Posted on

വിട; ധന്യമായ തുടർച്ച

അല്ലാഹുവിന്‍റെ സഹായം വന്നെത്തുകയും വിജയം ലഭിക്കുകയും ജനങ്ങള്‍ കൂട്ടം കൂട്ടമായി അല്ലാഹുവിന്‍റെ മതത്തില്‍ പ്രവേശിക്കുന്നതായും താങ്കള്‍ കാണുകയും ചെയ്താല്‍ താങ്കളുടെ രക്ഷിതാവിനെ സ്തുതിക്കുകയും പ്രകീര്‍ത്തിക്കുകയും അവനോട് പാപമോചനം തേടുകയും ചെയ്യുക. നിശ്ചയം അവന്‍ ഏറ്റവും നല്ല രീതിയില്‍ പശ്ചാതാപം സ്വീകരിക്കുന്നവനാണവന്‍ (സൂറത്തുല്‍നസ്വര്‍). പ്രപഞ്ച സൃഷ്ടിപ്പിന് കാരണമായി അവതരിക്കപ്പെട്ട തിരു നബി(സ)യുടെ വിയോഗത്തിലേക്ക് പ്രപഞ്ച നാഥന്‍ നല്‍കിയ അദ്യ സൂചനയാണിത്. ഇരുപത്തിമൂന്ന് വര്‍ഷം നീണ്ടുനിന്ന പ്രബോധനത്തിന്‍റെ നാള്‍വഴികള്‍ ദുര്‍ഘടമായിരുന്നെങ്കിലും വാഗ്ദാനം ചെയ്യപ്പെട്ടവ കൈവരിച്ചെന്ന് ഈ വാക്കുകള്‍ ഉണര്‍ത്തുന്നു. ഇബ്നുഅബ്ബാസ്(റ) പറയുന്നു. സൂറത്തുന്നസ്വര്‍ അവതരിച്ചപ്പോള്‍ നബി(സ) പുന്നാര മോള്‍ ഫാത്തിമ(റ)യെ വിളിച്ചു പറഞ്ഞു. ‘നിശ്ചയം എനിക്ക് മരണത്തിന്‍റെ സൂചനകള്‍ കിട്ടിയിരിക്കുന്നു’. ഇത് കേട്ടപ്പോള്‍ ഫാത്തിമ(റ) കരഞ്ഞു, നബി(സ) മഹതിയെ സ്വാന്തനിപ്പിച്ച് പറയുകയുണ്ടായി. ‘എന്‍റെ കുടുംബത്തില്‍ നിന്ന് എന്നിലേക്ക് ആദ്യമായി ചേരുന്നത് നീയാണ്’. ഇത് കേട്ടപ്പോള്‍ ഫാത്തിമ(റ) സമാധാനിച്ചു. വര്‍ഷത്തില്‍ അവതരിപ്പിക്കപ്പെട്ട ഖുര്‍ആന്‍ സൂക്തങ്ങള്‍ മുഴുവനായും ഓരോ റമളാനിലും ജിബ്രീല്‍(അ) നബിക്ക് ഓതിക്കൊടുക്കാറുണ്ടായിരുന്നു. വിയോഗ സൂചനയായി ആ വര്‍ഷത്തെ റമളാനില്‍ രണ്ട് തവണ ഓതിക്കൊടുത്തു. ഈ വിവരം ഓമന മകള്‍ ഫാത്തിമ(റ)യെ തിരുനബി(സ) അറിയിച്ചതായി ഇമാം ബുഖാരി(റ) റിപ്പോര്‍ട്ട് ചെയ്ത ഹദീസിലുണ്ട്.

