Posted on

ആഢംബരത്തില്‍ അഭിരമിക്കുന്ന ആധുനിക സമൂഹം

aadambbbbbaram

പ്രപഞ്ചത്തിലെ സര്‍വ്വ സന്പത്തിന്‍റെയും ഉടമസ്ഥത അല്ലാഹുവില്‍ മാത്രം നിക്ഷിപ്്തമാണ്. മനുഷ്യന്‍ കൈവശം വെച്ചിരിക്കുന്ന ആസ്തികളെല്ലാം യഥാര്‍ത്ഥത്തില്‍ പടച്ചവന്‍റെതാണ്. മനുഷ്യനെ പരീക്ഷണത്തിന് വിധേയനാക്കാന്‍ വേണ്ടി ഐഹികജീവിതത്തില്‍ നിര്‍മ്മിച്ച അലങ്കാരങ്ങളാണ് സന്പത്തെന്നും അവയില്‍ മനുഷ്യന്‍ കൈകാര്യകര്‍ത്താവ് മാത്രമാണെന്നുമാണ് അല്ലാഹു സൂറത്തുല്‍ കഹ്ഫിലൂടെ നമ്മെ പഠിപ്പിക്കുന്നത്.
ഉടമസ്ഥനായ തന്പുരാന്‍റെ ആജ്ഞക്കനുസരിച്ച് അവ വിതരണം ചെയ്യുക എന്നതാണ് കൈകാര്യ കര്‍ത്താവായ മനുഷ്യന്‍റെ ബാധ്യത. അവന്‍ ആജ്ഞ നല്‍കിയിടത്തേക്ക് നല്‍കാതിരിക്കാനോ കല്‍പിക്കാത്ത ഇടങ്ങളിലേക്ക് നല്‍കാനോ ഇസ്ലാം മനുഷ്യനെ അനുവദിക്കുന്നില്ല. ഇസ്ലാം കല്‍പിച്ച നിര്‍ബന്ധിത ധര്‍മവും ഐഛിക ധര്‍മവും നല്‍കുന്നതോടൊപ്പം അവന്‍ ജീവിതസാഹചര്യങ്ങളില്‍ ദുര്‍വ്യയം കാണിക്കാതിരിക്കലും അനിവാര്യമാണ്.
ആവശ്യങ്ങളെയും അത്യാവശ്യങ്ങളെയുമൊഴിവാക്കി അനാവശ്യങ്ങള്‍ക്കും ആഢംബരങ്ങള്‍ക്കും പണം ദുര്‍വ്യയംചെയ്യുന്ന രീതിയിലേക്ക് നമ്മുടെ ജീവിതസാഹചര്യങ്ങളും സാന്പത്തിക ക്രയവിക്രയങ്ങളും വഴിമാറിയിട്ടുണ്ട്. ആഢംബരവീടുകള്‍ക്കും വാഹനങ്ങള്‍ക്കും പിറകേ ഓടിനടന്ന് അനാവശ്യങ്ങള്‍ക്ക് പണം വാരിയെറിഞ്ഞ് സന്പത്തിന്‍റെ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്ത ഹതഭാഗ്യര്‍ ദിനേനെ വര്‍ധിച്ചുവരികയാണ്.
അയല്‍ക്കാരനോടുള്ള മാത്സര്യബുദ്ധ്യാ ആവശ്യമുള്ളതിലധികം നിലകളും റൂമുകളും വര്‍ധിപ്പിച്ച് തന്‍റെ സാന്പത്തികസ്ഥിതി ജനങ്ങളെ കാണിക്കാന്‍ ശ്രമിക്കുന്ന വ്യക്തികളോട് ഇസ്ലാം ഓര്‍മപ്പെടുത്തുന്നത് വീടും കിടപ്പാടവുമാല്ലാതെ മഴയും വെയിലുമേറ്റ് കഷ്ടപ്പെടുന്ന പാവങ്ങളിലേക്ക് ശ്രദ്ധിക്കണമെന്നാണ്. ദുന്യാവിന്‍റെ കാര്യത്തില്‍ നിങ്ങളെക്കാള്‍ താഴെയുള്ളവരിലേക്ക് ശ്രദ്ധിക്കുക” (ബുഖാരി, മുസ്ലിം).
