Posted on

ഖുത്വുബുല്‍ അഖ്ത്വാബ്; ആത്മീയ വഴികാട്ടി

d3dcf036fc3cbb1108240360eeafc321

ഖുതുബുല്‍ അഖ്ത്വാബ്, ഗൗസുല്‍ അഅ്ളം, മുഹ്യിദ്ദീന്‍ ശൈഖ്, സുല്‍ത്താനുല്‍ ഔലിയ തുടങ്ങിയ വ്യത്യസ്ത സ്ഥാനപ്പേരുകളില്‍ ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി(ഖ.സി) നമുക്കിടയില്‍ അറിയപ്പെടുന്നു. അവയില്‍ സുപ്രധാനമായ ‘ഖുത്ബുല്‍ അഖ്ത്വാബ്’ എന്ന നാമത്തിന്‍റെ രഹസ്യത്തെക്കുറിച്ച് ഒരന്വേഷണം നടത്തുകയാണിവിടെ.
പ്രവാചകന്മാരില്‍ അന്പിയാക്കള്‍, മുര്‍സലുകള്‍, ഉലുല്‍അസ്മുകള്‍ തുടങ്ങി പല ഗ്രേഡുകളും ഉള്ളതു പോലെ ഔലിയാക്കള്‍ക്കിടയിലും പല പദവികളുണ്ട്. ഇമാം ശഅ്റാനി(റ) പറയുന്നു: ഖുത്വ്ബ്, അഫ്റാദ്, ഔതാദ്, അബ്ദാല്‍ എന്നീ ക്രമത്തിലാണ്. ഔലിയാഇന്‍റെ പദവികള്‍(യവാഖീത് 229). ഖുത്വ്ബ് ഒരു കാലത്ത് ഒരാള്‍ മാത്രമായിരിക്കും. ഇങ്ങനെ എല്ലാ കാലത്തും ഓരോ ഖുത്വുബുകളാണ് ഉണ്ടാകുക. ശൈഖ് ജീലാനി(റ) അദ്ദേഹത്തിന്‍റെ കാലഘട്ടത്തിലെ ഖുത്വുബും മദ്ഹബിന്‍റെ ഇമാമുകള്‍ക്ക് ശേഷം ഖിയാമത്ത് നാള്‍ വരെയുള്ള എല്ലാ ഖുത്വുബുകളുടെയും ഖുത്വുബുമാണ്.
ശൈഖ് ജീലാനി(റ) ഖുത്വ്ബാണെന്നത് അദ്ദേഹം പ്രഖ്യാപിച്ചതും പണ്ഡിത ലോകം അംഗീകരിച്ചതുമാണ്. മുഹ്യിദ്ദീന്‍ ശൈഖ്(റ) പറഞ്ഞു: “ഞാന്‍ എത്രയോ മുന്പ് തന്നെ ആദരണീയനായ ഖുത്വ്ബായിരിക്കുന്നു. ലോകം എന്നെ വലയം ചെയ്യുന്നുണ്ട്. അല്ലാഹുവാണ് എന്നെ ഉയര്‍ത്തിയത്”. (ഫുതൂഹുല്‍ ഗൈബ്: 214).
