Posted on

മണ്‍മറഞ്ഞവര്‍ക്കുവേണ്ടി സല്‍കര്‍മ്മങ്ങള്‍

ഒരു മുസ്ലിം മരണപ്പെട്ടാല്‍ കുളിപ്പിച്ച്, കഫന്‍ ചെയ്ത്, നിസ്കരിച്ച്, മറമാടുക എന്നതിലുപരി പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലെന്നാണ് കേരളത്തിലെ ചില വിഭാഗക്കാരുടെ കാഴ്ചപ്പാട്. എന്നാല്‍ മരിച്ച് പോയവര്‍ക്ക് വേണ്ടി ജീവിച്ചിരിക്കുന്നവര്‍ സ്വദഖ ചെയ്താല്‍ അതിന്‍റെ പ്രതിഫലം എത്തിച്ചേരുമെന്ന് പ്രാമാണിക ഹദീസുകളില്‍ നമുക്ക് കാണാവുന്നതാണ്.

ദാനധര്‍മ്മങ്ങള്‍
ഇവ്വിഷയകമായി ശരിയായ സനദോടെ ഉദ്ധരിക്കപ്പെട്ട ധാരാളം നബി വചനങ്ങള്‍ പ്രമുഖ ഹദീസ് ഗ്രന്ഥങ്ങളില്‍ കാണാം. ചിലത് ഇവിടെ ഉദ്ധരിക്കാം:
ആയിഷ (റ) യില്‍ നിന്ന് നിവേദനം. നിശ്ചയം ഒരാള്‍ നബി (സ) യെ സമീപിച്ച് കൊണ്ട് പറഞ്ഞു: എന്‍റെ മാതാവ് പെട്ടെന്ന് മരണപ്പെട്ടു. അവര്‍ വസിയ്യത്തൊന്നും ചെയ്തിട്ടില്ല. ഒരവസരം കിട്ടിയിരുന്നെങ്കില്‍ മാതാവ് ചെയ്തിരുന്നേനെ. ഇനി ഞാന്‍ മാതാവിന് വേണ്ടി ധര്‍മ്മം ചെയ്താല്‍ പ്രതിഫലം അവര്‍ക്ക് ലഭിക്കുമോ? ‘അതെ’ യെന്ന് നബി(സ) പറഞ്ഞു.(ബുഖാരി)
ഇബ്നു അബ്ബാനി (റ) യില്‍ നിന്ന് നിവേദനം നിശ്ചയം സഅ്ദുബ്നു ഉബാദ (റ) നാട്ടിലില്ലാത്ത അവസരത്തില്‍ അവരുടെ മാതാവ് മരണപ്പെട്ടു. അദ്ദേഹം നബി (സ്വ) യെ സമീപിച്ച് കൊണ്ട് പറഞ്ഞു: അല്ലാഹുവിന്‍റെ പ്രവാചകരെ;ഞാന്‍ നാട്ടിലില്ലാത്ത അവസരത്തില്‍ എന്‍റെ ഉമ്മ മരണപ്പെട്ട് പോയി. അവര്‍ക്ക് വേണ്ടി ഞാന്‍ ദാനം ചെയ്താല്‍ പ്രയോജനപ്പെടുമോ. നബി (സ്വ) പറഞ്ഞു: ‘അതെ’ അപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്‍റെ ‘മിഖ്റാഫ്’ എന്ന തോട്ടം ഉമ്മയുടെ പേരില്‍ ദാനം ചെയതിരിക്കുന്നുവെന്നതിന് ഞാന്‍ അങ്ങയെ സാക്ഷിയാക്കുന്നു. (ബുഖാരി)
സഅ്ദുബ്നു ഉബാദ (റ) വില്‍ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: ‘പ്രവാചകരെ’ നിശ്ചയം എന്‍റെ മാതാവ് മരിച്ച് പോയി. ഏത് ദാനമാണ് ഏറ്റവും ശ്രേഷ്ടമായത്. നബി (സ) പറഞ്ഞു: ഏറ്റവും ശ്രേഷ്ടമായത് കുടിവെള്ളം നല്‍കലാണ്. സഅദ് (റ) ഒരു കിണര്‍ കുഴിക്കുകയും അത് സഅദിന്‍റെ മാതാവിനാണെന്ന് പറയുകയും ചെയ്തു. (അഹ്മദ്)ഇത്തരത്തിലുള്ള ധാരാളം ഹദീസുകള്‍ ശരിയായ സനദോടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു എന്ന് മാത്രമല്ല മരിച്ചുപോയവര്‍ക്ക് ജീവിച്ചിരിക്കുന്നവര്‍ ദാനധര്‍മ്മങ്ങള്‍ ചെയ്താല്‍ അതിന്‍റെ പ്രതിഫലം എത്തിച്ചേരുമെന്ന കാര്യം ഇജ്മാആണെന്ന് പ്രമുഖ ഇസ്ലാമിക ഗ്രന്ഥങ്ങള്‍ മുഴുവനും രേഖപ്പെടുത്തിയിരിക്കുകയും ചെയ്തിരിക്കുന്നു. പുത്തന്‍വാദികള്‍ക്ക് ഏറെ സ്വീകാര്യനായ ആധുനിക പണ്ഡിതന്‍ നാസിറുദ്ധീന്‍ അല്‍ബാനി പോലും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. അദ്ദേഹം എഴുതുന്നു: ജീവിച്ചിരിക്കുന്നവരുടെ സല്‍കര്‍മ്മം കൊണ്ട് മരണപ്പെട്ടുപോയവര്‍ക്ക് പ്രയോജനം ലഭിക്കുമെന്ന കാര്യത്തില്‍ അഹ്ലുസുന്നത്തി വല്‍ ജമാഅ ഏകാഭിപ്രായക്കാരാണ്. (ശറഹു അഖീദത്തി ഹാവിയ്യ പേജ് 511)

