Posted on

റംല ബീവി മനക്കരുത്തിന്റെ ഉദാത്ത മാതൃക

രാത്രി ശാന്തമായി കടന്ന്‌ പോയിക്കൊണ്ടിരിക്കുന്നു. ജനങ്ങളെല്ലാവരും ഗാഢനിദ്രയിലാണ്‌. പക്ഷേ, പാതിരാത്രി കഴിഞ്ഞിട്ടും അവര്‍ നാല്‌പേരും രഹസ്യ ചര്‍ച്ചയിലാണ്‌. തങ്ങളുടെ സമുദായത്തിന്റെ അവസ്ഥയെന്താണ്‌..? സ്വയം ഉപകാര ഉപദ്രവങ്ങളേല്‍പിക്കാനോ തടയാനോ സാധിക്കാത്ത ശിലകള്‍ക്കാണല്ലോ ജനങ്ങളെല്ലാം ആരാധിച്ചുകൊണ്ടിരിക്കുന്നത്‌, പിതാമഹന്മാര്‍ കൈമാറിയ ഇബ്‌്‌റാഹീം നബിയുടെ മതത്തിന്‌ എവിടെയോ പ്രശ്‌നം വന്നിട്ടുണ്ട്‌. ഇതൊക്കെയാണവരുടെ ചര്‍ച്ചയുടെ കാതല്‍. ഇബ്‌്‌റാഹീം നബിയുടെ സത്യമാര്‍ഗത്തെ ഓരോരുത്തരും അന്വേഷിക്കട്ടെ എന്ന തീരുമാനത്തില്‍ ചര്‍ച്ചയവസാനിപ്പിച്ചു നാലുപേരും പിരിഞ്ഞു.
വേദപണ്ഡിതനായിരുന്ന വറഖത്തുബ്‌നു നൗഫല്‍, ഉസ്‌മാനുബ്‌നു ഹുവൈരിസ്‌, സൈദുബ്‌നു അംറ്‌, ഉബൈദുല്ലാഹിബ്‌നി ജഹ്‌ശ്‌ എന്നിവരായിരുന്നു അവര്‍. ഇവരില്‍ ഉബൈദുല്ലാഹിബ്‌നി ജഹ്‌ശ്‌ ക്രൈസ്‌തവപാത സ്വീകരിച്ചു മക്കയില്‍ തന്നെ തിരിച്ചെത്തി. ഇദ്ദേഹമാണ്‌ മക്കയിലെ പൗരപ്രമുഖനും ബനൂഉമയ്യഃ ഗോത്രത്തലവനുമായ അബൂസുഫിയാന്റെ മകള്‍ റംലഃബീവി(റ) യെ ആദ്യമായി വിവാഹം ചെയ്‌തത്‌. (ത്വബഖാത്ത്‌ ഇബ്‌നുസഅദ്‌ 8/96)
ആയിടക്കാണ്‌ മുത്ത്‌റസൂല്‍(സ്വ)തങ്ങളുടെ ആഗമനം. പ്രബോധനപ്രവര്‍ത്തനങ്ങളുടെ ആരംഭത്തില്‍ തന്നെ ഇരുവരും ഇസ്‌്‌ലാം സ്വീകരിച്ചു. ഇസ്‌ലാമിന്റെ മറുചേരിയില്‍ തലപ്പത്തിരിക്കുന്ന പിതാവ്‌ അബൂസുഫിയാന്റെയോ കുടുംബത്തിന്റെയോ ഭീഷണിക്കു മുന്നില്‍ തന്റെ ഇസ്‌ലാമാശ്ലേഷണം അടിയറവുവെക്കാന്‍ മഹതി തയ്യാറായില്ല. ശത്രുപക്ഷത്തിന്റെ നിരന്തരപീഡനങ്ങളും എതിര്‍പ്പുകളും സഹിക്കവയ്യാതെ ബീവിയും ഭര്‍ത്താവും അബ്‌സീനിയയിലേക്ക്‌ പലായനം ചെയ്‌തു. അവിടെവെച്ച്‌ മഹതി ഒരു പെണ്‍കുഞ്ഞിനു ജന്മം നല്‍കി. പേര്‌ ഹബീബ. അതിലേക്ക്‌ ചേര്‍ത്താണ്‌ ബീവി ഉമ്മുഹബീബ എന്നറിയപ്പെടാന്‍ തുടങ്ങിയത്‌.
