Posted on

പെണ്ണുടല്‍ വില്‍ക്കപ്പെടുന്ന കാലത്തെ തട്ടക്കാര്യം

അസ്വാതന്ത്രത്തിന്റെയും വിവേചനത്തിന്റെയും പ്രതീകമായി മുസ്‌്‌ലിം സ്‌ത്രീയെ ചിത്രീകരിച്ച്‌ വാര്‍ത്താ പ്രാധാന്യം നേടുകയെന്നത്‌ എക്കാലത്തേയും മാധ്യമങ്ങളുടെ അജണ്ടയാണ്‌. ശരീഅത്തിന്റെ ഉരുക്കു മുഷ്‌ടിയില്‍ ഞെരിഞ്ഞമരുന്നവരായി മുസ്‌്‌ലിം മങ്കമാരെ പൊതു സമൂഹത്തില്‍ കൊണ്ട്‌ വരികയും മൂല്ല്യമേറിയ വാര്‍ത്താ വിഭവമാക്കി ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുകയാണ്‌ ശത്രു വ്യൂഹത്തിന്റെ പതിവുരീതി. അതിന്‌ പര്‍ദ്ദയേയും ബുര്‍ഖയേയുമെല്ലാം അടിമത്വത്തിന്റെ സിംബലാക്കിയും പുരുഷ പക്ഷപാത വിചാരത്തിന്റെ പ്രതിഫലനമാക്കിയും വിലയിരുത്തി, സാമൂഹികാന്തരീക്ഷത്തെ മൊത്തത്തില്‍ ഇസ്‌്‌ലാമിക വിരുദ്ധ ചേരിയാക്കും. അങ്ങനെയാണ്‌ പരസ്‌പരവിരുദ്ധ ദിശയില്‍ ചിന്തിക്കുന്ന ഫസല്‍ ഗഫൂറിന്റെയും യേശുദാസിന്റെയും വസ്‌ത്ര വിവാദങ്ങള്‍ കുറച്ച്‌ മാസങ്ങള്‍ക്ക്‌ മുമ്പ്‌ കേരളത്തില്‍ കൊട്ടിഘോഷിക്കപ്പെട്ടത്‌.
പ്രസ്‌തുത വിവാദം കെട്ടടങ്ങികൊണ്ടിരിക്കുന്നതിനിടയിലാണ്‌ അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷ എഴുതാന്‍ തലമറച്ച്‌ വന്ന മുസ്‌്‌ലിം പെണ്‍കുട്ടിയേയും കന്യാസ്‌ത്രീയേയും പരീക്ഷ എഴുതാനനുവദിക്കാത്തത്‌ വിവാദമാവുകയും പ്രശ്‌നം കോടതി കയറുകയും ചെയ്യുന്നത്‌. തുടര്‍ന്ന്‌ പരീക്ഷാഹാളില്‍ ശിരോവസ്‌ത്രം ധരിക്കാന്‍ അനുമതി നല്‍കണമെന്ന്‌ ആവശ്യപ്പെട്ട്‌ നല്‍കിയ ഹരജി സുപ്രീം കോടതി നിരാകരിക്കുകയും, പരീക്ഷ എഴുതുന്ന മൂന്ന്‌ മണിക്കൂര്‍ ശിരോവസ്‌്‌ത്രം അഴിച്ച്‌ വെച്ചാല്‍ മതവിശ്വാസം ഇല്ലാതാകുമോ എന്ന്‌ ചീഫ്‌ ജസ്‌റ്റിസ്‌ എച്ച്‌ എല്‍ ദത്തുവിന്റെ നേതൃത്വത്തിലുള്ള മൂന്നംഗബെഞ്ച്‌ ചോദിക്കുകയും ചെയ്‌തതോടെയാണ്‌ വിവാദം പുകയാന്‍ തുടങ്ങിയത്‌.
