Posted on

ഉമര്‍ഖാസി(റ), അനുരാഗത്തിന്‍റെ കാവ്യലോകം

ഞാന്‍ വിദൂരതയിലായിരിക്കുമ്പോള്‍ എന്‍റെ ആത്മാവിനെ അങ്ങയുടെ സവിധത്തിലേക്കയച്ചു. അത് എനിക്കുപകരം അങ്ങയുടെ അന്ത്യവിശ്രമ സ്ഥലം ചുംബിച്ചു വരുന്നു. എന്നാല്‍, ഇപ്പോള്‍ എന്‍റെ ശരീരം തന്നെ ഇതാ തിരുസവിധത്തിലെത്തിയിക്കുന്നു. ആകയാല്‍, അവിടുത്തെ വലതു കരം നീട്ടിത്തരൂ, ഞാനെന്‍റെ ചുണ്ടുകൊണ്ടതിലൊന്ന് മുത്തി സാഫല്യം കൊള്ളട്ടെ…’
പ്രസിദ്ധരായ നാല് ഖുത്വുബുകളില്‍ പ്രധാനിയായ അഹ്മദുല്‍ കബീരിര്‍റിഫാഈ(റ) മദീനയിലെത്തി, തന്‍റെ മനം തുറന്നിട്ട് പാടിയതിങ്ങനെയാണ്.., തിരുസന്നിധാനത്തില്‍ ആവശ്യമുന്നയിച്ചപ്പോള്‍ അവിടുത്തെ തൃക്കരം നീട്ടികൊടുത്തതായി സുപ്രസിദ്ധ ഖുര്‍ആന്‍ വ്യാഖ്യാതാവ് സുലൈമാനുല്‍ ജമല്‍(റ) തന്‍റെ ഹാശിയത്തുല്‍ ഹംസിയ്യയില്‍ വിവരിച്ചിട്ടുണ്ട്. ഇങ്ങനെയുള്ള മഹത്തുകളെ പിന്‍തുടര്‍ന്ന് മനസ്സിന്‍റെ അഗതാരിലെ ആശകളും, ആവശ്യങ്ങളും നിറവേറാന്‍ അനവധി ആശിഖീങ്ങള്‍ നമ്മുടെ മലബാറില്‍ നിന്നും മദീനയിലേക്ക് യാത്ര പോയതായിക്കാണാം.
ഉമര്‍ ഖാസി(റ) ഹിജ്റ 1347-ല്‍ ഹജ്ജ് കര്‍മാനന്തരം റൗളാ ശരീഫ് സിയാറത്തിനെത്തി. പക്ഷേ, വഹാബികളില്‍ നിന്ന് പരിശുദ്ധ ഹറമൈനി തിരിച്ചു പിടിച്ച സുല്‍ത്താന്‍ മഹ്മൂദിന്‍റെ ഭരണകൂടം ചില നിബന്ധനകള്‍ നിശ്ചയിച്ചിരുന്നതിനാല്‍ കാവല്‍ക്കാര്‍ പറഞ്ഞു: ‘പുറത്ത് നിന്ന് സിയാറത്ത് ചെയ്യുക’ എന്നാല്‍, ആ ഹൃദയം ഈ വാക്കുകളത്രയും ഉള്‍ക്കൊള്ളാന്‍ പര്യാപ്തിനേടിയിരുന്നില്ല. തന്‍റെ പ്രിയനില്‍ അലിഞ്ഞ് ചേര്‍ന്ന് റൗളയുടെ പരിമളമാസ്വദിച്ച് ഒന്ന് സന്ദര്‍ശിക്കാന്‍ കാതങ്ങള്‍ അകലെ നിന്ന് സവിധത്തിലെത്തിയപ്പോള്‍ പടിവാതില്‍ കണ്ട് മടങ്ങാനോ? ഒലിച്ചിറങ്ങുന്ന രക്തത്തുള്ളികളെ കണ്ണില്‍ സമാരിച്ച് ആ നാവിന്‍ തുമ്പില്‍ നിന്ന് പദ്യ രൂപേണ പ്രവാചകര്‍(സ്വ)യോടുള്ള സ്നേഹം ഒഴുകാന്‍ തുടങ്ങി….
