Posted on

പുതുകാലത്തെ കാമ്പസ്‌ വര്‍ത്തമാനങ്ങള്‍

ഫെര്‍ണാണ്ടോ സൊളാനസ്‌ സംവിധാനം ചെയ്‌ത `സോഷ്യല്‍ ജിനോസൈഡ്‌’ എന്ന ഒരു ഡോക്യുമെന്ററിയുണ്ട്‌. അര്‍ജന്റീനയില്‍ ആഗോളീകരണ അജണ്ട നടപ്പിലാക്കിയ സാമ്പത്തിക ഉദാരീകരണത്തിന്‍റെ ഫലങ്ങളെ സൂക്ഷ്‌മമായി അതില്‍ വിലയിരുത്തുന്നുണ്ട്‌. ഇരട്ടത്തലയുള്ള വിഷസര്‍പ്പത്തെപ്പോലെയാണ്‌ ആഗോളീകരണം, അതിന്‍റെ സാമ്പത്തികവും സാംസ്‌കാരികവുമായ സമീപനങ്ങള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്‌. തീക്ഷ്‌ണചിന്തകളുടെയും പോരാട്ടങ്ങളുടെയും സര്‍ഗാത്മകതയുടെയും പച്ച പടര്‍ന്നിരുന്ന കാമ്പസുകളെ എങ്ങനെ ആഗോളീകരണകാലം നിഷ്‌പ്രഭമാക്കിയെന്ന്‌ പരിശോധിക്കുമ്പോള്‍ നമ്മുടെ വിദ്യാഭ്യാസ നയങ്ങളിലേക്ക്‌ ചിന്ത പതിപ്പിക്കേണ്ടി വരും.
ഒരു വശത്ത്‌ ഭരണാധികാരികളെ അതിന്‍റെ പിണിയാളുകള്‍ മാത്രമാക്കി പുതിയ സമീപനങ്ങള്‍ രൂപവത്‌കരിക്കുമ്പോള്‍ തന്നെ ഓരോ വിദ്യാര്‍ത്ഥിയുടെയും ഉള്ളിലൂടെ അതിനാവശ്യപ്പെടുന്നവരായി സ്വയം മാറ്റിത്തീര്‍ക്കുന്നതിനുള്ള പരിശ്രമങ്ങളും പുതിയ ലോകം നടത്തിക്കൊണ്ടിരിക്കുന്നു. അതിന്‌ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നത്‌ വിദ്യാഭ്യാസത്തെയാണ്‌. മനുഷ്യന്‍റെ സ്വബോധത്തിന്‍റെ കനലുകള്‍ ഊതിത്തിളക്കുന്നതിന്‌ പകരം ഉപഭോഗത്തിന്‍റെ ശീതീകരിച്ച മാളുകളിലേക്കുള്ള പ്രവേശത്തിനു കഴിയുന്ന തരം വിദ്യാഭ്യാസമാണ്‌ ആഗോളീകരണം മുന്നോട്ടു വെച്ച വിദ്യാഭ്യാസത്തിന്‍റെ അടിസ്ഥാനരീതിശാസ്‌ത്രം.
