Posted on

ആരാണ് കലാമൂല്യങ്ങളെ കരിച്ചു കളയുന്നത്?

മാപ്പിള കലകളൊക്കെ ഉറവെടുത്തത് ശുദ്ധമായ ആത്മീയ ആവിഷ്കാരമായിട്ടാണ്. കലയെയും സാഹിത്യത്തെയും നെഞ്ചിലേറ്റിയ ഒരു സമൂഹം അതിജീവനത്തിന്‍റെ ഉപാധിയായിട്ടാണ് അതിനെ കണ്ടത്. മാപ്പിള കലകളായി അറിയപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യുന്നതിലൊക്കെയും പ്രതാപത്തിന്‍റെയും പൈതൃകത്തിന്‍റെയും കയ്യൊപ്പ് ചാര്‍ത്തപ്പെട്ടിട്ടുണ്ട്. പാട്ടും പടപ്പാട്ടും അറബനയും ദഫ്മുട്ടും ഒപ്പനയുമൊക്കെ അങ്ങനെത്തന്നെ. ഇന്ത്യയുടെ ഇങ്ങേ അറ്റത്ത് ചരിത്രപരമായി ഏറെ സവിശേഷതകള്‍ നിറഞ്ഞ മലബാറിനെ കേന്ദ്രീകരിച്ചാണ് കലയും സാഹിത്യവും പരിണമിച്ചതും വികാസം പ്രാപിച്ചതും. മലബാറിന്‍റെ പ്രത്യേക സാഹചര്യവും അറേബ്യന്‍ നാടുകളുമായുള്ള വ്യവഹാരങ്ങളും മുഖേന രൂപപ്പെട്ട അറബിമലയാള ഭാഷയിലൂടെയാണ് മാപ്പിള സാഹിത്യത്തിന്‍റെ വികാസം നടന്നത്. അക്ഷരാവിഷ്കാരങ്ങളുടെ വികാസത്തിനൊപ്പം ശാരീരിക കലയിലും വലിയ മുന്നേറ്റമുണ്ടായതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. ആത്മീയോന്നതിക്കായി രചിക്കപ്പെട്ട മാപ്പിളകൃതികള്‍ വൈദേശികാധിനിവേശത്തോടെ അധിനിവേശ വിരുദ്ധസാഹിത്യത്തിന്വഴി തുറന്നു. ഈ ഘട്ടത്തിലൊക്കെ മാപ്പിള സാഹിത്യത്തിനും കലാരൂപങ്ങള്‍ക്കും തീര്‍ത്തും ആത്മീയമാനങ്ങളുണ്ടായിരുന്നു. മാപ്പിളപ്പാട്ടുകള്‍ ഈണത്തിലും താളത്തിലും ഉന്നതരെ പുകഴ്ത്തിപ്പാടി ആത്മീയാവേശം കൊള്ളിച്ചപ്പോള്‍, മാലപ്പാട്ടുകളും പടപ്പാട്ടുകളും മഹാരഥന്‍മാരുടെ ജീവിതദര്‍ശനങ്ങളും പോരാട്ടാവേശവും കുറവുവരുത്താതെത്തന്നെ മാപ്പിളപ്പാട്ട് ആസ്വദിച്ചു. ഈ ആസ്വാദനമാണ് ഒരു കാലത്തെ മാപ്പിളയുടെ ജീവിതവും കാഴ്ചപ്പാടുകളുമായി മാറിയിരുന്നത്.
