Posted on

മഹാന്മാരും കറാമത്തുകളും

unreachable-by-euroborne

അല്ലാഹുവിന്‍റെ ഔലിയാക്കള്‍ക്കുണ്ടാകുന്ന അമാനുഷിക കഴിവുകളാണ് കറാമത്. ഇത് ഖുര്‍ആനിന്‍റെയും സുന്നത്തിന്‍റെയും അടിസ്ഥാനത്തില്‍ സ്ഥിരപ്പെട്ടതാണ്. കറാമത്തിന്‍റെ സ്ഥിരീകരണം ഖണ്ഡിതമായ പ്രമാണങ്ങള്‍ വഴിയായതിനാല്‍ അതിനെ നിഷേധിക്കാന്‍ പാടില്ല. ദുര്‍ബുദ്ധികളുടെയും നവീനവാദങ്ങളുടെയും വക്താക്കള്‍ക്കേ അതിനെ നിഷേധിക്കാന്‍ സാധിക്കുകയുള്ളൂ. ഔലിയാക്കള്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ മാത്രം സഞ്ചരിച്ച് അവനുമായി പ്രത്യേക ബന്ധം സ്ഥാപിച്ചവരും അല്ലാഹു അവരുമായി ഇങ്ങോട്ടും പ്രത്യേക ബന്ധം സ്ഥാപിച്ചവരുമാണ്. അവര്‍ക്ക് അല്ലാഹു പ്രത്യേക സ്ഥാനം കല്‍പിച്ചിട്ടുണ്ട്. ഒരു ഖുദ്സിയ്യായ ഹദീസില്‍ അല്ലാഹു പറയുന്നു: ആരെങ്കിലും എന്‍റെ വലിയ്യിനെ ബുദ്ധിമുട്ടിച്ചാല്‍ തീര്‍ച്ചയായും അവന്‍ എന്നോട് യുദ്ധം ചെയ്തു. അല്ലാഹുവിന്‍റെ ഔലിയാക്കളെ ബുദ്ധിമുട്ടിക്കല്‍ അല്ലാഹുവിനോട് യുദ്ധം ചെയ്യലാണ്. മറ്റൊരു ഖുദ്സിയ്യായ ഹദീസില്‍ പറയുന്നു: ഒരു അടിമ ഞാന്‍ അവനെ ഇഷ്ടപ്പെടുന്നത് വരെ സുന്നത്തുകളെ കൊണ്ട് അടുത്ത് കൊണ്ടിരിക്കും. ഞാനവനെ ഇഷ്ടപ്പെട്ടാല്‍ അവന്‍ കേള്‍ക്കുന്ന കേള്‍വിയും കാഴ്ചയും നാവും ഹൃദയവും കൈയും കാലും ഞാനാകും. ഇത്രയും വലിയ സ്ഥാനം അല്ലാഹു അവര്‍ക്ക് നല്‍കിയെങ്കില്‍ അവരുദ്ദേശിക്കുന്ന ഏതൊരു കാര്യവും അവന്‍ സാധിപ്പിച്ചു കൊടുക്കുമെന്ന് ഏത് ചെറിയ ബുദ്ധിക്കും ഗ്രാഹ്യമാവുന്നതാണ്.
ഒരു വലിയ്യിന്‍റെ കറാമത്തിന്‍റെ അസ്ഥിത്വം യഥാര്‍ത്ഥത്തില്‍ തന്‍റെ നേതാവായ മുഹമ്മദ് നബി (സ്വ) യുടെ മുഅ്ജിസത്തിന്‍റെ ഭാഗമാണ് എന്ന നിലക്കാണ്. നബി(സ്വ)യോടുള്ള അനുരാഗത്തിലൂടെയാണ് ഒരു വലിയ്യ് അമാനുഷിക കഴിവുകള്‍ പ്രകടിപ്പിക്കുന്നത്. ഇത് ആ പ്രവാചകന്‍റെ സത്യ സന്ധതക്ക് മാറ്റ് കൂട്ടുന്നതാണ്. നബി (സ്വ)യുടെ ദീന്‍ അന്ത്യനാള്‍ വരെ തുടരുന്ന മതമാണ്. ആയത് കൊണ്ട് തന്നെ നബി(സ്വ)യുടെ സത്യസന്ധ്യതയുടെ മേല്‍ അറിയിക്കുന്ന ദൃഷ്ടാന്തങ്ങള്‍ അന്ത്യനാള്‍ വരെ നിലനില്‍ക്കലും ആവശ്യമാണ്. ആ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ് മുത്ത്നബി (സ്വ)യുടെ ഉമ്മതിലെ ഔലിയാക്കളുടെ കറാമത്തുകള്‍. പരിശുദ്ധ ഖുര്‍ആനും നബി(സ്വ) മുന്‍കൂട്ടി അറിയിച്ച പ്രഖ്യാപനങ്ങളുടെ പുലര്‍ച്ചയും ആ ഗണത്തില്‍ പെട്ട മറ്റ് ദൃഷ്ടാന്തങ്ങളാണ്. ആയത് കൊണ്ട് നബി(സ്വ)യുടെ മരണാനന്തരവും ജീവിതത്തിലെന്ന പോലെ മുഅ്ജിസത്ത് നിലനില്‍ക്കുന്നുണ്ട് എന്ന് മനസ്സിലാകുന്നു.