ഹജ്ജത്തുല്‍ വദാഅ്
ഒന്‍പത് വര്‍ഷക്കാലം മദീനയില്‍ താമസിച്ചിട്ടും അനുയായികള്‍ സദാസന്നദ്ധരായി പിന്നിലണി നിരന്നിട്ടും ദീനീ പ്രബോധനത്തില്‍ നിന്ന് അല്‍പസമയം പോലും ഒഴിഞ്ഞ് നിന്ന് സ്വദേശമായ മക്കയില്‍ ഹജ്ജ് കര്‍മ്മത്തിന് പോകാന്‍ നബി(സ) തയ്യാറെടുത്തിരുന്നില്ല. ജാബിര്‍(റ) പറയുന്നു: “ഹിജ്റ പത്താം വര്‍ഷം ഹജ്ജ് ചെയ്യാനൊരുങ്ങുന്നതിനെ കുറിച്ച് നബി(സ) പ്രഖ്യാപനം നടത്തിയപ്പോള്‍ മദീന ജന സാഗരമായി. അങ്ങനെ നബി(സ)യുടെ ഒട്ടകം ദാറുല്‍ഹുലൈഫയിലെ സമതലത്തിലെത്തിയപ്പോള്‍ എന്‍റെ കണ്ണെത്തും ദൂരം വരെ നബി(സ)യുടെ മുന്നിലും പിന്നിലും ഇടതും വലതും നടന്നുകൊണ്ടും വാഹനത്തിലും അവിടുത്തെ അനുഗമിക്കുന്ന അനുയായി വൃന്ദത്തെ ഞാന്‍ കണ്ടു”. ഹജ്ജ് കര്‍മ്മം നിര്‍വ്വഹിച്ചതും അവിടെ വെച്ചുള്ള പ്രഭാഷണവും മറ്റും നബി(സ)യുടെ വഫാത്തിലേക്കുള്ള സൂചനയായിരുന്നു. ആ യാത്രക്കിടെ പ്രവാചകര്‍ ഒരു പ്രഭാഷണം നടത്തി. വിശ്വാസികള്‍ക്കിടയിലുള്ള സാഹോദര്യത്തെയും പരസ്പര ബന്ധങ്ങളെയും ആദരവിനെയും ഊന്നിപ്പറഞ്ഞ തിരുദൂതര്‍ സ്ത്രീ സംരക്ഷണത്തെക്കുറിച്ചും പലിശക്കെതിരെയുള്ള നിലപാടും വ്യക്തമാക്കി. ശേഷം ഇപ്രകാരവും പറഞ്ഞു: “എന്നെക്കറിച്ച് ആരെങ്കിലും നിങ്ങളോട് ചോദിച്ചാല്‍ നിങ്ങളെന്ത് മറുപടി പറയും?” സ്വഹാബികള്‍ പറഞ്ഞു: “സത്യ മതത്തെ അങ്ങ് ഞങ്ങളിലേക്ക് എത്തിച്ചു തരുകയും അങ്ങയുടെ ഉത്തരവാദിത്തം നിര്‍വ്വഹിക്കുകയും സദുപദേശം നല്‍കി ഞങ്ങളെ സംസ്കരിക്കുകയും ചെയ്തിട്ടുണ്ടെന്ന് ഞങ്ങള്‍ സാക്ഷി പറയും. നബി(സ) പറഞ്ഞു: “അല്ലാഹുവേ… നീ ഇതിന് സാക്ഷിയാണ്”. (മുസ്ലിം)
ഒരു ബലി പെരുന്നാള്‍ ദിനത്തില്‍ നബി(സ) ഒട്ടകപ്പുറത്തിരുന്ന് ഒരു പ്രഭാഷണം നടത്തി. അന്നേരം അവിടുന്ന് പറഞ്ഞു: “ഇപ്പോള്‍ ഇവിടെ ഇല്ലാത്തവര്‍ക്ക് ഇക്കാര്യങ്ങള്‍ ഉള്ളവര്‍ക്ക് എത്തിച്ച് കൊടുക്കട്ടെ”. ഇബ്നുഅബ്ബാസ്(റ) പറഞ്ഞു: “അല്ലാഹുവാണേ സത്യം സമുദായത്തോടുള്ള നേതാവിന്‍റെ വസ്വിയ്യത്താണിത്” (ബുഖാരി). മിനായില്‍ വെച്ച് നബി(സ) തന്‍റെ വയസ്സിന്‍റെ എണ്ണമനുസരിച്ച് അറുപത്തിമൂന്ന് മൃഗങ്ങളെ ബലിയറുക്കുകയും ചെയ്തു. (അല്‍ ബിദായത്തു വന്നിഹായ). ഹജ്ജത്തുല്‍ വദാഇല്‍ നബി(സ) മൂന്നു പ്രഭാഷണങ്ങള്‍ നടത്തുകയുണ്ടായി. ഒന്ന് അറഫാ ദിനത്തിലും രണ്ടാമത്തേത് പെരുന്നാളിന്നും മൂന്നാമത്തേത് ദുല്‍ഹിജ്ജ പന്ത്രണ്ടിന് മിനയില്‍ വെച്ചുമായിരുന്നു. പ്രസംഗങ്ങളിലെ പരാമര്‍ശം കേട്ട സ്വഹാബികള്‍ പറഞ്ഞു: “ഇത് വിടവാങ്ങല്‍ ഹജ്ജാണെന്ന്”. ഹജ്ജ് നിര്‍വ്വഹിച്ച ശേഷം മദീനയിലേക്ക് മടങ്ങിയ നബി(സ) വഴിയില്‍ ഖുമ എന്ന പേരില്‍ അറിയപ്പെടുന്ന ഒരു വെള്ളത്തിന് അടുത്ത് അനുചരന്മാരെ ഒരുമിച്ച് കൂട്ടി അവരെ അഭിസംബോധനം ചെയ്തു. “ജനങ്ങളെ… തീര്‍ച്ചയായും ഞാന്‍ മനുഷ്യനാണ്, നാഥനില്‍ നിന്നും ദൂതന്‍ എന്‍റെ അടുക്കല്‍ വരാനും അദ്ധേഹത്തിന് ഞാന്‍ ഉത്തരം നല്‍കാനും സമയം അതിക്രമിച്ചിട്ടുണ്ട്”. (മുസ്ലിം)