അബ്‌സീനിയയിലെ താമസക്കാലത്ത്‌ അവര്‍ പേടിപ്പെടുത്തുന്ന ഒരു സ്വപ്‌നം കണ്ടു. തന്റെ ഭര്‍ത്താവ്‌ ഉബൈദുല്ലഃയെ കറുത്തിരുണ്ട്‌ വികൃതമായി വളരെ മോശം രൂപത്തില്‍ കാണുന്നു. അവര്‍ ഞെട്ടിയുണര്‍ന്നു. നേരം പുലര്‍ന്നപ്പോള്‍ ഭര്‍ത്താവ്‌ മഹതിയോട്‌ പറഞ്ഞു: ഞാന്‍ എന്റെ മതത്തെക്കുറിച്ച്‌ കുറേ ചിന്തിച്ചപ്പോള്‍ ബോധ്യപ്പെട്ടത്‌ ക്രൈസ്‌തവമതമാണ്‌ ഏറ്റവും നല്ലതെന്നാണ്‌. അതിനാല്‍ ഞാന്‍ അതിലേക്കുതന്നെ മടങ്ങുകയാണ്‌. വാര്‍ത്ത കേട്ട്‌ അമ്പരന്ന മഹതി കഴിഞ്ഞരാത്രി താന്‍ കണ്ട സ്വപ്‌നത്തെക്കുറിച്ച്‌ പറഞ്ഞ്‌ ഭര്‍ത്താവിനെ പിന്തിരിപ്പിക്കാന്‍ ആവും വിധം ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ബീവിയെക്കൂടി ക്രൈസ്‌തവമതത്തിലേക്ക്‌ ചേര്‍ക്കാനായിരുന്നു ഭര്‍ത്താവിന്റെ ശ്രമം. (ത്വബഖാത്ത്‌ ഇബ്‌നുസഅദ്‌)
സര്‍വ്വവിധ ആഢംഭരങ്ങളിലും അഭിരമിക്കുന്ന ഖുറൈശി പ്രമുഖന്റെ പുത്രിയായി ജനിച്ച്‌ തന്റെ വിശ്വാസ സംരക്ഷണത്തിനുവേണ്ടി എല്ലാ സുഖങ്ങളും വെടിഞ്ഞ്‌ ഹിജ്‌റ പോന്നപ്പോഴും ഭര്‍ത്താവ്‌ കൂടെയുണ്ടല്ലോ എന്ന ആശ്വാസത്തിലായിരുന്നു മഹതി. ഭര്‍ത്താവും കയ്യൊഴിച്ചതോടെ മഹതി ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലകപ്പെട്ടു. പക്ഷെ, തന്നെ അല്ലാഹു സംരക്ഷിക്കുമെന്ന ഉറച്ചവിശ്വാസത്തോടെ സര്‍വ്വവിധ പരീക്ഷണങ്ങളെയും ക്ഷമയോടെ തരണം ചെയ്‌ത ബീവി നമുക്ക്‌ മാതൃകയാണ്‌. ഐഹികജീവിതത്തില്‍ സഹജമായി സംഭവിക്കുന്ന പ്രശ്‌ന പ്രതിസന്ധികളില്‍ ദൈവിക തൃപ്‌തി കാംക്ഷിച്ച്‌ ക്ഷമിക്കാനും സഹജീവികള്‍ക്ക്‌ മാപ്പ്‌ നല്‍കാനും ഉദാത്ത മാതൃകയാണ്‌ അവരുടെ ജീവിതം.
