Posted on

പരീക്ഷകളെ എന്തിന് പേടിക്കണം?

പരീക്ഷാക്കാലമായി. മിക്ക വിദ്യാര്‍ത്ഥികളും പഠനമേഖലയില്‍ സജീവമാകാന്‍ തുടങ്ങി. പരീക്ഷയെ ഭയത്തോടെ വീക്ഷിക്കുന്ന പലരുമുണ്ട്. പരീക്ഷാപ്പേടിക്കു പകരം പരീക്ഷയെ കൂട്ടുകാരനായി കാണാനാവണം.
പരീക്ഷയും പരീക്ഷണങ്ങളും ഒരു പുതിയ പ്രതിഭാസമൊന്നുമല്ല. ജനിക്കുന്നതു മുതല്‍ അന്ത്യശ്വാസം വലിക്കുന്നതു വരെ വ്യത്യസ്ത മേഖലകളിലൂടെ കടന്നു പോവേണ്ടവനാണ് മനുഷ്യന്‍. അവിടെയെല്ലാം പരീക്ഷയും പരീക്ഷണങ്ങളുമുണ്ട്. വിദ്യാഭ്യാസ മേഖലയില്‍ ഇടക്കിടക്ക് നടക്കുന്ന പരീക്ഷകളെ പോലെ സാന്പത്തിക, സാമൂഹിക, സാംസ്കാരിക മേഖലകളിലും കടുത്ത പരീക്ഷണങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും മനുഷ്യന്‍ പാത്രമാവുന്നു. ഇത്തരം ഘട്ടങ്ങളില്‍ അതിജയിക്കാനുള്ള ശേഷിയാണ് വേണ്ടത്. പരീക്ഷയെ പേടിയോടെ അകറ്റിനിര്‍ത്തുന്നതിനു പകരം ധീരമായി നേരിടുകയാണ് വേണ്ടത്.
പരീക്ഷാക്കാലമാവുന്നതോടെ മാനസികമായ പിരിമുറുക്കങ്ങള്‍ക്ക് വിധേയരായി ജീവിതം തന്നെ അവതാളത്തിലാവുന്ന വിദ്യാര്‍ത്ഥികള്‍ പുതുകാലത്ത് വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. പരീക്ഷ എന്നു കേള്‍ക്കുന്പോള്‍ തന്നെ തലവേദയനുഭവപ്പെടുന്നവരാണിവര്‍. ഇത്തരം വിദ്യാര്‍ത്ഥികള്‍ പലപ്പോഴും പഠനം പാതിവഴിയിലുപേക്ഷിക്കുകയോ കാര്യക്ഷമമായ പഠനം നഷ്ടപ്പെട്ടവരോ ആയി മാറുന്നു.
ആത്മവിശ്വാസക്കുറവ് ഇതിലെ പ്രധാന ഘടകമാണ്. ജീവിതത്തിന്‍റെ വിവിധ ഘട്ടങ്ങളെ ആത്മ വിശ്വാസത്തോടെ സമീപിക്കാന്‍ വിദ്യാര്‍ത്ഥിക്ക് കഴിയണം. ആത്മ വിശ്വാസമില്ലായ്മ പലപ്പോഴും വിദ്യാര്‍ത്ഥിയുടെ വിദ്യാഭ്യാസ മുന്നേറ്റത്തിന് തടസമാവുന്നു. ഇത്തരം വിദ്യാര്‍ത്ഥികളില്‍ ഉയര്‍ന്ന വിദ്യാഭ്യാസം ഒരു സ്വപ്നമായി അവശേഷിക്കുന്നു. ഉയര്‍ന്ന അക്കാദമിക് ലക്ഷ്യങ്ങള്‍ ആഗ്രഹിക്കുന്നവര്‍ തന്നെ പഠനവിഷയങ്ങളില്‍ പിന്നിലായി പോകുന്നതിന്‍റെ പ്രധാനകാരണം ഇതു തന്നെയാണ്.
പരീക്ഷാസമയങ്ങളില്‍ രക്ഷിതാക്കള്‍ക്കും പ്രത്യേക റോളുണ്ട്. വീട്ടിലെ ബഹളമയത്തില്‍ നിന്നും മാറി പഠനത്തിനനിയോജ്യമായ ഒരു സ്ഥലം സജ്ജീകരിച്ചു കൊടുക്കുകയെന്നതാണ് രക്ഷിതാക്കളുടെ ജോലി. പഠനത്തിനനിയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുക എന്നത് വളരെ പ്രധാന കാര്യമാണ്.
എല്ലാം നാളേക്കു നീട്ടിവെക്കുന്ന സ്വഭാവം നമുക്കുള്ളതു പോലെ പഠനവും നീട്ടിവെക്കുന്ന സ്വഭാവം വിദ്യാര്‍ത്ഥികളിലുണ്ട്. മാസങ്ങള്‍ക്കു മുന്പുതന്നെ പരീക്ഷ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഒരാഴ്ച മുന്പു പോലും ഒരു ശരാശരി വിദ്യാര്‍ത്ഥി ശരിയായ തയ്യാറെടുപ്പ് നടത്തുന്നില്ല എന്നതാണ് വാസ്തവം.