വിട ചോദിക്കുന്നു
ഉഖ്ബ(റ) പറയുന്നു: “ഉഹ്ദ് യുദ്ധത്തില്‍ വധിക്കപ്പെട്ട സ്വഹാബികളുടെ ജനാസ നിസ്കാരശേഷം നബി(സ) ജീവിച്ചിരിക്കുന്നവരോടെന്ന നിലക്ക് വിടവാങ്ങല്‍ ശൈലിയില്‍ പറഞ്ഞു: “ഞാന്‍ നിങ്ങള്‍ക്ക് സാക്ഷിയും മുമ്പേ വന്നവനും, അന്ത്യനാളില്‍ ഹൗളിന്‍റെ അടുക്കല്‍ നിങ്ങള്‍ക്ക് വാഗ്ധാനം ചെയ്യപ്പെട്ടതുമാണ്. സത്യമായും ഞാന്‍ ഈ ഭൂമിയില്‍ വെച്ച് തന്നെ എന്‍റെ ഹൗള് കാണുന്നുണ്ട്. ഭൂമിയിലെ ഖജനാവുകളുടെ താക്കോല്‍ എനിക്ക് നല്‍കപ്പെട്ടിരിക്കുന്നു. എന്‍റെ ശേഷം നിങ്ങള്‍ ബഹുദൈവാരാധകരാകുന്നതിനെ ഞാന്‍ ഭയപ്പെടുന്നില്ല. എന്നാല്‍ നിങ്ങളീ ഭൗതികലോകത്ത് ഇച്ഛിക്കുന്നതും, ജീവന്‍ ത്യജിച്ചെങ്കിലും നിങ്ങള്‍ നേടുന്നതുമായ ഐഹിക കാര്യങ്ങളേയാണ് എനിക്ക് ഭയം. അങ്ങനെയെങ്കില്‍ മുന്‍ഗാമികള്‍ നശിച്ചത് പോലെ നിങ്ങളും നശിക്കും”. തിരുനബി(സ്വ) മദീനയിലെ മിമ്പറില്‍ അവസാനം കയറിയ ദിവസം പറഞ്ഞു: “ഞാന്‍ ആരെയെങ്കിലും നോവിച്ചിട്ടുണ്ടെങ്കില്‍, ആരുടേയെങ്കിലും അഭിമാനത്തിന് ക്ഷതം വരുത്തിയിട്ടുണ്ടെങ്കില്‍ അവന്‍ പ്രതികാരം ചെയ്തു കൊള്ളട്ടെ”. എനിക്ക് മൂന്ന് ദിര്‍ഹം നല്‍കാനുണ്ടെന്ന് പറഞ്ഞ സ്വഹാബിക്ക് അതു നല്‍കാന്‍ നബി(സ്വ) ഫള്ല്‍(റ) വിനെ ചുമതലപ്പെടുത്തി. നാടുപേക്ഷിച്ച് മദീനയില്‍ വന്നെത്തിയ പ്രവാചകരേയും സംഘത്തേയും സഹായിച്ച, വിശുദ്ധ മതത്തെ സ്വീകരിച്ച, അന്‍സ്വാറുകളോട് നന്മയില്‍ വര്‍ത്തിക്കാന്‍ ഉപദേശിച്ചു. ഇതെല്ലാം വഫാത്തിന്‍റെ അഞ്ചു നാളുകള്‍ക്ക് മുമ്പായിരുന്നു. അവസാന നാളുകളില്‍ ജന്നത്തുല്‍ബഖീഅ് സിയാറത്ത് ചെയ്യലും അവിടെ മറവ് ചെയ്യപ്പട്ടവര്‍ക്കു വേണ്ടി ദുആ ചെയ്യലും അവിടുന്ന് പതിവാക്കിയിരുന്നു. അബൂ സഈദില്‍ ഖുദ്സി(റ) ഉദ്ദരിക്കുന്ന ഹദീസില്‍ കാണാം നബി(സ്വ) പറഞ്ഞു: “അല്ലാഹു തന്‍റെ അടിമക്ക് ഭൗതിക സുഖാഢംബരങ്ങളേയോ തന്‍റെ പക്കലുള്ളതിനേയോ തിരഞ്ഞെടുക്കാനുള്ള അവസരം നല്‍കി. ആ അടിമ അല്ലാഹുവിന്‍റെ പക്കലുള്ളതിനെ തിരഞ്ഞെടുത്തു”. ഇതു കേട്ട അബൂബക്കര്‍ സ്വിദ്ദീഖ്(റ) കരഞ്ഞു. ഞങ്ങള്‍ അത്ഭുതപ്പട്ടു. ജനങ്ങള്‍ ചോദിച്ചു: “ഒരു അടിമ അല്ലാഹുവിന്‍റെ പക്കലുള്ളതിനെ തിരഞ്ഞെടുത്ത കാര്യമല്ലേ തിരുനബി(സ്വ) പറഞ്ഞത് എന്നിട്ടും…” അപ്പോഴാണ് നബി(സ്വ) യാണ് അടിമയെന്ന കാര്യം സിദ്ധീഖ്(റ) ഞങ്ങളെ പഠിപ്പിച്ചത്.

