Posted on

ജീലാനീ ദര്‍ശനങ്ങളില്‍ ഉത്തമ മാതൃകയുണ്ട്

[CooL GuY] {{a2zRG}}

“നിങ്ങള്‍ നഗ്നപാദരാണ്. ഉടുപ്പില്ലാത്തവരാണ്. പട്ടിണിക്കാരാണ്, പൊതുസമൂഹത്തിന്‍റെ പളപളപ്പില്‍ നിന്ന് പുറന്തള്ളപ്പെട്ട നിര്‍ഭാഗ്യവാന്മാരാണ്. പക്ഷേ, അല്ലാഹു നിങ്ങളെ മാത്രം ദുരിതക്കയങ്ങളിലേക്ക് തള്ളി വിട്ടെന്നും മറ്റൊരു കൂട്ടര്‍ക്ക് എല്ലാ ജീവിതസൗഭാഗ്യങ്ങളും വാരിക്കോരി നല്‍കിയെന്നും ഒരിക്കലും ആക്ഷേപിക്കരുത്. ഈ വ്യത്യാസങ്ങളില്‍ നിന്നും ഞാന്‍ തിരിച്ചറിയുന്ന കാര്യം ഇതാണ്; വിശ്വാസത്തിന്‍റെയും സമര്‍പ്പണത്തിന്‍റെയും ജ്ഞാനത്തിന്‍റെയും ഐശ്വര്യത്തിന്‍റെയും മഴ വര്‍ഷിക്കപ്പെടുന്ന ഫലഭുഷ്ടമായ മണ്ണാണ് നിങ്ങള്‍. നിങ്ങളുടെ വിശ്വാസവൃക്ഷത്തിന്‍റെ വേരുകള്‍ ആഴങ്ങളിലേക്കിറങ്ങിച്ചെല്ലുകയും ശാഖകള്‍ നീണ്ടു പടര്‍ന്ന് അതിന്‍റെ ഛായ നിങ്ങള്‍ക്കു തന്നെ തണലേകുകയും ചെയ്യും. പരലോകത്തെ ഏറ്റവും വിശേഷപ്പെട്ട ഫലം കൊയ്യുക നിങ്ങളായിരിക്കും. നിങ്ങളായിരിക്കും അനശ്വരമായ ആ ലോകത്തിലെ മഹാ പ്രഭുക്കന്മാര്‍”. ഒരു യഥാര്‍ത്ഥ വിശ്വാസിയെ ഏതൊരവസ്ഥയെയും ലളിതമായി തരണം ചെയ്യാനുതകുന്ന തരത്തിലേക്ക് മാറ്റിയെടുക്കുന്ന ഈ വിശ്വസമാധാന സന്ദേശം ദശാബ്ദകാലം ഇസ്്ലാമിക ലോകത്തെ ആത്മീയാതികായന്‍റെ ജീവിത വഴികളില്‍ പൊട്ടിയ ഉറവയുടെ ഇന്നും വറ്റി വരളാത്ത ആത്മീയ നനവ് നവലോക നിസ്വ വര്‍ഗ്ഗത്തിന്‍റെയും വിശ്വാസി സമൂഹത്തിന്‍റെയും മനസ്സിലേക്ക് പടര്‍ത്തുന്നുണ്ട്.