മോഡലുകളും ഫാഷനുകളും മാറുന്നതിനനുസരിച്ച് ഉണ്ടാക്കിയ വീട് പൊളിക്കാനും വീടിന്‍റെ ഡിസൈനുകള്‍ മാറ്റാനും ഒരുന്പെട്ടുകൊണ്ടിരിക്കുന്ന വ്യക്തികളോട് ഇസ്ലാം ഉണര്‍ത്തുന്നത് നിങ്ങളോ നിങ്ങളുടെ വീടുകളോ ഭൂമിലോകത്ത് ശാശ്വതമല്ലെന്നും ഇങ്ങനെ ദുര്‍വ്യയം ചെയ്യുന്നത്കാരണം സന്പത്തും ഭൂമിയും മലക്കുകളും നിങ്ങളുടെ അവയവങ്ങള്‍ പോലും നിങ്ങള്‍ക്കെതിരെ സാക്ഷി പറയുമെന്നുമാണ്.
ആവശ്യമില്ലാതെ പടുകൂറ്റന്‍ മതിലുകളും ഗേറ്റുകളും സ്ഥാപിച്ച് മണിമാളികകളില്‍ സുഖിക്കുന്നവര്‍ അയല്‍വാസിയുടെ ഇടുങ്ങിയജീവിതത്തെയോ കഷ്്ടപ്പാടിനെയോ ഓര്‍ക്കുന്നില്ല. അയല്‍വാസി പട്ടിണി കിടക്കുന്പോള്‍ വയര്‍ നിറച്ചുഭക്ഷിക്കുന്നവന്‍ ഇസ്്ലാമികചര്യ അനുദാവനം ചെയ്യുന്നവനല്ലഎന്നാണ് മുത്തുനബി(സ) നമ്മെ പഠിപ്പിക്കുന്നത് (ബൈഹഖി). അയല്‍വാസിയുടെ കഷ്ടപ്പാടിനെ ഗൗനിക്കാതെ സുഖസുഷുപ്തിയില്‍ കഴിയുന്നവരെല്ലാം ഇപ്രകാരം തന്നെയാണ്.
ഉള്ളത്കൊണ്ട് തൃപ്തിയടയാതെ സന്പത്തെല്ലാം വിറ്റും ബാങ്ക്ലോണെടുത്തും ആഡംബര വീടു വെച്ചും പണം ദുര്‍വ്യയം ചെയ്ത് ബാങ്ക്വായ്പ തിരിച്ചടക്കാനാവാതെ കിട്ടിയ വിലക്ക് സ്വപ്ന വീട് വില്‍ക്കുകയും ഒരു കഷ്ണം കയറിലോ മറ്റോ ജീവിതം അവസാനിപ്പിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ നമുക്ക് അന്യമല്ല.
വാഹനങ്ങളോടുള്ള ഭ്രമം ആധുനിക യുവതയുടെ മനസ്സിനെ കീഴ്പെടുത്തിയിരിക്കുന്നു. സഞ്ചരിക്കാന്‍ സൗകര്യപ്രദമായ വാഹനം എന്നതിനപ്പുറം ഫാഷനുകളെയും ആഢംബരങ്ങളെയുമാണ് പലപ്പോഴും ഗൗനിക്കുന്നത്. ഫാഷനുകള്‍ക്കും ആഢംബരങ്ങള്‍ക്കും പ്രാധാന്യം നല്‍കി മാര്‍ക്കറ്റുകളില്‍ പണം വാരിയെറിഞ്ഞ് ദുര്‍വ്യയം ചെയ്യുന്നവര്‍ ദൈവസന്നിധിയിലെത്തുന്നത് നിരാശയോടെയായിരിക്കും. പരിമിതമായ സൗകര്യങ്ങള്‍ക്കും ആശ്വാസത്തിനും വേണ്ടിയായിരിക്കും ലക്ഷങ്ങളും കോടികളും മുടക്കി പലരും ആഢംബരവാഹനങ്ങള്‍ക്ക് പിറകെ പോകുന്നത്.
ഒരുവീട്ടില്‍ ഒരുവാഹനം എന്നതില്‍ കവിഞ്ഞ് ഒരാള്‍ക്ക് തന്നെ ധാരാളം വാഹനങ്ങളുള്ള സാഹചര്യമാണിപ്പോഴുള്ളത്. ഒരാള്‍ക്ക്മാത്രം സഞ്ചരിക്കേണ്ട സാഹചര്യത്തില്‍ പോലും ഒന്നിലധികം പേര്‍ക്ക് യാത്രചെയ്യാവുന്ന വാഹനങ്ങള്‍ മാത്രം ഉപയോഗിച്ച് പുറത്തിറങ്ങുന്നവര്‍ ചെയ്യുന്നത് ദുര്‍വ്യയം തന്നെയാണ്. പുറമെ ഇത് ഇസ്്ലാം വന്‍പ്രാധാന്യം നല്‍കിയ പരിസ്ഥിതിസംരക്ഷണത്തിന് വിഘാതം സൃഷ്ടിക്കുകയും ചെയ്യുന്നു.