പ്രവാചകന്മാരില്‍ ഉണ്ടാവുന്നതെല്ലാം ഔലിയാക്കളില്‍ കറാമത്തായി ഉണ്ടാകാവുന്നതാണ്. മുഅ്ജിസത്തിന്‍റെ സൃഷ്ടികര്‍ത്താവ് തന്നെയാണ് കറാമത്തിന്‍റെയും സൃഷ്ടാവ്. മുഅ്ജിസത്തും കറാമത്തും അമാനുഷികമാണ് എന്ന നിലയില്‍ സന്ധിക്കുന്നു. അതോടൊപ്പം വ്യക്തമായ വാദമുഖത്താണ് മുഅ്ജിസത്തിന്‍റെ സാന്നിധ്യം. കറാമത്ത് പ്രവര്‍ത്തനത്തിന്‍റെ സൗകാര്യാര്‍ത്ഥമുള്ള സാഹചര്യ രൂപീകരണവും ആദരസൂചകവുമാണ്.
വലിയ്യാവുക എന്നത് കറാമത്തിന് നിമിത്തമല്ല. അല്ലാഹു ഉദ്ദേശിച്ചവരിലൂടെ അവന്‍ അത് പ്രകടമാക്കും. കറാമത്തിന് അനുകൂലമായ പശ്ചാത്തലം ഒരു വലിയ്യില്‍ നടന്നിട്ടുണ്ടാവും എന്ന് മാത്രം.
ഖുര്‍ആനിലും സുന്നത്തിലും ഇസ്ലാമിക സമൂഹത്തിന്‍റെ ചരിത്രത്താളുകളിലും കറാമത്തിന്‍റെ ധാരാളം സംഭവങ്ങള്‍ സമൂഹത്തിന് പഠിപ്പിക്കുന്നുണ്ട്. കറാമത്തുകളില്‍ ചിലത് തനിക്ക് സ്വന്തമായതും സമൂഹത്തിന് മൊത്തമായതും കാണാം. ചിലത് സമകാലിക സമൂഹത്തിന്‍റെ ദുരിതമകറ്റാനും പ്രകൃതിയുടെ അസഹ്യതയെ ചെറുക്കാനും ക്ഷോഭത്തെ ഇല്ലാതാക്കാനും ഉപകരിക്കുന്ന കറാമത്തുകളുമുണ്ട്. ശത്രുവിനെ പരാജയപ്പെടുത്താന്‍, ആവശ്യത്തിനില്ലാത്തത് കൂടുതലാക്കാന്‍, സത്യത്തിന്‍റെ സാക്ഷിയായി അവരോധിതനാവാന്‍, രോഗവും വിശപ്പും മാറ്റാന്‍, സമയം ലാഭിക്കാന്‍, അകലങ്ങള്‍ അടുപ്പിക്കാന്‍ തുടങ്ങിയ കാര്യങ്ങള്‍ക്കെല്ലാം അല്ലാഹു കറാമത്തുകള്‍ വെളിവാക്കിയിട്ടുണ്ട്. അതാകട്ടെ അല്ലാഹു അവന്‍റെ മഹാന്മാരുടെ ആദരസൂചകമായി വര്‍ത്തിക്കുന്ന അവസ്ഥയുമാണ്. അല്ലാഹു അവന്‍ ഉദ്ദേശിച്ചവര്‍ക്കാണ് അത് നല്‍കുക.
ചില ബുദ്ധിശൂന്യര്‍ കറാമത്തിനെ പരിമിതികള്‍ക്കുള്ളിലാക്കാറുണ്ട്. അതായത്, അല്‍പമുള്ളത് വര്‍ദ്ധിപ്പിക്കല്‍ മാത്രമാണ് കറാമത്താവുക. ഇത് വ്യക്തമായ അസംബന്ധവും അപകടകരവുമാണ്. ശൂന്യതയില്‍ തന്നെ ധാരാളം കറാമത്തുകളുണ്ടായതിന് ചരിത്രം സാക്ഷിയാണ്.
