജീവിതം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

ആഘോഷങ്ങള്‍ അതിരുവിടുന്പോള്‍
പെരുന്നാള്‍ നമുക്ക് ആഘോഷമാണ്. ആഘോഷത്തിമിര്‍പ്പില്‍ എന്തുമാവാമെന്ന് വിചാരിക്കുന്നവരുണ്ട്. അന്നിത്തിരി അതിരു കടന്നാലും കുഴപ്പമില്ലെന്നാണ് യുവാക്കളുടെ ചിന്ത. എന്നാല്‍ ഓര്‍ക്കുക, ഇബ്റാഹീമീ സരണിയില്‍ അടിയുറച്ചവര്‍ക്ക്, വിശ്വാസത്തെ ഹൃദയത്തില്‍ ജ്വലിപ്പിച്ചവര്‍ക്ക് ഒരിക്കലും അടി തെറ്റാനാവില്ല. വിശ്വാസം ജാഢയായി കൊണ്ടു നടക്കുന്നവരാണ് നില മറന്നു തുള്ളാറുള്ളത്. ദൈവത്തിന്‍റെ വിധി വിലക്കുകളെ മറി കടക്കുന്നവര്‍ക്ക് ശക്തമായ ശിക്ഷകള്‍ വരാനിരിക്കുന്നുണ്ടെന്ന ഖുര്‍ആനിന്‍റെ മുന്നറിയിപ്പ് നാമാരും മറന്നു പോവരുത്.
പെരുന്നാള്‍ സുദിനത്തില്‍ പുണ്യ കര്‍മ്മങ്ങള്‍ക്കാണു പ്രസക്തി. കുടുംബസന്ദര്‍ശനം, സൗഹൃദം പുതുക്കല്‍, ദാനധര്‍മ്മങ്ങള്‍, രോഗസന്ദര്‍ശനം, മറ്റു ധര്‍മ്മവഴിയിലെ പ്രവര്‍ത്തനങ്ങളെല്ലാം ഈ പരിധിയില്‍ പെടുന്നു. ഇതുള്‍ക്കൊള്ളുന്ന ധര്‍മ്മാധിഷ്ഠിതമായ ആഘോഷങ്ങള്‍ മാത്രമേ ഇസ്ലാം അനുവദിക്കുന്നുള്ളൂ.
എന്നാല്‍ പുതിയ കാല പെരുന്നാള്‍ ആഘോഷങ്ങള്‍ നമ്മോടു പലതും പറഞ്ഞു തരുന്നുണ്ട്. സാമ്രാജ്യത്വ സംസ്കാരത്തിന്‍റെ അധിനിവേശത്തിനടിമപ്പെട്ടു നുരഞ്ഞു പൊങ്ങുന്ന കള്ളിന്‍കുപ്പിയിലും പുകഞ്ഞു തീരുന്ന കഞ്ചാവിന്‍ കുറ്റിയിലും ചീഞ്ഞുനാറുന്ന ചുവന്ന തെരുവുകളിലും സുന്ദരമായ ഈ സുദിനം കളഞ്ഞു കുളിക്കാറുണ്ട് നമ്മില്‍ പലരും. പാശ്ചാത്യന്‍ അധിനിവേശത്തിനെതിരെ വിസമ്മതത്തിന്‍റെ മുദ്രാവാക്യവുമായി മുന്നിലിറങ്ങേണ്ട ചോരത്തിമര്‍പ്പുള്ള മുസ്ലിം യുവാക്കള്‍ ഇവ്വിധം മദ്യക്കുപ്പിയില്‍ നുരഞ്ഞു തീരുന്നതു കാണുന്പോള്‍ പറയാതിരിക്കാന്‍ വയ്യ. സാമ്രാജ്യത്വം സാത്താനിസത്തിന്‍റെ അഭിനവമുഖമാണെന്നും കുതന്ത്രങ്ങള്‍ മെനയുന്നതും തിന്മകളിലേക്ക് നയിക്കുന്നതും ഈ പൈശാചികതയാണെന്നും, ആകര്‍ഷകമായ മുഖങ്ങളില്‍ അവ നമ്മെ വശീകരിച്ചെടുക്കാന്‍ ചുറ്റുപാടും കാത്തിരിക്കുന്നുണ്ടന്നുമാണ് ഹജ്ജും പെരുന്നാളും നമ്മെ വിളിച്ചറിയിക്കുന്നത്. സാത്താനിസത്തിനെതിരെയുള്ള ഇസ്മാഈല്‍ നബിയുടെ കല്ലേറില്‍ നാമും പങ്കാളികളാകേണ്ടതുണ്ട്. സന്നദ്ധരാവേണ്ടതുമുണ്ട്. വിസമ്മതത്തിന്‍റെ മുദ്രാവാക്യം പ്രായോഗികമാകുന്നത് ഈ സന്നദ്ധത കൈവരുന്പോഴാണെന്നോര്‍ക്കുക.