ഇസ്‌്‌്‌ലാമിന്റെ മതാത്മക ദര്‍ശനത്തെ ഇല്ലായ്‌മ ചെയ്യാനും മുസ്‌്‌ലിം വേഷവിധാനത്തെ ഭീകരതയുടെ പട്ടികയിലേക്ക്‌ ചേര്‍ത്ത്‌ പറയാനും അത്യുത്സാഹം കാണിക്കുന്ന മാധ്യമ സിന്റിക്കേറ്റുകളും ഇസ്‌്‌ലാമിക്‌ വിരുദ്ധരും കൂടിക്കൂടി വരുന്നൊരു കാല സന്ധിയില്‍, മത സ്വാതന്ത്ര്യവും ബഹുസ്വരതയും വിഭാവനം ചെയ്യുകയും നേടിത്തരുകയും ചെയ്യേണ്ട പരമോന്നത നീതി പീഠം തന്നെ ഒന്നര മീറ്റര്‍ ശീലക്കഷ്‌ണത്തിന്റെ പേരില്‍ മൂന്ന്‌ മണിക്കൂര്‍ മതവിശ്വസത്തിന്‌ അവധി പ്രഖ്യാപിക്കുമ്പോള്‍ വിവാദങ്ങള്‍ കെട്ടഴിഞ്ഞു വീഴുക സ്വാഭാവികം മാത്രമാണ്‌. ഒരു യഥാര്‍ത്ഥ വിശ്വാസിനിക്ക്‌ മൂന്ന്‌ മണിക്കൂര്‍ പോയിട്ട്‌ ഒരു നിമിഷം പോലും അവരുടെ വിശ്വാസത്തെയോ ആചാരത്തെയോ കൈയ്യൊഴിയാന്‍ സാധ്യമാകില്ലെന്ന്‌ ബഹുമാനപ്പെട്ട കോടതി മനസ്സിലാക്കാതെ പോയി.
സ്‌ത്രീ പീഢനത്തെ ഇല്ലായ്‌മ ചെയ്യാന്‍ നിരന്തരം നിയമങ്ങള്‍ നിര്‍മിക്കുകയും അതിലേറെ വേഗത്തില്‍ പരാജയപ്പെടുകയും ചെയ്യുന്ന ഒരു രാജ്യത്ത്‌ സ്‌ത്രീസുരക്ഷക്ക്‌ വേണ്ടി ഇസ്‌്‌ലാം നിശ്‌കര്‍ഷിച്ച പര്‍ദ്ദയും ബുര്‍ഖയുമെല്ലാം അന്ധമായ എതിര്‍പ്പിന്റെ പേരില്‍ വിവാദമാകുമ്പോള്‍ ഇസ്‌്‌ലാമിലെ സ്‌ത്രീവേഷവിധാനത്തിന്റെ പ്രസക്തിയും പ്രായോഗികതയും ചര്‍ച്ച ചെയ്യല്‍ അനിവാര്യമാവുകയാണ്‌
വസ്‌്‌ത്ര ധാരണത്തിന്റെ പ്രസക്തി
മനുഷ്യനെ മൃഗങ്ങളില്‍ നിന്നും വേര്‍തിരിക്കുന്നത്‌ അവന്റെ സംസ്‌കാരമാണ്‌. ജൈവപരിണാമത്തിന്റെ അത്ര തന്നെ പ്രാധാന്യം സാംസ്‌കാരിക പരിണാമത്തിനുമുണ്ട്‌. എന്നാല്‍ സാംസ്‌്‌കാരിക പരിണാമത്തിന്റെതായി മനുഷ്യര്‍ക്കിടയില്‍ ഇന്ന്‌ നിലനില്‍ക്കുന്ന ഒരു പ്രധാന അടയാളം അവന്റെ വസ്‌്‌ത്രധാരണമാണ്‌. മനുഷ്യരെ പോലെ വസ്‌ത്രം ധരിക്കുന്ന മറ്റൊരു ജീവി ലോകത്തില്ലാത്തതിനാല്‍ തന്നെ വ്യത്യസ്‌ത രൂപത്തിലുള്ള വസ്‌ത്രധാരണം മനുഷ്യര്‍ക്കിടയിലെ ദേശ, ഭാഷ, വര്‍ഗ വ്യത്യാസങ്ങളുടെ തിരിച്ചറിവിലേക്ക്‌ നയിക്കുന്നു. അഥവാ, ഏത്‌ ദേശക്കാരനേയും വര്‍ഗക്കാരനേയും ഏത്‌ സംസ്‌കാരത്തിന്റെ പ്രതിനിധിയേയും തിരിച്ചറിയാനുള്ള മികച്ച അളവു കോലാണ്‌ വസ്‌ത്രം. നമ്മുടെ നാട്ടില്‍ നിലനിന്നിരുന്ന ദേവാസി സമ്പ്രദായം ഇതിന്‌ മികച്ച ഒരു ഉദാഹരണമാണ്‌. തഥൈവ ഗ്രീക്കിലെ ഹെറ്റയ്‌റെകളും ജപ്പാനിലെ ഗായിഷേകളും ചൈനയിലെ ചിന്‍കുവാന്‍ജെന്നെകളും അവരെ വേഗം തിരിച്ചറിയാന്‍ ഉതകുന്ന വസ്‌ത്രധാരണാ രീതികളാണ്‌ സ്വീകരിച്ചു പോരുന്നത്‌
മുസ്‌്‌ലിം സ്‌ത്രീയും വസ്‌ത്രധാരണവും
മനുഷ്യന്റെ എല്ലാ വിചാരവികാരങ്ങളും തിരിച്ചറിഞ്ഞ മതമാണ്‌ ഇസ്‌്‌ലാം. സമൂഹത്തില്‍ സമാധാനവും സന്തുലിതാവസ്‌്‌ഥയും നിലനില്‍ക്കണമെന്ന്‌ ആഗ്രഹിക്കുന്ന ഇസ്‌്‌ലാം മനുഷ്യന്‍ ചെന്നുവീഴാന്‍ സാധ്യതയുള്ള തിന്മയുടെ സര്‍വ്വ പഴുതുകളും കൊട്ടിയടച്ചുള്ള സാമൂഹിക വ്യവസ്ഥിതിയാണ്‌ വിഭാവനം ചെയ്യുന്നത്‌. സമൂഹത്തിന്റെ രണ്ട്‌ അവിഭാജ്യ ഘടകമായ സ്‌ത്രീയേയും പുരുഷനേയും അവരവരുടെ കഴിവും ശേഷിയും തിരിച്ചറിഞ്ഞുള്ള നിയമങ്ങളാണ്‌ മതം അനുശാസിക്കുന്നത്‌്‌. ആകര്‍ഷണ ശേഷിയിലും സൗന്ദര്യത്തിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന സ്‌ത്രീശരീരം പുരുഷനാല്‍ കൊത്തിവലിക്കപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ അവളോട്‌ ശരീരം മുഴുവന്‍ മറച്ച്‌ മാത്രമേ അത്യാവശ്യ ഘട്ടത്തില്‍ വീട്ടില്‍ നിന്ന്‌ പുറത്തിറങ്ങാവൂ എന്ന്‌ ഇസ്‌്‌ലാം കല്‍പ്പിച്ചു. പുരുഷന്റെ ഒരു അന്യസ്‌ത്രീയിലേക്കുള്ള നോട്ടം പോലും നിഷിദ്ധമാക്കിയ ശരീഅത്ത്‌ സ്‌ത്രീ സംരക്ഷിക്കപ്പെടേണ്ടവളാണെന്ന്‌്‌ സമൂഹത്തിന്‌ പഠിപ്പിച്ചു. നോട്ടം വീണ്ടും കാണാനുള്ള മോഹത്തിലേക്കും സംസാരിക്കാനും സ്‌പര്‍ശിക്കാനുമുള്ള അടങ്ങാത്ത അഭിലാഷത്തിലേക്കും വഴിവെക്കുമെന്നതാണത്രേ നോട്ടം പോലും വിലക്കാനുള്ള നിദാനം.
