Posted on

മദ്രസാ പഠനം വിചിന്തനം നടത്താന്‍ സമയമായിട്ടുണ്ട്

ഇകഴിഞ്ഞ റമളാനില്‍, പാപമോചനത്തിന്റെ രണ്ടാം പത്തില്‍ കേരളത്തിലെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂരില്‍ നിന്നുള്ളൊരു വാര്‍ത്ത വായിച്ച്‌ നാം സ്‌തബ്‌ധരാവുകയുണ്ടായി. വിശുദ്ധ റമളാനിലെ ഒരു പകലില്‍ മദ്യപിച്ച്‌ ഉന്മത്തനായി വന്ന മുസ്‌ലിം ചെറുപ്പക്കാരന്‍, തന്നെ പത്തുമാസം വയറ്റില്‍ ചുമന്ന്‌ നൊന്ത്‌ പെറ്റ്‌ പോറ്റിയ സ്വന്തം മാതാവിനെ ക്രൂരമായി അടിച്ചു കൊലപ്പെടുത്തിയ വാര്‍ത്തയായിരുന്നു അത്‌. നോമ്പു ദിനത്തില്‍ ഉച്ചക്ക്‌ ലഭിച്ച ചോറിന്‌ വേവു കുറഞ്ഞു പോയി എന്നതായിരുന്നു കാരണം.
താന്‍ ജോലി ചെയ്യുന്ന ഹോസ്‌പിറ്റലില്‍ ഈ വര്‍ഷം അഞ്ച്‌ എഞ്ചിനീയറിംഗ്‌ വിദ്യാര്‍ത്ഥിനികള്‍ അബോര്‍ഷന്‍ നടത്തിയെന്ന്‌ സാക്ഷ്യപ്പെടുത്തിയ ഇടുക്കിയിലെ ഡോക്ടറെ കുറിച്ചും നാം കേട്ടു. ആ പെണ്‍കുട്ടികളെല്ലാം കോഴിക്കോട്‌, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ്‌ തുടങ്ങിയ ജില്ലകളിലെ മുസ്‌ലിം പെണ്‍കുട്ടികളായിരുന്നുവെന്നറിഞ്ഞപ്പോഴാണ്‌ നാം തരിച്ചു പോയത്‌.
എന്തു കൊണ്ടാണ്‌ ഇങ്ങനെയെല്ലാം സംഭവിക്കുന്നത്‌. മുസ്‌ലിം യുവതക്ക്‌ ഇതെന്താണ്‌ സംഭവിച്ചു കൊണ്ടിരിക്കുന്നത്‌? അജ്ഞതയില്‍ ആണ്ടു കഴിഞ്ഞിരുന്ന ആറാം നൂറ്റാണ്ടിലെ അപരിഷ്‌കൃതരായ ജനങ്ങളെപ്പോലും നാണിപ്പിക്കുന്ന തരത്തിലാണ്‌ ന്യൂജനറേഷന്‍ യുവജനങ്ങള്‍ അരങ്ങു തകര്‍ത്തു കൊണ്ടിരിക്കുന്നത്‌. ഇതിന്റെ അടിസ്ഥാന കാരണങ്ങള്‍ തേടിച്ചെല്ലുമ്പോഴാണ്‌ നാം ചില പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിയുന്നത്‌. കാരണങ്ങള്‍ ഉള്‍ക്കൊണ്ട്‌ പരിഹാര നടപടികള്‍ ഉടന്‍ ആരംഭിച്ചില്ലെങ്കില്‍ ഗുരുതരമായ സാംസ്‌കാരിക ദുരന്തത്തിനാവും നാം സാക്ഷിയാവേണ്ടി വരിക.
