Posted on

മൂല്യം മറക്കുന്ന കാമ്പസുകള്‍

വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം. സര്‍വ്വ ധനത്തേക്കാളും വിദ്യാര്‍ത്ഥിക്ക്‌ പ്രധാനം നല്‍കുന്നവനാണ്‌ മനുഷ്യന്‍. അറിവാണ്‌ ലോകത്തെ നിയന്ത്രിക്കുന്നത്‌. ജ്ഞാനിക്കേ സമൂഹത്തില്‍ സ്ഥാനമുള്ളൂ. ഇങ്ങനെയുള്ള തത്ത്വങ്ങളും സംഹിതകളും നിലനില്‍ക്കുമ്പോഴും വിദ്യാഭ്യാസത്തിന്‍റെ ധര്‍മ്മത്തിനും ആവശ്യകതക്കും മൂല്യശോഷണം സംഭവിക്കുന്നതെന്തുകൊണ്ടാണ്‌.? ഇതിനുത്തരമുയരുന്നത്‌ കലാലയങ്ങളില്‍ നിന്നാണ്‌ കാമ്പസുകളുടെ മലീമസമായ സംസ്‌കാര ജീര്‍ണ്ണതയില്‍ നിന്നാണ്‌.
മനുഷ്യനില്‍ അന്തര്‍ലീനമായിരിക്കുന്ന പൂര്‍ണ്ണതയുടെ ആവിഷ്‌കാരമാണ്‌ വിദ്യാഭ്യാസം. പക്ഷേ, ആ വിദ്യാഭ്യാസം ഉള്‍തിരിഞ്ഞ്‌ വരുന്ന സ്‌കൂളുകള്‍/കോളേജുകള്‍ ദുഷ്‌ പ്രഭുത്വത്തിന്‍റെയും കലുഷിത രാഷ്ട്രീയത്തിന്‍റെയും അധികാര കേന്ദങ്ങളാണെന്നും ചൂഷണത്തിന്‍റെ സങ്കേതങ്ങളാണെന്നുമുള്ള തിരിച്ചറിവ്‌ നമ്മിലുണ്ടായിരിക്കണം. പൊതുജനങ്ങളെ, പട്ടിണിപ്പാവങ്ങളെ പഠിപ്പിച്ച്‌ വലുതാക്കിയിട്ട്‌ തനിക്കെന്ത്‌ നേട്ടമെന്ന കുത്സിത ചിന്തയില്‍ നിന്നാണ്‌ കാമ്പസുകള്‍ കച്ചവടവല്‍ക്കരിക്കപ്പെടുന്നത്‌.
വിദ്യാര്‍ത്ഥി എന്നത്‌ നാളെയുടെ പ്രതീക്ഷകളാണ്‌. ഭാവിയിലെ പ്രതീകങ്ങളാണ്‌. സമൂഹത്തെ സംസ്‌കാര സമ്പന്നമാക്കുന്നത്‌ വിദ്യാര്‍ത്ഥിയിലൂടെയാണ്‌. അതിനായി ധാര്‍മ്മിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന കാമ്പസ്‌ സാഹചര്യങ്ങളേ നിര്‍വ്വാഹമുള്ളൂ. പക്ഷേ കാമ്പസിലെ ജീര്‍ണ്ണതകള്‍ വിദ്യാര്‍ത്ഥിയെയും വിദ്യഭ്യാസത്തെയും പ്രതികൂലമായി ബാധിക്കുകയും മുരടിപ്പിക്കുകയും ചെയ്യുന്നു. അരാജകത്വത്തിന്‍റെയും അക്രമ രാഷ്ട്രീയത്തിന്‍റെയും ലഹരി, ലൈംഗികതയുടെയും വിളനിലമായിരിക്കുന്നു.
കാലത്തിന്‍റെയും ദേശത്തിന്‍റെയും മാറിവരുന്ന അഭിരുചികള്‍ക്കും അവബോധങ്ങള്‍ക്കുമനുസരിച്ച്‌ നിരന്തരം നവീകരിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്‌ കാമ്പസുകള്‍. കാലത്തിന്‍റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന്‌ തലമുറകളെ വിദ്യയാല്‍ സമ്പന്നമാക്കുകയാണ്‌ കാമ്പസുകളുടെ മുഖ്യ ധര്‍മ്മം. എന്നാല്‍ പരിതാപകരം; നമ്മുടെ കലാലയങ്ങള്‍ വാണിജ്യവല്‍ക്കരിക്കപ്പെടുകയും മറ്റു കൊള്ള ലാഭങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുകയും ചെയ്യപ്പെടുന്നു.
