Posted on

ഇമാം ബുഖാരി(റ); ജീവിതം, ദര്‍ശനം

ഒട്ടനേകം ചരിത്രങ്ങള്‍ക്ക് സാക്ഷിയായ മണ്ണാണ് ഉസ്ബക്കിസ്ഥാന്‍. പുരാതന ഖുറാസാനാണ് ഇന്ന് ഉസ്ബാക്കിസ്ഥാന്‍ എന്ന പേരിലറിയപ്പെടുന്നത്. തുര്‍ക്ക്മെനിസ്ഥാന്‍, താജിസ്ഥാന്‍, ഇറാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവ ഉള്‍ക്കൊള്ളുന്ന വിശാല ഭൂപ്രദേശമാണ് പൗരാണിക ഖുറാസാന്‍. ലോകമറിയപ്പെട്ട ഒട്ടനേകം പണ്ഡിതന്മാര്‍ ഖുറാസാന്‍ന്‍റെ സംഭാവനയാണ്. ഇമാം ബുഖാരി (റ), ഇമാം മുസ്ലിം (റ), ഇമാം തുര്‍മുദി (റ), ഇമാം ഫഖ്റുദ്ദീന്‍ റാസി (റ), ഇമാം സഅ്ദുദ്ദീന്‍ തഫ്താസാനി (റ), ഇമാം നസാഈ (റ), ഇമാം ഇബ്നുമാജ (റ) തുടങ്ങിയ പണ്ഡിതന്മാരെല്ലാം ഖുറാസാന്‍റെ സംഭാവനകളാണ്. ഇമാം ഖാളി ഇയാള് (റ) പറയുന്നു. ‘അറിവ് ഒരു മരമാകുന്നു. അതിന്‍റെ വേരുകള്‍ മക്കയിലും ശിഖിരങ്ങള്‍ മദീനയിലും ഇലകള്‍ ഇറാഖിലും ഫലങ്ങള്‍ ഖുറാസാനിലുമാകുന്നു’.തിരുനബി (സ) തങ്ങള്‍ കൊണ്ടുവന്ന ഇസ്ലാമിക വിജ്ഞാനത്തിന്‍റെ ഫലങ്ങള്‍ കൂടുതല്‍ നിലകൊണ്ടിരുന്നത് ഖുറാസാനിലാണ്. ഖുറാസാനിലെ സുഖാറയിലാണ് ഇമാം ബുഖാരി (റ) യുടെ ജനനം. ആരുമറിയാതെയുള്ള കൊച്ചു ഗ്രാമത്തെ മാലോകരെല്ലാം അറിയപ്പെട്ടത് ഇമാം ബുഖാരിയിലൂടെയാണ്.
ഹദീസ് ക്രോഡീകരണ രംഗത്ത് തുല്യതയില്ലാത്ത ഇമാം ബുഖാരി (റ) ഇമാമുല്‍ മുഹദ്ദിസീന്‍ എന്ന സ്ഥാനപ്പേരിലാണറിയപ്പെട്ടത്. ഹിജ്റ 194 ശവ്വാല്‍ 13 വെള്ളിയാഴ്ച ജുമുഅക്ക് ശേഷമാണ് ഇമാമിന്‍റെ ജനനം. പണ്ഡിതനും പ്രമാണിയുമായിരുന്ന പിതാവ് ഇസ്മാഈലുല്‍ ബുഖാരി ബുഖാരി ഇമാമിന്‍റെ കുട്ടിക്കാലത്ത് തന്നെ മരണപ്പെട്ടു. സാമ്പത്തികമായി ഉന്നത കുടുംബത്തില്‍ ജനിച്ച ഇമാമിന് പഠനത്തിനോ ആത്മീയ ജീവിതം നയിക്കുന്നതിനോ സമ്പത്ത് തടസ്സമായില്ല. കുട്ടിക്കാലത്ത് ഇമാമിന്‍റെ കാഴ്ച നഷ്ടപ്പെട്ടപ്പോള്‍ ഉമ്മ ദിവസങ്ങളോളം റബ്ബിനോട് കരഞ്ഞ് ദുആ ചെയ്തപ്പോള്‍ ഒരു രാത്രി ഉമ്മ തന്‍റെ പൊന്നുമകന് കാഴ്ച തിരിച്ചു കിട്ടുന്നത് സ്വപ്നത്തില്‍ ദര്‍ശിക്കുകയും പിറ്റേദിവസം ഇമാം ബുഖാരി (റ) വിന് കാഴ്ച തിരിച്ചു കിട്ടിയത് ബോധ്യപ്പെടുകയും ചെയ്തു. ഇമാം ബുഖാരിയുടെ പില്‍ക്കാല ജീവിതത്തില്‍ ഉമ്മയുടെ പ്രാര്‍ത്ഥന വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്.
