Posted on

അല്ലാഹുവിനെ പ്രണയിച്ച മഹതി

ജീവിതകാലം മുഴുവന്‍ അല്ലാഹുവിന്‌ ആരാധനയില്‍ മുഴുകുകയും ഉപദേശനിര്‍ദേശങ്ങള്‍ക്ക്‌ വേണ്ടി വരുന്ന സന്ദര്‍ശകര്‍ക്ക്‌ ദിശ കാണിച്ചുകൊടുക്കുകയും ചെയ്‌ത മഹതിയാണ്‌ റാബിഅതുല്‍ അദവിയ്യ(റ). മിസ്‌റ്‌ ദേശത്തെ ഇസ്‌മാഈല്‍ എന്നവരുടെ മകളായ റാബിഅ(റ) `ഉമ്മു അംറ’ എന്ന സ്ഥാനപ്പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്‌. ആയുസ്സിന്റെ അല്‌പം പോലും അനാവശ്യമായി കളയാതിരിക്കാനും എന്നാല്‍ തന്നെ ആശ്രയിച്ചു വരുന്നവര്‍ക്ക്‌ ആവശ്യമുള്ളവ നല്‍കാനും അതേസമയം ഇഹലോക ഭ്രമം പിടികൂടാതിരിക്കാനും ബദ്ധശ്രദ്ധ കാണിച്ചിര-ുന്നു അവര്‍. സുഫ്‌യാനുസ്സൗരീ, സ്വാലിഹുല്‍ മുര്‍രിയ്യ്‌ പോലെയുള്ള മഹത്തുക്കള്‍ റാബിഅ(റ)യുടെ ഉപദേശ നിര്‍ദേശങ്ങള്‍ ഉള്‍കൊണ്ടു ജീവിച്ചവരായിരുന്നു. വീഴ്‌ചയില്ലാത്ത നിത്യമായ കര്‍മ്മങ്ങള്‍ ചെയ്യാന്‍ അവരെ പ്രേരിപ്പിച്ചത്‌ അല്ലാഹുവിനോടുള്ള സ്‌നേഹവും പ്രണയവുമായിരുന്നു. ചരിത്രത്തില്‍ അപൂര്‍വ്വം ചിലരേ മാത്രമേ നമുക്കിങ്ങനെ കാണാന്‍ സാധിക്കൂ.
ഖബറും നരകവും പ്രതിപാദിക്കുന്ന ആയതുകള്‍ കേള്‍ക്കുമ്പോള്‍ കരയാറുള്ള ഇസ്‌്‌ലാമിന്റെ ഒന്നാം ഖലീഫ സ്വിദ്ദീഖ്‌(റ)നെപ്പോലത്തന്നെയായിരുന്നു റാബിഅ(റ)യും. അബ്ദുല്ലാഹിബ്‌നു ഈസ്‌ മഹതിയുടെ വീട്ടിലേക്കു ചെന്നപ്പോള്‍ ഒരാള്‍ അവിടെയിരുന്ന്‌ ഖുര്‍ആന്‍ പാരായണം ചെയ്യുന്നതു കണ്ടു. ഓതിക്കൊണ്ടിരിക്കെ നരകത്തെ കുറിച്ച്‌ പറയുന്ന ആയത്‌ എത്തി. ഉടനെ മഹതി അട്ടഹസിച്ചു വീണുപോയി. നുരുമ്പിയ മുളപ്പായയിലായിരുന്നു അവര്‍ ഇരുന്നിരുന്നത്‌. കരയുന്ന സമയത്ത്‌ കണ്ണുനീര്‍ തുള്ളികള്‍ വീണ്‌ വെള്ളമിറ്റുന്ന ശബ്ദം ഉയര്‍ന്നു കേള്‍ക്കുമായിരുന്നു. കരയാന്‍ തുടങ്ങിയാല്‍ സന്ദര്‍ശകര്‍ എണീറ്റു പോരുകയും ചെയ്യും. നിസ്‌ക്കാരം കഴിയുന്ന സമയത്ത്‌ ആ മുഖത്ത്‌ കണ്ണുനീര്‍ ചാലിട്ടൊഴുകിയ അടയാളങ്ങള്‍ കാണാനാവും.