നില നില്‍ക്കുന്ന സാഹചര്യത്തിലെ വിധിക്ക് വിധേയപ്പെട്ടു കൊണ്ട് സര്‍വ്വലോക രക്ഷിതാവായ ഉടമക്ക് വഴിപ്പെടുന്നതിലൂടെയാണ് ജീവിതം വിജയ വഴിയിലേക്ക് ചുവടു വെക്കുന്നത്. ജീവിതത്തിന്‍റെ പരിധികളും പരിമിതികളും ഏര്‍പ്പെടുത്തിയത് നാഥനാണെന്ന ഉറച്ച വിശ്വാസവും അവനെ അംഗീകരിക്കുന്നവന്‍ വിജയം കൈവരിക്കുമെന്ന തഖ്വയുടെ വാഗ്ദാനവും ഉറപ്പു നല്‍കുന്നത് ഒരു യഥാര്‍ത്ഥ മുഅ്്മിനിന്‍റെ വിജയം സുനിശ്ചിതമാണ്. അല്ലാഹുവിനെ അനുസരിച്ച് അവന്‍റെ വിധിക്ക് വിധേയപ്പെട്ടു കൊണ്ടുള്ള ജീവിതത്തിന്‍റെ അനന്തരം ഉണര്‍ത്തി നിരന്തരം അവജ്ഞതക്കും മാനസികക്ലേശങ്ങള്‍ക്കുമിരയായ പാവപ്പെട്ട ജനതയോട് മഹാനായ സൂഫിവര്യന്‍ ശൈഖ് ജീലാനി (റ) ഇങ്ങനെ ആശ്വാസം പകരുന്പോള്‍ ഇസ്്ലാമികാധ്യാത്മികതയുടെ തെളിവാര്‍ന്ന ദര്‍പ്പണമാവുകയാണ് അദ്ദേഹത്തിന്‍റെ ജീവിതം. നബി(സ്വ)യുടെ സമാധാന പ്രചരണത്തിലൂടെ അത്ഭുതകരമായ പരിവര്‍ത്തനത്തിന്‍റെ ശോഭ മങ്ങിത്തുടങ്ങുന്പോഴാണ് അല്ലാഹു ദീനീ തേജസ്സിന്‍റെ വെളിച്ചം ചൊരിയുന്ന നിലാവായി ശൈഖ് ജീലാനി(റ)യെ ഭൂലോകത്തേക്കയക്കുന്നത്.
ആത്മീയവും ധാര്‍മ്മികവുമായ ഊര്‍ജ്ജവും പരമകാരുണ്യവാനായ നാഥനോടുള്ള അചഞ്ചലമായ ഭക്തിയും കൈമുതലാക്കിക്കൊണ്ട് ദാര്‍ശനിക ചരിത്രത്തില്‍ സ്വന്തം വഴി വെട്ടിത്തുറന്ന ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി(റ) വടക്കു പടിഞ്ഞാറന്‍ ഇറാനി പ്രവിശ്യയായ ജീലാനില്‍ അബൂസ്വാലിഹ് ഫാത്വിമ ദന്പതികളുടെ മകനായി ഹിജ്റ 471 ലാണ് ജനിച്ചത്. കേവലം യാദൃശ്ചികമായൊരാഗമനമായിരുന്നില്ല ശൈഖ് ജീലാനി(റ)യുടെത്; ജനിക്കുന്നതിനു ഒരു നൂറ്റാണ്ട് മുന്പ് തന്നെ പല ആത്മീയ ദീര്‍ഘ വീക്ഷണമുള്ളവരും അദ്ദേഹത്തിന്‍റെ ഉദയ ചക്രവാളം രേഖപ്പെടുത്തിയിരുന്നു. ചെറുപ്രായം മുതല്‍ക്കെ ജീവിതം മറ്റു കുട്ടികളില്‍ നിന്ന് വ്യത്യസ്തവും വലിയവര്‍ക്കു പോലും മാതൃകപാഠങ്ങളുമായപ്പോഴാണ് മഹാനവര്‍കളുടെ ജീവിതാനുഭവങ്ങള്‍ ഇന്നും ചെറിയവര്‍ക്കും വലിയവര്‍ക്കും ഒരു പോലെ സത്യവിശ്വാസത്തിന്‍റെ നിത്യസ്മരണോപദേശങ്ങളായതും മുതുതലമുറയില്‍ നിന്ന് ഇളം തലമുറയിലേക്കു പകരുന്ന ചരിത്രാംശങ്ങള്‍ വിശ്വാസത്തിന്‍റെ ഉരക്കല്ലായി മുസ്്ലിം മനസ്സുകളില്‍ പ്രതിഷ്ഠിച്ചിരിക്കുന്നതും. ഉമ്മയുടെ ഉപദേശം അപ്പടി അനുസരിച്ച് കയ്യിലുള്ള പൊന്നേല്‍പ്പിച്ച് കള്ളന്മാര്‍ക്ക് സത്യവെളിച്ചം വീശിയപ്പോള്‍ അത് ലോകം മുഴുവന്‍ നിറക്കാനുള്ള പ്രകാശത്തിന്‍റെ ആദ്യകിരണമാവുകയായിരുന്നു.
