Posted on

നാവിനെ സൂക്ഷിക്കുക

അല്ലാഹുവിന്റെ അതി മഹത്തായ അനുഗ്രഹമാണ്‌ നാവ്‌. വലുപ്പത്തില്‍ ചെറിയതാണെങ്കിലും അതിന്റെ സ്വാധീനം ശക്തമാണ്‌. മനുഷ്യന്റെ ജയാപചയങ്ങളെ നിര്‍ണ്ണയിക്കുന്ന ഈമാന്‍, കുഫ്‌റ്‌ എന്നിവ അനാവൃതമാവുന്നത്‌ സാക്ഷാല്‍ നാവിലൂടെയാണ്‌. മനസ്സില്‍ ഉടലെടുക്കുന്ന വ്യത്യസ്‌ത ആശയ പ്രപഞ്ചങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതില്‍ നാവിന്റെ പങ്ക്‌ നിസ്‌തുലമാണ്‌. അധര്‍മ്മങ്ങളില്‍ അഴിഞ്ഞാടാന്‍ നാവിനെ വിട്ടാല്‍ കഷ്‌ട-നഷ്‌ടമായിരിക്കും ഫലം. മനുഷ്യന്റെ ജന്മ ശത്രുക്കളായ പിശാചും അവന്റെ അനുയായികളും നാവിനെ നാശത്തിലേക്ക്‌ നയിക്കും. ആവശ്യ-അനാവശ്യ കാര്യങ്ങളില്‍ അനിയന്ത്രിതമായി ഉപയോഗിക്കുമ്പോള്‍ നാവ്‌ വിനാശകരമായി ബാധിക്കുന്നു. നാവിനെ കടിഞ്ഞാണിടലാണ്‌ അതിന്റെ വിനയില്‍ നിന്ന്‌ രക്ഷപ്പെടാനുള്ള മാര്‍ഗ്ഗം. അപ്പോള്‍ ഇഹപര ലോകത്ത്‌ ഉപകാരപ്പെടുന്നതിനേ നാവ്‌ അനങ്ങൂ. ഭാവിയില്‍ ഭയത്തിന്‌ നിമിത്തമാകുന്നതില്‍ നിന്നെല്ലാം നാവ്‌ നിയന്ത്രണ വിധേയമാകൂ. അല്ലാഹു നാവിനെ സംവിധാനിച്ചതിന്റെ പിന്നിലെ രഹസ്യം നാം വിസ്‌മരിക്കരുത്‌. രണ്ട്‌ ചുണ്ടുകളും രണ്ട്‌ നീണ്ട നിര പല്ലുകളും മതിലുകള്‍ കണക്കെ തയ്യാര്‍ ചെയ്‌ത്‌ അതിനകത്ത്‌ നാവിനെ സ്ഥാപിച്ചത്‌ അതിനെ സൂക്ഷിക്കേണ്ടതിന്റെ ഗൗരവം ബോധ്യപ്പെടുത്താനാണ്‌.
ഉപകാരമുണ്ടെന്ന്‌ ഉറപ്പുണ്ടെങ്കില്‍ മാത്രം സംസാരിക്കുന്നതാണ്‌ ബുദ്ധി. ഒരാളുടെ ബുദ്ധി പൂര്‍ണ്ണമായാല്‍ അവന്റെ സംസാരം കുറയുമെന്ന കവിയുടെ വാക്ക്‌ പ്രസിദ്ധമാണല്ലോ. ഉപകാരമില്ലാത്ത വ്യഥാ വാചാലത മുസ്‌ലിമിന്‌ യോജിച്ചതല്ല. സംസാരിക്കുന്നതില്‍ ഗുണവും ദോഷവും തുല്ല്യമായാല്‍ മൗനം ദീക്ഷിക്കണമെന്നാണ്‌ തിരുകല്‍പന. കാരണം, അനുവദനീയമായ സംസാരം ഹറാമിലേക്കും കറാഹത്തിലേക്കും ചെന്നു ചാടാന്‍ സാധ്യതകളേറെയാണ്‌. അതു കൊണ്ടല്ലേ മുത്ത്‌ നബി(സ) പറഞ്ഞത്‌. “അല്ലാഹുവിനും അന്ത്യനാളിലും വിശ്വാസിക്കുന്നവന്‍ നല്ലതു പറയട്ടെ, അല്ലെങ്കില്‍ മൗനം അവലംബിക്കട്ടെ.” സംസാരിക്കുന്നതില്‍ ഗുണമുണ്ടെന്ന്‌ സംശയിക്കുന്നവന്‍ മൗനമാചരിക്കണമെന്ന്‌ ഈ ഹദീസ്‌ മുന്നറിയിപ്പ്‌ നല്‍കുന്നു. മനുഷ്യ ശരീരത്തിലെ അവയവങ്ങളില്‍ ഏറ്റവും കൂടുതല്‍ തെറ്റുകുറ്റങ്ങള്‍ പിണയുന്നത്‌ നാവിലൂടെയാണ്‌. കാരണം, അതിന്റെ ചലനം അനായാസം നടക്കുന്നു. നാവനക്കുന്നതില്‍ ശരീരത്തിന്‌ ബുദ്ധിമുട്ടില്ല. നാവിനെ സൂക്ഷിക്കുന്നതില്‍ ജനങ്ങള്‍ ബദ്ധശ്രദ്ധരല്ല. സമൂഹത്തിന്റെ സ്വഛന്ദമായ ഒഴുക്കിനു പലപ്പോഴും തടസ്സമാവുന്നത്‌ നാവാണ്‌. നബി(സ) പറയുന്നു: “ഒരാളുടെ സംസാരം അധികരിച്ചാല്‍ പാപം അധികരിക്കും. പാപം അധികരിച്ചവന്റെ ഹൃദയം ചത്തു പോകും. ഹൃദയം നാശമടഞ്ഞാല്‍ നരകാഗ്നിയില്‍ അധഃപ്പതിക്കും.”
ജനങ്ങളോട്‌ നല്ലത്‌ മാത്രം പറയുക എന്ന്‌ അല്ലാഹു അസന്നിഗ്‌ദ്ധമായി പ്രസ്‌താവിക്കുന്നു. “എന്തെങ്കിലും സംസാരിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നല്ലതേ പറയാവൂ. അല്ലെങ്കില്‍ മൗനം വീക്ഷിക്കാനും” നബി(സ) ഗുണകാംക്ഷിയോടെ സമൂദായത്തോട്‌ സംവദിക്കുന്നു. മനശാസ്‌ത്ര വിദഗ്‌ദ്ധര്‍ പറയുന്നു: നിങ്ങള്‍ക്ക്‌ പറയാന്‍ താല്‍പര്യമുള്ളതല്ല, ആളുകള്‍ കേള്‍ക്കാന്‍ ഇഷ്‌ടപ്പെടുന്നത്‌ അവരോട്‌ പറയുക. മനുഷ്യന്റെ മാംസം ഭക്ഷിക്കാനോ തോല്‍ ധരിക്കാനോ കൊള്ളില്ല. മധുരമൂറുന്ന നാവല്ലാതെ മറ്റെന്ത്‌ ആസ്വാദനമാണ്‌ അവനിലുള്ളത്‌. നല്ല പഴങ്ങള്‍ തെരെഞ്ഞടുക്കുന്നത്‌ പോലെ നല്ല വാക്കുകള്‍ തെരെഞ്ഞെടുത്ത്‌ പ്രയോഗിക്കുക.
ഒരു വാക്ക്‌ സംസാരിക്കാന്‍ എഴുപത്‌ ഞരമ്പുകളും മറ്റു ആന്തരികാവയവങ്ങളും ഉപയോഗപ്പെടുത്തേണ്ടതുണ്ട്‌. എന്നാല്‍ മനുഷ്യന്‍ നാവടക്കി മൗനം ദീക്ഷിക്കാന്‍ സന്നദ്ധനല്ല. നാലാള്‍ കൂടിയാല്‍ ഒരു കമന്റെങ്കിലും പാസാക്കിയിട്ടില്ലെങ്കില്‍ അതൊരു കുറച്ചിലായോ ചിലപ്പോള്‍ അഭിമാന പ്രശ്‌നമായോ ചില വിവരശൂന്യര്‍ വിലയിരുത്തും.
അബൂ മൂസ(റ) ചോദിച്ചു: “റസൂലേ, മുസ്‌ലിമീങ്ങളില്‍ ഏറ്റവും ശ്രേഷ്‌ഠന്‍ ആരാണ്‌?” അവിടുന്ന്‌ പറഞ്ഞു: “അവന്റെ കരങ്ങളില്‍ നിന്നും നാവില്‍ നിന്നും മറ്റു മുസ്‌ലിമീങ്ങളെല്ലാം രക്ഷ പ്രാപിച്ചിരിക്കുന്നു.”
