Posted on

അവധിക്കാലം എങ്ങനെ വിനിയോഗിക്കാം

നാം വേനലവധിയിലാണുള്ളത്.. പത്തുമാസത്തെ വിശ്രമമില്ലാത്ത പഠനനൈരന്തര്യങ്ങള്‍ക്ക് താത്കാലിക വിശ്രമം നല്‍കിക്കൊണ്ട് സമൃദ്ധമായ രണ്ട് മാസക്കാലം ആഘോഷിച്ചു തീര്‍ക്കാനുള്ള ഒരുക്കത്തിലാവും കൂട്ടുകാര്‍. ജീവിതത്തിന്‍റെ ആദ്യാവസാനം വരെ വ്യക്തമായ ലക്ഷ്യങ്ങളോടെ മുന്നോട്ടു കൊണ്ട് പോകുന്ന നമുക്ക് അവധിക്കാലത്തെക്കുറിച്ചും വ്യക്തമായ ചില തീരുമാനങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. പാഴാക്കിക്കളയുവാന്‍ നമുക്ക് സമയമേയില്ല. ഓരോ നിമിഷവും വളരെ വിലപ്പെട്ടതാണ്. ഇന്ന് പണം കൊടുത്താല്‍ കിട്ടാത്ത വല്ല സാധനങ്ങളുമുണ്ടോ? പല്ലുകുത്തി മുതല്‍ കോടികള്‍ വിലമതിക്കുന്ന വജ്രാഭരണങ്ങള്‍ വരെ എന്തും പണമുണ്ടെങ്കില്‍ നിമിഷങ്ങള്‍ കൊണ്ട് സ്വന്തമാക്കാവുന്നതേയുള്ളൂ. പക്ഷെ വില കൊടുത്താല്‍ കിട്ടാത്ത ഒരു വസ്തുവുണ്ട്. അതാണ് സമയം. എത്ര ബ്രില്യണ്‍ ഡോളറുകള്‍ കൊടുത്താലും കഴിഞ്ഞുപോയ ഒരു അര്‍ദ്ധ നിമിഷം പോലും തിരിച്ചുകിട്ടാന്‍ പോകുന്നില്ല. അതുകൊണ്ട് തന്നെ അവധിക്കാലമായാലും അല്ലെങ്കിലും സമയം വെറുതേ നഷ്ടപ്പെടുത്തില്ലെന്ന് നാം പ്രതിജ്ഞയെടുക്കണം.
ഒരിക്കല്‍ മുത്തുനബി(സ്വ) തന്‍റെ ഉമ്മത്തിനെയോര്‍ത്ത് വ്യാകുലപ്പെടുകയുണ്ടായി: ‘അധിക ജനങ്ങളും വഞ്ചിതരാകുന്ന രണ്ട് അനുഗ്രഹങ്ങള്‍ ആരോഗ്യവും ഒഴിവുസമയവുമാണ്.’ ഒഴിവു സമയം കാര്യക്ഷമമായി ചെലവഴിക്കുന്നതില്‍ അധികപേരും പരാജയപ്പെടുകയാണെന്നാണ് തിരുനബി പറഞ്ഞിരിക്കുന്നത്. അവധിക്കാലത്തിന്‍റെ തുടക്കത്തില്‍ തന്നെ ഈ രണ്ട് മാസം എങ്ങനെയെല്ലാമാണ് ചെലവഴിക്കേണ്ടത് എന്നതിനെക്കുറിച്ച് വ്യക്തമായൊരു രൂപരേഖ തയ്യാറാക്കണം. നേരം പുലരുന്നു. വൈകുന്നേരമാകുന്നു. അതിനിടയില്‍ നേരം പോക്കിനായി കുറേ കളി തമാശകള്‍. ദിവസങ്ങള്‍ കൊഴിഞ്ഞു പോയി. അങ്ങനെ ഒരുനാള്‍ സ്കൂള്‍ തുറന്നു. കഴിഞ്ഞ രണ്ട് മാസം എന്തു ചെയ്തുവെന്നാലോചിച്ചാല്‍ വ്യക്തമായ ഒരു ഉത്തരമില്ലെങ്കില്‍ നിങ്ങള്‍ അവധിക്കാലം വെറുതെ നഷ്ടപ്പെടുത്തി എന്ന് പറയേണ്ടി വരും.
