Posted on

റമളാന്‍; വിശുദ്ധിയുടെ രാവുകള്‍

വിശ്വാസിയുടെ ഹൃദയാന്തരങ്ങളിലേക്ക് കുളിര്‍ തെന്നലായാണ് വിശുദ്ധ റമളാന്‍ കടന്നു വരുന്നത്. നാടും വീടും വിശ്വാസി ഹൃദയവും ആ വസന്തോത്സവത്തെ വരവേല്‍ക്കാനായി ഒരുങ്ങിക്കഴിഞ്ഞു. രണ്ട് മാസം മുന്പ് തന്നെ ആ റമളാന്‍ ചേരാനുള്ള പ്രാര്‍ത്ഥനകള്‍, ഇപ്പോഴിതാ തൊട്ടു മുന്നിലെത്തിയിരിക്കുന്നു. സത്യവിശ്വാസിയുടെ ഹൃദയത്തില്‍ സന്തോഷത്തിന്‍റേയും ആത്മനിര്‍വൃതിയുടേയും ഒരു തുടിപ്പ് നമുക്ക് ദര്‍ശിക്കാനാകും. തിരിച്ച് വരാത്ത വിധം അകന്ന് പോയ ഒരു നല്ല കാലത്തിന്‍റെ വര്‍ണ്ണ സ്മൃതികള്‍ ഉണര്‍ത്തിയാണ് ഒരോ റമളാനും സമാഗതമാവുന്നത്. റമളാന്‍ ഒരു പരിശീലന മാസമാണ്. ശരീരത്തെയും മനസ്സിനേയും എപ്പോഴും കീഴടക്കുന്ന താല്‍പര്യങ്ങളില്‍ നിന്നും പുറം തിരിഞ്ഞ് നില്‍ക്കല്‍ ഈ മാസത്തില്‍ ശക്തമായ വിജയം നേടിയിരിക്കുന്നു. വിശുദ്ധ ഹദീസില്‍ നിന്ന് ഇങ്ങനെ വായിക്കാം, നരക കവാടങ്ങള്‍ അടക്കപ്പെടുകയും പിശാചുകള്‍ ബന്ധിപ്പിക്കപ്പെടുകയും ചെയ്യും (ബുഖാരി, മുസ്ലിം). അതിനാല്‍ തന്നെ തെറ്റിനുള്ള സാഹചര്യം ഈ മാസത്തില്‍ വളരെ ശുഷ്കമാണ്.
ഇത് ശരീരത്തിലെ ഏത് പ്രതികൂല സാഹചര്യത്തിലും മനുഷ്യന്‍ തെറ്റ് ചെയ്യാതെ നില്‍ക്കാന്‍ പ്രാപ്തമാക്കും. വിശുദ്ധിയുടെ മാസമായ പരിശുദ്ധ റമളാന്‍ പാപമോചനത്തിന്‍റേയും റഹ്മത്തിന്‍റേയും നരക മോചനത്തിന്‍റേയും മാസമാണ്. ഈ മാസത്തില്‍ ആത്മീയ ഉന്നതി എങ്ങനെ കൈവരിക്കാമെന്നതിനെക്കുറിച്ച് എല്ലാവരും ബോധവാന്മാരാണ്. റമളാന്‍ അവസാനിക്കുന്പോള്‍ ഇത്തരം പ്രതീക്ഷകളൊന്നും പലര്‍ക്കും ഉണ്ടാകാറില്ല. തുടക്കത്തിലെ ആരാധനാ താല്‍പര്യം പതുക്കെ നിലച്ച് പോകുന്നു. റമളാന്‍ അവസാനമാകുന്പോഴേക്കും പള്ളിയിലെ ജനസാന്നിധ്യം വളരെകുറഞ്ഞ് പോവുകയാണ്. ലൈലത്തുല്‍ ഖദ്ര്‍ പ്രതീക്ഷിക്കാവുന്ന ആ മഹത്വമേറിയ ദിനരാത്രങ്ങളില്‍ അവന്‍ പര്‍ച്ചേയ്സിങ്ങിനായി മാറ്റി വെക്കുന്നു. അല്ലാഹുവിനോടുള്ള ആത്മബന്ധം ഊട്ടി ഉറപ്പിക്കാനും ജീവിത ലക്ഷ്യം നേടാനും സ്രഷ്ടാവ് നല്‍കിയ വലിയ ഒരവസരമാണ് റമളാന്‍. അത് പാഴാക്കുന്നവന്‍ എത്ര വലിയ ബുദ്ധി ശൂന്യനാണ്. റമളാന്‍ ആരാധനകളെക്കൊണ്ട് കൊഴുപ്പിക്കണം, നിസ്കാരം, നോന്പ്, സകാത്ത്,ഖുര്‍ആന്‍ പാരായണം തകൃതിയായി നടക്കണം. ഇതിലൊന്നും പങ്കില്ലാതെ റമളാനിനെ പുറം തിരിഞ്ഞ് നിന്ന് വെറും കയ്യോടെ യാത്രയാക്കുന്നവന് എന്‍റെ ശാപം ഉണ്ടാവട്ടെ എന്ന മുത്ത് നബി (സ) യുടെ പ്രാര്‍ത്ഥന നാം ഓര്‍ക്കേണ്ടതുണ്ട്.
വിശ്വാസിയുടെ നോന്പ്
ഇസ്ലാമിന്‍റെ സമത്വസുന്ദരമായ ആശയം പ്രകടിപ്പിക്കുന്ന ഒരു പ്രധാന ആരാധനയാണ് വിശുദ്ധവ്രതം. കാരണം പ്രബലനും ദുര്‍ബലനും ധനികനും ദരിദ്രനും ഒരേ മട്ടില്‍ വിശപ്പറിയുന്നതിലൂടെ ഈ സമത്വം ഘോഷിക്കപ്പെടുന്നു. ഇസ്ലാമിന്‍റെ പഞ്ചസ്തംഭങ്ങളില്‍പ്പെട്ടതാണ് നോന്പ്. അത് ഒഴിവാക്കാന്‍ ഒരു വിശ്വാസിക്ക് സാധ്യമല്ല. എന്നാല്‍ മുസ്ലിമീങ്ങളിലെ ന്യൂനപക്ഷം വരുന്ന ചിലര്‍ നോന്പിനെ നിസ്സാരമാക്കുന്നു. റമളാനില്‍ തുറന്നു പ്രവര്‍ത്തിക്കുന്ന ചില ഹോട്ടലുകളില്‍ ചിലരെങ്കിലും സ്ഥാനം പിടിക്കുന്നത് ദുഃഖകരമാണ്.
അല്ലാഹു പറയുന്നു : “നോന്പ് എനിക്കുള്ളതാണ്. അതിന് പ്രതിഫലം നല്‍കുന്നതും ഞാനാണ്”. മറ്റൊരു ആരാധനയെയും കുറിച്ച് അല്ലാഹു ഇങ്ങനെ പ്രതിപാദിച്ചിട്ടില്ല. ഏറ്റവും ദൈര്‍ഘ്യം കൂടിയ പകലിലെ ഇബാദത്തും നോന്പു തന്നെയാണ്. മറ്റു ഇബാദത്തുകളില്‍ നിന്ന് നോന്പിനെ വ്യതിരിക്തമാക്കുന്നത് ഇത്തരം പ്രത്യേകതകളാണ്. ദുര്‍ചിന്തകളും ദുര്‍വൃത്തികളും നീക്കി മനസ്സും ശരീരവും സ്ഫുടം ചെയ്ത് ഒരു സംശുദ്ധ ജീവിതത്തിന് വ്രതം മനുഷ്യനെ പ്രാപ്തനാക്കുന്നു.”