Posted on

അകലും മുന്പ്

Story Shabdam copy

സൂര്യന്‍ തല ഉയര്‍ത്തിത്തുടങ്ങി. സൂര്യനെ കണ്ട് പേടിച്ചായിരിക്കണം, ചന്ദ്രനെവിടെയോ ഓടിയൊളിച്ചു. സൂര്യന്‍ നെയ്തുവിട്ട തൂവെള്ള രേഖകള്‍ ഫ്ളാറ്റുകള്‍ക്കിടയിലൂടെ നുഴഞ്ഞിറങ്ങി. അവ ഫ്ളക്സ് ബോര്‍ഡുകളില്‍ തട്ടി ചിന്നിച്ചിതറി. പുതപ്പുകള്‍ നീക്കി ഭിക്ഷാടന പക്ഷികള്‍ കൂടുവിട്ടിറങ്ങി. ഇടതടവില്ലാതെ ചക്രങ്ങള്‍ ഒഴുകിത്തുടങ്ങി. ഘട്ടംഘട്ടമായി തിരക്കുകകള്‍ വര്‍ദ്ധിച്ച് കൊണ്ടിരുന്നു. അതിവേഗ പാതയില്‍ ജനസമുദ്രം നിറഞ്ഞു. നിശ്ശബ്ദതക്ക് വരന്പിട്ട് ചക്രങ്ങളില്‍ നിന്ന് ഒച്ചപ്പാടുകള്‍ അന്തരീക്ഷം കയ്യടക്കി. ശബ്ദത്തോടുള്ള മത്സരത്തില്‍ പൊടിപടലങ്ങള്‍ പങ്ക്് ചേര്‍ന്നു. കൂലിപ്പണിക്ക് ആയുധമെടുത്തിറങ്ങിയ തമിഴ് അണ്ണന്‍മാരുടെ കലപിലയും കീഴുദ്യോഗസ്ഥനെ ശകാരിക്കുന്ന മേലുദ്യോഗസ്ഥന്‍റെ ടൈ കെട്ടിയ വാക്കുകളും സന്ധിയിലേര്‍പ്പെടാതെ അന്തരീക്ഷത്തില്‍ തങ്ങിനിന്നു.
നഗരത്തിലെ ക്ലോക്ക് ടവറില്‍ നിന്നും മണി പത്ത് മുഴങ്ങി. അയാള്‍ ഗ്ലാസ് ഡോര്‍ തള്ളിത്തുറന്ന് അകത്ത് കടന്നു. കന്പ്യൂട്ടറിന് മുന്പിലും അല്ലാതെയുമായി വിവിധ ജോലികളിലേര്‍പെട്ടിരിക്കുന്നവര്‍ അദ്ദേഹത്തിന് മോണിങ് പറഞ്ഞു. ഓഫീസിലെ ശീതീകരണ യന്ത്രം പ്രവര്‍ത്തനമാരംഭിച്ചു. മേശപ്പുറത്ത് വീണ് കിടക്കുന്ന നെയിംബോഡ് ശരിയാക്കിവെച്ച് അയാള്‍ കസേരയിലമര്‍ന്നിരിന്നു.”ഡോ.കെ.എം കുഞ്ഞൂഞ്ഞ്, ദ ചീഫ് എഡിറ്റര്‍ ഓഫ് സല്ലാപം വീക്ക്ലി’ വടിവൊത്ത വെളുത്ത അക്ഷരങ്ങള്‍ കറുത്ത ബോര്‍ഡില്‍ കിടന്ന് അദ്ദേഹത്തിന് കൃതജ്ഞത രേഖപ്പെടുത്തി. സ്യൂട്ട്കേസ് തുറന്ന് ഫയലുകളോരോന്ന് എടുത്ത് മേശപ്പുറത്ത് വെച്ചതേയുള്ളൂ. ഫോണ്‍ അലറിക്കരഞ്ഞു.