ഈ രണ്ട് മാസക്കാലമെങ്കിലും ഡയറി എഴുത്ത് ശീലമാക്കാന്‍ കൂട്ടുകാര്‍ ശ്രമിക്കണം. വ്യക്തിത്വ രൂപീകരണത്തില്‍ ഡയറി എഴുത്തിന് വലിയ പങ്കുണ്ടെന്ന് മനഃശാസ്ത്രജ്ഞന്മാര്‍ പറയുന്നു. കാരണം, പിന്നീടത് വായിച്ചു നോക്കുമ്പോള്‍ കഴിഞ്ഞു പോയ ഇന്നലകളെക്കുറിച്ച് വിചിന്തനം നടത്താനും പിഴവുകള്‍ പരിഹരിക്കാനും സുകൃതങ്ങള്‍ കണ്ട് ആത്മവിശ്വാസം കൊള്ളാനും സഹായിക്കും. ദിനചര്യകള്‍ക്ക് പ്രാമുഖ്യം കൊടുക്കാതെ ഓരോ ദിവസവും വ്യത്യസ്തമായി നിങ്ങള്‍ ചെയ്ത കാര്യങ്ങളാണ് ഡയറിയില്‍ കുറിച്ചിടേണ്ടത്. എന്‍റെ അവധിക്കാല ഡയറിക്കുറിപ്പുകള്‍ എന്ന പേരില്‍ ഒരും പുസ്തകം തന്നെ തയ്യാറാക്കുമല്ലോ..
ന്യൂജനറേഷന്‍ അരങ്ങു തകര്‍ക്കുന്ന പുതുകാലത്താണ് നാം ജീവിക്കുന്നത്. സാംസ്കാരികമായി നമ്മെ ബഹുദൂരം പുറകോട്ടു കൊണ്ടു പോവുകയും മൃഗത്തെപ്പോലെ ജീവിക്കാന്‍ പ്രേരിപ്പിക്കുകയുമാണ് ന്യൂജനറേഷന്‍ ഫ്രീക്ക് കൂട്ടുകാര്‍ ശ്രമിക്കുന്നത് എന്ന് നാം തിരിച്ചറിയണം. അവധിക്കാലത്താണ് പല ചീത്ത കൂട്ടുകെട്ടുകളും രൂപപ്പെടുന്നത്. ബാല്യത്തില്‍ തന്നെ മദ്യമുള്‍പ്പെടുന്ന ലഹരി ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നവരും സിനിമകളില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ടു കൊണ്ട് ക്രിമിനലുകളായി ജീവിക്കുന്നവരും നമ്മുടെ നാട്ടിന്‍ പുറങ്ങളില്‍ പോലും തമ്പടിച്ചിട്ടുണ്ട്. ഇവര്‍ വിരിച്ചു വെച്ച ചതിവലകളിള്‍ ഒരിക്കലും പെട്ടു പോകരുത്. രക്ഷിതാക്കള്‍ ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വെയ്ക്കണം. വെക്കേഷന്‍ കാലത്ത് എവിടെയൊക്കെയാണ് പോകുന്നത്.? ആരൊക്കെയാണ് കൂട്ടുകാര്‍? എപ്പോഴാണ് വീട്ടില്‍ വരുന്നത്? തുടങ്ങിയ കാര്യങ്ങളെല്ലാം അന്വേഷിക്കണം.
ലഹരി ഉപയോഗിച്ചും ഫ്രീക്കുകാരുടെ തെമ്മാടിക്കൂട്ടങ്ങളില്‍ അംഗമായും ഞാന്‍ മുതിര്‍ന്നിരിക്കുന്നുവെന്ന് കാണിക്കാനാണ് കുട്ടികള്‍ ശ്രമിക്കുന്നത്. ഇതൊരു കൗമാര ചാപല്യമാണ്. കൗമാര കാലത്ത് സംഭവിക്കാനിടയുള്ള വൈകാരികവും ലൈംഗികവും മാനസികവുമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനും ചതിക്കുഴികളില്‍ പെട്ടുപോകാതിരിക്കാനും മുന്‍കരുതലുകള്‍ സ്വീകരിക്കണം. ഒരു തമാശക്ക് വേണ്ടിയാണ് പലതും തുടങ്ങുന്നത്. പിന്നീടതൊരു ഹോബിയാകും. വൈകാതെ ശീലമാകും. പിന്നെ അതില്ലാതെ ജീവിക്കാന്‍ കഴിയില്ലെന്നാവും. വിശാലമായ ഈ ഒഴിവു കാലത്ത് ഇത്തരം ചീത്ത കൂട്ടുകെട്ടുകളില്‍ പെട്ടു പോകില്ലെന്ന് ഓരോരുത്തരും പ്രതിജ്ഞയെടുക്കുക.
