Posted on

ജീവജലം ചില വീണ്ടുവിചാരങ്ങള്‍

ഇനിയൊരു ലോകമഹായുദ്ധമുണ്ടായാല്‍ അത് ജലത്തിനുവേണ്ടിയായിരിക്കുമെന്ന പരിസ്ഥിതി പ്രവര്‍ത്തക വന്ദനശിവയുടെ വാക്കുകള്‍ വീണ്ടും ഓര്‍മ്മിക്കേണ്ട സാഹചര്യമാണിത്. വെള്ളത്തിന്‍റെ പേരില്‍ പോര്‍വിളി മുഴക്കുന്നവര്‍ നമ്മെ ജലയുദ്ധം എന്നതിനെ ജലമാര്‍ഗത്തിലൂടെയുള്ള യുദ്ധം എന്നു പറയുന്നതിനു പകരം ജലത്തിന് വേണ്ടിയുള്ള യുദ്ധം എന്ന് തിരുത്തുവാന്‍ നിര്‍ബന്ധിപ്പിക്കുകയാണ്. കാവേരി നദിയുമായി ബന്ധപ്പെട്ട് തമിഴ്നാടും കര്‍ണാടകയും അയല്‍ ബന്ധം പോലും മറന്ന് രൂക്ഷമായ അക്രമണ പ്രത്യാക്രമണങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നു. മുല്ലപ്പെരിയാറിന്‍റെ പേരില്‍ കേരളവും തമിഴ്നാടും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ക്ക് ഒരു കുറവുമില്ല. നെഞ്ച് പിളര്‍ത്തി പരുവപ്പെടുത്തിയ പാക്കിസ്ഥാന് അവരുടെ ചെയ്തികളുടെ പേരില്‍ 1960 കളില്‍ രൂപപ്പെടുത്തിയ സിന്ധുനദി കരാര്‍ പിന്‍വലിച്ച് കുടിവെള്ളം മുട്ടിക്കാനൊരുങ്ങുകയാണ് അര്‍ഷഭാരതം. മറുവശത്ത് രൂക്ഷമായ പ്രതിസന്ധിയുടെ വാര്‍ത്തകള്‍. ഉത്തര്‍പ്രാദേശിലെ ലാത്തൂരില്‍ കുടിവെള്ളം പോലും ലഭിക്കാതെ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും സൂചിപ്പിച്ച് വരാനിരിക്കുന്ന രൂക്ഷമായ കുടിവെള്ള പ്രതിസന്ധിയെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ വന്നുകഴിഞ്ഞു.ജലസ്രോതസ്സുകള്‍ കൈയ്യടക്കാനുള്ള മത്സരമാവും ഈ നൂറ്റാണ്ടിന്‍റെ പ്രധാന വെല്ലുവിളിയെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഈയൊരു സാഹചര്യത്തിലാണ് ജലലഭ്യത ഉറപ്പുവരുത്താനും ജല സഹകരണത്തിന്‍റെ പ്രാധാന്യം ഉള്‍കൊള്ളാനും ഐക്യരാഷ്ട്ര സഭ പ്രമേയത്തിലൂടെ അഭ്യര്‍ത്ഥിച്ചതും 2013 ജലസഹകരണ വര്‍ഷമായി ആചരിച്ചതും. മനുഷ്യ ശരീരത്തിലെ രക്തം പോലെയാണ് ഭൂമിയിലെ ജലം എന്നിരിക്കെ ജലമാണ് ജീവന്‍ എന്നത് ആലങ്കാരിക വര്‍ണ്ണനകളെയല്ല പ്രതിനിധാനം ചെയ്യുന്നതെന്ന ബോധ്യം ചില വിചാരപ്പെടലുകള്‍ക്ക് നമ്മെ നിര്‍ബന്ധിതരാക്കുകയാണ്.