സമ്പന്നമായൊരു ഭൂതകാലത്തിന്‍റെ അനന്തരാവകാശികളാണ് മാപ്പിള മുസ്ലിംകളെന്ന് ഒരുപക്ഷെ ഇന്നത്തെ പുതുതലമുറ ചിന്തിച്ചെന്നു വരില്ല. ഭൗതികമായി മാപ്പിള മുസ്ലിം ഒരുപാട് നേടിയപ്പോള്‍ ബൗദ്ധികമായി പലതും ചോര്‍ന്നുപോയത് അവന്‍ അറിഞ്ഞില്ല. അല്ലെങ്കില്‍ അറിഞ്ഞിട്ടും മനപൂര്‍വ്വം മുഖം തിരിച്ചു. എന്തായിരുന്നാലും അവന്‍ കൈവിട്ടത് മഹത്തായൊരു സംസ്കൃതിയുടെ സമ്പന്നമായ ഇന്നലെകളെയായിരുന്നു. സമൂഹത്തെ മൊത്തത്തില്‍ ബാധിച്ച അരക്ഷിതാവസ്ഥയും അമിതമായ ഭൗതികഭ്രമവും തന്നെയാണ് മാപ്പിള സാഹിത്യസംസ്കാരത്തെയും ബാധിച്ചത്. ഇതരന്‍റെ ദുഃഖവും സന്തോഷവും തന്‍റേതുമായിക്കണ്ടിരുന്ന സഹാനുഭൂതിയുള്ള, മനസ്സുറപ്പുള്ള മുസ്ലിംകളുണ്ടായിരുന്നു ഒരു കാലത്ത്. ഈ സംസ്കാരത്തിന് ശോഷണം സംഭവിച്ചതു മുതല്‍ മാപ്പിള കലകളിലും വിള്ളല്‍ വീണു തുടങ്ങിയെന്നു വേണം മനസ്സിലാക്കാന്‍. എന്തിനെയും ലാഭംകൊയ്യാനുള്ള ഉപാധിയായിക്കാണുന്ന കാലത്ത് മാപ്പിളകലകളെയും സാഹിത്യത്തെയും വിറ്റു കാശാക്കാന്‍ തുടങ്ങിയതു മുതല്‍ അതിലടങ്ങിയിരിക്കുന്ന ആത്മീയത നഷ്ടപ്പെട്ടുവെന്ന് തീര്‍ത്തും പറയാവുന്നതാണ്. എന്തിനെയും വാണിജ്യാടിസ്ഥാനത്തില്‍ കണ്ടാല്‍ പിന്നെ മൂല്യങ്ങള്‍ക്കോ നിര്‍മ്മാണാത്മകമായ മറ്റു ഘടകങ്ങള്‍ക്കോ ഒരു സ്ഥാനവുമില്ലെന്ന് ആരേയും ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ലല്ലോ.
മാപ്പിള കലകളുടെ ഉദ്ഭവവും വികാസ പരിണാമങ്ങളും മഹത്തായ ചരിത്രമൂഹൂര്‍ത്തങ്ങളിലൂടെ കടന്ന് വര്‍ത്തമാന സമൂഹത്തിലെത്തിനില്‍ക്കുമ്പോള്‍ സ്ഥാപിത ലക്ഷ്യങ്ങള്‍ക്കോ താല്‍പര്യങ്ങള്‍ക്കോ ഒരു മുന്‍ഗണനയും കാണുന്നില്ല. മറിച്ച്, തനതായ മാപ്പിള ശൈലികള്‍ക്ക് തീര്‍ത്തും അന്യമായ സകല ആഭാസങ്ങളും അതില്‍ കയറിക്കൂടിയിരിക്കുന്നു. ഈ ക്ഷുദ്രജീവികളെ ആട്ടിയോടിക്കാത്ത കാലത്തോളം പ്രതാപം വീണ്ടെടുക്കുന്നതിനെക്കുറിച്ച് ചിന്തിച്ചു സമയം കളയുന്നതില്‍ അര്‍ത്ഥമില്ല.
