Posted on

നീതിന്യായം, ലോകം ഇസ്ലാമിനെ പിന്തുടരുന്നു

പെരുമ്പാവൂരില്‍ ദലിത് നിയമവിദ്യാര്‍ത്ഥിനി ജിഷ ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട വാര്‍ത്ത ഏറെ ഞെട്ടലോടെയാണ് സാംസ്കാരിക കേരളം ഉള്‍കൊണ്ടത്. സൗമ്യക്കും നിര്‍ഭയക്കും ശേഷം ഒരു പെണ്ണുടല്‍ കൂടി പിച്ചിച്ചീന്തപ്പെട്ടിരിക്കുന്നു. വീടിനകത്തുകൂടി പെണ്ണ് സുരക്ഷിതയല്ലെന്ന തിരിച്ചറിവാണ് ഇത്തരം വാര്‍ത്തകള്‍ നമ്മോട് വിളിച്ചോതുന്നത്. ന്യൂഡല്‍ഹിയില്‍ നിന്നും പെരുമ്പാവൂരിലെത്തി നില്‍ക്കുമ്പോള്‍ പ്രതിഷേധങ്ങള്‍ക്ക് ശക്തി കുറഞ്ഞിരിക്കുന്നു. ഇര ദലിതാണെന്നതാണ് കാരണം. എന്ത്കൊണ്ടാണ് ജനാധിപത്യ രാജ്യത്ത് ഇന്നും ഇരുള്‍ വീഴാന്‍ കാരണം. ആരാണ് മനുഷ്യരെ സവര്‍ണരെന്നും അവര്‍ണരെന്നും വര്‍ഗീകരിച്ചത്? എല്ലാവര്‍ക്കും തുല്യ നീതി നടപ്പാക്കല്‍ നീതി പീഠത്തിന്‍റെയും ഭരണകൂടത്തിന്‍റെയും കര്‍തവ്യമല്ലേ? എന്തു കൊണ്ട് സ്ത്രീ പീഢനങ്ങള്‍ക്ക് കഠിന ശിക്ഷ ഏര്‍പ്പെടുത്തിക്കൂടാ..? അമ്മയെയും പെങ്ങളെയും തിരിച്ചറിയാത്തവര്‍ക്ക് മാനുഷിക പരിഗണന നല്‍കേണ്ടതുണ്ടോ? സാംസ്കാരിക കേരളം ഉത്തരം തേടിക്കൊണ്ടിരിക്കുന്ന ചില ചോദ്യങ്ങളാണിവ.
ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്ന ആംഗ്ലോ സാക്സണ്‍ നിയമം ഉയര്‍ത്തിപ്പിടിച്ചാണ് ഇന്ത്യന്‍ നീതിപീഠം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. രാജ്യത്തെ പൗരന്‍മാര്‍ക്ക് നിയമ പരിരക്ഷ ഉറപ്പു വരുത്താനുള്ള ബാധ്യത ഇന്ത്യന്‍ ജുഡീഷ്യറിയില്‍ നിക്ഷിപ്തമാണ്. ഇപ്രകാരം ഓരോ രാജ്യങ്ങളിലും അതത് രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് നിയമപരിരക്ഷ നല്‍കാനാവശ്യമായ തരത്തിലുള്ള നീതി ന്യായ വ്യവസ്ഥിതികള്‍ നിലവിലുണ്ട്. എന്നാല്‍ സമീപകാലത്തുയര്‍ന്നു വന്ന ചില ചര്‍ച്ചകള്‍ നീതിന്യായ സമ്പ്രദായത്തിലെ അപര്യാപ്തതയും അടിസ്ഥാനമില്ലായ്മയും തുറന്നു കാട്ടുന്നതായിരുന്നു. പ്രധാനമായും മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട കേസില്‍ യാക്കൂബ് മേമന്‍ തൂക്കിലേറ്റപ്പെട്ടപ്പോള്‍ വധശിക്ഷാ സമ്പ്രദായത്തെക്കുറിച്ച് അന്താരാഷ്ട്ര തലത്തില്‍ തന്നെ തീക്ഷ്ണമായ സംവാദങ്ങള്‍ നടക്കുകയുണ്ടായി. മറ്റൊന്ന് ഡല്‍ഹി പീഢനക്കേസിലെ കുട്ടിക്കുറ്റവാളി പ്രായപൂര്‍ത്തിയായില്ലെന്ന പരിഗണനയില്‍ നിയമ സഹായം ലഭിച്ച് ജയില്‍ മോചിതനായ അവസരത്തില്‍ ജുവനൈല്‍ നിയമങ്ങള്‍ പുന:ക്രമീകരിക്കണമെന്ന ആവശ്യങ്ങള്‍ ഉയര്‍ന്നു വരികയും അതിലേക്ക് ഗവണ്‍മെന്‍റ് നിര്‍ബന്ധിതരാവുകയും ചെയ്തു. ഒടുവില്‍ ജിഷ കൊലചെയ്യപ്പെട്ടപ്പോള്‍ ശിക്ഷാ രീതികളുടെ അപര്യാപ്തതയെ കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും ഉയര്‍ന്നു വന്നിരിക്കുന്നു. ഇത്തരം സംഭവങ്ങള്‍ സമൂഹ മധ്യത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ട അവസരങ്ങളില്‍ ഉയര്‍ന്നു കേട്ട ചില സത്യങ്ങള്‍ പലരേയും ഇരുത്തിച്ചിന്തിപ്പിച്ചു . ഇസ്ലാമിക് ശരീഅത്ത് അനുസരിച്ച് വിധി നടപ്പിലാക്കുന്ന അറബ് രാജ്യങ്ങളില്‍ ക്രിമിനല്‍ കുറ്റങ്ങള്‍ വളരെ കുറവാണെന്നതും പ്രായപൂര്‍ത്തിയാകുന്നതിനെ സംബന്ധിച്ച് ഇസ്ലാമിന്‍റെ കാഴ്ചപ്പാടുകള്‍ കൂടുതല്‍ അനുഗുണമെന്നും സ്ത്രീ പീഡനക്കേസുകളില്‍ ഇസ്ലാമിക് രാജ്യങ്ങളിലെ ശിക്ഷാ രീതികളാണ് മാതൃകാപരമെന്നതും പലരുടേയും കണ്ണു തുറപ്പിക്കുന്നതായിരുന്നു.

നീതി നിര്‍വ്വഹണത്തിലെ ഇസ്ലാമിക മാനങ്ങള്‍
ഇസ്ലാം സമഗ്രമാണ്. സൃഷ്ടികളുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളിലും വിശുദ്ധ മതത്തിന് വ്യക്തമായ കാഴ്ചപ്പാടുകളുണ്ട്. മനുഷ്യകുലം അനുവര്‍ത്തിക്കേണ്ട വിധി വിലക്കുകളെ മതം കൃത്യമായി അടയാളപ്പെടുത്തിത്തരുന്നു. അല്ലാഹുവിന്‍റെ കല്‍പ്പനകളെ ശിരസ്സാ വഹിക്കലും വിരോധനകളെ വെടിയലുമാണ് ഓരോ അടിമയും ചെയ്യേണ്ടതെന്ന് ഇസ്ലാം നിശ്കര്‍ഷിക്കുന്നു. നന്മകള്‍ക്ക് പ്രതിഫലം തിന്മകള്‍ക്ക് ശിക്ഷയുമുണ്ടെന്ന ഓര്‍മപ്പെടുത്തലുമായി സ്രഷ്ടാവിന്‍റെയും പ്രവാചകരുടെയും ധാരാളം വചനങ്ങള്‍ കാണാന്‍ സാധിക്കും. നന്മയില്‍ നിന്ന് തെന്നി മാറാതിരിക്കാനുള്ള മുന്നറിയിപ്പുകളായി നമുക്കീ ശിക്ഷാ രീതികളെ മനസ്സിലാക്കാം.