വിജ്ഞാനം വിശ്വാസത്തിന്
വൈജ്ഞാനിക രംഗം കേവലം ലൗകികജീവിത ക്രയവിക്രയങ്ങള്‍ക്കുള്ള വിപണനകേന്ദ്രമായി രൂപപ്പെടുന്ന അശുഭകരമായ യാഥാര്‍ത്ഥ്യത്തില്‍ നിന്ന് വ്യത്യസ്തമായിക്കൊണ്ട് വിജ്ഞാനത്തിന്‍റെ യഥാര്‍ത്ഥ ലക്ഷ്യ കേന്ദ്രത്തില്‍ വേരൂന്നിയ അന്വേഷണങ്ങളായിരുന്നു ശൈഖവര്‍കളുടേത്. വിശ്വാസ ദര്‍ശനങ്ങളുടെ അസ്തിവാരമുറപ്പിക്കാനാണ് വിജ്ഞാനമെന്ന് മനസ്സിലാക്കി തന്‍റെ പ്രാഥമിക പഠന ശേഷം ഇസ്്ലാമിക വിശ്വാസത്തിന്‍റെ മാനിഫെസ്റ്റോയും ജീവിതവ്യവസ്ഥയുടെ ദൈവികദര്‍ശനവുമായ ഖുര്‍ആനില്‍ വ്യാപൃതനാവുകയായിരുന്നു ശൈഖ് ജീലാനി(റ). പിന്നീട് ഹദീസ് ശേഖരണവുമായി മുഴുകി നേടിയ വിജ്ഞാനങ്ങളില്‍ വിശ്വാസത്തിന്‍റെ വേരുകളാഴ്ത്തിയതോടെ ദൈവികസാമീപ്യത്തിനായി ആരാധനകളില്‍ മുഴുകി ആത്മീയതയുടെ പരിധികളും പരിമിതികളും മഹാനവര്‍കള്‍ ജീവിച്ചു കാണിച്ചു. പരമകാരുണ്യവാനായ അല്ലാഹുവിന്‍റെ ഏകത്വത്തിലുള്ള സുദൃഢമായ വിശ്വാസം അല്ലാഹുവോടുള്ള സന്പൂര്‍ണ്ണ സ്വയം സമര്‍പ്പണത്തിന് ശൈഖ് ജീലാനി(റ)യെ സദാ പ്രാപ്തനാക്കി.
ബാഗ്ദാദില്‍ താന്‍ പഠിച്ച സ്ഥാപനത്തില്‍ തന്നെ അധ്യാത്മിക ജീവിതമാരംഭിച്ച ശൈഖ് ജീലാനിയുടെ ക്ലാസുകളും പ്രഭാണങ്ങളും അഭൂതപൂര്‍വ്വമായ വിപ്ലവമുന്നേറ്റത്തിന്‍റെ വിമര്‍ശനാതീതമായ അനുഭവങ്ങളായിരുന്നു. ബാഗ്ദാദ് മുഴുക്കെത്തന്നെ ആ വിജ്ഞാന സദസ്സിലേക്കൊഴുകിയെത്തി. പണ്ഡിതരും വിദ്യാര്‍ത്ഥികളും രാജാക്കന്മാരും സമൂഹത്തിലെ നാനാതലത്തിലുള്ള വിഭാഗങ്ങളും തോളുരുമ്മിയുള്ള സദസ്സ് വര്‍ഗ്ഗവിഭാഗ വൈജാത്യ വിടവുകള്‍ നികത്തിയെന്നതിലപ്പുറം മാനുഷിക ബന്ധങ്ങള്‍ക്ക് ശക്തി പകരുകയും മാനവികതയുടെ സന്ദേശം ജനമനസ്സുകളില്‍ അവരറിയാതെ തന്നെ സ്വയം പടര്‍ന്നു പിടിക്കാന്‍ കാരണമാവുകയും ചെയ്തു. പാഠശാലകളില്‍ ജനങ്ങളെ ഉള്‍ക്കൊള്ളാനാവാത്ത തരത്തിലേക്ക് വിജ്ഞാന കുതുകികളുടെ ഒഴുക്കു വര്‍ധിച്ചപ്പോള്‍ ദിനം തോറും പാഠശാലക്ക് വിസ്താരം വര്‍ധിപ്പിച്ച് ജനങ്ങള്‍ക്ക് സംതൃപ്തിയേകിക്കൊണ്ട് ഇസ്്ലാമിക ദര്‍ശനത്തിന്‍റെ വിത്തുകള്‍ പാകി പ്രബോധകന്‍റെ മഹത്തായ ദൗത്യനിര്‍വ്വഹണത്തില്‍ മുഴുകി ജീലാനി(റ).
