Posted on

കുട്ടികള്‍ നമ്മുടേതാണ്

നവംബര്‍ 20 ലോകശിശുദിനമായി ആചരിക്കപ്പെടുന്നു. ഇന്ത്യയില്‍ നവംബര്‍ 14നാണ് ശിശുദിനം ആചരിക്കുന്നത്. കുട്ടികളെ എഴുന്നള്ളിച്ചു കൊണ്ടുള്ള കേവല ആഘോഷത്തിനു പുറമേ കുട്ടികളെ സുരക്ഷിതത്തെ കുറിച്ചും ഭാവിയെ കുറിച്ചും കൃത്യമായ പഠന, പരിഹാരങ്ങള്‍ മുന്നോട്ടുവെക്കപ്പെടേണ്ടതുണ്ട്. നാളെയെ നയിക്കേണ്ടത് കുട്ടികളാണ്. അവരില്‍ ഏതു തരത്തിലുള്ള മാറ്റങ്ങളും പിന്നീടുള്ള അവരുടെ കുടുംബ സാമൂഹിക പുരോഗതിയില്‍ പ്രതിഫലിക്കും.
മാനസിക സമ്മര്‍ദങ്ങള്‍ ജീവിതത്തിലെ ഏതു പ്രായത്തിലുമെന്ന പോല കുട്ടിക്കാലത്തും തുടച്ചുമാറ്റാന്‍ കഴിയില്ല. തൊട്ടിലിലുറങ്ങുന്ന കൊച്ചുകുഞ്ഞിനു പോലും മാനസിക സംഘര്‍ഷങ്ങളുണ്ടാവുമെന്നാണ് പുതിയ കണ്ടെത്തല്‍. ചുറ്റുപാടുകളാണ് അവരുടെ മനസില്‍ കൊച്ചുകൊച്ചു പിരിമുറക്കങ്ങളുണ്ടാക്കുക. സമയത്ത് ഭക്ഷണം കിട്ടാതിരിക്കുക, അപരിചിതരുടെ നടുവില്‍ ഒറ്റപ്പെട്ടുപോവുക, അമ്മ അകന്നുപോവുക.. തുടങ്ങിയതെല്ലാം കുഞ്ഞുങ്ങളുടെ മനസിനെ അസ്വസ്ഥമാക്കുന്നുണ്ട്.
കലുഷിതമായ വീട്ടിലെ അന്തരീക്ഷം കുഞ്ഞുങ്ങളുടെ മാനസിക സമ്മര്‍ദ്ദത്തിന് കാരണമാവുന്നുണ്ട്. എല്ലാത്തിനോടും ഭയവും അതൃപ്തിയുമുള്ള കുഞ്ഞുങ്ങള്‍ ഇത്തരം വീടുകളില്‍ നിന്നാണ് വരുന്നത്. മദ്യപാനം, പുകവലി തുടങ്ങി എല്ലാവിധ തിന്മകളെയും മഹത്വവല്‍ക്കരിക്കുന്ന ന്യൂ ജനറേഷന്‍ സിനിമകള്‍ കുട്ടികളുടെ ജീവിതം അവതാളത്തിലാക്കുന്നുണ്ട്. സിനിമകളില്‍ കാണുന്നത് സ്വന്തം ജീവിതത്തിലേക്ക് പകര്‍ത്താന്‍ തിടുക്കം കാട്ടുന്നവരാണ് കുട്ടികള്‍. ഇന്ന് നമ്മുടെ കുട്ടികള്‍ക്ക് ഏറെ പ്രിയങ്കരവും അതുതന്നെയാണ്. സഭ്യതയില്ലാത്ത വേഷവും ഭാഷയും സംസ്കാരവും കുടുംബമൊന്നിച്ച് കാണുന്ന കുട്ടികള്‍ നന്മയും ചീത്തയും വേര്‍ത്തിരിച്ചറിയാതെ വരുന്നു.