അല്ലാഹുവിന്റെ സത്യമാര്‍ഗത്തെ ഉപേക്ഷിച്ച ഭര്‍ത്താവിന്റെ കൂടെ ജീവിക്കാന്‍ മഹതിയുടെ ആദര്‍ശ ദൃഢതയനുവദിച്ചില്ല. സധൈര്യം അവര്‍ ഉബൈദുല്ലയോടു തുറന്നു പറഞ്ഞു നാം തമ്മിലുള്ള ബന്ധമിവിടെ അവസാനിച്ചിരിക്കുന്നു. (നിസാഉ അഹ്‌ലിബൈത്ത്‌)
ജനിച്ച നാടും തന്റെ വീടും മറ്റു കൂട്ടുകുടുംബങ്ങളുമുപേക്ഷിച്ച്‌ അന്യദേശത്ത്‌ ഭര്‍ത്താവിന്റെ വിശ്വാസവ്യതിയാനം മൂലമുണ്ടായ അപമാനഭാരവും ചുമന്ന്‌ സംരക്ഷിക്കാനാരുമില്ലാതെ തന്റെ കുഞ്ഞിനോടുകൂടെ ഏകാകിയായി മഹതി ജീവിക്കുന്നതറിഞ്ഞ തിരുനബി(സ്വ) തങ്ങള്‍ അവരെ ഏറ്റെടുക്കുകയായിരുന്നു. അല്ലെങ്കില്‍ അവര്‍ക്ക്‌ മടങ്ങാനുള്ളത്‌ ഇസ്‌ലാമിന്റെ കഠിനവിരോധിയായിരുന്ന പിതാവിനടുത്തേക്കാണ്‌. അതോടെ മരണമോ മതപരിത്യാഗമോ സുനിശ്ചിതമാണ്‌. മക്കയില്‍ നിന്ന്‌ മുത്ത്‌നബി(സ്വ) അംറുബ്‌നു ഉമയ്യത്ത്‌(റ) വശം നജ്ജാശി രാജാവിനടുത്തേക്ക്‌ തല്‍സംബന്ധിയായി എഴുത്തയച്ചു. വിവരമറിഞ്ഞ രാജാവ്‌ അബ്‌റഹത്തെന്ന തന്റെ അടിമയോട്‌ ബീവിയുടെ ഇംഗിതമറിഞ്ഞ്‌ വരാന്‍ ആവശ്യപ്പെട്ടു. വിവരമറിഞ്ഞ ബീവി അതിയായി സന്തോഷിച്ചു. (ത്വബഖാത്തുല്‍ കുബ്‌റാ, അല്‍ ഇസ്വാബഃ)
ഹിജ്‌റ ഏഴാം വര്‍ഷം അബ്‌സീനിയയില്‍ വെച്ചുതന്നെ നിക്കാഹ്‌ നടന്നു. തന്റെ ബന്ധുവായ ഖാലിദുബ്‌നു സഈദ്‌(റ)വിനെ വലിയ്യായി ബീവിയും തന്റെ സ്ഥാനത്തുനിന്ന്‌ കൈപിടിക്കാന്‍ നജ്ജാശിരാജാവിനെ മുത്ത്‌റസൂല്‍(സ്വ)തങ്ങളും വക്കാലത്താക്കിയിരുന്നു. മഹറായി നാനൂര്‍ ദീനാറും വിഭവസമൃദ്ധമായ സദ്യയും രാജാവൊരുക്കിയിരുന്നു. കൂടാതെ രാജപത്‌നിയും മറ്റുകുടുംബാംഗങ്ങളും ധാരാളം സമ്മാനങ്ങളും നല്‍കി. (അസ്സീറത്തുല്‍ ഹലബിയ്യഃ, ത്വബഖാത്ത്‌-ഇബ്‌നുസഅദ്‌).