മാപ്പിള കലകള്‍ക്ക് വലിയ സാധ്യതയും അംഗീകാരവുമാണുള്ളത്. ഇതര മതസ്ഥര്‍ പോലും ഇന്ന് മാപ്പിളകലകളായ ദഫും അറബനയും പഠിക്കാന്‍ മുന്നോട്ടുവരുന്നു. യുവജനോത്സവങ്ങളില്‍ മുഖ്യവേദിയിലാണ് ഇപ്പോള്‍ അറബന മുട്ടും ഒപ്പനയുമൊക്കെ അവതരിപ്പിക്കപ്പെടുന്നത്.
1977 ലാണ് സംസ്ഥാന സ്ക്കൂള്‍ കലോത്സവത്തില്‍ ആദ്യമായി ദഫ് അവതരിപ്പിക്കപ്പെടുന്നത്. എന്‍റെ പിതാവ് ഉസ്താദ് അഹ്മദ്കുട്ടി മുസ്ലിയാര്‍ക്ക് ഈ രംഗത്ത് അനവധി സംഭാവനകളര്‍പ്പിക്കാന്‍ കഴിഞ്ഞു. മാപ്പിളകലയെയും സംസ്കാരത്തെയും നെഞ്ചിലേറ്റിയ ആ വലിയ മനുഷ്യന്‍റെ ജീവിതത്തിന്‍റെ ഭാഗമായിരുന്നു മാപ്പിള കല. കലര്‍പ്പില്ലാത്ത ഈരടികളും അഹംഭാവമില്ലാത്ത കലാസൃഷ്ടികളും അവതരിപ്പിക്കുന്നതില്‍ അദ്ദേഹം ബദ്ധശ്രദ്ധനായി. അദ്ദേഹം ആവാഹിച്ച ഊര്‍ജ്ജത്തിന്‍റെ അംശങ്ങളാണ് ഞങ്ങളുടെ ജീവിതത്തിന് ഇപ്പോഴും വെളിച്ചം പകരുന്നത്. ആ സംസ്കാരത്തില്‍ കൈകടത്തല്‍ നടത്തിക്കൂടാ. സംസ്കാരം നഷ്ടപ്പെട്ടിടങ്ങളിലൊക്കെ മൂല്യച്യുതി സംഭവിച്ചിട്ടുണ്ട്. ഇതില്‍നിന്നാണല്ലോ സകല അധാര്‍മ്മികതയും ഉടലെടുത്തത്. അടിസ്ഥാനപരമായി മാപ്പിള കലയുടെ തനിമ നിലനില്‍ക്കുന്നുണ്ടെങ്കിലും ഇന്ന് അതിനെ പ്രതിനിധീകരിക്കുന്നവരും ചൊല്ലിപ്പഠിപ്പിക്കുന്നവരും എത്രമാത്രം അതിനൊക്കെ യോഗ്യരാണെന്ന് പുനഃപരിശോധിക്കേണ്ടതാണ്. പരിജ്ഞാനമില്ലാത്ത പരിശീലകരും അതിനെ തൊണ്ടതൊടാതെ വിഴുങ്ങുന്ന ആസ്വാദകരും മാപ്പിള സംസ്കാരത്തിന്‍റെ ശാപമാണ്. സ്കൂള്‍ കലോത്സവങ്ങളിലും മറ്റു പൊതുസമൂഹം ശ്രദ്ധിക്കുന്ന ഇതര പരിപാടികളിലും ഇത്തരക്കാരെയാണ് മാപ്പിള കലകളുടെ മോഡേണ്‍ മോയിന്‍കുട്ടി വൈദ്യരായി എണ്ണപ്പെടുന്നത്. കലാബോധം പോയിട്ട് പ്രൈസ്മണിയില്‍മാത്രം കണ്ണും നട്ടിരിക്കുന്ന ഇത്തരം നട്ടെല്ലില്ലാത്ത കലാകാരന്‍മാര്‍ വലിയ കുലപതികളായി യുവജനോത്സവങ്ങളില്‍ അനാവശ്യമായി വിവാദങ്ങള്‍ക്ക് മുതിരാറുണ്ട്. കലയാണെങ്കില്‍ അംഗീകരിക്കപ്പെട്ടിരിക്കും. കൃത്രിമമായി എന്തെങ്കിലും കാട്ടിക്കൂട്ടി വേദി വാണശേഷം അപ്പീലിനു വന്ന് അനാവശ്യ ഇടപെടലുകള്‍ നടത്തുന്ന ഒരു പിടി