Posted on

ധാര്‍മികമല്ലാത്ത ധാരണകള്‍

മനുഷ്യ ഹൃദയം ഒരു കോട്ട പോലെയാണ്. അതിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്ന ബദ്ധവൈരിയാണ് പിശാച്. കോട്ടയില്‍ സിംഹാസനസ്ഥനാകാനുള്ള അധികാര ലബ്ധിക്കാണ് അവന്‍ പരിശ്രമിച്ചു കൊണ്ടേയിരിക്കുന്നത്. ഹൃദയക്കോട്ടയ്ക്ക് ചില പഴുതുകളുണ്ട്. അവകള്‍ക്ക് സാക്ഷയിട്ടില്ലെങ്കില്‍ പിശാച് അതിലൂടെ നുഴഞ്ഞു കയറും. ഇമാം അബൂഹാമിദില്‍ ഗസ്സാലി(റ)യാണ് ഹൃദയത്തെ ഇപ്രകാരം ഉദാഹരിച്ചിരിക്കുന്നത്. ഹൃദയാന്തരങ്ങളിലുള്ള ദൂഷ്യതകളാണത്രെ ശത്രുവിന്‍റെ പഴുതുകള്‍. ഹൃദയക്കോട്ടയുടെ പതിനൊന്നോളം പഴുതുകളെ ഇഹ്യാ ഉലൂമിദ്ദീനില്‍ അക്കമിട്ട് വിശദീകരിക്കുന്നുണ്ട് ഗസ്സാലി ഇമാം. അതില്‍ മുഖ്യമാണ് അപരനെക്കുറിച്ചുള്ള ചീത്ത വിചാരങ്ങള്‍. മറ്റൊരാളെക്കുറിച്ച് തെറ്റിദ്ധാരണ വെച്ചു പുലര്‍ത്തുന്നവന്‍റെ ഹൃദയക്കോട്ടയില്‍ ശത്രുവിന് എളുപ്പത്തില്‍ ആധിപത്യം സ്ഥാപിക്കാനാകും.
ഈ പഴുത് വിശുദ്ധ ഖുര്‍ആന്‍ തന്നെ വിശദീകരിക്കുന്നുണ്ട്; ‘ഓ സത്യവിശ്വാസികളെ, പരിധി വിട്ട ഊഹാപോഹങ്ങള്‍ നിങ്ങള്‍ ഉപേക്ഷിക്കുക. കാരണം ചില ഊഹങ്ങള്‍ പാപങ്ങളായി ഭവിച്ചേക്കാം.'(സൂറത്തുല്‍ ഹുജുറാത്ത് 12) ഈ സൂക്താടിസ്ഥാനത്തില്‍ തന്‍റെ സഹോദരനെക്കുറിച്ച് തെറ്റായ ധാരണ വെച്ചു പുലര്‍ത്തുന്നവന്‍ നാഥനോടാണ് അക്രമം പ്രവര്‍ത്തിക്കുന്നതെന്ന് അപഗ്രഥിച്ച പണ്ഡിതന്മാരുണ്ട്. അതു തന്നെയാണ് തിരുവരുളും സൂചിപ്പിക്കുന്നത്; ‘സമുദായമേ, നിങ്ങള്‍ ഊഹങ്ങളെ ഉപേക്ഷിക്കുക. ഊഹങ്ങള്‍ മിക്കപ്പോഴും ഏറ്റവും വലിയ കളവായി മാറാറുണ്ട്'(ബൈഹഖി) ഒരാളെക്കുറിച്ച് മോശമായ ധാരണയുമായി നടക്കുന്നവന്‍റെ നാവിനെ മറ്റവനെക്കുറിച്ച് ഏഷണി പറയാന്‍ പിശാച് പര്യാപ്തമാക്കുമത്രെ. അതല്ലെങ്കില്‍ തെറ്റിദ്ധരിക്കപ്പെടുന്നവനോട് തനിക്കുള്ള കടപ്പാടുകളില്‍ അപാകത വരുത്തുകയോ അവനെ ആദരിക്കേണ്ടയിടങ്ങളില്‍ നിന്ദിക്കാനുള്ള ശ്രമങ്ങളോ ആയിരിക്കും തെറ്റിദ്ധരിച്ചവന്‍റെ പക്ഷത്തു നിന്നുണ്ടാകുന്നത്. അതുമല്ലെങ്കില്‍ അവനെക്കാള്‍ മേന്മയുള്ളവന്‍ താനാണെന്ന ചിന്തയെങ്കിലും പിശാച് അയാളുടെ ഹൃദയത്തില്‍ സന്നിവേശിപ്പിക്കുമെന്ന് ആധ്യാത്മിക പണ്ഡിതന്മാര്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്.