‘ഉദാരരില്‍ അത്യുദാരരായ തിരുനബിയേ… അങ്ങയുടെ സാമീപ്യമാഗ്രഹിക്കുന്ന ഉമര്‍ അങ്ങയുടെ, സവിധത്തില്‍ ഇതാ നബിയേ…, അങ്ങയുടെ സമീപത്ത് കരഞ്ഞാല്‍ ഔദാര്യകടാക്ഷം ഉണ്ടാവുമെന്ന പ്രതീക്ഷയാല്‍, ഇരു നയനങ്ങളില്‍ നിന്നും ഇരു കവിളിലൂടെയും അശ്രുവൊലിപ്പിച്ചു കൊണ്ടാണ് നില്‍പ്പ്’
ഒരു കുളിര്‍കാറ്റിന്‍റെ ഇളം തണുപ്പോടു കൂടെ ആ നേര്‍ത്ത വരികള്‍ റൗളയുടെ കവാടങ്ങളില്‍ മെല്ലെ തലോടി.. എന്തെന്നില്ലാത്ത ആവേശം, പരിസരം മുഴുവന്‍ അറേബ്യന്‍ സാഹിത്യത്തിന്‍ നിരുപമ സൗന്ദര്യം വഴിഞ്ഞൊഴുകുന്ന കാവ്യമധുവില്‍ കരഞ്ഞു.. കേട്ടുനിന്നവരുടെ കണ്ണുകളറിയാതെ പേമാരി വര്‍ഷിപ്പിച്ചുകൊണ്ടിരുന്നു. ആ പ്രവാഹത്തില്‍ റൗളയുടെ കവാടങ്ങള്‍ മലര്‍ക്കെ തുറന്ന് പ്രിയഹബീബ്(സ്വ)യുടെ ഇഷ്ട സ്നേഹിതനെ സല്‍ക്കരിക്കാന്‍ തിടുക്കം കൂട്ടുകയാണുണ്ടായത്., കഴിയില്ല.. അവ നിര്‍ജീവ വസ്തുവാണെങ്കില്‍ പോലും റസൂല്‍(സ്വ)യുടെ വിരുന്നുകാരനെ സല്‍ക്കരിക്കാതിരിക്കാന്‍. കാരണം, തങ്ങള്‍ക്കും റഹ്മത്തായി അയക്കപ്പെട്ടവരാണ് മുത്തുനബി(സ്വ).
അതല്ലേ ഉഹ്ദ് മലയുടെ പാഠം.., ഒന്നിരിക്കെ ഉഹ്ദ് വെറുമൊരു പാറകെട്ടാണ്. എങ്കിലും റസൂല്‍(സ്വ)യുടെ സാന്നിധ്യമറിഞ്ഞ ഉഹ്ദൊന്നു വിറച്ചു പോയി, അപ്രതീക്ഷിതമായി കടന്നുവന്ന നബി(സ)യെ കണ്ടപ്പോള്‍. അല്ലയോ നബിയേ.. അങ്ങയുടെ കയ്യിലിരുന്ന് കല്ലുകള്‍ തസ്ബീഹ് ചൊല്ലുന്നത് അലി(റ) കേട്ടിരുന്നല്ലോ.., എങ്കില്‍ പിന്നെ ഇത്രയും ജനങ്ങളെ സാക്ഷി നിര്‍ത്തി ഈ കവാടങ്ങള്‍ തുറക്കപ്പെട്ടത് എത്ര നിസാരമാണ്, പുണ്യറസൂല്‍(സ്വ)യിലേക്ക് ചേര്‍ത്തി നോക്കുമ്പോള്‍. ആ കാവ്യശകലങ്ങളിലാകെ നീണ്ടു കിടന്നത് അന്നൊരിക്കല്‍ മാന്‍പേട തിരുനബി(സ്വ)യോട് തന്‍റെ ദുഃഖം പറഞ്ഞതുപോലുള്ള അനുഭൂതികളായിരുന്നു.
പ്രവാചക പ്രേമത്തിന്‍റെ അനന്തമായ അശ്രുകണങ്ങള്‍ വാരിപ്പുണര്‍ന്നുകൊണ്ട് അഞ്ചാമത്തെ ഗണം പരിസരത്തുള്ളവരോടായിരുന്നു അനുരാഗിയുടെ അപേക്ഷ: ‘ചൊല്ലൂ സഹോദന്മാരെ സ്വലാത്തും സലാമും’ ഇതു കേട്ട് പരിസരത്തുള്ളവരെല്ലാം സ്വലാത്തും സലാമും ഉച്ചത്തില്‍ ചൊല്ലാന്‍ തുടങ്ങി. അങ്ങനെ തിരുസന്നിധിയില്‍ ഒരു പ്രവാചക സ്നേഹിയുടെ സുമോഹന സ്വപ്നത്തിന് സാക്ഷാല്‍കാരമുണ്ടാവുകയായിരുന്നു അവിടെ. ആനന്ദാതിരേകത്തിന്‍റെ ആനന്ദവര്‍പ്പുകളനുഭവപ്പെട്ടുകൊണ്ടിരുന്നു അവിടമാകെ. തിരുനബി(സ)യിലേക്ക് അനുരാഗികള്‍ക്ക് പ്രതീക്ഷകള്‍ നല്‍കുന്ന എണ്ണമറ്റ അനുഭവങ്ങളോട് ഇതാ ഒരുപ്രേമിയുടെ അഭിലാഷ സാക്ഷാത്ക്കാരം കൂടി.
സ്വാഭാവികമായ പ്രതിബന്ധങ്ങള്‍ മറികടന്ന് പ്രേമഭാജനത്തിന്‍റെ സാമീപ്യ സൗഭാഗ്യത്തിനായുള്ള മോഹാധിക്യത്താല്‍ ഉമര്‍ ഖാസി(റ)വിന്‍റെ ചുണ്ടുകളില്‍ നിന്നും പ്രവഹിച്ച ആ സ്നേഹ കാവ്യം ഇന്നും പ്രസിദ്ധമാണ്. ‘അല്‍ഖസ്വീദത്തുല്‍ ഉമരിയ്യ’ എന്ന പേരിയറിയപ്പെടുന്ന സ്വല്ലല്‍ഇലാഹു ബൈത്ത് കവിയുടെ ഹൃദയത്തില്‍ ഉടലെടുത്ത പ്രവചകാനുരാഗം മനോഹര വചസ്സുകളായി പുറത്തു വരികയായിരുന്നു, റൗളയുടെ ആകാശ നീലിമയിലാകമാനം. ഉമര്‍ ഖാസി(റ)വിന്‍റെ ഭാഷാ നൈപുണ്യതയും, കവിത്വവും, പ്രവാചക പ്രണയത്തിന്‍റെ മധുരശീലുക്കളെ അതിമനോഹരമായി നെയ്തെടുത്തുകൊണ്ടിരുന്നു. ആ വചനങ്ങളിലെല്ലാം. വാചകങ്ങളാല്‍ ആശയസാഗരങ്ങള്‍ തുന്നിപ്പിടിപ്പിക്കുന്നതിലൂടെ ഉമര്‍ ഖാസി(റ) തന്‍റെ ആഗ്രഹ സാഫല്യം നിറവേറ്റി എന്നു പറയാം.