കപടകലാകാരന്‍മാരെ തിരിച്ചറിയാതെ പോവരുത്. അവര്‍ പരിശീലിപ്പിക്കപ്പെടുന്നതില്‍ തെറ്റിക്കുകയല്ലാതെ മറ്റെന്താണ് ഇതിന്‍റെയൊക്കെ ഫലം. ഈ ആഭാസങ്ങളെ നാമെന്തിനു പിന്തുണക്കണം. മാപ്പിള കലകള്‍ ചിലര്‍ക്ക് ആടിത്തിമിര്‍ക്കാനുള്ളതല്ല. മറിച്ച് തന്‍റെ മുന്‍ഗാമികള്‍ ജീവിതത്തിന്‍റെ പ്രതിസന്ധികളെ അതിജീവിക്കാന്‍ വഴി കണ്ടെത്തിയ ഉപാധിയാണെന്ന് ചുരുക്കത്തില്‍ മാപ്പിളയെങ്കിലും മനസ്സിലാക്കേണ്ടേ?. സാംസ്കാരികാധിനിവേശം നടത്തി മുസ്ലിം സമൂഹത്തിന്‍റെ മനോവീര്യം കെടുത്തുന്നതില്‍ വിജയിച്ച നമ്മുടെ ശത്രുക്കള്‍ ഇശാമഗ്രിബിനിടയിലെ മാലപ്പാട്ടില്‍ നിന്ന് നമ്മെ ടെലിവിഷന്‍റിമോട്ട് നിയന്ത്രണത്തിലെത്തിച്ചപ്പോഴും നാം ആവലാതി പറയുകയായിരുന്നു, ഇസ്ലാമിന്‍റെ ശത്രുക്കള്‍ തക്കം പാര്‍ത്തിരിക്കുന്നുവെന്ന്. സ്വയം വിലയിരുത്താതെ കയ്യിലുള്ള പൈതൃകസ്വത്തെല്ലാം കൈവിട്ടു പോയിട്ട് ഇങ്ങനെ ആവലാതിപ്പെട്ടാല്‍ അതിന്‍റെ ഫലം വെള്ളത്തിലെഴുതിയതിന് തുല്യമാണ്.
സര്‍ക്കാരിനു കീഴില്‍ ഇത്തരം പാരമ്പര്യ കലകളെ സംരക്ഷിക്കാനും പരിപോഷിപ്പിക്കാനും പല പദ്ധതികളുമുണ്ട്. പക്ഷെ, അതിന്‍റെ കാര്യക്ഷമത തീര്‍ത്തും ആശങ്കാജനകമാണ്. അക്കാഡമിക് ലെവലില്‍ ഇതിനെ സമീപിക്കാന്‍ സര്‍ക്കാറിന്‍റെ ഭാഗത്തു നിന്ന് ഒരു നീക്കവും നടന്നിട്ടില്ല. കൊണ്ടോട്ടിയിലെ മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക കേന്ദ്രത്തില്‍ മാപ്പിള കലാപരിശീലനം നടക്കുന്നു. കേവലം ഇരുപത് ദിവസമാണതിന്‍റെ കോഴ്സ് കാലാവധി. വിശാലമായ ഈ കലകളെക്കുറിച്ച് ഈ ഇരുപതു ദിവസംകൊണ്ട് എന്തു നേടാന്‍ എന്ന് അതിശയോക്തിയോടെത്തന്നെ ചോദിക്കാം. കാരണം വൈവിധ്യമായ ഈ കലാശാഖ പരിചയപ്പെടാന്‍ തന്നെ സമയം വേണം. അതില്‍ നിന്നുമാറി മാപ്പിളകലകളെ റെഗുലറായി പഠിപ്പിക്കാനുള്ള സംവിധാനത്തിനുള്ള സമ്മര്‍ദ്ധങ്ങള്‍ നടക്കേണ്ടിയിരിക്കുന്നു. ഇത് പരിശീലിപ്പിക്കാന്‍ നമ്മുടെ നാട്ടില്‍ വലിയ ആചാര്യന്‍മാര്‍ തന്നെ ഉണ്ടായിരിക്കെ ഈ മുറിയന്‍മാരെ വെച്ചു ഒപ്പിക്കുന്നത് നഹ്വ് പഠിക്കാതെ കിതാബോതുന്നതിന് സമാനമായിരിക്കും.