നമ്മുടെ സാമൂഹിക രാഷ്ട്രീയ സാംസ്‌കാരങ്ങള്‍ക്കനുസരിച്ച്‌ ഒരു രാജ്യത്തിന്‍റെ പൗരന്മാരെ വാര്‍ത്തെടുക്കുന്ന പ്രക്രിയയാണ്‌ പണ്ടുകാലങ്ങളില്‍ നടത്തിയിരുന്നത്‌. എന്നാല്‍ ആഗോളീകരണ സാമ്പത്തിക സാംസ്‌കാരിക താല്‍പര്യങ്ങള്‍ക്ക്‌ അനുസരിച്ച തലമുറയെ സൃഷ്ടിക്കുക എന്നതായി പുതിയ വിദ്യഭ്യാസ സമ്പ്രദായങ്ങള്‍ മാറിയിരിക്കുന്നു. പുതിയ പദാവലികളും നയങ്ങളും അതിന്‍റെ കാവല്‍പ്പടയാളികളാണ്‌. സ്വാശ്രയം, കല്‍പിതം തുടങ്ങിയ ഇത്രയും കാലം വിദ്യാഭ്യാസനിഘണ്ടുവില്‍ വരാത്ത പദങ്ങള്‍ ഇപ്പോള്‍ ഇവിടെ സര്‍വ്വനാമങ്ങളെക്കാളും പരിചിത പദങ്ങളായി മാറി. `എഡ്യുക്കേഷന്‍ മാര്‍ക്കറ്റി’നെ വിപുലീകരിച്ചു കൊണ്ടും മാര്‍ക്കറ്റിന്‍റെ രീതിശാസ്‌ത്രം വിദ്യാഭ്യാസത്തില്‍ അലിയിച്ചു കൊണ്ടും മുന്നേറുന്ന ഈ പരിഷ്‌കരണങ്ങള്‍ വിദ്യാഭ്യാസ കച്ചവടത്തിലെ ഭീമന്മാര്‍ക്ക്‌ ആഗോളവ്യാപകമായി 2.3 ട്രില്ല്യന്‍ ഡോളറിന്‍റെ സാധ്യതയാണ്‌ വര്‍ഷം തോറും നല്‍കുന്നതെന്നാണ്‌ അടുത്തിടെയുണ്ടായ ചില കണക്കുകള്‍ സൂചിപ്പിക്കുന്നത്‌. മനുഷ്യന്‍റെ നിലനില്‍പ്പിനാവശ്യമായ സര്‍വ്വതിനെയും ചരക്കുവല്‍ക്കരിക്കുക എന്ന ആഗോള നവ ഉദാരീകരണ നയങ്ങള്‍ തന്നെയാണ്‌ പുതിയ കാമ്പസുകളെയും രൂപപ്പെടുത്തുന്ന നയത്തിന്‍റെ കാതല്‍.
ഈ നയത്തിന്റ മൂശയില്‍ വാര്‍ത്തെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥിത്വം സര്‍വ്വ പോരാട്ട മൂല്യങ്ങളും കൊള്ളയടിക്കപ്പെട്ടവരായി മാറുന്നു. സ്വന്തം ലോകത്തിന്‍റെ ഇത്തിരിവട്ടത്തെ സുഖവും ഉപഭോഗവും മാത്രം സ്വപ്‌നം കണ്ട്‌ ജീവിക്കുന്നവര്‍. അവനവനിസത്തിന്‍റെ സങ്കുചിത ലോകത്തിനപ്പുറം ഒന്നും കാണാനുള്ള കാഴ്‌ചശക്തി അവനുണ്ടാവില്ല. സഹജീവികളുടെ വേദനയറിയാനോ ലോകത്തെ നീതികേടുകള്‍ക്കെതിരെ ശബ്ദമുയര്‍ത്താനോ അവനാവില്ല. പൈങ്കിളിപ്രണയങ്ങളിലും ലഹരിലോകത്തും മസില്‍പ്രദര്‍ശനങ്ങളിലും ഒതുങ്ങുന്ന കാമ്പസ്‌ കാഴ്‌ചകള്‍ നമുക്കു നല്‍കുന്നത്‌ ഇതിന്‍റെ നേര്‍ചിത്രമാണ്‌.
