Posted on

അതിരുകളില്ലാത്ത അനുരാഗം

effffffffffffffffffff

 

ആലി മുസ് ലിയാരുടെയും മന്പുറം തങ്ങളുടെയും പടയോട്ട ഭൂമിയായ തിരൂരങ്ങാടി മലബാറിലെ മദീന എന്ന പേരിലാണ് ചരിത്ര പ്രസിദ്ധി നേടിയത്. 1935 ജൂലൈ മാസം മാലിക്ബ്നു ദീനാര്‍ (റ)വിന്‍റെ പരന്പരയില്‍പ്പെട്ട നന്പിടിപ്പറന്പ് തറവാട്ടില്‍ കൂഞ്ഞിമുഹമ്മദ് ഖദീജ ദാന്പത്യ വല്ലരിയില്‍ ഒരാണ്‍കുഞ്ഞ് പിറന്നു. പ്രിയ കുഞ്ഞിന് ആ മാതാപിതാക്കള്‍ അബ്്ദുല്‍ ഖാദിര്‍ എന്ന് നാമകരണം ചെയ്തു. പ്രാഥമിക വിദ്യാഭ്യാസം കരസ്ഥമാക്കി. വളര്‍ന്നതും വലുതായതും മാതാപിതാക്കളുടെ ചാരെ നിന്നുകൊണ്ടായിരുന്നു. രണ്ടാം വയസ്സില്‍ പിതാവ് വിട പറഞ്ഞപ്പോള്‍ മാതാവിന്‍റെ പൂര്‍ണ്ണ സംരക്ഷണത്തിലായിരുന്നു പിന്നീടുള്ള ജീവിതം. ചെറുപ്പത്തിലെ ജീവിതം കണ്ടുകൊണ്ട് തന്നെ പല മഹത്തുക്കളും കുട്ടിയെക്കുറിച്ച് ശുഭ ലക്ഷണം പറഞ്ഞിരുന്നു. തിരൂരങ്ങാടി ഗവ:സ്കൂളില്‍ നിന്നും അഞ്ചാം ക്ലാസ് വരെ ഭൗതികം പഠിച്ച ശേഷം പള്ളി ദര്‍സില്‍ പഠനം തുടര്‍ന്നു. പഠന കാലത്തു തന്നെ കൂട്ടുകാരോടൊത്ത് അമിതമായി കളിക്കാനോ, സംസാരിക്കാനോ കയറിച്ചെല്ലുന്ന പ്രകൃതമായിരുന്നില്ല അബ്ദുല്‍ ഖാദറിന്‍റേത്. നാവില്‍ എപ്പോഴും സ്വലാത്തും ദിക്്റുമായിരിക്കും. തുടര്‍ന്ന് പാണക്കാട് പൂക്കോയ തങ്ങളുടേയും ഇരിങ്ങല്ലൂര്‍ അലവി മുസ്്ലിയാരുടേയും ശിക്ഷണത്തില്‍ വളര്‍ന്നു. വേലൂര്‍ ബാഖിയാത്തില്‍ പോയി ബാഖവി ബിരുദവും നേടി. മലബാറിലെ ബൂസ്വീരി എന്ന പേരില്‍ വിശ്രുതനായ ശൈഖുനാ കുണ്ടൂരുസ്താദിനെ കുറിച്ചാണ് പറഞ്ഞുവരുന്നത്. ഉസ്താദിന്‍റെ മദ്ഹും ജീവിതവും പറഞ്ഞു തുടങ്ങിയാല്‍ കൊച്ചു കുട്ടികള്‍ മുതല്‍ സാധാരക്കാര്‍ വരെ വാ തോരാതെ വാചാലമായിക്കൊണ്ടിരിക്കും. ചാപ്പനങ്ങാടി ശൈഖ്, സി. എം വലിയുല്ലാഹി, ഒ. കെ ഉസ്താദ്, കക്കിടിപ്പുറം ഉസ്താദ്, കരിങ്കപ്പാറ ഉസ്്താദ് തുടങ്ങിയ സമകാലിക മഹത്തുക്കളുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്ന ആളായിരുന്നു കുണ്ടൂര്‍ ഉസ്താദ്. അനാഥകളെയും അഗതികളേയും മുതഅല്ലിമീങ്ങളേയും സ്നേഹിക്കുകയും അതിലുപരി ബഹുമാനിക്കുകയും ചെയ്യുമായിരുന്നു. ശേഷം അധ്യാപനത്തിനും അനാഥ സംരക്ഷണത്തിനുമായി ജീവിതം ഉഴിഞ്ഞു വെച്ചു. ഹിജ്്റ 1380 ല്‍ പകര മുഹമ്മദ് മുസ്്ലിയാരുടെ മകളെ ശൈഖുന ജീവിത സഖിയാക്കി. ആ ദാന്പത്യ വല്ലരിയില്‍ ഒന്പത് കുഞ്ഞുങ്ങള്‍ പിറന്നു. തന്‍റെ അഞ്ചു പെണ്‍മക്കളെയും പണ്ഡിത ശ്രേഷ്ഠരെക്കൊണ്ടാണ് വിവാഹം കഴിപ്പിച്ചത്. ദിവസവും അര്‍ദ്ധ രാത്രി എണീറ്റ് തഹജ്ജുദ് നിസ്കരിച്ച് ഖുര്‍ആന്‍ പാരായണവും, നബി കീര്‍ത്തനവും കൊണ്ട് നേരം വെളുപ്പിക്കും. സുബ്ഹിക്ക് ശേഷം തുടങ്ങുന്ന ദര്‍സ് മണിക്കൂറുകള്‍ നീണ്ടു നില്‍ക്കും. അധ്യാപനത്തിലപ്പുറം തന്‍റെ ശിഷ്യന്‍മാരുടെ മാനസികവും ശാരീരികവുമായ മുഴുവന്‍ പ്രയാസ പ്രതിബദ്ധതകളിലും സദാ ശ്രദ്ധാലുവായിരുന്നു. പ്രശ്നങ്ങള്‍ കൊണ്ട് നീറുന്ന ഹൃദയങ്ങള്‍ക്കെന്നും ഒരത്താണിയായിരുന്നു കുണ്ടൂരുസ്താദ്. ഈ സഹായ ഹസ്്തങ്ങള്‍ക്കു മുന്പില്‍ ജാതിയോ മതമോ നിറമോ വലിപ്പച്ചെറുപ്പമോ ഒന്നും വിഗ്നമായിരുന്നില്ല. അതുകൊണ്ട് തന്നെ എല്ലാവര്‍ക്കും നല്ലതു മാത്രമേ ശൈഖുനയെക്കുറിച്ച് പറയാനുള്ളൂ. തന്‍റെ നാട്ടിലെയും മഹല്ലിലേയും നിവാസികളേയും ശിഷ്യരേയുമെല്ലാം നല്ല നിലയില്‍ തര്‍ബിയത്തും തസ്കിയത്തും ചെയ്ത് ഉന്നതികളിലേക്ക് പിടിച്ചുയര്‍ത്തി. പ്രശസ്ത പണ്ഡിതരായ കൊടിഞ്ഞി അഹ്്മദ് ബാഖവി, പട്ടാന്പി അസൈനാല്‍ ബാഖവി, നന്നന്പ്ര അഹ്്മദ് മുസ്്ലിയാര്‍ തുടങ്ങിയവര്‍ ശൈഖുനയുടെ ശിഷ്യരില്‍ പ്രമുഖരാണ്.
നബി പ്രകീര്‍ത്തനം
പ്രവാചക പ്രണയമാണ് മനുഷ്യന്‍റെ വിജയത്തിന് നിദാനം. പ്രേമം ഹൃദയത്തിന്‍റെ വികാരമാണ്. നബി പ്രേമികള്‍ പ്രേക്ഷകരെ ത്രസിപ്പിക്കുന്നത് കിടിലന്‍ പദങ്ങളുടെ ശബ്ദ ഘോഷങ്ങള്‍ കൊണ്ടോ ദാര്‍ശനികതയുടെ നിഗൂഢതകള്‍ കൊണ്ടോ സാഹിത്യ മുഹൂര്‍ത്തങ്ങളുടെ വ്യാഖ്യാന സാധ്യതകള്‍ക്കൊണ്ടോ മാസ്മരികത കൊണ്ടോ അല്ല. അതിലുപരി ഹൃദയ രക്തം കൊണ്ടെഴുതിയ പദക്കൂട്ടങ്ങളില്‍ നിന്നും കിനിഞ്ഞിറങ്ങുന്ന പ്രേമത്തിന്‍റെ നീര്‍ പെയ്ത്തുകള്‍ കൊണ്ടാണ്. ആനന്ദമാണത്. അളന്നെഴുത്തിനതീദമാണ്. ഹബീബില്‍ പ്രണയമര്‍പ്പിച്ചവരാണല്ലോ ഔലിയാക്കള്‍. തിരമാല നുരയോളം സ്വലാത്തുകള്‍ അര്‍പ്പിച്ച് ആ മദീനാ മലര്‍വ്വനിയിലണയാന്‍ കൊതിച്ചവര്‍. ആ പച്ചക്കുബ്ബക്കു താഴെ ചെന്ന് അശ്രു കണങ്ങള്‍ ഒഴുക്കാന്‍ കൊതിച്ചവര്‍. ആനന്ദം അലയടിക്കുന്പോഴും ആഘോഷം അലതല്ലുന്പോഴും പതിനായിരം സൂര്യനെക്കാള്‍ പ്രകാശം തുളുന്പുന്ന തന്‍റെ ഹബീബ് മുത്ത് നബി (സ്വ)യെക്കുറിച്ചോര്‍ക്കാന്‍ അവര്‍ മറന്നില്ല. മുഹമ്മദ്, ആ നാമത്തെപ്പോലെ സുന്ദരമായൊരു നാമം ലോകനിഘണ്ടുവിലില്ല. ആ പദത്തിന്‍റെ അര്‍ത്ഥ വ്യാപ്തി തേടിക്കൊണ്ടാണ് ആശിഖീങ്ങള്‍ മദീനയിലേക്കൊഴുകുന്നത്. അപ്പോള്‍ പച്ചക്കുബ്ബക്ക് മുകളില്‍ വട്ടമിട്ടു പറക്കുന്ന പ്രാവുകള്‍ പോലും ഹബീബിന്‍റെ ചാരത്തേക്ക് അവരെ സ്വാഗതം ചെയ്യും. ഖുബ്ബക്കു ചുറ്റുമുള്ള പക്ഷികള്‍, പ്രാണികള്‍ തുടങ്ങി മദീനയുടെ നറുമണം തേടിയെത്തുന്ന മുഴുവന്‍ ജീവജാലങ്ങളേയും അവര്‍ അതിരറ്റു ബഹുമാനിച്ചിരുന്നു. മദീനയിലേക്ക് കടക്കുന്പോള്‍ ആ മണല്‍ത്തരിയില്‍ ചെരിപ്പിട്ട് ചവിട്ടുന്നത് വരെ അവര്‍ മഹാ പാതകമായിട്ടായിരുന്നു അവര്‍ കരുതിയിരുന്നത്. ശൈഖ് രിഫാഇയും, ഇമാം ബറേല്‍വിയും, ബൂസ്വൂരിയുമെല്ലാം ഇശ്ഖില്‍ ലയിച്ച് പ്രവാചക പ്രേമത്തിന്‍റെ കാവ്യങ്ങള്‍ രചിച്ചവരാണ്. പത്തൊന്പതാം നൂറ്റാണ്ടില്‍ ഉത്തരേന്ത്യയില്‍ ശൈഖ് അഅ്ലാ ഹസ്രത്തും, മലബാറില്‍ ഉമര്‍ ഖാളിയും പ്രണയ കാവ്യത്തിലൂടെ പുത്തന്‍ പ്രസ്ഥാനങ്ങള്‍ക്കെതിരെ പടയോട്ടം നടത്തിയവരാണ്. ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ മലബാറിലെ ആശിഖീങ്ങള്‍ക്ക് പ്രകീര്‍ത്തനങ്ങളുടെ വിരുന്നൊരുക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചത് ശൈഖുനാ കുണ്ടൂരുസ്താദാണ്. നബിസ്നേഹം ശൈഖുനയുടെ രക്തത്തിലലിഞ്ഞു ചേര്‍ന്നിരുന്നു. ആ പ്രണയത്തിന് മുന്നില്‍ അതിര്‍വരന്പുകള്‍ പണിയാന്‍ ഒന്നിനും കഴിഞ്ഞിരുന്നില്ല. സ്വന്തം നാട്ടിലും മറ്റുനാടുകളിലും നബിപ്രകീര്‍ത്തന സദസ്സുകള്‍ സംഘടിപ്പിക്കാന്‍ സദാ യൗവനത്തോടെ ഓടിനടക്കുന്ന പ്രകൃതമായിരുന്നു ശൈഖുനയുടേത്. പഠനകാലത്തും അതിനു ശേഷവും എഴുതിയ പാടിയ കവിതകളില്‍ ഏറിയകൂറും മുത്തുനബിയോടുള്ള പ്രണയത്തെക്കുറിച്ചായിരുന്നു. തന്‍റെ പ്രേയസിയുടെ ഹരിത ഖുബ്ബയിലേക്ക് നോക്കി ശൈഖുന പാടി
”ആരംഭ പൂവായ മുത്ത് നബിയുടെ ഹള്റത്തില്‍ വന്നെത്തി
ഞങ്ങള്‍ക്ക് സന്തോഷം വന്നെത്തി”
ഇത് പാടുന്പോള്‍ അനുരാഗമുള്ള ആശിഖീങ്ങളുടെ നയനങ്ങളില്‍ നിന്നും പ്രണയ ബാഷ്പം ചാലിട്ടൊഴുകുമായിരുന്നു. അത്രയും തീവ്രത ജ്വലിപ്പിക്കുന്ന വരികളായിരുന്നു ശൈഖുനയുടേത്. മദീനയില്‍ കാലുകുത്തിയാല്‍ വളരെ ബഹുമാനത്തോടെയും സൂക്ഷമതയോടെയുമായിരുന്നു മുത്ത് നബിയുടെ അടുക്കലേക്ക് പോവാറുള്ളത്.