ഇരുപതാം നൂറ്റാണ്ടിന്‍റെ അന്ത്യപാദത്തോട്‌ കൂടിയാണ്‌ ആധുനിക രീതിയിലുള്ള കാമ്പസ്‌ സംവിധാനങ്ങള്‍ മലയാളിയുടെ മണ്ണില്‍ വേരോട്ടം തുടങ്ങുന്നത്‌. ഈ സാഹചര്യത്തില്‍ തന്നെയാണ്‌ വേട്ടക്കാര്‍ വല വീശിത്തുടങ്ങുന്നത്‌. സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും ലഭ്യമാകുന്ന അധ്യാപക, വിദ്യാര്‍ത്ഥി, വിദ്യാലയ സ്‌കോളര്‍ഷിപ്പുകള്‍ അവരിലേക്കുത്തുമ്പോഴേക്കും ഭൂരിഭാഗവും വെട്ടിച്ചുരുക്കിയിരിക്കും. എങ്കിലും പൊതു വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനു വേണ്ടി സമീപ കാലങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഭീമമായ തുക മുടക്കിയാണ്‌ സര്‍ക്കാര്‍ കാമ്പസുകള്‍ ഒരുകാലത്തും ഗുണം പിടിക്കുകയില്ല എന്ന സാമാന്യ ധാരാണകളെ തിരുത്തി എഴുതിയാല്‍ ഇന്ന്‌ ഏറ്റവും സൗകര്യങ്ങളുള്ള കാമ്പസ്‌ അന്തരീക്ഷം സൃഷ്ടിച്ചെടുക്കുന്നതില്‍ സര്‍ക്കാര്‍ ഒരു പരിധി വരെ വിജയിച്ചിട്ടുണ്ടെന്ന്‌ പറയാം. ഇതിനോട്‌ കിടപിടിക്കാന്‍ മത്സിരിക്കുകയാണ്‌ സ്വകാര്യ സ്ഥാപനങ്ങള്‍. ഇവിടെയാണ്‌ കലാലയങ്ങളും വിദ്യാര്‍ത്ഥിത്വവും വാണിജ്യവല്‍ക്കരിക്കപ്പെടുന്നത്‌ അല്ലെങ്കില്‍ ചൂഷണം ചെയ്യപ്പെടുന്നത്‌.
കാമ്പസുകളുടെ മുഖ്യ ധര്‍മ്മത്തില്‍നിന്നും അവയുടെ നിയമസംഹിതയെ മാറ്റിക്കുറിക്കുന്നതില്‍ മുഖ്യ പങ്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും, ലഹരിസെക്‌സ്‌ ഏജന്‍സികള്‍ക്കുമാണെന്നതില്‍ തര്‍ക്കമില്ല. കാമ്പസുകളുടെ ഓരംതട്ടി ചെറുതും വലുതമായ ലഹരി വില്‍പന കേന്ദ്രങ്ങള്‍ നാം നിത്യവും കാണുന്നതണ്‌. ഈ ലഹരിയുടെ മായാലോകത്തുനിന്നും പുതിയൊരു സൗഖ്യത്തിന്‍റെ തുരുത്ത്‌ തേടുന്ന വിദ്യാര്‍ത്ഥി വൈകാതെ ചെന്നുവീഴുന്നത്‌ വന്‍ സെക്‌സ്‌റാക്കറ്റുകളുടെ കൈവശമാണത്രെ..!
ജനാധിപത്യ പാഠവം എന്ന ലേബലില്‍ ഏറ്റവുംകൂടുതല്‍ കലാലയങ്ങള്‍ ചൂഷണ വിധേയമാക്കുന്നത്‌ കക്ഷി രാഷ്ട്രീയമാണ്‌. ഇടതും വലതും ചേര്‍ന്നുനിന്ന്‌ ഒരുപറ്റം വിദ്യാര്‍ത്ഥികള്‍ കൊള്ളയും കൊലയും അഴിമതിയും പയറ്റിപ്പഠിക്കുകയാണ്‌ ജനാധിപത്യ രാഷ്ട്രീയത്തിന്‍റെ പേരില്‍. സ്‌ത്രീ ജനമദ്യത്തില്‍ പ്രതിഷ്‌ഠിക്കപ്പെടുന്നു, ജനാധിപത്യം മൃഗാധിപത്യമായി പരിണമിക്കുന്നു. തീര്‍ന്നില്ല; ദിനം പ്രതി മാറിമാറി വരുന്ന ഫാഷന്‍ തരംഗങ്ങള്‍ വല്ലാതെ കണ്ണ്‌ വെക്കുന്നത്‌ കാമ്പസുകളെയാണ്‌. വിദ്യാര്‍ത്ഥിയുടെ മുഖ്യ മൂല്യത്തില്‍ നിന്നും വഴുതിമാറി തങ്ങളുടെ ശരീരത്തിന്‍റെ കൊഴുപ്പും മുഴുപ്പും പ്രദര്‍ശിപ്പിക്കാനും ഫാഷന്‍ തരംഗത്തില്‍ മത്സരിക്കാനുമാണ്‌ അവര്‍ ഇടമുറിയാതെ കാമ്പസ്‌ മുറ്റത്തെത്തുന്നത്‌.
നമ്മുടെ കാമ്പസുകള്‍ ദിനംപ്രതി മൂല്യ ശോഷണം സംഭവിക്കുകയാണ്‌. ചുറ്റുപാടുകളില്‍ നിന്നും വേട്ടയാടപ്പെടുകയാണ്‌. കലാലയങ്ങളിലെ സമകാലിക സാഹചര്യങ്ങള്‍ക്ക്‌ ഒരു തിരുത്താവശ്യമാണ്‌. അതിനായി ധാര്‍മ്മിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന വിദ്യാര്‍ത്ഥി യുവത്വം കലാലയങ്ങളില്‍ നിലയുറപ്പിക്കട്ടെ…

Write a comment