Posted on

വേനലവധി വരുന്പോള്‍

അവധിക്കാലം, ഒരുപാടു മോഹങ്ങളുമായി പരീക്ഷാ നാളുകള്‍ എണ്ണിത്തീര്‍ത്ത് വിദ്യാര്‍ത്ഥികള്‍ കാത്തിരിക്കുന്ന കാലം. പുസ്തകച്ചുമടേറ്റാതെ, ട്യൂഷനുകളും ഹോംവര്‍ക്കുകളുമില്ലാതെ ക്ലാസ്മുറിയില്‍ നിന്നും വീടകത്തു നിന്നുമുള്ള മോചനം. സ്വാതന്ത്ര്യത്തിന്‍റെ നാളുകള്‍.. പഠനത്തിന്‍റെ മാനസിക സമ്മര്‍ദ്ദങ്ങളില്ലാതെ വിശാല മനസ്സോടെ ഉല്ലസിച്ചു ജീവിതം പഠിക്കാനുള്ള അവസരമാണിത്. കഴിഞ്ഞ അധ്യായന വര്‍ഷത്തെ പ്രയാസങ്ങളെ മറക്കാനും അടുത്ത അധ്യായന വര്‍ഷം നേട്ടങ്ങള്‍ കൊയ്യാന്‍ വേണ്ടി ഒരുങ്ങുവാനും അവധിക്കാലം ഉപയോഗിക്കണം.
അവധിക്കാലത്തെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തുന്നതിലൂടെ ഇത് സാധ്യമാവും. പക്ഷെ, അതെങ്ങെനെയെന്ന് പലര്‍ക്കും അറിയില്ല. അല്ലെങ്കില്‍ അറിയാത്തതായി നടിക്കുന്നു. വീട്ടിലെ ശല്യമൊഴിവാക്കാനായി പല രക്ഷിതാക്കളും തങ്ങളുടെ മക്കളെ അവധിക്കാലത്തും വിവിധങ്ങളായ കോഴ്സുകളില്‍ തളച്ചിട്ട് മാനസികമായി പീഡിപ്പിക്കുന്നു. ഇത്തരം കുട്ടികള്‍ക്ക് ജീവിതത്തിന്‍റെ തിയറി പരീക്ഷക്കെഴുതാം എന്നതല്ലാതെ അറിവിനെ പ്രായോഗിക തലത്തില്‍ കൊണ്ടുവരാന്‍ സാധിക്കില്ല. ചെറുപ്പത്തിലേ ജീവിതത്തിലെ സകല മേഖലകളും നാം അനുഭവിച്ചു തന്നെ പഠിക്കേണ്ടതുണ്ട്. പഠന കാലങ്ങളില്‍ അസാധ്യമായ പലതും അവധിക്കാലത്ത് നേടിയെടുക്കാനാവും. കളിയും ചിരിയും ചിന്തയും പഠനവുമെല്ലാമായി നമ്മുടെ അവധിക്കാലം കാര്യക്ഷമമാക്കേണ്ടതുണ്ട്.
ഒന്നാമതായും രണ്ടാമതായും മൂന്നാമതായും അവധിക്കാലം കുട്ടികള്‍ക്ക് കളിക്കാനുള്ളതാണ്. കൂട്ടുകൂടി കളിക്കാനുള്ള അവസരങ്ങള്‍ സൃഷ്ടിക്കണം. ഇത് കൂടുതല്‍ സുഹൃദ് ബന്ധങ്ങള്‍ക്ക് കാരണമാകും. പുതുതലമുറയിലെ കുട്ടികള്‍ക്ക് മണ്ണിലിറങ്ങി കളിക്കാന്‍ മടിയാണ്. മൊബൈല്‍, കന്പ്യൂട്ടര്‍ ഗെയിമുകള്‍, റിയോലിറ്റി ഷോകള്‍ ഇവകളില്‍ ഒതുങ്ങുന്നതാണ് അവരുടെ വിനോദം. ഇതുകൊണ്ട് കായികാധ്വാനം ലഭിക്കില്ല. ശരീരത്തിന് കരുത്ത് കിട്ടാന്‍ മണ്ണിലിറങ്ങി ഓടിച്ചാടി കളിക്കല്‍ അത്യാവശ്യമാണ്. ഉടുപ്പില്‍ ചെളിപുരണ്ട് ചെറിയ മുറിവുകളും വേദനകളും അനുഭവിച്ച് കളിക്കുന്ന കുട്ടികള്‍ക്കേ പിന്നീട് തനിക്ക് വരുന്ന ബുദ്ധിമുട്ടുകളെ തരണംചെയ്യാനും മറ്റുള്ളവരുടെ വേദനകളില്‍ പങ്കുചേരാനും സാധിക്കൂ. പരസ്പരം പൊറുക്കാനും സന്തോഷവും സന്താപവും പങ്കുവെക്കാനും പുതിയ ആശയങ്ങളെ രൂപപ്പെടുത്തിയെടുക്കാനും കളികള്‍ സഹായകമാകും. കുട്ടികളില്‍ ക്രിയാത്മകത സൃഷ്ടിക്കാനും സ്വന്തം കഴിവുകള്‍ തിരിച്ചറിയാനും സ്വഭാവ രൂപീകരണത്തിനും ഭാവനാ വികാസത്തിനും സമൂഹത്തില്‍ ഇടപെടാനുള്ള കഴിവുണ്ടാവാനുമെല്ലാം കൂട്ടുകൂടിയുള്ള കളികള്‍ ഉചിതമാണ്. കളികളെ വെറും സമയം കൊല്ലിയായി കാണാതെ അവയിലും കാര്യങ്ങളുണ്ടെന്ന തിരിച്ചറിവ് രക്ഷിതാക്കള്‍ക്കുണ്ടാവണം.