ജീവന്‍റെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണ് ജലം എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. ജലപാനം ശുദ്ധീകരണം പോലുള്ള അടിയന്തിര ആവശ്യങ്ങള്‍ക്കും കൃഷി, കെട്ടിടനിര്‍മ്മാണം പോലുള്ള ദ്വിതീയ ആവശ്യങ്ങള്‍ക്കും അനിവാര്യമാണ് ജലം എന്നതിനാല്‍ മനുഷ്യന്‍റെ ജീവിതം തന്നെ ജലത്തെ ആശ്രയിച്ചാണെന്ന് നിസ്സംശയം പറയാനാകും. മനുഷ്യജീവിത നിലനില്‍പ്പിന് അല്ലാഹു ഭൂമിയില്‍ മൂന്നിലൊന്നിലധികം (75ശതമാനം) ജലം നിറച്ചിരിക്കുന്നു. 1400 ഘടനയടി കിലോമീറ്റര്‍ ജലം ഭൗമോപരിതലത്തിലുണ്ടെന്ന് ചുരുക്കം. ഇതില്‍ തന്നെ തൊണ്ണൂറ്റിയേഴ് ശതമാനം ഉപയോഗ ശൂന്യമായ ലവണ ജലമാണ്. അതായത് മൊത്തം ജലത്തിന്‍റെ 3 ശതമാനം മാത്രമാണ് ശുദ്ധജലം. ഇതില്‍ നല്ലൊരു പങ്കും (77ശതമാനം) ധ്രുവങ്ങളിലെ മഞ്ഞുമലകളിലാണുള്ളത്. ഇതിനുപുറമെ ഭൂമിയുടെ താളം തെറ്റാതിരിക്കാനും ആവശ്യമെങ്കില്‍ ഉപയോഗപ്പെടുത്താനും ഭൗമാന്തര്‍ഭാഗത്തും ജലം സംവിധാനക്കപ്പെട്ടിട്ടുണ്ട്. ഭൂഗര്‍ഭജലം എന്നറിയപ്പെടുന്ന ഈ നിക്ഷേപം ഏകദേശം 23.4 മില്യണ്‍ ചതുരശ്രകിലോമീറ്റര്‍ അളവുണ്ടെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. ശാസ്ത്രം എത്ര വികാസം പ്രാപിച്ചാലും കൃത്യമമായി ഒരു തുള്ളി പോലും ജലം സൃഷ്ടിക്കാന്‍ സാധ്യമല്ലെന്നിരിക്കെ സ്വാര്‍ത്ഥരായ മനുഷ്യരുടെ അന്യായ, അനിയന്ത്രിത ഇടപെടലുകള്‍ ജലസമ്പത്തില്‍ സാരമായ വ്യതിയാനങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നു. നവ ജീവിതക്രമം പ്രകൃതിവിരുദ്ധമായതിനാല്‍ പ്രതിസന്ധികള്‍ രൂക്ഷമാവാനേ തരമുള്ളൂ. മനുഷ്യനുപരി മറ്റു ജീവജാലങ്ങളും ജലത്തിനു ആവശ്യക്കാരായത് കൊണ്ട് മനുഷ്യരുടെ ചെയ്തികള്‍ മൂലം നശിച്ചൊടുങ്ങുന്നത് വലിയൊരു പറ്റം ജീവിവര്‍ഗവും, താളം