പറഞ്ഞു വരുന്നത്‌ മദ്രസാ വിദ്യഭ്യാസത്തോട്‌ നാം പുലര്‍ത്തിപ്പോരുന്ന അവഗണനയെക്കുറിച്ചാണ്‌. മതപഠനം കേവലമൊരു ചടങ്ങ്‌ മാത്രമായാണ്‌ അധിക രക്ഷിതാക്കളും കാണുന്നത്‌. ഭൗതിക പഠന മേഖലയില്‍ മക്കള്‍ ഉന്നതങ്ങള്‍ കീഴടക്കുന്നതിനെക്കുറിച്ച്‌ സ്വപ്‌നങ്ങള്‍ കാണുന്ന മാതാപിതാക്കള്‍ ഭൗതിക പഠന മേഖലക്ക്‌ അമിത പ്രോത്സാഹനങ്ങള്‍ നല്‍കി വരുന്നു. എന്നാല്‍, മത പഠനത്തിന്‌ ചെറിയൊരു പരിഗണന പോലും നല്‍കാന്‍ നാം തയ്യാറാവുന്നില്ല. സ്‌കൂള്‍ അദ്ധ്യായന വര്‍ഷാരംഭമായ ജൂണ്‍ മാസമാവുമ്പോഴേക്ക്‌ നാം ശ്രദ്ധയോടെ ഒരുങ്ങുന്നു. പുതിയ കുട, പുതിയ യൂണിഫോം, പുത്തന്‍ ബാഗ്‌, നോട്ടുപുസ്‌തകവും ടെക്‌സ്റ്റ്‌ ബുക്കും, പുതിയ ചെരുപ്പ്‌… ഒരു പെരുന്നാളിന്റെ പ്രതീതിയിലാണ്‌ ഒരുക്കങ്ങള്‍. സ്‌കൂള്‍ ബസ്‌ കയറ്റാന്‍ ഉമ്മ വാഹനത്തിന്റെ ഡോര്‍ വരെ വരും. സ്‌കൂള്‍ വിട്ടു വന്നാല്‍ വിശേഷങ്ങള്‍ തിരക്കാന്‍ വീട്ടുകാരും അയല്‍ക്കാരുമെല്ലാം കൂട്ടം കൂടി വരും. എല്ലാ അര്‍ത്ഥത്തിലും ആഘോഷം തന്നെ. എന്നാല്‍, ഇതിലേറെ പ്രാധാന്യം നല്‍കേണ്ട, പരലോകത്തേക്കുള്ള പഠനമായ മദ്രസാ പഠനത്തെ നാം എങ്ങിനെയാണ്‌ ആഘോഷിക്കുന്നത്‌ എന്ന്‌ സത്യസന്ധമായി ഓരോരുത്തരും സ്വയം ഓര്‍ത്തു നോക്കിയാല്‍ മതി.
പള്ളിയിലെ ഉസ്‌താദിനെ കൊണ്ട്‌ പ്രാര്‍ത്ഥിപ്പിച്ചും അനുഗ്രഹം വാങ്ങി ആദ്യാക്ഷരം കുറിച്ചും വീട്ടില്‍ പലഹാരങ്ങള്‍ ഉണ്ടാക്കി മദ്രസയിലേക്ക്‌ കൊടുത്തയച്ചും മദ്രസാരംഭത്തെ പെരുന്നാളാക്കിയിരുന്ന ഒരു പൂര്‍വ്വകാലം നമുക്കുണ്ടായിരുന്നു. എന്നാല്‍ ഇന്ന്‌ അതെല്ലാം പഴഞ്ചന്‍ ചടങ്ങുകളായി മാറിയിരിക്കുന്നു. വളരെ ലാഘവത്തോടെയാണ്‌ നമ്മളവരെ മദ്രസയിലേക്ക്‌ അയച്ചു കൊണ്ടിരിക്കുന്നത്‌.
മദ്രസാ പഠനം ഒരു നിലക്കും ഭൗതിക പഠനത്തിന്‌ തടസ്സമാവരുത്‌ എന്ന നിര്‍ബന്ധ ബുദ്ധി നമുക്കുണ്ട്‌. ഒരുകാലത്ത്‌ രാത്രിയും പകലുമായി കുറേയേറെ മണിക്കൂറുകള്‍ പഠിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ അവസരമുണ്ടായിരുന്നു. ഇന്ന്‌ അത്‌ ഒരു മണിക്കൂര്‍ പോലുമില്ലാത്ത ദുഃഖകരമായ പരിതസ്ഥിതിയിലെത്തി. സ്‌കൂള്‍ ബസ്‌ എത്തുന്നതിനു മുമ്പ്‌ ഒരുങ്ങി ഇറങ്ങാനുള്ള ബദ്ധപാടുകള്‍ക്കിടയില്‍ കടമ തീര്‍ക്കലായി ഏതാനും മിനിറ്റ്‌ നേരത്തെ മദ്രസാ പഠനം അധഃപതിച്ചു.
