Posted on

ഇനി ആ ഗ്രാമം ഹൃദയമറിഞ്ഞു പുഞ്ചിരിക്കും

റമളാനില്‍ ഞങ്ങള്‍ സിനിമ കാണാറില്ല. ടി.വി പൂട്ടിയിരിക്കുകയാണ്. അല്‍പ്പം ഗൗരവത്തോടെയുള്ള മറുപടി. മതപ്രഭാഷണ സി ഡിയാണെന്ന് പറഞ്ഞപ്പോള്‍ അതെന്താണെന്നറിയാനുള്ള തിടുക്കമായി. സി ഡി വാങ്ങി ടിവിയില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ ഇങ്ങനെയുള്ള സി ഡികളുമുണ്ടോ എന്ന അത്ഭുതത്തോടെയുള്ള ചോദ്യവും. പാലക്കാട് ജില്ലയിലെ കിളിമലക്ക് താഴെയുള്ള മുസ്ലിം പിന്നാക്ക പ്രദേശങ്ങളിലെ ദഅ്വാ പര്യടനം സമ്മാനിച്ചത് ആശ്ചര്യം ജനിപ്പിക്കുന്ന ചില സത്യങ്ങളാണ്. പരസ്പരം മത്സരിച്ച് പള്ളിയിലും മദ്റസകളിലും വഅള് പരമ്പരകള്‍ വീറോടെ നടത്തുന്ന കേരളത്തിലെ മതനേതൃത്വം ഒരാവര്‍ത്തി ചില പുനരാലോചനകള്‍ക്ക് വിധേയരാകേണ്ടതുണ്ട്. മതത്തിന്‍റെ അടിസ്ഥാന ആശയങ്ങള്‍ പോലും അപ്രാപ്യമായ പേരില്‍ മാത്രം മുസ്ലിമെന്ന് തിരിച്ചറിയാനൊക്കുന്ന വലിയൊരു സമൂഹത്തെയാണ് കിളിമലക്ക് താഴെയുള്ള ഗ്രാമങ്ങളില്‍ ഞങ്ങള്‍ക്ക് കാണാനായത്. മതത്തിന്‍റെ ബാലപാഠങ്ങളും ആരാധനാമുറകളും പഠനക്ലാസുകള്‍ സംഘടിപ്പിച്ച് പറഞ്ഞു കൊടുത്തപ്പോള്‍ നാളിതുവരെയുള്ള ജീവിതത്തില്‍ സങ്കടപ്പെടുന്നവരേറെ. എഴുപതു വയസ്സ് കഴിഞ്ഞ ഉമ്മൂമ്മ കരഞ്ഞു കൊണ്ട് പറഞ്ഞത് ഞങ്ങള്‍ക്ക് കുറച്ചെങ്കിലും തിരിച്ചറിവ് ലഭിക്കുന്നത് നിങ്ങളുടെ ക്ലാസുകളില്‍ നിന്നാണ്. ഇത് തുടരണം. ഇനി വരുന്ന ഒരു തലമുറ ഞങ്ങളെപ്പോലെയാവരുത്. അവര്‍ക്ക് ദീന്‍ പറഞ്ഞുകൊടുക്കാന്‍ സംവിധാനങ്ങളൊരുക്കണമെന്നാണ്. ഇക്കഴിഞ്ഞ ആഗസ്റ്റ് ആറിന് ഏറെ പരിശ്രമങ്ങള്‍ക്കൊടുവില്‍ പരിമിത സൗകര്യത്തോടെയാണെങ്കിലും മദ്റസത്തു അനസുബ്നുമാലിക് തുറന്നു കൊടുക്കാനായത് മജ്മഅ് സ്റ്റുഡന്‍റ്സ് അസോസിയേഷന് കീഴിലെ ദഅ്വാ സെല്ലിന് ചാരിതാര്‍ത്ഥ്യമേകുന്നുണ്ട്.