“”ഹലോ.. സല്ലാപം വീക്ക്ലി.”
“”കുഞ്ഞൂഞ്ഞ് സാറല്ലേ…”
“”യെസ്”
“”ആര്‍.കെ.സിയുടെ നന്പറൊന്ന് തരുമോ”
“”അത്… നിങ്ങള്‍ പിന്നെ വിളിക്കൂ…”
“”അഡ്രസെങ്കിലും മതി.”
“”നിങ്ങള്‍ പിന്നെ വിളിക്കൂ… ഞാനല്‍പം തിരക്കിലാണ്.”
കൂഞ്ഞൂഞ്ഞ് റസീവര്‍ ക്രാഡിലെറിഞ്ഞു. ഇരു കൈകളും തലയിലമര്‍ത്തി.
“”ആര്‍.കെ.സി… ആര്‍.കെ.സി… ഹോ…” അയാള്‍ പിറുപിറുത്തു.
“സല്ലാപം’ വീക്ക്ലിയില്‍ നോവലെഴുതുന്നയാളാണ് ആര്‍.കെ.സി. അദ്ദേഹത്തിന്‍റെ കഥകളും നോവലുകളും വായനക്കാരുടെ ഹൃദയം കവരുന്നതായിരുന്നു. “വിരഹത്തിന്‍റെ തീക്കാറ്റുകള്‍’, “അഭിലാഷങ്ങള്‍’ എന്നീ നോവലുകള്‍ വായനക്കാരില്‍ മാറ്റങ്ങള്‍ക്ക് വഴി തിരിച്ചവയാണ്. ഒരു പക്ഷെ ഈ നോവലുകളായിരിക്കണം “സല്ലാപ’ത്തിന്‍റെ സര്‍ക്കുലേഷന്‍ വര്‍ധിപ്പിച്ചത്. പക്ഷെ, ആര്‍.കെ.സി?
അതൊരജ്ഞാത നാമം മാത്രം! അതിനു അഡ്രസില്ല. ഫോണ്‍ നന്പറില്ല. ആരും ആര്‍.കെ.സിയെ കണ്ടിട്ടുമില്ല. സമയാസമയങ്ങളില്‍ പ്രത്യക്ഷ്യപ്പെടുന്ന കൈയെഴുത്ത് പ്രതികള്‍ ഫ്രം അഡ്രസില്ലാത്തവയായിരിക്കും. അറിയപ്പെട്ട പല നഗരങ്ങളുടെയും പോസ്റ്റല്‍ സീലുകളായിരുന്നു അതിലെല്ലാം പതിഞ്ഞിരുന്നത്.
കുഞ്ഞൂഞ്ഞിന്‍റെ മനസ്സ് പിറകോട്ട് സഞ്ചരിച്ചു. ഏകദേശം രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്പൊരു ചൊവ്വാഴ്ച വീട്ടിലേക്ക് പോവാന്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്യുന്പോഴാണ് സീറ്റിലിരിക്കുന്ന ഒരു കെട്ട് പേപ്പറുകള്‍ കണ്ടത്. “വിരഹത്തിന്‍റെ തീക്കാറ്റുകള്‍’. ആര്‍.കെ.സിയുടെ ആദ്യ നോവല്‍! ആര്‍.കെ.സി എന്നല്ലാതെ അഡ്രസൊന്നും കണ്ടില്ല. പ്രസ്തുത നോവലാണ് വായനക്കാര്‍ക്ക് “സല്ലാപ’ത്തെ പരിചയപ്പെടുത്തിയത്. അന്ന് തുടങ്ങിയതാണീ വിളികള്‍, കത്തുകള്‍, ഇ മെയ്ലുകള്‍…
