Posted on

വാടക ഗര്‍ഭപാത്രം; കരാറു വാങ്ങി പെറ്റു കൊടുക്കുമ്പോള്‍

കൊച്ചി നഗരത്തിലെ തിരക്കൊഴിഞ്ഞ സ്വകാര്യ ആശുപത്രിയില്‍ പേരില്ലാത്തൊരു 26കാരി പ്രസവത്തിന്‍റെ സമയവും കാത്തിരിക്കുകയാണ്. യാന്ത്രികമായ പേറ്റുനോവ് അവളെ വല്ലാതെ അസ്വസ്ഥമാക്കുന്നുണ്ട്. അവളുടെ ചിന്തയില്‍ കുഞ്ഞിനെക്കുറിച്ചോ മാതൃത്വത്തെക്കുറിച്ചോ ഒരു ചിന്തയുമില്ല. മുന്‍ നിശ്ചയ പ്രകാരം ഒരു ആണ്‍കുഞ്ഞിനെ പ്രസവിക്കണം. കൃത്യം ഒരു മാസം മുലയൂട്ടണം. പിന്നെ കരാര്‍ ഉറപ്പിച്ചവര്‍ക്ക് കുഞ്ഞിനെ കൈമാറണം. ഇത്രമാത്രമാണ് അവളുടെ ചിന്തയിലുള്ളത്.
കുഞ്ഞിനെ പ്രസവിക്കാന്‍ കരാര്‍ നല്‍കിയ ആള്‍ ബാംഗ്ലൂരില്‍ നിന്ന് അപ്പപ്പോള്‍ തന്നെ അടുത്ത മുറിയിലുള്ള ഡോക്ടറോട് വിവരമന്വേഷിച്ചു കൊണ്ടിരിക്കുന്നുണ്ട്. ചെന്നൈ നഗരത്തിലെ ശീതീകരിച്ച ഓഫീസ് മുറിയില്‍ നിന്ന് കരാര്‍ നല്‍കിയ ആളിന്‍റെ ഭാര്യ ഇടക്കിടെ ചാറ്റിലൂടെ ചോദിക്കുന്നുണ്ടായിരുന്നു പെയിന്‍ തുടങ്ങിയോ എന്ന്. മണിക്കൂറുകള്‍ക്ക് ശേഷം യുവതി ഒരാണ്‍കുഞ്ഞിന് ജന്മം നല്‍കി. ദിവസങ്ങള്‍ കടന്നുപോയി. കൃത്യം ഒരുമാസം തികഞ്ഞപ്പോള്‍ ഫ്ളൈറ്റില്‍ എത്തിയ ദമ്പതികള്‍ക്ക് പ്രസവിച്ച കുഞ്ഞിനെ കരാറുകാരി സ്നേഹത്തോടെ നല്‍കി. ദിവസങ്ങള്‍ കടന്നു പോയി. കരാര്‍ ഉറപ്പിച്ച പ്രതിഫലം ഏറ്റുവാങ്ങി ആ ദമ്പതികള്‍ സൈബര്‍ ലോകത്തേക്ക് ഫ്ളൈറ്റില്‍ തന്നെ മടങ്ങി.
മനോഹരമായിരിക്കുന്ന ഒരു കഥ എന്ന് പറഞ്ഞു കൊണ്ട് നമുക്കിതിനെ തള്ളിക്കളയാനാവില്ല. ഐ.ടി മേഖലയുടെ വികാസം മനുഷ്യന്‍റെ ഗര്‍ഭ പാത്രത്തെ വരെ സ്വാധീനിച്ചിരിക്കുന്നു എന്നതിന്‍റെ ചെറിയൊരു ഉദാഹരണമാണിത്. ഗര്‍ഭം ധരിക്കുന്നവരുടെയും ഗര്‍ഭം കോണ്‍ട്രാക്ട നല്‍കുവരുടെയും എണ്ണം ഗണ്യമായി വര്‍ദ്ധിച്ചിരിക്കുന്ന ഒരു ലോകത്താണ് നാമിന്ന് ജീവിച്ചു കൊണ്ടിരിക്കുന്നത്.