കറാമത്തുകള്‍ ഖുര്‍ആനില്‍
അല്ലാഹുവിന്‍റെ ഇഷ്ടദാസന്മാരായ ഔലിയാക്കളുടെ പ്രകടമായ കറാമത്തുകളുടെ നിരവധി ഉദാഹരണങ്ങള്‍ വിശുദ്ധ ഖുര്‍ആനില്‍ കാണാം.
ഗുഹവാസികള്‍, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സ്ഥ്യൈത കാണിച്ച് നാടും വീടും ത്യജിച്ച് പാലായനം ചെയ്ത യുവ സംഘം. അല്ലാഹുവിന്‍റെ പരിരക്ഷ അനുഭവിച്ച സംഭവം അനുസ്മരണീയമാണ്. 309 ചന്ദ്രവര്‍ഷക്കാലം ഒരു ഗുഹയില്‍ ഗാഡമായ നിദ്രയില്‍ അവര്‍ സംരക്ഷിക്കപ്പെട്ടു. ഈ കാലയളവില്‍ അന്നപാനീയങ്ങളില്ലാതെ, ഒരു ഭാഗത്ത് മാത്രം കിടന്ന് കേട് പറ്റാതിരിക്കാന്‍ തിരിച്ചും മറിച്ചും കിടത്തിയത്, അവരെ അനുഗമിച്ച നായയെ ജീവനുള്ള നായയെപ്പോലെ തോന്നിപ്പിച്ചത്, അവരെ കാണുന്പോള്‍ ഭയചകിതരാകും വിധത്തിലാക്കിയത്, ദീര്‍ഘ കാലയളവില്‍ മനുഷ്യരെ അങ്ങോട്ടെത്തിക്കാതിരുന്നത്, സൂര്യന്‍ അവര്‍ക്ക് ശല്യമാവാതെ ക്രമീകരിക്കപ്പെട്ടത്, നിശ്ചിത കാലയളവിന് ശേഷം ചര്‍ച്ചാവിഷയമാകും വിധം ഉണര്‍ത്തിയത്, പുനരുത്ഥാനത്തെക്കുറിച്ചുള്ള മുന്നറിയിപ്പിന്‍റെ യാഥാര്‍ത്ഥ്യതക്ക് അവരുടെ ഉറക്കവും ഉണര്‍ച്ചയും നിമിത്തമാക്കിയത്, തുടങ്ങിയവ മഹാന്മാരായ ഗുഹാവാസികള്‍ക്ക് സിദ്ധമായ കറാമത്തുകളാണ്. വിശുദ്ധ ഖുര്‍ആനിലെ അല്‍ കഹ്ഫ് സൂറത്തിലെ 1026 ആയത്തുകളില്‍ ഈ സംഭവം വിവരിക്കുന്നുണ്ട്.
മര്‍യം ബീവി ഒരു ഭര്‍ത്താവില്ലാതെ ഗര്‍ഭംധരിച്ചത്, ഉണങ്ങിയ ഈത്തപ്പനകളുടെ ചുവട്ടിലിരിക്കുന്പോള്‍ പഴുത്ത് പാകമായ ഈത്തപ്പഴങ്ങള്‍ സുലഭമായി ലഭിക്കുന്നു, കാലത്തിനും സ്ഥലത്തിനും അതീതമായ പഴവര്‍ഗങ്ങള്‍ ലഭിക്കുന്നു, സംരക്ഷകന്‍ സകരിയ്യാ നബി ഭക്ഷണവുമായി റൂമിലേക്ക് വരുന്പോള്‍ മറ്റാരും കടന്നു ചെല്ലാത്ത റൂമില്‍ മര്‍യം ബീവിയുടെ മുന്നില്‍ സുഭിക്ഷണമായ ഭക്ഷണം കാണുന്നു തുടങ്ങിയ നിരവധി കറാമത്തുകള്‍ മര്‍യം ബീവിയില്‍ നിന്നും ഉണ്ടായിട്ടുണ്ട്. ആല്‍ ഇംറാന്‍ സൂറത്തിലും (37) മര്‍യം സൂറത്തിലും (1625) ഈ സംഭവം വിവരിക്കുന്നു.