പുരുഷനോട്‌ അന്യസ്‌ത്രീയെ നോക്കുന്നതിനെ വിലക്കിയ ഇസ്‌്‌ലാം സ്‌ത്രീ തന്റെ മാദകാവയവങ്ങള്‍ പ്രദര്‍ശിപ്പിച്ച്‌ പുരുഷ വികാരത്തെ ഇക്കിളിപ്പെടുത്തെരുതെന്ന്‌ കൂടി നിശ്‌കര്‍ഷിച്ചു. ഖുര്‍ആന്‍ പറയുന്നത്‌ നോക്കുക. അല്ലാഹുവിന്റെ പ്രവാചകരേ, തങ്ങളുടെ പത്‌നിമാരോടും പെണ്‍മക്കളോടും വിശ്വാസിനികളോടും തങ്ങളുടെ മുഖപടങ്ങള്‍ താഴ്‌ത്തിയിടാന്‍ പറഞ്ഞാലും, അതത്രേ അവര്‍ തിരിച്ചറിയപ്പെടുന്നതിനും, അങ്ങനെ ശല്ല്യം ചെയ്യപ്പെടാതിരിക്കാനും കരണീയം. അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനുമാണ്‌. സ്‌ത്രീ ശരീരത്തിന്റെ വശ്യതയോ സൗന്ദര്യമോ ആകാരമോ പുറത്ത്‌ കാണിക്കരുതെന്ന്‌ പറഞ്ഞ ഖുര്‍ആന്‍, പ്രലോഭിതരാക്കും വിധം കൊഞ്ചികുഴഞ്ഞ്‌ സംസാരിക്കരുതെന്നും, ആളുകള്‍ അറിയത്തക്കവണ്ണം കാലുകള്‍ കിലുക്കി നടക്കരുതെന്ന്‌ കൂടി പറയുമ്പോള്‍ മതം നിര്‍ദ്ദേശിക്കുന്ന നിയമത്തിന്റെ താല്‍പര്യം സ്‌ത്രീസുരക്ഷ ഉദ്ദേശിച്ചാണെന്ന്‌ വ്യക്തം.
എന്നാല്‍, അത്യാവശ്യ ഘട്ടങ്ങളില്‍ പര്‍ദ്ദയും ബുര്‍ഖയും ധരിച്ച്‌ സുരക്ഷിതരായി പുറത്തു പോകുന്ന സ്‌ത്രീകളെ ആധുനിക ഫെമിനിസ്സ്‌ ചിന്താഗതിക്കാരും ലൈഗിക തൊഴിലാളി സംഘടനകളും അസ്വാതന്ത്ര്യത്തിന്റെയും അടിമത്വത്തിന്റെയും സിംബലുകളാക്കുകയാണ്‌. പരിഷ്‌ക്കാരത്തിന്റെ പേരില്‍ എന്തും സ്വീകരിക്കാന്‍ തയ്യാറുള്ള പടിഞ്ഞാറിന്റെ വസ്‌ത്ര സങ്കല്‍പ്പങ്ങളാണ്‌ ഇവരെ പര്‍ദ്ദ വിമര്‍ശനത്തിലേക്ക്‌ കൊണ്ടെത്തിക്കുന്നത്‌. സാംസ്‌്‌കാരികമായി നാം പടിഞ്ഞാറിനേക്കാള്‍ നൂറ്റാണ്ടുകള്‍ പിന്നിലാണെന്നും നമ്മുടെ സാസ്‌്‌കാരിക വളര്‍ച്ചക്ക്‌്‌ പടിഞ്ഞാറിന്റെ മൂല്ല്യങ്ങള്‍ കടമെടുക്കണമെന്നും ഇവര്‍ വാദിച്ച്‌്‌കൊണ്ടിരിക്കുന്നു എന്നാല്‍, അതിരുകളില്ലാത്ത സ്‌ത്രീസ്വാതന്ത്ര്യത്തിലൂടെ ഇക്കാലമത്രയും പടിഞ്ഞാറ്‌ നേടിയെതെന്താണെന്ന്‌ പഠിക്കുമ്പോഴാണ്‌ പരിഷ്‌കാര വാദികള്‍ നമ്മേ കൊണ്ടത്തിക്കുന്നത്‌ എവിടേക്കാണെന്ന്‌്‌ ബോധ്യപ്പെടുക. പരിഷ്‌്‌കൃതമെന്ന്‌ ഊറ്റം കൊള്ളുന്ന പാശ്ചാത്യന്‍ നാടുകളില്‍ നിന്നും കേട്ട്‌ കൊണ്ടിരിക്കുന്ന വാര്‍ത്ത ഒട്ടും ആശ്വാസം നല്‍കുന്നതല്ല. സാസ്‌കാരിക മുന്നേറ്റത്തിന്റെ പേരില്‍ നാം റോള്‍മോഡലാക്കുന്ന അമേരിക്കയില്‍ ഓരോ ദിവസവും 2741 വിദ്യാത്ഥിനികള്‍ അവിഹിത ഗര്‍ഭണികളാവുകയും,1282 ജാരസന്തതികള്‍ പിറന്ന്‌ വീഴുകയും 3221 ഗര്‍ഭഛിത്രങ്ങള്‍ നടമാടുകയും ചെയ്യുന്നു. പരിഷ്‌കാരത്തിന്റെ പേരില്‍ എന്തും സ്വീകരിക്കാന്‍ തയ്യാറായ ഒരു സമൂഹത്തിന്റെ പത്ത്‌ വര്‍ഷം മുമ്പ്‌ വരേയുള്ള ദയനീയ പരാജയത്തിന്റെ കണക്കാണിത്‌.