ശാരീരിക വൈകല്യങ്ങളാല്‍ ഗര്‍ഭധാരണം അസാധ്യമായവര്‍ക്ക് സ്വന്തം രക്തത്തിലുള്ള കുഞ്ഞിനെ ലഭിക്കാനുള്ള സംവിധാനമായി മറ്റൊരു സ്ത്രീയെ ഉപയോഗിച്ചു കൊണ്ടായിരുന്നു വാടക ഗര്‍ഭ പാത്രത്തിന്‍റെ തുടക്കം. എന്നാല്‍ ഇത് വിജയം വരിച്ചതോടെ ഉന്നതങ്ങളിലിരിക്കുന്നവരുടെ ശ്രദ്ധ ഇതിലേക്ക് പതിഞ്ഞു. വൈകല്യങ്ങളിലെങ്കിലും സമയക്കുറവും ജോലിയും എല്ലാം കണ്ടു കൊണ്ട് സ്ത്രീകള്‍ പ്രസവം കരാര്‍ നല്‍കുകയാണ് പതിവ്. പ്രസവം മൂലം ലീവെടുത്താല്‍ വന്‍ തുക തന്നെ നഷ്ടമാകും. മറ്റു ചിലപ്പോള്‍ ജോലി തന്നെ നഷ്ടമാകും. അത് കൊണ്ട് തന്നെ ആരും ജോലി നഷ്ടപ്പെടുത്തി ഗര്‍ഭം ധരിക്കാന്‍ മുന്നോട്ട് വരില്ല. നേരെ മറിച്ച് ഒരു മാസത്തെ ശമ്പളം മാത്രം മതി തന്‍റെ രക്തത്തിലുള്ള ഒരു കുഞ്ഞിനെ ലഭിക്കാന്‍. ഗര്‍ഭധാരണം മൂലമുണ്ടാകുന്ന ഒരു പ്രയാസവും അറിയാതെ പേറ്റു നോവറിയാതെ ക്രെഡിറ്റ് കാര്‍ഡു കൊണ്ട് കുഞ്ഞിനെ കരസ്ഥമാക്കുന്ന സംവിധാനം.
2005ല്‍ തിരുവനന്തപുരം സമദ് ആശുപത്രിയിലാണ് കേരളത്തിലെ ആദ്യത്തെ വാടക ഗര്‍ഭ പാത്രത്തില്‍ നിന്ന് കുഞ്ഞ് പിറന്നത്. നാല്‍പതു കഴിഞ്ഞ കൊച്ചി സ്വദേശികളായ പൊള്‍ഡന്‍പ്രഭ ദമ്പതികള്‍ക്ക് വേണ്ടിയായിരുന്നു പരീക്ഷണം. ഗര്‍ഭപാത്ര തകരാറുള്ള പ്രഭക്കു വേണ്ടി പ്രസവിക്കാന്‍ മറ്റൊരു സ്ത്രീയെ കണ്ടെത്തി ദമ്പതികളുടെ ബീജവും അണ്ഡവും ശേഖരിച്ച് ഭ്രൂണത്തെ വാടക മാതാവില്‍ നിക്ഷേപിച്ചു. ആദ്യം പരാജയപ്പെട്ടെങ്കിലും പരീക്ഷണം പിന്നീട് വിജയിച്ചു. പ്രസവ ശേഷം യുവതി കുഞ്ഞിനെ ദമ്പതികള്‍ക്ക് കൈമാറി. ഈ പരീക്ഷണം വിജയിച്ചത് വലിയ ആഘോഷമായിട്ടാണ് കേരളം കൊണ്ടാടിയത്.
മാതൃത്വം, പിതൃത്വം എന്നീ മഹത്തായ അര്‍ത്ഥങ്ങളെ വിശ്വസിച്ചു പോന്നവരായിരുന്നു നമ്മുടെ പൂര്‍വ്വികര്‍. സ്വന്തം കുഞ്ഞിനെ ഗര്‍ഭം ധരിക്കാനും നൊന്തു പ്രസവിക്കാനും പാലൂട്ടി വളര്‍ത്താനും കൊതിക്കുന്നവര്‍ക്കേ മാതൃത്വത്തെ അവകാശപ്പെടാനാകൂ. എന്നാല്‍, മാതൃത്വത്തെ കളങ്കപ്പെടുത്തുന്ന വാണിജ്യ സംസ്കാരമായി മാതൃത്വവും പിതൃത്വവും മാറുമ്പോള്‍ സ്നേഹമറ്റ ഒരു ജനതയുടെ പിറവിക്ക് കാരണമാകുന്നു. മാതൃത്വത്തിന്‍റെ ചൂടേറ്റ് വളരേണ്ട, പത്തു മാസം പേറി നടക്കേണ്ട ഗര്‍ഭധാരണം പാട്ടത്തിനെടുത്ത ഭൂമിയില്‍ കൃഷി ചെയ്യുന്ന ലാഘവത്തോടെ വിരിയിച്ചെടുക്കുകയാണ് മോഡേണ്‍ അമ്മമാര്‍. സ്വന്തം മകള്‍-മകന്‍ അന്യ സത്രീകളുടെ ഗര്‍ഭാശയത്തില്‍ ചോരച്ചൂടേറ്റ് വളരുമ്പോള്‍ ശീതീകരിച്ച റൂമില്‍ ജീവിതം ആസ്വദിക്കുകയാണ് പുതിയ മാതൃത്വം.
ആരെയാണ് ഞാന്‍ ഉമ്മാ എന്ന് വിളിക്കേണ്ടത്
ഗുജറാത്തിലെ ആനന്ദ് ആശുപത്രിയിലെ വന്ധ്യതാ നിവാരണ കേന്ദ്രത്തിലെ തണുത്ത മുറിയിലായിരുന്നു അവളുടെ പിറവി. ചുറ്റും വാതകക്കുഴലുകളും അലോസരപ്പെടുത്തുന്ന മരുന്നിന്‍റെ ഗന്ധവും. തന്നെ പ്രസവിച്ചപ്പോള്‍ ഉമ്മയുടെ സ്നേഹ സ്പര്‍ശം അവള്‍ ഒരുപാട് ആഗ്രഹിച്ചിരിക്കാം. താരാട്ട് പോലെ പത്ത് മാസം കേട്ടു കിടന്ന ഉമ്മയുടെ നെഞ്ചിടിപ്പ് കേള്‍ക്കാന്‍ അവള്‍ വല്ലാതെ കൊതിച്ചു. ഉമ്മയെ കാണാനുള്ള ആഗ്രഹത്താല്‍ അവള്‍ ഒരുപാട് കരഞ്ഞു നോക്കി, പക്ഷെ ആ സത്യം അവളറിഞ്ഞിരുന്നില്ല. അടുത്ത മുറിയില്‍ പേറ്റുനോവിന്‍റെ കണക്കു പുസ്തകം മറിച്ചു നോക്കി അലസമായി ചിരിച്ചു കൊണ്ട് അവളെ പെറ്റവള്‍ ഇരിക്കുന്നുണ്ടായിരുന്നു. പത്തു മാസത്തെ പേറ്റു നോവിനും സഹനത്തിനും ഒക്കെ ചേര്‍ത്ത് കരാറുറപ്പപിച്ച പണം ഏറ്റു വാങ്ങുന്ന തിരക്കിലായിരുന്നു പെറ്റവള്‍.
നിശ്ചയിച്ചുറപ്പിച്ച പണം കിട്ടിയപ്പോള്‍ പെറ്റവള്‍ സ്ഥലം കാലിയാക്കി. ഉടന്‍ തന്നെ ആശുപത്രി അധികൃതര്‍ ജപ്പാനിലേക്ക് വിവരമറിയിച്ചു. അവിടെയാണ് ഈ കുഞ്ഞിന്‍റെ അവകാശികള്‍. ടോക്കിയോവിലെ ഒരു അസ്ഥിരോഗ വിദഗ്ധന്‍ ഡോ. ഇക്ഫുമിയമാദ, ആയാളുടെ ഭാര്യ യൂകി യമാദ എന്നിവരായിരുന്നു കുഞ്ഞിനെ വിരിയിച്ചെടുക്കാന്‍ കരാര്‍ കൊടുത്തത്.
