Posted on

എസ്.വൈ.എസ്; സേവനത്തിന്‍റെ അര്‍പ്പണ വഴികള്‍

വഹാബികള്‍ കേരളത്തില്‍ കാലുകുത്തിയിരിക്കുന്നു എന്ന തിരിച്ചറിവുണ്ടായ ഘട്ടത്തില്‍ 1920കളുടെ മധ്യത്തില്‍ കേരളത്തിലെ ഉലമാക്കള്‍ കൂടിയിരുന്ന് രൂപീകരിച്ച പണ്ഡിത സഭയാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ.
വ്യതിയാന ചിന്തകള്‍ക്കെതിരെ ശക്തമായ താക്കീതു നല്‍കി പണ്ഡിത നേതൃത്വം കര്‍മ്മ സജ്ജരായി മുന്നേറിക്കൊണ്ടിരുന്നു. ഒരു സമര്‍പ്പിത യുവ ശക്തിയുടെ സാര്‍ത്ഥക മുന്നേറ്റം ഇപ്പോള്‍ അനിവാര്യമാണെന്ന ആവശ്യം പണ്ഡിതര്‍ക്കിടയില്‍ നിന്ന് ഉയര്‍ന്നു. 1954ല്‍ ഇസ്ലാഹുല്‍ ഉലൂം മദ്റസയില്‍ ചേര്‍ന്ന യോഗത്തില്‍ ഒരു യുവശക്തിയുടെ രൂപീകൃത ചര്‍ച്ച നടന്നു. തെന്നിന്ത്യന്‍ മുഫ്തി മര്‍ഹൂം ശൈഖ് ആദം ഹസ്റത്തിന്‍റെ അദ്ധ്യക്ഷതയില്‍ നടന്ന വാര്‍ഷിക സമ്മേളനത്തിലെ പ്രഭാഷകര്‍ യുവജന ശക്തിയുടെ രൂപീകരണത്തിന്‍റെ ആവശ്യകതയിലേക്ക് വിരല്‍ചൂണ്ടി. സുന്നത്ത് ജമാഅത്തിന്‍റെ ആധികാരിക ശബ്ദങ്ങളായിരുന്ന മര്‍ഹൂം പറവണ്ണ മുഹ്യുദ്ധീന്‍ കുട്ടി മുസ്ലിയാര്‍ പതി അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ എന്നിവര്‍ യുവജന മുന്നേറ്റത്തിന്‍റെ ആവിശ്യകത ജനങ്ങള്‍ക്ക് ബോധ്യപ്പെടുത്തിക്കൊടുത്തു. അടുത്ത ദിവസം കോഴിക്കോട് അന്‍സാറുല്‍ മുസ്ലിമീന്‍ ഓഫീസില്‍ ചേര്‍ന്ന ലഘു കണ്‍വെന്‍ഷനില്‍ എസ്.വൈ.എസ് പിറവിയെടുത്തു.