തല്‍സമയം മുശ്‌രിക്കായിരുന്ന അബൂസുഫിയാന്‍ വിവരമറിഞ്ഞപ്പോള്‍ പ്രതികരിച്ചത്‌ വരനായ തിരുനബി മകള്‍ക്ക്‌ കിടയൊത്തിട്ടുണ്ടെന്നായിരുന്നു. ആദര്‍ശനിഷ്‌ടയില്‍ വളരെയധികം കണിശത പുലര്‍ത്തിയിരുന്ന ബീവി വിവാഹശേഷവും പിതാവിനോടുള്ള സമീപനത്തില്‍ ഒരയവും വരുത്തിയില്ല. ഒരിക്കല്‍ അബൂസുഫ്‌യാന്‍ റസുല്‍(സ്വ)യുമായി ഒരുടമ്പടി ചര്‍ച്ചചെയ്യാന്‍ വന്നപ്പോള്‍ മകളെ സന്ദര്‍ശിക്കാനിടയായി. അബൂസുഫിയാന്‍ തിരുറസൂലിന്റെ വിരിപ്പിലിരിക്കാന്‍ തുനിഞ്ഞപ്പോള്‍ മഹതി വിരിപ്പ്‌ ചുരുട്ടി മാറ്റിവെച്ചു. അമ്പരന്ന അബൂസുഫ്‌യാന്‍ ചോദിച്ചു: “വിരിപ്പിനെക്കാള്‍ എനിക്ക്‌ മഹത്വമുണ്ടായതു കൊണ്ടോ വിരിപ്പിന്‌ എന്നെക്കാള്‍ മഹത്വമുണ്ടായതു കൊണ്ടോ നീയത്‌ മാറ്റിവെച്ചത്‌”. മഹതി പറഞ്ഞു: “ഇതു മുത്ത്‌റസൂല്‍(സ്വ)തങ്ങളുടെ വിരിപ്പാണ്‌. മുശ്‌രിക്കായ താങ്കള്‍ക്ക്‌ ഇതിലിരിക്കാന്‍ അര്‍ഹതയില്ല”. (ത്വബഖാത്ത്‌-ഇബ്‌നുസഅദ്‌,സിയറു അഅ്‌ലാമിന്നുബലാഅ്‌). അല്ലാഹുവിനെ ഭയന്ന്‌ വളരെ സൂക്ഷ്‌മതയാര്‍ന്ന ജീവിതമായിരുന്നു മഹതി നയിച്ചിരുന്നത്‌. മരണസമയത്ത്‌ ബീവി തന്റെ സഹമിത്രങ്ങളായിരുന്ന ആഇശ(റ), ഉമ്മുസലമഃ(റ) എന്നിവരെ വിളിച്ചുവരുത്തി പറഞ്ഞു: ഒന്നിലധികം ഭാര്യമാരുണ്ടാകുമ്പോള്‍ സ്വാഭാവികമായും അവര്‍ക്കിടയിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ നമുക്കിടയിലുമുണ്ടായിരുന്നു. നിങ്ങള്‍ക്ക്‌ ഞാനത്‌ പൊരുത്തപ്പെട്ട്‌ തന്നിട്ടുണ്ട്‌. നിങ്ങളെനിക്കും മാപ്പ്‌ തരണം. (മഅ്‌രിഫത്തുസ്വഹാബഃ, സിയറു അഅ്‌ലാമിന്നുബലാഅ്‌).
മറ്റൊരിക്കല്‍ തിരുനബി(സ്വ) പറഞ്ഞു: ആരെങ്കിലും ഒരുദിവസം പന്ത്രണ്ട്‌ റക്‌അത്ത്‌ സുന്നത്തു നിസ്‌കരിച്ചാല്‍ അതുകാരണമായി സ്വര്‍ഗത്തില്‍ അവന്‌ ഒരു ഭവനം നിര്‍മ്മിക്കപ്പെടും. ഇതുകേട്ടതിനു ശേഷം മരണം വരെ മഹതി ഈ നിസ്‌കാരം പതിവാക്കിയിരുന്നു. (മുസ്‌ലിം).
നാല്‍പതാം വയസ്സില്‍ വിവാഹിതയായ ബീവി തീരുനബിയുടെ വഫാത്തിനുശേഷം 34 വര്‍ഷം ജീവിച്ചു. ഹജ്ജിനല്ലാതെ അവര്‍ മദീനക്ക്‌ പുറത്ത്‌ പോയിട്ടില്ല. 65 ഹദീസുകള്‍ മഹതിറിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. (സിയറു അഅ്‌ലാമിന്നുബലാഅ്‌) സഹോദരന്‍ മുആവിയ(റ)വിന്റെ ഭരണകാലത്ത്‌ ഹിജ്‌റ 44ല്‍ എഴുപതാമത്തെ വയസ്സിലാണ്‌ ആ ധന്യ ജീവിതം വിടപറഞ്ഞത്‌. (തഅ്‌സീബുല്‍ അസ്‌മാഅ്‌) .ജന്നതുല്‍ ബഖീഅയിലാണ്‌ മഹതി അന്ത്യവിശ്രമം കൊള്ളുന്നത്‌.

Write a comment