പ്രായപൂര്‍ത്തിയാകുന്നതോടെ ഒരു മുസ്ലിമിന് നിര്‍ബന്ധമാകുന്നതാണ് അഞ്ച് വഖ്ത് നിസ്കാരം. ബോധമുള്ള കാലത്തോളം ഇതുപേക്ഷിക്കാന്‍ പഴുതില്ല. അവധിക്കാലത്തെ കളിതമാശകളില്‍ പെട്ട് നിസ്കാരം ഒരു വഖ്ത് പോലും നഷ്ടപ്പെട്ടു പോകരുത്. ഖളാഅ് വീട്ടിയാല്‍ എല്ലാം തീര്‍ന്നു എന്നു കരുതുന്നവരുണ്ട്. എന്നാല്‍ നിസ്കാരം ഖളാഅ് ആക്കുന്നത് വന്‍ദോഷങ്ങളില്‍ പെട്ടതാണെന്ന് നാം മനസ്സിലാക്കണം. പരമാവധി നിസ്കാരങ്ങള്‍ നാട്ടിലെ പള്ളിയില്‍ പോയി ജമാഅത്തായി നിസ്കരിക്കാന്‍ ശ്രദ്ധിക്കണം. അവധിക്കാലത്ത് കൂട്ടുകാരോടൊത്ത് ഗ്രാമത്തിലെ പള്ളി കേന്ദ്രീകരിച്ച് കൂട്ടായ്മകള്‍ ഉണ്ടാക്കിയെടുക്കണം. ദിവസവും നിശ്ചിത പേജുകള്‍ ഖുര്‍ആന്‍ ഓതി ആത്മാവിനെ പ്രകാശിപ്പിച്ചു നിര്‍ത്തണം. സ്വലാത്ത്, ദിക്റ് തുടങ്ങി ഇസ്ലാമിക ജീവിതത്തിന്‍റെ ഭാഗമായ സല്‍പ്രവര്‍ത്തികളില്‍ ഭാഗവാക്കാകണം.
സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ സമയം ലഭിക്കുന്ന ഒരു അവധിക്കാലത്ത് നമ്മുടെ ഊര്‍ജ്ജം ആ വഴിയിലേക്ക് കാര്യമായി തിരിച്ചു വിടണം. സംഘടനാ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതില്‍ ഇക്കാലയളവില്‍ പ്രത്യേക ശ്രദ്ധയും താല്‍പര്യവും വേണം. പുതിയ കൂട്ടുകാരെ സംഘടനയിലേക്ക് അടുപ്പിക്കാന്‍ ശ്രമിക്കണം. നശ്വരമായ ദുനിയാവിലെ ജയപരാജയങ്ങള്‍ക്കു വേണ്ടി മാത്രമല്ല, ഇരുലോക രക്ഷയും ആത്യന്തികമായ ഇലാഹീ പ്രീതിയും ലക്ഷ്യമാക്കിയുള്ള മത, സംഘടനാ പ്രവര്‍ത്തങ്ങള്‍ ജിഹാദിന്‍റെ ഭാഗമത്രെ.
ഗ്രാമത്തിലെ സമപ്രായക്കാരെ സംഘടിപ്പിച്ചു കൊണ്ട് ആഴ്ചയിലൊരു മതപഠന ക്ലാസ് സംഘടിപ്പിക്കാവുന്നതാണ്. സ്കൂള്‍ പഠനം കാരണം നമുക്ക് നഷ്ടമായിപ്പോയ പല ഭാഗങ്ങളും വീണ്ടെടുക്കാനും കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാനും ഈ ക്ലാസ്സുകള്‍ ഉപകരിക്കും. നിങ്ങളുടെ സ്വന്തം താല്‍പര്യപ്രകാരമാണ് ക്ലാസ്സുകള്‍ നടക്കേണ്ടത്. പള്ളിയിലെ ഉസ്താദുമാരെയും സംഘടനാ നേതാക്കളെയും ഉപയോഗപ്പെടുത്താവുന്നതാണ്.
വിനോദയാത്രകള്‍ അവധിക്കാല പദ്ധതികളില്‍ ഇടം പിടിക്കേണ്ട ഒന്നാണ്. യാത്രകളെ വളരെയധികം പ്രോത്സാഹിപ്പിച്ച മതമാണ് വിശുദ്ധ ഇസ്ലാം. ഭൂമിയിലൂടെ യാത്ര ചെയ്ത് ഇലാഹീ യാഥാര്‍ത്ഥ്യങ്ങളുടെ പൊരുളന്വേഷിക്കുക എന്ന് ഖുര്‍ആനും പ്രവാചകരും വിശ്വാസികളെ പഠിപ്പിക്കുന്നു. പുതിയ അദ്ധ്യാപന വര്‍ഷത്തേക്ക് പ്രവേശിക്കുമ്പോള്‍ പുതിയ ഉണര്‍വ്വും ഉന്മേഷവും നല്‍കാന്‍ വിനോദയാത്രകള്‍ ഉപകരിക്കും. മതപരമയും സാസ്കാരികമായും നാം കാത്തു സൂക്ഷിക്കുന്ന മൂല്യങ്ങള്‍ ചവിട്ടി മെതിക്കാതെ സൂക്ഷിക്കണം. നയനാനന്ദം പകരുന്നതും ചരിത്രപ്രാധാന്യമുള്ളതുമായ സ്ഥലങ്ങളും മഹാന്മാരുടെ മഖ്ബറകളും ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തണം.
