Posted on

സിനിമകള്‍; സാംസ്കാരിക ചോരണത്തിന്‍റെ വഴി

രണ്ട് മാസങ്ങള്‍ക്ക് മുമ്പ് തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിങ്ങില്‍ പഠിക്കുന്ന തസ്നീം ബശീര്‍ എന്ന വിദ്യാര്‍ത്ഥിയുടെ ദാരുണ മരണം മലയാള മീഡിയകള്‍ ഒന്നടങ്കം അപലപിച്ചതാണ്. ഒരു പെണ്‍കുട്ടിയുടെ ജീവന്‍ നശിപ്പിച്ച് ഒരു കുടുംബത്തെ സങ്കടത്തിന്‍റെ ആഴിയിലേക്ക് വലിച്ചിടാന്‍ കാരണം ഒരു സിനിമയും കാരണമായി എന്നത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. ഈ സിനിമ കേരളത്തിലെ പലയിടത്തും വില്ലന്‍ വേഷം കെട്ടിയിരുന്നു. ദൃശ്യമാധ്യമത്തിന്‍റെ കടന്നുവരവോടെ സമൂഹത്തില്‍ കാതലായ മാറ്റമാണുണ്ടായത്. പുതിയൊരു സംസ്കാര രൂപീകരണം തന്നെ നടന്നു. സിനിമയും സീരിയലും റിയാലിറ്റി ഷോകളും ചാനലായ ചാനലുകളത്രെയും അടക്കി ഭരിച്ച് സമൂഹത്തിന്‍റെ ക്രിയാശേഷി നശിപ്പിക്കുകയും ധാര്‍മ്മികാന്തരീക്ഷം തകര്‍ത്തു കൊണ്ടിരിക്കുകയുമാണ്. ഇന്ന് സമൂഹം അനുഭവിക്കുന്ന ഏറ്റവും വലിയ അപകടങ്ങളാണ് സിനിമയും സീരിയലുമെല്ലാം.
സമൂഹത്തിന്‍റെ എല്ലാ മേഖലയിലുള്ളവരെയും പലവിധേന ദൃശ്യമാധ്യമങ്ങള്‍ സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുന്നു. ടെലിവിഷന്‍റെ വ്യത്യസ്ത പരിപാടികള്‍ക്കനുസരിച്ച് വീടുകളിലെ ദൈനംദിന കാര്യങ്ങളില്‍ പോലും മാറ്റം വന്നിരിക്കുന്നു. മാറിക്കൊണ്ടിരിക്കുന്ന ഫാഷനുകളും ഡ്രസ്സ് കോഡുകളും റിലീസായിക്കൊണ്ടിരിക്കുന്ന സിനിമകളുമായി ബന്ധപ്പെട്ടിരിക്കുന്നു. മാതാപിതാക്കള്‍ക്ക് കുട്ടികളുമായി സംസാരിക്കാനോ കുടുംബത്തിന്‍റെ ഒത്തുചേരലിനോ ഉള്ള സമയം അപഹരിക്കപ്പെടുന്നു. നിഷ്ക്രിയത്വത്തിന്‍റെ ലോകത്തേക്ക് യുവതലമുറ വലിച്ചെറിയപ്പെടുന്നു. എന്ത് ആഭാസവും കാട്ടിക്കൂട്ടാന്‍ പുതു തലമുറയെ പ്രേരിപ്പിക്കുന്നു. ഇത്തരത്തില്‍ നിരവധി പ്രശ്നങ്ങളാണ് ദൃശ്യമാധ്യമങ്ങള്‍ സമൂഹത്തില്‍ കുത്തി വെക്കുന്നത്.
കുട്ടികള്‍ നേതൃത്വം നല്‍കിയ കൊലപാതകങ്ങളും മോഷണങ്ങളും പീഡനങ്ങളും ഇന്ന് മലയാളിക്ക് പരിചിതമാണ്. ഇതെല്ലാം ദൈനംദിന വാര്‍ത്തയായി മാറിയിരിക്കുന്നു. നിലവില്‍ നടന്നു കൊണ്ടിരിക്കുന്ന ഒട്ടു മിക്ക ക്രൈമുകള്‍ക്കും കാരണം സിനിമകളും സീരിയലുകളുമാണെന്ന നിഗമനത്തിലാണ് അവസാനം എത്തിച്ചേരുന്നത്. വില്ലന്‍-വില്ലത്തി വേഷം കെട്ടി തിളങ്ങാന്‍ വേണ്ടി എന്ത് കൃത്യം ചെയ്യാനും പുതു സമൂഹം തയ്യാറായിരിക്കുന്നു. താമരശ്ശേരിയില്‍ മക്കള്‍ പിതാവിനെ കൊന്നതും നിലമ്പൂരിലെ ഒരു രാഷ്ട്രീയ പാര്‍ട്ടി ഓഫീസ് തൂപ്പുകാരി വധിക്കപ്പെട്ടതും തസ്നി ബഷീറുമാരുമെല്ലാം ഇതിന്‍റെ ചില ഉദാഹരണങ്ങള്‍ മാത്രം.