നിസ്‌ക്കാരവും ദിക്‌റും കടമയും ബാധ്യതയുമായതു കൊണ്ടു മാത്രം ചെയ്‌തു തീര്‍ക്കുന്നവരാണു നാം. അതും ചുരുങ്ങിയ സമയത്തിനുള്ളില്‍ മുഴുവന്‍ സുന്നത്തുകളോ ദിക്‌റുകളോ മുഴുമിപ്പിക്കുകയുമില്ല.അധികപേരും നരകവും ഖബറും ഭയന്നാണ്‌ നിസ്‌ക്കരിക്കുന്നത്‌. റാബിഅ(റ) വ്യത്യസ്‌തയാകുന്നത്‌ ഇവിടെയാണ്‌. “മനുഷ്യരില്‍ അധികപേരും നരകത്തെ ഭയന്നാണ്‌ ആരാധിക്കുന്നത്‌. നരകത്തില്‍ നിന്നു രക്ഷനേടി സ്വര്‍ഗത്തില്‍ പ്രവേശിക്കലിനെ വലിയ ഭാഗ്യമായി അവര്‍ കരുതുന്നു. എന്നാല്‍ എനിക്ക്‌ സ്വര്‍ഗത്തിലോ നരകത്തിലോ ഒരു സ്ഥനവും വേണ്ട. നാഥാ..ഞാന്‍ നിന്നെ മാത്രമാണ്‌ ആഗ്രഹിക്കുന്നത്‌” എന്ന്‌ മഹതി പലപ്പോഴും പറയുമായിരുന്നു. മാത്രമല്ല, മറ്റൊരിക്കല്‍ അവര്‍ പറയുകയുണ്ടായി. “ഞാന്‍ നിന്റെ സ്വര്‍ഗം ആഗ്രഹിച്ചാണ്‌ ഇബാദത്തെടുക്കുന്നതെങ്കില്‍ ആ സ്വര്‍ഗം എനിക്കു വിലക്കണം. നരകത്തെ പേടിച്ചാണ്‌ ചെയ്യുന്നതെങ്കില്‍ ആ നരകത്തില്‍ എന്നെ പ്രവേശിപ്പിക്കണം. പക്ഷേ, നാഥാ..ഞാന്‍ നിനക്കു വേണ്ടിയാണ്‌ ആരാധിക്കുന്നത്‌. സ്വര്‍ഗത്തിനോ നരകത്തിനോ അല്ല, കാരണം ആരാധിക്കപ്പെടാന്‍ അര്‍ഹന്‍ നീ മാത്രമാണ്‌”.
ദിവസവും ആയിരം റകഅത്‌ നിസ്‌ക്കരിക്കുന്ന മഹതിയുടെ വിനയവും താഴ്‌മയും ഞാന്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ഒന്നുമല്ല എന്ന വാക്കില്‍ നിന്നും വ്യക്തമാണ്‌. എന്റെ വാക്കുകളില്‍ ആത്മാര്‍ത്ഥതയും സത്യവും കുറവാണെന്നു പറഞ്ഞ്‌ എപ്പോഴും പൊറുക്കലിനെ ചോദിച്ചു കൊണ്ടേയിരിക്കുമായിരുന്നു. ആയിരം റക്‌അത്‌ നിസ്‌ക്കരിച്ചതിനു പ്രതിഫലമായി അവര്‍ ആഗ്രഹിക്കുന്ന കാര്യം നമ്മെ ആശ്ചര്യപ്പെടുത്തും. “ഞാനിതിന്‌ പകരമായി ഒരു പ്രതിഫലവും ആഗ്രഹിക്കുന്നില്ല. ഞാനീ നിസ്‌ക്കരിക്കുന്നത്‌ റസൂലിനെ സന്തോഷിപ്പിക്കാന്‍ മാത്രമാണ്‌. `ഇതാ..എന്റെ സമുദായത്തില്‍ പെട്ട ഈ സ്‌ത്രീ ചെയ്യുന്ന ഇബാദത്ത്‌ നോക്കൂ’ എന്നു മുത്തു റസൂല്‍ പറയുകയും ചെയ്‌താല്‍ ആ അംഗീകാരം മാത്രം മതിയെനിക്ക്‌.”