നോവലവസാനിച്ചതും പ്രതികരണങ്ങളൊഴുകി. ആര്‍.കെ.സിയുടെ നോവലിനുവേണ്ടി ദാഹിക്കുന്നവര്‍; ഒരുപറ്റം നോവല്‍ പണ്ടാറങ്ങള്‍. രണ്ടുമാസം സ്വൈരക്കേടിന്‍റെ നാളുകളായിരുന്നു. ഇടതടവില്ലാതെ കരയുന്ന ഫോണ്‍ എടുത്തെറിയാന്‍ തോന്നി. വായനക്കാരുടെ ശല്യങ്ങളില്‍ നിന്നാണ് ആര്‍.കെ.സിയെ കണ്ടെത്താന്‍ മാനേജ്മെന്‍റ് തീരുമാനിച്ചത്. അന്നത്തെ മീറ്റിംഗും കഴിഞ്ഞ് പുറത്തിറങ്ങുന്പോഴാണ് കാറിന്‍റെ ബോണറ്റില്‍ ഒരു കിറ്റ് കണ്ടത്. തുറന്ന് നോക്കിയപ്പോള്‍ സന്തോഷത്തിനതിരില്ലായിരുന്നു. “അഭിലാഷങ്ങള്‍’ ആര്‍.കെ.സിയുടെ നോവല്‍. അതിലാണിപ്പോള്‍ നിലനില്‍ക്കുന്നത്. അതും അന്ത്യത്തിലേക്ക് കുതിക്കുകയാണ്.
കുഞ്ഞൂഞ്ഞ് അടുത്ത ലക്കത്തിലേക്ക് എഴുതിത്തീര്‍ന്ന കവര്‍സ്റ്റോറിയുടെ മിനുക്ക് പണി തുടങ്ങി. ചില വെട്ടിത്തിരുത്തലുകളിലുണ്ടായ ആശയക്കുഴപ്പം മൂര്‍ദ്ധന്യ ദശയിലെത്തി നില്‍ക്കെ ഫോണ്‍ റിംഗ് ചെയ്തു. സകല ദ്യേവും ഫോണില്‍ തീര്‍ക്കാനായി റസീവര്‍ ചെവിക്കുറപ്പിച്ചു. ഒരൊറ്റ നിമിഷം! വലിഞ്ഞ് മുറുകിയ മുഖം പെട്ടെന്നയെഞ്ഞു. മറുതലക്കല്‍ അമ്മാവനാണ്. അല്‍പനേരത്തെ സംഭാഷണത്തിനൊടുവില്‍ ഫോണ്‍ കട്ടായി. ഞായറാഴ്ച അമ്മാവന്‍റെ മോളുടെ കല്ല്യാണമാണ്.
“”രണ്ടു ദിവസം അതിനും ലീവെടുക്കേണ്ടി വരും”. കുഞ്ഞൂഞ്ഞ് പിറുപിറുത്തു.
റെയില്‍വേ സ്റ്റേഷനില്‍ തിരക്ക് പതിവിലും കുറവായിരുന്നു. നിരനിരയായിരിക്കുന്ന മനുഷ്യ പ്രതിമകള്‍. ഓടി നടക്കുന്ന ചുമട്ടു തൊഴിലാളികള്‍. മാടിവിളിക്കുന്ന കച്ചവടക്കാര്‍…
“”യാത്രക്കാരുടെ ശ്രദ്ധക്ക്…” അനൗണ്‍സ്മെന്‍റ് മുഴങ്ങി. ദൂരെ നിന്നും നീണ്ട ഹോണടി കേട്ടു. ഒരു ചുവന്ന ലൈറ്റു മിന്നി. പ്രതിമകള്‍ക്ക് ജീവന്‍ വെച്ചു. പെരുന്പാന്പിനെ പോലെ തീവണ്ടി ഇഴഞ്ഞ് വന്നു. ചുമട്ട് തൊഴിലാളികള്‍ ജാഗരൂഗരായി.
