Posted on

ജീലാനി(റ): ജീവിതവും ദര്‍ശനവും

Jeelaniവിശ്വപ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ സത്യപ്രബോധന പരിവര്‍ത്തനത്തിലൂടെ ഈമാനിന്‍റെ പ്രകാശം കത്തിജ്വലിച്ച ലോകത്ത് അതിന്‍റെ ശോഭയറ്റു തുടങ്ങുന്പോഴാണ് നിയന്ത്രണമയഞ്ഞു കൊണ്ടിരിക്കുന്ന ഇസ്ലാമിന്‍റെ അമരത്തു നില്‍ക്കാന്‍ അല്ലഹു പുതിയൊരു സുല്‍ത്താനെ ഈലോകത്തേക്ക് അയക്കുന്നത്. സത്യത്തിന്‍റെ പ്രകാശം മങ്ങി തിന്മയുടെ മുള പൊന്തുന്നേടത്തെല്ലാം അല്ലാഹു തന്‍റെ ദീനിന്‍റെ ജ്വാല ആളിക്കത്തിക്കാന്‍ വലിയ്യുമാരെയും പണ്ഢിതന്മാരെയും അയക്കാറുണ്ട്. ഹിജ്റ 400കളില്‍ ജാഹിലിയ്യാ കാലഘട്ടത്തിന്‍റെ അവസ്ഥകളും സാഹചര്യങ്ങളും വന്നു തുടങ്ങുന്പോള്‍ ജാഹിലിയ്യത്തിന്‍റെ മുളക്കുന്ന വിത്തുകളെ പറിച്ച് ലോകത്ത് നന്മയുടെ കൃഷിയിടമാക്കാനുള്ള ദൗത്യമേല്‍പിച്ച് ലോകത്ത് അയച്ച ദൂതനാണ് ഇന്നും മുസ്ലിം മനസ്സുകളില്‍ നിറഞ്ഞുനില്‍ക്കുന്ന ശൈഖ് ജീലാനി തങ്ങള്‍. അദ്ദേഹത്തന്‍റെ സംഭാവനകളും സമര്‍പ്പണങ്ങളും ഇന്നും മുസ്ലിം ജനമനസ്സുകളില്‍ ഈമാന്‍റെ പ്രഭ പരത്തിക്കൊണ്ടിരിക്കുന്നു. ആധുനികത മനുഷ്യരെ തിരക്കുപിടിപ്പിക്കുന്നെങ്കിലും അദ്ദേഹത്തിനു വേണ്ടി തന്‍റെ സമയം നീക്കാന്‍ ഏതൊരു യഥാര്‍ത്ഥ സത്യവിശ്വാസിയും സന്നദ്ധനായിരിക്കുമെന്ന് തീര്‍ച്ചയാണ്. അത്രത്തോളം മഹത്വവും പ്രാധാന്യവുമുള്ള വ്യക്തിത്വമാണദ്ദേഹം. ഒരു കാലഘട്ടത്തിലെ ആത്മീയ ലോകത്തിന്‍റെ അല്ലാഹു നിയമിച്ച ഭരണകര്‍ത്താവാണദ്ദേഹം. ഭൗതികാധികാരത്തിന്‍റെ പിന്‍ബലത്തില്‍ ഭരണം നടത്തുന്ന അധിപന്മാര്‍ ജനജഡങ്ങളെ ഭരിക്കുന്പോള്‍ ആത്മീയ ലോകത്തെ സുല്‍ത്താനായിരുന്ന ശൈഖ് ജീലാനി ജനമനസ്സുകളെയായിരുന്നു ഭരിച്ചിരുന്നത്. അദ്ദേഹത്തിന്‍റെ സംസാരങ്ങള്‍ ചെവികളോടായിരുന്നില്ല. മനസ്സുകളോടായിരുന്നു. അതുകൊണ്ടു തന്നെ തന്‍റെ നന്മയുടെയും സത്യത്തിന്‍റെയും വാക്കുകളും പ്രവര്‍ത്തനങ്ങളും ജനമനസ്സുകളെ കീഴടക്കിയിരുന്നു. അതിലൂടെ, നിര്‍ജ്ജീവമായിക്കൊണ്ടിരുന്ന ഇസ്ലാമിനെ സജീവമാക്കുകയും അസാന്മാര്‍ഗികതയുടെയും അന്ധവിശ്വാസത്തിന്‍റെയും അകത്തളങ്ങളില്‍ ജീവിച്ചവര്‍ക്ക് സത്യത്തിന്‍റെ വെളിച്ചം വീശി നന്മയുടെ ലോകത്തേക്ക് നയിച്ച് മുഹ്യിദ്ദീന്‍ എന്ന പേരിന് അര്‍ഹനാകുകയും ചെയ്തു. ശൈഖ് ജീലാനിയുടെ ജീവിതവും സന്ദേശവും സത്യവിശ്വാസികള്‍ക്ക് പാഠമാകേണ്ടതുണ്ട്. ഈ ലോകത്ത് സന്പത്തിന്‍റെയും അധികാരത്തിന്‍റെയും പിന്‍ബലത്തില്‍ വന്‍ രമ്യഹര്‍മങ്ങളും, സുഖാസ്വാദനത്തിനുള്ള കോട്ടകൊത്തളങ്ങളും നിര്‍മിക്കുന്ന ആധുനിക ജനത ശൈഖ് ജീലാനിയിലൂടെ ജീവിത്തിന്‍റെ എല്ലാവശവും അറിയേണ്ടതുണ്ട്.