റാബിഅ(റ) മിസ്വ്‌റിലെ മാത്രമല്ല, ലോകത്ത്‌ തന്നെ അറിയപ്പെട്ട പരിത്യാഗിയും ഇലാഹി ബോധമുള്‍ക്കൊള്ളുന്നവരുമാണ്‌. ദുന്‍യാവിന്റെ ആഗ്രഹങ്ങളോടും മോഹങ്ങളോടും ബന്ധങ്ങളോടും വെറുപ്പു പ്രകടിപ്പിച്ചിരുന്നു. ദുന്‍യാവിനെ കുറിച്ച്‌ സംസാരിക്കുന്നവനെ താക്കീത്‌ നല്‍കുകയും ഉപദേശിക്കുകയും ചെയ്‌തു. സങ്കടപ്പെടുന്നവര്‍ക്ക്‌ ആശ്വാസവും നല്‍കി. `നിങ്ങള്‍ സംസാരിക്കുകയാണെങ്കില്‍ വിലയുള്ള വസ്‌തുക്കളെ കുറിച്ച്‌ സംസാരിക്കുക, ദുന്‍യാവ്‌ തീരെ വിലയില്ലാത്ത വസ്‌തുവാണെന്നും’ അവരോടു പറയും. തന്നെ സന്ദര്‍ശിക്കാന്‍ വന്ന ഒരു കൂട്ടം ആളുകള്‍ ഭൗതിക ലോകത്തെ കുറിച്ച്‌ സംസാരിച്ച കാരണത്താല്‍ ഇനിയവര്‍ക്ക്‌ പ്രവേശനാനുമതി നല്‍കരുതെന്ന്‌ ഭൃത്യയോട്‌ പറഞ്ഞേല്‍പിച്ചു. `ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ വൃഥാവിലാകാതിരിക്കാന്‍ എപ്രകാരം നിങ്ങള്‍ തെറ്റുകളെ മറച്ചുവെക്കുന്നുവോ അപ്രകാരം നിങ്ങളുടെ സല്‍പ്രവര്‍ത്തനങ്ങളെയും രഹസ്യമാക്കാന്‍ ശ്രമിക്കണേയെന്ന്‌’ ജനങ്ങളോട്‌ അവര്‍ നിര്‍ദേശിക്കുമായിരുന്നു.
സമ്പത്തുണ്ടാകലിനെ വെറുത്ത അവര്‍ ഹദിയയായി നല്‍കിയാല്‍ പോലും വാങ്ങാന്‍ മടി കാണിച്ചു. മിസ്‌അബുബ്‌നു ആസിം ഉദ്ധരിക്കുന്ന ഒരു സംഭവമുണ്ട്‌. മഹതിയുടെ അടുക്കല്‍ 40 ദിര്‍ഹമുമായി ഒരാള്‍ കടന്നുവന്നു. പണക്കിഴി അവര്‍ക്കുനേരെ നീട്ടി പറഞ്ഞു. “40 ദിര്‍ഹമുണ്ട്‌. നിങ്ങള്‍ക്ക്‌ ആവശ്യം വരുമ്പോള്‍ ഉപകാരപ്പെടും”. ഇതു കേട്ടു അവര്‍ തല ഉയര്‍ത്തി. കവിളിലൂടെ കണ്ണീരൊലിക്കുന്നുണ്ട്‌. “ഈ ലോകം അല്ലാഹുവിന്റെ ഉടമസ്ഥതയിലാണ്‌. അവനറിയാം എന്റെ ആവശ്യങ്ങള്‍. ഞാന്‍ ദുന്‍യാവ്‌ ചോദിക്കുന്ന കാര്യത്തില്‍ ലജ്ജിക്കുന്നവളാണെന്നും അവനറിയാം. ഞാനെങ്ങിനെയാ പിന്നെ ഉടമസ്ഥതയില്ലാത്തവന്റെ പണം സ്വീകരിക്കുക.”?