2007 നവംബര്‍ 22നായിരുന്നു ദമ്പതികള്‍ ആദ്യമായി ഇന്ത്യയില്‍ എത്തിയത്. അണ്ഡവും ബീജവും വെവ്വേറെ എടുത്ത് ആശുപത്രിയില്‍ നല്‍കി. അങ്ങനെ ആ ഭ്രൂണത്തെ വാടക മാതാവിന്‍റെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ചു. വാടക മാതാവിന്‍റെ ഗര്‍ഭപാത്രത്തില്‍ കുഞ്ഞു വളരുന്നുണ്ടെന്ന സന്തോഷത്തില്‍ ജപ്പാന്‍ ദമ്പതികള്‍ ടോക്കിയോവിലേക്ക് മടങ്ങി. മാസം തോറും കുഞ്ഞിന്‍റെ വളര്‍ച്ചാ വികാസങ്ങള്‍ ഡോക്ടര്‍മാര്‍ ദമ്പതികളെ അറിയിച്ചു കൊണ്ടിരുന്നു. താന്‍ വളരുന്നത് വാടകക്കെടുത്ത ഒരു ഗര്‍ഭപാത്രത്തിലാണെന്ന സത്യം അറിയാതെ ആ ഭ്രൂണം വളര്‍ന്നു കൊണ്ടേയിരുന്നു. ഈ സമയത്താണ് കുഞ്ഞിനെ വിരിയിച്ചെടുക്കാന്‍ കരാര്‍ നല്‍കിയ ജപ്പാന്‍ ദമ്പതികള്‍ക്കിടയില്‍ കുടുംബ കലഹം തുടങ്ങുന്നത്. തന്‍റെ അണ്ഡം ഉപയോഗിക്കാതെയാണ് കുഞ്ഞിനെ വിരിയിച്ചെടുത്തത് എന്നായിരുന്നു യൂക്കി യമാദയുടെ ആരോപണം. ഒടുക്കം അവര്‍ വഴക്കടിച്ച് ദാമ്പത്യം വേണ്ടെന്നു വെച്ചു. ദാമ്പത്യം വേര്‍പെട്ടു കൃത്യം ഒരു മാസം കഴിഞ്ഞപ്പോള്‍ വാടക മാതാവ് കുഞ്ഞിനെ പ്രസവിച്ചു. ഇന്ത്യന്‍ ഭരണ കൂടത്തിന്‍റെ നിയമ തടസ്സം കാരണം സ്വന്തം കുഞ്ഞിനെ കൈവശപ്പെടുത്താനാകാതെ ഭര്‍ത്താവ് യമാദ വല്ലാതെ വിഷമിച്ചു.
ഇത് കേവലമൊരു കുഞ്ഞിന്‍റെ കഥയല്ല. ആളുകളില്‍ നിന്ന് ബീജവും അണ്ഡവും ശേഖരിച്ച് മറ്റുള്ളവരില്‍ നിക്ഷേപിച്ച് കുഞ്ഞിനെ ഉത്പാദിപ്പിക്കുന്ന അധാര്‍മ്മിക പ്രവര്‍ത്തിയാണ് ഇന്ന് പല വന്ധ്യതാ ക്ലിനിക്കുകളിലും നടക്കുന്നത്. ചെറിയ ഒരു വാട്ടര്‍ ബോട്ടിലിന്‍റെ വലിപ്പമുള്ള ജാറില്‍ കോടികള്‍ വിലമതിക്കുന്ന മനുഷ്യ ജന്മങ്ങള്‍ കയറ്റി അയക്കുന്നുണ്ട്. അമേരിക്കയിലും ജര്‍മ്മനിയിലും പ്രാദേശിക ഭ്രൂണം ഉപയോഗിച്ചുള്ള പരീക്ഷണങ്ങള്‍ക്ക് കര്‍ശന നിരോധമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.34 രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ നിയമ നിര്‍മ്മാണം വരെ നടത്തി. എന്നിട്ടും ഇന്ത്യയില്‍ ഇതു സംബന്ധിച്ചുള്ള ഒരു നിയമവും വന്നിട്ടില്ലെന്നതാണ് സത്യം.