ഇസ്ലാമിന്‍റെ രാഷ്ട്രസങ്കല്‍പ്പം മഹത്തരമാണ്. മദീനാ ചാര്‍ട്ടര്‍ എന്നറിയപ്പെടുന്ന ഇസ്ലാമിക രാഷ്ട്രസങ്കല്‍പ്പത്തില്‍ ഭരണകാര്യങ്ങളെക്കുറിച്ചും നിയമ നിര്‍വ്വഹണത്തെക്കുറിച്ചും വ്യഇസ്ലാമിന്‍റെ രാഷ്ട്രസങ്കല്‍പ്പം മഹത്തരമാണ്. മദീനാ ചാര്‍ട്ടര്‍ എന്നറിയപ്പെടുന്ന ഇസ്ലാമിക രാഷ്ട്രസങ്കല്‍പ്പത്തില്‍ ഭരണകാര്യങ്ങളെക്കുറിച്ചും നിയമ നിര്‍വ്വഹണത്തെക്കുറിച്ചും വ്യക്തമായ ദര്‍ശനങ്ങളുണ്ട്. മുത്തു നബി (സ്വ) യും ഖുലഫാഉം ഭരണം നടത്തിയത് ഇത്തരം ദര്‍ശനങ്ങളിലൂന്നിയായിരുന്നു. പുണ്യമതത്തില്‍ കര്‍മശാസ്ത്രത്തിന്‍റെ ഒരു ഭാഗമായി തന്നെ ‘ജിനായത്തു വല്‍ഹുദൂദ് ‘ (കുറ്റകൃത്യങ്ങളും ശിക്ഷാ മുറകളും ) എണ്ണപ്പെടുന്നു. ഇസ്ലാം അക്രമണപ്രവര്‍ത്തനങ്ങളില്‍ തുല്യമായ പ്രതിക്രിയ (ഖിസാസ്) അനുവദനീയമാക്കുന്നുണ്ട്. ഇതു സംബന്ധിച്ചുള്ള ഖുര്‍ആനിക പ്രഖ്യാപനം ഇങ്ങനെ വായിക്കാം. ‘സത്യവിശ്വാസികളേ… കൊലചെയ്യപ്പെടുന്നവരുടെ കാര്യത്തില്‍ തുല്യ ശിക്ഷ നടപ്പാക്കുക എന്നത് നിങ്ങള്‍ക്ക് നിയമമാക്കപ്പെട്ടിരിക്കുന്നു. സ്വതന്ത്രനുപകരം സ്വതന്ത്രനും അടിമക്കു പകരം അടിമയും സ്ത്രീക്കു പകരം സ്ത്രീയും കൊല്ലപ്പെടേണ്ടതാണ് ‘(സൂറ: അല്‍ ബഖറ, 178)
ഐഹികവും പാരത്രികവുമായ കാര്യങ്ങള്‍ നേരെ ചൊവ്വേ നടക്കണമെങ്കില്‍ ചില കാര്യങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ശരീരം, മതം, കുടുംബം, ബുദ്ധി, സമ്പത്ത് എന്നിവകള്‍ സംരക്ഷിക്കപ്പെടുമ്പോഴാണ് ഇരു ലോക ജീവിതം സമാധാന പൂര്‍ണ്ണമാകുന്നത്. ശരീരത്തിനുള്ള സംരക്ഷണ കവചമായാണ് ഇസ്ലാം ഖിസാസിനെ (പ്രതിക്രിയ) അനുവദനീയമാക്കുന്നത്. ദീനിന്‍റെ സംരക്ഷണമായാണ് സത്യമതത്തെ ഉപേക്ഷിച്ചവര്‍ക്ക് (മുര്‍തദ്ദ്) ശിക്ഷ ഏര്‍പ്പെടുത്തിയത്. കുടുംബത്തിന്‍റെ സംരക്ഷണാര്‍ത്ഥം വ്യഭിചാരത്തിനും ബുദ്ധിയുടെ സംരക്ഷണാര്‍ത്ഥം മദ്യ സേവക്കും സമ്പത്തിന്‍റെ സംരക്ഷണാര്‍ത്ഥം മോഷണത്തിനും ശിക്ഷകള്‍ ഏര്‍പ്പെടുത്തിയതായി ഫിഖ്ഹീ ഗ്രന്ഥങ്ങള്‍ രേഖപ്പെടുത്തുന്നുണ്ട്. ഇത്തരം പ്രതി ക്രിയകളിലൂടെ മതം ലക്ഷ്യമിടുന്നതെന്താണെന്നും ഖുര്‍ആന്‍ രേഖപ്പെടുത്തുന്നു.’തുല്യമായ പ്രതിക്രിയയില്‍ ആണ് നിങ്ങളുടെ ജീവിതത്തിന്‍റെ നിലനില്‍പ്പ് ‘ (അല്‍ ബഖറ, 179) പ്രതിക്രിയയിലൂടെ ഇസ്ലാം ലക്ഷ്യമിടുന്നത് ശിക്ഷയെക്കുറിച്ച് ബോധ്യം വന്നവര്‍ ഉദ്യമത്തില്‍ നിന്ന് പിന്‍മാറുന്നത് വഴി ധാരാളം ആളുകള്‍ രക്ഷനേടുമെന്നതാണ്. ജീവിതത്തില്‍ സൂക്ഷ്മത് പാലിക്കാനാണ് ഇത്തരം കല്‍പ്പനകളെന്നും ഖുര്‍ആന്‍ പറഞ്ഞുവെക്കുന്നുണ്ട്. ഇസ്ലാമിന്‍റെ ശിക്ഷാ രീതികളെ ക്രൂരമെന്ന് വിധിയെഴുതുന്നവരെ തിരുത്തുകയാണ് വിശുദ്ധ ഗ്രന്ഥം. സാമൂഹ്യദ്രോഹികള്‍ക്ക് മാതൃകാപരമായ ശിക്ഷകള്‍ നല്‍കല്‍ കൊണ്ടല്ലാതെ സ്വൈര ജീവിതം ഉറപ്പു വരുത്തുക സാധ്യമല്ലെന്ന് കാലം തെളിയിച്ചു കഴിഞ്ഞു.