മനുഷ്യന്റെ മഹത്വങ്ങള്‍ തീരുമാനിക്കുന്നതിലും വ്യകതിത്വം നിര്‍ണ്ണയിക്കുന്നതിലും നാവിന്റെ പങ്ക്‌ പ്രധാനമാണ്‌. നാവടക്കിയാല്‍ സമൂഹം അവനെ മുഖവിലക്കെടുക്കും. അവന്റെ വാക്കുകള്‍ക്ക്‌ സമൂഹം സാകൂതം കോതോര്‍ക്കും. അവന്റെ നിലയും വിലയും പൂര്‍വ്വോപരി വര്‍ധിക്കും. സഹ്‌ലു ബ്‌നു സഅദ്‌(റ) പറഞ്ഞു നബി(സ) പറഞ്ഞു: “ആരെങ്കിലും തന്റെ രണ്ട്‌ താടിയെല്ലുകള്‍ക്കിടയിലുള്ളതിനും തുടകള്‍ക്കിടയിലുള്ളതിനും ജാമ്യം നിന്നാല്‍ ഞാനവന്‌ സ്വര്‍ഗ്ഗം കൊണ്ട്‌ ജാമ്യം നില്‍ക്കും.”
സുഖലോക സ്വര്‍ഗ്ഗം ലഭിക്കാന്‍ നാവടക്കിയേ തീരൂ. സ്വര്‍ഗ്ഗമാണോ, നരകമാണോ വേണ്ടതെന്ന്‌ തീരുമാനിക്കേണ്ടത്‌ നാവാണ്‌. അബൂ ഹുറൈറ(റ)ന്റെ നിവേദനം: നബി(സ) പറഞ്ഞു: “ഒരാള്‍ ചിന്തിക്കാതെ ഒരു വാക്ക്‌ പറയും. അതിന്റെ ദൂഷ്യത്താല്‍ കിഴക്കു പടിഞ്ഞാറിന്റെ ഇടയിലെ ദൂരത്തേക്കാള്‍ കൂടുതല്‍ വിദൂരത കണക്കേ നരകത്തിലേക്ക്‌ അവന്‍ അധഃപ്പതിക്കും.”
അല്ലാഹു പറയുന്നു: “അവന്‍ ഏതൊരു വാക്ക്‌ ഉച്ഛരിക്കുമ്പോഴും അവന്റെ അടുത്ത്‌ തയ്യാറായി നില്‍ക്കുന്ന നിരീക്ഷകര്‍ ഉണ്ടായിരിക്കും.” മുത്തു നബി(സ) പറഞ്ഞു: “എല്ലാ പ്രശ്‌നത്തിനും പരിഹാരം ലഭിക്കുന്നത്‌ ഒരാളെ സന്തോഷിപ്പിക്കുന്നുവെങ്കില്‍ അവന്‍ സദാ മൗനമവലംബിക്കണം. അല്ലാഹുവിന്റെ സ്‌മരണ ഒഴിവാക്കി നിങ്ങള്‍ സംസാരം അധികരിപ്പിക്കരുത്‌. കാരണം, അത്‌ ഹൃദയം �കഠിനമാക്കും. അല്ലാഹുവിന്റെ സാമീപ്യം ലഭിക്കാത്തവനാണ്‌ ഹൃദയം കഠിനമായവന്‍.”
ഒരു അഅ്‌റാബി റസൂലുല്ലാഹിയോട്‌ ചോദിച്ചു: “എന്നെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുന്ന ഒരു ആരാധന പറഞ്ഞ്‌ തരൂ..” അവിടുന്ന്‌ പറഞ്ഞു: “വിശന്നവനെ ഭക്ഷിപ്പിക്കുക. ദാഹിക്കുന്നവനെ കുടിപ്പിക്കുക. നല്ലത്‌ കൊണ്ട്‌ കല്‍പിക്കുക. ചീത്തയെ വിരോധിക്കുക. ഇതിനൊന്നും സാധിക്കുകയില്ലെങ്കില്‍ നിന്റെ നാവിനെ സൂക്ഷിക്കുക.” ഹസ്രത്ത്‌ സ്വിദ്ദീഖുല്‍ അക്‌ബര്‍(റ) പറയുന്നു: നാവിനേക്കാള്‍ തടവിലിടേണ്ട ഒന്നുമില്ല. ഹസ്രത്ത്‌ അലി (റ) പറയുന്നു: മൂന്ന്‌ കാര്യങ്ങള്‍ നഷ്‌ടപ്പെട്ടാല്‍ തിരിച്ച്‌ കൊണ്ടുവരാല്‍ സാധിക്കില്ല. വായില്‍ നിന്ന്‌ വിട്ട വാക്ക്‌, ജീവിതത്തിലെ നഷ്‌ടപ്പെട്ട സമയം, നഷ്‌ടപ്പെടുത്തിയ അവസരം.