സ്വതന്ത്ര്യ സമരം ഇന്ത്യയില്‍ തിളച്ചു മറിയുമ്പോള്‍ കാമ്പസുകള്‍ക്കതില്‍ വലിയ പങ്കുണ്ടായിരുന്നു. 1970കളില്‍ ലോകത്തുണ്ടായ വലിയ മാറ്റങ്ങള്‍ക്ക്‌ തിരി കൊളുത്തിയത്‌ കലാലയങ്ങളായിരുന്നു. വിപ്ലവങ്ങളുടെ മുന്നണിപ്പോരാളികളായിരുന്ന വിദ്യാര്‍ത്ഥിത്വം അന്നത്തെ മുഖമുദ്രയായിരുന്നു. വിയറ്റ്‌നാമില്‍ ഒരു വെടി പൊട്ടിയാല്‍ ഇങ്ങ്‌ കേരളത്തിലെ ഒരു കാമ്പസില്‍ പ്രതിഷേധത്തിന്‍റെ മുദ്രാവാക്യങ്ങള്‍ ഉയരുമായിരുന്നു. പക്ഷേ ഇന്ന്‌ സാമ്രാജ്യത്വം അതിന്‍റെ സര്‍വ്വസംഹാരം പ്രയോഗിക്കുമ്പോഴും, ലോകത്ത്‌ അനീതി പടരുമ്പോഴും, ഇന്ത്യാരാജ്യം അഴിമതിയുടെ വലിയ കഥകള്‍ പുറത്ത്‌ വിടുമ്പോഴും, കേരളത്തില്‍ പുതിയ ജനകീയ സമരങ്ങള്‍ ഉയരുമ്പോഴും… അവിടെയൊന്നും കാമ്പസിന്‌ ഒരു കാര്യവുമില്ല എന്ന തരത്തിലേക്ക്‌ വിദ്യാര്‍ത്ഥിത്വം മാറിയിരിക്കുന്നു. ടെക്‌നോപാര്‍ക്കുകളിലും സൈബര്‍ സിറ്റികളിലും ആഗോള ഭീമന്മാര്‍ക്ക്‌ `തലകള്‍’ വാടകക്ക്‌ നല്‍കി മാസാമാസം അക്കൗണ്ടിലേക്ക്‌ വലിയ തുകയും വരുന്നത്‌ കാത്തിരിക്കുന്ന പ്രതിഭകളാണ്‌ പുതിയ തലമുറയിലെ ഉന്നതര്‍.
പുതിയ വിദ്യാഭ്യാസ നയങ്ങളെക്കുറിച്ച്‌ തലപുകച്ചത്‌ രാജ്യത്തെ വിദ്യഭ്യാസ ചിന്തകരായിരുന്നില്ല. കോര്‍പ്പറേറ്റ്‌ ഭീമന്മാര്‍ അത്‌ `സോദ്ദേശ്യ’മായി ഏറ്റെടുക്കുകയായിരുന്നു. അവരുടെ നയങ്ങള്‍ നടപ്പിലാക്കാന്‍ എത്ര വേണമെങ്കിലും വായ്‌പ നല്‍കാന്‍ ലോകബാങ്ക്‌, ഇന്റര്‍ നാഷണല്‍ മോണിറ്ററി ഫണ്ട്‌ പോലുള്ള സ്ഥാപനങ്ങള്‍ തയ്യാറായിരുന്നു. പ്രാഥമിക വിദ്യാഭ്യാസം മുതല്‍ സര്‍വ്വകലാശാല വിദ്യാഭ്യാസം വരെ നില നിന്നിരുന്ന ഓരോ `പ്രശ്‌ന’ങ്ങളെയും തലനാരിഴ കീറി പരിശോധിച്ച അത്തരം പഠനങ്ങളോരോന്നും നിലവിലുള്ള ക്രമങ്ങളുടെ സങ്കീര്‍ണ്ണതകളിലും നിലവാരമില്ലായ്‌മയിലുമാണ്‌ അടിവരയിട്ടത്‌. അവ പരിഷ്‌കരിക്കപ്പെടണമെന്ന വാദത്തെ തിരസ്‌കരിക്കുക അത്ര എളുപ്പമല്ല. ഓരോ നയങ്ങളും പുതുതായി രൂപം കൊള്ളുമ്പോള്‍ ഗുണം എന്നതിനെക്കാള്‍ ഊന്നല്‍ പണം എന്ന്‌ വരുന്നത്‌ പ്രത്യക്ഷത്തില്‍ കാണുമായിരുന്നില്ല. ഒറ്റയൊറ്റയായി പരിഷ്‌കരിക്കപ്പെട്ട നയങ്ങള്‍ കാണുമ്പോള്‍ ആ ശില്‍പവേലയുടെ വിരുതില്‍ നാം കൈയടിച്ച്‌ പോകും. വിമര്‍ശിക്കാന്‍ ഒന്നുമില്ലാത്ത പണിക്കറ തീര്‍ന്ന ആശയങ്ങള്‍, അല്‍പം ദൂരെ മാറി നിന്ന്‌ നോക്കുമ്പോഴാണ്‌ വലിയൊരു സ്വര്‍ണ്ണക്കൂടിന്‍റെ ചിത്രപ്പണി ചെയ്‌ത കാലുകളാണ്‌ അവ ഓരോന്നുമെന്ന്‌ തിരിച്ചറിയാന്‍ കഴിയുക.