വര്‍ത്തമാന കാല സാഹചര്യങ്ങളില്‍ റൗളയില്‍ വിശ്രമിക്കുന്ന തുരുനബി(സ്വ) യോട് പ്രണയവര്‍ഷിപ്പുകള്‍ അവതരിപ്പിക്കാന്‍ അനുയോജ്യമായ അവസരങ്ങളില്ല. ബിദ്അത്തിന്‍റെ ഇരുണ്ട ആശയങ്ങള്‍ അത്തരം അനുരാഗികളെ വികലപ്പെടുത്തി വായിക്കുകയാണവിടെ. പൂര്‍വ്വസൂരികളായ നിരവധി മഹത്തുക്കള്‍ തിരുസവിധത്തില്‍ കാണിക്കകള്‍ അര്‍പ്പിച്ചത് കണ്ടില്ലെന്ന് നടിക്കുകയാണിവര്‍. അതിന്‍റെ തെളിവുകളെ എല്ലാംതന്നെ അനര്‍ത്ഥമാക്കുന്നതില്‍ ഇത്തരം അപകടവാദികളുടെ ശ്രമങ്ങള്‍ വളരെ കഠിനാര്‍ത്ഥമാണല്ലോ? മുസ്ലിം ലോകത്തിന് തന്നെ മാനഹാനിവരുത്തുക, അല്ലാതെന്താണിവരുടെ ലക്ഷ്യം? നാളെ പുണ്യറസൂലുമായുള്ള ബന്ധത്തിന് ഭൂമിവാസം കൊണ്ടുതന്നെ തൃക്കരം പിടിച്ച് കടന്നു ചെല്ലുന്നവരത്രയും ഇവരുടെ കണ്ണിലെ കരടുകളാണ്.
ഇമാം അബൂഹനീഫ(റ)വിന്‍റെ ഖസീദത്തുന്നുഅ്മാനിയയും, ഇമാം ബൂസ്വീരി(റ)വിന്‍റെ ഖസീദത്തുല്‍ ബുര്‍ദയുമെല്ലാം ഹബീബ്(സ്വ)യോടുള്ള അനുരാഗം വിളമ്പുന്നത് എന്തെന്നില്ലാതെ ആസ്വദിക്കുന്ന മുസ്ലിം ലോകത്തെ ഭ്രാന്തന്മാരെന്ന് വിളിക്കുന്നവരത്രയും വിഷമിപ്പിക്കുന്നത് ആ ഹബീബ്(സ്വ)യെയാണ്. പേമാരി കണക്കെ, അലമാലകള്‍ക്ക് സമാനമായി അനുരാഗ പ്രവാഹം കൊണ്ട് രൂപംപ്രാപിച്ച സമുച്ചയമാണിന്ന് മദീനാ ശരീഫിലെ അശ്റഫുല്‍ ഹല്‍ഖ്(സ്വ)യുടെ സവിധം. അതിനെ ആര് കളങ്കപ്പെടുത്തിയോ അവന് തന്നെയാണ് എറ്റവും വലിയ നഷ്ടം, ബഹുമാനിച്ചവരത്രയും എന്നും ഉന്നതിയില്‍ വസിക്കുന്നു. അതാണ് ഉമര്‍ ഖസി(റ) അടക്കമുള്ള മഹത്തുക്കള്‍ ജീവിതം കാണിച്ചുതന്നത്.

നബി കീര്‍ത്തനങ്ങള്‍
ഉമര്‍ ഖാസി(റ) നബി(സ്വ)തങ്ങളെ പ്രശംസിച്ചുകൊണ്ട് എഴുതിയ ഒരമൂല്യകാവ്യമാണ് ‘ലാമ്മാളഹറ’ എന്ന് തുടങ്ങുന്ന 38 വരികളുള്ള കവിത. നബി(സ്വ)യുടെ ജനനം മുതല്‍ അന്ത്യനാളില്‍ നടത്തുന്ന ശഫാഅത്ത് വരെ സൂചിപ്പിക്കുകയാണ് കവിതയിലൂടെ. ഇരുപത്തിയഞ്ച് വരികളുള്ള പുള്ളിയില്ലാത്ത അക്ഷരങ്ങള്‍ മാത്രം ഉപയോഗിച്ച് രചിച്ച ‘ലാഹല്‍ഹിലാലു’ എന്ന കവിത കവിത്വത്തിനപ്പുറം മഹാനവറുകളുടെ ഭാഷാപരിജ്ഞാനവും വ്യക്തമാക്കുന്നുണ്ട് നബി(സ്വ)യോടുള്ള അനുരാഗം പറഞ്ഞറീക്കലാണിതിന്‍റെ ഉള്ളടക്കം.