വാഹനങ്ങള്‍ക്ക് പുറമെ, ഒരു പ്രാധാന്യവുമില്ലാത്ത ഫാഷന്‍ നന്പറുകള്‍ക്ക് വേണ്ടി മല്‍സരിക്കുകയും പണമിറക്കുകയും ചെയ്യുന്ന പ്രവണത യുവമനസ്സുകളില്‍ വര്‍ധിച്ചിട്ടുണ്ട്. പണമുണ്ടെന്ന് കരുതി അല്ലാഹു നല്‍കിയ അനുഗ്രഹത്തെ മറന്ന് ആഢംബരവീടുകള്‍ക്കും വാഹനങ്ങള്‍ക്കും ഫാഷന്‍ നന്പറുകള്‍ക്കും പിറകെ സഞ്ചരിക്കുന്നവരെ അല്ലാഹു ചെയ്ത അനുഗ്രഹങ്ങളെ അവഗണിച്ച പിശാചിനോടാണ് തുല്ല്യപ്പെടുത്തിയാണ് ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നത്. ദുര്‍വ്യയം ചെയ്യുന്നവര്‍ ദൈവനിഷേധികളായ പിശാചുക്കളുടെ കൂട്ടാളികളാണ്. അതുകൊണ്ട് അവരും ദൈവനിഷേധികള്‍തന്നെയാണ്” (തഫ്സീര്‍ റാസി: ഇസ്റാഅ് 26) എന്നാണ് ഖുര്‍ആനികാദ്ധ്യാപനം. സന്പത്ത് അല്ലാഹു പൊരുത്തപ്പെടാത്ത മാര്‍ഗത്തില്‍ ചെലവഴിച്ചു എന്നത്് മാത്രമാണ് ദൈവനിഷേധിയെന്ന വിശേഷണത്തിന് നിദാനം. തെറ്റുകളിലായി ഒരല്‍പം ചെലവഴിച്ചാല്‍തന്നെ ഖുര്‍ആന്‍ ദൈവനിഷേധികളെന്ന് വിശേഷിപ്പിച്ച ഗണത്തില്‍ ഉള്‍പെടുമെന്ന് ഇമാം റാസി(റ) പറഞ്ഞതായി കാണാം”.
സന്പത്തില്‍ മാത്രമല്ല, പ്രകൃതിവിഭവങ്ങളില്‍ പോലും അമിതമായ ഉപയോഗം അരുതെന്നാണ് ഇസ്്ലാമികാദ്ധ്യാപനം. വളരെ പുണ്യകരമായ അംഗസ്നാനത്തില്‍ പോലും ദുര്‍വ്യയം പാടില്ലെന്നാണ് മുത്ത്നബി(സ്വ) നമ്മോടുണര്‍ത്തുന്നത്. ഒഴുകുന്ന നദീതീരത്താണെങ്കില്‍ പോലും വൂളൂഇല്‍ ദുര്‍വ്യയം ചെയ്യരുത്” എന്നാണ് അവിടുന്ന് സഅദ്(റ)വിനോട് ഉപദേശിച്ചത് (ഇബ്നു മാജ 6/2).
സന്പത്ത് വേണ്ടരൂപത്തില്‍ ചെലവഴിക്കാതെ ലുബ്്ധത കാണിക്കുകയോ അമിതമായി ചെലവഴിച്ച് ദുര്‍വ്യയം ചെയ്യുകയോ അരുത് എന്നതിലേക്കാണ് സുറത്തുല്‍ ഇസ്്റാഇന്‍റെ 29ാം വചനത്തിലൂടെ അല്ലാഹു ഓര്‍മപ്പെടുത്തുന്നത്.