ദീനിന് ജീവു പകരുന്നു.
ഇസ്്ലാമിക സന്ദേശങ്ങളും ആശയങ്ങളും മറന്നു കൊണ്ടിരിക്കുന്ന ഒരവസ്ഥയിലായിരുന്നു ആ കാലം. മങ്ങിക്കൊണ്ടിരിക്കുന്ന ഇസ്്ലാമിക സന്ദേശങ്ങളെ ഉയര്‍ത്തി ദീനിനെ വളര്‍ത്തല്‍ തന്‍റെ ബാധ്യതയാണെന്ന ഉത്തമ ബോധത്തോടെ ജീവിതം നയിച്ച ശൈഖ് ജീലാനിയുടെ ജീവിതം തന്നെയായിരുന്നു ഏറ്റവും പ്രധാനമായ പ്രബോധനോപാധി. ജനങ്ങളുടെ അളവറ്റ ആദരങ്ങള്‍ക്കും ബഹുമാനങ്ങള്‍ക്കും പാത്രമാകുന്പോഴും ഉന്നതവും മഹത്വരവുമായ മാനവികമൂല്യങ്ങളിലൂടെ ഇസ്്ലാമിക സന്ദേശങ്ങളും ആശയങ്ങളും ജീവിച്ചു കാണിച്ചപ്പോള്‍ ഇസ്്ലാമികാദര്‍ശ ഭദ്രതയുടെ നിദര്‍ശനമാതൃകയാവുകയായിരുന്നു അദ്ദേഹത്തിന്‍റെ ജീവിതം. ബാഗ്ദാദിലെ നീണ്ട 73 വര്‍ഷം വളരെ പ്രക്ഷുബ്ധമായൊരു കാലഘട്ടമായിരുന്നു. അധികാരത്തിനും സ്വത്തിനും മുസ്്ലിംകള്‍ പരസ്പരം പോരടിച്ച് രക്തം ചിന്തുകയും മത കാര്യങ്ങള്‍ക്കിടയില്‍ പോലും വൈര്യവും ശത്രുതയും നിറഞ്ഞ വിശ്വാസി മനസുകള്‍ വിശ്വാസമറ്റു പോകുന്ന തരത്തിലേക്കെത്തിച്ചേര്‍ന്നു. ശൈഖ് ജീലാനി(റ)വിന്‍റെ വാക്കുകള്‍ ലൗകികതയുടെ നശ്വരതയും വഞ്ചനാത്മകതയും അനശ്വരമായ പരലോകമെന്ന വിധിയുടെ വഴിയും പറഞ്ഞ് ജനങ്ങളുടെ മനസ്സുകളില്‍ കത്തി പെയ്തിറങ്ങിയപ്പോള്‍ വിശ്വാസത്തിന്‍റെ ആനന്ദകരമായ നനവു നുണഞ്ഞു അവര്‍. അങ്ങനെ നിര്‍ജ്ജീവമായിരത്തീര്‍ന്ന ഇസ്്ലാമിക രംഗം സജീവമാക്കി നിരവധി മനുഷ്യരെ അവിശ്വാസത്തിന്‍റെയും അസാന്മാര്‍ഗികതയുടെയും അകത്തളങ്ങളില്‍ നിന്ന് രക്ഷപ്പെടുത്തിന് ദീനിന് പുതുജീവന്‍ നല്‍കിയ അദ്ദേഹം മുഹ്യിദ്ദീന്‍ എന്ന പേരില്‍ വിഖ്യാതനായി.
ഭരണാധികാരികളോടുള്ള സമീപനം.