ഇന്ന് ടെലിവിഷന്‍ ജീവിതത്തില്‍ ഒഴിച്ചുകൂടാനാകാത്ത വിനോദ വിജ്ഞാനോപാധിയായി മാറിക്കഴിഞ്ഞു, മൊബൈല്‍
ഫോണാകട്ടെ കൂടപ്പിറപ്പും. അതു കൊണ്ട് വസ്ത്രം ധരിക്കേണ്ട കൊച്ചുകുട്ടി വിവസ്ത്രയായ സ്ത്രീയെ മാത്രമേ സ്ക്രീനില്‍ കാണുന്നുള്ളൂ. പിടിച്ചു പറിയും കൊള്ളിവെപ്പും മാത്രമെ ധാര്‍മ്മികത പഠിക്കേണ്ടവര്‍ പോലും പഠിക്കുന്നുള്ളൂ. ഇതിനെല്ലാം പ്രചോദനം നല്‍കുന്നത് നഗ്നതയും ഭീകരതയും ദൃശ്യവല്‍ക്കരിച്ച് സമൂഹത്തില്‍ നിത്യവും പ്രദര്‍ശിപ്പിക്കുന്ന സിനിമയും സീരിയലുകളും റിയാലിറ്റി ഷോകളുമാണ്. മദ്യമായിരുന്നു മനുഷ്യനെ ഏറ്റവും അപകടത്തിലാക്കിയിരുന്നതെങ്കില്‍ ഇന്ന് ദൃശ്യമാധ്യമങ്ങള്‍ മദ്യത്തെക്കാള്‍ അപകടം പിടിച്ച ലഹരിയായി മാറിക്കഴിഞ്ഞു. ആവിഷ്കാര സ്വാതന്ത്ര്യത്തിന്‍റെ മറ പിടിച്ച് സകല നഗ്നതയും തുറന്നു കാട്ടി റിയാലിറ്റി ഷോകള്‍ ഇന്ന് അരങ്ങുവാഴുകയാണ്. അടുക്കളകളില്‍ പച്ചക്കറി മുറിക്കുന്ന കത്തിയുടെ ഉരസല്‍ മുതല്‍ ലേബര്‍ റൂമിലെ കത്രികയുടെ അടക്കം പറച്ചില്‍ വരെ കാമറക്കു മുമ്പില്‍ കൊണ്ടു വരാനും അത് പ്രദര്‍ശിപ്പിക്കാനും ചാനലുകളായ ചാനലുകള്‍ നെട്ടോട്ടമോടുന്നു. പിറന്നു വീണ കുഞ്ഞു മുതല്‍ മരണ ശയ്യയില്‍ കിടക്കുന്ന പടുവൃദ്ധനെ വരെ ഉള്‍പെടുത്തി റിയാലിറ്റി ഷോകള്‍ തയ്യാറാക്കി കുടുംബിനികളുടെ സമയം കൊല്ലുകയും ജീവിതത്തിന്‍റെ താളം തെറ്റിക്കുകയും ചെയ്യുന്നു.
ദൃശ്യ മാധ്യമങ്ങളുടെ കുത്തൊഴുക്കും സിനിമ, സീരിയല്‍, റിയാലിറ്റിഷോ തുടങ്ങിയവയുടെ അതിപ്രസരവുമെല്ലാം മഹത്തായൊരു പാരമ്പര്യത്തെ അപഹരിച്ചതോടൊപ്പം കുടുംബ ബന്ധം അറുത്തു മാറ്റുകയും മാനവും ആദരവുമെല്ലാം പടിക്കു പുറത്ത് നിര്‍ത്തുകയും തിന്മയുടെ വിളനിലങ്ങളിലേക്ക് സമൂഹത്തെ തള്ളിവിടുകയും ചെയ്തിട്ടുണ്ട്. മഗ്രിബ് ബാങ്ക് വിളിച്ചാല്‍ അംഗസ്നാനം ചെയ്ത് നിസ്കാരപ്പായയില്‍ കയറി ദിക്റ്, സ്വലാത്ത്, ഹദ്ദാദ്, ഖുര്‍ആന്‍ പാരായണം തുടങ്ങിയ ആത്മീയതയില്‍ മുഴുകിയ കുടുംബങ്ങളെയും ഇന്ന് കാണ്മാനില്ല. ഇവരെല്ലാം അര്‍ദ്ധരാത്രിവരെ ടെലിവിഷനു മുമ്പില്‍ അടയിരുന്ന് കണ്ണീര്‍ വറ്റിക്കുന്ന സിനിമാ സീരിയലുകള്‍ക്ക് സാക്ഷിയാവുകയാണ്. പ്രേക്ഷക മനസ്സിലെ ചിന്തകളെയും ബുദ്ധിയെയും സര്‍ഗ്ഗാത്മകതയുമെല്ലാം വികലമാക്കുന്ന ദൃശ്യങ്ങള്‍ സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ കുട്ടികളെന്നോ മുതിര്‍ന്നവരെന്നോ വിത്യാസങ്ങളില്ലാതെ ആസ്വദിക്കുകയാണ്.