പണം എത്രയുണ്ടെങ്കിലും അവര്‍ക്കു മുന്നില്‍ എല്ലാം തുല്യമായിരുന്നു. ഹാശിമീ ഗോത്രത്തിലെ ജഅ്‌ഫറുബ്‌നു സുലൈമാന്‍ 80000 ദിര്‍ഹം ദിവസത്തില്‍ വരുമാനമുള്ളയാളായിരുന്നു. അദ്ദേഹത്തിന്‌ വിവാഹം കഴിക്കാന്‍ ആഗ്രഹം തോന്നി. അതിനെ കുറിച്ച്‌ വിവരമാരായാന്‍ ബസ്വറയിലെ പണ്ഡിതന്മാരെ സമീപിച്ചു. അവരെല്ലാം റാബിഅ(റ)യെ വിവാഹമാലോചിക്കാന്‍ ഐക്യകണ്‌ഠേന തീരുമാനം പറഞ്ഞു. അങ്ങനെ അയാള്‍ മഹതിക്ക്‌ കത്തെഴുതി. `ഞാന്‍ ഒരു ദിവസം 80000 ദിര്‍ഹം വരുമാനമുള്ളയാളാണ്‌. അതില്‍ അല്‌പം മാത്രമേ എനിക്കു ചെലവിനു ആവശ്യമുള്ളൂ. ബാക്കിയെല്ലാം വരുമാനമാണ്‌. ഒരു ലക്ഷമായി വരുമാനമുയര്‍ത്താനും എനിക്കു സാധിക്കും. ഞാന്‍ നിങ്ങളെ വിവാഹം കഴിക്കാന്‍ താല്‌പര്യപ്പെടുന്നു. മഹ്‌റായിത്തന്നെ ഒരു ലക്ഷം തരാം. തീരുമാനമറിയിക്കുന്ന സമയം ഒരു ലക്ഷം കൂടി തരുന്നതാണ്‌.’ കത്തു വായിച്ച്‌ മഹതി മറുപടി എഴുതി. “ദുന്‍യാവിന്റെ ആഢംബരങ്ങളില്‍ നിന്നും അകന്നു നിന്നാല്‍ ഹൃദയത്തിനും ശരീരത്തിനും സന്തോഷമുണ്ടാകും. ആഢംബരങ്ങളില്‍ ലയിച്ചാല്‍ സങ്കടവും ടെന്‍ഷനുമുണ്ടാകും. അതുകൊണ്ടു സുഹൃത്തെ, ഈ കത്ത്‌ കി്‌ട്ടിക്കഴിഞ്ഞാല്‍ നിങ്ങള്‍ മരണത്തിന്‌ തയ്യാറായിക്കൊള്ളുക. നിങ്ങള്‍ സ്വയം ആത്മവിചാരണ നടത്തേണ്ടതുണ്ട്‌. കാലം മുഴുവന്‍ നോമ്പു നോറ്റു സല്‍പ്രവര്‍ത്തനങ്ങളില്‍ മുഴുകുക. അല്ലാഹുവിനെ ചിന്തിക്കാതെ ഒരല്‌പം പോലും പാഴാക്കുന്നത്‌ എന്നെ തീര്‍ച്ചയായും സന്തോഷിപ്പിക്കുന്നില്ല. നിങ്ങള്‍ക്കു സലാം”.
സാമ്പത്തികമായതു മാത്രമല്ല, വൈകാരികമായ ആഗ്രഹ വിചാരങ്ങള്‍ മഹതിയെ തെല്ലും അലട്ടിയിരുന്നില്ല. ഭര്‍ത്താവ്‌ മരിച്ചിട്ടും മറ്റൊരു ഭര്‍ത്താവിന്റെ ആവശ്യകതയിലേക്ക്‌ അവരെ പ്രേരിപ്പിച്ചില്ല. റാബിഅയുടെ ഭര്‍ത്താവ്‌ മരണപ്പെട്ടു. ദിവസങ്ങള്‍ക്കു ശേഷം ഹസനുല്‍ ബസ്വരിയും അനുചരരും മഹതിയെ സന്ദര്‍ശിക്കാന്‍ ചെന്നു.അവര്‍ വിവരമന്വേഷിച്ചു. `നിങ്ങള്‍ക്ക്‌ താങ്ങായിരുന്ന നിങ്ങളുടെ ഭര്‍ത്താവ്‌ മരണപ്പെട്ടുവല്ലേ?’. “അതെ, എന്നെ വിവാഹം ചെയ്യാന്‍ നിങ്ങളില്‍ വലിയ പണ്ഡിതനുണ്ടോ?” “ഉണ്ട്‌. ഹസനുല്‍ ബസ്വരി”. “ശരി, നാലു ചോദ്യങ്ങള്‍ക്ക്‌ നിങ്ങളെനിക്ക്‌ മറുപടി തന്നാല്‍ ഞാന്‍ നിങ്ങള്‍ക്ക്‌ സ്വന്തമായിരിക്കും”. “ചോദിക്കൂ. അല്ലാഹുതൗഫീഖ്‌ ചെയ്‌താല്‍ ഞാന്‍ മറുപടി തരാം”. ഒന്നാമത്തെ ചോദ്യം ചോദിച്ചു. “ഞാന്‍ മരണപ്പെട്ട ശേഷം ദുന്‍യാവില്‍ നിന്ന്‌ ഈമാനോടു കൂടെയാണോ ഈമാനില്ലാതെയാണോ പോവുക?” മഹാന്റെ മറുപടി. “ഇത്‌ അദൃശ്യമായ കാര്യമാണ്‌. അല്ലാഹുവിന്‌ മാത്രമേ അറിയൂ.” അടുത്ത ചോദ്യം. “ഖബറില്‍ എന്നെ വെച്ചു കഴിഞ്ഞാല്‍ മുന്‍കര്‍ നകീറിന്റെ ചോദ്യങ്ങള്‍ക്ക്‌ എനിക്ക്‌ മറുപടി നല്‍കാന്‍ കഴിയുമോ?”