തന്പുരാക്കന്മാര്‍ക്കും രാജാക്കന്മാര്‍ക്കും മുന്പില്‍ അദ്ദേഹത്തിന്‍റെ ശിരസ്സ് ഒരിക്കലും കുനിയാറുണ്ടായിരുന്നില്ല. സര്‍വ്വശക്തനായ അല്ലാഹുവാണ് ഏറ്റവും വലിയവനെന്നും അവനു മാത്രമേ വഴിപ്പെടുമെന്നുള്ള മഹാനവര്‍കളുടെ വിശ്വാസത്തിന്‍റെ ഉറച്ച വേരുകളെ മുറിച്ചു മാറ്റാന്‍ പ്രതാപം മൂര്‍ച്ചപ്പെടുത്തിയ അധികാരങ്ങള്‍ക്കു സാധിച്ചിരുന്നില്ല.
ദീന്‍ കാര്യങ്ങളില്‍ കണിശതയും മാനവികമൂല്യങ്ങള്‍ക്ക് സര്‍വ്വ പരിഗണനയും നല്‍കിയ ശൈഖവര്‍കള്‍ക്ക് ഭരണാധികാരികളുടെ അരുതായ്മകളെ പരസ്യമായി ആക്ഷേപിക്കാനും ദുര്‍ഭരണത്തിനെതിരെ പ്രതിഷേധിക്കാനും ഒരു ഭരണവുമുണ്ടായിരുന്നില്ല.
ഭരണാധികാരികള്‍ക്കു പുറമേ അവരെ പുകഴ്ത്തിപ്പാടി പാദസേവ ചെയ്യുന്ന പണ്ഡിതര്‍ക്കും ജീലാനി(റ)യുടെ നിശിത വിമര്‍ശനവും ആക്ഷേപവും ഏറ്റു വാങ്ങേണ്ടി വന്നു. അത്തരക്കാരില്‍ ചിലരോട് ശൈഖവര്‍കള്‍ പറഞ്ഞ പ്രതികരണം ഇന്നത്തെ ചില മുസ്്ലിം നേതൃത്വത്തിന്‍റെ കര്‍ണ്ണപടങ്ങളില്‍ വന്നു പതിക്കേണ്ടതാണ്.
“സ്വന്തം ജ്ഞാനവും പാണ്ഡിത്യവും ദുരുപയോഗപ്പെടുത്തുന്ന കൂട്ടരാണു നിങ്ങള്‍. നിങ്ങള്‍ അല്ലാഹുവിന്‍റെ പൂര്‍വ്വസൂരികളുടെയും ശത്രുക്കളാണ് കള്ളന്മാരുടെയും കപടനാട്യക്കാരുടെയും താഴെയാണു നിങ്ങളുടെ സ്ഥാനം. അധികാരത്തിന്‍റെയും ഭൗതിക സുഖ താല്‍പര്യത്തിന്‍റെയും അടികമകളായി ഭരണാധികാരികളുടെ പാദസേവകരായി എത്ര നാള്‍ നിങ്ങള്‍ കഴിയും? നിങ്ങളും നിങ്ങളുടെ തന്പുരാക്കന്മാരും ദൈവസന്നിധിയില്‍ ഏറ്റവും കടുത്ത വഞ്ചകരാണ്. അല്ലാഹുവേ അക്കൂട്ടരേ ഒന്നുകില്‍ അപമാനത്തിന്‍റെയും നാശത്തിന്‍റെയും പടുകുഴിയിലേക്ക് തള്ളി വീഴ്ത്തൂ. അല്ലെങ്കില്‍ പ്രായശ്ചിത്തത്തിന്‍റെ വിത്തുകള്‍ അവരില്‍ മുളപ്പിക്കൂ”. പ്രതാപിയും പ്രതാപവും ലൗകികതയുടെ സുഖം പകരുന്ന വിനിമയച്ചെരക്കാണെന്നും നശ്വരമായ ഈ ആനന്ദത്തിലഭിരമിക്കാന്‍ പണ്ഡി ദൗത്യം മറക്കുന്ന പണ്ഡിതന്മാരോടുള്ള നിശിത വിചാരണയും വിമര്‍ശനവുമാണീ വചനങ്ങളില്‍ ഒരു പ്രതിഷേധ സ്വരത്തില്‍ തിരയടിച്ചുയരുന്നത്.