പുതിയകാലത്തെ നീതിന്യായ വ്യവസ്ഥിതികള്‍ പുന:പരിശോധനയും തിരുത്തലുകളും ആവശ്യപ്പെടുമ്പോള്‍ ഇസ്ലാമിന്‍റെ ശിക്ഷാരീതികള്‍ യാതൊരു ഭേദഗതിയും കൂടാതെ അചഞ്ചലമായി നിലകൊള്ളുകയാണ്. കാരണം സത്യമതത്തിന്‍റെ വിധികള്‍ അല്ലാഹുവില്‍ നിന്നുള്ളതാണ്. ഇത് ഖുര്‍ആന്‍ ഉദ്ഘോഷിക്കുന്നുണ്ട്. ‘വിധി അല്ലാഹുവിന്‍റേതല്ലാതെ ആരുടേതുമല്ല.’ (അന്‍ആം, 57) വിധി അല്ലാഹുവിന്‍റേതെന്നു വരുമ്പോള്‍ തിരുത്തല്‍ വേണ്ടെന്നതു വ്യക്തം. മറ്റു താല്‍പര്യങ്ങള്‍ക്കുവേണ്ടി വിധികളെ മാറ്റി മറിക്കരുതെന്ന് ഖുര്‍ആന്‍ മുന്നറിയിപ്പ് നല്‍കുന്നുമുണ്ട്. ‘അവര്‍ക്കിടയില്‍ അല്ലാഹു ഇറക്കിയതെന്തോ അതു കൊണ്ട് നീ വിധിക്കുക അവരുടെ ഇഷ്ടങ്ങളെ നീ അനുഗമിക്കരുത്.’ (മാഇദ. 49)
മാഇസ് (റ)വുമായി ബന്ധപ്പെട്ട സംഭവത്തിലാണ് ആദ്യമായി പ്രതിക്രിയ നടപ്പിലാക്കുന്നതെന്ന് ചരിത്ര ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. റസൂല്‍ (സ്വ) കൃത്യമായ വിചാരണക്കു ശേഷം ശിക്ഷ വിധിക്കുകയും പാപമുക്തനായി മാഇസ് സ്വര്‍ഗത്തിലാണെന്നു പ്രഖ്യാപിക്കുകയുംചെയ്തു. റസൂല്‍ (സ്വ)യും പ്രിയ അനുചരരും നീതി നിര്‍വ്വഹണത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തിയവരായിരുന്നു. ഇമാമുല്‍ അഅ്ളമിനു കീഴില്‍ ഭരിക്കപ്പെടുന്ന രാഷ്ട്രത്തില്‍ ഭരണാധികാരിയും ഭരണീയരും എങ്ങനെ വര്‍ത്തിക്കണമെന്ന റസൂല്‍ (സ്വ)യുടെ അധ്യാപനങ്ങള്‍ പുതുകാല സാഹചര്യത്തില്‍ ഏറെ പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നു. നീതിമാനായ ഭരണാധികാരിയെ അനുസരിക്കാന്‍ അല്ലാഹു കല്‍പ്പിക്കുന്നുണ്ട്.’