കലാകാരന്മാരെയും സാഹിത്യകാരന്മാരെയും വാര്‍ത്തെടുക്കുന്നതിനായി പല സംരഭങ്ങളുമുണ്ട്. ശില്‍പ്പശാലകള്‍ മുതല്‍ അക്കാദമിക് രീതിയിലുള്ള കോഴ്സുകള്‍ വരെ അക്കൂട്ടത്തിലുണ്ട്. യഥാര്‍ത്ഥത്തില്‍ ഇത്തരം സംരഭങ്ങളിലൂടെ ഒരു കലാകാരനെ വായിച്ചെടുക്കാന്‍ കഴിയുമോ? ബോധപൂര്‍വ്വമായ പരിശ്രമത്തിലൂടെ ആരെങ്കിലും കലാകാരനാകുന്നുണ്ടോ?
സര്‍ഗ്ഗ സിദ്ധി ഒരനുഗ്രഹമാണ്. സര്‍ഗ്ഗാത്മകതയുടെ ബീജം അന്തര്‍ലീനമായിരിക്കുന്ന മനസ്സുകളിലൂടെയാണ് കലാകാരന്‍ ജനിക്കുന്നത്. കലയുടെ സത്ത ഒരു മനസ്സില്‍ നട്ടു വളര്‍ത്തുക തികച്ചും അസാധ്യമായിരിക്കും. സര്‍ഗാത്മകതയുടെ അമൂര്‍ത്ത രൂപങ്ങള്‍ പൂര്‍ണ്ണത പ്രാപിച്ച കലയായി രൂപാന്തരപ്പെടുന്നത് ചുറ്റുപാടുമുള്ള സംവാദത്തിലൂടെയും സമ്പര്‍ക്കത്തിലൂടെയും മാത്രമാണ്.
സൂര്യപ്രകാശവും, വെള്ളവും വളവുമെല്ലാം പാകിയിരിക്കുന്ന വിത്തിനെ വളരാന്‍ സഹായിക്കുന്നതു പോലെ സര്‍ഗ്ഗ സിദ്ധിയുടെ വിത്ത് കുടിക്കൊള്ളുന്ന മനസ്സിനെ സൃഷ്ടിപ്പെടുത്താന്‍ ബോധപൂര്‍വ്വമായ ബാഹ്യ പ്രേരണകള്‍ക്ക് സാധിക്കും.കലയും സാഹിത്യവും അപഥ സഞ്ചാരം നടത്തുന്ന കാലമാണിത്. അനീതിയുടെ മറുചേരിയില്‍ നിന്നു കൊണ്ട് അധര്‍മ്മത്തിന്‍റെയും മൂല്യ രാഹിത്യത്തിന്‍റെയും അന്ധകാലത്തിലേക്ക് പ്രകാശം ചുരത്തുന്ന തുറന്നു വെച്ച ഒരു വിളക്കുമാടമായിരിക്കണം കലാകാരന്‍.