അബലര്‍ക്കൊരു ആലംബം
സുഖാഢംഭര ജീവിതം നയിക്കുന്ന ബലവാന്മാര്‍ അബലരായ ജനങ്ങള്‍ക്ക് അത്താണിയാവുന്നതിനു പകരം തങ്ങളുടെ ബാധ്യതകള്‍ മറന്ന് ലൗകിക സുഖം നുണയുന്പോള്‍ ഹതാശരായ ആലംബഹീനര്‍ക്ക് അഭയവും അത്താണിയുമാകുന്നുണ്ട് ശൈഖ് ജീലാനി(റ). ഭൗതികമായ ദുര്‍ബലതയുണ്ടെങ്കിലും ദീന്‍ കാര്യങ്ങളില്‍ ഒറു പക്ഷേ ബലവാന്മാരായ ഇത്തരക്കാര്‍ക്ക് ആശ്വാസവും ആത്മവിശ്വാസവും പകര്‍ന്ന് അധ്യാത്മിക സുഖം നല്‍കുന്നതോടൊപ്പം തന്നെ ഭൗതികമായ പരാധീനതകളും ശൈഖവര്‍കള്‍ പരിഹരിച്ചു. മുന്പിലെത്തിയ യാചകന് കൊടുക്കാനൊന്നുമില്ലാതിരുന്നപ്പോള്‍ തന്‍റെ മേല്‍വസ്ത്രമഴിച്ചു കൊടുത്ത് ആ യാചകന്‍റെ ശരീരവം മനസ്സും ഒരു പോലെ നിറച്ചു ശൈഖ് ജീലാനി(റ). പാവപ്പെട്ടവര്‍ക്കു വേണ്ടി അലക്കിക്കൊടുക്കുവാനും അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. മാത്രമല്ല ഇത്തരക്കാര്‍ക്ക് ഭൗതികതയും ആത്മീയതവും വേര്‍തിരിച്ച് യാഥാര്‍ത്ഥ്യത്തിന്‍റെ അനുഭവ സാക്ഷ്യമേതെന്ന് വ്യക്തമാക്കി പരലോക ജീവിത സൗഭാഗ്യങ്ങളറിയിച്ച് ആശ്വാസം പകര്‍ന്ന് കൊണ്ടും അബലര്‍ക്ക് ആലംബമായി ശൈഖ് അബ്ദുല്‍ഖാദിര്‍ ജീലാനി(റ).
നീണ്ട 90 വര്‍ഷത്തെ ജീവിതത്തിലൂടെ മനുഷ്യന്‍റെ ആന്തരികമായ ആത്മീയാസ്ഥിത്വത്തിന്‍റെ പരിപൂര്‍ണത പൂകി പരിശുദ്ധമായ മനുഷ്യാവസ്ഥയെ അനാവരണം ചെയ്ത നിസ്തുല്യനായ സൂഫി വര്യന്‍റെ ജീവിതവും അദ്ദേഹം വരച്ചിട്ട വഴിയും മൊഴിഞ്ഞ മൊഴിയും, ഇസ്്ലാമിക നിയമങ്ങള്‍ കാറ്റില്‍ പറത്തി ശൈഖും മുരീദുമാകാമെന്ന അഭിനവ ത്വരീഖത്ത് വാദികള്‍ക്കുള്ള ശക്തമായ താക്കീതാണ്. ത്വരീഖത്തിന്‍റെ പേരില്‍ രംഗത്തെത്തി ഇസ്്ലാമിക ശരീഅത്തിനെ വികലമായ വിമര്‍ശനങ്ങള്‍ക്കു വിധേയമാക്കി സമൂഹത്തിന്‍റെ ആത്മീയ ബോധത്തെയും ആദരവിനെയും ചൂഷണം ചെയ്യുന്ന നീച വര്‍ഗ്ഗത്തിന്നും വെല്ലുവിളിയാണ് ജീലാനി സന്ദേശങ്ങള്‍. ഹിജ്റ 561 ല്‍ ഭൗതിക ലോകത്ത് നിന്ന് മഹാനവര്‍കള്‍ മറഞ്ഞുവെങ്കിലും ആ ജീവിതം, ഇസ്്ലാമിക അന്തസത്തയുള്‍ക്കൊള്ളുന്ന മുസ്്ലിം മനസ്സുകളില്‍ മുഹ്യിദ്ദീന്‍ മാലയുടെ കാവ്യസുധയിലൂടെ ആത്മീയ മണ്ഡലത്തിന്‍റെ അമരക്കാരനായി ഇന്നും ജീവിക്കുന്നു.

Write a comment