ഓരോ ക്ലിനിക്കുകളും ആയിരക്കണക്കിന് ഭ്രൂണങ്ങളാണ് സൂക്ഷിച്ചു വെക്കുന്നത്. അണ്ഡം ഉത്പാദിപ്പിക്കാന്‍ കഴിയാത്ത യുവതികള്‍ വന്ധ്യതാ ചികിത്സക്കെത്തുമ്പോള്‍ അവരറിയാതെ ബാങ്കില്‍ സൂക്ഷിച്ചിരിക്കുന്ന ഭ്രൂണം ഉപയോഗിച്ചാണ് പലപ്പോഴും കുഞ്ഞുങ്ങളെ ജനിപ്പിച്ച് നല്‍കുന്നത്. ഇങ്ങനെ ഒരു സ്ത്രീയില്‍ നിന്നെടുത്ത 10 അണ്ഡം ബീജ സങ്കലനം നടത്തി 10 പേരില്‍ നിക്ഷേപിച്ച് അതില്‍ ശരാശരി 8 കുട്ടികളെയെങ്കിലും ജനിപ്പിക്കും. ഇങ്ങനെ സംഭവിച്ചാല്‍ ജനിതക മാതാവ് അറിയാതെ സ്വന്തം നാട്ടില്‍ തന്‍റെ തന്നെ എട്ട് കുഞ്ഞുങ്ങള്‍ എട്ടിടങ്ങളില്‍ അന്യരായ രക്ഷിതാക്കളോടൊപ്പം വളരുന്നു. ഇങ്ങനെ വന്നാല്‍ ഭാവിയില്‍ ഒരേ ചോരയില്‍ പിറന്ന സഹോദരങ്ങള്‍ തമ്മില്‍ വിവാഹം നടക്കുകയും സന്താനോത്പാദനം നടത്തപ്പെടുകയും ചെയ്യും. ഈ പ്രവണത സൃഷ്ടിക്കുന്ന സാമൂഹിക പ്രശ്നങ്ങള്‍ ഒരു സമൂഹത്തിനും പൊറുപ്പിക്കാനാവില്ല.
ആരാണ് യഥാര്‍ത്ഥ മാതാവ്. അണ്ഡം കൊടുത്തവളോ, ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കിയവളോ. ഇങ്ങനെ ധാരാളം ചോദ്യങ്ങള്‍ വാടക ഗര്‍ഭ പാത്രത്തിന്‍റെ കാര്യത്തില്‍ ഉയര്‍ന്നു വരുന്നു. വാടക ഗര്‍ഭപാത്രത്തില്‍ വെച്ചാണ് ഭ്രൂണം ശിശുവായിത്തീരുന്നതും വളര്‍ച്ചയുടെ എല്ലാ ഘട്ടങ്ങളും നടക്കുന്നതും. ഗര്‍ഭധാരണത്തിന്‍റെയും പ്രസവത്തിന്‍റെയു്ം വേദനങ്ങള്‍ സമ്മാനിക്കുന്നതും വാടക മാതാവ് തന്നെ. ചുരുക്കത്തില്‍ തലമുറകളുടെ വംശ ബന്ധം ചോദ്യം ചെയ്യപ്പെടുകയാണിവിടെ. ഇനി വാടക മാതാവ് വിവാഹിതയാണെങ്കില്‍ വാടക മാതൃത്വത്തിന്‍റെ കാലത്ത് തന്നെ അവള്‍ ഭര്‍ത്താവുമായി ബന്ധപ്പെടാം. കുഞ്ഞ് സ്വന്തം ഭര്‍ത്താവിന്‍റെതായി തീരാനുള്ള സാധ്യതയും ഇവിടെ നിലനില്‍ക്കുന്നു.
ഗര്‍ഭ പാത്രത്തില്‍ ഒരു ജീവന്‍റെ തുടിപ്പ് ഉത്ഭവിക്കുന്നതു മുതല്‍ അത് കുഞ്ഞായി പ്രസവിക്കുന്നത് വരെയുള്ള ഘട്ടം മാതൃത്വത്തിന്‍റെ ഏറ്റവും മഹത്തായ ഘട്ടമാണ്. കൈമാറ്റം ചെയ്യപ്പെടാവുന്നതോ വിപണനം നടത്താവുന്നതോ ആയതല്ല കുടുംബ ബന്ധങ്ങള്‍. ജനങ്ങള്‍ക്ക് തോന്നിയ വിധം കുടുംബ വ്യവസ്ഥയെ മാറ്റി മറിച്ചാല്‍ മാനുഷിക മൂല്യങ്ങള്‍ നശിച്ച ഒരു സമൂഹത്തിന്‍റെ പിറവിക്കത് ഹേതുവാകും.

Write a comment