കറാമത്തുകള്‍ ഹദീസില്‍
നബി (സ്വ) വിവരിച്ചതും അല്ലാത്തതുമായ ധാരാളം കറാമത്തുകളുടെ വിവരണങ്ങള്‍ ഹദീസ് ഗ്രന്ഥങ്ങളില്‍ കാണാം. ബനൂ ഇസ്റാഈലിലെ ആബിദായ ജുറൈഹ് (റ) നെ കുടുക്കാന്‍ ഒരു വ്യേപ്പെണ്ണ് അദ്ദേഹത്തിന്‍റെ മേല്‍ വ്യഭിചാരാരോപണം നടത്തി. അവനില്‍ എനിക്ക് ഒരു കുട്ടി പിറന്നു” ഈ സമയം ജുറൈഹ് (റ) കുട്ടിയെ കൊണ്ട് വരാന്‍ പറഞ്ഞ് കുട്ടിയെ സംസാരിപ്പിച്ച് തന്‍റെ നിരപരാധിത്വം സമുദായത്തിന്‍റെ മുന്പില്‍ തെളിയിച്ചത് അദ്ദേഹത്തിന്‍റെ കറാമത്താണ്. ബുഖാരി, മുസ്ലിമില്‍ ഈ സംഭവം ഉദ്ധരിക്കുന്നു.
മൂന്ന് ആളുകള്‍ അന്തിയുറക്കത്തിന് ഒരു ഗുഹയില്‍ ചെന്ന സന്ദര്‍ഭം ഗുഹക്ക് മീതെ പാറ വന്നടയുന്നു. മൂന്നാളുകളും തങ്ങള്‍ ചെയ്ത സല്‍കര്‍മ്മങ്ങള്‍ മുന്‍നിര്‍ത്തി റബ്ബിനോട് പ്രാര്‍ത്ഥിക്കുന്പോള്‍ പാറ താനെ പിളരുന്നു. മൂന്നാളുകളും അതിലൂടെ പുറത്ത് വരുന്നു.(ബുഖാരി, മുസ്ലിം)
അബൂബക്ര്‍ (റ) സുഫ്ഫത്തിന്‍റെ ആളുകളില്‍ പെട്ട മൂന്ന് പേരെ തന്‍റെ വീട്ടിലേക്ക് ഭക്ഷണം കഴിക്കാന്‍ കൊണ്ട് പോവുന്നു. ഭക്ഷണം കഴിക്കും തോറും വര്‍ദ്ധിക്കുകയല്ലാതെ കുറഞ്ഞില്ല. അവസാനം ഭക്ഷണം കഴിച്ച് കഴിഞ്ഞപ്പോഴും തുടക്കത്തില്‍ എത്രയുണ്ടായിരുന്നോ അത്രയും പാത്രത്തില്‍ ബാക്കിനില്‍ക്കുന്നു.
ഉമര്‍ (റ) മദീനാപള്ളിയില്‍ ഖുത്വുബ ഓതുന്നതിനിടയില്‍ ഒരു മാസത്തിന്‍റെ യാത്രാ ദൈര്‍ഘ്യമുള്ള നഹാവന്തില്‍ സൈന്യത്തിന് നേതൃത്വം നല്‍കുന്ന സാരിയ(റ)നോട് സാരിയാ… പര്‍വ്വതം ശ്രദ്ധിക്കുക” എന്ന് പറഞ്ഞത് സാരിയ കേള്‍ക്കുകയും പ്രതിവിധി കണ്ടെത്തുകയും യുദ്ധത്തില്‍ വിജയിക്കുകയും ചെയ്തു.
അനസ് ബ്നു മാലിക് (റ)നോട് ഭൂമിയുടെ വരള്‍ച്ചയെക്കുറിച്ച് കാര്യസ്ഥന്‍ പരാതി പറഞ്ഞപ്പോള്‍ അനസ് (റ) നിസ്കരിച്ച് ദുആ ചെയ്ത ഉടനെ മഴ വര്‍ഷിച്ചു. അനസ് (റ) കാര്യസ്ഥനോട് ചോദിക്കുന്നു: എവിടെയൊക്കെയാണ് മഴയെത്തിയത്? കാര്യസ്ഥന്‍റെ മറുപടി: നിങ്ങളുടെ ഭൂമിക്കപ്പുറം മഴയെത്തിയിട്ടില്ല.