ട്യൂഷന്റെ പേരില്‍ സ്‌കൂളിലെ ക്ലാസുകള്‍ കുട്ടികള്‍ അവഗണിക്കുന്നു. യോഗ്യരായ അദ്ധ്യാപകരാവും സ്‌കൂളുകളില്‍ ഉണ്ടാവുക. പക്ഷെ, അത്‌ ഫീസ്‌ നല്‍കാത്ത പഠനമായതു കൊണ്ട്‌ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും ട്യൂഷന്‍ കഴിഞ്ഞുള്ള സ്ഥാനം മാത്രമാണ്‌ റെഗുലര്‍ ക്ലാസുകള്‍ക്ക്‌ നല്‍കുന്നത്‌. അനാവശ്യമായ ട്യൂഷന്‍ ഭ്രമം അവസാനിപ്പിച്ചാല്‍ തന്നെ മദ്രസാ പഠന രംഗത്തെ വലിയ പ്രതിസന്ധി മാറിക്കിട്ടും.
സ്‌കൂള്‍ ബസുകള്‍ നേരത്തെ എത്തുന്നതാണ്‌ മറ്റൊരു കാരണം. അകലെയുള്ള സ്‌കൂളില്‍ അയച്ചാലെ മക്കള്‍ക്ക്‌ നിലവാരമുള്ള വിദ്യഭ്യാസം ലഭിക്കൂ എന്ന തെറ്റായ ധാരണ രക്ഷിതാക്കള്‍ അവസാനിപ്പിക്കണം. വീടിനടുത്തുള്ള സ്ഥാപനങ്ങളില്‍ തന്നെ വിദ്യാര്‍ത്ഥികളെ പറഞ്ഞയച്ചാല്‍ അവര്‍ക്ക്‌ സമയം ലാഭിക്കാന്‍ കഴിയും. പത്തോ പതിനഞ്ചോ മിനിറ്റു കൊണ്ട്‌ വാഹനത്തില്‍ എത്താവുന്ന ദൂരമുള്ള സ്‌കൂളുകളിലേക്ക്‌ പോലും വിദ്യാര്‍ത്ഥികളെ എടുത്ത്‌ നാട്‌ മുഴുവന്‍ കറങ്ങുന്ന സ്‌കൂള്‍ ബസ്‌ സംവിധാനമാണുള്ളത്‌. മദ്രസാ പഠനത്തിന്റെ സമയമാണ്‌ ഈ കറക്കം അപഹരിക്കുന്നത്‌. ഇതിനൊരു ബദല്‍ സംവിധാനം ഉണ്ടാക്കേണ്ടത്‌ നമ്മുടെ ബാധ്യതയാണ്‌.
തന്റെ മക്കള്‍ മതബോധമുള്ളവരാവേണ്ടത്‌ തങ്ങളുടെ ആവശ്യമാണെന്ന തിരിച്ചറിവ്‌ മാതാപിതാക്കള്‍ക്കുണ്ടാവണം. ഉസ്‌താദുമാരുടെയോ നാട്ടിലെ ദീനീ പ്രവര്‍ത്തകരുടേയോ ആവശ്യമാണ്‌ മക്കളുടെ മദ്രസാ പഠനം എന്ന രീതിയിലാണ്‌ നാം പെരുമാറുന്നത്‌. ബാല്യകാലത്ത്‌ മക്കള്‍ക്ക്‌ മതവിദ്യഭ്യാസം നല്‍കിയില്ലെങ്കില്‍ അവര്‍ ഒന്നുമറിയാത്തവരായി വളര്‍ന്നു വരും. നശിച്ചു നാറിയ പുതിയ ചുറ്റുപാടില്‍ അവര്‍ സാംസ്‌കാരികമായി വളരെ അധഃപതിക്കും. ഇത്തരക്കാരാണ്‌ കൗമാരകാലത്തും യൗവ്വന കാലത്തും പത്രകോളങ്ങളുടെ തലക്കെട്ടുകള്‍ പിടിച്ചടക്കുന്ന ക്രിമിനലുകളായി മാറുന്നതെന്ന്‌ നാം അറിയാതെ പോവരുത്‌. തനിക്കു മതബോധം നല്‍കാത്ത മാതാപിതാക്കളെ മക്കള്‍ തള്ളിപ്പറയുന്ന ഒരു ദിവസം വരാനുണ്ട്‌. നാളെ മഹ്‌ശറയിലാണത്‌. “തന്റെ ജീവിത പരാജയത്തിന്‌ കാരണമായ മാതാപിതാക്കളെ എന്റെ കാല്‍ചുവട്ടിലാക്കിത്തരൂ, ഞാന്‍ അവരുടെ നെഞ്ചത്ത്‌ ചവിട്ടിക്കയറട്ടെ” എന്ന്‌ മക്കള്‍ അല്ലാഹുവിനോട്‌ ആവശ്യപ്പെടും. മാതാപിതാക്കള്‍ എത്ര പുണ്യങ്ങള്‍ ചെയ്യുന്നവരായിട്ടും കാര്യമില്ല. ഈ മക്കള്‍ കാരണം അവരും നരക വാസികളാവേണ്ട ദുര്‍ഗതിയുണ്ടാവും. അത്തരം അവസ്ഥകള്‍ അനുഭവിച്ച്‌ നാളെ വിരല്‍ കടിക്കാതിരിക്കണമെങ്കില്‍ യഥാസമയത്ത്‌ തന്നെ മക്കള്‍ക്ക്‌ മതപഠനം ലഭിക്കുന്നുണ്ട്‌ എന്ന്‌ നാം ഉറപ്പ്‌ വരുത്തണം.
സ്‌കൂള്‍ പാഠപുസ്‌തകം വായിക്കാനും പഠിക്കാനും ഹോം വര്‍ക്കുകള്‍ ചെയ്യാനും മക്കളെ നിര്‍ബന്ധിക്കുകയും കളിക്കു പോലും വിട്ടു കൊടുക്കാതെ അവരുടെ പിറകെ കൂടുകയും ചെയ്യുന്ന മാതാക്കള്‍ എന്തു കൊണ്ടാണ്‌ മദ്രസാ പാഠങ്ങള്‍ പഠിക്കാന്‍ അവരെ നിര്‍ബന്ധിക്കാത്തത്‌. സ്‌കൂള്‍ പരീക്ഷയില്‍ ഉന്നത ഗ്രേഡുകള്‍ നേടുമ്പോള്‍ വിലകൂടിയ ഗിഫ്‌റ്റുകള്‍ വാങ്ങി നല്‍കി പ്രോത്സാഹിപ്പിക്കുന്നവര്‍ എന്തു കൊണ്ടാണ്‌ മദ്രസയിലെ വിദ്യാര്‍ത്ഥികളുടെ പ്രകടനങ്ങള്‍ക്ക്‌ പ്രോത്സാഹനം നല്‍കാത്തത്‌. ഇതിനെല്ലാം മാറ്റമുണ്ടായില്ലെങ്കില്‍ അധിവിദൂരമല്ലാത്ത ഭാവിയില്‍ നാം വലിയ വില നല്‍കേണ്ടി വരും. മദ്രസാ പാഠങ്ങള്‍ പഠിപ്പിക്കേണ്ടത്‌ പരീക്ഷയില്‍ ഉന്നത മാര്‍ക്ക്‌ വാങ്ങാന്‍ വേണ്ടി മാത്രമാവരുത്‌. ശാശ്വതമായ പരലോകത്തേക്കുള്ള പഠനമാണിതെന്ന ബോധത്തോടെയാവണം നാം പ്രോത്സാഹിപ്പിക്കേണ്ടത്‌. ഭൗതിക പഠനത്തിന്റെ അധിക സാധ്യതകളും പ്രയോജനങ്ങളും മരണത്തോടെ അവസാനിക്കുന്നതാണ്‌. മരണമോ, എപ്പോഴും സംഭവിക്കാവുന്ന യാഥാര്‍ത്ഥ്യവും. എന്നാല്‍ പരലോകം എന്നെന്നേക്കുമുള്ള ജീവിതമാണ്‌.