(ഇത്ഹാഫ് 8/524)
അപരന്‍റെ അപരാധങ്ങളിലേക്ക് കണ്ണും നട്ടിരിക്കുന്നന്‍റെ മനസ്സകം ദൂഷ്യമായിരിക്കുമെന്ന് പണ്ഡിതന്മാര്‍ പഠിപ്പിക്കുന്നു. ജനങ്ങളുടെ കുറ്റങ്ങളും കുറവുകളും തേടി നടക്കുന്നവന്‍റെ ഹൃദയാന്തരങ്ങള്‍ ദുഷിച്ചതാണെന്ന് തിരിച്ചറിയാന്‍ അതില്‍ കവിഞ്ഞ് മറ്റൊരു തെളിവും വേണ്ടെന്നാണ് ഗസ്സാലി ഇമാം പറയുന്നത്. ഒരാളില്‍ എന്തെങ്കിലും അപാകതകള്‍ കണ്ടാലും സല്‍സ്വഭാവി ചിന്തിക്കുക, വല്ല കാരണവശാലും അത് അറിയാതെ സംഭവിച്ചു പോയതായിരിക്കുമെന്നാണ്. എന്നാല്‍ അതില്‍ കൂടുതല്‍ വല്ല പിശകുകളും പിണഞ്ഞിട്ടുണ്ടോ എന്ന് ചിക്കിച്ചികയാനായിരിക്കും ദുഃസ്വഭാവി വ്യഗ്രത പൂളുന്നത്. വൈര്യമുള്ളവര്‍ ചെയ്യുന്നതെന്തും അപാകതയായി അനുഭവപ്പെടുക മാനുഷികമാണ്. ഈ യാഥാര്‍ത്ഥ്യം തിരിച്ചറിയാന്‍ വിശ്വാസികള്‍ക്കാകണം. അതു കൊണ്ടാണ് ഒരു കവി ഇപ്രാകാരം പാടിയത്: ‘ഐനുരിള്വാ അന്‍ കുല്ലി അയ്ബിന്‍ കലീലതു/ വലാകിന്ന അയ്നസ്സുഖ്തി തുബ്ദില്‍ മസാവിയാ..’ സംതൃപ്തിയുടെ കണ്ണിലൂടെ നോക്കുന്നവന്‍ ഒരുത്തന്‍റെയും ന്യൂനതകള്‍ കാണുകയില്ല. പക്ഷെ, വൈര്യമുള്ള ദൃഷ്ടിയിലൂടെ നോക്കുമ്പോള്‍ ചെയ്യുന്നതെന്തും ന്യൂനതകളായി കാണാമെന്ന കവിയുടെ വാക്കുകള്‍ എത്ര സാരാംശമടങ്ങിയതാണ്! വീക്ഷണങ്ങള്‍ക്കും വിലയിരുത്തലുകള്‍ക്കുമനുസരിച്ചാണ് ആളുകള്‍ നല്ലവരും മോഷക്കാരുമാകുന്നത്. നാം പ്രണയിക്കുന്നവര്‍ എത്ര അതിരു ലംഘിച്ചാലും അതൊരു അപാകതാകില്ല നമുക്ക്. പ്രേമഭാജനത്തോടുള്ള പ്രിയം അവന്‍റെ ന്യൂനതകള്‍ക്കു മുമ്പില്‍ നമ്മെ അന്ധരാക്കുന്നു. വെറുക്കുന്നവരുടെ സര്‍വ്വ ചലനങ്ങളും ആക്ഷേപാര്‍ഹമായി തോന്നുന്നതും ഈയൊരു വീക്ഷണ വ്യത്യാസം കൊണ്ടാണ്.