“ഔലിയാഇല്‍ എന്‍റെ പദവിയിലെത്തിയവര്‍ ആരുണ്ട്? യഥാര്‍ത്ഥത്തില്‍ എന്‍റെ പിതാമഹനായ അന്ത്യപ്രവാചകരാണ് എന്നെ പരിപാലിച്ചത്” (ഫുതൂഹുല്‍ ഗൈബ്: 214) മുഹമ്മദുബ്നു സഈദുസ്സന്‍ജാനി(റ) റൗളത്തുന്നവാളിര്‍ എന്ന ഗ്രന്ഥത്തില്‍ പറയുന്നു. ഹസനുല്‍ ബസ്വരി(റ) മുതല്‍ എല്ലാ ശൈഖുമാരും ശൈഖ് മുഹ്യിദ്ദീന്‍(റ)ന്‍റെ ജനനത്തെക്കുറിച്ച് സൂചിപ്പിക്കുകയും അദ്ദേഹം തന്‍റെ കാലത്തെ ഏറ്റവും വലിയ ഖുത്വ്ബാകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. (തഫ്രീഹുല്‍ ഖാത്വിര്‍: 13)
അല്ലാഹു മുഹ്യിദ്ദീന്‍ ശൈഖിന് നല്‍കിയ അധികാരവും സ്ഥാനവും തെളിയിക്കുന്ന ഒരു സംഭവം കാണാം, ഹാഫിള് അബ്ദുല്‍ ഇസ്സില്‍ ബാഗ്ദാദി പറയുന്നു്: പല പണ്ഡിതന്മാരും ഇപ്രകാരം പറഞ്ഞു്: ഞങ്ങള്‍ ബാഗ്ദാദില്‍ ശൈഖ് ജീലാനിയുടെ സദസ്സിലായിരുന്നു. അവിടെ ഇറാഖിലെ ഭൂരിപക്ഷം ശൈഖുമാരും അപ്പോള്‍ സന്നിഹിതരായിരുന്നു. ശൈഖ് അലിയ്യുബ്നു ഹീതിയുമുണ്ട്. ശൈഖ് ജീലാനി സദസ് അഭിമുഖീകരിച്ച് സംസാരിക്കുകയാണ്. ഇടക്ക് അദ്ദേഹം ഇങ്ങനെ പ്രഖ്യാപിച്ചു, “എന്‍റെ പാദം എല്ലാ വലിയ്യിന്‍റെയും പിരടിയിലാണ്.” ഉടനെ ശൈഖ് അലിബ്നു ഹീതി ചാടി എഴുന്നേറ്റു ശൈഖ് ജീലാനിയുടെ പാദമെടുത്ത് ചുമലില്‍ വെച്ച്് പ്രത്യക്ഷത്തില്‍ തന്നെ പ്രഖ്യാപനം നടപ്പാക്കി. തുടര്‍ന്ന് ബാക്കിയുള്ള ശൈഖുമാരെല്ലാം തല നീട്ടിക്കൊടുത്തു. (ബഹ്ജ; 67)
ശൈഖ് ജീലാനിയുടെ ഈ പ്രഖ്യാപനം അല്ലാഹുവിന്‍റെ കല്‍പനയായിരുന്നുവെന്ന് ശൈഖ് അബൂ സഈദില്‍ ഖീലുവി, ശൈഖ് അലിബ്നു ഹീതി, അബൂ മുഹമ്മദില്‍ ബസ്വരി പോലോത്ത പ്രഗത്ഭരായ മശാഇഖുമാര്‍ പറയുന്നുണ്ട്്.(ബഹ്ജ1012) ആദം നബിക്ക് സൂജൂദ് ചെയ്യാന്‍ മലാഇകത്തിനോട് അല്ലാഹു കല്‍പിച്ചിട്ടുണ്ട്. യൂസുഫ് നബിക്ക് പിതാവും ജ്യേഷ്ഠന്മാരും സുജൂദ് ചെയ്ത സംഭവം ഖുര്‍ആനിലുണ്ട്.(യൂസുഫ് 100) അതൊന്നും അവരെ ആരാധിക്കലല്ല. അവരുടെ സ്ഥാനം അംഗീകരിക്കലാണ്. ആദം നബി(അ)ക്ക് അല്ലാഹു നല്‍കിയ സ്ഥാനം മലക്കുകള്‍ അംഗീകരിക്കുന്നു. യൂസുഫ് നബി(അ)ക്ക് നല്‍കപ്പെട്ട സ്ഥാനം പിതാവും സഹോദരന്മാരും സമ്മതിക്കുന്നു. അത് പോലെ ശൈഖ് ജീലാനിയുടെ സ്ഥാനവും മഹത്വവും മറ്റ് മശാഇഖുമാര്‍ അംഗീകരിക്കുകയാണ്.
