Posted on

നോന്പിന്‍റെ ആത്മീയ മാനം

വ്രതം ആത്മ സംസ്കരണത്തിന്‍റെ ഉദാത്ത മാതൃകയാണ്. മനസ്സുകൊണ്ടും ശരീരം കൊണ്ടും സൃഷ്ടാവിലേക്കുള്ള മടക്കമാണ് നോന്പിന്‍റെ അകപ്പൊരുള്‍. വിശുദ്ധ ഖുര്‍ആനിന്‍റെ അവതരണം കൊണ്ടും, ലൈലതുല്‍ ഖദ്റിന്‍റെ പവിത്രതകൊണ്ടും, ബദ്റിന്‍റെ ശ്രേഷ്ഠതകൊണ്ടും സന്പന്നമായ വിശുദ്ധ മാസത്തെ തനതായ രൂപത്തില്‍ വിനിയോഗിക്കുന്നവര്‍ക്കാണ് പരലോകത്ത് രക്ഷപെടാനാവുക. നോന്പ് കേവലം ഭക്ഷണപാനീയങ്ങളുടെ നിയന്ത്രണത്തിലും ലൈംഗിക ഇഛകളെ നിയന്ത്രിക്കുന്നതിലും മാത്രം ഒതുങ്ങികൂടാ, മറിച്ച് നോന്പുകാരന്‍റെ നോട്ടവും കേള്‍വിയും അവയവങ്ങളും എത്രത്തോളം ചിന്തകള്‍ വരെ നോന്പില്‍ പങ്കാളാകുന്പോഴേ നോന്പിന്‍റെ പരമമായ ലക്ഷ്യ നേടിയെടുക്കാനാകൂ.
അല്ലാഹുവിനോടുള്ള ഭക്തിയും വിധേയത്വവുമാണ് അടിമയെ യജമാനനിലേക്കടുപ്പിക്കുന്നത്. വികാര വിചാരങ്ങളെ നിയന്ത്രിച്ചുകൊണ്ടും അള്ളാഹുവിന്‍റെ കല്‍പനകള്‍ക്ക് പൂര്‍ണ്ണമായി വഴിപെട്ടുകൊണ്ടും ജീവിതം നയിക്കുന്പോഴേ നമുക്ക് ലക്ഷ്യ സ്ഥാനത്തെത്താന്‍ സാധിക്കൂ. ഇമാം ഗസ്സാലി(റ)വിനെ പോലെയുള്ള ആത്മീയ നായകന്മാര്‍ വ്രതത്തെ മൂന്ന് തട്ടുകളായാണ് തരംതിരിക്കുന്നത്. ഒന്നാമതായി വയറിന്‍റെയും ഗുഹ്യഅവയവങ്ങളുടെയും പ്രവര്‍ത്തനങ്ങളെ നിയന്ത്രിച്ച് കര്‍മ്മ ശാസ്ത്രം പറയുന്ന രീതിയിലുള്ള ഫര്‍ള്, സുന്നത്ത് എന്നിവയിലധിഷ്ടിതമായ നോന്പാണ്. ഈ വ്രതത്തിന് മനുഷ്യന്‍റെ ആത്മാവിനെ സ്പര്‍ശിക്കാനാവില്ല. കണ്ണും, കാതും, നാവും, കയ്യും കാലും തുടങ്ങി മുഴുവന്‍ അവയവങ്ങളെയും തെറ്റുകുറ്റങ്ങളില്‍ നിന്ന് നിയന്ത്രിച്ചിരുത്തലാണ് രണ്ടാമത്തെത്.
മൂന്നാമതായി മനസ്സിന്‍റെ വ്രതമാണ്. ഐഹിക ചിന്തയില്‍ നിന്ന് മനസ്സിനെ പൂര്‍ണ്ണമായും മുക്തമായി ഇലാഹീ സ്മരണയില്‍ മനസ്സിനെ തളച്ചിടുന്ന അവസ്ഥയാണിത്. ദുന്‍യാവിന്‍റെ ചിന്തകള്‍ക്ക് മനസ്സില്‍ ഇടംകൊടുത്താല്‍ ഇത്തരക്കാരുടെ നോന്പ് അസാധുവായി. സച്ചരിതരും മഹത്തുക്കളും ഈ മാര്‍ഗമാണ് പിന്തുടര്‍ന്നത്.