സ്വന്തം ന്യൂനതകള്‍ ചിക്കിച്ചികഞ്ഞു നോക്കുന്നവര്‍ക്ക് അപരന്‍റേത് നോക്കാന്‍ സമയം ലഭിക്കില്ല. മഹാനായ ഇബ്നു അബ്ബാസ്(റ) പറയുന്നു: ‘വല്ലവന്‍റെയും ന്യൂനതകള്‍ നീ ചികയാനുദ്ദേശിക്കുന്നുവെങ്കില്‍ ആദ്യം നിന്‍റെ ന്യൂനതകളുടെ ഭാണ്ഡം നീയൊന്ന് അഴിച്ചു നോക്കുക'(ഇത്ഹാഫ് 8/650) ഇക്കാര്യം തന്നെ ഗസ്സാലി ഇമാമും വരച്ചു കാട്ടുന്നുണ്ട്; ‘അല്ലാഹു ഒരാള്‍ക്ക് ഗുണം ചെയ്യണമെന്നുദ്ദേശിച്ചാല്‍ അവന് സ്വന്തം അപാകതകള്‍ കാണുന്ന കണ്ണ് നല്‍കും. ഇങ്ങനെ സമര്‍ത്ഥമായ കാഴ്ച്ചയില്ലാത്തവന്‍ സ്വന്തം വീഴ്ചകള്‍ കാണുകയേ ഇല്ല. സ്വന്തം ന്യൂനതകള്‍ കാണുന്നവര്‍ക്കാകട്ടെ അതിന്‍റെ പ്രതിവിധികളും കാണാനാകും. തന്മൂലം അവര്‍ ജീവിതം കളങ്കരഹിതമാക്കും. പക്ഷെ, പലരും സ്വന്തം ന്യൂനതകളിലേക്ക് തിരിഞ്ഞു നോക്കുക പോലുമില്ല. ഓരോരുത്തരും അപരന്‍റെ അപരാധങ്ങളിലേക്കാണ് എത്തി നോക്കുന്നത്. സ്വശരീരത്തിലെ മ്ലേഛതകള്‍ അവന്‍ കാണുന്നില്ല'(ഇഹ്യാ ഉലൂമിദ്ദീന്‍ 8/650). മറ്റൊരു കവിയും ഇപ്രകാരം പാടിയിട്ടുണ്ട്; ‘ഉരീ കുല്ല ഇന്‍സാനിന്‍ യറാ അയ്ബ ഗൈരിഹി/വ യഅ്മാ അനില്‍ അയ്ബി ല്ലദീ ഹുവ ഫീഹി/ ഫലാ ഖൈറ ഫീമന്‍ ലാ യറാ അയ്ബ നഫ്സിഹി/ വ യഅ്മാ അനില്‍ അയ്ബില്ലദീ ബി അഖീഹി..’ ഞാന്‍ പരക്കെ നോക്കിയപ്പോള്‍ കണ്ടത് മറ്റുള്ളവന്‍റെ കുറ്റങ്ങള്‍ ചികയുകയും സ്വന്തത്തിലുള്ള അപാകതകള്‍ക്കു നേരെ അന്ധനാവുകയും ചെയ്യുന്ന മനുഷ്യനെയാണ്. എന്നാല്‍ സ്വന്തം കുറ്റങ്ങള്‍ ചിന്തിക്കാതിരിക്കുകയും മറ്റുള്ളവന്‍റെ വീഴ്ചകള്‍ക്കു മുന്നില്‍ കണ്ണുചിമ്മാതിരിക്കുകയും ചെയ്യുന്നവനില്‍ യാതൊരു ഗുണവുമില്ലെന്നതാണ് സത്യമെന്നാണ് കാവ്യശകലങ്ങള്‍ കുറിച്ചിടുന്നത്.