രോഗത്തിന്‍റെ തുടക്കം
സ്വഫര്‍ മാസം അവസാനത്തെ ബുധനാഴ്ചയാണ് നബി(സ്വ) ക്ക് വഫാത്തിനുള്ള രോഗം ബാധിച്ചത്. പണ്ഡിതന്മാര്‍ പറയുന്നു: നബി(സ്വ) തങ്ങള്‍ക്ക് ആദ്യം തലവേദന അനുഭവപ്പെട്ടു. ഒരു ദിവസം ജന്നത്തുല്‍ ബഖീഇല്‍ നിന്നും മടങ്ങി വീട്ടിലെത്തിയ റസൂലിനോട് ആഇശാ ബീവി തന്‍റെ തലവേദനയെക്കുറിച്ച് നബിയോട് ആവലാതിപ്പെട്ടു. അപ്പോള്‍ നബി(സ്വ) പറഞ്ഞു: ‘സത്യമായും എനിക്കും തലവേദനയുണ്ട്’. നനഞ്ഞ തുണി തലയില്‍ വെച്ചുകെട്ടിയായിരുന്നു ജനങ്ങളെ അഭിസംബോധനം ചെയ്തിരുന്നത്. രോഗബാധിതനായിട്ടുപോലും ഭാര്യമാരുടെ വീട്ടില്‍ ഊഴം വെച്ച് മാറിമാറി താമസിച്ചു. മൈമൂന(റ) യുടെ വീട്ടില്‍ വെച്ച് രോഗം മൂര്‍ഛിച്ചപ്പോള്‍ ആഇശാ(റ) യുടെ വീട്ടില്‍ താമസിക്കാന്‍ മറ്റു ഭാര്യമാരോട് അനുമതി തേടുകയും അവര്‍ സമ്മതിക്കുകയും ചെയ്തു.
ഫള്ലുബ്നു അബ്ബാസ്(റ) വിന്‍റേയും, അലിയ്യുബ്നു അബീത്വാലിബ്(റ) വിന്‍റേയും തോളില്‍ പിടിച്ച് നടന്നാണ് നബി(സ്വ) പോയത്. തുടര്‍ന്ന് വേദന കൂടുകയും പനി ബാധിക്കുകയും ചെയ്തു. നബി(സ്വ) പറഞ്ഞു: “രണ്ട് പേരുടെ പനിയുണ്ട് ഇപ്പോഴെനിക്ക്”. ഇത്രക്കു ശക്തമായ രോഗമായിരുന്നു നബിക്കുണ്ടായിരുന്നത്. അബൂ സഈദ്(റ) പറയുന്നു: രോഗ ശയ്യയില്‍ കിടക്കുന്ന നബി(സ്വ) യെ ഞാന്‍ സന്ദര്‍ശിച്ചു. എന്‍റെ കൈ അവിടുത്തെ ദേഹത്ത് വെച്ചപ്പോള്‍ പുതപ്പിന് മുകളില്‍ ശക്തമായ ചൂട് ഞാനനുഭവിച്ചു. നബി(സ്വ) പറഞ്ഞു: നിങ്ങള്‍ക്ക് പരീക്ഷണങ്ങളും പ്രതിഫലവും ഇരട്ടിയാക്കപ്പെടും. ശക്തമായ പനി കാരണത്താല്‍ ഏഴ് ഉറവിടങ്ങളില്‍ നിന്നുള്ള ഏഴ് തരം വെള്ളം ചൊരിഞ്ഞ് ശരീരം തണുപ്പിച്ചിരുന്നു. ഈ സമയത്ത് വേദനയുടെ കാഠിന്യത്താല്‍ ഒന്നിലധികം തവണ നബി തങ്ങള്‍ക്ക് ബോധക്ഷയമുണ്ടായിട്ടുണ്ട്.
രോഗ ശയ്യയിലായ നബി കരീം(സ്വ) നാല്‍പത് അടിമകളെ മോചിപ്പിക്കുകയും തന്‍റെ പക്കല്‍ അവശേഷിക്കുന്ന ആറോ ഏഴോ ദീനാറുകള്‍ കൈയ്യില്‍ പിടിച്ച് ഇപ്രകാരം പറയുകയും ചെയ്തു: ‘ഇത് മുഹമ്മദിന്‍റെ കയ്യിലുണ്ടായിരിക്കെ രക്ഷിതാവിനെ കണ്ടുമുട്ടുന്നുവെങ്കില്‍ മുഹമ്മദ് റബ്ബിനെ കുറിച്ചുള്ള പേടിയില്ലാത്തവനാകും’ തന്മൂലം ആഇശ(റ) യെ വിളിച്ച് അത് സ്വദഖ ചെയ്യാന്‍ കല്‍പിക്കുകയും ചെയ്തു. (സീറത്തുല്‍ ഹലബിയ്യ)

അബൂബക്കര്‍(റ) വിന്‍റെ ഇമാമത്ത്