കറാമത്ത് മരണ ശേഷം
ജീവിത കാലത്ത് കറാമത്തുകളുണ്ടാവുന്നത് പോലെ മരണാനന്തരവും അത് തുടരും. ചില അല്പജ്ഞാനികള്‍ മരണാനന്തര കറാമത്തുകളെ നിഷേധിക്കാറുണ്ട്. നാം ആദ്യമായി മനസിലാക്കേണ്ടത് ജീവിത കാലത്ത് ഒരാള്‍ സ്വന്തമായി കറാമത്ത് എന്ന നിലക്ക് അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നുണ്ടോ ഇല്ലയോ എന്നാണ്. ജീവിത കാലത്തെ അത്ഭുത പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ അവരുടെ മഹത്വം എന്ന മാധ്യമം ഉണ്ടായിരുന്നു എന്നതൊഴിച്ചാല്‍ യഥാര്‍ത്ഥ സൃഷ്ടി അല്ലാഹു മാത്രമാണ്. മരണാനന്തരവും നഷ്ടപ്പെടില്ലെന്ന് വ്യക്തമാക്കപ്പെടുകയും തെളിയിക്കപ്പെടുകയും ചെയ്ത മഹത്വം ഇനിയും കറാമത്തുകള്‍ക്ക് മാധ്യമമാവുക എന്നത് സുവ്യക്തമാണല്ലോ.
ജീവിത കാലത്തായാലും മരണാനന്തരമായാലും കറാമത്തും വലിയ്യുമായുള്ള ബന്ധം മദ്ധ്യാവസ്ഥ മാത്രമാണ്. വലിയ്യിന്‍റെ കറാമത്ത് എന്ന പ്രയോഗം അലങ്കാരവും ആദരസൂചകവും മാത്രമാണ്. അത് കൊണ്ട് തന്നെ സ്ഥലകാല പരിമിതിക്കുള്ളില്‍ അല്ലാഹുവിന്‍റെ പ്രവര്‍ത്തനത്തെ പരിമിതപ്പെടുത്താന്‍ പാടില്ല. നിരവധി ഉദാഹരങ്ങള്‍ ഇതിന് ഹദീസ് ഗ്രന്ഥങ്ങളില്‍ കാണാന്‍ കഴിയും. അത്തരത്തിലൊന്നാണ് ജാബിറു ബ്നു അബ്ദുല്ലാ (റ)വില്‍ നിന്ന് നിവേദനം ചെയ്യപ്പെടുന്ന സംഭവം. അദ്ദേഹം പറയുന്നു: ഉഹ്ദ് യുദ്ധം ആസന്നമായപ്പോള്‍ യുദ്ധത്തിന്‍റെ തലേദിവസം രാത്രി എന്‍റെ ബാപ്പ എന്നെ വിളിച്ച്കൊണ്ട് പറഞ്ഞു: ഈ യുദ്ധത്തില്‍ രക്തസാക്ഷികളാകുന്ന ആദ്യത്തെ ആളുകളില്‍ ഞാനുണ്ടാവുമെന്ന് എനിക്കറിയാന്‍ കഴിയുന്നു. അല്ലാഹുവിന്‍റെ തിരുദൂതര്‍ കഴിഞ്ഞാല്‍ എനിക്ക് വേണ്ടി എന്‍റെ ശേഷം നീ മാത്രമാണുള്ളത്. അതിനാല്‍ എനിക്കല്‍പം കടമുണ്ട്. അത് നീ വീട്ടണം. നിന്‍റെ സഹോദരങ്ങളോട് നീ നല്ല നിലയില്‍ വര്‍ത്തിക്കണം. നേരം പുലര്‍ന്ന് യുദ്ധം ആരംഭിച്ചു. ആദ്യമായി എന്‍റെ പിതാവ് രക്തസാക്ഷിത്വം വരിക്കുകയും ചെയ്തു. ശേഷം മറ്റൊരു ശഹീദിന്‍റെ കൂടെ എന്‍റെ പിതാവിനെയും ഒന്നിച്ച് മറവ് ചെയ്തു. പക്ഷെ, ഈ അവസ്ഥ എന്നെ അസ്വസ്ഥനാക്കി. ആറു മാസത്തിന് ശേഷം ഞാനദ്ദേഹത്തെ പുറത്തെടുത്ത് സ്വന്തമായി ഒരു ഖബ്റില്‍ മറവ് ചെയ്യുകയുണ്ടായി. അപ്പോള്‍ ചെവിയുടെ അറ്റത്ത് ചെറിയ ഒരു പകര്‍ച്ചയല്ലാതെ മറവ് ചെയ്യുന്പോഴുണ്ടായിരുന്ന അവസ്ഥയില്‍ നിന്നും യാതൊരു വ്യത്യസവും ഉണ്ടായിരുന്നില്ല.(ബുഖാരി)

Write a comment