നോന്പിന്‍റെ ആത്മാവ് നിലകൊള്ളുന്നത് ഹൃദയത്തിലാണ്. ഹൃദയത്തിന്‍റെ സൂക്ഷമതയും നിയന്ത്രണവുമാണ് നോന്പിനെ സന്പന്നമാക്കുന്നത്. കേവലം ഭക്ഷണപാനിയങ്ങള്‍മാത്രം അകറ്റി നിര്‍ത്തി കണ്ണും നാവും ചെവിയും തെറ്റുമായി ബന്ധിച്ചാല്‍ പട്ടിണിമാത്രമേ ശേഷിക്കുകയുള്ളൂ. നബി(സ) പറഞ്ഞു: “എത്രയെത്ര നോന്പുകാര്‍ നോന്പുമൂലം അവര്‍ക്ക് വിശപ്പും ദാഹവുമല്ലാതെ ഒന്നുമില്ല” (നസാഈ). ഈ തിരുവചനം നോന്പുകാലം തെറ്റുമായിബന്ധപ്പെട്ടുന്നവര്‍ക്കുള്ള ശക്തമായ താക്കീതാണ്.
നോന്പ് ഒരു സംസ്കരണ പ്രക്രിയയാണ്. ദേഹവും ദേഹിയും ശുദ്ധമാക്കലാണ് നോന്പുകൊണ്ടുള്ള ലക്ഷ്യം. “ഖല്‍ബിനെ ശുദ്ധീകരിച്ചവരേ വിജയിക്കൂ” എന്ന ഖുര്‍ആനിക വചനം നമുക്ക് പ്രചോദകമാകണം. വിശുദ്ധമാസം നമുക്ക് ഒരു സുവര്‍ണ്ണാവസരമാണ് നല്‍കുന്നത്. കഴിഞ്ഞകാല ജീവിതസാഹചര്യങ്ങളെ വിലയിരുത്തി ശരീരഘടകങ്ങളെ സംസ്കരിച്ചെടുത്ത് കണ്ണിനും ഖല്‍ബിനും ദേഹത്തിനും ആത്മീയ വെളിച്ചം പകര്‍ന്നു നല്‍കാനുള്ള അവസരമാണ് വിശുദ്ധ റമളാന്‍. ഹൃദയത്തില്‍ ദൈവഭയവും ഭക്തിയും നിറച്ചുകൊണ്ട് സ്രഷ്ടാവിന്‍റെ പ്രീതി കരസ്ഥമാക്കാന്‍ ശ്രമിച്ചവര്‍ക്കാണ് വിജയം. “നിശ്ചയം ആത്മാവിനെ സംസ്കരിച്ചവന്‍ വിജയിച്ചു. അതിനെ മലിനപ്പെടുത്തിയവന്‍ പരാജയപ്പെട്ടു” എന്ന് അല്ലാഹു ഊന്നിപ്പറയുന്നുണ്ട്. റമളാന്‍ ആത്മസംസ്കരണത്തിന്‍റെ മാസമാണ്. ഹൃദയത്തില്‍ അടിഞ്ഞുകൂടിയ തെറ്റിന്‍റെ പാടുകള്‍ കഴുകി കളഞ്ഞ് ഈമാനിക പ്രഭ മനസ്സില്‍ നിറക്കാനുള്ള ഒരവസരമാണ് റമളാന്‍ നല്‍കുന്നത്.