മുസ്ലിം ലോകത്ത് ദീനീ പ്രകാശം കെടാതെ ആത്മീയലോകത്തെ ഗുരുവര്യനായ ശൈഖ് ജീലാനി ഹിജ്റ 470 ല്‍ ത്വബ്റാനിനടുത്തുള്ള ജീലാന്‍ എന്ന പ്രദേശത്താണ് ജനിച്ചത്. അബൂസ്വാലിഹ്ഫാത്വിമ ദന്പതികളുടെ മകനായ ശൈഖ് ജീലാനിയുടെ ജനനം ഒരു യാദൃശ്ചികമായ ജനനമായിരുന്നില്ല. ശൈഖവര്‍കള്‍ ജനിക്കുന്നതിന്‍റെ ഏകദേശം ഒരു നൂറ്റാണ്ടു മുന്പ് തന്നെ ലോകത്തെ നിരവധി പ്രവചന ദീര്‍ഘദാര്‍ശനികര്‍ മഹാനവര്‍കളുടെ വരവും അദ്ദേഹത്തിന്‍റെ മാഹാത്മ്യവും പ്രവചിച്ചിരുന്നു. ചെറുപ്പം മുതല്‍ തന്നെ നന്മയുടെ ചിറകിന്‍ കീഴെ മഹാനവര്‍കള്‍ വളര്‍ന്നു. ജീവിതത്തിന്‍റെ ഓരോ ഘട്ടം കടക്കുന്പോഴും ആത്മീയ ലോകത്തിന്‍റെ രാജപാതയിലേക്ക് ശൈഖവര്‍കള്‍ സഞ്ചരിച്ചു കൊണ്ടേയിരുന്നു. കാലത്തിന്‍റെ ജീര്‍ണതകളും വിള്ളലുകളും അദ്ദേഹത്തിന്‍റെ ആത്മീയതെയെയോ ജീവിതശൈലിയെയോ ബാധിച്ചതേയില്ല.
വൈജ്ഞാനികം
ചെറുപ്പം മുതല്‍ തന്നെ ആത്മീയ ചൈതന്യത്തിന്‍റെ നിറവില്‍ ഔന്നിത്യത്തിന്‍റെ അഗാത തലങ്ങളിലേക്ക് ഉയര്‍ന്നു കൊണ്ടിരുന്ന ജീലാനി ഇസ്ലാമിക അനുഷ്ഠാന ക്രിയകളുടെയും വിശ്വാസ സംഹിതകളുടെയുമെല്ലാം പ്രാഥമിക പഠനശേഷം അല്ലാഹുവിന്‍റെ മഹത്തായ വചന തീരത്തെ വിജ്ഞാന സമുദ്രത്തിലെ മണിമുത്തുകള്‍ കരസ്ഥമാക്കാനുള്ള ദിശയിലേക്ക് ജീവിതത്തെ തിരിച്ചു. മറ്റെല്ലാ ജോലികളും പഠനങ്ങളും മാറ്റിവെച്ച് ഖുര്‍ആനിക വിജ്ഞാനത്തിന് പ്രാമുഖ്യം നല്‍കുകയായിരുന്നുവദ്ദേഹം. കുറഞ്ഞകാലം കൊണ്ടുതന്നെ കുറഞകാലം കൊണ്ട് തന്നെ അദ്ദേഹം അല്ലാഹുവിന്‍റെ തിരുവചനങ്ങളിലെ വിജ്ഞാന സാഗരത്തിന്‍റെ ആഴികളിലൂടെ അന്വേഷിച്ചിറങ്ങി അഗാതമായ വിജ്ഞാനങ്ങള്‍ നേടിയെടുത്ത് തന്‍റെ വൈജ്ഞാനിക മണ്ഡലവും ആത്മീയ സരണിയും സജീവമാക്കി. 18 വയസ്സായപ്പോള്‍ ഉപരിപഠനത്തിനു വേണ്ടി ബാഗ്ദാദിലേക്ക് വഴിതിരിച്ച ശൈഖ് അബൂസഅ്ദുല്‍ മുഖര്‍റമിയ്യ്, ഇബ്നു അഖീല്‍, അബുല്‍ ഖത്വാബ്, അബുല്‍ ഹസനുല്‍ ഫര്‍റാഗ് എന്നീ മഹാ പണ്ഢിതരില്‍ നിന്ന് കര്‍മശാസ്ത്രവും അതിന്‍റെ അടിസ്ഥാന ശാസ്ത്രവം പഠിച്ച് ഇസ്ലാമിക കര്‍മ വിധിവിലക്കുകളില്‍ അഗാധ പാണ്ഢിത്യത്തിനുടമയായ അദ്ദേഹത്തിന് പ്രസിദ്ധിയും പ്രശസ്തിയും കൈ വന്നു. അതോടൊപ്പം തന്നെ സാഹിത്യത്തിന്‍റെ വിവിധ തലങ്ങളും അദ്ദേഹം സ്വായത്തമാക്കിയിരുന്നു. അക്കാലത്തു തന്നെ നിരവധി മുഹദ്ദിസീങ്ങളില്‍ നിന്ന് നബി(സ)യുടെ തിരു മൊഴികളുടെ വലിയൊരു സന്പാദ്യം തന്നെ ശൈഖവര്‍കള്‍ ഒരുമിച്ചു കൂട്ടിയിരുന്നു. പിന്നീട് ഭൗതിക സുഖാഡംഭരങ്ങളെ ത്യജിച്ച ആത്മീയ ലോകത്തെ മഹാത്മാക്കളുടെ സമീപത്തെത്തി.