കൃത്യമായ പ്ലാനിങ്ങോടുകൂടിയായിരിക്കണം പരീക്ഷക്ക് പഠിക്കാനൊരുങ്ങേണ്ടത്. ഓരോ ദിവസത്തേക്കുമുള്ള പ്ലാന്‍ തലേദിവസം തന്നെ തയ്യാറാക്കാന്‍ ശ്രമിക്കണം. ഉദാഹരണത്തിന് തിങ്കളാഴ്ചയിലേക്കുള്ള പ്ലാന്‍ ഞായറായ്ച വൈകുന്നേരം തന്നെ തയ്യാറാക്കുക. പഠനഭാഗം എത്രയുണ്ടെന്നു കൃത്യമായി മനസ്സിലാക്കി വേണം പ്ലാനുകള്‍ തയ്യാറാക്കേണ്ടത്. അതാതു ദിവസത്തെ പഠനം കഴിഞ്ഞതിനു ശേഷം ഉറങ്ങുന്നതിനു മുന്പ് അന്നത്തെ പ്ലാന്‍ അവലോകനം ചെയ്യുകയും വരും ദിവസത്തേക്കുള്ള പ്ലാനിംഗ് നടത്തുകയും വേണം.
പഠിക്കാനുപയോഗിക്കുന്ന സമയത്തിന്‍റെ ഇടവേളകളില്‍ ഇഷ്ടമുള്ള കാര്യങ്ങള്‍ക്ക് വേണ്ടി സമയം വിനിയോഗിക്കുകയും ആവാം. ഉറങ്ങാം, പാട്ടുകേള്‍ക്കാം, ചിത്രം വരയ്ക്കാം, ഭക്ഷണം കഴിക്കാം, പത്രം വായിക്കാം, വ്യയാമം ചെയ്യാം അങ്ങനെ എന്തുമാവാം. പഠനത്തിന്‍റെ ആദ്യ അഞ്ചുമിനിറ്റ് ഏത് അധ്യായം പഠിക്കണം ഏത് ഭാഗം പഠിക്കണം എന്നൊക്കെ പ്ലാന്‍ ചെയ്യാം. പഠിക്കുന്ന ഭാഗവുമായി ബന്ധപ്പെട്ട പുസ്തകങ്ങളും ലക്ചര്‍ നോട്ടുകളും ഗൈഡുകളും മാത്രം പഠന ടേബിളില്‍ വെക്കുക. വിഷയത്തിനും പഠനത്തിനും പൂര്‍ണ പ്രാധാന്യം കൊടുത്ത് വായിക്കുക. അവസാനത്തെ പത്ത് മിനിറ്റ് കസേരയില്‍ പിറകിലേക്ക് ചാഞ്ഞിരുന്ന് കണ്ണുകള്‍ അടച്ച് പഠിച്ച ഭാഗങ്ങള്‍ ഓര്‍ത്തെടുക്കാന്‍ ശ്രദ്ധിക്കുക. ഓരോ ദിവസത്തെയും ടൈംടേബിള്‍ ആകര്‍ഷകമായി എഴുതി വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ പഠനമുറിയിലും പഠനസ്ഥലത്തുമൊക്കെ എപ്പോഴും കാണുന്ന രീതിയില്‍ ഒട്ടിച്ചുവെക്കുന്നത് നന്നായിരിക്കും.
അവസാനഘട്ടം തയ്യാറെടുക്കുന്പോള്‍
പഠിക്കാനിരിക്കുന്പോള്‍ എഴുതിപ്പഠിക്കാന്‍ പേപ്പറോ ബുക്കോ കരുതുക. ഓരോ അധ്യായം കഴിയുന്പോഴും ബുള്ളറ്റ് പോയിന്‍റ്സ് തയ്യാറാക്കി സൂക്ഷിക്കുക. പരീക്ഷാത്തലേന്ന് ഇതുപയോഗിച്ച് ഓര്‍മ ശക്തി മിനുക്കി എടുക്കാം.
ചെറിയ പ്ലാനുകള്‍ തയ്യാറാക്കുക, പ്രത്യേകിച്ച് അലസത കൂടിയവര്‍ക്ക് ഒരു ദിവസത്തെ പ്ലാന്‍ തയ്യാറാക്കാം. എന്തു സംഭവിച്ചാലും തന്‍റെ പ്ലാനില്‍ ഉറച്ചുനില്‍ക്കുമെന്ന് ഇടയ്ക്കിടെ പറഞ്ഞുറയ്പ്പിക്കുക.
പഠനസമയത്ത് ബോറടിക്കുന്പോള്‍ ചെറിയ റിലാക്സേഷന്‍ ടെക്നിക്കുകള്‍ ഉപയോഗിക്കുക. ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റു നടക്കുകയോ ചെറിയ കളികളില്‍ ഏര്‍പ്പെടുകയോ വ്യായാമമോ എന്തുമാവാം.
ഏഴു മണിക്കൂര്‍ ഉറങ്ങാനായി കണ്ടെത്തുക.
പഠനമുറി പ്രകാശവും വായുവും കിട്ടുന്ന റൂമായിരിക്കാന്‍ ശ്രദ്ധിക്കുക.
പ്രയാസമുള്ള സൂത്രവാക്യങ്ങളും മറ്റും കാണുന്ന രൂപത്തില്‍ പഠനമുറിയില്‍ ഒട്ടിച്ചുവെയ്ക്കുക.
ഉത്തരവാദിത്വത്തോടൊപ്പം ആസ്വാദ്യകരമായ ഒന്നായി പഠനത്തെ സമീപിക്കുക.

Write a comment