Posted on

അവധിക്കാലം ഇങ്ങനെ മോഷ്ടിക്കണോ?

രാവിലെ മുതല്‍ പണിയാണ്. പണിയോട് പണി, സുബ്ഹിക്ക് മുന്നെ ചായക്ക് വെള്ളം വെക്കണം, ഏഴ് മണിക്ക് നാസ്തയാവണം. എട്ടു മണിക്കു മുന്പ് ചോറ്റുപാത്രങ്ങളില്‍ ചോറും ഉപ്പേരിയും എല്ലാമായി നിറച്ചുവെക്കണം, ചിലപ്പോള്‍ ബേഗും കുടയും പുസ്തകവും എല്ലാം ശരിപ്പെടുത്തി വെക്കണം. രണ്ട് മൂന്ന് കുട്ടികള്‍ സ്കൂളില്‍ പോവാറുള്ള വീട്ടിലെ തിരക്കാണിത്. എന്നാല്‍ കുട്ടികളോ? പത്ത് മാസം പേറിനടക്കണം, വയറ്റിനകത്തല്ല, പുറത്ത,് തന്നെക്കാള്‍ വലിപ്പമുള്ള ബാഗില്‍ പുസ്തകങ്ങള്‍ കുത്തിനിറച്ച് പോവണം. ഒരേ ഒഴുക്ക്, ഒരേ പോക്ക്, വരവ്. മാറ്റങ്ങളില്ലാതെ ഒരു ജീവിതം. വല്ലപ്പോഴും സന്തോഷങ്ങള്‍ കടുന്നുവരുന്നത് ഞായറാഴ്ചകളിലോ മറ്റു ഒഴിവുദിവസങ്ങളിലോ മാത്രമാണ്.
അപ്പോള്‍ അവര്‍ കളിച്ചാസ്വദിക്കും. ചെറുകിട കച്ചവടക്കാരായും അത്യുഗ്രന്‍ പ്ലയറായും അവന്‍ വര്‍ത്തിക്കും. വിരുന്ന് പോയും വന്നും കുടുംബ ജീവിതത്തിന്‍റെ കണ്ണികളാവും. അതിനു വേണ്ടി ദിവസങ്ങളെണ്ണിക്കാത്തിരിക്കും. സ്നേഹം പകര്‍ന്നു നല്‍കാനും തിരിച്ചുവാങ്ങാനും ആ നല്ല കാലങ്ങള്‍ കുഞ്ഞുങ്ങള്‍ ഉപയോഗപ്പെടുത്തി. ഇന്നിപ്പോള്‍ സ്നേഹം മരിച്ചിരിക്കുന്നു. ആര്‍ക്കും ആരെയും കാണാനൊഴിവില്ല. മതില്‍കെട്ടുകള്‍ക്കുള്ളില്‍ കിടന്നു ഞെരുങ്ങുകയാണവര്‍. പുറത്തിറങ്ങാനോ സ്വൈര്യവിഹാരങ്ങള്‍ നടത്താനോ അവര്‍ക്കാരും അവസരങ്ങള്‍ നല്‍കുന്നില്ല.
ഇനിയിപ്പോള്‍ അവധിക്കാലമാണ്. പത്തു മാസത്തെ പഴഞ്ചന്‍ പോക്കിനൊരു ബ്രേക്ക്. സ്കൂളില്‍ എക്സാം കഴിഞ്ഞ അവധി തുടങ്ങിയതിന്‍റെ പിറ്റേ ദിവസം മുതല്‍ പത്രത്തിനോടു കൂടെ വരാന്‍ തുടങ്ങിയതാണ് കന്പ്യൂട്ടര്‍ കോഴ്സിന്‍റെ പരസ്യങ്ങള്‍. മുവ്വായിരവും നാലായിരവും രൂപ ഫീ നല്‍കി പഠിപ്പിക്കുന്നതോ..! എങ്ങനെ ഒരു ഫോള്‍ഡര്‍ ക്രിയേറ്റ് ചെയ്യാം..? എങ്ങനെ കന്പ്യൂട്ടര്‍ ഓണ്‍ ചെയ്യാം.. തുടങ്ങിയതാണ്. രണ്ടു മാസത്തെ കന്പ്യൂട്ടര്‍ കോഴ്സ് പിന്നെ സ്പോക്കണ്‍ ഇംഗ്ലീഷ്, ട്യൂഷന്‍ തുടങ്ങിയ പരിപാടികള്‍ കൊണ്ട് ചിലര്‍ക്ക് ചിലതൊക്കെ കിട്ടണം. അതിനു കുഞ്ഞുങ്ങളുടെ ഒഴിവു സമയം കവര്‍ന്നെടുക്കണം. വീട്ടുകാരുടെ ഉറക്കം കെടുത്തണം.
അതിനു വേണ്ട മറിമായങ്ങള്‍ അന്വേഷിച്ച് ഇത്തരക്കാര്‍ ഉലകംചുറ്റുകയാണ്. അങ്ങനെയാണ് കന്പ്യൂട്ടര്‍ കോഴ്സെന്നും സ്പോക്കണ്‍ ഇംഗ്ലീഷെന്നും പറഞ്ഞ് വെക്കേഷന്‍ തരികിട പരിപാടികള്‍ ആരംഭിക്കുന്നത്.
ന്യൂ ജനറേഷന്‍റെ വായു മാത്രം ശ്വസിച്ച് ജീവിക്കുന്ന കുട്ടികള്‍ക്ക് തിന്മയിലേക്ക് ഇറങ്ങിപ്പോവാനുള്ള അവസരങ്ങള്‍ എന്പാടുമുണ്ട്. പ്രത്യേകിച്ച് കേരളീയര്‍, പുത്തന്‍ വേഷവിധാനങ്ങളോടും സംസ്കാരങ്ങളോടും കണ്ണിറുക്കി പ്രണയിക്കുന്നവര്‍. ഏത് കോലക്കേടുകളും സംസ്കാരമായും അന്തസ്സായും മനസ്സിലാക്കുന്നവരുടെ ഇടയിലാണ് വിദ്യാര്‍ത്ഥികള്‍ വളര്‍ന്നുവരുന്നത്. അവരെ സ്വഛന്ദമായ ജീവിത വ്യവസ്ഥിതികളിലേക്ക് ആനയിക്കേണ്ടതുണ്ട്. സത്യമായ ജീവിതം അനന്തമായതാണെന്നും അതിനു വേണ്ടിയുള്ള ഒരുക്കങ്ങളാവണം അറിവും വഴികളുമെന്ന് അവര്‍ക്ക് ബോധ്യപ്പെടുത്തണം. തിന്മയുടെ പ്രതലത്തിലും ചുവടുതെറ്റാതെ ആരെയും നടക്കാന്‍ അവരെ പ്രാപ്തരാക്കണം. മതമൂല്യങ്ങളെ കൂട്ടുപിടിച്ച് മാത്രം ഭൗതിക രംഗം അഭ്യസിക്കുന്ന രൂപം കുട്ടികളില്‍ കൈവരണം. അതിനാവശ്യമായ വെക്കേഷന്‍ ക്യാന്പുകള്‍ ചിലപ്പോഴെങ്കിലും ആവശ്യമായിവരും. അവിടെയും അവര്‍ക്ക് ഉല്ലാസങ്ങള്‍ നല്‍ാകാനാവണം. കളിയിലൂടെ കാര്യമറിയാനാണ് അവരെ പ്രേരിപ്പിക്കേണ്ടത്.

Write a comment