തെറ്റുന്നതു ആവാസവ്യവസ്ഥയുമാണ്. ശുദ്ധജലസ്സ്രോതസ്സുകള്‍ മലിനമാക്കി, ഭൂഗര്‍ഭ ജലം ഊറ്റിക്കുടിച്ച്, കൃഷി ഭൂമിയും, തണ്ണീര്‍ത്തടങ്ങളും നികത്തി, കാടുകള്‍ വെട്ടിത്തെളിച്ച്, കുന്നിടിച്ച് വികസന മാതൃകകള്‍ സൃഷ്ടിക്കുന്ന മനുഷ്യവര്‍ഗമല്ലാതെ മറ്റാരാണ് ഈ പ്രതിസന്ധിയുടെ ഉത്തരവാദികള്‍? കാലാവസ്ഥാവ്യതിയാനവും ജലലഭ്യതയിലെ കുറവും മനുഷ്യചെയ്തികളുടെ ഫലമാണെന്നേ വിലയിരുത്താനാകൂ. ഒരു ഭാഗത്ത് ലോക ജനതയുടെ 60% ആളുകള്‍ ആവശ്യമായ അളവില്‍ കുടിവെള്ളം പോലും ലഭിക്കാതെ രൂക്ഷമായ പ്രതിസന്ധി അനുഭവിക്കുമ്പോള്‍ മറ്റൊരു വിഭാഗം യാതൊരു ദയാദാക്ഷിണ്യവുമില്ലാതെ വന്‍ ലാഭം ലാക്കാക്കി കച്ചവടക്കണ്ണിലൂടെ പ്രതിസന്ധി മുതലെടുത്ത് ജീവജാലത്തെ നല്ലൊരു വില്‍പ്പനച്ചരക്കാക്കി മാറ്റുകയാണ്. ലോകാരോഗ്യ സംഘടനയുടെ പ്രാഥമികാവകാശം എന്ന സംജ്ഞയില്‍ നിന്ന് പ്രാഥമികാവശ്യം എന്ന് തിരുത്തിയ ലോക ബാങ്ക് കമ്പോളത്തില്‍ ലഭ്യമാകുന്ന ഒരു ആവശ്യവസ്തുവായി വെള്ളത്തെ കണക്കാക്കിയിരിക്കുന്നു. അവകാശത്തില്‍ നിന്ന് ആവശ്യത്തിലെത്തുമ്പോള്‍ വാങ്ങല്‍ ശേഷിയില്ലാത്തവര്‍ സ്വാഭാവികമായും പുറംതള്ളപ്പെടുമെന്നത് കമ്പോളവ്യവസ്ഥയുടെ രീതിശാസ്ത്രം അറിയുന്നവര്‍ക്ക് നന്നായി ബോധ്യമാകും. പ്രകൃതിയെ പരമാവധി ചൂഷണം ചെയ്തു കീശ നിറച്ച്, ശുദ്ധജലവും ശുദ്ധവായുവുമെല്ലാം കമ്പോളത്തില്‍ നിന്ന് നേടാമെന്ന് വ്യാമോഹിക്കുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണെന്നേ പറയാനൊക്കൂ. കടല്‍ ജലം ശുദ്ധീകരിച്ച് കുടിക്കാമല്ലോ എന്ന് പരിഹാരം നിര്‍ദേശിക്കുന്നവരെ ഓര്‍ത്ത് സഹതപിക്കാനേ തരമൊള്ളൂ. മനുഷ്യന്‍റെ ജീവിതരീതികളും ഭരണകൂടത്തിന്‍റെ വികസന സമീപനങ്ങളും മാറാതെ ഈയൊരു പ്രതിസന്ധി പരിഹരിക്കാനാകില്ലെന്നത് തീര്‍ച്ച.