രോഗം മൂര്‍ഛിച്ച് പള്ളിയിലേക്ക് പോകാന്‍ കഴിയാത്ത പരുവത്തിലായി മുത്ത് നബി. ഇശാഅ് നിസ്കാരത്തിന് പോകാന്‍ കഴിയുന്നില്ല. നബി തങ്ങള്‍ ചോദിച്ചു: ‘ജനങ്ങള്‍ നിസ്കരിച്ചുവോ’ സ്വഹാബത്ത് പറഞ്ഞു: ഇല്ല ദൂതരെ… അവര്‍ അങ്ങയെ പ്രതീക്ഷിച്ചിരിക്കുകയാണ്. അന്ന് പലതവണ പലര്‍ക്കും ബോധക്ഷയമുണ്ടായി. അബൂബക്കര്‍(റ) വിനോട് ഇമാമായി നിസ്കരിക്കാന്‍ പറഞ്ഞു. പക്ഷെ, അബൂബക്കര്‍(റ) വിന് ഖുര്‍ആന്‍ ഓതുമ്പോള്‍ സ്വയം നിയന്ത്രണം നഷ്ടപ്പെടുന്നതിനാല്‍ ഉമര്‍(റ) വിനോട് ഇമാമായി നിസ്കരിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഉമര്‍(റ) കൂട്ടാക്കിയില്ല. അങ്ങനെ അബൂബക്കര്‍(റ) തന്നെ ഇമാമായി നിസ്കരിച്ചു. ആശ്വാസം തോന്നുന്ന സമയങ്ങളിലെല്ലാം തിരുനബി(സ്വ) വളരെ പ്രയാസപ്പെട്ട് രണ്ട് പേരുടെ ചുമലില്‍ പിടിച്ച് പള്ളിയില്‍ വരികയും ഇരുന്ന് നിസ്കരിക്കുകയും ചെയ്തിരുന്നു. സിദ്ദീഖ്(റ) നബി തങ്ങളുടെ വലത് ഭാഗത്ത് നിന്ന് അനുകരിച്ച് ജനങ്ങള്‍ക്ക് ഇമാമിന്‍റെ അനക്കങ്ങള്‍ എത്തിച്ചു കൊടുക്കുന്ന ‘മുബല്ലിഗി’ ന്‍റെ കര്‍തവ്യം നിര്‍വഹിച്ചു. ആകെ പതിനേഴ് നിസ്കാരങ്ങളാണ് ഈ കാലയളവില്‍ സിദ്ദീഖ്(റ) ഇമാമായി നിസ്കരിച്ചത്.
വഫാത്തിന്‍റെ തലേദിവസം ഞായറാഴ്ച്ച തന്‍റെ എല്ലാ അടിമകളെയും മോചിപ്പിക്കുകയും കയ്യിലുണ്ടായിരുന്ന ദിര്‍ഹമുകളെല്ലാം സ്വദഖ ചെയ്യുകയും ചെയ്തു. മുപ്പത് ‘സ്വാഅ്’ ബാര്‍ലിക്ക് പകരം നബി(സ്വ) തന്‍റെ പടയങ്കി ഒരു യഹൂദിയുടെ പക്കല്‍ പണയം വെച്ചു. ആ രാത്രി വിളക്ക് കത്തിച്ചത് ആയിശ ബീവി(റ) യുടെ അയല്‍വാസിയില്‍ നിന്ന് എണ്ണ വായ്പ വാങ്ങിയായിരുന്നു.

അന്ത്യ നിമിഷങ്ങള്‍
ഹിജ്റ പതിനൊന്നാം വര്‍ഷം റബീഉല്‍ അവ്വല്‍ പന്ത്രണ്ട് സുബ്ഹി നിസ്കാരത്തിന് വേണ്ടി ജനങ്ങള്‍ മസ്ജിദുന്നബവിയിലെത്തി സിദ്ദീഖ്(റ) വിന്‍റെ നേതൃത്വത്തില്‍ നിസ്കാരം ആരംഭിച്ചു. പെട്ടെന്ന് നബി(സ്വ) ആഇശ(റ) യുടെ മറനീക്കി പ്രത്യക്ഷപ്പെട്ടു. സ്വഹാബികള്‍ നിസ്കരിക്കുന്നത് കണ്ട് സന്തോഷിച്ചു. തിരുനബി നിസ്കരിക്കാന്‍ വരികയാണെന്ന് ഭാവിച്ച് സിദ്ദീഖ്(റ) പിറകോട്ട് നില്‍ക്കാന്‍ തുനിഞ്ഞപ്പോള്‍ നിസ്കാരം തുടരാന്‍ നബി(സ്വ) തങ്ങള്‍ ആഗ്യം കാണിക്കുകയും, മുറിയുടെ വിരി താഴ്ത്തി മുറിയിലേക്ക് തന്നെ മടങ്ങുകയും ചെയ്തു. പിന്നീട് മകള്‍ ഫാത്വിമ ബീവി(റ)യെ വിളിച്ച് ചെവിയില്‍ എന്തോ സ്വകാര്യം പറഞ്ഞു. അപ്പോള്‍ ഫാത്വിമ ബീവി(റ) കരഞ്ഞു. അല്‍പം കഴിഞ്ഞ് വീണ്ടുമെന്തോ സ്വകാര്യം പറഞ്ഞു. അപ്പോള്‍ മഹതി ചിരിക്കുകയും ചെയ്തു. ഈ സംഭവത്തെ കുറിച്ച് പിന്നീട് ഫാത്വിമ ബീവിയോട് ആയിശാ(റ) ചോദിച്ചു. ഫാത്വിമ ബീവി പറഞ്ഞു: “മുത്ത് നബി ആദ്യം പറഞ്ഞത് അവിടുന്ന് അന്നേരം ബാധിച്ച രോഗം മൂലം മരണപ്പെടുമെന്നാണ്. അപ്പോഴാണ് ഞാന്‍ കരഞ്ഞത്. പിന്നീടെന്നോട് പറഞ്ഞത് അഹ്ലുബൈത്തില്‍ നിന്ന് എന്നോടാദ്യം ചേരുന്നത് നീയാണ് ഫാത്വമാ എന്നാണ്. അപ്പോഴാണ് ഞാന്‍ ചിരിച്ചത്”.
