Posted on

നൂറുല്‍ ഉലമ; പ്രകാശം പരത്തിയ പണ്ഡിത ജ്യോതിസ്സ്

നൂറുല്‍ ഉലമയെന്ന മഹനീയ നാമത്തെ അന്വര്‍ത്ഥമാക്കുന്ന ജീവിതമായിരുന്നു എം.എ ഉസ്താദിന്‍റേത്. ഒരു പണ്ഡിതന്‍റെ കര്‍ത്തവ്യവും ധര്‍മവും എങ്ങനെയായിരിക്കണമെന്ന് സമൂഹമധ്യത്തില്‍ കാണിച്ചു കൊടുക്കുകയായിരുന്നു മഹാന്‍. പാണ്ഡിത്യത്തിന്‍റെ ഉത്തുംഗതയിലും വിനയവും ലാളിത്യവും നിറഞ്ഞ ജീവതമായിരുന്നു അവിടുന്ന് നയിച്ചത്. അവസാനം താന്‍ ജീവിച്ച സമൂഹത്തിനും പുതുതലമുറയ്ക്കും ഏറെ ബാക്കി വെച്ചാണ് ആ മഹാമനീഷി യാത്രയായത്.
1924 ജൂലൈ ഒന്നാം തീയതി(റജബ് 29) തിങ്കളാഴ്ചയാണ് എം.എ ഉസ്താദ് ജനിക്കുന്നത്. തൃക്കരിപ്പൂര്‍ ഉടുന്പുന്തലയില്‍ കുറിയ അബ്ദുല്ല എന്നവരാണ് പിതാവ്, മാതാവ് നാലരപ്പാട് മറിയം. മാതാമഹന്‍റെയും അമ്മാവന്‍റെയും കീഴിലായിരുന്ന പ്രാഥമിക പഠനം. ശേഷം ബീരിച്ചേരി ദര്‍സില്‍ പ്രമുഖ പണ്ഡിതനും സൂഫീവര്യനുമായിരുന്ന ശാഹുല്‍ ഹമീദ് തങ്ങള്‍ക്ക് കീഴില്‍ പത്ത് വര്‍ഷം പഠനം നടത്തി. ആത്മീയതയുടെ നിറകുടമായിരുന്ന ഗുരുവര്യര്‍ ഇക്കാലയളവില്‍ എം.എ ഉസ്താദിന്‍റെ ജീവിതത്തെ ആഴത്തില്‍ സ്വാധീനിക്കുക തന്നെ ചെയ്തു. ആത്മീയതയുടെ പടവുകള്‍ താണ്ടാന്‍ നൂറുല്‍ ഉലമക്ക് വെളിച്ചം പകര്‍ന്നതും ശാഹുല്‍ ഹമീദ് തങ്ങളായിരുന്നു.
നിരവധി ആത്മീയ നായകരുമായും ത്വരീഖത്തിന്‍റെ മശാഇഖുമാരുമായും അഭേദ്യമായ ബന്ധം എം.എ ഉസ്താദിനുണ്ടായിരുന്നു. അതേസമയം തന്നെ പൊതുപ്രവര്‍ത്തന രംഗത്തും അവിടുന്ന് സജീവ സാന്നിധ്യമായിരുന്നു. മയ്യിത്ത് പരിപാലന സംഘത്തിലൂടെയാണ് നൂറുല്‍ ഉലമ പൊതുരംഗത്തേക്ക് കടന്നു വരുന്നത്. 1951ല്‍ ഇസ്ലാം മത വിദ്യഭ്യാസ ബോര്‍ഡിലൂടെ സമസ്തയുടെ സജീവ സാരഥിയായി മാറി. തുടര്‍ന്ന് അരനൂറ്റാണ്ടിലേറെക്കാലം സമസ്തയുടെ വിവിധ നേതൃസ്ഥാനങ്ങള്‍ വഹിച്ചു. 2013ല്‍ താജുല്‍ ഉലമയുടെ വഫാത്തിനെ തുടര്‍ന്ന് സമസ്തയുടെ പ്രസിഡന്‍റായി തിരഞ്ഞെടുക്കുപ്പെട്ടു. ഒരു വര്‍ഷത്തോളം ആ വലിയ സ്ഥാനം വഹിക്കുകയും ചെയ്തു. കൂടാതെ സമസ്ത കേരള ഇസ്ലാം മത വിദ്യഭ്യാസ ബോര്‍ഡ് പ്രസിഡന്‍റ്, അഖില്യോ സുന്നീ വിദ്യഭ്യാസ ബോര്‍ഡ് പ്രസിഡന്‍റ് തുടങ്ങിയ പദവികളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ജാമിഅ സഅദിയ്യ, മുജമ്മഅ് തുടങ്ങിയ നിരവധി സ്ഥാപനങ്ങളുടെ സാരഥി കൂടിയാണ് ഉസ്താദ്. മികവുറ്റ നേതൃത്വ ഗുണവും സംഘടനാ പാടവവും അവിടുത്തെ പ്രവര്‍ത്തനങ്ങളെ വ്യതിരിക്തമാക്കി നിര്‍ത്തി.