ശൈഖ് ജീലാനി(റ) അറിയപ്പെട്ടിരുന്നത് ഗൗസുല്‍ അഅ്ളം എന്ന സ്ഥാനപ്പേരിലാണ്. ഒരിക്കല്‍ നാല്‍പത് ദിവസം സുന്നത്ത് നോന്പനുഷ്ടിക്കാന്‍ ശൈഖ്് തീരുമാനിച്ചു. നോന്പ് തുറക്കാനുള്ള പച്ചവെള്ളമല്ലാതെ ഭൂമിയിലെ ഭക്ഷണ പാനീയങ്ങളൊന്നും ഈ നാല്‍പത് ദിവസം ഉപയോഗിക്കില്ലെന്നും, ആകാശത്ത് നിന്ന് അല്ലാഹു കൊടുത്തയച്ചാല്‍ അത് മാത്രമേ ഉപയോഗിക്കൂ എന്നും മഹാന്‍ പ്രതിജ്ഞ ചെയ്തു. നാല്‍പത് തികയാന്‍ രണ്ട് ദിവസമുള്ളപ്പോള്‍ ശൈഖിന്‍റെ വീടിന്‍റെ മേല്‍ഭാഗം പിളര്‍ന്ന് ഒരാള്‍ കടന്നു വന്നു. അദ്ദേഹത്തിന്‍റെ വലതുകയ്യില്‍ സ്വര്‍ണ്ണപ്പാത്രവും ഇടതുകയ്യില്‍ വെള്ളിപ്പാത്രവുമുണ്ട്. രണ്ട് പാത്രത്തിലും നിറയെ പഴങ്ങളും. ആഗതന്‍ രണ്ട് പാത്രവും ശൈഖിന് നീട്ടിയപ്പോള്‍ ശൈഖ് ചോദിച്ചു. ഇതെന്താണ്? ഇത് ആകാശത്തു നിന്നും നിങ്ങള്‍ക്ക് തിന്നാന്‍ ഞാന്‍ കൊണ്ടു വന്നതാണ്. “എടാ നാശമേ, കൊണ്ടു പോകൂ.. എന്‍റെ പിതാമഹന്‍ (മുഹമ്മദ് നബി (സ്വ) നിരോധിക്കപ്പെട്ട സ്വര്‍ണ്ണവും വെള്ളിയും. ആഗതന്‍ പിന്തിരിഞ്ഞോടി. അയാള്‍ പിശാചാണെന്ന് ശൈഖ് തിരിച്ചറിഞ്ഞിരുന്നു. അന്ന് നോന്പ് തുറക്കാന്‍ സമയമായപ്പോള്‍ ആകാശത്തു നിന്നും ഒരു മലക്ക് കയ്യില്‍ വിഭവങ്ങള്‍ നിറച്ച ഒരു പാത്രവുമായി വന്നു. അത് ശൈഖിന്‍റെ സവിധത്തില്‍ വെച്ച് മലക്ക് പറഞ്ഞു: “ഹേ ഗൗസുല്‍ അഅ്ളം, ഇത് അല്ലാഹുവിന്‍റെ സല്‍ക്കാരമാണ്.” തുടര്‍ന്ന് ശൈഖും അനുയായികളും അതുപയോഗിച്ചു. എല്ലാവരും അല്ലാഹുവിന് നന്ദി പറഞ്ഞു. (തഫ്രീഹുല്‍ ഖാത്വിര്‍; പേജ് 12)
അല്ലാഹുവിനെ സൂക്ഷിച്ചവര്‍ക്ക് പ്രതീക്ഷിക്കാത്ത ഭാഗത്ത് നിന്നും അല്ലാഹു ഭക്ഷണം നല്‍കും.(65:2) എന്ന ഖുര്‍ആനിക വചനം അന്വര്‍ത്ഥമാവുകയാണിവിടെ.

Write a comment