നോന്പിന്‍റെ ആത്മാവിനെ പുണരാന്‍ അവയവങ്ങള്‍ക്ക് ശക്തമായ നിയന്ത്രണങ്ങള്‍ അത്യാവശ്യമാണ്. നോന്പിനെ അതിന്‍റെ തനതായ രീതിയില്‍ സ്വീകരിക്കാന്‍ ആറുകാര്യങ്ങളില്‍ നോന്പുകാരന്‍ സൂക്ഷമത പുലര്‍ത്തേണ്ടതുണ്ട്. പ്രധാനമായും കണ്ണിന്‍റെ നിയന്ത്രണമാണ്. ഹൃദയത്തെ ഇലാഹി ചിന്തയില്‍ നിന്ന് തെറ്റിക്കുന്ന ഒന്നിലേക്കും നോക്കാതിരിക്കുക എന്നതാണ്. “നോട്ടം പിശാചിന്‍റെ വിഷലിപ്തമായ അസ്ത്രമാകുന്നു. അല്ലാഹുവിനെ ഭയന്ന് കൊണ്ട് ആരെങ്കിലും അതുപേക്ഷിച്ചാല്‍ അള്ളാഹു അവന്‍റെ മനസ്സില്‍ വിശ്വാസത്തിന്‍റെ മാധുര്യം പ്രാധാനം ചെയ്യും” എന്ന തിരുവചനം ഇഛാ നിയന്ത്രണത്തിനുള്ള പ്രചോദനമാണ്. രണ്ടാമതായി നാവിനെ സൂക്ഷിക്കലാണ്. നാവിന്‍റെ സംരക്ഷണത്തിലുള്ള വീഴ്ചയാണ് മിക്ക നോന്പുകളും അസാധുവാക്കുന്നത്. അനസ് (റ) വില്‍ നിന്ന് ഉദ്ദരിക്കുന്ന ഹദീസില്‍ കാണാം. “അഞ്ചുകാര്യങ്ങള്‍ നോന്പിനെ മുറിച്ചു കളയും. കളവ്, പരദൂഷണം, ഏഷണി, കള്ളസാക്ഷ്യം, ആസക്തിയോടെയുള്ള നോട്ടം”.
മൂന്നാമതായി ശ്രവണ സുരക്ഷയാണ്. വെറുക്കപ്പെട്ടതൊന്നും കേള്‍ക്കാതെ ആത്മാവിനെ വിശുദ്ധ ഖുര്‍ആനിന്‍റെ വചനങ്ങള്‍ കൊണ്ട് സന്പുഷ്ടമാക്കാനാണ് വിശ്വാസി ശ്രമിക്കേണ്ടത്. നാലാമതായി കൈകാലുകളെ തെറ്റില്‍ നിന്നും അകറ്റി നിര്‍ത്തലാണ്. നോന്പിന്‍റെ പ്രഥമ ലക്ഷ്യം വിശപ്പനുഭവിക്കുക എന്നതാണ്. അന്നപാനങ്ങള്‍ വെടിഞ്ഞ് അല്ലാഹുവിന്‍റെ ആരാധനയില്‍ മാത്രം മുഴുകിയ മലാഇക്കതിന്‍റെ ആത്മീയമായ കാര്യങ്ങള്‍ കരസ്ഥമാക്കാനാണ് വിശ്വാസി മുന്നോട്ടു വരേണ്ടത്. അതിനായി നോന്പുതുറക്കുന്ന സമയത്ത് ഭക്ഷണ പാനിയങ്ങള്‍ പരിധിവിട്ട് ഉപയോഗിക്കാതിരിക്കുക എന്നതാണ് അഞ്ചാമത്തെ കാര്യം.
നോന്പുതുറ കഴിഞ്ഞാല്‍ ആശയുടെയും ആശങ്കയുടെയും മധ്യത്തിലായിരക്കണം നോന്പുകാരന്‍. ഇതാണ് ആറാമത്തെ കാര്യം.