. “ഇതും അദൃശ്യമായ കാര്യമാണ്‌”. ചോദ്യം മൂന്ന്‌. “ഖിയാമത്‌ നാളില്‍ ജനങ്ങളെ ഒരുമിച്ചു കൂട്ടി കിതാബുകള്‍ വിതരണം ചെയ്യപ്പെടുമ്പോള്‍ എനിക്ക്‌ ഏതു കൈയിലാണ്‌ കിതാബ്‌ ലഭിക്കുക?”. “ഇതും ഉത്തരം പറയാന്‍ കഴിയാത്ത ചോദ്യമാണ്‌”. അവസാന ചോദ്യം. “സ്വര്‍ഗ നരകാവകാശികളെ വേര്‍തിരിക്കപ്പെടുമ്പോള്‍ ഞാന്‍ ഏതു വിഭാഗത്തില്‍പെടുമെന്ന്‌ പറയാമോ?”. മഹാനവര്‍കള്‍ കൈലര്‍ത്തി. അല്ലാഹുവിന്‌ മാത്രമേ ഇക്കാര്യങ്ങളൊക്കെ അറിയൂ. മഹതി പറയാന്‍ തുടങ്ങി. പുരുഷന്‌ പത്തില്‍ ഒമ്പത്‌ അവിവേകവും ഒരു വികാരവുമുണ്ട്‌. സ്‌ത്രീക്ക്‌ ഒമ്പത്‌ വികാരവും ഒരു വിവേകവുമേ ഉള്ളൂ. “യാ ഹസന്‍, ഒമ്പത്‌ വികാരങ്ങളെയും ഒരൊറ്റ വിവേകം കൊണ്ട്‌ കീഴ്‌പെടുത്താന്‍ എനിക്കു കഴിയും. നിങ്ങള്‍ക്കതിന്‌ കഴിയുന്നില്ലല്ലോ”. നിറഞ്ഞ കണ്ണുകളോടെ ഉത്തരം പറയാതെ ഹസനുല്‍ ബസ്വരി അവിടുന്നെണീറ്റു നടക്കുകയാണുണ്ടായത്‌.
അനവധി കറാമത്തുകളും ആ ജീവിതത്തില്‍ നിന്ന്‌ ലോകത്തിന്‌ ദര്‍ശിക്കാനായിട്ടുണ്ട്‌. അബൂ യസാര്‍ എന്നവര്‍ മഹതിയെ സന്ദര്‍ശിക്കാന്‍ ചെന്നു. ആ സമയത്ത്‌ അവര്‍ ഭക്ഷണം പാകം ചെയ്യാനൊരുങ്ങുകയാണ്‌. സന്ദര്‍ശകനെ കണ്ടു മടങ്ങിച്ചെന്നപ്പോഴേക്കും ഭക്ഷണം പാകമായിക്കഴിഞ്ഞിരുന്നു.
നഗ്നപാദയായി ഹജ്ജ്‌ ചെയ്യാന്‍ ചെന്ന സമയത്ത്‌ ചൂടേറ്റ്‌ കാലുകളില്‍ വേദന വന്നു. വേദന അസഹ്യമായപ്പോള്‍ ബോധരഹിതയായി വീണു. ബോധം തെളിഞ്ഞ സമയത്ത്‌ കഅ്‌ബക്കരികില്‍ പോയി കവിള്‍തടം ചേര്‍ത്തുവെച്ച്‌ വ്യസനം പറഞ്ഞു. ത്വവാഫും സഅ്‌യും കഴിഞ്ഞ്‌ അറഫയില്‍ രാപാര്‍ക്കാന്‍ ഒരുങ്ങവേ മഹതിക്ക്‌ ആര്‍ത്തവമുണ്ടായി. വളരെ വേദനയോടെ കരഞ്ഞുകൊണ്ടവര്‍ സങ്കടം ബോധിപ്പിക്കുകയാണ്‌. “അല്ലാഹ്‌, ആര്‍ത്തവം നീയാണെനിക്കു തന്നത്‌. മറ്റൊരാളായിരുന്നുവെങ്കില്‍ ഞാനവനെ കുറിച്ച്‌ നിന്നോടു പരാതി പറയുമായിരുന്നു. പക്ഷേ, നീയാണല്ലോ എനിക്കിതു തന്നത്‌”. ഉടനെ ഒരശരീരി മഹതി കേള്‍ക്കുകയാണ്. “ഓ..റാബിആ..നിന്റെ ഈ ഖേദപ്രകടനം കൊണ്ട്‌ എല്ലാ ഹാജിമാരുടെയും തെറ്റുകള്‍ പൊറുത്ത്‌ അവരുടെ ഹജ്ജുകള്‍ നാം സ്വീകരിച്ചിരിക്കുന്നു”. ചരിത്രത്തില്‍ അത്യധികം അപൂര്‍വമാണ്‌ ഒരാളുടെ ഖേദപ്രകടനം കാരണം എല്ലാവര്‍ക്കും പൊറുത്തു കൊടുക്കുന്ന സംഭവങ്ങള്‍.
