Posted on

ഇന്ദ്രപ്രസ്ഥം വൃത്തിയാക്കാന്‍ ഈ ചൂലു മതിയാകുമോ?

Brooms_for_sale_in_Tbilisi

ഈര്‍ക്കിള്‍ രാഷ്ട്രീയത്തില്‍ നിന്ന് ചൂല്‍ രാഷ്ട്രീയത്തിലേക്ക് കടന്നിരുന്നവരും വരി നില്‍ക്കുന്നവരും അറിയാതെ പറയുന്ന ചില സത്യങ്ങളുണ്ട്. സാറ ചേച്ചിക്കും രമക്കും ജാനുവിനുമൊക്കെ കേരള രാഷ്ട്രീയം കണ്ട് പഠിച്ചവരെയേ അറിയൂ. മതേതരത്വ രാഷ്ട്രീയത്തിന്‍റെ നെല്ലും പതിരും തിരിച്ചളക്കാന്‍ തന്നെ വരണമായിരുന്നു കാത്തോലിക്കാ സഭ പുറത്തിരുത്തിയ സാറാ ജോസഫിന്. റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കും ഗോത്രമഹാസഭക്കും ആക്ഷേപ രാഷ്ട്രീയത്തില്‍ നിന്ന് അധികാരത്തിന്‍റെ വെളുപ്പ് കാണണമായിരുന്നു. അതാണിപ്പോഴും ക്യൂവില്‍ നിന്നിറങ്ങാതെ ഊഴം കാത്തിരിക്കുന്നത്.
അഴിമതി രാഷ്ട്രീയക്കാരെയല്ല പേടി, അവരെ ഭരിക്കുന്ന കോര്‍പ്പറേറ്റ് അംബാനിമാരെയാണെന്ന് കെജ്രിവാള്‍ പറയുന്പോഴും ന്യായമായും ചോദിക്കാവുന്ന ചില ചോദ്യങ്ങളുണ്ട്. അഴിമതി രാഹിത്യം കൊണ്ടുമാത്രം സമൂഹത്തില്‍ ജനാധിപത്യം പുഷ്ടിപ്പെടുന്നില്ല. സമത്വം, ലിംഗനീതി, പരിസ്ഥിതി, ബഹുസ്വരത, മതേതരത്വം എന്നിങ്ങനെ ഒട്ടനവധി കാര്യങ്ങളെ പ്രത്യയശാസ്ത്ര പരമായി നേരിടാനും കൈകാര്യം ചെയ്യാനും ഒരു രാഷ്ട്രീയ പാര്‍ട്ടിക്കാവണം. അപ്പോള്‍ നമ്മുടെ കേരളത്തിലെ ഈര്‍ക്കിള്‍ പാര്‍ട്ടികള്‍ക്കും അകലം വരച്ചു നിര്‍ത്തിയ വൃദ്ധരാഷ്ട്രീയക്കാര്‍ക്കും എന്തു പറയാനുണ്ടാകും?
പരിപ്പുവടയും കട്ടന്‍ചായയും കഴിക്കുന്നവരെന്ന വിശേഷണത്തില്‍ അപകര്‍ഷത തോന്നാത്തത് അച്യുതാനന്ദന് മാത്രമേയുള്ളൂവെന്നു തോന്നുന്നു. അതു കൊണ്ടു തന്നെയാവാം കെജ്രിവാള്‍ കേരളരാഷ്ട്രീയത്തില്‍ ഇടം പിടിക്കാന്‍ അച്ചുമാമനെ സ്വാഗതം ചെയ്യുന്നത്. എല്ലാവര്‍ക്കും പറയണമെന്നുണ്ട്, ഞങ്ങളാണ് കേരളത്തിലെ ആം ആദ്മികളെന്ന് ആ താല്‍പര്യമാണ് കുഞ്ഞാലിക്കുട്ടിയെ അങ്ങനെ തന്നെ പറയാന്‍ പ്രേരിപ്പിച്ചത്. മുംബൈയിലെ ശിവസേനക്കാര്‍ പറയുന്നു അവരാണ് അവിടുത്തെ ആം ആദ്മികളെന്ന്. നമ്മുടെ നാട്ടിലെ കമ്മ്യൂണിസ്റ്റുകാരനെ അതു പറയാനനുവാദിക്കാത്തതിനു പിന്നില്‍ നേരത്തെ പറഞ്ഞ അപകര്‍ഷതാബോധം നിറഞ്ഞു കാണാം.
മുഖ്യമന്ത്രി പദത്തില്‍ നിന്നും ഇറങ്ങിപ്പോന്നത് ഭയപ്പാടിന്‍റെയോ വിഹ്വലതയുടെയോ ഭാഗമല്ല. ഇന്ത്യന്‍ രാഷ്ട്രീയം കാണാനിരിക്കുന്ന ചില അത്യപൂര്‍വ്വ കാഴ്ചകളിലേക്കുള്ള ചൂണ്ടുവിരലാണ്. അരിവാള്‍ രാഷ്ട്രീയത്തിന്‍റെയും ഈര്‍ക്കിള്‍ പാര്‍ട്ടികളുടെയും ഭാവി ഇനി ചരിത്ര പുസ്തകത്തില്‍ നിന്നു വായിക്കാം.

Write a comment