ഇസ്ലാമിന്‍റെ സമീപനം
ജീവല്‍ പ്രധാനമായ ജലം പങ്കുവെക്കാന്‍ നിര്‍ദ്ദേശിച്ച മതമാണ് ഇസ്ലാം. തന്‍റെ വീട്ടിലെ കിണറിലെ വെള്ളത്തില്‍ അയല്‍വാസിക്കും അവകാശമുണ്ടെന്ന് മതം ഓര്‍മിപ്പിക്കുന്നുണ്ട്. ജലത്തെ അനുഗ്രഹം എന്നാണ് വിശുദ്ധ ഖുര്‍ആന്‍ പരാമര്‍ശിച്ചത്. അല്ലാഹുവാണ് ജലത്തിന്‍റെ അധിപനെന്ന് ഖുര്‍ആനില്‍ ആവര്‍ത്തിക്കുന്നതു കാണാം. വെള്ളം തന്‍റേതാണെന്ന് പറഞ്ഞു മറ്റുള്ളവരുടെ ആവശ്യങ്ങളെ നിരാകരിക്കുന്നവരെ ശക്തമായി തിരുത്തുന്നതാണ് ഈ സൂക്തങ്ങള്‍. ഒട്ടും കരുതലില്ലാതെ ദുര്‍വ്യയം കാണിക്കുന്നവര്‍ക്കും വരും തലമുറക്ക് ശേഷിപ്പിക്കാതെ ഉപയോഗിച്ചുതീര്‍ക്കുന്നവര്‍ക്കും ജല സ്രോതസ്സുകള്‍ മലിനമാക്കുന്നവര്‍ക്കുമെതിരെ വിശുദ്ധ ഖുര്‍ആന്‍ ഗൗരവമേറിയ ചോദ്യങ്ങളുയര്‍ത്തുന്നുണ്ട്.’നിങ്ങള്‍ കുടിക്കാറുള്ള വെള്ളത്തെ കുറിച്ചു ചിന്തിച്ചു നോക്കിയിട്ടുണ്ടോ? നിങ്ങളാണോ അതോ നാമാണോ അത് മേഘത്തില്‍ നിന്നു താഴെയിറക്കിയത്? (അല്‍ വാഖിഅ 68,69) നബിയെ, നിങ്ങള്‍ പറയുക നിങ്ങള്‍ക്ക് ലഭ്യമായിക്കൊണ്ടിരിക്കുന്ന വെള്ളം താഴേക്കു് ഉള്‍വലിഞ്ഞാല്‍ ആരാണ് ശുദ്ധജലം കൊണ്ടുവന്നുതരിക(അല്‍ മുല്‍ക് 30) പ്രപഞ്ചനാഥന്‍റെ താക്കീതുകള്‍ മുന്നറിയിപ്പുകളായി ഉള്‍ക്കൊള്ളാത്തതിന്‍റെ ഫലമാണ് ജലലഭ്യതയിലെ സാരമായ വ്യതിയാനം എന്ന് നമുക്ക് ബോധ്യമാകും. ഇസ്ലാമിന്‍റെ ജലനയം വ്യക്തമാക്കുന്ന പ്രവാചകാധ്യാപനങ്ങള്‍ ധാരാളമുണ്ട്. ദുര്‍വ്യയത്തിലൂടെ ഉപയോഗിച്ചുതീര്‍ക്കുന്നതും മലിനപ്പെടുത്തി ഉപയോഗശൂന്യമാക്കുന്നതും മതത്തിനെതിരാണെന്ന തിരുനബിയുടെ പ്രസ്താവ്യം കാണാം. കുടിക്കാനും ശുദ്ധീകരണത്തിനും ഉപയോഗിക്കുന്ന പുഴക്കരയില്‍ വിസര്‍ജിക്കുന്നവനെ അല്ലാഹുവും മലക്കുകളും സര്‍വ്വസൃഷ്ടികളും ശപിക്കുന്നതാണെന്ന പ്രവാചകന്‍റെ താക്കീത് ഇസ്ലാമിന്‍റെ സമീപനം വ്യക്തമാക്കിത്തരുന്നുണ്ട്. അംഗസ്നാനത്തില്‍ കൂടുതല്‍ വെള്ളമൊഴിച്ച സഅദ് (റ) വിനെ മുത്ത്നബി തിരുത്തുന്നത് കാണാം. സഅ്ദേ.. ഒഴുകിക്കൊണ്ടിരിക്കുന്ന നദിയില്‍ നിന്നാണ് താങ്കള്‍ അംഗസ്നാനം ചെയ്യുന്നതെങ്കിലും അമിതവ്യയം പാടില്ല (ഇബ്നു മാജ). അമിതവ്യയത്തെ നിരോധിക്കുക മാത്രമല്ല, ജീവിതത്തിലൂടെ നല്ല മാതൃകകള്‍ പകരാനും തിരുഹബീബ് മറന്നില്ല. ചില അവസരങ്ങളില്‍ ഒരു മുദ്ദ് വെള്ളം(800 ഗ്രാം) മാത്രം ഉപയോഗിച്ച് അവിടുന്ന് അംഗസ്നാസം ചെയ്തിരുന്നു. നിര്‍ബന്ധ കുളിക്ക് ഇതിന്‍റെ നാലിരട്ടി (ഒരു സ്വാഅ്) വെള്ളം ഉപയോഗിച്ച് ധാരാളം സന്ദര്‍ഭങ്ങളും തിരു ജീവിതത്തില്‍ കാണാം.