വിശ്വാസികളേ അല്ലാഹുവിനേയും പ്രവാചകരേയും നിങ്ങളില്‍ നിന്ന് വരുന്ന കാര്യ കര്‍ത്താക്കളേയും നിങ്ങള്‍ അനുസരിക്കുക.’ (നിസാഅ്, 59) ഭരണാധികാരികളെ അനുസരിക്കാന്‍ മുത്ത് നബിയും ആഹ്വാനം ചെയ്യുന്നത് കാണാം. ‘ആര് അമീറിനെ അനുസരിച്ചോ അവന്‍ എന്നെ അനുസരിച്ചു. ആര് അമീറിനോട് അനുസരണക്കേട് കാണിച്ചോ അവന്‍ എന്നോട് അനുസരണക്കേട് കാണിച്ചു. അറിയുക !! നേതാവ് ഒരു പരിചയാണ്. അതിന്‍റെ പിന്നില്‍ നിന്നു കൊണ്ട് പൊരുതുകയും അത് കൊണ്ട് സ്വയം സംരക്ഷിക്കുകയും ചെയ്യുന്നു (ബുഖാരി, മുസ്ലിം).’ ‘തന്‍റെ കൈയ്യും നെഞ്ചും നല്‍കി ഇമാമിന് അനുസരണ പ്രതിജ്ഞ ചെയ്തവന്‍ അവനു കഴിയുവോളം അദ്ദേഹത്തെ അനുസരിക്കട്ടെ. ആരെങ്കിലും ഇമാമിന്‍റെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ ആ ശ്രമിക്കുന്നവന്‍റെ കഴുത്ത് അവനൊടിക്കട്ടെ (മുസ്ലിം)’ തന്‍റെ അധ്യാപനങ്ങളിലൂടെ ഭരണ കര്‍ത്താവിനെ അനുസരിക്കാന്‍ പ്രജകളെ പാകപ്പെടുത്തുകയായിരുന്നു പുണ്യ റസൂല്‍ (സ്വ).
നീതി നിര്‍വ്വഹണം ഇമാമിന്‍റെ കര്‍ത്തവ്യമാണ്. നീതിക്കൊപ്പം നില്‍ക്കണമെന്ന് ഖുര്‍ആന്‍ ഓര്‍മപ്പെടുത്തുന്നു. ‘നിശ്ചയം അല്ലാഹു നീതിക്കും നന്മ ചെയ്യലിനും ബന്ധുക്കള്‍ക്കുനല്‍കാനും ഉത്തരവിറക്കുന്നു. നികൃഷ്ടവും അക്രമവും നിരോധിക്കുന്നു. (നഅ്ല്, 90)’ നിങ്ങള്‍ക്കിടയില്‍ വിധി നടത്തുന്നവന്‍ നീതി നടപ്പാക്കിക്കൊള്ളട്ടെ (നിസാഅ്, 59) ഇതിനു പുറമെ ധാരാളം ഹദീസുകളും നീതി പൂര്‍വ്വം ഭരണം നടത്താന്‍ ആഹ്വാനം ചെയ്യുന്നുണ്ട്. നീതിമാനായ ഭരണാധികാരികള്‍ക്ക് അര്‍ശിന്‍റെ തണല്‍ ലഭിക്കുമെന്നും മറിച്ചാണെങ്കില്‍ സ്വര്‍ഗീയ വാസന പോലും അവനു ലഭിക്കില്ലെന്നും മുത്തു നബി പഠിപ്പിക്കുന്നു.