സത്യവിശ്വാസികളെ, നിങ്ങളുടെ മുന്‍ഗാമികള്‍ക്ക് നോന്പ് നിര്‍ബന്ധമാക്കിയതു പോലെ നിങ്ങള്‍ക്കും നോന്പ് നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ തഖ്വയുള്ളവരായിത്തീരാന്‍(വി.ഖു)”. ഭയപ്പെടുന്നവരാകാന്‍, ഭയഭക്തിയുള്ളവരാവാന്‍, സൂക്ഷ്മതയുള്ളവരാവാന്‍ എന്നൊക്കെയാണ് ഇതിനര്‍ത്ഥമെങ്കിലും ഖുര്‍ആനിക പദം തഖ്വയുള്ളവരാവാന്‍ എന്നതു തന്നെയാണ്. തഖ്വ ഇതില്‍ നിന്നൊക്കെ ഉന്നതമായ ആശയമാണ്. നോന്പുകളെല്ലാം കുറ്റമറ്റതാവാന്‍ നാം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഇമാം ഗസ്സാലി(റ) പറയുന്നു. നോന്പിനെ മൂന്നാക്കിയിരിക്കുന്നു. സാധാരണ നോന്പ്, അതിപ്രത്യേക നോന്പ്, പ്രത്യേക നോന്പ്, വയറിന്‍റെയും ഗുഹ്യസ്ഥാനത്തിന്‍റെയും അഭീഷ്ടങ്ങളെ നിയന്ത്രിച്ച് കര്‍മ ശാസ്ത്രം പറയുന്നതു പ്രകാരം ഫര്‍ള്, ശര്‍ത്വ് എല്ലാം ഉള്‍പ്പെടുത്തി നോല്‍ക്കുന്ന നോന്പാണ് സാധാരണ നോന്പ്. കണ്ണും കാതും കാലും തുടങ്ങി സര്‍വ്വ അവയവങ്ങളും തെറ്റുകളില്‍ നിന്ന് മുക്തമാക്കുന്നതാണ് അതിപ്രത്യേക നോന്പ്. ഐച്ഛിക ഇച്ഛകളില്‍ നിന്നും പൂര്‍ണ മുക്തമായി ഇലാഹി സ്മരണയിലേക്ക് തിരിയുന്ന ഒരവസ്ഥയാണ് മൂന്നാമത്തേത്. ചിന്തിക്കാന്‍ സമയമടുത്തിരിക്കുന്നു. പൂര്‍ണമായും തെറ്റില്‍ നിന്ന് മുക്തമായ നോന്പിനായിരിക്കണം നാം തുനിയേണ്ടത്. വ്രതത്തിന്‍റെ പ്രതിഫലം സോപാധികമാണ്. നിബന്ധനകള്‍ പാലിക്കാത്തത് കേവല നിരാഹാര വ്രതം മാത്രമാണ്. അത് പരലോകത്ത് പ്രതിഫലാര്‍ഹമല്ല. വാക്കും നോട്ടവും ചിന്തയും ശുദ്ധമാവണം. അനാവശ്യ പ്രവൃത്തി ഉപേക്ഷിക്കാത്തവര്‍ അന്നപാനീയങ്ങള്‍ ഒഴിവാക്കല്‍ അല്ലാഹുവിന് ആവശ്യമില്ല (ബുഖാരി). അഞ്ച് കാര്യങ്ങള്‍ നോന്പിനെ മുറിച്ച് കളയും. കളവ്, പരദൂഷണം, ഏഷണി, കള്ള സാക്ഷ്യം, ആസക്തിയോടെയുള്ള നോട്ടം ഇത്തരം കാര്യങ്ങളുള്ള നോന്പ് റബ്ബിന് വേണ്ടെന്ന് മേല്‍പറഞ്ഞ ഹദീസില്‍ നിന്ന് വ്യക്തമാണ്. തിരുനബി(സ) അരുളി. ഒരാള്‍ റമളാന്‍ നോന്പനുഷ്ടിച്ചു. പരിധികളറിഞ്ഞു. സൂക്ഷിക്കേണ്ടതെല്ലാം സൂക്ഷിച്ചു. എങ്കില്‍ മുന്‍കഴിഞ്ഞതെല്ലാം അവന്‍ പൊറുപ്പിച്ചവനാണ്. നോന്പിന്‍റെ പ്രതിഫല വാഗ്ദാനത്തില്‍ ഊന്നിപ്പറഞ്ഞ ഒരു കാര്യമുണ്ട്. ഈമാനും ഇഹ്തിസാബും. ഇതുള്ളവര്‍ക്കാണ് പ്രതിഫലം ലഭിക്കുക. നോന്പിന്‍റെ പ്രധാനപ്പെട്ട പ്രത്യേകതയാണ് ലോകമാന്യമില്ലായ്മ. അതെനിക്കുള്ളതാണ്, അതിന് പ്രതിഫലം നല്‍കുന്നത് ഞാനാണ്. കാരണം എനിക്ക് വേണ്ടിയാണ് ഭക്ഷണ പാനിയങ്ങള്‍ ഉപേക്ഷിച്ചത്.(ബൈഹഖി) നോന്പുകാര്‍ക്കുള്ള പരിഗണന ചെറുതൊന്നുമല്ല. നോന്പിന്‍റെ കാര്യത്തില്‍ അനുവദനീയമായ കാര്യങ്ങള്‍ പുണ്യമുള്ള ഇബാദത്തായി മാറുന്നു. അവന്‍റെ നിശബ്ദതയും ഉറക്കവും ഇബാദത്താണെന്ന് വരെ പഠിപ്പിക്കപ്പെട്ടിരിക്കുന്നു. സ്വര്‍ഗത്തില്‍ റയ്യാന്‍ എന്ന കവാടമുണ്ട്. പ്രതിഫല നാളില്‍ നോന്പുകാര്‍ അതിലൂടെയാണ് പ്രവേശിക്കുന്നത്. അവരല്ലാതെ മറ്റാരും പ്രവേശിക്കുകയില്ല. അവര്‍ കടന്നാല്‍ ആ വാതില്‍ അടക്കപ്പെടും (ബുഖാരി, തുര്‍മുദി). ഒരു ഹദീസില്‍ കാണാം, നരകത്തില്‍ നിന്ന് കാക്കുന്ന പരിചയാണ് നോന്പ് (അഹ്മദ്, ബൈഹഖി). അബൂ ഉമാമ(റ) പറയുന്നു: ഞാന്‍ ചോദിച്ചു: അല്ലാഹുവിന്‍റെ റസൂലെ.. ഏറ്റവും വലിയ സല്‍കര്‍മ്മം എനിക്ക് പറഞ്ഞ് തന്നാലും, മുത്ത് നബി(സ) പറഞ്ഞു: നിങ്ങള്‍ നോന്പ് അനുഷ്ഠിക്കുക. അതിന്‍റെ പ്രതിഫലത്തിന് കൈയ്യും കണക്കുമില്ല. ഒരു സല്‍കര്‍മ്മം കൂടി പറഞ്ഞു തരാമോ? നീ നോന്പ് അനുഷ്ഠിച്ചോ അതിനു തുല്യമായ മറ്റൊന്നില്ല. (നസാഈ)മറ്റൊരു റിപ്പോര്‍ട്ടില്‍ കാണാം. എനിക്ക് സ്വര്‍ഗ്ഗം കരസ്ഥമാകുന്ന ഒരു കര്‍മ്മം നിര്‍ദേശിച്ചാലും. ഈ നിര്‍ദേശത്തിന്‍റെ പരിണിത ഫലം ഇങ്ങനെ വായിക്കാം. ഉമാമ (റ)ന്‍റെ വീട്ടില്‍ വിരുന്നുകാര്‍ വന്നാലല്ലാതെ പകല്‍ സമയത്ത് പുക ഉയര്‍ന്നിട്ടില്ലായിരുന്നു.