റിസര്‍വ്വേഷന്‍ പൂര്‍ത്തിയായതിനാല്‍ കൂഞ്ഞൂഞ്ഞിന് ജനറല്‍ കന്പാര്‍ട്ടുമെന്‍റിലേക്കുള്ള ടിക്കറ്റെടുക്കേണ്ടി വന്നു. സീറ്റിനരിക് ചേര്‍ന്നിരുന്നയാള്‍ കണ്ണുകള്‍ പുറത്തേക്കിട്ടു.
ഇടക്കെപ്പഴോ ഒരു യാചകന്‍ താനിരിക്കുന്ന കന്പാര്‍ട്ടുമെന്‍റിനു നേരെ വന്നു. ശേഷം കുഞ്ഞൂഞ്ഞിന് മറുതലക്കല്‍ സീറ്റുറപ്പിച്ചു. ജടപിടിച്ച താടിയും മുടിയും കാറ്റില്‍ പാറിക്കളിച്ചു. എന്തോ കണ്ട് പേടിച്ചവരെപ്പോലെ വിളറിയിട്ടുണ്ട് അയാളുടെ മുഖം. ചുകന്ന് കുഴിഞ്ഞ ആ കണ്ണുകളില്‍ യാചനയുടെ നിഴല്‍പ്പാട്. അയാള്‍ കയ്യിലെ തൂക്കുപാത്രം തുറന്ന് എന്തോ തിരയുന്നു. ഇടക്കിടക്ക് ഭാണ്ഡം അഴിച്ച് നോക്കും. പിന്നെ കൂട്ടിക്കെട്ടും. കുഞ്ഞൂഞ്ഞ് അയാളെ അയാളുടെ പാട്ടിന് വിട്ട് പുറം കാഴ്ചകളില്‍ ലയിച്ചു. വയലേലകളെ, തേയിലത്തോട്ടങ്ങളെ, ഗ്രാമങ്ങളെ, നദികളെ വകഞ്ഞ് മാറ്റി തീവണ്ടി കുതിച്ച് കൊണ്ടിരുന്നു.
“”യാചകര്‍ അക്കൗണ്ട് രേഖപ്പെടുത്തുന്ന കാലമേ..” പിറകില്‍ നിന്നാരോയടിച്ച കമന്‍റുകേട്ട് കുഞ്ഞൂഞ്ഞ് തിരിഞ്ഞ് നോക്കി. യാചകന്‍ ഒരു കടലാസില്‍ എന്തെക്കെയോ കുത്തിക്കുറിക്കുന്നു. യാതൊരു ഭാവ വ്യത്യാസവും അയാളില്‍ കണ്ടില്ല. കുഞ്ഞൂഞ്ഞ് പുറംകാഴ്ചകളില്‍ തന്നെ മുഴുകി.
തീവണ്ടി ഒരു നദിക്ക് കുറുകെയുള്ള പാലത്തിലൂടെ ഓടികൊണ്ടിരിക്കുകയായിരുന്നു. തോളിലൊരു സ്പര്‍ശനമേറ്റതും കുഞ്ഞൂഞ്ഞ് തിരിഞ്ഞ് നോക്കി. ആ യാചകന്‍! അയാള്‍ കൈ നീട്ടിപ്പിടിച്ചിരിക്കുന്നു.
“”സേര്‍, വെശന്ന്ട്ടെയ്യ… എന്തെങ്കിലുണ്ടെങ്കി….”
“”ന്‍റെ കയ്യിലൊന്നൂല്ല” കുഞ്ഞൂഞ്ഞ് പ്രതിവചിച്ചു.
“”കാശായാലുമ്മതി..സേര്‍…അട്ത്ത സ്റ്റേഷനീന്ന് വാങ്ങിക്കയ്ച്ചോളാം”
“”ചില്ലറൊന്നൂല്ല്യ” കുഞ്ഞൂഞ്ഞ് മുഖം തിരിച്ചു. യാചകന്‍ അല്‍പനേരം കൂടി നിന്നു. പിന്നെ പിന്‍വാങ്ങി.