നോന്പിന്‍റെ ആത്മാവ് പിശാചിന്‍റെ പ്രവര്‍ത്തന മേഖലയായ ദേഹേഛയെ കീഴടക്കുക എന്നതാണ്. ശരീരം തോല്‍ക്കുന്നിടത്താണ് ആത്മാവിന് വിജയിക്കാനാവുക. അധമ വികാരങ്ങളും ആസക്തിയോടെയുള്ള നോട്ടവും നാവിന്‍റെ നിയന്ത്രണമില്ലായ്മയും നോന്പിന്‍റെ ലക്ഷ്യത്തെ പാഴാക്കി കളയുന്നു. അങ്ങിനെ കേവലം അകം പൊള്ളയായ കര്‍മ്മമായി നോന്പ് മാറന്നു. പരിധികളറിഞ്ഞ് നോന്പനുഷ്ടിച്ചവന് കഴിഞ്ഞ കാലത്തില്‍ പിണഞ്ഞ പിഴവുകള്‍ പൊറുത്തു കൊടുക്കുകയും, വലിയ പ്രതിഫലം അള്ളാഹു നല്‍കുകയും ചെയ്യും. വ്രതത്തിന്‍റെ നിബന്ധനകള്‍ പാലിക്കാത്തത് കേവലം നിരാഹാരമായി മാറുന്നു. പരലോകത്ത് പ്രതിഫലാര്‍ഹവുമല്ല. അതാണു നബി (സ) തങ്ങള്‍ ഉണര്‍ത്തിയത്. “ഒരാള്‍ റമളാന്‍ നോന്പനുഷ്ടിച്ചു, പരിധികളറിഞ്ഞു. സൂക്ഷിക്കേണ്ടതെല്ലാം സൂക്ഷിച്ചു എങ്കില്‍ മുന്‍കഴിഞ്ഞതിനെയെല്ലാം അവന്‍ പൊറുപ്പിച്ചു.” പാപ മോചനത്തിനു പുറമേ പൈശാചികതയെ പൊരുതി തോല്‍പ്പിക്കാനുള്ള ആത്മീയ ശക്തി സാധകനില്‍ വളരുകയും ചെയ്യുന്നു.
അല്ലാഹുവിന്‍റെ പ്രത്യേകമായ ഒരു വിരുന്നായിട്ടാണ് റമളാന്‍ മാസത്തെ നബി (സ) തങ്ങള്‍ വിശേഷിപ്പിച്ചിട്ടുള്ളത്. നബി(സ) തങ്ങള്‍ നടത്തിയ ഒരു പ്രഭാഷണം അലി(റ) ഉദ്ദരിച്ചത് ഇപ്രകാരമാണ്. “ ജനങ്ങളെ ഈ മാസത്തില്‍ നിങ്ങളുടെ ശ്വാസോച്ഛാസങ്ങള്‍ തസ്ബീഹുകളാണ്. ഉറക്കം ആരാധനയാണ്. പ്രാര്‍ത്ഥന സ്വീകരിക്കപ്പെടുന്നതാണ്. അതുകൊണ്ട് അല്ലാഹുവിനോട് നിങ്ങള്‍ക്ക് ശുദ്ധ ഹൃദയത്തോടെയും ഉദ്ദേശ ശുദ്ധിയോടെയും ചോദിക്കാം.” ഉയിര്‍ത്തെഴുന്നേല്‍പ്പുനാളിലെ വിശപ്പും ദാഹവുമോര്‍ത്ത് നിങ്ങള്‍ ഈ മാസത്തില്‍ വിശന്നും ദാഹിച്ചും ഇരിക്കുക. അഗതികള്‍ക്കും ദരിദ്രര്‍ക്കും ദാന ധര്‍മ്മങ്ങള്‍ ചെയ്യുക. ജനങ്ങളെ ഈ മാസത്തില്‍ നിങ്ങളാരെങ്കിലും ഒരു സത്യവിശ്വാസിയെ നോന്പ് തുറപ്പിച്ചാല്‍ അല്ലാഹുവിന്‍റെ അടുക്കല്‍ അവന് മോചനവും കഴിഞ്ഞ കാല പാപങ്ങളില്‍ നിന്ന് മുക്തികിട്ടാനുള്ള ഒരു മാര്‍ഗവുമായിത്തീരുന്നതാണ്. അനുചരന്‍ ചോദിച്ചു: അല്ലാഹുവിന്‍റെ ദൂതരെ ഞങ്ങളില്‍ നിന്ന് എല്ലാര്‍ക്കും കഴിയില്ലല്ലോ? തിരുനബി (സ) തങ്ങള്‍ പറഞ്ഞു. ഒരു കാരക്കയുടെ കീറേ ഉള്ളൂവെങ്കില്‍ അതുകൊണ്ട്, അതെല്ലെങ്കില്‍ ഒരു മുറുക്കു വെള്ളം കൊണ്ടെങ്കിലും നിങ്ങള്‍ നരകത്തില്‍ നിന്നും രക്ഷപ്പെടാന്‍ യത്നിക്കണം.