സ്വദഖയുടെ അകപ്പൊരുള്‍
സന്പത്ത് അല്ലാഹുവിന്‍റെ ഔദാര്യമാണ്. എത്ര കഠിനാധ്വാനം ചെയ്താലും ചിലര്‍ക്ക് സന്പന്നനാകാന്‍ സാധിക്കാറില്ല. ചിലര്‍ കൈ വെച്ചതെല്ലാം പൊന്നായി മാറുകയും ചെയ്യും. ഇത് രണ്ടും അല്ലാഹുവിന്‍റെ പരീക്ഷണമാണ്. ഇത് മനസ്സിലാക്കുന്നിടത്താണ് വിശ്വാസി വിജയിക്കേണ്ടത്. സന്പത്തിന്‍റെ വിനിയോഗം വ്യക്തമായി നിരീക്ഷിക്കുന്നവനാണ് സ്രഷ്ടാവ്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നതിങ്ങനെ സ്വര്‍ണ്ണവും വെള്ളിയും നിക്ഷേപിക്കുകയും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ചിലവഴിക്കാതിരിക്കുകയും ചെയ്യുന്നവര്‍ക്ക് വേദനാജനകമായ ശിക്ഷയുണ്ട്. നരകാവകാശികളോട് സ്വര്‍ഗാവകാശികള്‍ ചോദിക്കും: നരക പ്രവേശനത്തിന്‍റെ കാരണമെന്ത്? അവരുടെ മറുപടി ഇങ്ങനെ: “ഞങ്ങള്‍ നിസ്കരിച്ചില്ല. പാവങ്ങള്‍ക്ക് ധര്‍മ്മം ചെയ്തില്ല. ദുര്‍നടപ്പുക്കാരോട് കൂടെ മാത്രം ജീവിച്ചു” (74/4345). പാവങ്ങളോട് സഹകരിക്കുന്നതിന്‍റെ നേട്ടങ്ങള്‍ നമുക്ക് ഇതില്‍ നിന്നും ഗ്രഹിക്കാം. യാചിച്ചു വരാതെത്തന്നെ പാവത്തെ കണ്ടറിയുന്നവനാണ് വിശ്വാസി. ഇനി വല്ലവനും വന്നാല്‍ തന്നെ അവനെ അളക്കുന്നവനും പൂര്‍ണ്ണ വിശ്വാസിയുമല്ല. സ്വദഖ പോലെത്തന്നെയാണ് ഇഫ്താര്‍ സംഘടിപ്പിക്കലും. ഒരു കാരക്ക കൊണ്ടെങ്കിലും നരകത്തില്‍ നിന്ന് മോചനം നേടുക (ബുഖാരി).
റമളാനാകുന്നതിന് മുന്പ്
പരലോകത്ത് വുളൂഅ് എടുക്കാനായി നന്മയുടെ വിത്ത് വിതറേണ്ട മാസമാണ് വിശുദ്ധ റമളാന്‍. വരും കാലങ്ങളില്‍ ഓടാനുള്ള ഇന്ധനം നാം ഈ ധന്യ മാസത്തില്‍ സംഭരിക്കേണ്ടതുണ്ട്. ഇബാദത്തുകള്‍ക്ക് ലഭിക്കുന്ന പ്രതിമടങ്ങ് പ്രതിഫലം നഷ്ടപ്പെട്ടുകൂടാ. നിസ്കാരം, നോന്പ്, ഫിത്ര്‍ സകാത്ത്, ഖുര്‍ആന്‍ പാരായണം തുടങ്ങിയവ വ്യാപകമാക്കുന്നതോടൊപ്പം മുസ്ലിം ഉമ്മത്തിന്‍റെ ചരിത്രത്തില്‍ നിസ്തുലമായ സമര്‍പ്പണത്തിന്‍റ അദ്ധ്യായം രചിച്ച ബദ്രീങ്ങളുടെ പാവനസ്മരണ പുതുക്കി ലൈലത്തുല്‍ ഖദ്ര്‍ പ്രതീക്ഷിച്ച് റമളാനിനെ പച്ചപിടിപ്പിക്കാന്‍ നാം പരിശ്രമിക്കണം. പരിശ്രമിച്ചാല്‍ വിജയിക്കും. തീര്‍ച്ച!

Write a comment