എവിടെയോ ചുവപ്പു കത്തി. വണ്ടിയുടെ വേഗത കുറഞ്ഞു. പതുക്കെ, പതുക്കെ വണ്ടി ഒരു മലഞ്ചെരുവില്‍ നിന്നു. സ്റ്റേഷനെന്ന് പറയാന്‍ വയ്യ! ഒരു ബസ് ഷെഡ് പോലെ. കുറച്ച് പേര്‍ വണ്ടിയില്‍ കയറി. അവര്‍ പലയിടങ്ങളിലായി സീറ്റുറപ്പിച്ചു. യാചകന്‍ എണീറ്റു. പിന്നോട്ടൊന്നു തിരിഞ്ഞ് നോക്കി. കുഞ്ഞൂഞ്ഞ് പുറം കാഴ്ചയിലാണ്.
പെട്ടെന്ന്,
യാചകന്‍ കുഞ്ഞൂഞ്ഞിന്‍റെ സ്യൂട്ട്കേസെടുത്ത് പുറത്ത് ചാടി. കുഞ്ഞൂഞ്ഞ് സ്തബ്ധനായി.
“തന്‍റെ പാസ്പോര്‍ട്ട്… ഫയലുകള്‍… പണം’ പിന്നെ ചിന്തിച്ചില്ല കുഞ്ഞൂഞ്ഞും പുറത്ത് ചാടി.
“ങേ’
അവിടെയൊന്നും യാചകനെ കണ്ടില്ല. വണ്ടിയിറങ്ങിയ ചിലയാളുകള്‍ അവരുടെ ലഗേജുമായി നടന്നകലുന്നു. കുറച്ചപ്പുറത്ത് ഒരു ചായക്കട കണ്ടു. കുഞ്ഞൂഞ്ഞ് അങ്ങോട്ട് നടന്നു. അവിടെയൊന്നും യാചകനില്ല. പച്ച ലൈറ്റ് മിന്നി. തീവണ്ടി ചലിക്കാന്‍ തുടങ്ങി. കുഞ്ഞൂഞ്ഞിന്‍റെ ഹൃദയമിടിപ്പ് വര്‍ദ്ധിച്ചു. കുറച്ചപ്പുറത്ത് ഒരു കറുപ്പ് കണ്ടു. കുഞ്ഞൂഞ്ഞ് ഓടിച്ചെന്നു. ഹാ…തന്‍റെ സ്യൂട്ട്കേസ്! പാതി പൊളിഞ്ഞിരിക്കുന്നു. തൊട്ടടുത്ത് ഒരു കുറിപ്പും.
“പ്രിയപ്പെട്ട “സല്ലാപം’ എഡിറ്റര്‍,
വിഷമിക്കരുത്. വിശന്നിട്ടാണ്. ഞാന്‍ നൂറു രൂപയേ എടുത്തിട്ടുള്ളൂ. എടുത്തത് തെറ്റാണെന്ന് തോന്നുന്നില്ല. ക്ഷമിക്കുക. മറുമാര്‍ഗ്ഗമില്ലാഞ്ഞിട്ടാ. അല്ലെങ്കിലും ഞങ്ങളുടെ വയര്‍ മറ്റുള്ളവരുടെ കൈകളിലാണല്ലോ.
ആര്‍.കെ.സി’
“”ആര്‍.കെ.സി !?” കുഞ്ഞൂഞ്ഞ് സ്തബ്ധനായി. ഭൂമിയൊന്ന് കറങ്ങിയോ, മരങ്ങള്‍ ആടിയുലഞ്ഞത് പോലെ. തീവണ്ടിക്ക് സ്പീഡ് വര്‍ദ്ധിച്ചു. അയാള്‍ നോക്കിനില്‍ക്കെ അവസാന ബോഗിയും കടന്ന് പോയി. അതില്‍ നിന്നും ഒരു കൈ അയാള്‍ക്ക് നേരെ വീശുന്നുണ്ടായിരുന്നു.

Write a comment