അബൂ ശവ്വാലിന്റെ പുത്രി അബ്ദ എന്നവര്‍ റാബിഅയുടെ സേവകയായിരുന്നു. അബ്ദ മഹതിയുടെ ജീവിതം പറയുന്നതു കാണുക. റാബിഅ രാത്രി സുബഹി വരെ നിന്നു നിസ്‌ക്കരിക്കും. ശേഷം അല്‌പം മയങ്ങും. ഉടനെ ഞെട്ടിയെഴുന്നേറ്റ്‌ ശരീരത്തോടു പറയും. “എത്രയാണു ശരീരമേ നീയുറങ്ങുന്നത്‌. ഖിയാമത്‌ നാളുവരെ നീളുന്ന ഒരുറക്കം വരാനുണ്ടെന്ന കാര്യം നീ മറന്നു പോയോ”. വീണ്ടും ഇബാദത്തില്‍ തന്നെ മുഴുകും. മരണം വരെയും ഇതായിരുന്നു മഹതിയുടെ ചര്യ. മരണാസന്നമായ സമയത്ത്‌ എന്നെ വിളിച്ചു. “ഓ..അബ്ദാ..എന്റെ മരണം കൊണ്ട്‌ ആരെയും ബുദ്ധിമുട്ടിക്കരുത്‌”. നിസ്‌ക്കാരത്തിനുപയോഗിക്കുന്ന രോമത്താലുള്ള ജുബ്ബ എനിക്കു നേരെ നീട്ടി. “ഇതാ ഈ ജുബ്ബയില്‍ എന്നെ കഫന്‍ ചെയ്യണം”. ആ വസ്‌ത്രത്തിലാണ്‌ അവരെ കഫന്‍ ചെയതത്‌. കുറേ നാള്‍ കഴിഞ്ഞ്‌ ഞാനവരെ സ്വപ്‌നത്തില്‍ കണ്ടു. കഫന്‍ ചെയ്‌ത വസ്‌ത്രങ്ങള്‍ക്കു പകരം ഭംഗിയുള്ള പട്ടു വസ്‌ത്രങ്ങളാണു അവര്‍ ധരിച്ചിരിക്കുന്നത്‌. കഫന്‍ വസ്‌ത്രമെവിടെയെന്നു ഞാന്‍ ചോദിച്ചു. അവര്‍ പറഞ്ഞു. ആ വസ്‌ത്രങ്ങള്‍ അന്ത്യനാളില്‍ പ്രതിഫലം തരാനായി അല്ലാഹു മാറ്റിവെച്ചിരിക്കുകയാണ്‌. ആ വസ്‌ത്രങ്ങള്‍ക്കു പകരമെനിക്ക്‌ ഈ ഭംഗിയുള്ള വസ്‌ത്രം ധരിപ്പിച്ചു. അബ്ദ ചോദിച്ചു, “അല്ലാഹുവിലേക്കടുക്കാന്‍ ഒരു മാര്‍ഗം എനിക്കു പറഞ്ഞു തരുമോ?”. “അല്ലാഹുവിനെ വിസ്‌മരിക്കാതിരിക്കുക, അവനെ കുറിച്ചുള്ള ഓര്‍മകള്‍ നിന്റെ ഖബറില്‍ നിനക്കാഹ്ലാദം തരും”.
ധന്യമായ ആ ജീവിതത്തിന്റെ അന്ത്യം ഹിജ്‌റ 185നായിരുന്നു.

writer’s blog: http://tonnalukal.blogspot.in/

Write a comment