കുടുംബിനികളെ മാത്രം ലക്ഷ്യം വെച്ചാണ് പല ചാനലുകളും ജീവിക്കുന്നത്. ഒരു കുടുംബിനിയെ പിഴപ്പിക്കുന്നതിലൂടെ ഒരു കുടുംബത്തെ ഒന്നടങ്കം വഴി തെറ്റിക്കുന്നുവെന്നുള്ള ദീര്‍ഘ ദൃഷ്ടിയാണ് ഇതിനു കാരണം ചങ്ങലക്കു തന്നെ ഭ്രാന്തു പിടിച്ചാല്‍ പിന്നെ പറയേണ്ടതില്ലല്ലോ. ഭര്‍ത്താവ് വിദേശത്താവുകയും ഭാര്യ ടെലിവിഷനു മുമ്പില്‍ പ്രതിഷ്ഠിക്കപ്പെടുകയും ചെയ്താല്‍ ആ വീട്ടില്‍ നിന്നും സ്നേഹത്തിന്‍റെ പ്രകാശം പരക്കുകയില്ല. കേരളത്തില്‍ നിരന്തരമായി നടന്നു കൊണ്ടിരിക്കുന്ന ഒളിച്ചോട്ടങ്ങളും കുട്ടികളെ തനിച്ചാക്കി, നാടു വിടുന്നതുമൊക്കെ ചെറിയ ഉദാഹരണങ്ങള്‍ മാത്രം. നഗ്നത ഗ്ലാമറിന്‍റെ പ്രൊഫഷണല്‍ സ്വഭാവമായി കണ്ട് അഴിഞ്ഞാടുന്ന യുവതികളും ഗുണ്ടായിസം കൈമുതലാക്കി കൊള്ളയും കൊലയും നടത്തി ഹീറോകളാവാന്‍ ശ്രമിക്കുന്ന കുട്ടികളെയുമാണ് കൂടുതല്‍ സിനിമകളും സീരിയലുകളും പ്രധാനം ചെയ്യുന്നത്.
സമൂഹമൊരു പൂന്തോട്ടമാണ്. സ്ത്രീയും പുരുഷനും അതിന്‍റെ പൂരകങ്ങളാണ്. പുരുഷന്‍റെ കൈയ്യിലെ റൈഹാന്‍ പുഷ്പങ്ങളാണ് സ്ത്രീകള്‍. ധാര്‍മ്മികതയെ കാത്തു സൂക്ഷിക്കേണ്ടത് ഓരോ സ്ത്രീയുടെയും പുരുഷന്‍റെയും ബാധ്യതയാണ്. കുടുംബമാണ് പ്രഥമ പാഠ്യശാല. അവിടെ നിന്നാണ് ധര്‍മ്മത്തിന്‍റെയും സംസ്കാരത്തിന്‍റെയും വിത്തു മുളക്കുന്നത്. പുറത്ത് മുഴുവന്‍ പ്രതികൂല സാഹചര്യമായതിനാല്‍ വീട്ടിനുള്ളില്‍ വെച്ചു തന്നെ നന്മ പഠിക്കണം. വീടകങ്ങള്‍ സിനിമയിലും സീരിയലിലും ലയിച്ചു കഴിയുകയാണെങ്കില്‍ പുതുതലമുറയില്‍ വലിയ പ്രതീക്ഷയൊന്നും വേണ്ട. സ്നേഹവും വാത്സല്യവും നല്‍കി ഇളം മനസ്സുകളെ ഊര്‍വ്വരമാക്കണം. മാനവികതയുടെ ദൃശ്യങ്ങള്‍ കാണിച്ച് മാതാപിതാക്കള്‍ റോള്‍ മോഡലാകണം. മത ബോധം നല്‍കണം. നാം മഗ്രിബിനു ശേഷമുള്ള ഖുര്‍ആന്‍ പാരായണവും സ്വലാത്തും ഹദ്ദാദും നിസ്കാരപ്പായയും തിരിച്ചു കൊണ്ടുവരാന്‍ പഴയ കാലത്തെ വീണ്ടെടുക്കണം. മുത്ത് നബി(സ്വ)യുടെ തിരുചര്യകള്‍ മുറുകെ പിടിച്ച് അവിടുത്തെ വേഷ വിധാനങ്ങളെ അനുകരിക്കണം. തിരു സുന്നത്തുകള്‍ പ്രായോഗികമാക്കി പുതിയൊരു നാളേക്കായി നമുക്ക് പ്രയത്നിക്കാം.

Write a comment