വിശ്വാസ ദാര്‍ഢ്യത
ജീവിതയാത്ര വൈജ്ഞാനികമാക്കി ആ വഴിയിലൂടെ ജീവിതം തിരിച്ച് വിജ്ഞാനപര്‍വ്വമായിരുന്നപ്പോള്‍ വിശ്വാസത്തിന്‍റെ ദൃഢമാര്‍ന്ന വേരുകള്‍ ജീലാനി(റ)ന്‍റെ മനസ്സിന്‍റെ അഗാതങ്ങളിലേക്ക് ആഴ്ന്നിറങ്ങുകയായിരുന്നു. കാലത്തിനോ, കാലവിപത്തുകള്‍ക്കോ, മറ്റു സൃഷ്ടിജാലങ്ങള്‍ക്കോ തകര്‍ക്കാന്‍ പറ്റാത്തത്രയും ദൃഢതയാര്‍ന്നതായിരുന്നു അദ്ദേഹത്തിന്‍റെ വിശ്വാസം. ഒരിക്കല്‍ ശൈഖവര്‍കള്‍ ക്ലാസെടുത്തുകൊണ്ടിരിക്കുകയായിരുന്നു. ഖദ്ര്‍ഖളാഅ്’ ആണ് ക്ലാസ്സിന്‍റെ വിഷയം. ജനനിബിഢമായ ആ ക്ലാസില്‍ ചര്‍ച്ചകള്‍ പുരോഗമിച്ചുകൊണ്ടിരിക്കെ ഒരു പാന്പ് ആ സദസ്സിലേക്കു കയറി വന്നു. ജനങ്ങളെല്ലാം ഭയന്നോടി. പാന്പ് ശൈഖവര്‍കളുടെ അടുക്കലേക്കു നീങ്ങി. പക്ഷെ, അദ്ദേഹം അനങ്ങിയതു പോലുമില്ല. അദ്ദേഹം തന്‍റെ ക്ലാസ് തുടര്‍ന്നു കൊണ്ടേയിരുന്നു. പാന്പ് ജീലാനി(റ)ന്‍റെ ശരീരത്തില്‍ ചുറ്റിക്കയറി. അപ്പോഴും ഒരു പതര്‍ച്ചയും കൂടാതെ ശൈഖവര്‍കള്‍ ക്ലാസെടുക്കുകയാണ്. ആ സമയത്ത് നലത്തിറങ്ങിയ പാന്പ് പറഞ്ഞു. ഞാനൊരുപാട് പണ്ഢിതന്മാരുടെ അടുത്തു പോയിട്ടുണ്ട്. പക്ഷെ, ഇത്രയും സ്ഥ്യൈവും വിശ്വാസവുമുള്ള ഒരാളെ ആദ്യമായാണ് കണ്ടുമുട്ടുന്നത്”.ഖദ്ര്‍ഖളാഇലുള്ള അടിയുറച്ച വിശ്വാസമായിരുന്നു ജീലാനി(റ)ന്‍റെ സ്ഥ്യൈത്തിന്‍റെയുറവിടം. ചെറിയകുട്ടിയായിരിക്കെ തന്നെ ഉമ്മാന്‍റെ ഉപദേശവും സത്യത്തിലുള്ള വിശ്വാസം കൊണ്ടും പഠനവഴിയില്‍ വെച്ച് കള്ളന്മാര്‍ക്ക് സന്മാര്‍ഗം വരിപ്പിച്ച സംഭവം മുസ്ലിം ജനതക്ക് സുപരിചിതമാണ്. ഇത്തരത്തില്‍ വിശ്വാസകാര്യങ്ങളില്‍ പൂര്‍ണ്ണമായ ദൃഢത കാണിച്ച വ്യക്തിത്വമാണ് ശൈഖ് ജീലാനി(റ). ഇബ്ലീസിന്‍റെ കെണിവലകള്‍ പോലും പലപ്പോഴും ശൈഖവര്‍കളെ പിഴപ്പിക്കാന്‍ നേരിട്ടു പ്രത്യക്ഷപ്പെട്ടിരുന്നു. പക്ഷെ, ജീലാനി(റ)ന്‍റെ വിശ്വാസ ദാര്‍ഢ്യതക്കു മുന്നില്‍ എല്ലാം ഭസ്മമാകുകയായിരുന്നു.