നീതിയുടെ ഇസ്ലാമിക മാതൃകകള്‍
തിരുറസൂലിന്‍റെയും സ്വഹാബത്തിന്‍റെയും ജീവിതങ്ങളില്‍ നിന്ന് ധാരാളം നീതി പാഠങ്ങള്‍ നമുക്ക് കണ്ടെത്താനാകും.മഖ്സൂമി കുടുംബത്തില്‍ പെട്ട ഒരു സ്ത്രീ മോഷണക്കുറ്റം ചെയ്യുകയും അവള്‍ക്ക് ശുപാര്‍ശയുമായി തന്‍റെ ഇഷ്ട സ്നേഹിതന്‍ ഉസാമത് ബ്നു സൈദ് (റ) റസൂല്‍ (സ്വ) യെ സമീപിക്കുകയും ചെയ്ത സന്ദര്‍ഭത്തില്‍ അവിടുന്ന് നടത്തിയ പ്രഖ്യാപനം ലോക പ്രസിദ്ധമായിതീര്‍ന്നിരിക്കുകയാണ്. ‘ശിക്ഷ ഉപേക്ഷിക്കണമെന്നാണോ പറയുന്നത് മുഹമ്മദിന്‍റെ മകള്‍ ഫാത്വിമ മോഷ്ടിച്ചാലും ഞാന്‍ അവളെ ശിക്ഷിക്കും’ നീതി നിര്‍വ്വഹണത്തില്‍ ജാഗ്രത കാണിച്ച പുണ്യ ഹബീബ് (സ്വ) ആയിശാ ബീവി (റ) ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തിയ മിസ്ത്വാഹ് ബ്നു ഉസാസത്ത് (റ) ഹസ്സാനു ബ്നു സാബിത്ത് (റ) ഹംനത് ബിന്‍ത് ജഹ്ഷ് (റ) എന്നിവരില്‍ ശിക്ഷ നടപ്പാക്കാന്‍ മടികാണിച്ചില്ല. മറ്റൊരു സന്ദര്‍ഭത്തില്‍ തന്‍റെ ഇടയനെ വധിച്ച ഉഖൈല്‍, ഉയ്നത് ഗോത്രത്തില്‍ പെട്ട സംഘത്തെ തുല്യ ശിക്ഷ നടപ്പാക്കി റസൂല്‍ (സ്വ) നീതിയെന്തെന്ന് ലോകത്തിന് കാണിച്ചു കൊടുക്കുകയായിരുന്നു. നീതി ബോധത്തെക്കുറിച്ച് അവിടുന്ന് നടത്തിയ പ്രഖ്യാപനം ഭരണകര്‍ത്താക്കള്‍ക്കുള്ള താക്കീതാണ്. ‘ഞാന്‍ നീതി പാലിച്ചില്ലെങ്കില്‍ മറ്റാരാണ് നീതി പാലിക്കുക. നീതി പാലിച്ചിട്ടില്ലായിരുന്നെങ്കില്‍ ഞാന്‍ പരാജയപ്പെട്ടുപോകുമായിരുന്നു. നീതി നിര്‍വ്വഹണത്തില്‍ അശ്രദ്ധരായവരെ തിരുത്താനും മുത്ത് നബി (സ്വ) കല്‍പിക്കുന്നുണ്ട്. “നേര്‍മാര്‍ഗത്തില്‍ നിന്ന് വ്യതിചലിക്കുന്ന ഭരണകൂടത്തിന്‍റെ മുമ്പില്‍ സത്യം തുറന്ന് പറയലാണ് ഏറ്റവും ശ്രേഷ്ഠമായ ജിഹാദ്” (അബൂദാവൂദ്, തുര്‍മിദി) ഈയൊരു അഭിപ്രായ സ്വാതന്ത്ര്യമാണ് സദസ്സില്‍ നിന്ന് ‘നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കണമെന്ന്’ ഒരാള്‍ പറഞ്ഞപ്പോള്‍ ഉമര്‍ (റ) പതറാതെ സ്വാഗതം ചെയ്യാന്‍ കാരണം. ശൈഖ് ഇസ്സുദ്ദീനുബ്നു അബ്ദുസ്സലാം തെറ്റ് ചൂണ്ടിക്കാണിച്ചപ്പോള്‍ ഉള്‍ക്കൊള്ളാന്‍ സുല്‍ത്താന്‍ അഷ്റഫിനെ പ്രാപ്തനാക്കിയതും മറ്റൊന്നല്ല.