വെള്ളം മറ്റൊരാള്‍ക്ക് കൊടുക്കാതെ തടയരുതെന്ന് മുത്തുനബി നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. എല്ലാവര്‍ക്കും തുല്യപങ്കാളിത്തമുള്ള മൂന്ന് വസ്തുക്കള്‍ (ജലം, തീ, ഉപ്പ്) തടഞ്ഞുവെക്കാന്‍ പാടില്ല. ഉപയോഗം കഴിഞ്ഞ് വെള്ളമിരിക്കുമ്പോഴും യാത്രികര്‍ക്ക് അതു നല്‍കാതെ പിടിച്ചുവെച്ചവരെ അന്ത്യനാളില്‍ നാഥന്‍ കഠിനമായ ശിക്ഷക്കു വിധേയമാക്കുമെന്ന് നബി (സ്വ) മുന്നറിയിപ്പു നല്‍കുന്നു. ദാഹിച്ചവശനായ നായക്കു വെള്ളം നല്‍കിയതിന് പാപമുക്തയായി സ്വര്‍ഗം ലഭിച്ച വേശ്യപ്പെണ്ണിന്‍റെയും പൂച്ചയെ കെട്ടിയിട്ട് അന്നപാനീയങ്ങള്‍ തടഞ്ഞതിന്‍റെ പേരില്‍ നരകവാസിയായി തീര്‍ന്ന ബനൂ ഇസ്റാഈലുകാരിയുടെയും കഥകള്‍ നിങ്ങള്‍ക്ക് പാഠമാകണമെന്ന് സ്വഹാബത്തിനെ തിരുഹബീബ് ഉണര്‍ത്തിയിരുന്നു. നാഥന്‍റെ അനുഗ്രഹമായ ജലം ദാനം ചെയ്യല്‍ മഹത്തരമാണെന്ന് പഠിപ്പിച്ച ലോകത്തിന്‍റെ പ്രവാചകന്‍ മരണപ്പെട്ട മാതാവിനു വേണ്ടി എന്തു പുണ്യപ്രവര്‍ത്തി ചെയ്യണമെന്നന്വേഷിച്ച സഅദ് (റ) വിനോട് നിര്‍ദേശിച്ചത് പൊതുജനങ്ങള്‍ക്ക് കിണര്‍ കുഴിച്ച് ദാനം ചെയ്യാനാണ്. തന്‍റെ വെള്ളത്തില്‍ നിന്നു തനിക്കും ആശ്രിതര്‍ക്കും കുടിക്കാനാവശ്യമായതു മാറ്റിവെച്ച് ബാക്കിയുള്ളത് ആവശ്യക്കാരനു ദാനം ചെയ്യല്‍ നിര്‍ബന്ധമാണെന്നു പഠിപ്പിച്ച മതം ജീവികള്‍ക്കു വെള്ളം നല്‍കിയാല്‍ അംഗസ്നാനത്തിനു തികയാതെ വരികയാണെങ്കില്‍ തയമ്മും ചെയ്തെങ്കിലും ജലദാനം നടത്താന്‍ കല്‍പ്പിക്കുന്നുണ്ട്.
പ്രകൃതിയുടെ മതമായ ഇസ്ലാം അനുശാസിക്കുന്ന ജലനയം അനുവര്‍ത്തിക്കലാണ് നവകാല സാഹചര്യത്തിലെ പ്രതിസന്ധികള്‍ക്ക് പരിഹാരമെന്ന് നമുക്ക് മനസ്സിലാക്കാനാകും.

ഇര്‍ഷാദ് എടവണ്ണപ്പാറ

Write a comment