Posted on

വൈദ്യശാസ്‌ത്രം വായിക്കപ്പെടേണ്ട മുസ്‌ലിം സാന്നിധ്യം

ആധുനിക വൈദ്യ ശാസ്‌ത്രം ഉയര്‍ച്ചയുടെ പടവുകളില്‍ മുന്നേറുമ്പോള്‍ ശക്തമായ ഒരു പൈതൃകത്തിന്റെ ദാതാക്കളെയും ശില്‍പ്പികളെയും നാം അറിയേണ്ടതുണ്ട്‌. പ്രാകൃതമായ ചികിത്സാമുറകളാല്‍ സമൂഹം ചൂഷണം ചെയ്യപ്പെട്ട മധ്യകാലഘട്ടത്തിലാണ്‌ മുസ്‌ലിം വൈദ്യശാസ്‌ത്രം നാന്ദി കുറിക്കുന്നത്‌. കുളിച്ചാല്‍ മരിക്കുമെന്നും രോഗചികിത്സ ദൈവനിന്ദയും ദൈവകോപത്തിന്‌ അര്‍ഹമാണെന്നും വിശ്വസിച്ച യൂറോപ്യര്‍ക്ക്‌ വൈദ്യം പഠിപ്പിച്ച വൈദ്യശാസ്‌ത്ര പ്രതിഭകളുടെ പൈതൃകത്തിന്റെ ബാക്കിപത്രമാണ്‌ ആധുനികവൈദ്യശാസ്‌ത്രത്തിന്റെ സ്‌ഫോടനാത്മക വളര്‍ച്ചയും വികാസവും. നൂറ്റാണ്ടുകളോളം രോഗം ബാധിക്കുന്ന അവയവങ്ങള്‍ മുറിച്ചുമാറ്റിയിരുന്നവരെ വൈദ്യം പഠിപ്പിച്ച പൈതൃകം. ആ മഹത്തായ പൈതൃകത്തിന്റെ വക്താക്കള്‍ പാശ്ചാത്യരും യൂറോപ്യരുമായി ചിത്രീകരിക്കപ്പെടുമ്പോള്‍ ഈ രംഗത്തെ നിറസാന്നിദ്ധ്യമായ നാമങ്ങള്‍ അനുസ്‌മരിക്കേണ്ടത്‌ അനിവാര്യമാണ്‌.
നബിതിരുമേനിയുടെ കാലത്ത്‌ തന്നെ രോഗചികിത്സയാരംഭിച്ച മുസ്ലിംകള്‍ ഖലീഫാ ഉമറിന്റെ കാലത്ത്‌ പേര്‍ഷ്യന്‍ സാമ്രാജ്യം അധീനതയില്‍ വന്നപ്പോള്‍ അവിടെയുണ്ടായിരുന്ന ഗ്രന്ഥശാലകളും ആശുപത്രികളും സന്ദര്‍ശിച്ച്‌ വൈദ്യപഠനത്തിന്‌ ആക്കംകൂട്ടി. അക്കാലത്ത്‌ പേര്‍ഷ്യന്‍ ആശുപത്രിയിലും വ്യവസ്ഥാപിതമായ വൈദ്യപഠനത്തിന്‌ സംവിധാനമുണ്ടായിരുന്നു. അന്ന്‌ ഔഷധ നിര്‍മ്മിതിയെ കുറിച്ചും ചികിത്സാ രീതിയെകുറിച്ചും പഠിക്കുകയും തല്‍സംബന്ധിയായ ഗ്രന്ഥങ്ങള്‍ അറബിയിലേക്ക്‌ പരിഭാഷപ്പെടുത്തുകയും ചെയ്‌തു. ഇതര ഭാഷയിലുള്ള വൈദ്യശാസ്‌ത്ര ഗ്രന്ഥങ്ങള്‍ അറബിയിലേക്ക്‌ മൊഴിമാറ്റം ചെയ്‌ത മുസ്‌ലിം പഠിതാക്കള്‍ അതോടൊപ്പം സ്വന്തം നിലയിലുള്ള കണ്ടെത്തലുകളും പുതിയഗവേഷണങ്ങളും നടത്തി. മധ്യകാല മുസ്‌ലിം വൈദ്യശാസ്‌ത്രജ്ഞര്‍ മനുഷ്യരുടെയും മൃഗങ്ങളുടെയും അനാട്ടമി വ്യക്തമായി മനസ്സിലാക്കിയിരുന്നു. പല ഗ്രന്ഥങ്ങളിലുമുണ്ടായിരുന്ന അബദ്ധ ധാരണകള്‍ ഇവര്‍ തിരുത്തി എഴുതുകയും ചെയ്‌തു.