1954ല്‍ രൂപീകരിക്കപ്പെട്ട് പ്രവര്‍ത്തിച്ചു പോരുന്ന മത സാമൂഹിക സാംസ്കാരിക സംഘടനയായ എസ്.വൈ.എസിന് വ്യക്തമായ ഒരു ആദര്‍ശവും സ്ഥാപിത ലക്ഷ്യവുമുണ്ടായിരുന്നു. തിരുനബി(സ്വ)യില്‍ നിന്ന് അവിടുത്തെ അനുചരര്‍ മുഖേന കേരളത്തിലെത്തിയ മുസ്ലിംകളുടെ മതകീയ അസ്ഥിത്വത്തിനെതിരെ നവീന വാദികളില്‍ നിന്ന് ഉയര്‍ന്നു വന്ന ചോദ്യങ്ങളെ പ്രതിരോധിക്കാന്‍ സുന്നി യുവജന സംഘം പ്രാപ്തരായിരുന്നു. ഇസ്ലാമിന്‍റെ ആദര്‍ശാടിത്തറയില്‍ ഊന്നിക്കൊണ്ടുള്ള ഒരു ജീവിത ശൈലി കേരളീയ ജനതക്ക് പകര്‍ന്നു നല്‍കുന്നതില്‍ യുവശക്തി വന്‍ നേട്ടമാണ് കൈവരിച്ചത്. മുസ്ലിംകളില്‍ മതബോധം നിലനിര്‍ത്തി ആരാധന സൗകര്യം ഏര്‍പ്പെടുത്തി, മുസ്ലിംകളുടെ വിദ്യാഭാസ സാംസ്കാരിക പുരോഗതിക്കുവേണ്ടി യത്നിച്ചു. യുവജന സംഘത്തിന്‍റെ പിന്നിട്ട പ്രവര്‍ത്തന ഗോഥ സന്പന്നമാണ്. മുസ്ലിംകളെ മാതൃക മുസ്ലിംകളായി വളര്‍ത്തികൊണ്ട് വന്ന് സമൂഹത്തിലെ താഴെ കിടയിലുള്ള അശരണര്‍ക്കും അഗതികള്‍ക്കും തണലായി വര്‍ത്തിക്കാന്‍ പ്രാപ്തരായ ഒരു സന്നദ്ധ സേനയെ വാര്‍ത്തെടുക്കാന്‍ സംഘടനക്കായി. നിത്യരോഗികള്‍ക്കും സനേഹത്തിന്‍റെ സാന്ത്വന സ്പര്‍ശം കൊണ്ട് ജീവിതം കുളിരണിയിപ്പിക്കാന്‍ ഒരുപറ്റം യുവശക്തികളിന്ന് കര്‍മ്മ സജ്ജരാണ്. ഈ ആദര്‍ശ പ്രസ്ഥാനത്തിന്‍റെ സഹായ സഹകരണങ്ങളാല്‍ ജീവതത്തിന്‍റെ ദുര്‍ഘട വഴിയില്‍ നിന്ന് കരകേറിയ ഒട്ടനവധി ജീവിതങ്ങളെ നമുക്ക് ചൂണ്ടിക്കാണിക്കാനാകും. ദാരിദ്രം കാരണം സമൂഹത്തില്‍ നിവര്‍ന്ന് നില്‍ക്കാന്‍ കഴിയാതെ പോകുന്ന ജനങ്ങള്‍ക്ക് എസ് വൈ എസിന്‍റെ സഹായസഹകരണങ്ങള്‍ എന്നും ഒരു മുതല്‍കൂട്ടാണ്. ദാരിദ്ര്യം വിദ്യാഭ്യാസത്തിന് വിലങ്ങ് തടിയായപ്പോള്‍ പഠന ചിലവുകള്‍ വഹിച്ച് കൊണ്ട് സമൂഹത്തിന്‍റെ ഉന്നതിയിലേക്ക് കൈപിടിച്ച് അഗതികളെ ഉയര്‍ത്താന്‍ സുന്നി യുവജനസംഘം മുന്നോട്ടു വന്നു.
നാല്‍പതാം വാര്‍ഷികവും അന്പതാം വാര്‍ഷികവും ആഘോഷിക്കുന്ന ഘട്ടങ്ങളില്‍ നാല്‍പതും അന്പതും വീതം തൊണ്ണൂറ് പെണ്‍കുട്ടികളെ സമൂഹ വിവാഹം ചെയ്ത് മാതൃക സൃഷ്ടിക്കാന്‍ സംഘടനക്കായിട്ടുണ്ട്. മെഡിക്കല്‍ കോളേജുകള്‍, ജില്ലാ ഹോസ്പിറ്റലുകള്‍, ജനറല്‍ ഹോസ്പിറ്റലുകള്‍, ആര്‍സിസി തുടങ്ങിയവ കേന്ദ്രീകരിച്ച് സാന്ത്വന പ്രവര്‍ത്തനം നടത്തികൊണ്ടിരിക്കുന്നു. കിടപ്പിലായവര്‍ക്കും സഞ്ചാര ശേഷി നഷ്ടപ്പെട്ടവര്‍ക്കും ഉപകരണങ്ങള്‍, വീല്‍ചെയറുകള്‍, വാട്ടര്‍ ഫിയര്‍ ബെഡ്ഡുകള്‍, ഊന്ന് വടികള്‍, ഇലക്ട്രോണിക്ക് ഉപകരണങ്ങള്‍, തുടങ്ങിയവ നല്‍കുന്നതിനായി കേരളത്തിലുട നീളം സാന്ത്വന കേന്ദ്രങ്ങള്‍ സ്ഥാപിച്ചു. പ്രാദേശിക സേവന സന്നദ്ധതയുള്ള യുവജനങ്ങളെ സംഘടിപ്പിച്ച് അവര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കി അവരെ സേവന യോഗ്യരാക്കുന്നതിനും സംഘടിപ്പിക്കുന്നതിനും വേണ്ടി സാന്ത്വനം ക്ലബ്ബുകളെല്ലാം കര്‍മ്മ സജ്ജരാണ്. ഭക്ഷണം മരുന്ന് വിതരണം മറ്റു സഹായ സഹകരണങ്ങള്‍ എന്നിവയില്‍ സംഘടന അതീവ ശ്രദ്ധ ചെലുത്തുന്നു. സംസ്ഥാനത്തിപ്പോള്‍ 2346 സാന്ത്വന ക്ലബ്ബുകളും 4312സാന്ത്വന കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. മുപ്പത്തിരണ്ട് ആംബുലന്‍സുകളും പതിനെട്ട് ഡ്രോമോ കെയര്‍ യൂണിറ്റുകളും പ്രവര്‍ത്തന സജ്ജമാണ്.
വൈജ്ഞാനിക വിപ്ലവമായിരുന്നു സുന്നി യുവജനസംഘത്തിന്‍റെ പ്രധാന അജണ്ട. പൊന്നാനി കേന്ദ്രീകൃതമായി മഖ്ദൂമുമാര്‍ കൊളുത്തിയ വിജ്ഞാനത്തിന്‍റെ ദീപശിഖ കെടാതെ കാത്തുസൂക്ഷിക്കാനുള്ള ഉത്തരവാദിത്വം എസ് വൈ എസിനുണ്ടായിരുന്നു. പോര്‍ച്ചുഗീസ് കൊളോണിയലിസത്തിന്‍റെ അധിനിവേശം മൂലം കേരള സമൂഹം സ്വാതന്ത്ര്യ പ്രതിസന്ധി നേരിട്ടപ്പോള്‍ ഉള്‍കാഴ്ചയുള്ള മഖ്ദൂം(റ) കൈകൊണ്ട പാതയിലൂടെയാണ് സുന്നി യുവജന സംഘം സഞ്ചരിച്ചത്. പോര്‍ച്ചുഗീസുകാര്‍ക്കെതിരെ കേരള മുസ്ലിംകളെ പോര്‍ക്കളത്തിലിറക്കും മുന്പ് ആന്തരികമായി ശോഷണം സംഭവിച്ച മുസ്ലിം ഹൃദയങ്ങളില്‍ വിജ്ഞാനത്തിന്‍റെ തിരിനാളം കൊളുത്തിക്കാനാണ് മഖ്ദൂം(റ) യത്നിച്ചത്. ഇതേ പാതയാണ് സുന്നിയുവജനസംഘവും ഏറ്റെടുത്തത്. നവീനവാദികളും, ത്വരീഖത്തുകളും സമൂഹത്തില്‍ ആധിപത്യം സ്ഥാപിക്കാനൊരുങ്ങുന്പോള്‍ മുസ്ലിം സമൂഹത്തെ വൈജ്ഞാനിക സന്പൂര്‍ണ്ണതയിലെത്തിക്കാനുള്ള ശ്രമത്തിലായിരുന്നു സംഘടന. 1978 ല്‍ കോഴിക്കോട് വെച്ച് ചേര്‍ന്ന വാര്‍ഷിക സമ്മേളനം വൈജ്ഞാനിക മുന്നേറ്റത്തിന്‍റെ കാതലായ തീരുമാനങ്ങള്‍ക്ക് വഴിവെച്ചു. രാഷ്ട്രീയക്കാരെയും മന്ത്രിമാരെയും ഒഴിവാക്കി ആത്മീയ നേതാക്കളായ പണ്ഡിതന്മാരെയും സൂഫിയാക്കളെയും പങ്കെടുപ്പിച്ച് വിജ്ഞാനത്തിന്‍റെ പാത കൂടുതല്‍ സന്പന്നമാക്കാന്‍ സംഘടന തീരുമാനിച്ചു. മക്കയിലെ സയ്യിദ് മുഹമ്മദ് മാലികി, മര്‍ഹൂം സി എം വലിയുള്ളാഹി, വടകര മുഹമ്മദ് ഹാജി തങ്ങള്‍ തുടങ്ങിയ മഹാന്മാരുടെ നേതൃത്വത്തില്‍ നടന്ന പ്രസ്തുത സമ്മേളനത്തില്‍ മതഭൗതിക വിജ്ഞാനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കാനുള്ള ആശയത്തിന് പ്രചോദനമായി. കാരന്തൂരില്‍ അന്ന് ശിലാസ്ഥാപനം ചെയ്ത മര്‍ക്കസുസ്സഖാഫത്തി സുന്നിയ്യയും അതേ കാലയളവില്‍ കാസര്‍ഗോഡ് കളനാട് ദേളി പ്രദേശത്ത് രൂപം കൊണ്ട ജാമിഅ സഅദിയ്യ അറബിയ്യയും അതിന്‍റെ നിതാന്ത ദൃഷ്ടാന്തങ്ങളാണ്. ഭൗതികതയുടെ അതിപ്രസരത്തിലും മതമൂല്യങ്ങള്‍ക്ക് യാതൊരു കോട്ടവും പറ്റാതെ കാത്തു സൂക്ഷിച്ചു.
പള്ളി ദര്‍സുകള്‍ ശോഷണത്തിന്‍റെ വക്കില്‍ എത്തി. മത വിദ്യാഭ്യാസത്തിന് അവസരം ലഭിക്കാത്ത വിധത്തില്‍ ഭൗതിക വിദ്യാഭ്യാസം രംഗപ്രവേശനം ചെയ്തപ്പോള്‍ മത ഭൗതിക സമന്വയ വിദ്യാഭ്യാസത്തിന്‍റെ പുതിയ രൂപമായ ദഅ്വാ കോളേജുകളുടെ സ്ഥാപനം സംഘടനയുടെ യുക്തമായ തീരുമാനമായിരുന്നു. ഹയര്‍ സെക്കണ്ടറി തലം മുതല്‍ പോസ്റ്റ് ഗ്രജ്വോഷന്‍ വരെ പഠിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം ഒരുക്കിക്കൊടുത്തു. ഗവേഷണ രംഗത്തും സര്‍വ്വീസ് മേഖലയിലും മതമൂല്യങ്ങള്‍ക്ക് കളങ്കം വരാതെ തന്നെ തിളങ്ങാന്‍ കഴിയുമെന്ന് യുവപണ്ഡിത സമൂഹം തെളിയിച്ചു.