രോഗം ബാധിക്കുമ്പോഴൊക്കെ മന്ത്രം കൊണ്ട് ചികിത്സിക്കുന്ന പതിവുണ്ടായിരുന്നു ഹബീബിന്. റസൂല്‍ മന്ത്രത്തിനുപോലും ഭേദപ്പെടുത്താന്‍ കഴിയാത്തത്ര രോഗിയായി. ആഇശ(റ) പറയുന്നു: “രോഗ ബാധിതനായാല്‍ മുഅവ്വിദതൈനി ഓതി കൈയ്യിലൂതുകയും ശരീരമാസകലം തടവുകയും ചെയ്യുന്ന പതിവായിരുന്നു നബിയുടേത്. വഫാത്തിന്‍റെ രോഗം ബാധിച്ചപ്പോള്‍ മുഅവ്വിദതൈനി ഞാന്‍ ഓതി നബി(സ്വ) യുടെ കയ്യില്‍ ഊതി. ആ കൈ കൊണ്ട് തിരു ശരീരം തടവുകയും ചെയ്തു. എന്‍റെ കയ്യിനേക്കാള്‍ ബറക്കത്തുള്ള നബി(സ്വ) തങ്ങളുടെ കൈയ്യിന്‍റെ ബറക്കത് കൊണ്ട് രോഗം മാറിക്കോട്ടെ എന്ന് നിനച്ചാണത് ചെയ്തത്”.(ബുഖാരി)
ആഇശ(റ) പറയുന്നു: “നബി(സ്വ) വഫാത്തിനോടടുത്തപ്പോള്‍ എന്‍റെ സഹോദരന്‍ അബ്ദുറഹ്മാന്‍ കടന്നു വന്നു. അപ്പോള്‍ നബി(സ്വ) എന്‍റെ മാറിടത്തിലേക്ക് ചാഞ്ഞിരിക്കുകയായിരുന്നു. അദ്ദേഹത്തിന്‍റെ കയ്യിലൊരു മിസവാക്ക് ഉണ്ടായിരുന്നു. നബി(സ്വ) അതിലേക്ക് നോക്കുന്നതായി ഞാന്‍ കണ്ടു. അവിടുത്തേക്ക് അത് ആവശ്യമുണ്ടെന്നു തോന്നിയെനിക്ക് . അങ്ങേക്ക് വേണ്ടി ഞാനത് വാങ്ങട്ടെ, എന്ന് ഞാന്‍ ചോദിച്ചു. അതെ എന്ന് അവിടുന്ന് സമ്മതം മൂളി. ഞാനത് വാങ്ങി എന്‍റെ ഉമിനീരു കൊണ്ടത് മയപ്പെടുത്തി നബിക്ക് മിസ്വാക്ക് ചെയ്തു കൊടുത്തു. നബി(സ്വ) ക്ക് മുന്നില്‍ ഒരു തോല്‍പാത്രത്തില്‍ വെള്ളമുണ്ടായിരുന്നു. അതില്‍ കയ്യിട്ട് വെള്ളമെടുത്ത് മുഖം തടവുകയും ‘ലാഇലാഹ ഇല്ലള്ളാഹ്’ നിശ്ചയം മരണത്തിന് വല്ലാത്ത വേദനയുണ്ട് എന്ന് പറയുകയും ചെയ്തു”.(ബുഖാരി)
നബി(സ്വ) കയ്യും കണ്ണും ഉയര്‍ത്തി ‘അര്‍റഫീഖുല്‍ അഅ്ല’ എന്ന് പറയുകയും അല്ലാഹുവിന്‍റെ അലംഘനീയമായ വിളിക്ക് ഉത്തരം നല്‍കുകയും ചെയ്തു. ഹിജ്റ പതിനൊന്നാം വര്‍ഷം റബീഉല്‍ അവ്വല്‍ 12 തിങ്കളാഴ്ച (ക്രിസ്താബ്ദം 632 ജൂണ്‍ 8) യായിരുന്നു നബിയുടെ വഫാത്ത്. ചാന്ദ്രിക കണക്കനുസരിച്ച് 63 വര്‍ഷവും സൂര്യ വര്‍ഷമനുസരിച്ച് 61 വര്‍ഷവും 84 ദിവസവുമായിരുന്നു നബി(സ്വ) യുടെ പ്രായം.