അവധിക്കാലത്ത് കായിക വിനോദങ്ങള്‍ക്ക് കൂടി സമയം കണ്ടെത്തേണ്ടതാണ്. കുട്ടികളുടെ ശാരീരികവും മാനസികവുമായ വളര്‍ച്ചയ്ക്ക് കളി നിര്‍ണ്ണായക ഘടകമാണ്. ഇതെല്ലാ സമയത്തും വേണ്ടതാണ്. അവധിക്കാലത്ത് കുറച്ചധികം സമയം ഉപയോഗിക്കുകയുമാവാം. പക്ഷെ, അവധിക്കാലം കളികളില്‍ മാത്രമായി നഷ്ടപ്പെടുത്തുകയുമരുത്. കുട്ടികളെ മുഴുസമയവും പഠനത്തില്‍ തളച്ചിടാതെ കളിക്കാനുള്ള അവസരവും അവര്‍ക്ക് നല്‍കണമെന്ന് ഇമാം ഗസ്സാലി(റ) ഇഹ്യയില്‍ പറയുന്നുണ്ട്. കൗമാര കാലത്ത് ഇത് പ്രത്യേകിച്ചും വേണ്ടതാണ്. ശാരീരികവും മാനസികവുമായി ത്വരിതഗതിയിലുള്ള വളര്‍ച്ചയുടെ സമയമാണിത്. കളിയാണെന്ന് കരുതി നഗ്നത വെളിവാക്കാമെന്ന് ധരിക്കരുത്. നഗ്നതാ പ്രദര്‍ശനമോ മറ്റു നിഷിദ്ധമായവകളോ സംഭവിക്കാതെയാണ് കളിവിനോദങ്ങളില്‍ ഏര്‍പ്പെടേണ്ടത്.
ഈ നല്ല ശീലം വളര്‍ത്തിയെടുക്കാന്‍ അവധിക്കാലം ഉപയോഗപ്പെടുത്തണം. എത്ര പുരോഗതി പ്രാപിച്ച കാലമാണെങ്കിലും വായനയുടെ പ്രസക്തി കൂടുകയല്ലാതെ കുറഞ്ഞു വരുന്നില്ല. വായിച്ചാലും വളരും.. വായിച്ചില്ലേലും വളരും… വായിച്ചു വളര്‍ന്നാല്‍ വിളയും… വായിക്കാതെ വളര്‍ന്നാല്‍ വളയും എന്നാണ് കവിമൊഴി. ഉപകാരപ്രദമായ പുസ്തകങ്ങള്‍ വായനയ്ക്ക് തെരഞ്ഞെടുക്കണം. പുസ്തകത്തെ നല്ല കൂട്ടുകാരനാക്കുന്നവര്‍ ജീവിതത്തില്‍ പരാജയപ്പെടുകയില്ല. നോവലുകളും കഥകളും മാത്രമല്ല, ആത്മകഥകള്‍, ലേഖനങ്ങള്‍, യാത്രാവിവരണങ്ങള്‍ തുടങ്ങിയവയും വായനക്കായി തെരഞ്ഞെടുക്കണം. വായനയില്‍ തെളിഞ്ഞു വരുന്ന ചിലതെല്ലാം കുറിച്ചുവെക്കാനും ശ്രമിക്കണം. നിങ്ങളുടെ ഉള്ളില്‍ ഉറങ്ങുന്ന സര്‍ഗ്ഗാത്മക വാസനകള്‍ പുറത്തു കൊണ്ടുവരാന്‍ ഇതു സഹായിക്കും.