മഹാന്മാരൊക്കെ സ്വന്തം ന്യൂനതകള്‍ കണ്ടെത്താന്‍ ബദ്ധശ്രദ്ധ പുലര്‍ത്തിയവരാണ്. മഹാനായ ഉമര്‍(റ) സല്‍മാന്‍(റ)വോട് തന്‍റെ ന്യൂനതകളെക്കുറിച്ച് നിരന്തരം ചോദിക്കുമായിരുന്നുവത്രെ! ഒരിക്കല്‍ അദ്ദേഹത്തെ കണ്ടപ്പോള്‍ ഖലീഫ ചോദിച്ചു: നിങ്ങള്‍ക്ക് വെറുപ്പുള്ള വല്ല കാര്യവും നിങ്ങളെന്നില്‍ ദര്‍ശിക്കുന്നുണ്ടോ? പറയാനല്‍പം അമാന്തിച്ചുനിന്ന സല്‍മാന്‍(റ)വോട് ഉമര്‍(റ) കീര്‍ത്തിച്ചു ചോദിച്ചു. അദ്ദേഹം പ്രതിവചിച്ചു: നിങ്ങള്‍ ഒരു പാത്രത്തില്‍ ഒരേ സമയം രണ്ട് കറികള്‍ കൂട്ടുന്നുണ്ടല്ലോ.. നിങ്ങള്‍ രാവിലെയും വൈകുന്നേരവുമായി രണ്ടുകൂട്ടം വസത്രങ്ങളും ധരിക്കുന്നതായി ഞാന്‍ കാണുന്നുവല്ലോ.. തന്‍റെ അപാകത സൂചിപ്പിച്ചതില്‍ സംതൃപ്തി കണ്ടെത്തിയ ഉമറി(റ)ന്‍റെ ചോദ്യം ഇനിയും എന്തെങ്കിലുമുണ്ടോ എന്നായി. ഇല്ലെന്നരുളിയ സല്‍മാന്‍(റ)വോട് ഇനി അക്കാര്യങ്ങള്‍ ചെയ്യില്ലെന്ന വാഗ്ദത്വം നല്‍കുകയായിരുന്നു ഉമര്‍(റ).(മനാഖിബു ഉമര്‍, ഹാഫിളു ദഹബി). ഇപ്രകാരം മഹാന്‍ ഹുദൈഫത്തുല്‍ യമാനി(റ)യോട് ഇങ്ങനെയും ചോദിക്കാറുണ്ടായിരുന്നുവത്രെ; അങ്ങ് മുനാഫിഖുകളുടെ രഹസ്യവര്‍ത്തമാനങ്ങള്‍ നബിയിലേക്കെത്തിച്ചു കൊടുത്തിരുന്ന രഹസ്യദൂതനായിരുന്നല്ലോ ഹുദൈഫാ. നിങ്ങളെന്നില്‍ കാപട്യത്തിന്‍റെ നേരിയ ലാഞ്ചന എവിടെയെങ്കിലും കാണുന്നുണ്ടോ? തനിക്ക് മരിക്കണമെന്നും അതിനാല്‍ കളങ്കരഹിതമായ ജീവിതം നയിക്കണമെന്നും സൂചിപ്പിക്കാനായി ഒരാളെ വേതനം നല്‍കി നിയമിച്ച സൂക്ഷമശാലിയായ ഉമര്‍(റ)വില്‍ നമുക്കൊക്കെ മാതൃകയുണ്ട്. ഇപ്രകാരം സ്വയം വിചിന്തനത്തിനായി ആത്മീയോപദേശങ്ങള്‍ തന്‍റെ മോതിരക്കല്ലില്‍ കുറിച്ചുവെച്ചവരായിരുന്നു മഹാന്‍. അപരന്‍റേതിനെക്കാള്‍ തന്‍റെ അപരാധങ്ങള്‍ക്കാണ് ഉമര്‍(റ) മുന്‍ഗണന കൊടുത്തത്. അതു കൊണ്ടു തന്നെയാണ് എന്‍റെ അപാകതകള്‍ ചൂണ്ടിക്കാണിച്ചു തരുന്നവര്‍ക്ക് നാഥന്‍ അനുഗ്രഹ വര്‍ഷമേകട്ടെയെന്ന് ഉമറുബ്നുല്‍ ഖത്ത്വാബ് (റ) പ്രാര്‍ത്ഥിച്ചത്.