ഉമര്‍ ഖാസി(റ)വിന്‍റെ പ്രവാചക സ്നേഹ പാരവേശ്യത്തിന്‍റെ അക്ഷരാവിഷ്കാരമാണ് ‘ജഫത്നീ ഫദബുത്നീ’ എന്ന് തുടങ്ങുന്ന അഞ്ചുവരിക്കവിത ദര്‍ശിക്കാനാവുന്നത്. പുള്ളിയുള്ള അക്ഷരങ്ങള്‍ കൊണ്ട് മാത്രം തയ്യാറാക്കപ്പെട്ടൂ എന്നതാണിതിന്‍റെ ഭാഷാപരമായ പ്രത്യേകത. ‘അല്ലഫല്‍ അസ്വി’ എന്ന 34 വരികളുള്ള സ്നേഹാലാപനം നബി(സ്വ)യെ പ്രകീര്‍ത്തിക്കുന്നതിലൂടെയും തവസ്സുലാക്കുന്നതിലൂടെയും ഉമര്‍ ഖാസി(റ) തന്‍റെ ഹൃദയം തുറക്കുന്നു. അറബി അക്ഷരമാലയിലെ ഓരോ അക്ഷരങ്ങള്‍ കൊണ്ടും തുടങ്ങിയ ഈരടികള്‍ ക്രമനിബദ്ധമായി കോര്‍ത്തിണക്കിയ ഈ കവിത ഒരു രത്നഹാരം പോലെ തിളങ്ങുന്നു.
‘നഫാഇസുദ്ദറര്‍’ എന്ന ഉമര്‍ ഖാസി(റ)വിന്‍റെ പ്രസിദ്ധമായ കൃതിയില്‍ നൂറ്റിയമ്പത് വരികളാണുള്ളത്. ഈ കൃതിയുടെ രണ്ടാം ഭാഗം നബി(സ്വ)യുടെ മദ്ഹും ചരിത്രവും മനോഹരമായ വര്‍ണ്ണനകളാള്‍ അവതരിപ്പിക്കുന്നു. മതബോധമുള്ള നിരവധി കവികള്‍, തങ്ങളുടെ പ്രണയിയായും, ആശാകേന്ദ്രമായും വര്‍ത്തിച്ചതും അവലംബിച്ചുകൊണ്ടിരിക്കുന്നതും പ്രിയസ്നേഹി അശ്റഫുല്‍ഹല്‍ഖ് റസുല്‍(സ്വ)യെയാണ്. അത്തരം അനുരാഗികളിള്‍ എക്കാലത്തും പ്രസിദ്ധിയാര്‍ജിച്ച പ്രതിഭയാണ് ഉമര്‍ ഖാസി(റ). ഭൗതിക സുസ്ഥിരതയും പാരത്രിക സൗഭാഗ്യവുമര്‍പ്പിക്കുന്ന ഖാസി(റ)വിന്‍റെ സുപ്രസിദ്ധ കവിത സ്വല്ലല്‍ ഇലാഹുവിലിങ്ങനെ: ‘നബി(സ്വ)തങ്ങളെ പ്രകീര്‍ത്തിക്കലും സ്നേഹിക്കലും ഉത്തമമായ സല്‍കര്‍മമാണ്. അതുനിമിത്തം അല്ലാഹു ആഗ്രഹങ്ങളും ആവശ്യങ്ങളും പൂര്‍ത്തീകരിക്കും, അന്ത്യനാളില്‍ ശഫാഅത്ത് ലഭിക്കുകയും ചെയ്യും. അങ്ങനെ അല്ലാഹുവില്‍ നിന്ന് അനുഗ്രഹങ്ങള്‍ സിദ്ധമായിതീരും’

ആനന്ദത്തിന്‍റെ ലോകത്തേക്ക്
പൊന്നാനിക്കടുത്ത് വെളിയങ്കോട് കാക്കത്തറ കുടുംബത്തില്‍ ഖാളിയാരകം വീട്ടില്‍ ഹിജ്റ 1179-ല്‍ ഉമര്‍ ഖാസി(റ) ജനിച്ചു. പ്രവാചക പ്രേമിയെന്ന നിലക്കും, നബികീര്‍ത്തന കാവ്യങ്ങളിലൂടെയും പണ്ഡിത ലോകത്ത് ശ്രദ്ധേയനായ ആ മഹാമനീഷി, ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിനുവേണ്ടി മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചതിലൂടെ ഒരു തികഞ്ഞ ദേശസ്നേഹികൂടിയായി മാറി. എല്ലാത്തിലുമുപരി അല്ലാഹുവെന്ന ലോകത്തെ കുറിച്ചുള്ള ചിന്തയിലും സ്മരണയിലും വര്‍ത്തിച്ച് ഉന്നതിയുടെ മഹത്തായ പടവുകള്‍ താണ്ടുകയിരുന്നു ഉമര്‍ ഖാസി(റ).