ഇന്ന് കുട്ടികളുടെ ചുറ്റുപാടുകള്‍ വളരെ തുച്ഛമാണ്. പഠന തിരക്കുകള്‍ക്കിടയില്‍ ബന്ധങ്ങള്‍ ഫോണ്‍ വിളികളില്‍ ഒതുക്കുകയോ അല്ലെങ്കില്‍ തീരെ ബന്ധപ്പെടാതിരിക്കുകയോ ചെയ്യുന്നതു കൊണ്ട് കുട്ടികള്‍ക്ക് സ്വന്തം ബന്ധുക്കളെ പോലും തിരിച്ചറിയാതെയായിരിക്കുന്നു. ഈ വിടവ് നികത്താന്‍ ബന്ധുവീടുകളിലേക്ക് അവരെ പറഞ്ഞയക്കണം. അവധിക്കാലത്തെ വിശാലമായ സമയത്തിനുള്ളില്‍ ഉപ്പയുടെയും ഉമ്മയുടെയും ബന്ധത്തിലുള്ള എല്ലാ വീടുകളിലേക്കും കുട്ടികളെ കൊണ്ടുപോകുന്നതിലൂടെ പരസ്പരം സ്നേഹം ഊട്ടിയുറപ്പിക്കാനും പുതുതലമുറയിലും ബന്ധങ്ങള്‍ അറ്റുപോകാതെ നിലനിര്‍ത്താനും സാധിക്കും. വ്യത്യസ്ത തലങ്ങളിലുള്ള ആളുകളോട് എങ്ങനെ പെരുമാറണമെന്ന് അനുഭവത്തിലൂടെ പഠിക്കാനും പക്വതയുള്ള വ്യക്തിത്വം രൂപപ്പെടുത്തിയെടുക്കാനും നല്ലതാണിത്.
സ്വന്തത്തിലുള്ള കഴിവും കഴിവുകേടും തിരിച്ചറിയാനുള്ള ഏറ്റവും നല്ല സാഹചര്യമാണ് കുട്ടിക്കാലം. സ്കൂളും വീടും എന്നതിലുപരി പുറത്തുള്ള വിശാലമായ ഇടങ്ങളെ അവന്‍ പരിചയിക്കേണ്ടതുണ്ട്. ജനങ്ങളോട് എങ്ങനെയെല്ലാം ഇടപഴകണമെന്ന് അവന്‍/അവള്‍ പഠിക്കണം. സ്വന്തം വീട്ടിലെയും അയല്‍വീട്ടിലെയും പരിപാടികളില്‍ സന്ദര്‍ഭോചിതം ഇടപെടാനറിയണം. കല്യാണം, മരണം, അപകടം തുടങ്ങി സമൂഹത്തില്‍ അവന്‍ ഇടപെടേണ്ടുന്ന മേഖലകളില്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്നത് അവന്‍ മനസ്സിലാക്കിയിരിക്കണം. ഇതിന് അവരെ ഇത്തരം ഇടങ്ങളിലേക്ക് കൊണ്ടുപോവുക തന്നെ വേണം. സമൂഹത്തിന്‍റെ ഭാഗമായ നമ്മുടെ മക്കളില്‍ സാമൂഹിക പ്രതിബദ്ധത വളര്‍ത്തിയെടുക്കാന്‍ അനിവാര്യമാണിത്. വ്യക്തിബന്ധങ്ങള്‍ സ്ഥാപിക്കാനും സാമൂഹ്യ ബോധം വളര്‍ത്തിയെടുക്കാനും സൗഹൃദ സന്ദര്‍ശനങ്ങള്‍ നടത്താവുന്നതാണ്.