ഉറ്റവര്‍ നഷ്ടപ്പെട്ടതിനാല്‍ പഠനം പാതിവഴിയില്‍ വെച്ചു നിന്ന കാശിമീരിലേയും മറ്റു കലാപ ബാധിത പ്രദേശങ്ങളിലേയും പിഞ്ചുകുഞ്ഞുങ്ങളുടേയും കണ്ണീരൊപ്പാന്‍ എസ്.വൈ.എസ് എന്നും ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. മതത്തിന്‍റെ അടിസ്ഥാന ജ്ഞാനം പോലും നുകരാന്‍ അവസരമില്ലാതെ അന്ധകാരത്തില്‍ കഴിഞ്ഞു കൂടുന്ന ഇന്ത്യയിലെ വിവിധ പ്രദേശങ്ങളില്‍ സ്ഥാപനം പണിയുകയും ചിന്താശേഷിയും അറിവും കൈമുതലാക്കിയ പണ്ഡിതരെ നിയമിച്ച് സമൂഹത്തിന്‍റെ ഉന്നതിയിലേക്ക് അവരെ കൈപിടിച്ചു നടത്തി. സമരങ്ങളും പ്രക്ഷോഭങ്ങളും ജനസഞ്ചയത്തെ പ്രയാസപ്പെടുത്താനോ അക്രമം അഴിച്ചു വിടാനോ ഹേതുവായിക്കൂടാ എന്ന നിര്‍ബന്ധ ബുദ്ധിയുണ്ടായിരുന്നു സംഘടനക്ക്. സമരത്തിന്‍റെ ലക്ഷ്യപ്രാപ്തി സ്വായത്തമാക്കാന്‍ ഉത്തരവാദിത്തപ്പെട്ട കേന്ദ്രങ്ങളില്‍ ശ്രദ്ധ ചെലുത്താനാണ് ശ്രമിച്ചത്. രാഷ്ട്രത്തിനും സമൂഹത്തിനും ഗുണകരമായ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാനും രാഷ്ട്രത്തിന്‍റെ അഖണ്ഡതക്ക് മങ്ങലേല്‍പ്പിക്കുന്ന ദുഷ്ചെയ്തികളില്‍ നിന്ന് വിട്ടു നില്‍ക്കാനും അത്തരം പ്രവര്‍ത്തികളെ മഹാപാപമായി കാണാനും സംഘടന പഠിപ്പിച്ചു. അങ്ങിനെ രാഷ്ട്രത്തിനും സമൂഹത്തിനും ഗുണം ചെയ്യുന്ന ഒരു യുവജന സഞ്ചയത്തെ രാഷ്ട്രത്തിന് സമര്‍പ്പിച്ചു.
ധാര്‍മ്മികമായ ഒരു സമൂഹത്തിന്‍റെ സൃഷ്ടിക്ക് ലഹരി വിരുദ്ധ സമരവും അÇീലരക്തദാന, ധൂര്‍ത്ത് എന്നിവക്കെതിരെ സംഘടന ധീരമായി സമര രംഗത്തിറങ്ങി. സെമിനാറുകള്‍, കവല പ്രസംഗങ്ങള്‍, സ്കൂള്‍ ഓഫ് ഖുര്‍ആന്‍, വര്‍ക്ക് ഷോപ്പുകള്‍, സംവാദങ്ങള്‍, ബഹുജന റാലികള്‍, സമ്മേളനങ്ങള്‍, കാന്പയിനുകള്‍, കുടുംബ സംഗമം, പുസ്തക പ്രകാശനം, ലഘുലേഖകള്‍, സി.ഡികള്‍ തുടങ്ങിയ ബോധവല്‍ക്കരണത്തിന്‍റെ സാധ്യമായ ഇടപെടലുകള്‍ എല്ലാം സംഘടന നടത്തി വരുന്നു.
ബഹുസ്വര സമൂഹത്തില്‍ മത സാഹോദര്യവും സമാധാനവും നട്ടു വളര്‍ത്താന്‍ സംഘടന പരമാവധി പ്രയത്നിച്ചിട്ടുണ്ട്. കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തില്‍ “മനുഷ്യ മനസ്സുകളെ കോര്‍ത്തിണക്കാന്‍’ എന്ന പ്രമേയത്തില്‍ “ഒന്നാം കേരളയാത്രയും’ “മാനവികതയെ ഉണര്‍ത്തുന്നു’ എന്ന പ്രമേയത്തില്‍ “രണ്ടാം കേരളയാത്രയും’ കേരളത്തിന്‍റെ മതസൗഹാര്‍ദം ഊട്ടിയുറപ്പിച്ചു. തിരു നബി(സ)യില്‍ നിന്ന് പകര്‍ന്നു നല്‍കിയ പാരന്പര്യം സംരക്ഷിച്ച് പോരുന്നതോടൊപ്പം ആത്മീയതയും ആദര്‍ശവും കൈവിടാതെ തന്നെ സാമൂഹികവും രാഷ്ട്രീയവുമായ പ്രവര്‍ത്തനം സാധ്യമാണ് എന്ന് സംഘടന തെളിയിച്ചു. സമര്‍പ്പിത യൗവനത്തിന്‍റെ സാര്‍ത്ഥക മുന്നേറ്റം ഇനിയും തുടരട്ടെ….

Write a comment