റബീഉല്‍ അവ്വല്‍ മാസമായാല്‍ വീടും നാടും പള്ളിയും മദ്രസയും അങ്ങാടിയും പാടവും പറന്പും നബി പ്രകീര്‍ത്തനങ്ങള്‍ക്കൊണ്ട് കുണ്ടൂരുസ്താദ് സജീവമാക്കുമായിരുന്നു. ഉസ്താദിനോട് കൂടെ അനാഥകളും അഗതികളും മുതലാളിമാരും തൊഴിലാളികളും കുട്ടികളും കൂടും. പങ്കെടുക്കുന്നവര്‍ക്കെല്ലാം ഭക്ഷണവും ചീരണിയും നല്‍കും. കത്തുന്ന വെയിലിലും തോരാതെ പെയ്യുന്ന മഴയിലും പ്രേയസിയെ സ്മരിച്ചുകൊണ്ടേയിരിക്കും. കവിതയുടെ വ്യാകരണത്തിലൊതുങ്ങി നില്‍ക്കുന്നതായിരുന്നില്ല ശൈഖുനയുടെ പ്രകീര്‍ത്തന സദസ്സുകള്‍. അത് ബൈത്തും, പാട്ടും, മാലയും മൗലിദുമായി കൂടിക്കലര്‍ന്നുകൊണ്ടിരിക്കും. പ്രണയം തുളുന്പുന്ന തേനിശലുകള്‍ അധരങ്ങളില്‍ നിന്നും ഒലിച്ചിറങ്ങും. പുറത്തെത്തിയാല്‍ മദീന മലര്‍വ്വനിയില്‍ നിന്നുള്ള ഇളംകാറ്റായി അനുഭവപ്പെടും. താളാത്മകതയോടെയുള്ള ആവര്‍ത്തനം പോലും ആസ്വാദകരെ ത്രസിപ്പിക്കും. പ്രേയസിയുടെ നാടും വീടും ചുറ്റുപാടുകളും കാമുകരെ എന്നും വികാരപ്പെടുത്തിയിട്ടുണ്ട്. മദീനയിലെത്തിയാല്‍ അവിടുത്തെ ചുമരുകളേയും മണല്‍ക്കൂനകളേയും തന്‍റെ ഹബീബിനോടുള്ള പ്രണയത്താല്‍ ചുംബിച്ചു പോകും. കണ്ണു നീര്‍ കൊണ്ട് മണല്‍ത്തരികളെ ഈറനണിയിപ്പിക്കും. ആ മണല്‍ക്കൂനയിലിരുന്ന് ശൈഖുന പ്രണയകാവ്യമാലപിച്ചു. “”പച്ചഖുബ്ബക്ക് മംഗളങ്ങള്‍ ഇരുലോക നേതാവിന്‍റെ ഖുബ്ബ അങ്ങ് അതി ശ്രേഷ്ഠര്‍, കണ്‍ കുളിര്‍മ്മ അഭയം, രക്ഷ, പ്രേമിയുടെ ആശ്വാസം ഇരു സമൂഹത്തിന്‍റേയും സ്്നേഹ പാത്രം..”