ഏതുകാലത്തും എവിടെയും ഏറ്റവും കൂടുതല്‍ പീഢനങ്ങള്‍ക്ക്‌ ഇരയായിട്ടുള്ളത്‌ സ്‌ത്രീകളാണ്‌. അതുകൊണ്ടാണല്ലോ സ്‌ത്രീ സംരക്ഷണത്തിന്‌ വേണ്ടി പുതിയ പുതിയ നിയമങ്ങള്‍ നിര്‍മ്മിക്കാന്‍ ഓരോ രാജ്യവും നിര്‍ബന്ധിതരാവുന്നത്‌. ഡല്‍ഹിയില്‍ കൂട്ട മാനഭംഗത്തിന്‌ ഇരയായി 21 വയസ്സൂകാരി കൊല്ലപ്പെടുകയുണ്ടായി. അതിനെ തുടര്‍ന്നുള്ള മുറവിളികള്‍ക്കൊടുവില്‍ ഇന്ത്യാരാജ്യം നിര്‍ഭയ നിയമം പാസ്സാക്കി. സ്‌്‌ത്രീകളെ സ്‌പര്‍ശിക്കുന്നത്‌ പോയിട്ട്‌ ഇടക്കണ്ണിട്ട്‌ നോക്കുന്നത്‌ പോലും കഠിനമായി ശിക്ഷിക്കപ്പെടണം എന്നാണ്‌്‌ `നിര്‍ഭയ’യുടെ താല്‍പര്യം. എന്നിട്ടും രാജ്യത്ത്‌ പീഢനങ്ങള്‍ക്ക്‌ ഒരുകുറവുമില്ല. എന്താണ്‌ കാരണം, എവിടെയാണ്‌ നമുക്ക്‌ തെറ്റ്‌ പിണഞ്ഞത്‌. നമ്മള്‍ രോഗിയെ കാണുന്നുണ്ട്‌ രോഗകാരണം കാണുന്നില്ല. കാരണം കണ്ടത്താതെയുള്ള ചികിത്സ ഫലപ്രദമാവുകയില്ല.
പുരുഷ കാമത്തെ പ്രലോഭിപ്പിക്കുന്ന ഫാഷന്‍ വൈവിധ്യങ്ങള്‍ ഇന്ന്‌ സമൂഹത്തില്‍ ഒട്ടും കുറവല്ല. പരസ്യ പലകകളിലും ടെലി സ്‌ക്രീനിലും പ്രദര്‍ശിപ്പിക്കപ്പെടുന്ന പെണ്ണുടലുകള്‍ അടയാളപ്പെടുത്തുന്നത്‌ ഏതു തരം സംസ്‌കാരത്തെയാണെന്ന്‌ ആരോടും വിളിച്ചോതേണ്ടതില്ല. ദിവംഗതനായ കൃഷ്‌ണയ്യര്‍ ഒരിക്കല്‍ എഴുതുകയുണ്ടായി. സ്‌്‌ത്രീകളുടെ മാദകമായ വസ്‌ത്രധാരണവും ചേഷ്ടകളും നിമിത്തം മതിമറന്ന്‌ താല്‍കാലികമായ ഒരു ഉന്മാദവസ്‌്‌ഥയിലാണ്‌ പുരുഷന്‍ ബലാത്സംഗം ചെയ്യുന്നത്‌. അര്‍ദ്ധ, പൂര്‍ണ്ണ നഗ്നകളായി നൃത്തങ്ങളിലൂടെ ജനവികാരത്തെ ഉദ്ദീപിപ്പിക്കുന്ന പരസ്യ സംസ്‌കാരം എന്ന്‌ നിര്‍ത്തലാക്കുന്നോ അന്നേ സ്‌ത്രീ പീഢനങ്ങള്‍ക്ക്‌ അറുതി വരൂ എന്ന്‌ സാരം. നിരവധി സ്‌ത്രീപീഢനക്കേസുകള്‍ക്കും കുറ്റകൃത്യങ്ങള്‍ക്കും വിധി പ്രസ്‌താവിച്ച ഇന്ത്യയിലെ ഒരു സുപ്രീം