ഔഷധങ്ങളെക്കുറിച്ചുള്ള ഏറ്റവും വലിയ അറബി ഗ്രന്ഥമായി അറിയപ്പെടുന്ന ഫിര്‍ദൗസുല്‍ ഹിക്‌മ രചിച്ചത്‌ അലിബിന്‍ സഹ്‌ല്‌റബ്ബാന്‍ അത്ത്വബരിയാണ്‌. ഒമ്പതാം നൂറ്റാണ്ടില്‍ ജീവിച്ച, കുട്ടിക്കുരങ്ങന്റെ ശരീരമുപയോഗിച്ച്‌ വൈദ്യശാസ്‌ത്ര പഠനം നടത്തിയിരുന്ന യോഹന്നാനുബ്‌നു മാസവൈഹി വൈദ്യശാസത്രരംഗത്തെ അതികായകനായിരുന്നു.
ഒമ്പതാം നൂറ്റാണ്ടില്‍ ജനിച്ച ഏറ്റവും വലിയ വൈദ്യ പ്രതിഭയായിരുന്നു റയ്യ്‌ രചിച്ച ഇമാം റാസി(റ). യൂറോപ്യര്‍ക്കിടയില്‍ റേസസ്‌ എന്ന പേരില്‍ അറിയപ്പെടുന്ന ഇദ്ദേഹം ബാഗ്‌ദാദില്‍ ആശുപത്രി നിര്‍മ്മിക്കാന്‍ അനുയോജ്യമായ സ്ഥലം കണ്ടെത്താന്‍ നടത്തിയ പരീക്ഷണം വിചിത്രമാണ്‌. മാംസ കഷ്‌ണം അന്തരീക്ഷത്തില്‍ തൂക്കി ഏറ്റവും അവസാനം മാംസം കേടുവന്ന സ്ഥലം ആശുപത്രിനിര്‍മ്മിക്കാന്‍ ഉപയോഗിച്ചു. ജീവാണുക്കളുടെ സാന്നിധ്യം കുറഞ്ഞ സ്ഥലം കണ്ടെത്തുകയാണ്‌ അദ്ദേഹം ചെയ്‌തത്‌. തന്റെ നിരീക്ഷണങ്ങളും അനുഭവങ്ങളും രേഖപ്പെടുത്തിയ 133 പ്രധാന കൃതികളും 28 ലഘു കൃതികളും അദ്ദേഹം രചിച്ചു. അബ്ബാസി ഖലീഫ അല്‍ മുഖ്‌ത്തദറിന്റെ വൈദ്യനായി സേവനമനുഷ്‌ഠിച്ച വൈദ്യശാസ്‌ത്രജ്ഞനായിരുന്നു സിനാന്‍. 860 ഭിഷഗ്വരന്മാര്‍ ജോലിചെയ്‌തിരുന്ന ബാഗ്‌ദാദില്‍ അവരുടെ കഴിവ്‌ പരിശോധിച്ച്‌ സര്‍ട്ടിഫിക്കറ്റ്‌ നല്‍കിയിരുന്നത്‌ ഇദ്ദേഹമാണ്‌.