ഹബീബിനെ പരിഹസിക്കുന്നവര്‍ക്കെതിരെ അഅ്ലാ ഹസ്റത്തിനേയും അല്ലാമാ ഇഖ്ബാലിനേയും പോലെ കുണ്ടൂരുസ്താദും അക്ഷരങ്ങള്‍ക്കൊണ്ട് വിപ്ലവം തീര്‍ത്തിരുന്നു. ലോകത്ത് പൈശാചിക ഭ്രാന്താലയം നിര്‍മ്മിച്ച് മുത്ത്നബിയെയും മഹത്തുക്കളേയും ജനമധ്യേ അവഹേളിച്ചും അവരുടെ മഖ്ബറകള്‍ തച്ചുടക്കുമെന്നും ആക്രോശിക്കുന്ന നവീന വാദികള്‍ക്കെതിരേ ശൈഖുന പ്രതികരിച്ചത് ഇപ്രകാരം. ”വഹാബീ! മുഹമ്മദ് നബിയെപ്പോലെ ആരുണ്ട്? ഇല്ല കണ്ടു കിട്ടില്ല, ഒരുത്തിയും പ്രസവിക്കില്ല ഹായ് പ്രകാശം പരത്തുന്ന ഹരിത ഖുബ്ബ മതനിഷേധിക്കത് തൊടാനാകില്ല”
മുന്‍കഴിഞ്ഞ പ്രബുദ്ധരായ ഇമാമുമാരുടെയും മഹത്തുക്കളുടേയും വാക്കുകളോടും രചനകളോടും അഭേദ്യമായ ബന്ധം പുലര്‍ത്തുന്നതായിരുന്നു ശൈഖുനയുടെ വരികള്‍. ഇമാം അബൂഹനീഫ (റ)വിന്‍റെ പ്രകീര്‍ത്തിനത്തിനു സമാനമായി വന്ന വരികളെ ഇങ്ങനെ വായിക്കാം. ”യാനൂറല്‍ ഹുദാ അലൈക അസ്സലാത്തു മഅസ്സലാമി ഖുദ്ബി ഐദീനാ വകുന്നാ ഫീ ഉമൂരില്‍ ആഖിരീന” (സന്‍മാര്‍ഗ്ഗ വെളിച്ചമേ അങ്ങേക്ക് അഭിവാദ്യങ്ങള്‍ അങ്ങ് ഞങ്ങളുടെ കൈ പിടിക്കൂ ഞങ്ങള്‍ ബേജാറില്‍ അലയുകയാണ്)
മുത്തുനബിയെ മുന്‍ നിര്‍ത്തി കണ്ണീരൊഴിക്കിക്കൊണ്ടുള്ള ഉസ്താദിന്‍റെ പ്രാര്‍ത്ഥന ആശിഖീങ്ങള്‍ക്ക് ഹരമാണ്. ഉടനെ ഫലം കാണുകയും ചെയ്യും. ഹബീബിനെക്കുറിച്ച് പാടിയും പറഞ്ഞും കരമുയര്‍ത്തി കരയുന്പോള്‍ എത്ര വലിയ ഹൃദയകാഠിന്യമുള്ളവന്‍റേയും മനസ്സലിയും. പ്രശ്നങ്ങളും പ്രാരാബ്ദങ്ങളുമായി സമീപിക്കുന്നവര്‍ക്കെല്ലാം പരിഹാരമായി പറഞ്ഞിരുന്നത് ബുര്‍ദ്ദയും മൗലീദും തുടങ്ങി നബിപ്രേമ കാവ്യങ്ങള്‍ ചൊല്ലാനോ പ്രചരിപ്പിക്കാനോ ആയിരുന്നു. ആത്മീയമായും ഭൗതികമായും ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തിയ സമയത്തും മാരകമായ രോഗങ്ങള്‍ക്കൊണ്ട് പരീക്ഷിക്കപ്പെട്ടപ്പോഴും മരുന്നായി പറഞ്ഞു കൊടുത്തിരുന്നത് ബുര്‍ദ്ദയും സ്വലാത്തുമായിരുന്നു. മതാചാരങ്ങളില്‍ നിന്നും തെന്നിമാറി ഭൗതികതയെ പുണര്‍ന്നുകൊണ്ടിരുന്ന ജനങ്ങളെ മുഴുവന്‍ പ്രവാചകപ്രകീര്‍ത്തനത്തിന്‍റെ വക്താക്കളും പ്രചാരകരുമാക്കി മാറ്റാന്‍ അത്യധികം ശ്രമിച്ചിരുന്നു. ഇന്നും അണയാതെ സജീവമായിക്കൊണ്ടിരിക്കുന്ന വ്യാപകമായ ബുര്‍ദ്ദയുടേയും പ്രകീര്‍ത്തനങ്ങളുടേയും സദസ്സുകള്‍ കുണ്ടൂരുസ്താദിന്‍റെ സാമീപ്യത്തെ സദാ തൊട്ടുണര്‍ത്തുന്ന ജീവിക്കുന്ന തെളിവുകളാണ്.

Write a comment