കോടതി ജഡ്‌ജ്‌ പരസ്യമായി പ്രസ്‌താവിക്കുകയുണ്ടായി. പുരുഷ കാമത്തെ ഉത്തേജിപ്പിക്കുമാറ്‌ വസ്‌ത്രം ധരിച്ച ഓരോ സ്‌്‌ത്രീയും ബലാത്സംഗം അര്‍ഹിക്കുന്നുണ്ട്‌. എന്തിനധികം പറയണം, മലയാളി നെഞ്ചേറ്റിയ ഗാനഗന്ധര്‍വ്വന്‍ യേശുദാസ്‌ സ്‌ത്രീകള്‍ ഇടുങ്ങിയ പാന്‍സ്‌ ധരിക്കരുതെന്ന്‌ വിളിച്ചുപറഞ്ഞപ്പോള്‍ അതിനെതിരെ വിവാദം സൃഷ്ടിച്ചവരാണ്‌ മലയാളികള്‍. സ്‌ത്രീകയ്യേറ്റം ചെയ്യപ്പെടുന്നതിനും ലൈംഗിക വൈകൃതങ്ങള്‍ക്ക്‌ ഇരയാകുന്നതിനും നിദാനം ഒരു പരിധിവരെ സുരക്ഷിതമല്ലാത്ത വസ്‌ത്രധാരണ രീതിയാണെന്ന യാഥാത്ഥ്യത്തെ വിളിച്ചോതിയതാണ്‌ ഇവര്‍ക്കു നേരെ വാളോങ്ങാനുള്ള നിദാനമെങ്കില്‍ ഈ വിമര്‍ശകര്‍പോലും പറയാതെ പറയുന്നത്‌ പര്‍ദ്ദ സ്‌ത്രീസുരക്ഷ നല്‍കുന്നു എന്നാണ്‌്‌.
പര്‍ദ്ദ വിമര്‍ശകരും പൊള്ളയായ ജല്‍പനങ്ങളും
ഖുര്‍ആന്‍ സ്‌ത്രീക്ക്‌ പര്‍ദ്ദ നിര്‍ബന്ധമാക്കി എന്ന്‌്‌ പറയുന്നത്‌ തന്നെ ഇസ്‌്‌ലാമിനെ കുറിച്ച്‌ തെല്ലും അറിവില്ലാത്തതിന്റെ തെളിവാണ്‌. പുരുഷ പക്ഷാപാതപരമാണ്‌ ഖുര്‍ആനിക ജീവിത ദര്‍ശനം എന്ന്‌ വരുത്തിത്തീര്‍ക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്നവരാണ്‌ ഇത്തരം അടിസ്ഥാന രഹിതമായ വാദങ്ങള്‍ ഉന്നയിക്കുന്നത്‌. മുസ്‌്‌ലിം സ്‌ത്രീ പര്‍ദ്ദ ധരിക്കണം എന്ന്‌ ഇസ്‌്‌ലാമില്‍ നിയമമില്ല. എന്നാല്‍, അന്യരുമായി ഇടപഴകുമ്പോള്‍ അവള്‍ ശരീരം മുഴുവന്‍ മറച്ചിരിക്കണമെന്ന്‌ ഇസ്‌്‌ലാം നിശ്‌കര്‍ഷിക്കുന്നു. ഈ നിയമത്തെ നടപ്പില്‍ കൊണ്ടു വരാന്‍ സ്‌ത്രീകള്‍ അധികവും സ്വീകരിക്കുന്ന ഒരിനമാണ്‌ പര്‍ദ്ദ. അതുകൊണ്ടതിനെ ഇസ്‌്‌ലാമിന്റെ വസ്‌ത്രമായി ഗണിക്കുന്നു എന്ന്‌ മാത്രം. സ്വീകരിക്കുകയോ സ്വീകരിക്കാതിരിക്കുകയോ ചെയ്യാം