ഇപ്രകാരം രണ്ടാം ഉമറെന്ന് വിശ്രുതനായ ഉമറുബ്നു അബ്ദുല്‍ അസീസ്(റ)വും ചെയ്തിരുന്നു. ഭരണ വേളയിലെ തന്‍റെ അല്‍പനേര വിശ്രമത്തെ നാഥന്‍ ചോദിക്കുമെന്നോര്‍ത്ത് വിമര്‍ശിച്ച മകനെ ലഭിച്ചതില്‍ നാഥന് അത്യധികം സ്തോത്രങ്ങളര്‍പ്പിച്ചവരാണ് മഹാന്‍. പറയുന്നത് കുട്ടികളാണെങ്കില്‍ പോലും നമ്മുടെ തെറ്റുകള്‍ അംഗീകരിക്കാനുള്ള സന്മനസ്സ് നാം കാണിക്കണം. നന്മ കല്‍പ്പിക്കുന്നത് കറുത്ത വര്‍ഗ്ഗക്കാരനായ അടിമായണെങ്കില്‍ പോലും സര്‍വ്വാത്മനാ അംഗീകരിക്കണമെന്നാണ് തിരുവരുള്‍. വിനയത്തിന്‍റെ ഗിരിപര്‍വ്വങ്ങളേറിയ മഹാരഥന്മാരുടെ ആത്മവിമര്‍ശനം നമുക്കൊക്കെ ഉദാത്തമായ മാതൃകയാണ്. വിവേകമുള്ളവരൊന്നും അപരന്‍റെ അപരാധങ്ങളിലേക്ക് കണ്ണും നട്ടിരിക്കില്ല. സ്വന്തം കുറ്റങ്ങളും കുറവുകളും കേള്‍ക്കലും അത് തിരുത്തലുമായിരിക്കും അവര്‍ക്ക് താല്‍പര്യം. അതേക്കുറിച്ച് ഉണര്‍ത്തുന്നവരോടവര്‍ക്ക് താല്‍പര്യവും സ്നേഹവുമായിരിക്കും. മറച്ചുവെയ്ക്കുന്നവരോട് ഇഷ്ടക്കുറവുമായിരിക്കും. മഹാനായ ദാവൂദുത്വാഇ(റ) ഒരിക്കല്‍ ജനവാസമില്ലാത്തൊരു പ്രദേശത്തേക്ക് നാടുവിട്ടു. വഴി മധ്യേ അദ്ദേഹത്തെ കണ്ടു മുട്ടിയ ആരോചോദിച്ചു; എന്തിനാണ് നിങ്ങള്‍ ജനങ്ങളില്‍ നിന്നകന്നു കഴിയുന്നതെന്ന്. മഹാന്‍ പറഞ്ഞുവത്രെ; എന്‍റെ കുറ്റങ്ങളും അപരാധങ്ങളൊന്നും എന്നോടു പറയാതെ എന്നെ ആദരിച്ചു മാത്രം കഴിയുന്ന ഒരു സമൂഹത്തിനു മധ്യേ ഞാനെന്തിന് ജീവിക്കണം? സ്വയം വിചിന്തനം നടത്താനുദ്ദേശിക്കുന്നവര്‍ക്ക് പരിഹാരമായി പണ്ഡിതന്മാര്‍ ഒന്നുരണ്ട് കാര്യങ്ങള്‍ പഠിപ്പിക്കുന്നുണ്ട്. ശരീരത്തിന്‍റെ ന്യൂനതകള്‍ കണ്ട് പോരായ്മകളെ പരിഹരിച്ചു തരാന്‍ കഴിവുള്ള കുശാഗ്രബുദ്ധിക്കാരനായ ഒരു ഗുരുവിന്‍റെ ശിക്ഷണം സ്വീകരിക്കലാണ് അതിലൊന്ന്. തന്മൂലം അദ്ദേഹം പറയുന്ന കാര്യങ്ങള്‍ നാം കൈക്കൊള്ളുകയും മാതൃകയാക്കുകയും ചെയ്താല്‍ നാം പരിശുദ്ധരാകും. അകക്കാഴ്ചയുള്ളവനും നമ്മുടെ ചലന നിശ്ചലനങ്ങള്‍ മുച്ചൂടും നിരീക്ഷിക്കുന്ന ഒരു കൂട്ടുകാരനെ സ്വീകരിക്കുകയും അവന്‍ പറയുന്ന കാര്യങ്ങള്‍ അംഗീകരിക്കുകയും ചെയ്യലാണ് മറ്റൊന്ന്.
എല്ലാവര്‍ക്കും താന്‍പോരിശയോടാണ് പിരിശം. ജനമധ്യേ മേന്മ നടിക്കാനാണ് പലര്‍ക്കുമിഷ്ടം. നമ്മുടെ ദോഷങ്ങളും മോശങ്ങളും വല്ലവരും സൂചിപ്പിക്കുന്നുവെങ്കില്‍ അതിനോടാണ് നാം താല്‍പര്യം കാണിക്കേണ്ടത്. കാരണം, സ്വഭാവദൂഷ്യതകളെല്ലാം പാമ്പുകളും തേളുകളുമൊക്കെയാണ്. താഴ്ഭാഗത്തിലൂടെ കടിക്കാനായി ഇഴഞ്ഞു വരുന്ന വിഷജന്തുക്കളെ വല്ലവനും ചൂണ്ടിക്കാണിച്ചു തന്നാല്‍ അതിന്‍റെ കടിയേല്‍ക്കാതെ അതിസമര്‍ത്ഥമായി രക്ഷപ്പെടാന്‍ നാം ശ്രമിക്കുന്നു. അതുകൊണ്ട് നമ്മുടെ സമീപനങ്ങളിലും പെരുമാറ്റങ്ങളിലും വരുന്ന ഇത്തരം ഇഴജന്തുക്കളെക്കുറിച്ച് ബോധനം നല്‍കുന്നവരെ നാം അവഗണിക്കരുത്. ഇമാം ഗസ്സാലി(റ) ഇഹ്യാഇല്‍ ഇപ്രകാരം പറയുന്നുണ്ട്. തിന്മകള്‍ ചൂണ്ടിക്കാണിക്കുന്നവരോട് അവരുടെ കുറ്റങ്ങളും കുറവുകളും തിരിച്ച് പഴിചാരി രക്ഷപ്പെടുന്ന രീതി ശരിയല്ലെന്നാണ് പണ്ഡിതന്മാര്‍ പഠിപ്പിക്കുന്നത്. ഇക്കാര്യത്തില്‍ ശത്രുക്കളെപ്പോലും മിത്രങ്ങളായി കണക്കാക്കണമെന്നാണ് പണ്ഡിതപക്ഷം. കാരണം ശത്രുവിന്‍റെ സര്‍വ്വശ്രമങ്ങളും എതിരാളിയുടെ കോട്ടങ്ങള്‍ കണ്ടുപിടിക്കാനായിരിക്കും. അവന്‍റെ വായിലൂടെ അവകള്‍ കേട്ടാലും അവനു നേരെ ആക്രോശങ്ങളഴിച്ചു വിടാതെ തെറ്റു തിരുത്താനായിരിക്കണം നമ്മുടെ ശ്രമങ്ങള്‍.