പുതിയ കാലത്ത് കുട്ടികള്‍ നേരിടുന്ന വാര്‍ത്തകള്‍ നമ്മെ ഞെട്ടിപ്പിക്കുന്നതാണ്. മാതാപിതാക്കള്‍ തന്നെ സ്വന്തം മക്കളെ അറുകൊലക്ക് വിധേയമാക്കുന്നിടത്തേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു. അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികള്‍ വരെ നിഷ്കരുണം കൊലചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. സ്വന്തം ഇച്ഛകള്‍ക്ക് ഭംഗം വരാതിരിക്കാന്‍ മക്കളെ കൊലപ്പെടുത്താന്‍ കാമുകന്മാരെ ഏര്‍പ്പാടു ചെയ്യുന്ന അമ്മമാര്‍ വരെയുണ്ട്. ചില്ലിക്കാശിനു വേണ്ടി വേശ്യാവൃത്തിക്ക് കൊടുക്കുന്നവരും പൂര്‍ണ്ണമായി വില്‍പ്പനച്ചരക്കാക്കുന്നവരും വാര്‍ത്തകളില്‍ ഇടംപിടിച്ചവരാണ്.
കേരള പോലീസിന്‍റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച കണക്കനുസരിച്ച് 2015 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള ആറുമാസക്കാലയളവില്‍ 16 കുട്ടികളാണ് കൊല്ലപ്പെട്ടിട്ടുള്ളത്. 322 കുട്ടികള്‍ ബലാത്സംഗം ചെയ്യപ്പെട്ടിട്ടുണ്ട് 116 കുട്ടികള്‍ തട്ടിക്കൊണ്ടുപോകപ്പെട്ടിട്ടുണ്ട്.
ഇങ്ങനെ തട്ടിക്കൊണ്ടു പോവുന്ന കുട്ടികളില്‍ മിക്കവരും തെരുവുതെണ്ടാന്‍ വിധിക്കപ്പെടുന്നവരാണ്. നമ്മുടെ തെരുവുകളില്‍ കുടുംബത്തോടൊപ്പമോ ഒറ്റക്കോ കഴിയുന്ന കുട്ടികള്‍ നിരവധി പീഡനങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും ഇരയാക്കപ്പെടുന്നുണ്ട്. ജീവിത വൃത്തിക്ക് വേണ്ടി ചെറിയ മോഷണങ്ങള്‍ തുടങ്ങുന്ന ഇവര്‍ ഭാവിയില്‍ വലിയ ക്രിമിനലുകളാവുന്നു.
നമ്മുടെ വീടുകളില്‍ കഴിയുന്ന കുട്ടികളും ഇന്ന് നല്ല രൂപത്തിലല്ല വളരുന്നത്. പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികള്‍ക്ക് സാമ്പത്തിക പരാധീനത മൂലം പോഷകാഹാരവും ശുചിത്വവും ഇല്ലാതാക്കപ്പെടുന്നതിനു പുറമെ ശരിയായ വിദ്യാഭ്യാസവും അവര്‍ക്ക് ലഭിക്കുന്നില്ല. ബാലവേല ചെയ്യാന്‍ ഇത്തരം കുട്ടികള്‍ നിര്‍ബന്ധിക്കപ്പെടുന്നുണ്ട്. ഇതു കൊണ്ടുതന്നെ ദരിദ്ര കുടുംബങ്ങളില്‍ നിന്ന് ശിശുമരണവും ഏറെ സംഭവിക്കുന്നു.
സമ്പന്ന കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികളും ഇന്ന് നിരവധി പ്രശ്നങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്നു. അമിതവാത്സല്യവും തങ്ങളുദ്ദേശിക്കുന്ന പോലെ മക്കള്‍ ആയിത്തീരണമെന്ന നിര്‍ബന്ധമുള്ള രക്ഷിതാക്കള്‍ തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുകയാണ് ചെയ്യുന്നത്. പഠനത്തിന്‍റെ പേരില്‍ നാലുചുവരുകള്‍ക്കുള്ളില്‍ ഒതുക്കപ്പെട്ട ഇത്തരം കുട്ടികള്‍ ഭാവിയില്‍ കുടുംബത്തിനോ സമൂഹത്തിനോ ഉപകാരപ്പെടില്ല.
കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാനും അവരെ ഉത്തമ പൗരന്മാരായി മാറ്റിയെടുക്കാനും നിയമങ്ങള്‍ കര്‍ക്കശമാക്കുകയും സമൂഹത്തിലെ എല്ലാ തരം ആളുകളെയും ഉള്‍പ്പെടുത്തി ധാര്‍മ്മികതയിലൂന്നിയ ബോധവല്‍ക്കരണം നടത്തുകയും വേണം. ഏതെങ്കിലും ഒരു വിഭാഗത്തിനു മാത്രം ബോധവല്‍ക്കരണം നടത്തിയാല്‍ പോരാ. വിവാഹത്തിനു മുമ്പും ശേഷവും ദാമ്പത്യമെന്തെന്നും അതിന്‍റെ പോരിശയെന്തെന്നും ബോധവല്‍ക്കരിക്കപ്പെടണം. മക്കളുടെയും മാതാപിതാക്കളുടെയും അധ്യാപകരുടെയും സഹോദരങ്ങളുടെയും കടമകളും ബാധ്യതകളും മനസ്സിലാക്കപ്പെടണം. തെറ്റായ സംസ്കാരങ്ങളെ വളര്‍ത്തുന്ന ഏതു തരം മാധ്യമ പ്രവര്‍ത്തനങ്ങളെയും സിനിമാ സീരിയലുകളെയും തടയിടേണ്ടതുണ്ട്.
എല്ലാ കുട്ടികളും സന്മാര്‍ഗ്ഗം സ്വീകരിക്കുന്ന പക്വതയിലാണ് ജനിക്കുന്നത്. അവനെ ജൂതനോ നസ്രാണിയോ അഗ്നിയാരാധകനോ ആക്കുന്നത് തന്‍റെ മാതാപിതാക്കളാണെന്ന പ്രവാചകര്‍ മുഹമ്മദ് (സ) തങ്ങളുടെ വാക്കുകള്‍ ഇതിനോടു ചേര്‍ത്തു വായിക്കേണ്ടതാണ്. മാതാപിതാക്കളെ പോലെത്തന്നെ ശ്രദ്ധ പുലര്‍ത്തേണ്ടവരാണ് അദ്ധ്യാപകര്‍. പകലിന്‍റെ സിംഹ ഭാഗവും അവര്‍ ചെലവഴിക്കുന്നത് അദ്ധ്യാപകരോടു കൂടെയാണ്. അവരുടെ ഏറ്റവും നല്ല മാര്‍ഗ ദീപങ്ങളാണ് അദ്ധ്യാപകര്‍. കുട്ടികളുടെ പെരുമാറ്റത്തെ ചിട്ടയായ രീതിയില്‍ ആക്കിയെടുക്കുന്നതിന് അദ്ധ്യാപകര്‍ക്ക് സാധിക്കും. സ്നേഹ സമ്പൂര്‍ണ്ണമായ പെരുമാറ്റത്തിലൂടെയാവണം കുട്ടികളിലെ സ്വഭാവ വൈകല്യങ്ങള്‍ മാറ്റിയെടുക്കപ്പെടേണ്ടത്. അമിതമായ ലാളനും അമിതമായ ശാസനകളും പ്രതികൂല ഫലമേ നല്‍കൂ.
തെറ്റായ സംസാരങ്ങളെയും ദര്‍ശന- സ്പര്‍ശനങ്ങളെയും മനസ്സിലാക്കി സ്വയം പ്രതിരോധം തീര്‍ക്കാനും രക്ഷിതാക്കളോടും അധ്യാപകരോടും തുറന്നു പറയാനുമുള്ള മാനസികാവസ്ഥ കുട്ടികളില്‍ വളര്‍ത്തിയെടുക്കപ്പെടണം. കൗണ്‍സിലിങ്ങിലൂടെയും മറ്റും ഇത് സാധ്യമാണ്.
പരസ്പര സ്നേഹവും ബഹുമാനവും, ശരിയായ സാമ്പത്തിക ലൈംഗിക- ബോധവും ഉള്ള സമൂഹത്തില്‍ സന്തോഷവും സമാധാനവും സുനിശ്ചിതമാണ്. ധാര്‍മ്മിക വിദ്യാഭ്യാസത്തിലൂടെ മാത്രമേ അത് സാധ്യമാവൂ. അങ്ങനെയുള്ള സമൂഹത്തില്‍ നിന്നു വരുന്ന കുട്ടികള്‍ ഭാവി തലമുറയെ എല്ലാംകൊണ്ടും സമ്പന്നമാക്കും.

Write a comment