കേള്‍ക്കുന്ന കാര്യങ്ങളെല്ലാം പെട്ടെന്ന് മനഃപാഠമാക്കുന്ന അപൂര്‍വ്വ പ്രകൃതിക്കാരനായിരുന്നു ഇമാം ബുഖാരി തന്‍റെ പത്താം വയസ്സില്‍ ഖുര്‍ആന്‍ പരിപൂര്‍ണ്ണമായി ഹൃദ്യസ്ഥമാക്കിയ ഇമാം ഹദീസോ മറ്റ് അറിവിന്‍റെ ശകലങ്ങളോ കേട്ടാല്‍ ഉടനെ മനഃപാഠമാക്കുമായിരുന്നു. പതിനാറാം വയസ്സില്‍ ഉമ്മയോടും ജേഷ്ട സഹോദരനോടുമൊത്ത് ഹജ്ജിന് പുറപ്പെടുകയും ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് ശേഷം ജേഷ്ടനും ഉമ്മയും നാട്ടിലേക്ക് മടങ്ങിയപ്പോള്‍ ഇമാം ബുഖാരി ഹദീസ് പഠനങ്ങള്‍ക്ക് വേണ്ടി മക്കയില്‍ തങ്ങുകയായിരുന്നു. തിരുനബി (സ) തങ്ങളുടെ ഹദീസ് ആരുടെ അടുത്ത് ഉണ്ടെന്ന് അറിഞ്ഞാലും അവരില്‍ നിന്ന് ഹദീസ് കരസ്ഥമാക്കാനുള്ള ആവേശം ഇമാം ബുഖാരിയില്‍ വര്‍ദ്ധിച്ചു കൊണ്ടേയിരുന്നു. നസാറ, ഈജിപ്ത്, ബഗ്ദാദ്… തുടങ്ങിയ ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍ അറിവ് തേടി ഇമാം ബുഖാരി സഞ്ചരിച്ചു.
വിവിധ നാടുകളില്‍ നിന്ന് നിരവധി ഗുരുക്കന്മാരുടെ ശിഷ്യത്വം സ്വീകരിച്ച ഇമാം ബഗ്ദാദില്‍ നിന്ന് ഇമാം അഹ്മദുബ്നു ഹമ്പല്‍ (റ) വിന്‍റെ ശിഷ്യത്വം സ്വീകരിച്ചു. ഹദീസ് പഠനത്തില്‍ നല്ല താല്‍പര്യം കാണിച്ച ഇമാം ബുഖാരിയുടെ സാന്നിദ്ധ്യം സന്തോഷം നിറഞ്ഞതായിരുന്നു. നാല് മദ്ഹബുകളിലും അഗാധ പഠനം നടത്തിയ ഇമാം ബൂഖാരി ശാഫിഈ മദ്ഹബ് പിന്തുടര്‍ന്ന് പോന്നു. ഇമാമിന്‍റെ ജീവിത കാലത്ത് നാല് മദ്ഹബുകളും ശ്രദ്ധേയമായി വന്ന സമയമായിരുന്നു. സാമ്പത്തികമായി ഉയര്‍ന്ന ഇമാം ജീവിത വഴിയായി സ്വീകരിച്ചത് കച്ചവട മേഖലയായിരുന്നു. മൂലധനം കച്ചവടത്തില്‍ നിക്ഷേപിച്ച് ലാഭത്തിന്‍റെ നിശ്ചിത ശതമാനം കൊണ്ടായിരുന്നു ഇമാം ജീവിതം നയിച്ചത്. വലിയ സമ്പത്തിന്‍റെ ഉടമയായിട്ടും എളിമയാര്‍ന്ന ജീവിതമാണ് ഇമാം ബുഖാരി(റ) ഇഷ്ടപ്പെട്ടത്.