കോര്‍ദോവയില്‍ ജനിച്ച്‌ വളര്‍ന്ന 11 ാം നൂറ്റാണ്ടിലെ പ്രശസ്‌ത ഭിഷഗ്വരനും ശസ്‌ത്രക്രിയാ വിദഗ്‌ധനുമായി അറിയപ്പെടുന്ന വൈദ്യശാസ്‌ത്രജ്ഞനാണ്‌ സഹ്‌റാവി. സര്‍ജറിയെ കുറിച്ചുള്ള ഏക ആധികാരിക ഗ്രന്ഥമായി ഏറെ കാലം നിലനിന്നിരുന്ന അത്തസ്‌റീഹ്‌ എന്ന ഗ്രന്ഥത്തിന്റെ രചയിതാവാണ്‌ അദ്ദേഹം. മൂത്രസഞ്ചിയിലെ കല്ലുകളുടച്ച്‌ പുറത്തെടുക്കുന്നതും മുറിവുകള്‍ കെട്ടുന്നതും നേത്ര ശസ്‌ത്രക്രിയയും ഈ ഗ്രന്ഥത്തില്‍ പ്രതിബാധിക്കുന്നുണ്ട്‌. പന്ത്രണ്ടാം നൂറ്റാണ്ടില്‍ ഈ ഗ്രന്ഥം ലാറ്റിനമേരിക്കനിലേക്ക്‌ വിവര്‍ത്തനം ചെയ്‌തു. അതിനു ശേഷം പല ഭാഷകളിലേക്കും ഇത്‌ മൊഴിമാറ്റം ചെയ്യപ്പെട്ടു. നൂറ്റാണ്ടുകളോളം ശസ്‌ത്രക്രിയക്ക്‌ യൂറോപ്യന്മാര്‍ അവലംബിച്ചിരുന്നത്‌ ഈ ഗ്രന്ഥമാണ്‌.
പാരീസ്‌ യൂണിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ മെഡിസിന്‍ ഹാള്‍ ഇന്നും രണ്ട്‌ പ്രമുഖരായ മുസ്‌ലിം ശാസ്‌ത്രജ്ഞന്മാരുടെ ഛായാചിത്രങ്ങളാല്‍ അലങ്കരിച്ചിരിക്കുന്നു. ഇബ്‌നുസീനയുടെയും റാസിയുടെയുമാണ്‌ ആ ചിത്രങ്ങള്‍. അവിസന്ന എന്നറിയപ്പെടുന്ന ഇബ്‌നുസീന പതിനാറാം വയസ്സില്‍ വൈദ്യ പഠനം തുടങ്ങി. പതിനെട്ടാം വയസ്സില്‍ അറിയപ്പെടുന്ന ഭിഷഗ്വരനായി മാറി. തത്വശാസ്‌ത്രം, ജ്യോമട്രി, ആസ്‌ട്രോണമി, മെഡിക്കല്‍ സയന്‍സ്‌ എന്നിവയില്‍ ഇരുനൂറ്റമ്പതില്‍ പരം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്‌.
ഔഷധ നിര്‍മാണത്തിലും രോഗനിര്‍ണയത്തിലും ഇബ്‌നുസീന അവലംബിച്ച രീതികള്‍ ആധുനിക ചികിത്സാരീതിക്ക്‌ തുല്യമായിരുന്നു. രോഗിയുടെ നാവും കണ്ണും നാടിമിടിപ്പും പരിശോധിച്ചുള്ള രോഗനിര്‍ണയത്തില്‍ ഇബ്‌നുസീന വൈദഗ്‌ധ്യം തെളിയിച്ചിട്ടുണ്ട്‌. അമവീ ഭരണകാലത്തും അബ്ബാസീ ഭരണകാലത്തും ഉസ്‌മാനീ ഖിലാഫത്തിലും വൈദ്യ മേഖലയില്‍ പ്രാവീണ്യം നേടിയ നിരവധി മുസ്‌്‌ലിം വൈദ്യന്മാരുണ്ടായിരുന്നു. വൈദ്യ രംഗത്തെ മുസ്‌ലിം സാനിധ്യം പലപ്പോഴും വിസ്‌മരിക്കപ്പെടുന്നു. അവരെ കൂടി സ്‌മരിക്കുമ്പോഴേ വൈദ്യശാസ്‌ത്രം ചരിത്രം പൂര്‍ണമാകൂ.

Write a comment