തങ്ങളുടെ താല്‍പര്യ സംരക്ഷണത്തിന് കലയും സാഹിത്യവും ചൂഷണം ചെയ്യുന്ന രീതി മനുഷ്യ സംസ്കാരത്തിന്‍റെ തന്നെ ഭാഗമായി തീര്‍ന്നിരിക്കുന്നു. മലിനമായ ഈ അന്തരീക്ഷത്തില്‍ സാഹിത്യ ശാഖകളില്‍ പ്രാവീണ്യം നേടി കലാകാരന്മാര്‍ക്ക് സമൂഹത്തോട് ചെയ്യാനുള്ള ധര്‍മ്മങ്ങളെ സംബന്ധിച്ച് ഇളം തലമുറയെ ബോധവാന്മാരാക്കിയാല്‍ ഒരുപക്ഷേ ജീവിതത്തില്‍ ചെയ്യുന്ന വലിയ പുണ്യമായിരിക്കും.
പ്രോത്സാഹിപ്പിക്കാന്‍ ആളുകളില്ലാത്തതിനാല്‍ സാഹിത്യ രംഗത്ത് വളരാന്‍ സാധിക്കാത്തവരുണ്ട്. മഹാ പണ്ഡിതന്മാരായിട്ടും തങ്ങളുടെ വിജ്ഞാന സാഗരത്തിലേക്ക് സമൂഹത്തെ ആകര്‍ഷിക്കാന്‍ കഴിയാത്ത ചിലരുടെ ദുഃഖകരമായ അവസ്ഥ നാം കാണുന്നു. പ്രസംഗിക്കാനും എഴുതാനും പാടാനും വരക്കാനുമുള്ള പരിശീലനവും പ്രോത്സാഹനവും യഥാസമയത്ത് ലഭിക്കാത്തതാണ് കാരണം.
ലക്ഷങ്ങള്‍ ചിലവഴിച്ച് ഏറെ കൊട്ടിഘോഷിച്ച് നടത്തുന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ കുട്ടികളുടെ പ്രതിഭത്വത്തേക്കാള്‍ പണവും പൊങ്ങച്ചവും പദവികളുമാണവിടെ മാറ്റുരക്കപ്പെടുന്നത്. അതുപോലെ കലയെത്തന്നെ മാനഭംഗപ്പെടുത്തും വിധമുള്ള ആഭാസങ്ങളുടെ സംഗമപ്പെട്ടിയായി പലപ്പോഴും അധഃപതിക്കുകയാണ്. അണ്ഡകടാഹത്തിന് ചൂടും വെളിച്ചവും നല്‍കുന്ന സൂര്യബിംബം തന്നെ കെട്ടുപോയാല്‍ ആ കരി ഊതിപ്പിടിപ്പിച്ച് മറ്റൊരു തീക്കെട്ട് സര്‍ഗ്ഗ ശക്തിയുണ്ടാക്കും എന്നാണ് മഹാ കവി ജി. ശങ്കരക്കുറിപ്പ് പറഞ്ഞിട്ടുള്ളത്. സര്‍ഗ്ഗ ശക്തികളുടെ സര്‍ഗ്ഗ ഭൂമിയായ വിദ്യാര്‍ത്ഥി മനസ്സുകള്‍ നൈസര്‍ഗ്ഗികമായ കഴിവുകളെ തെളിയിക്കാന്‍ പറ്റിയ നിലവുമാണ്. ഇത്കൊണ്ടു തന്നെ ഈ രംഗത്തേക്ക് വരാന്‍മടിക്കുന്ന കലാകാരന്മാരെ കണ്ടെത്തി അവരുടെ പ്രതിഭക്ക് തിളക്കം കൂട്ടി ധര്‍മ്മബോധമുള്ള കലാകാരനെ സമൂഹത്തിനു സമര്‍പ്പിക്കുന്നതാകട്ടെ നമ്മുടെ സാഹിത്യോത്സവ്.

Write a comment