വിശുദ്ധ ഖുര്‍ആന്‍ കഴിഞ്ഞാല്‍ ലോക മുസ്ലിംകള്‍ ഒന്നടങ്കം അംഗീകരിക്കുന്ന സ്വഹീഹുല്‍ ബുഖാരി പതിനാറ് വര്‍ഷം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍ ചെന്ന് ഹദീസ് ശേഖരിച്ച ഇമാം പൂര്‍ണ്ണമായും സ്വഹീഹായ ഹദീസുകള്‍ മാത്രമാണ് സ്വഹീഹുല്‍ ബുഖാരിയില്‍ ഉള്‍ക്കൊള്ളിച്ചത്. സ്വഹീഹുല്‍ ബുഖാരിയിലെ ഓരോ ഹദീസ് രചിക്കുമ്പോഴും പൂര്‍ണ്ണമായും കുളിച്ച് ശുദ്ധിവരുത്തി സുഗന്ധം പൂശി രണ്ട് റകഅത്ത് സുന്നത്ത് നിസ്കരിച്ച ശേഷം മാത്രമാണ് ഓരോ ഹദീസും രചിച്ചിട്ടുള്ളത്. ലോകത്ത് ഏറ്റവും പുണ്യം നിറഞ്ഞ തിരുനബി (സ) യുടെ ഹുജ്റത്തു ശരീഫയുടെ ചാരത്ത് വെച്ചാണ് ഈ പുണ്യഗ്രന്ഥം വിരചിതമായത്. ഇതില്‍ ഒരു ദുര്‍ബലമായ ഹദീസ് പോലും കാണാന്‍ സാധിക്കുകയില്ല. നാളിതുവരെ നിലനിന്നിരുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമായിരുന്നു ഇമാം ബുഖാരി സ്വഹീഹുല്‍ ബുഖാരിയിലൂടെ നിറവേറ്റിയത്.
ലോകമറിയപ്പെട്ട മഹാപണ്ഡിതനായിരുന്നിട്ടും ഒരുപാട് പീഢനങ്ങള്‍ക്കും യാതനകള്‍ക്കും ഇമാം ബുഖാരി വിധേയനായിട്ടുണ്ട്. നാട് ഭരിച്ചിരുന്ന രാജാക്കന്മാരുടെ ആശയങ്ങളോട് യോജിക്കാത്തതിന്‍റെ പേരിലും ദീനിന്‍റെ യഥാര്‍ത്ഥ ആശയങ്ങള്‍ മുഖം നോക്കാതെ ഉയര്‍ത്തിപ്പിടിച്ചതിനും ഭരണാധികാരികളില്‍ നിന്ന് ശക്തമായ പീഢനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നു. സ്വന്തം നാടായ ഖുറാസാനില്‍ നിന്ന് സമര്‍ഖന്ദിലേക്ക് നാട് കടത്തപ്പെട്ടു. ഇസ്ലാമിന്‍റെ യഥാര്‍ത്ഥ ആശയങ്ങള്‍ക്കെതിരെ ആര് രംഗത്ത് വന്നാലും അവരോട് ശക്തമായ നിലപാടായിരുന്നു ഇമാം ബുഖാരി സ്വീകരിച്ച് പോന്നത്. അബ്ബാസിയ്യ ഖിലാഫത്തിന്‍റെ പ്രതിനിധി ഖാലിദ് ബനു അഹ്മദ് ഇമാമിനെ രാജാവിന്‍റെ പുത്രന് ഹദീസ് പഠിപ്പിക്കാന്‍ വേണ്ടി കൊട്ടാരത്തിലേക്ക് ക്ഷണിച്ചു. ക്ഷണിക്കാന്‍ വന്നവരോട് ഇമാം പറഞ്ഞു. അറിവിനെ അശുദ്ധമാക്കാനും അത് ഭരണാധികാരികളിലേക്ക് അങ്ങോട്ട് കൊണ്ട് വരാനുള്ളതുമല്ല. അറിവ് പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഞാന്‍ ഹദീസ് പഠനം നടത്തുന്ന പള്ളിയിലേക്ക് വരിക എന്നായിരുന്നു ഇമാമിന്‍റെ മറുപടി. എന്നാല്‍ തന്‍റെ മകന് ഹദീസ് പഠനശാലയില്‍ പ്രത്യേക പരിഗണന വേണമെന്നും പ്രത്യേക ഇരിപ്പിടം ഒരുക്കണമെന്നും രാജാവ് കല്‍പ്പിച്ചു. നീതിയുടെ വിഷയത്തില്‍ ഒരല്‍പം പോലും അയവ് കല്‍പ്പിക്കാത്ത ഇമാം ബുഖാരി അതിന്ന് സമ്മതിച്ചില്ല. കോപിതനായ രാജാവ് സ്വന്തം താത്പര്യങ്ങള്‍ക്കനുസരിച്ച് ഫത്വ നല്‍കുന്ന പണ്ഡിതന്മാരില്‍ നിന്ന് ഫത്വ സ്വീകരച്ച് ഇമാം ബുഖാരിയെ നാടുകടത്താന്‍ തീരുമാനിച്ചു.