ജംഇയ്യത്തുല്‍ മുഅല്ലിമീന്‍റെയും സുന്നീവിദ്യഭ്യാസ ബോര്‍ഡിന്‍റെയും രൂപവത്കരണത്തില്‍ എം. എ ഉസ്താദ് ശ്രദ്ധേയമായ പങ്ക് വഹിച്ചിട്ടുണ്ട്. സമന്വയ വിദ്യഭ്യാസത്തിന്‍റെ പ്രയോഗവത്കരണത്തിനായി അക്ഷീണം പ്രയത്നിച്ച വ്യക്തിത്വമായിരുന്നു നൂറുല്‍ ഉലമ.
കൃത്യനിഷ്ഠത നൂറുല്‍ ഉലമയുടെ ജീവിതത്തിലുടെ നീളം പ്രകടമായിരുന്നു. എത്ര തിരക്കുകള്‍ക്കിടയിലും എല്ലാകാര്യങ്ങളും അതിന്‍റെ സമയത്ത് തന്നെ നിര്‍വഹിക്കുന്നതില്‍ അതീവ കണിശതയായിരുവന്നു മഹാനവര്‍കള്‍ക്ക്.
രചനാലോകം
അറബിയിലും മലയാളത്തിലുമായി നാല്‍പ്പതോളം രചനകള്‍ ആ മഹാപണ്ഡിതന്‍റെ തൂലികയില്‍ നിന്നും വെളിച്ചം കണ്ടിട്ടുണ്ട്. മതം, സമൂഹം, സംസ്കാരം, ആദര്‍ശം, ചരിത്രം, ദര്‍ശനം തുടങ്ങി നാനാമേഖലകള്‍ അവിടുത്തെ രചനകളില്‍ വിഷയീഭവിക്കുന്നുണ്ട്.
മയ്യിത്ത് പരിപാലന മുറകള്‍ എന്ന കൃതി രചിച്ചുകൊണ്ടാണ് നൂറുല്‍ ഉലമ എഴുത്ത് ആരംഭിക്കുന്നത്. തുടര്‍ന്ന് ധാരാളം അമൂല്യ കൃതികള്‍ അവിടുത്തെ അനുഗ്രഹീത തൂലികയില്‍ നിന്നും പിറവികൊണ്ടു. സമസ്തയുടെ ചരിത്രം, ഓര്‍മ്മയുടെ ഏടുകള്‍, ഇസ്ലാമിക സത്യവും മിഥ്യവും, സ്വഹാബത്തിന്‍റെ ആത്മവീര്യം, മുസ്ലിംകളും ശരീഅത്ത് നിയമങ്ങളും, കമ്മ്യൂണിസം സോഷ്യലിസം ഇസ്ലാം തുടങ്ങിയവ അവയില്‍ ചിലത് മാത്രം. കൂടാതെ ആനുകാലികങ്ങളില്‍ നിരവധി ലേഖനങ്ങളും പഠനങ്ങളും എഴുതിയിട്ടുണ്ട്. സമുദായത്തിന്‍റെ ഉന്നതിക്കും വളര്‍ച്ചക്കുമായി തൂലിക ചലിപ്പിച്ച പണ്ഡിതരില്‍ പ്രധാനിയായിരുന്നു എം.എ ഉസ്താദ്. ശരീഅത്ത് വിവാദം പോലുള്ള വിഷയങ്ങളില്‍ പൊതുസമൂഹത്തിനു മുന്നില്‍ പലരും ശരീഅത്തിനെ അപകീര്‍ത്തിപ്പെടുത്താന്‍ തുനിഞ്ഞപ്പോള്‍ അതിനെതിരില്‍ തൂലിക ചലിപ്പിച്ച പണ്ഡിതരില്‍ എം.എ ഉസ്താദ് മുന്‍പന്തിയിലുണ്ടായിരുന്നു. നല്ലൊരു അറബി കവി കൂടിയായിരുന്നു ഉസ്താദ്. തന്‍റെ ഗുരുവര്യരെ കുറിച്ചും നിരവധി മശാഇഖന്മാരെ പറ്റിയും അനുശോചന കാവ്യങ്ങളും മറ്റും എഴുതിയിട്ടുണ്ട്.

Write a comment