Posted on

ഡിസംബര്‍ 10 മനുഷ്യാവകാശ ദിനം

Dec 10അറഫാ പര്‍വ്വത സാനുവില്‍ വെച്ച് ഹിജ്റ പത്താം വര്‍ഷം ഒന്നേകാല്‍ ലക്ഷം അനുചരന്മാരെ അഭിസംബോധനം ചെയ്തു കൊണ്ട് മുഹമ്മദ് നബി (സ) ചെയ്ത പ്രസംഗം ചരിത്രപ്രസിദ്ധമാണ്. മാനവ കുലത്തിന്‍റെ മൗലികാവകാശങ്ങള്‍ വ്യക്തമായി പ്രഖ്യാപിക്കുന്നതും സാമൂഹിക നീതിയുടെ ശാശ്വത മൂല്യങ്ങള്‍ ഉള്‍കൊള്ളുന്നതുമായിരുന്നു ആ പ്രസംഗം. ഇതിലെ പ്രമേയങ്ങള്‍ സകലകാല പ്രസക്തമാണ്. വര്‍ത്തമാന കാലത്ത് പ്രസക്തി കൂടുകയാണ്. ഇബ്നൂഹിഷാം സീറത്തുന്നബവിയ്യയില്‍ എടുത്ത് ഉദ്ധരിച്ച പ്രസംഗ ഭാഗങ്ങള്‍ ചുരുക്കത്തില്‍.

 