പാഠപുസ്‌തകത്തില്‍ നിന്ന്‌ പഠിക്കുന്ന കാര്യങ്ങളില്‍ പ്രായോഗിക പരിശീലനം നല്‍കാനും നാം സമയം കണ്ടെത്തേണ്ടതുണ്ട്‌. നിസ്‌കാരം, വുളൂഅ്‌ പോലുള്ള കാര്യങ്ങള്‍ പ്രായോഗികമായി തന്നെ പഠിപ്പിക്കേണ്ടതാണ്‌. പരിമിതമായ പഠന സമയത്തിനിടയില്‍ അദ്ധ്യാപകര്‍ക്ക്‌ കഴിയാത്ത ഇത്തരം പരിശീലനങ്ങള്‍ നല്‍കേണ്ടത്‌ മാതാപിതാക്കളാണ്‌. പാരായണ നിയമപ്രകാരം വിശുദ്ധ ഖുര്‍ആന്‍ ഓതാനും മക്കള്‍ക്ക്‌ മതാപിതാക്കള്‍ പരിശീലനം നല്‍കേണ്ടതാണ്‌. ഇതില്‍ വീഴ്‌ച കാണിച്ചാല്‍ നാളെ നാഥനു മുന്നില്‍ നാം ഉത്തരം പറയേണ്ടി വരും.
മദ്രസാ പഠന രംഗം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും മാനേജുമെന്റും ദീനീ സ്‌നേഹികളും കൂട്ടമായ ശ്രമങ്ങള്‍ നടത്തേണ്ടതുണ്ട്‌. പ്രമുഖ പണ്ഡിതനും ഗ്രന്ഥകാരനും വിദ്യാഭ്യാസ വിചക്ഷണനുമായ കോടമ്പുഴ ബാവ ഉസ്‌താദ്‌ മുന്നോട്ടു വെച്ച ചില നിര്‍ദ്ദേശങ്ങള്‍ ഇവിടെ ഉദ്ധരിക്കുന്നത്‌ ഇവിടെ പ്രസക്തമാവുമെന്ന്‌ തോന്നുന്നു.
� അനാവശ്യവും ഫലശൂന്യവും ഗുണത്തേക്കാളേറെ ദോഷവും ചെയ്യുന്ന ട്യൂഷന്‍ സമ്പ്രദായം ഉപേക്ഷിക്കാന്‍ രക്ഷിതാക്കള്‍ തയ്യാറാവണം.
� സ്‌കൂള്‍ ബസുകളുടെ അനാവശ്യ ഓട്ടം വിദ്യാര്‍ത്ഥികളുടെ സമയം അപഹരിക്കുന്നതിന്‌ ബദല്‍ സംവിധാനം കണ്ടെത്തണം.
� അകലെയുള്ള കലാലയങ്ങളില്‍ അയച്ചാലെ മക്കള്‍ നിലവാരമുള്ളവരാകൂ എന്ന തെറ്റായധാരണ മാറ്റി വെക്കണം.
� ദിനേന മക്കള്‍ മദ്രസാ പാഠങ്ങള്‍ പഠിക്കുന്നുവെന്ന്‌ ഉറപ്പു വരുത്തണം. സ്‌കൂള്‍ പാഠങ്ങള്‍ പഠിക്കാനുള്ള അത്രയും സമയം മതപഠനത്തിനും മാറ്റി വെക്കണം.
� ഇംഗ്ലീഷ്‌ മീഡിയങ്ങളിലെ മദ്രസകള്‍ കാര്യക്ഷമമാവുന്നുവെന്ന്‌ ഉറപ്പു വരുത്തുക. ഇത്തരം കലാലയങ്ങളില്‍ മതപഠനവും ഭൗതിക പഠനവും കൂട്ടി കുഴച്ച്‌ മതപഠനത്തിന്റെ ബഹുമാനം നഷ്ടപ്പെടാന്‍ സാഹചര്യമുണ്ടെങ്കില്‍ മതപഠനത്തിന്‌ പ്രത്യേകം സ്ഥലം സജ്ജീകരിക്കുക.
� തന്റെ മക്കള്‍ ഇടക്ക്‌ വെച്ച്‌ മദ്രസാ പഠനം ഉപേക്ഷിക്കുന്ന സാഹചര്യം ഒരിക്കലും ഉണ്ടാവുകയില്ലെന്ന്‌ നാം പ്രതിജ്ഞയെടുക്കുക.
� പ്രവേശനോത്സവം, അവാര്‍ഡുകള്‍, പുരസ്‌കാരങ്ങള്‍ തുടങ്ങിയവയൊക്കെയായി വിദ്യാര്‍ത്ഥികള്‍ക്ക്‌ പരമാവധി പ്രോത്സാഹനം ചെയ്യുക.

Write a comment