പോളിന്‍ ലിപ്‌മാന്‍ തന്‍റെ �The Newyork Political Economy of Urban Education’ എന്ന പഠനത്തില്‍ ചില നിരീക്ഷണങ്ങള്‍ പങ്കുവെക്കുന്നുണ്ട്‌. ചിക്കാഗോ നഗരത്തെ കേന്ദ്രീകരിച്ച്‌ അവര്‍ നടത്തിയ കണ്ടെത്തലുകള്‍ ഈ കൃതിയിലുണ്ട്‌. നീതിയുടെയം സമത്വത്തിന്‍റെയും സ്ഥാപനത്തോടൊപ്പം ഉപരിവര്‍ഗത്തിന്‌ ഒരു നഗരത്തിന്മേലുള്ള അവകാശം കൂടി എങ്ങനെ `വിദ്യാഭ്യാസം’ നേടിക്കൊടുക്കുന്നു എന്ന്‌ സൂചിപ്പിക്കുന്നു. മാര്‍ക്കറ്റാവശ്യപ്പെടുന്ന കോഴ്‌സുകള്‍ രൂപകല്‍പന ചെയ്യാനും അവ ഏറ്റവും ലാഭകരമായി വിപണനം ചെയ്യാനുമുള്ള കേന്ദ്രങ്ങളെന്നു മാത്രമായി കലാലയങ്ങളുടെ ലക്ഷ്യങ്ങള്‍ പുനര്‍ നിശ്ചയിക്കപ്പെട്ടു. പരീക്ഷകളുടെ നടത്തിപ്പും അവക്കു വേണ്ടി മാത്രമുള്ള തയ്യാറെടുപ്പുകളും മാത്രമാണ്‌ പ്രധാനം. മൗലികമായ ചിന്ത കൊണ്ടും ബൗദ്ധികമായ ഔന്നത്യം കൊണ്ടും സമ്പന്നമായ വിദ്യാര്‍ത്ഥികളെ കാമ്പസിന്‌ ആവശ്യമില്ല. തൊഴില്‍വിപണിയിലെ ബ്രാന്‍ഡായി ഓരോ കാമ്പസുകളുടെയും പേരുകള്‍ അറിയപ്പെട്ടു തുടങ്ങി. ഈ താല്‍പര്യങ്ങള്‍ക്കനുസരിച്ച്‌ നമ്മുടെ വിദ്യാഭ്യാസത്തിന്‍റെ അലകും പിടിയും മാറ്റിക്കഴിഞ്ഞിരിക്കുന്നു.
ഇങ്ങനെ നിരായുധരാക്കപ്പെട്ട പുതിയ തലമുറയില്‍ നിന്ന്‌ അടുത്തകാലം എന്താണ്‌ പ്രതീക്ഷിക്കുക? മാറ്റങ്ങള്‍ക്ക്‌ ദിശാസൂചകമായിരുന്ന കാമ്പസുകള്‍ അടുത്തനാളുകളില്‍ എന്തിന്‍റെ പ്രതീകമായിരിക്കും? എല്ലാം കൊള്ളയടിക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക്‌ തങ്ങളുടെ ചരിത്രത്തിലേക്ക്‌ തിരിച്ചു പോകാനുള്ള ടിക്കറ്റിനെങ്കിലും ആരെങ്കിലും പണം കൊടുക്കുമോ?

Write a comment