മറ്റൊരാളുടെ അപാകതകള്‍ താന്‍ അറിയരുതെന്നാണ് തിരുനബി(സ്വ) ചിന്തിച്ചിരുന്നത്. ജീവിതത്തിലെ ദുര്‍ബല നിമിഷങ്ങള്‍ക്ക് വശംവദനായി വ്യഭിചാരത്തിലേര്‍പെട്ട മഹാനായ മാഇസ് ഇബ്നു മാലിക്(റ) എന്ന സ്വഹാബി കരഞ്ഞു കലങ്ങിയ കണ്ണുകളും പശ്ചാതപിച്ച് തേങ്ങുന്ന ഹൃദയവുമായി മുത്ത് നബിയുടെ ചാരെ വന്ന് കുറ്റങ്ങള്‍ ഏറ്റുപറയാന്‍ ശ്രമിച്ചപ്പോഴും അത് കേട്ടില്ലെന്ന് നടിയ്ക്കാനാണ് തിരുനബി ശ്രമിച്ചത്. വീണ്ടും വീണ്ടും കുറ്റമേറ്റു പറഞ്ഞ മാഇസ്(റ)നെ ഇസ്ലാമിന്‍റെ ശിക്ഷകള്‍ക്ക് വിധേയരാക്കിയപ്പോഴും അദ്ദേഹം തന്‍റെ തെറ്റുകള്‍ പറഞ്ഞില്ലായിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നുവെന്നാണ് മുത്ത്നബി അഭിലഷിച്ചിരുന്നത്. നാം ചെയ്ത തെറ്റുകള്‍ പടപ്പുകളോട് പറയാതെ പടച്ചവനോട് പരാതിപ്പെടണമെന്ന പാഠം കൂടി ഈ സംഭവത്തിലുണ്ട്.
പാപപങ്കിലമായ ശരീരവും ദുര്‍വിചാരങ്ങള്‍ കൊണ്ട് നിബിഢമായ ഹൃദയവുമേന്തി നടക്കുന്ന നമുക്കൊന്നും മറ്റുള്ളവരുടെ കുറ്റങ്ങളന്വേഷിക്കാന്‍ അവകാശമില്ല. അതന്വേഷിക്കുന്നവന്‍ പരിപൂര്‍ണ്ണ വിശ്വാസിയുമല്ല. വല്ലവരിലും സംശയാസ്പദമായ വല്ലതും കണ്ടാല്‍ നല്ല വിചാരമാക്കി അതിനെ മാറ്റാന്‍ നാം ശ്രദ്ധിക്കേണ്ടതുണ്ട്. കൂട്ടുകാരന്‍റെ ന്യൂനതകള്‍ മറച്ചു വെക്കുന്നവരുടെ അപാകതകള്‍ക്ക് നാഥന്‍ അന്ത്യനാളില്‍ മറ സൃഷ്ടിക്കുമെന്ന് പണ്ഡിതന്മാര്‍ പഠിപ്പിക്കുന്നു. അപരന്‍റെ രഹസ്യങ്ങള്‍ പരസ്യമായി വിചാരണ ചെയ്യുന്നവര്‍ക്ക് തല്‍സ്ഥാനത്ത് താനാണെങ്കിലെന്ന് ചിന്തിക്കുന്നത് അക്കാര്യത്തില്‍ നിന്ന് വെടിഞ്ഞു നില്‍ക്കാനുള്ള പ്രേരകമായിരിക്കും.

Write a comment