എന്നാല്‍ ഇസ്‌്‌ലാമിന്റെ ദര്‍ശനങ്ങളെ തല്ലിത്തര്‍ക്കാനും, സ്‌ത്രീ സംരക്ഷണ കവചമായ പര്‍ദ്ദയേയും ഹിജാബിനേയും അടിമത്വത്തിന്റെ പ്രാകൃത മുറകളാക്കാനും ഒരു കൂട്ടം ബുദ്ധിജീവികളും സാംസ്‌ക്കാരിക നായകന്മാരും കിണഞ്ഞ്‌ പരിശ്രമിക്കുകയാണ്‌. എം എന്‍ കാരശ്ശേരിയും ഹമീദ്‌ ചേന്ദമംഗല്ലൂരും ഖദീജാ മുംതാസും അടങ്ങുന്ന ഒരു കൂട്ടം ബുദ്ധി ജീവികളാണ്‌്‌ കേരളത്തില്‍ ഈ വിമര്‍ശകര്‍ക്ക്‌ നേത്യത്വം നല്‍കുന്നത്‌. മുസ്‌്‌ലിം സ്‌ത്രീകളുടെ മുഴുവന്‍ വിഷയങ്ങളിലും ഇടപെട്ട്‌ ലേഖനങ്ങളെഴുതിയും പുസ്‌തകങ്ങള്‍ പ്രസിദ്ധീകരിച്ചുമാണ്‌ ഇവര്‍ ബുദ്ധിജീവികളായതെന്നത്‌ ശ്രദ്ധേയം.
എന്നാല്‍, ഈ പര്‍ദ്ദ വിമര്‍ശകര്‍ ഉന്നയിക്കുന്ന വാദഗതികളെല്ലാം വിലകുറഞ്ഞതും അബദ്ധജടിലവുമാണെന്ന്‌ അല്‍പ ബുദ്ധിയുള്ള ആര്‍ക്കും വ്യക്തമാവും. ഒരു വ്യക്തി തിരിച്ചറിയപ്പെടുന്നത്‌ മുഖം കൊണ്ടാണെന്നും മൂടു പടമണിഞ്ഞാല്‍ ആളെ തിരിച്ചറിയാതാകുന്നതിലൂടെ ഈ അവസരം മുതലെടുത്ത്‌ കവര്‍ച്ചാ സംഘങ്ങളും മറ്റും അധാര്‍മിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരും സമൂഹത്തില്‍ അധികരിച്ചുവരുമെന്നാണ്‌ ഇവരുടെ ഒരു വാദം. മീശയും താടിയും വെച്ച്‌ പിടിക്കപ്പെട്ട ചില മഹിളാ രത്‌നങ്ങളെ ഉയര്‍ത്തിക്കാട്ടി ഇവര്‍ രംഗം കൊഴിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍, ഈ ആരോപണം ഉന്നയിക്കുന്നവര്‍ ആദ്യം ഗ്രഹിക്കേണ്ട ചിലവസ്‌തുതകളുണ്ട്‌. ടെലിഫോണ്‍ കണ്ട്‌ പിടിച്ച മാര്‍ക്കോണിയും കമ്പ്യുട്ടര്‍ കണ്ട്‌ പിടിച്ച ചാള്‍സ്‌ ബാബേജും, ഇ=എം.സി സ്‌കൊയര്‍ എന്ന സിദ്ധാന്തം കൊണ്ട്‌ ലോകം വിറപ്പിച്ച ഐസക്‌ ന്യൂട്ടനും സാമൂഹിക നന്മയും മനുഷ്യപുരോഗതിയുമായിരുന്നു മുന്നില്‍ കണ്ടിരുന്നത്‌. എന്നാല്‍ ഈ കണ്ടു പിടുത്തങ്ങളുടെ പ്രയോക്താക്കള്‍ ഇവയെ ദുരുപയോഗപ്പെടുത്തി രാജ്യദ്രോഹികളും കുറ്റവാളികളുമായി