മനുഷ്യന്റെ നാനോന്മുഖ വിജയത്തിന്റെ രാജപാതയെ വരച്ചു കാണിക്കുന്ന ഇസ്‌ലാം മൗനത്തെ വാനോളം പ്രോത്സാഹിപ്പിക്കുന്നു. റസൂലല്ലാഹി(സ) പറഞ്ഞു: “ഒരാള്‍ മൗനിയായാല്‍ രക്ഷപ്പെട്ടു. സകല വിഷമങ്ങളില്‍ നിന്നും രക്ഷാകവചമായി.” തിരു ത്വാഹ(സ)മൗനത്തെ പരിചയപ്പെടുത്തി. അവിടുന്ന്‌ വീണ്ടും ബോധ്യപ്പെടുത്തി. മൗനം ഹിക്‌മത്താണ്‌, മൗനം വീക്ഷിക്കുന്നവര്‍ തുലോം തുഛമാണ്‌. ഉഖ്‌ബത്‌ ബ്‌നു ആമിര്‍(റ) നബി(സ)യോട്‌ ആരാഞ്ഞു: യാ റസൂലല്ലാഹ്‌… എന്താണ്‌ രക്ഷാമാര്‍ഗ്ഗം? അവിടുന്ന്‌ പ്രത്യത്തുരം നല്‍കി. നിന്റെ നാവിനെ നിയന്ത്രിക്കുക. നിന്റെ വീട്ടില്‍ അടങ്ങി ഒതുങ്ങി ഇരിക്കുക. നിന്റെ പാപത്തെ ഓര്‍ത്ത്‌ കരയുക.
ജീവിതത്തിന്റെ നാനാതുറകളിലും വിജയത്തിന്റെ നിദാനങ്ങളിലേക്ക്‌ സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്ന ത്വാഹ റസൂലല്ലാഹി പറഞ്ഞു: “ഒരാള്‍ ഉദരം, ഗുഹ്യ ഭാഗം, നാവ്‌ എന്നിവ സഗൗരവം സൂക്ഷിച്ചാല്‍ എല്ലാ പ്രശ്‌ന പ്രതിസന്ധികളേയും അവന്‍ അതിജയിച്ചു. കാരണം, പൂര്‍വ്വികരില്‍ ഭൂരിപക്ഷത്തിന്റെ പരാജയവും ഇവകളില്‍ നിമിത്തമാണ്‌.” കത്തിയാളുന്ന നരകത്തിലേക്ക്‌ പ്രവേശിപ്പിക്കുന്ന കാര്യങ്ങളില്‍ ഏറ്റവും ശക്തമായതാണ്‌ നാവും ഗുഹ്യവും. അത്‌കൊണ്ട്‌ താല്‍കാലിക സുഖം ത്യജിച്ച്‌ നാവിനെ വിലങ്ങിടാന്‍ എന്ത്‌ വില കൊടുത്തും നാം തയ്യാറാകണം. ഇമാം ഗസ്സാലി(റ) നാവിന്റെ ഇരുപതോളം വിനകള്‍ വിശദീകരിക്കുന്നുണ്ട്‌. ഇവകളില്‍ നിന്നെല്ലാം നാവിനെ നിയന്ത്രിക്കേണ്ടത്‌ അനുപേക്ഷണീയമാണ്‌. മുആദ്‌ ബ്‌നു ജബല്‍(റ) ചോദിച്ചു: “യാ റസൂലല്ലാഹ്‌, നമ്മുടെ സംസാരത്തിന്‌ ശിക്ഷ ലഭിക്കുമോ?” അവിടുന്ന്‌ മൊഴിഞ്ഞു: “ഓ മുആദ്‌ ബ്‌നു ജബല്‍, ജനങ്ങള്‍ നരകത്തില്‍ മുഖം കുത്തി വീഴുന്നത്‌ അവന്റെ നാവ്‌ കൊയ്‌തെടുത്തത്‌ കൊണ്ട്‌ മാത്രമാണ്‌.”