സമുദ്രനിരപ്പില്‍ നിന്നും ശരാശരി നാനൂറ് മുതല്‍ ആയിരത്തഞ്ഞൂറ് മീറ്റര്‍ വരെ ഉയരത്തിലുള്ള പശ്ചിമഘട്ട മലനിരകളാണ് മറ്റുള്ള ജില്ലകളില്‍ നിന്നും പാലക്കാടിനെ വ്യത്യസ്തമാക്കുന്നത്. 66.76 ചതുരശ്ര കിലോമീറ്ററിലായി വ്യാപിച്ചു കിടക്കുന്ന മുതലമട ഗ്രാമപഞ്ചായത്തിന്‍റെ കിഴക്ക് ഭാഗത്ത് തമിഴ്നാടും വടക്ക് വട്ടഞ്ചേരി, വടവന്നൂര്‍ പഞ്ചായത്തുകളും തെക്ക് നെന്മാറ, നെല്ലിയാമ്പതി പഞ്ചായത്തുകളും പടിഞ്ഞാറ് കൊല്ലങ്കോട് പഞ്ചായത്തും അതിര്‍ത്തിയായി കണക്കാക്കുന്നു. മുതലമട പഞ്ചായത്തില്‍ ഉള്‍കൊള്ളുന്ന കിളിമലക്ക് താഴെയുള്ള വലിയചെള്ള, മിനുക്കംപാറ, വെള്ളാരംകടവ്, കുറ്റിപ്പാടം, പുതൂര്‍, തിരുപ്പതിപ്പാറ, ചുള്ളിയാര്‍മേട്, കമ്പ്രത്ത്ചെള്ള, നെടുമണി തുടങ്ങിയ കൊച്ചുഗ്രാമങ്ങള്‍ സാമ്പത്തികമായും സാംസ്കാരികമായും പിന്നാക്കാവസ്ഥയില്‍ നില്‍ക്കുന്നവയാണ്. റമളാനിലെ ദഅ്വാ പര്യടനങ്ങളുടെ ഭാഗമായാണ് ഈ ഗ്രാമങ്ങളുടെ സ്ഥിതിവിശേഷങ്ങള്‍ അറിയാന്‍ ഞങ്ങള്‍ ചെന്നത്. വലിയചെള്ളയില്‍ വീടുകള്‍ തോറും കയറിയിറങ്ങി പഠനം നടത്തിയപ്പോഴാണ് ദീനീപരമായി ആ പ്രദേശം എത്തിപ്പെട്ട ദയനീയ പിന്നാക്കാവസ്ഥ ബോധ്യമായത്. നിലം ചാണകം മെഴുകിയും വീടുകളില്‍ നിലവിളക്ക് കത്തിച്ചും ഹൈന്ദവസംസ്കാരത്തോട് ഇഴചേര്‍ന്നുള്ള അവരുടെ ജീവിതം ഞങ്ങളെ വല്ലാതെ നൊമ്പരപ്പെടുത്തി. റമളാന്‍ വ്രതം അനുഷ്ഠിച്ച ഞങ്ങളോട് ആതിഥ്യമര്യാദ കാണിച്ച് ചായയെടുക്കട്ടെ എന്ന ചോദ്യം പരിശുദ്ധ റമളാനിന്‍റെ പവിത്രത അവരെത്രത്തോളം ഉള്‍കൊണ്ടിട്ടുണ്ടെന്ന് ഞങ്ങള്‍ക്ക് മനസ്സിലാക്കി തന്നു. നെടുമണിയിലെ സ്ഥിതിവിശേഷവും തികച്ചും സമാനമായിരുന്നു. നെടുമണി കേന്ദ്രീകരിച്ചായിരുന്നു പിന്നീടുള്ള ഞങ്ങളുടെ ദഅ്വാ പ്രവര്‍ത്തനങ്ങള്‍. മുപ്പത്തിയഞ്ച് മുസ്ലിം വീടുകള്‍ ഉള്‍ക്കൊള്ളുന്ന ഈ കൊച്ചുഗ്രാമത്തില്‍ ഒട്ടേറെ അനാചാരങ്ങള്‍ തുടര്‍ന്നുപോരുന്നുണ്ടായിരുന്നു. ഒരു