പരിഭ്രാന്തരായ സ്വഹാബികള്‍
ലോക മുസ്ലിംകള്‍ക്ക് തീരാ നഷ്ടമായിരുന്നു നബി(സ്വ) യുടെ വഫാത്ത്. അനസ്(റ) പറയുന്നു: നബി(സ്വ) മദീനയില്‍ പ്രവേശിച്ചപ്പോള്‍ എല്ലാ വസ്തുക്കളും പ്രാകാശിച്ചു. മുത്ത് നബി വഫാത്തായ ദിനത്തില്‍ എല്ലാം ഇരുള്‍മുറ്റിയതായി. തിരുനബി(സ്വ) യുടെ വഫാത്ത് സ്വഹാബികള്‍ക്ക് ഉള്‍കൊള്ളാനാകുന്നതായിരുന്നില്ല. എല്ലാവരും പരിഭ്രമിച്ചു. ചിലര്‍ വാര്‍ത്ത നിഷേധിച്ചു. മറ്റു ചിലര്‍ക്ക് ബുദ്ധിഭ്രമം സംഭവിച്ചു. ദുഃഖത്താല്‍ ഒന്നും ഉരിയാടാന്‍ കഴിയാത്തവരായിരുന്നു പലരും. ഈ സങ്കട വാര്‍ത്ത കേട്ട് രോഗമായി മരണപ്പെട്ടവര്‍ വരെയുണ്ടായി.
ഉസ്മാന്‍(റ) വിന് ഒന്നും ഉരിയാടാന്‍ കഴിഞ്ഞില്ല. അലി(റ) നിലത്തിരുന്ന് പോയി. അബ്ദുല്ലാഹിബ്നു ഉനൈസ്(റ) ദുഃഖ ഭാരത്താല്‍ രോഗം ബാധിച്ച് മരണം വരിച്ചു. ‘എന്‍റെ പിതാവ് തന്‍റെ നാഥന്‍റെ ക്ഷണം സ്വീകരിച്ചു. ഫിര്‍ദൗസാണ് വിശ്രമ സ്ഥലം’. ഫാത്തിമ ബീവി തേങ്ങി. ധൈര്യശാലിയായ ഹൃദയമുള്ള ഉമര്‍(റ) പോലും തിരുനബിയുടെ വഫാത്തുവാര്‍ത്ത കേട്ട് പതറി. സിദ്ദീഖ്(റ) മസ്ജിദുന്നബവിയില്‍ നിന്നും ഒരു മൈല്‍ അകലെ ‘സുന്‍ഹ്’ എന്ന പ്രദേശത്തായിരുന്നു. വിവരമറിഞ്ഞ് നിറകണ്ണുകളോടെ, പിടക്കുന്ന ഹൃദയത്തോടെ കുതിരപ്പുറത്ത് വന്ന് തിരുനബിയുടെ ചാരത്ത് വന്ന് മുഖത്ത് നിന്ന് വസ്ത്രം നീക്കി തിളങ്ങുന്ന ആ മുഖം തടവുകയും കരഞ്ഞ് കൊണ്ട് നെറ്റിത്തടത്തില്‍ ചുംബിക്കുകയും ചെയ്തു. തുടര്‍ന്ന് പതറിപ്പോയ സ്വഹാബികള്‍ക്കു മുന്നില്‍ ആശ്വസിപ്പിച്ചു കൊണ്ട് പ്രഭാഷണം നടത്തി. ഉമര്‍(റ) അടക്കമുള്ള സ്വഹാബികള്‍ ശാന്തരായത് ആ പ്രസംഗം കേട്ടുകൊണ്ടായിരുന്നു. നബി(സ്വ)ക്കു ശേഷം ആര് ഖലീഫയാകുമെന്ന ചര്‍ച്ചയില്‍ അവര്‍ വ്യാപൃതരായി.

അബൂബക്കര്‍(റ) വിന്‍റെ ഖിലാഫത്ത്
നബി(സ്വ) യുടെ വഫാത്ത് കാട്ടുതീ പോലെ പടര്‍ന്നു. അന്‍സ്വാറുകളായ നേതാക്കള്‍ ബനൂ സാഇദ ഗോത്രക്കാരുടെ പന്തലില്‍ യോഗം ചേര്‍ന്നു. സഈദുബ്നു ഉബാദ എന്ന ഖസ്റജ് ഗോത്രത്തലവനെ ബൈഅത്ത് ചെയ്യുന്നതിനെ കുറിച്ച് അഭിപ്രായപ്പെട്ടു. ഇങ്ങനെ പല അഭിപ്രായ ഭിന്നതകളുണ്ടെങ്കിലും അവസാനം സ്വഹാബികള്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടു: മുഹാജിറുകളില്‍ അത്യുല്‍കൃഷ്ടര്‍ താങ്കളാണ്. തിരുനബി(സ്വ) യോടൊപ്പം സൗര്‍ ഗുഹയില്‍ രണ്ടാമനും നിസ്കാരത്തില്‍ ഇമാമത്തില്‍ നബി(സ്വ) യുടെ പ്രതിനിധിയും താങ്കളാണ്. അതിനാല്‍ താങ്കള്‍ ആ കൈയ്യൊന്ന് നീട്ടൂ. ഞങ്ങള്‍ ബൈഅത്ത് ചെയ്യാം. അങ്ങനെ ഖലീഫയായി അബൂബക്കര്‍(റ) വിനെ തിരഞ്ഞെടുത്തു. അതിന് ശേഷമാണ് ജനങ്ങള്‍ ജനാസ സംസ്കരണത്തിലേര്‍പ്പെട്ടത്.