ജന്മനാട്ടില്‍ നിന്ന് നാടുകടത്തപ്പെട്ട ഇമാം ബുഖാരി സമര്‍ഖന്ദിന് മുമ്പുള്ള ഖിര്‍ദങ്കില്‍ ചെന്നിറങ്ങി. തന്‍റെ ബന്ധുവായ ഗാലിബിന്‍ ജിബ്രീലിന്‍റെ കൂടെ താമസിച്ചു. ശക്തമായ പ്രയാസങ്ങള്‍ക്ക് വിധേയനായ ഇമാം പാതിരാത്രി നിസ്കാരങ്ങള്‍ക്ക് ശേഷം തന്‍റെ നാഥനോട് തന്നിലേക്ക് തിരിച്ചുവിളിക്കാന്‍ പ്രാര്‍ത്ഥിച്ചു. ഹിജ്റ 256 ശവ്വാല്‍ 1 ചെറിയ പെരുന്നാള്‍ ദിവസം ഇമാം ബുഖാരി ലോകത്തോട് വിടപറഞ്ഞു. ഇമാം ബുഖാരിക്ക് 62 വയസ്സ് തികയാന്‍ 12 ദിവസം ബാക്കിനില്‍ക്കെയാണ് വഫാത്ത്. ഇമാമിന്‍റെ വഫാത്തിന്‍റെ ശേഷം അവിടുത്തെ ഖബര്‍ഷരീഫില്‍ നിന്നും ഒരുപാടു കാലം സുഗന്ധം അടിച്ചുവീശിയിരുന്നുവെന്നും ചരിത്രം പറയുന്നു. ഇമാം ബുഖാരിയുടെ മഖ്ബറയില്‍ നിന്ന് ഒരുപാട് കറാമത്തുകള്‍ വെളിപ്പെട്ടിട്ടുണ്ട്. ഇമാമിന്‍റെ വഫാത്ത് കഴിഞ്ഞ് രണ്ട് നൂറ്റാണ്ട് പിന്നിട്ട് ശേഷം സമര്‍ഖന്ദില്‍ ശക്തമായ വരള്‍ച്ച അനുഭവപ്പെട്ടപ്പോള്‍ ജനങ്ങള്‍ നാഥനോട് മഴക്ക് വേണ്ടി ഒരുപാട് പ്രാര്‍ത്ഥിച്ചെങ്കിലും ഫലം കണ്ടില്ല. അതിനിടയില്‍ സമര്‍ഖന്ദിലെ ഖാളിയുടെ അരികില്‍ അരികില്‍ ഒരു വലിയ്യ് വന്ന് ചില കാര്യങ്ങള്‍ ഉപദേശിക്കുകയും നാട്ടുകാരെയും കൂട്ടി ഇമാം ബുഖാരിയുടെ മഖ്ബറയില്‍ ചെന്ന് മഴ തരണമെന്ന് ദുആ ചെയ്യാന്‍ പറഞ്ഞു. ഖാളിയും സമര്‍ഖന്ദ് നിവാസികളും ഇമാം ബുഖാരിയുടെ ചാരത്ത് വന്ന് മഴക്ക് ദുആ ചെയ്തപ്പോള്‍ മേഘാവൃദമായ അന്തരീക്ഷം വരികയും സമര്‍ഖന്ദുകാര്‍ക്ക് മഴ ലഭിക്കുകയും ചെയ്തു.

Write a comment