മുസ്ലിം സമുദായത്തിന് ഈ ലോകത്തെ ജീവിതം മറ്റൊരു ലോകത്തിന്‍റെ പണിപ്പുരയാണ്. അതു കൊണ്ടു തന്നെ അവന്‍റെ ജീവിതം നന്മയുടെ പാന്ഥാവിലൂടെ ചലിപ്പിച്ചാല്‍ മാത്രമേ യഥാര്‍ത്ഥ ജീവിതത്തില്‍ അതിന്‍റെ ഫലം അനുഭവിക്കാന്‍ കഴിയൂ. അങ്ങിനെയെങ്കില്‍ അവന്‍റെ ചെയ്തികള്‍ കൊണ്ട് അവന്‍ കൃതാര്‍ത്ഥനും ധന്യനുമായി. മറിച്ചാണെങ്കില്‍ നിരാശനും നിന്ദ്യനുമായിരിക്കും.
ഖുര്‍ആനില്‍ പ്രതിപാദിച്ച ഉത്തമസമൂഹമായി ജീവിക്കേണ്ടവര്‍ പുണ്യമേറിയ ഇത്തരം ആഘോഷദിനങ്ങളില്‍ ബാര്‍ അറ്റാച്ച്ഡ് ഹോട്ടലുകളിലും സിനിമാ തിയ്യേറ്ററുകളിലും കുടുംബസമേതം ചെലവഴിക്കുക വഴി ഇസ്ലാമി ആദര്‍ശങ്ങളുടെ സുന്ദര മുഖത്താണു കരി വാരിത്തേക്കുന്നത്. എല്ലാ അസാന്മാര്‍ഗ്ഗിക പ്രവണതകളും ചെയ്ത് കൂട്ടാനുള്ള അസുലഭ മുഹൂര്‍ത്തമായാണ് പെരുന്നാള്‍ ദിനങ്ങളെ ആധുനികസമൂഹം കണക്കാക്കുന്നതെങ്കില്‍ സമൂഹമേ…നിങ്ങള്‍ ഖുര്‍ആനിന്‍റെ വിളിയാളം കേള്‍ക്കുന്നില്ലേ…? “”സത്യവിശ്വാസികളേ… നിങ്ങള്‍ അല്ലാഹുവിനെ ഭയക്കുക. എങ്കില്‍ നിങ്ങള്‍ക്ക് വിജയം വരിക്കാം”.
ആഘോഷങ്ങളിലൂടെ തങ്ങളെ സൃഷ്ടിച്ച നാഥനിലേക്ക് അടുക്കാന്‍ ശ്രമിക്കേണ്ട മുസ്ലിംകള്‍ അതില്‍ നിന്ന് പാടേ വ്യതിചലിക്കുന്ന ചുറ്റുപാടാണ് നാം കണ്ടു കൊണ്ടിരിക്കുന്നത്. ആഘോഷങ്ങളുടെ മറവില്‍ ചെയ്തു കൂട്ടുന്ന ആഭാസകരമായ പ്രവര്‍ത്തനങ്ങള്‍ കാരണം നാം അല്ലാഹുവിന്‍റെ കോപത്തിനു പാത്രീഭൂതരാകുമെന്നതില്‍ സന്ദേഹമില്ല. മദ്യത്തിന്‍റെയും മറ്റു ലഹരികളുടെയും ഉപയോഗം മനസ്സുകളെ നിര്‍ജീവമാക്കി മൃഗതുല്യമാക്കുന്നു. ഇതു കൊണ്ടു തന്നെയാണ് ഏതു നെറികേടിനും കൂട്ടു നില്‍ക്കാന്‍ മടിയില്ലാത്തവനായി ഉപഭോക്താവ് മാറുന്നതും. മനുഷ്യത്വമെന്ന പരിപാവന മൂല്യത്തെ അറവുശാലയിലേക്കു കൊണ്ടു പോകുന്ന ഈ ലഹരി വിപത്ത് തന്നെയാണ് കുടുംബവഴക്ക്, പരസ്പര വൈരാഗ്യം, ധനാപചയം, കൊലപാതകം തുടങ്ങിയ സര്‍വത്ര തിന്മകളുടെയും യഥാര്‍ത്ഥ വില്ലന്‍.