കുടുംബ സന്ദര്‍ശനങ്ങള്‍ക്ക് അവധിക്കാലത്ത് ധാരാളം സമയമുണ്ട്. വിശുദ്ധ ഇസ്ലാം വളരെ പ്രാധ്യാന്യം കല്‍പിച്ച പുണ്യകര്‍മ്മമാണ് കുടുംബ ബന്ധം ചേര്‍ക്കല്‍. പഠന സമയത്ത് സമയക്കുറവു കാരണം നടക്കാതെ പോയ വിരുന്നുകളും കുടുംബസംഗമങ്ങളും അവധിക്കാലത്ത് സമൃദ്ധമായി നടക്കട്ടെ. ബന്ധങ്ങളുടെ വേരറുക്കാനാണ് ന്യൂജനറേഷന്‍ പഠിപ്പിച്ചു കൊണ്ടിരിക്കുന്നത്. സ്മാര്‍ട്ട് ഫോണുകളും ടാബ്ലെറ്റുകളും ലാപ്ടോപ്പ് സ്ക്രീനുകളുമായി മാത്രം പുതു തലമുറയുടെ ലോകം ചുരുങ്ങിപ്പോകുന്നു. സ്വന്തം അല്‍ക്കാരന്‍റെ വേദനകളോ പ്രയാസങ്ങളോ തിരിച്ചറിയാന്‍ വിശാല മനസ്കതയില്ലാത്തവര്‍ ഭൂഖണ്ഡങ്ങള്‍ക്കപ്പുറത്തുള്ളവരുമായി ചാറ്റിംഗ് നടത്തി സമയം കൊല്ലുകയാണ്. അയല്‍ക്കാരും ഉറ്റവരും കൂട്ടുകാരുമായി കലവറയില്ലാത്ത സ്നേഹം പങ്കിടേണ്ടതാണ്.
അവധിക്കാലം മോഷ്ടിക്കാന്‍ വരുന്ന ചില സംഘങ്ങളുണ്ട്. അവരെ കരുതിയിരിക്കണം. വെക്കേഷന്‍ പ്രഖ്യാപിക്കുന്നതിന്‍റെ ദിവസങ്ങള്‍ക്കു മുമ്പുതന്നെ പോസ്റ്ററിലും ഫ്ളക്സിലും പരസ്യങ്ങളുമായി അത്തരക്കാര്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങും. സ്പോക്കണ്‍ ഇംഗ്ലീഷ് ക്യാമ്പ്, പേഴ്സണാലിറ്റി ഡെവലപ്മെന്‍റ്, സോഫ്റ്റ്സ്കില്‍ ട്രൈനിംഗ്, കമ്പ്യൂട്ടര്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ്, ഇംഗ്ലീഷ് വില്ല… തുടങ്ങി വ്യത്യസ്ത പേരുകളിലാണ് മോഷ്ടാക്കള്‍ രംഗത്തിറങ്ങുന്നത്. സോഫ്റ്റ് സ്കില്ലും കമ്പ്യൂട്ടറുമൊക്കെ പഠിക്കേണ്ടതു തന്നെ. എന്നു കരുതി നവോന്മേഷം കൈവരിക്കാനായി ഉപയോഗപ്പെടുത്തേണ്ട അവധിക്കാലം പൂര്‍ണ്ണമായി ഇത്തരം പണം പിടുങ്ങലുകാര്‍ക്ക് തീറെഴുതി കൊടുക്കേണ്ടതില്ല. രക്ഷിതാക്കളാണ് ഇതിനെക്കുറിച്ച് കൂടുതല്‍ ബോധവാന്മാരാകേണ്ടത്. രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും രാത്രിയും മുഴുസമയവും വായിലൂടെയും മൂക്കിലൂടെയും കോരി ഒഴിച്ചു കൊടുക്കാനുള്ളതല്ല വിദ്യാഭ്യാസം. കുട്ടികളുടെ താല്‍പര്യം കൂടി പരിഗണിക്കണം. പഠനത്തോട് മടുപ്പുണ്ടാക്കാനേ ഇത്തരം ഇടതടവില്ലാത്ത പഠിപ്പിക്കല്‍ ഉപകരിക്കൂ.
രണ്ട് മാസക്കാലം ആനന്ദകരവും ആസ്വാദ്യകരവുമായി അവധിക്കാലം ചെലവഴിച്ചു കൊണ്ട് അതില്‍ നിന്നാര്‍ജ്ജിച്ചെടുത്ത ഊര്‍ജ്ജം പുതിയ അധ്യായന വര്‍ഷത്തില്‍ നവോന്മേഷം പകരുന്നതാകണം. അവധിക്കാല പ്രവര്‍ത്തനങ്ങളും അനുഭവങ്ങളും ജീവിതത്തിലുടനീളം ആത്മവിശ്വാസം പകരുന്നതാകണം. അതിനു വേണ്ടിയാകട്ടെ ഇനിയുള്ള ശ്രമങ്ങള്‍.

Write a comment