വിശപ്പിന്‍റെയും ദാഹത്തിന്‍റെയും ആത്മീയ ശക്തി വളരെ വലുതാണ്. വ്രതം ദരിദ്രനും ധനികനുമിടയിലെ അനുഭവ കൈമാറ്റത്തിന്‍റെ മാധ്യമമാണ്. ഐഹിക ജീവതത്തില്‍ വിശ്വാസി സഹിക്കുന്ന പ്രതിസന്ധികളെ വെല്ലും വിധം വര്‍ണ്ണാഭമായ പ്രതിഫലമാണ് പാരത്രിക ലോകത്ത് അല്ലാഹു ഒരുക്കിയിരിക്കുന്നത്. ഇമാം തുര്‍മുദി ഉദ്ദരിക്കന്ന ഹദീസില്‍ കാണാം. സ്വര്‍ഗത്തില്‍ ഒരു കൂട്ടം ആളുകള്‍ക്ക് അല്ലാഹു പ്രത്യേകം ഭക്ഷണ തളിക ഏര്‍പ്പെടുത്തിയിരിക്കുന്നു. സന്പന്നവും സന്പുഷ്ടവുമായ ഭക്ഷണ തളികക്ക് ചുറ്റുമിരുന്ന് ഭക്ഷിക്കുന്നവരെ ആശ്ചര്യപൂര്‍വ്വം നോക്കുന്നവരോട് അല്ലാഹു പറയും. എല്ലാവരും വേണ്ടുവോളം ഭക്ഷണം കഴിച്ചപ്പോള്‍ എനിക്ക് വേണ്ടി ഭക്ഷണ പാനീയങ്ങള്‍ നിയന്ത്രിച്ചവരാണവര്‍. റമളാനിലെ നോന്പിലൂടെ ലഭിക്കുന്ന പ്രതിഫലത്തിന്‍റെ ആദിക്യമാണ് നാം ഇവിടെ കാണുന്നത്.
കൂറേ നേരം പട്ടിണികിടക്കാന്‍ നേര്‍ച്ചയാക്കലല്ല നോന്പ്. മറിച്ച് പിശാചിന്‍റെ മടിത്തൊട്ടിലായ ശരീരത്തെ ആത്മാവിനു വേണ്ടി പിടിച്ചുകെട്ടുകയാണ് നോന്പിലൂടെ ചെയ്യുന്നത്. നോന്പ് ആത്മീയ ഔന്നിത്യത്തിലേക്കുള്ള വളര്‍ച്ചയുടെ പ്രചോദനമായി മാറണം. നബി (സ) തങ്ങള്‍ പറഞ്ഞു. തീര്‍ച്ച, മനുഷ്യന്‍റെ രക്തയോട്ടമുള്ളിടത്തെല്ലാം പിശാചെത്തും. വിശപ്പു സഹിച്ചു കൊണ്ട് നിങ്ങള്‍ പിശാചിന്‍റെ വഴികളടക്കുക. അമിതമായ തീറ്റയും കുടിയും ആത്മീയ ശോഷണത്തിന് മാത്രമല്ല ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമായി തീരും. പരിധിവിട്ട് തിന്നുകയും കുടിക്കുകയും ഉറങ്ങുകയും ചെയ്യുന്നവരോടായിരിക്കും അന്ത്യനാളില്‍ അള്ളാഹുവിന് ഏറ്റവും ദ്യേമുണ്ടാവുക എന്ന തിരുവചനം നോന്പിന്‍റെ ആത്മീയ ബലത്തെ ചോര്‍ത്തുന്നവര്‍ക്കെതിരെയുള്ള ശക്തമായ ഉദ്ബോധനമാണ്.