ലഹരി പൂക്കുന്ന താഴ്വരകളായി മാറിക്കൊണ്ടിരിക്കുന്ന കേരളീയ സാഹചര്യത്തില്‍ മയങ്ങിക്കിടക്കുന്ന മലയാളി യൗവ്വനവും കള്ളു കുടിച്ചു പാന്പിനെ പോലെ ഇഴയുന്ന വൃദ്ധരും പേടിപ്പെടുത്തുന്ന കാഴ്ചകളാണിന്ന്. ലഹരി വസ്തുക്കള്‍ മാനവികതയുടെ മുന്നിലെ ഏറ്റവും വലിയ വെല്ലുവിളിയും തീരാശാപവുമായി മാറിയിട്ടും അധികാരി വര്‍ഗ്ഗങ്ങളും ഗവണ്‍മെന്‍റുകളും വേണ്ട നടപടികളൊന്നുമെടുക്കാതെ അധഃപതനത്തിന്‍റെ വഴിയിലേക്ക് കൂടുതല്‍ കേരളീയരെ റിക്രൂട്ട്മെന്‍റ് ചെയ്യുകയാണ്. പക്ഷേ പെരുന്നാള്‍ പോലുള്ള ആഘോഷദിനങ്ങളിലും മറ്റും നാം മുസ്ലിംകള്‍ തന്നെ ഈ വേണ്ടാത്തരങ്ങള്‍ക്കു സാക്ഷ്യം വഹിക്കുന്പോള്‍ ഓര്‍ക്കുക… എല്ലാം കാണുന്ന ഒരുത്തന്‍ മുകളിലുണ്ടെന്ന്. പിശാചിനെതിരെയുള്ള പോരാട്ടത്തില്‍ ഈ പെരുന്നാള്‍ ചിന്തകള്‍ വഴികാട്ടട്ടെയെന്ന് നമുക്കു പ്രാര്‍ത്ഥിക്കാം.
ഇബ്രാഹീം നബിയുടെയും കുടുംബത്തിന്‍റെയും ചരിത്രം ആദര്‍ശബോധത്തിന്‍റെതാണ്. ആശയദാര്‍ഢ്യതയുടേതും ഇലാഹീ സമര്‍പ്പണത്തിന്‍റേതുമാണ്. ആ ജീവിതങ്ങളെല്ലാം അല്ലാഹുവിന്‍റെ നിര്‍ദ്ദേശാനുസരണമായിരുന്നു. പരീക്ഷണങ്ങളിലൂടെ ത്യാഗത്തിന്‍റെ അധ്യായങ്ങളെന്പാടും അവര്‍ രചിച്ചു തീര്‍ത്തു. സത്യത്തിന്‍റെ പാതയില്‍ ആരേയും നോവിക്കാതെ അവര്‍ മുന്നേറി.
ഒരു പിതാവും പുത്രനും മാതാവും…
ആദര്‍ശത്തിന്‍റെ പാതയില്‍ അടിയുറച്ചു നിന്ന ത്യാഗികള്‍…
വിശ്വാസം ആവേശമാക്കി മാറ്റിയ വിശുദ്ധ കുടുംബം…
നമുക്ക് ഓര്‍മ്മിക്കാം… സ്മരിക്കാം…
ഈ ആഘോഷ വേളകളില്‍…
നമുക്ക് അതിജീവിക്കാം… പ്രയാസങ്ങളുടെ ബലിപീഢങ്ങള്‍…
നമുക്ക് തിരിഞ്ഞു നടക്കാം… സുഖത്തിന്‍റെ പുല്‍മേടുകളില്‍ നിന്ന്…
മനുഷ്യാ… നീ അറിയുക, ഇത് ഈദുല്‍ അള്ഹായുടെ സന്ദേശമാണ്.

Write a comment