വഫാത്:
വിജ്ഞാന വെളിച്ചത്തില്‍ വിശ്വാസം വളര്‍ത്തി ജീവിതം ആരാധനയാക്കി മാറ്റിയ ശൈഖ് ജീലാനി (റ) തന്‍റെ 90 വര്‍ഷത്തെ ഇഹലോക ജീവിതത്തിനു ശേഷം ഹിജ്റ 561 റബീഉല്‍ ആഖിറില്‍ അനശ്വരമായ ലോകേത്തക്കു യാത്രയായി. തന്‍റെ ലളിതമായ 90 വര്‍ഷത്തെ ജീവിതത്തില്‍തന്നെ ശൈഖ് ജീലാനി പല പല സംഭാവനകളും രചനകളായും ശിഷ്യഗണങ്ങളായും ലോകത്തിനു സമര്‍പ്പിച്ചു. ജീവതത്തിന്‍റെ സകല മേഖലകളിലെ നൂലാമാലകളിലും വിധിവൈപരീതിത്യത്തിന്‍റെ അശുഭകരമായ അവസ്ഥകളും മൂലം കഷ്ടതയും പ്രയാസങ്ങളും അനുഭവിക്കുന്ന ജനങ്ങള്‍ക്ക് സമാധാനവും പരിഹാരവുമാണദ്ദേഹത്തിന്‍റെ സ്മരണകള്‍. അദ്ദേഹത്തിന്‍റെ ജീവിതകാലത്തുണ്ടായ അത്ഭുത സംഭവങ്ങളും കറാമത്തുകളും സ്മരിക്കുന്ന മുസ്ലിം മനസ്സുകളില്‍ ഇന്നും ജീവിക്കുകയാണ് ആ മഹാ വ്യക്തിത്വം.
രചനകള്‍:
പ്രബോധന രംഗത്ത് പ്രഭാഷണങ്ങള്‍ക്കും മറ്റു പല പ്രവര്‍ത്തനങ്ങള്‍ക്കുമൊപ്പം പല പല രചനകള്‍ക്കൊണ്ടും തന്‍റെ പ്രബോധന രംഗം സജീവമാക്കിയിട്ടുണ്ട് ശൈഖ് ജീലാനി. യവാഖീതുല്‍ ഹികം, മറാതിബുല്‍ വുജൂദ്, തുഹ്ഫ, അര്രിസാലതുല്‍ ഗൗസിയ്യ, ഹദിയതുല്‍ ആരിഫീന്‍, ഫുതൂഹുല്‍ ഗൈബ്, അല്‍ ഫയൂളാതുര്‍റബ്ബാനിയ്യ, അല്‍ ഗുനിയത്, എന്നിവയെല്ലാം അദ്ദേഹത്തിന്‍റെ പ്രധാനപ്പെട്ട രചനകളാണ്. ഇതിനു പുറമെ ഒരുപാട് ഗ്രന്ഥങ്ങള്‍ ശൈഖവര്‍കള്‍ രചിച്ചിട്ടുണ്ട്.
ഉസ്താദുമാര്‍:
ഖാളി അബൂസഈദില്‍ മുബാറക്കില്‍ മുഖര്‍റമി(റ), ഇബ്നു അഖീല്‍, അബുല്‍ ഖത്വാബ്, അബുല്‍ ഹുസൈനുല്‍ ഫര്‍റാഗ്, ശൈഖ് അബൂബക്കരിത്തിബ്രീസി(റ) എന്നിവരാണ് ജീലാനി(റ)ന്‍റെ പ്രധാനപ്പെട്ട ഗുരുവര്യന്മാര്‍.

Write a comment