ദുന്യാവിനെ കൂടുതല്‍ സ്്നേഹിച്ചതുകൊണ്ടാണ് മനുഷ്യന്‍ ദുര്‍വ്യയം ചെയ്യാന്‍ താല്‍പര്യപ്പെടുന്നത്. ദുന്യാവിന് നാഥന്‍ ഒരു കൊതുകിന്‍റെ ചിറകിന്‍റെ വിലപോലും കല്‍പിക്കുന്നില്ല” (തുര്‍മുദി) എന്ന തിരുവചനം മറന്നുകൊണ്ടാണ് സന്പത്ത് ദുര്‍വിനിയോഗിച്ച്, ശാശ്വതമായ ആഖിറത്തെപോലും നഷ്ടപ്പെടുത്താന്‍ മനുഷ്യന്‍ മടികാണിക്കാതിരിക്കുന്നത്. ദുര്‍വ്യയം ചെന്നുചേരുന്നത് ദാരിദ്ര്യത്തിലേക്കാണെന്ന വസ്തുതയും അവന്‍ ഓര്‍ക്കുന്നില്ല.
മണിമാളികകളും ആഢംബര വാഹനങ്ങളും ഫാഷന്‍ നന്പറുകളുമാണ് ജീവിതത്തിന് അര്‍ത്ഥം പകരുന്നതെന്ന് കരുതുന്നവരോട് മുത്ത്നബി(സ്വ)ഓര്‍മപ്പെടുത്തുന്നത് ഐഹികജീവിതം ഹരിതാഭമായ മാധുര്യമാണ് ” എന്നുംയഥാര്‍ത്ഥജീവിതം പാരത്രിക ലോകത്താണെന്നുമാണ് ”. (ബുഖാരി, മുസ്്ലിം)
നാഥന്‍റെ സന്നിധിയില്‍ ഒരുവിലയുമില്ലാത്ത ദുന്യാവാണ് മനുഷ്യനെ ദുര്‍വ്യയം ചെയ്യാന്‍ പ്രേരിപ്പിച്ചുകൊണ്ട് ശാശ്വതമായ നരകത്തിലേക്ക് തള്ളിവിടുന്നത്. മുത്ത്നബി(സ്വ) തന്‍റെ സമുദായത്തിന് മേല്‍ കൂടുതല്‍ ഭയപ്പെട്ടിരുന്നതും ദുന്യാവിന്‍റെ വര്‍ധനവിനെയാണ്. ദാരിദ്രത്തെക്കാള്‍ എന്‍റെ ഉമ്മത്തിന് ദുന്യാവ് കുമിഞ്ഞ്കൂടുന്നതിനെ ഞാന്‍ ഭയപ്പെടുന്നു. കാരണം നിങ്ങളുടെ മുന്‍ഗാമികള്‍ സന്പത്ത് ഇഷ്ടപ്പെട്ടത്കാരണം നശിപ്പിക്കപ്പെട്ടതുപോലെ നിങ്ങളും നാശത്തിലകപ്പെടാം”(ബുഖാരി, മുസ്്ലിം) എന്ന്്് അവിടുന്ന്് മുന്പെ പ്രവചിച്ചുവെച്ചു.
ജീവിതത്തിന്‍റെ നിഖിലമേഖലകളിലും ദുര്‍വ്യയത്തെ അകറ്റിനിര്‍ത്തി പ്രപഞ്ചപരിത്യാഗത്തെ തെരെഞ്ഞെടുക്കണമെന്നാണ് ഇസ്്ലാമികാദ്ധാപനം. കാരണം ദുന്യാവില്‍ സന്പത്തുകൊണ്ട് അനുഗ്രഹം ലഭിച്ചിട്ടും അല്ലാഹു പൊരുത്തപ്പെടുന്ന മാര്‍ഗത്തില്‍ അവ ചെലവഴിക്കാത്തവന്‍ ആഖിറത്തില്‍ പ്രതിഫലം വളരെ കുറഞ്ഞവനാണ് ” (ബുഖാരി, മുസ്്ലിം) എന്ന ഹദീസിനെ നാം ജീവിതത്തില്‍ പകര്‍ത്തേണ്ടതുണ്ട്.
അതുകൊണ്ട് നാഥന്‍ ആജ്ഞാപിച്ചസ്ഥലങ്ങളിലേക്ക് കഴിയുംവിധം സ്വശരീരങ്ങളെയും സന്പത്തിനെയും തിരിക്കുകയും അവന്‍ പൊരുത്തപ്പെടാത്ത മാര്‍ഗത്തെത്തൊട്ട് അവയെ തടയുകയും ചെയ്തുകൊണ്ടായിരിക്കണം വിശ്വാസിയുടെ ഐഹികജീവിതം.

Write a comment