അന്നദാനം
മരിച്ചുപോയവരുടെ പേരില്‍ സാധുക്കള്‍ക്ക് ഭക്ഷണം കൊടുക്കുന്ന പതിവ് നമുക്കിടയില്‍ നിലവിലുണ്ട്. അന്നദാനം ഏറ്റവും നല്ല സ്വദഖയാണെന്നതിനാല്‍ അതിന് പ്രത്യേക തെളിവുകള്‍ ഉദ്ധിരിക്കേണ്ടതില്ല. എന്നാല് ഏഴ്, നാല്‍പത്, ആണ്ട് എന്നീ പേരുകളില്‍ പ്രത്യേക ദിവസങ്ങളില്‍ അന്നദാനം നടത്തുന്നതിന് അടിസ്ഥാനമുണ്ടോ?
ഇബ്നു ഹജരില്‍ ഹൈതമി (റ) രേഖപ്പെടുത്തുന്നു: മരണപ്പെട്ട് പോയവര്‍ ഏഴ് ദിവസം അവരുടെ ഖബറുകളില്‍ പ്രത്യേക പരീക്ഷണങ്ങള്‍ക്ക് വിധേയരാവും. ഒരു റിപ്പോര്‍ട്ടില്‍ മുനാഫിഖ് 40 ദിവസം ഫിത്നക്ക് വിധേയനാകും. എന്നിങ്ങനെ ഇമാം ത്വാഊസ് (റ) യില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. പ്രമുഖ താബിഉമായ ഇമാം ത്വാഊസ് (റ) പറയുന്നു. അക്കാരണത്താല്‍ അത്രയും ദിവസം മയ്യിത്തിന്‍റെ പേരില്‍ അന്നദാനം നടത്തല്‍ സ്വഹാബികള്‍ പുണ്യമായികണക്കാക്കിയിരുന്നു. (ഫതാവല്‍ കുബ്റ. 230)
ഹദീസ് നിദാന ശാസ്ത്രമനുസരിച്ച് ഒരു താബിഅ് അവര്‍ അങ്ങനെ ചെയ്തിരുന്നുവെന്ന് പറഞ്ഞാല്‍ നബി (സ) അതറിയുകയും ശരിവെക്കുകയും ചെയ്തിരുന്നുവെന്നാണ്. ഇമാം സുയൂത്വി (റ) പറയുന്നു: 7 ദിവസം മരണപ്പെട്ടവരുടെ പേരില്‍ അന്നദാനം നടത്തുന്ന പതിവ് മക്കയിലും മദീനയിലും ഇക്കാലമത്രയും നിലനിന്നിട്ടുണ്ടെന്ന് എനിക്കറിയാം. (ഹിജ്റ 911 ലാണ് ഇമാം സുയൂത്വി വഫാതാവുന്നത്.) ഈ ആചാരം സ്വഹാബത്ത് മുതല്‍ ഇക്കാലം വരെ കാത്ത് സൂക്ഷിച്ചുപോന്നുവെന്ന് മനസ്സിലാക്കാം. (അല്‍ഹാവി 2/194)
ഇമാം ഇബ്നു കസീര്‍ ഉദ്ധരിക്കുന്നു: എല്ലാവര്‍ഷവും തുടക്കത്തില്‍ ഉഹ്ദ് രക്തസാക്ഷികളുടെ ഖബ്റുകള്‍ നബി (സ) സന്ദര്‍ശിക്കുകയും അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു. അബൂബക്കര്‍, ഉമര്‍, ഉസ്മാന്‍ (റ) എന്നിവരും അപ്രകാരം ചെയ്തിരുന്നു. (ഇബ്നു കസീര്‍ 2/512)