സ്കൂള്‍ സമയങ്ങളില്‍ ധാര്‍മ്മിക പഠനങ്ങള്‍ക്ക് സമയം കുറവായതു കൊണ്ടു അത് പരിഹാരിക്കാന്‍ നിശ്ചിത സമയം മാറ്റിവെക്കുന്നത് നല്ലതാണ്. മഗ്രിബിനു ശേഷമാണ് ഏറ്റവും നല്ലത്. ഓരോ മുസ്്ലിമും നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട വിശ്വാസ കാര്യങ്ങള്‍ കുട്ടികളെ പഠിപ്പിക്കാനും നിസ്കാരം പോലെയുള്ള നിര്‍ബന്ധ കര്‍മ്മങ്ങള്‍ ശരിയായ രൂപത്തില്‍ അവരെ പരിശീലിപ്പിക്കാനും അവധിക്കാലം ഉപയോഗപ്പെടുത്തണം. ഖുര്‍ആനോതാന്‍ പഠിപ്പിക്കണം, മാല മൗലിദുകള്‍ ചൊല്ലാന്‍ പ്രോത്സാഹിപ്പിക്കണം. നല്ല പ്രഭാഷണങ്ങള്‍ കേള്‍പ്പിക്കണം. ധാര്‍മ്മിക സംഘടനകളില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കണം.
ചെറിയ ബിസിനസ്സുകള്‍ക്ക് അവരെ പ്രോത്സാഹിപ്പിക്കണം. കച്ചവടം എന്നതിലപ്പുറം, സാന്പത്തിക രംഗം കുട്ടികള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന് മനസ്സിലാക്കാനും ഇടപാടുകളില്‍ അപാകതകളുണ്ടെങ്കില്‍ പരിഹരിക്കാനും നല്ലതാണിത്. കുട്ടികളില്‍ ഉത്തരവാദിത്ത ബോധം വളര്‍ത്തിയെടുക്കാനും വ്യത്യസ്ത തലങ്ങളിലുള്ള കുട്ടികളുമായി ചങ്ങാത്തം സ്ഥാപിക്കാനും ഇതു സഹായിക്കും. വീടിനടുത്ത് കുളമോ തോടോ ഉണ്ടെങ്കില്‍ കുട്ടികള്‍ക്ക് നീന്തല്‍ പഠിപ്പിക്കണം. ഡ്രൈവിംഗ് പഠിപ്പിക്കണം. വൈകുംതോറും ഡ്രൈവിംഗ് പഠിക്കാന്‍ പേടി അധികരിക്കും. വീട്ടില്‍ സ്വന്തമായി ഒരു കൃഷിയിടമോ പൂന്തോട്ടമോ ഉണ്ടാക്കാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കണം. പ്രകൃതിയോട് ഇണങ്ങിച്ചേരാന്‍ ഇത് ഉചിതമാണ്.
കുട്ടികളെയും കൂട്ടി വെക്കേഷന്‍ ടൂര്‍ സംഘടിപ്പിക്കുന്നത് നല്ലതാണ്. വ്യത്യസ്ത നാടുകളെക്കുറിച്ചും സംസ്കാരങ്ങളെ കുറിച്ചു പഠിക്കാനുതകുന്നതാണിത്. ഉല്ലാസത്തിനും പഠനത്തിനും തീര്‍ത്ഥാടനത്തിനും യാത്രകള്‍ നടത്താറുണ്ട്. ഇവ മൂന്നും കൂടെ ഒരുമിച്ചു നടത്തുകയോ വെവ്വേറെയായി നടത്തുകയോ ചെയ്യാം. മഹല്‍ വ്യക്തിത്വങ്ങള്‍ അന്തിയുറങ്ങുന്ന മഖാമുകളും ചരിത്ര സ്മാരകങ്ങളും സന്ദര്‍ശിക്കുക വഴി ആത്മീയ നിര്‍വൃതിയും ചരിത്രബോധവും കുട്ടികളില്‍ വളര്‍ത്തിയെടുക്കാനാവും.
എന്നാല്‍, പുതിയ കാലത്ത് നമ്മുടെ മക്കളുടെ കാര്യത്തില്‍ നാം കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. തെറ്റായ കൂട്ടുകെട്ടുകളിലേക്ക് പോവാതെ സൂക്ഷിക്കണം. സ്വന്തം മക്കളെ പോലും പീഡിപ്പിക്കുന്ന ഞരന്പുരോഗികള്‍ അധികരിച്ചുവരുന്പോള്‍ കുട്ടികളെ അÇീലതയിലേക്ക് വലിച്ചിഴക്കുന്ന ചുറ്റുപാടുകളെത്തൊട്ട് അവരെ വിദൂരമാക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണം. ലഹരിയിലേക്കും വേണ്ടാവൃത്തികളിലേക്കും അടുക്കുന്നത് സൂക്ഷിക്കണം. സോഷ്യയില്‍ മീഡിയകളില്‍ ഒതുങ്ങിക്കൂടാന്‍ അനുവദിക്കരുത്. ടി.വി പ്രോഗ്രാമുകളില്‍ നിന്ന് ആവശ്യമായവ മാത്രമേ അനുവദിക്കാവൂ.
മത്സര ബുദ്ധിയോടെ ജീവിതത്തെ നോക്കിക്കാണുന്നതിനു പകരം ഒത്തൊരുമയുടെയും പരസ്പര സ്നേഹത്തിന്‍റെയും നല്ല മാതൃകകളാവട്ടെ നമ്മുടെ അവധിക്കാലം.

Write a comment