അല്ലയോ ജനങ്ങളേ… എന്‍റെ വാക്കുകള്‍ നിങ്ങള്‍ ശ്രദ്ധിച്ചു കേള്‍ക്കുക. ഒരുപക്ഷേ ഈ വര്‍ഷത്തിന് ശേഷം ഒരിക്കലും ഈ സ്ഥാനത്ത് വെച്ച് നിങ്ങളെ കണ്ടുമുട്ടി എന്ന് വരില്ല. അല്ലയോ ജനങ്ങളെ.. നിങ്ങളും നിങ്ങളുടെ രക്തവും നിങ്ങളുടെ ധനവും നിങ്ങളുടെ മേല്‍ പവിത്രമാണ്, നിങ്ങള്‍ നിങ്ങളുടെ നാഥനെ കണ്ടുമുട്ടുവോളം! ഈ ദിനത്തിന്‍റെ പവിത്രത പോലെ ഈ മാസത്തിന്‍റെ പവിത്രത പോലെ.
നിശ്ചയം നിങ്ങളുടെ നാഥനെ നിങ്ങള്‍ കണ്ടുമുട്ടുക തന്നെ ചെയ്യും. അപ്പോള്‍ നിങ്ങളുടെ കര്‍മ്മങ്ങളെ കുറിച്ച് നിങ്ങളോട് ചോദ്യം ചെയ്യും. ഈ സന്ദേശം ഞാന്‍ നിങ്ങള്‍ക്ക് കൈമാറുകയാണ്. ആരുടെയെങ്കിലും കൈവശം വല്ല സൂക്ഷിപ്പ് സ്വത്തുമുണ്ടെങ്കില്‍ അത് തന്‍റെ പക്കല്‍ വിശ്വസിച്ച് ഏല്‍പ്പിച്ചവര്‍ക്ക് തിരികേ നല്‍കണം. നിശ്ചയം, പലിശകള്‍ പൂര്‍ണ്ണമായും ദുര്‍ബലമാക്കപ്പെട്ടിരിക്കുന്നു. എങ്കിലും മൂലധനം നിങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്. നിങ്ങള്‍ ദ്രോഹിക്കരുത്. ദ്രോഹിക്കപ്പെടുകയും ചെയ്യരുത്. പലിശ പാടില്ലെന്ന് അള്ളാഹു വിധിച്ചിരിക്കുന്നു. അബ്ദുല്‍ മുത്വലിബിന്‍റെ മകന്‍ അബ്ബാസിന് കിട്ടാനുള്ള പലിശ മുഴുക്കെ ഇതാ ദുര്‍ബലപ്പെടുത്തുന്നു. അനിസ്്ലാമിക കാലത്തെ കൊലപാതകത്തിനുള്ള പ്രതികാര നടപടികളെല്ലാം ഈ സമയം ദുര്‍ബലപ്പെടുത്തുകയാണ്. അബ്ദുല്‍ മുത്വലിബിന്‍റെ പുൗത്രന്‍ ഇബ്നുറബീഅയുടെ വധത്തിന്‍റെ പ്രതികാരമാണ് ഞാന്‍ ആദ്യമായി ദുര്‍ബലപ്പെടുത്തുന്നത്. ശേഷം, അല്ലയോ ജനങ്ങളേ നിങ്ങളുടെ ഈ ഭൂമിയില്‍ പിശാച് ആരാധിക്കപ്പെടുന്ന കാര്യത്തില്‍ അവന്‍ എക്കാലത്തും നിരാശയിലായിരിക്കും. പക്ഷെ, നിങ്ങള്‍ നിസാരമായി കാണുന്ന വല്ല കാര്യങ്ങളിലും അവന് വഴിപ്പെട്ടാല്‍ അതുകൊണ്ട് അവന്‍ സംതൃപ്തനാകും. അതിനാല്‍ ദീനിന്‍റെ കാര്യത്തില്‍ നിങ്ങള്‍ പിശാചിനെ സൂക്ഷിക്കുക.
അല്ലയോ ജനങ്ങളേ! യുദ്ധം നിഷിദ്ധമാക്കപ്പെട്ട മാസങ്ങളില്‍ ഇഷ്ടാനുസാരം തിരിമറി നടത്തുന്നത് കടുത്ത നിഷിദ്ധമാണ്. സത്യനിഷേധികള്‍ അത് മാറ്റിതിരുത്തുന്നു. ഒിരിക്കല്‍ അവര്‍ യുദ്ധം നിഷേധിക്കുകയും തൊട്ടടുത്ത വര്‍ഷം അവര്‍ തന്നെ അത് അനുവദിക്കുകയും ചെയ്യുന്നു. അല്ലാഹു പവിത്രമാക്കിയ മാസങ്ങളുടെ എണ്ണം തികക്കാന്‍ വേണ്ടി അവര്‍ വഞ്ചന കാട്ടുന്നു. അങ്ങിനെ അല്ലാഹു യുദ്ധം നിഷിദ്ധമാക്കിയ മാസങ്ങളെ അവര്‍ അനുവദനിയമാക്കുന്നു. അല്ലാഹു