ഖുര്‍ആന്‍ പാരായണം
ഇബ്നു ഉമര്‍ (റ) യില്‍ നിന്ന് നിവേദനം. നബി (സ) പറയുന്നത് ഞാന്‍ കേട്ടു. ‘നിങ്ങള്‍ ഒരാള്‍ മരണപ്പെട്ടാല്‍ അയാളെ സൂക്ഷിച്ച് വെക്കരുത്. വളരെ വേഗം ഖബറിലേക്ക് കൊണ്ട് പോവണം. മയ്യിത്തിന്‍റെ തലഭാഗത്ത് അല്‍ബഖറയുടെ ആദ്യഭാഗവും കാല്‍ ഭാഗത്ത് അവസാനഭാഗവും പാരായണം ചെയ്യപ്പെടട്ടെ'(ബൈഹഖി) ഈ ഹദീസ് ഇബ്നു ഉമര്‍ (റ) വിന്‍റെ പേരില്‍ ‘മൗഖൂഫ്’ ആണെന്നാണ് പ്രബലാഭിപ്രായം. നബി (സ) പറഞ്ഞു: മരിച്ച്പോയവരുടെ പേരില്‍ നിങ്ങള്‍ യാസീന്‍ ഓതുക. (അബൂദാവൂദ്, അഹ്മദ്, ഇബ്നുമാജ) മരണാസന്നനായ ആളുടെ അടുക്കല്‍ യാസീന്‍ ഓതുക എന്നപോലെ മരണപ്പെട്ടവന്‍റെ അടുക്കല്‍ നിന്നും യാസീന്‍ ഓതുക എന്നും ഈ ഹദീസിന് അര്‍ത്ഥമുണ്ട് എന്ന് ഇമാം ഖുര്‍ത്വുബി രേഖപ്പെടുത്തുന്നു. (ശറഹു സുദൂര്‍. 310)
ശഅബി (റ) യില്‍ നിന്ന് നിവേദനം. അന്‍സാരികളില്‍ ഒരാള്‍ മരിച്ചാല്‍ അവര്‍ ഖബറിനരികില്‍ പോയി ഖുര്‍ആന്‍ ഓതാറുണ്ടായിരുന്നു. (അല്‍റൂഅ് പേജ് 11). ഇമാം സുയൂഥ്വി (റ) പറയുന്നു. ചരിത്ര ഗ്രന്ഥങ്ങളില്‍ നിരവധി ഇമാമുമാരുടെ ജീവചരിത്രം ഞാന്‍ വായിച്ചിട്ടുണ്ട്. അവരുടെ ഖബറിങ്കല്‍ 7 ദിവസം തുടര്‍ച്ചയായി ജനങ്ങള്‍ ഖുര്‍ആന്‍ ഓതി താമസിച്ചിരുന്നു. (അല്‍ ഹാവി 2/194) നൂതന വാദികള്‍ക്ക് സ്വീകാര്യനായ ശൈഖുല്‍ ഇസ്ലാം ഇബ്നു തീമിയ്യ മരണപ്പെട്ടപ്പോള്‍ അദ്ദേഹത്തെ കുളിപ്പിക്കുന്നതിന് മുമ്പ് തന്നെ അദ്ദേഹത്തിനരികില്‍ വെച്ച് ഖുര്‍ആന്‍ പാരായണം ചെയ്തിരുന്നു. നിരവധി ഖത്മുകള്‍ അദ്ദേഹത്തിന്‍റെ പേരില്‍ ഓതി തീര്‍ത്തിട്ടുണ്ടെന്നും ഇബ്നുകസീര്‍ ഉദ്ധരിക്കുന്നു. (ബിദായ 140/140)
തുടങ്ങിയ അനേകം പ്രാമാണിക തെളിവുകളുടെ അടിസ്ഥാനത്തില്‍ സ്ഥിരപ്പെട്ട കാര്യങ്ങളെ നിഷേധിക്കാന്‍ ഹൃദയത്തില്‍ വിശ്വാസം സൂക്ഷിക്കുന്നവര്‍ക്ക് എങ്ങിനെയാണ് സാധിക്കുന്നത് ?

Write a comment