ഹിജ്റ 1273 റമളാന്‍ 21-ാം രാത്രി തറാവീഹ് നിസ്കാരത്തിനിടയില്‍ ഉണ്ടായ അസ്വസ്ഥത നീണ്ട മൂന്ന് മാസം ഉമര്‍ ഖാസി(റ)വിനെ പിന്തുടര്‍ന്നു. വിശുദ്ധ ദുല്‍ഹിജ്ജ മാസം 23 വ്യഴാഴ്ച്ച രാത്രി തന്‍റെ സമയമായെന്ന് മനസ്സിലാക്കിയ ആ വദനം പ്രസന്നമായി, ഉന്മേഷവും ഉണര്‍വും കൊണ്ട് ചുറ്റുപാടും പ്രകാശിച്ചുകൊണ്ടിരുന്നു. ‘ലാ ഇലാഹ…’ ഉമര്‍ ഖാസി(റ) നാഥനിലേക്ക് യാത്രയായി…,
ഒരിക്കല്‍ മലബാറില്‍ നിന്നെത്തി തിരുസവിധം അത്യുണര്‍വില്‍ മതിമറന്ന ലോകത്തേക്ക ക്ഷണിച്ച വിരുന്നുകാരനെ ഇന്നും കാത്തിരിക്കുകയാണ് മദീനാ ശരീഫിലെ റൗളയുടെ കവാടങ്ങള്‍, ഒന്നുകൂടി ആ പ്രേമിയെ സല്‍ക്കരിക്കാന്‍…, പക്ഷേ, അവ അറിഞ്ഞില്ല ആ ആത്മാവ് എന്നേ പുണ്യപൂമേനി(സ്വ)യുടെ തിരുശരീരമുറങ്ങുന്ന മണ്ണില്‍ ആനന്ദിച്ചുല്ലസിക്കുകയാണെന്ന്, വിലക്കുകളെ മാനിക്കാതെ അവിടുത്തെ പ്രകീര്‍ത്തിച്ചുകൊണ്ടിക്കുകയാണെന്ന്…,,
മദീനയിലെ തിരുഹള്റത്തിലെ ‘ഹുജ്റത്തി’ന് മുമ്പിലെ തൂണുകളില്‍ മനോഹരമായി വരച്ചിട്ടവരികള്‍: ‘തിരു നബിയേ, അവിടെ കാരുണ്യവും ഔദാര്യവും പാപമോചനവുമുണ്ടല്ലോ’ അതെ…, തിരു ഹള്റത്തിലാണ് നാളെയുടെ പ്രതീക്ഷയും, ഇന്നിന്‍റെ അനുഗ്രഹവും, കഴിഞ്ഞുപോയവരുടെ വിജവും എല്ലാം അല്ലാഹു ഉള്‍കൊള്ളിച്ചിട്ടുള്ളത്. ഉമര്‍ ഖാസി(റ) അതൊക്കെ രുചിച്ചു കൊണ്ടിരിക്കുന്നു. ഇനിയവിടേക്ക് ഒന്നുയാത്രപോകാന്‍ നമ്മുക്കുകഴിയട്ടെ…, ആമീന്‍ യാ റബ്ബല്‍ ആലമീന്‍.

Write a comment