തിരുനബിയുടെ അനുചരര്‍ എത്ര കണ്ട് നീതി ബോധമുള്ളവരായിരുന്നുവെന്ന് മനസ്സിലാക്കാന്‍ ചില ചരിത്രങ്ങള്‍ കൂടി പരിശോധിക്കാം. മുത്ത് നബി (സ്വ) മുആദ് ബ്നു ജബലിനെ ഗവര്‍ണര്‍ നിയോഗം നല്‍കി പറഞ്ഞയക്കുമ്പോള്‍ ചോദിക്കുന്നത് ജനങ്ങള്‍ക്കിടയില്‍ നീ എങ്ങനെ വിധിക്കുമെന്നാണ് അല്ലാഹുവും അവന്‍റെ റസൂലും കല്‍പ്പിച്ചതിനനുസരിച്ച് വിധിക്കുമെന്ന് മുആദ് (റ) പ്രതികരിക്കുകയും ചെയ്തു. ഉമര്‍ (റ) വിന്‍റെ കോടതിയില്‍ അലി (റ) വും ജൂതനും തമ്മിലുള്ള പ്രശ്നത്തില്‍ വിധി പറയുമ്പോള്‍ തന്നെ ഓമനപ്പേരില്‍ അബുല്‍ ഹസന്‍ എന്ന് വിളിച്ച ഉമര്‍ (റ) വിനെ അലി (റ) തിരുത്തുന്നത് കാണാം. ‘അങ്ങില്‍ നിന്ന് എന്‍റെ എതിര്‍ കക്ഷിക്ക് അല്‍പം അനീതി കിട്ടിയതില്‍ എനിക്ക് രോഷമുണ്ട്. ഞങ്ങള്‍ ഇരുവരുടേയും പേര് വിളിക്കുന്നതില്‍ നീതിയുടെ ത്രാസ് നേരെ പിടിച്ചില്ലെന്ന് സവിനയം അറിയിക്കട്ടെ’.
മറ്റൊരു സന്ദര്‍ഭത്തില്‍ റോം സാമ്രാജ്യത്തിലെ രാജകുടുംബാംഗമായ ജുബൂലത് ബ്നുല്‍ അയ്ഹം എന്നയാളുമായി ബന്ധപ്പെട്ട കേസില്‍ ജുബുലത് തന്‍റെ അധികാര ശ്രേണി സൂചിപ്പിച്ചപ്പോള്‍ ഉമര്‍ (റ) നീതിയുടെ പ്രഖ്യാപനം നടത്തുന്നുണ്ട്. ‘ഇസ്ലാം നിങ്ങള്‍ക്കിടയില്‍ സമീകരണം നടത്തിയിരിക്കുന്നു. ഇനി രാജാവും അല്ലാത്തവനും തുല്ല്യമാണ് ‘. ഈജിപ്തിലെ ഗവര്‍ണറായിരുന്ന അംറുബ്നുല്‍ ആസ്വ് (റ) മസ്ജിദ് പണിയാന്‍ തന്‍റെ സ്ഥലം കൈയ്യേറിയെന്ന് ഒരു വൃദ്ധ പരാതിപ്പെട്ടപ്പോള്‍ അംറുല്‍ ആസ്വ് (റ) വിലേക്ക് ഒരു ഓട്ടിന്‍ കഷ്ണത്തില്‍ ചരിത്ര പ്രസിദ്ധമായ നീതിയുടെ വിജ്ഞാപനം ഉമര്‍ (റ) എഴുതി കൊടുത്തയക്കുന്നുണ്ട്. ” നാം നീതിമാനായ അനുശിര്‍വാന്‍ ചക്രവര്‍ത്തിയേക്കാള്‍ നീതിയുമായി ബന്ധപ്പെട്ടവരാണ് എന്ന് പ്രഖ്യാപിക്കുകയായിരുന്നു ധീര ഉമര്‍ (റ). ഈ തുല്യതയില്ലാത്ത നീതി ബോധമാണ് ഉമറിന്‍റെ ഭരണമാണ് ഇന്ത്യക്കാവശ്യമെന്ന് പറയാന്‍ ഗാന്ധിജിയെ പ്രേരിപ്പിച്ചതെന്ന് വ്യക്തം.
മുത്തു നബിയും പ്രിയ അനുചരരും പഠിപ്പിച്ച നീതിയുടെ പാഠങ്ങളാണ് നവ ലോക ക്രമത്തിന് ഏറ്റവും അനുഗുണമെന്ന് കാലം തെളിയിച്ചു കഴിഞ്ഞു. ഇസ്ലാമിന്‍റെ ഭരണ വ്യവസ്ഥകളും നീതി ന്യായ വ്യവസ്ഥിതികളും അവലംബിക്കാന്‍ വ്യഗ്രത കാണിക്കുന്നവര്‍ പ്രോജ്ജ്വലിപ്പിക്കുന്നത് ഇസ്ലാമിന്‍റെ സമഗ്രതയെയാണ്.

Write a comment