അനാവശ്യ സംസാരങ്ങളില്‍ നിന്ന്‌ നാവ്‌ സുരക്ഷിതമാവണം. അനവധി നിരവധി അനുഗ്രഹങ്ങള്‍ ലഭിക്കാനത്‌ കാരണമാണ്‌. ഹൃദയ വിശാലതയും സുകൃതങ്ങള്‍ക്കുള്ള ആന്തരിക പ്രചോദനവും ലഭിക്കാന്‍ അനാവശ്യ സംസാരങ്ങളില്‍ നിന്നു വിട്ടു നില്‍ക്കുകയും തിന്മയുടെ പാടങ്ങളെ തീരെ വെടിയുകയും സത്‌ പ്രവര്‍ത്തനങ്ങള്‍ കൊണ്ട്‌ ജീവിതം ചിട്ടപ്പെടുത്തുകയും ചെയ്യേണ്ടതാണ്‌. എറിഞ്ഞ കല്ലും പറഞ്ഞ വാക്കും തിരിച്ചെടുക്കാന്‍ കഴിയില്ല. ശ്രദ്ധയോടെ വിനിയോഗിക്കുക എന്ന ചൊല്ലിനെ അന്വര്‍ത്ഥമാക്കിയായിരുന്നു പൗരാണിക സൂരികള്‍ വിജയിച്ചത്‌. സ്വിദ്ദീഖ്‌(റ) തന്റെ നാവിനെ കൈ കൊണ്ട്‌ പുറത്തേക്ക്‌ വലിക്കുന്നത്‌ കണ്ട ഉമര്‍(റ) കാരണമനേ്വഷിച്ചപ്പോള്‍ അവിടുന്ന്‌ പറഞ്ഞത്‌ ഈ നാവാണ്‌ സകല നാശങ്ങളും വരുത്തിയത്‌. നബി(സ) പറഞ്ഞു: “എല്ലാ അവയവങ്ങളും നാവിന്റെ വിനയെക്കുറിച്ച്‌ അല്ലാഹുവിനോട്‌ ആവലാതി പറയും.” അനാവശ്യ സംസാരം കയ്യൊഴിയുന്നത്‌ നോമ്പിന്റെ സ്ഥാനത്താണ്‌. ദ്രോഹിക്കാതിരിക്കല്‍ ജിഹാദും നല്ല രീതിയില്‍ പെരുമാറല്‍ സ്വദഖയുമാണെന്ന്‌ പണ്ഡിതപാഠം.
അനാവശ്യ സംസാരവും അനുചിത ഭക്ഷണവും അസ്ഥാനത്തുള്ള മയക്കവുമാണ്‌ മുന്‍ഗാമികളില്‍ പലരുടേയും പരാജയത്തിനു കാരണം. ഇബ്‌നു മസ്‌ഊദ്‌(റ) സ്വഫയില്‍ തല്‍ബിയ്യത്ത്‌ ചൊല്ലുകയായിരുന്നു. അവിടുന്ന്‌ പറയുന്നു: ഓ നാവേ.. നല്ലത്‌ പറഞ്ഞ്‌ നമ്പന്നമാകൂ…ചീത്തയെ തൊട്ട്‌ മൗനം ഭീക്ഷിച്ച്‌ ഖേദ പ്രകടനത്തില്‍ നിന്നും രക്ഷ പ്രാപിച്ചോ.. യാ അബ്‌ദി റഹ്‌മാന്‍.. ഇത്‌ താങ്കളുടെ വാചകമാണോ എന്ന്‌ ചോദിക്കപ്പെട്ടു. അവിടുന്ന്‌ പറഞ്ഞു: അല്ല, നബി (സ) പറയുന്നത്‌ ഞാന്‍ കേട്ടിട്ടുണ്ട്‌: ആദം സന്തതിയുടെ അധിക ദോഷങ്ങളും നാവ്‌ മുഖേനയാണുണ്ടാകുന്നത്‌. അതുകൊണ്ട്‌ ദിക്‌ര്‍, സ്വലാത്ത്‌ എന്നിവ കൊണ്ട്‌ നാവിനെ പച്ചപിടിപ്പിക്കാന്‍ നാം പരിശ്രമിക്കണം. എങ്കില്‍ ഇഹപര വിജയം സാധ്യമാണ്‌.

Write a comment