അനന്തര ക്രിയകള്‍
നബി(സ്വ) യെ കുളിപ്പിക്കാനിരിക്കെ സ്വഹാബികള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായി. വസ്ത്രമഴിച്ച് മാറ്റിയാണോ കുളിപ്പിക്കേണ്ടത് അതോ വസ്ത്രത്തില്‍ വെച്ചാണോ തന്നെ കുളിപ്പിക്കേണ്ടത്, എന്ന അഭിപ്രായ ഭിന്നതകള്‍ക്കിടയില്‍ അവര്‍ക്ക് ഉറക്കം ബാധിച്ചു. അപ്പോള്‍ വീടിന്‍റെ ഒരു ഭാഗത്തു നിന്ന് ഇങ്ങനെ കേട്ടു. ‘നബി(സ്വ) യെ വസ്ത്രത്തിലായിത്തന്നെ കുളിപ്പിക്കുക’. ജനങ്ങള്‍ പെട്ടന്ന് തന്നെ എഴുന്നേറ്റ് വസ്ത്രത്തില്‍ തന്നെ കുളിപ്പിച്ചു.(ഇബ്നു ഹിശാം)
അലി(റ) വാണ് മയ്യിത്ത് കുളിക്ക് നേതൃത്വം നല്‍കിയത്. അബ്ബാസ്(റ), ഫള്ല്‍(റ), ഖുസം(റ), ഉസാമ(റ), ശഖ്റാന്‍(റ) എന്നിവരും അലി(റ) വിനെ സഹായിച്ചു. അലി(റ) പറഞ്ഞു: നബി(സ്വ) യെ ഞാനൊഴികെ ആരും കുളിപ്പിക്കരുതെന്ന് നബി(സ്വ) വസിയ്യത്ത് ചെയ്തിരുന്നു(ഇബ്നു ഹിശാം). ആഇശ(റ) പറയുന്നു: ഖമീസും തലപ്പാവുമില്ലാതെ മൂന്ന് വെള്ളത്തുണികളിലാണ് നബി(സ്വ) യെ കഫന്‍ ചെയ്യപ്പെട്ടത്(ബുഖാരി). കുളിപ്പിച്ച് കഫന്‍ ചെയ്ത ശേഷം നബി(സ്വ) യെ ഒരു കട്ടിലില്‍ കിടത്തി. എവിടെ ഖബറടക്കപ്പെടണമെന്ന കാര്യത്തിലും അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. മസ്ജിദുന്നബവി, ജന്നതുല്‍ ബഖീഅ് ഇങ്ങനെ പല അഭിപ്രായങ്ങളുമുണ്ടായി. അപ്പോള്‍ സിദ്ദീഖ്(റ) പറഞ്ഞു: ‘ഏതൊരു നബിയും അവര്‍ വഫാത്തായ സ്ഥലത്ത് മാത്രമെ ഖബറടക്കപ്പെട്ടിട്ടുള്ളൂ’ എന്ന് നബി(സ്വ) പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്. അതിനാല്‍ അവിടെ തന്നെ ഖബര്‍ കുഴിക്കുകയും ചെയ്തു. ജനങ്ങള്‍ ഓരോരുത്തരായി നിസ്കരിച്ചു. ആദ്യം പുരുഷന്‍മാര്‍, പിന്നീട് സ്ത്രീകള്‍, കുട്ടികള്‍ എന്നിങ്ങനെയായിരുന്നു നിസ്കരിച്ചത്.(സീറത്തുന്നബവിയ്യ)
നബി(സ്വ) യുടെ ഖബറുശ്ശരീഫ് കുഴിച്ചത് അബൂത്വല്‍ഹ(റ) ആയിരുന്നു. അബ്ബാസ്(റ) പറയുന്നു: അവിടുത്തെ ഖബറടക്കുമ്പോള്‍ അബ്ബാസ്(റ), അലി(റ), ഫള്ല്‍(റ) എന്നിവര്‍ ഖബറില്‍ ഇറങ്ങി. അന്‍സ്വാരികളില്‍ പെട്ട ഒരാള്‍ ഖബര്‍ നേരെയാക്കി. റബീഉല്‍ അവ്വല്‍ പതിനാലിന് ബുധനാഴ്ചയായിരുന്നു നബി(സ്വ) യെ ഖബറടക്കപ്പെട്ടത്. മുത്ത് നബി(സ്വ) യുടെ വിശുദ്ധ റൗള സന്ദര്‍ശിക്കാന്‍ അല്ലാഹു നമുക്ക് ഭാഗ്യം നല്‍കട്ടെ, ആമീന്‍.

മുഹ്സിന്‍ ഏലിയാപറമ്പ്

Write a comment