അനുവദനിയമാക്കിയതിനെ അവര്‍ നിഷിദ്ധമാക്കുകയും ചെയ്യുന്നു. അല്ലാഹു ആകാശ ഭൂമികളെ പടച്ച നാളുതൊട്ട് കാലചക്രം അതിന്‍റെ നിശ്ചിത രൂപത്തില്‍ കറങ്ങികൊണ്ടിരിക്കുകയാണ്. അല്ലാഹുവിന്‍റെ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാണ്. അതില്‍ നാലെണ്ണം യുദ്ധം നിശിദ്ധമാക്കപ്പെട്ട പവിത്രമാക്കപ്പെട്ട മാസങ്ങളാണ്. അവയില്‍ മൂന്നെണ്ണം തുടര്‍ച്ചയായ ദുര്‍ഖഅദ്, ദുല്‍ഹിജ്ജ, മുഹറം എന്നീ മാസങ്ങളാണ്. ജമാദുല്‍ ആഖിറിന്‍റെയും ശഅ്ബാനിന്‍റെയും ഇടക്കുള്ള റമളാനാണ് മറ്റൊന്ന്.
ശേഷം, അല്ലയോ ജനങ്ങളേ! നിങ്ങളുടെ സ്ത്രീകള്‍ക്ക് നിങ്ങളോട് ചില ബാധ്യതകളുണ്ട്. നിങ്ങള്‍ക്ക് അവരോടും ചില ബാധ്യതകളുണ്ട്. നിങ്ങള്‍ വെറുക്കുന്ന ആരേയും നിങ്ങളുടെ വിരിപ്പില്‍ ചവിട്ടാന്‍ അവര്‍ അനുവദിക്കരുത്. വ്യക്തമായ ദുഷ്ചെയ്തികള്‍ അവര്‍ ചെയ്യുകയും അരുത്. അങ്ങിനെ അവര്‍ ചെയ്താല്‍ കിടപ്പറയില്‍ അവറെ വെടിഞ്ഞിരിക്കാനും മുറിവേല്‍ക്കാത്ത രൂപത്തില്‍ അടിക്കാനും നിങ്ങള്‍ക്ക് അല്ലാഹു അനുമതി നല്‍കിയിരിക്കുന്നു. അങ്ങിനെ അവര്‍ അതില്‍നിന്നും വിരമിച്ചാല്‍ അര്‍ഹമായ ഭക്ഷണവും വസ്ത്രവും അവര്‍ക്ക് നല്‍കേണ്ടതാണ്. സ്ത്രീകളോട് നല്ല നിലയില്‍ നിങ്ങള്‍ വര്‍ത്തിക്കുക. അവര്‍ നിങ്ങളുടെ പക്കല്‍ വിശ്വസിച്ചേല്‍പ്പിക്കപ്പെട്ടവരാണ്. അവര്‍ യാതൊന്നും സ്വന്തമായി കൈവശപ്പെടുത്തുകയില്ല. അല്ലാഹുവിന്‍റെ സൂക്ഷിപ്പു സ്വത്തായിട്ടാണ് നിങ്ങള്‍ അവരെ സ്വീകരിച്ചിരിക്കുന്നത്. അല്ലാഹുവിന്‍റെ വചനങ്ങള്‍ കൊണ്ടാണ് നിങ്ങള്‍ അവരെ അനുവദനീയമാക്കിയിരിക്കുന്നത്. അല്ലയോ ജനങ്ങളേ.. എന്‍റെ വാക്കുകള്‍ നിങ്ങള്‍ മനസ്സിലാക്കുക. നിശ്ചയം ഞാന്‍ നിങ്ങള്‍ക്ക് എത്തിച്ചു തന്നിരിക്കുന്നു.
ഒരു കാര്യം ഞാന്‍ നിങ്ങളില്‍ ഉപേക്ഷിക്കുന്നു. അല്ലാഹുവിന്‍റെ ഗ്രന്ഥവും അവന്‍റെ പ്രവാചകരുടെ സുന്നത്തുമാണ്. അല്ലയോ ജനങ്ങളേ… നിങ്ങളെന്‍റെ വാക്കുകള്‍ കേള്‍ക്കുകയും ഗ്രഹിക്കുകയും ചെയ്യുക. നിങ്ങള്‍ അറിയണം. മുസ്്ലിംകള്‍ എല്ലാവരും പരസ്പരം സഹോദരങ്ങളാണ്. തന്‍റെ സഹോദരന്‍റെ ധനത്തില്‍ നിന്നും അവന്‍ സംതൃപ്ത മനസ്സോടെ തരുന്നതല്ലാതെ ഒന്നും ഒരാള്‍ക്കും അനുവദനീയമാകുന്നതല്ല. അതിനാല്‍ നിങ്ങള്‍ സ്വന്തത്തോട് അക്രമം കാണിക്കരുത്. അല്ലാഹുവേ ഞാന്‍ എത്തിച്ചുകൊടുത്തില്ലയോ, അല്ലാഹുവേ നീയാണ് സാക്ഷി.

 

Write a comment