എന്നത്‌ കൊണ്ട്‌ കമ്പ്യൂട്ടര്‍ നിരോധിക്കാനോ ടെലിഫോണ്‍ ഉപേക്ഷിക്കാനോ ആരും പറഞ്ഞ്‌ കേള്‍ക്കുന്നില്ല. ഇതു പോലെയാണ്‌ പര്‍ദ്ദയും ഹിജാബും. മഹത്തായ ഒരു ലക്ഷ്യത്തിന്‌ വേണ്ടിയാണവയെ മതം നിര്‍ബദ്ധമാക്കിയത്‌. സ്‌ത്രീയുടെ ചാരിത്ര വിശുദ്ധിയാണതില്‍ പരമ പ്രധാനം. അതുകൊണ്ട്‌ തന്നെ ഈ ലക്ഷ്യ പൂര്‍ത്തീകരണത്തിനായി സ്‌ത്രീ വീടിന്‌ പുറത്തിറങ്ങുമ്പോള്‍ ശരീരം മുഴുവന്‍ മറച്ച്‌ കൊണ്ടായിരിക്കണം. ഇത്‌ മതത്തിന്റെ കല്‍പനയാണ്‌. അത്‌ പരീക്ഷക്കാണങ്കില്‍ പോലും. തലമൂടുന്ന ഒരു കഷ്‌ണം തുണിയോടുള്ള വെറുപ്പോ,മേനി മറക്കുന്ന പര്‍ദ്ദയോടുള്ള എതിര്‍പ്പോ മുസ്‌്‌ലിംകള്‍ ഇന്നോ ഇന്നലെയോ കേള്‍ക്കാന്‍ തുടങ്ങിയതല്ല. ഇസ്‌്‌ലാമിക വേഷവിധാനം അപരിഷ്‌കൃതവും മതമൗലിക വാദപരവും അറുപിന്തിരിപ്പനുമാണെന്ന കുപ്രചരണങ്ങള്‍ക്ക്‌ വര്‍ഷങ്ങളുടെ പഴക്കമുണ്ട്‌. അതുകൊണ്ട്‌ തന്നെ തട്ടമിട്ട പെണ്‍കുട്ടികള്‍ പരീക്ഷക്കിരിക്കുമ്പോള്‍ സമൂഹത്തില്‍ വിതക്കുന്ന പരിഭ്രാന്തിയുടെ പിന്നാമ്പുറം മനസ്സിലാക്കാന്‍ മുസ്‌്‌ലിംകള്‍ക്ക്‌ അധികം സമയം വേണ്ടിവരില്ല.
ഒരു കാര്യം നാം തിരിച്ചറിയേണ്ടതുണ്ട്‌. മഫ്‌ത ധരിച്ചതിന്റെ പേരില്‍ പരീക്ഷ എഴുതാന്‍ കഴിയാതെ പോയ മുസ്‌്‌ലിം സ്‌ത്രീയോ, ശിരോവസ്‌ത്രം ധരിച്ചതിനാല്‍ പ്രവേശനം നിഷേധിക്കപ്പെട്ട്‌ കോടതി കയറേണ്ടി വന്ന കന്യാസ്‌ത്രീയോ കേവലം രണ്ട്‌ വ്യക്തികളെയല്ല പ്രതിനിധാനം ചെയ്യുന്നത്‌. ന്യൂനപക്ഷങ്ങളായ രണ്ട്‌ മതത്തെയാണ്‌. അതുകൊണ്ട്‌ തന്നെ മതേതരത്വം ഉറപ്പ്‌ നല്‍കുന്നൊരു രാജ്യത്ത്‌ ന്യൂനപക്ഷങ്ങളെ അവഗണിച്ച്‌ പരമോന്നത നീതിപീഠം വിധിപ്രസ്‌താവിച്ചാല്‍ അവിടെ തോറ്റ്‌ പോകുന്നത്‌ ജനാധിപത്യവും ആ ജനാധിപത്യം വിഭാവനം ചെയ്യുന്ന മതസ്വാതന്ത്ര്യവുമായിരിക്കും.

Write a comment