വിശുദ്ധ മാസം തീറ്റയുടെയും ഉറക്കത്തിന്‍റെയും മാസമാവരുത്. പുണ്യങ്ങളെ വാരിക്കൂട്ടാനുള്ള തിരക്കിലായിരിക്കണം ഓരോ നോന്പുകാരനും. മിതാഹാരത്തിലൂടെ ആരാധനയുടെ ആത്മീയാനുഭൂതി കരസ്തമാക്കാനാണ് ഇസ്ലാമിന്‍റെ കല്‍പന. പൈശാചിക ദുര്‍ബോധനത്തില്‍ നിന്ന് കുതറിമാറി ഇലാഹീ സ്മരണയിലേക്ക് ഹൃദയത്തെയും മനസ്സിനേയും തിരിക്കാനാണ് നോന്പുകാരന്‍ ശ്രമിക്കേണ്ടത്. നബി(സ) തങ്ങള്‍ പറയുന്നു. വിശപ്പുകൊണ്ടും ദാഹം കൊണ്ടും ശരീരവുമായി പോരാടുക, നിശ്ചയം അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ധര്‍മ്മയുദ്ധം നടത്തുന്നവന് കിട്ടുന്ന അതേ പ്രതിഫലം ഇവനും ലഭിക്കും. വിശപ്പ്, ദാഹം എന്നിവയെക്കാള്‍ അല്ലാഹുവിന് തൃപ്തിയുള്ള മറ്റൊരു കര്‍മ്മമില്ല (ഇത്ഹാഫ് 7/380). രണാങ്കണത്തില്‍ ശത്രുവുമായി പോരാടുന്ന യോദ്ധാവിന് ലഭിക്കുന്ന പ്രതിഫലം അള്ളാഹുവിന് വേണ്ടി വിശപ്പും ദാഹവും സഹിക്കുന്നവന് കരസ്ഥമാക്കാനാകും. വികാര നിയന്ത്രണത്തിലൂടെയും ഭക്ഷണ പാനീയ നിയന്ത്രണങ്ങളിലൂടെയും നോന്പിന് ആത്മാവിനെ പുല്‍കാനാകും. നോന്പ് കേവലം വാര്‍ഷിക ചടങ്ങ് എന്നതിലുപരി നോന്പിന്‍റെ ആത്മാവിനെ കണ്ടെത്താന്‍ വിശ്വാസി ശ്രമിക്കേണ്ടതുണ്ട്. പകല്‍ സമയത്തെ വിശപ്പിനെ വെല്ലും വിധം രാത്രി വയറുനിറച്ചാല്‍ നോന്പിന്‍റെ ഉദ്ദേശ്യത്തെ കരസ്ഥമാക്കാനാകില്ല.
പകല്‍ സമയം ആരാധനകൊണ്ട് ധന്യമാക്കി രാത്രി വിശ്രമിക്കാനല്ല മതം കല്‍പ്പിക്കുന്നത്. രാത്രിയുടെ അന്ത്യയാമങ്ങളില്‍ ആരാധനകൊണ്ട് ഇലാഹീ സന്നിധിയിലേക്ക് ചെന്നടുക്കാനാണ് വ്രതത്തെ നാഥന്‍ സൃഷ്ടികള്‍ക്ക് സമ്മാനിച്ചത്. ഈ ഒരു അവസരം കൈവെടിഞ്ഞവരെക്കാള്‍ ഭാഗ്യദോഷികള്‍ മറ്റാരുമുണ്ടാകില്ല. നാഥന്‍റെ പ്രീതി കരസ്ഥമാക്കാനുള്ള കാല്‍വെപ്പാവട്ടെ ഈ റമളാന്‍.

Write a comment