വീട്ടില്‍ അടച്ചിട്ട മുറി ചൂണ്ടിക്കാണിച്ച് നേര്‍ച്ചമുറിയാണെന്ന ആമുഖത്തോടെ കാരണവര്‍ പറഞ്ഞത് തികച്ചും ദീനില്‍ അടിസ്ഥാനമില്ലാത്ത ചില കാര്യങ്ങളാണ്. വീട്ടിലെ ഒരു വ്യക്തി മരിച്ചാല്‍ ഒരു മുറി നേര്‍ച്ച മുറിയായി ഒഴിച്ചിടുകയും ആണ്ട് ദിവസത്തിലത് തുറന്ന് നിലവിളക്ക് കത്തിച്ച് ഫാത്തിഹ ഓതലുമാണത്രെ അവരുടെ പതിവ്. ഭൂരിപക്ഷ ഹൈന്ദവരുടെ സംസ്കാരം മുസ്ലിം സംസ്കൃതിയെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് ഞങ്ങള്‍ വിലയിരുത്തി. പാരമ്പര്യമായി ദീനീ സംരംഭങ്ങള്‍ നിലനില്‍ക്കുന്നില്ലെന്ന കാരണവും ഈ ദുരവസ്ഥക്ക് ഹേതുവായിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കു മുമ്പേ ഒന്നര സെന്‍റ് സ്ഥലത്തുള്ള ഓത്തുപ്പള്ളി പുനരുദ്ധീകരിക്കാനാകാതെ പ്രാരംഭദശയില്‍ തന്നെ മുടങ്ങിക്കിടക്കുന്നത് അവിടുത്തെ മുസ്ലിം ജനജീവിതത്തിന്‍റെ അരക്ഷിതാവസ്ഥ ഞങ്ങളെ തെര്യപ്പെടുത്തി. ഏകദേശം നാലു കിലോമീറ്ററുകള്‍ക്കപ്പുറമുള്ള മദ്റസയും മൂന്നു കിലോമീറ്ററുകള്‍ക്കപ്പുറമുള്ള നന്മേനി മഹല്ല് പള്ളിയുമാണ് ദീനീപരമായുള്ള അവരുടെ ഏക ആശ്രയം. തോട്ടം തൊഴിലാളികളായ രക്ഷിതാക്കള്‍ക്ക് മക്കളെ വാഹനത്തില്‍ കൊണ്ടുപോയി മതം പഠിപ്പിക്കുകയെന്നത് ചിന്തിക്കാവുന്നതിലും അപ്പുറമായിരുന്നു.
ഉലമാഇന്‍റെ പ്രബോധന ഉത്തരവാദിത്തം തിരിച്ചറിഞ്ഞ പി.എം.കെ ഫൈസി ഉസ്താദിന്‍റെ ശ്രമകരമായ ദഅ്വാ പ്രയത്നങ്ങളുടെ ഗുണഫലം നന്നായി അനുഭവിക്കുന്നവരാണ് പരിസരവാസികളേറെയും. ചുരുങ്ങിയ കാലയളവില്‍ മൂന്നോ നാലോ കിലോമീറ്റര്‍ പരിധിക്കുള്ളില്‍ പതിനെട്ടോളം പള്ളികള്‍ ഉസ്താദിന്‍റെ പ്രവര്‍ത്തനഫലമായി പിറവിയെടുത്തിട്ടുണ്ട്. ഉസ്താദിന്‍റെ ആദ്യ സംരംഭമായ ചുള്ളിയാര്‍മേടിലെ ഐ.ഡി.സി(ഇപ്പോള്‍ ഹസനിയക്ക് കീഴില്‍ ഖാദിരിയ്യ ഇസ്ലാമിക് സെന്‍റര്‍ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്നു)കിളിമലക്ക് കീഴെ ദീനീവെളിച്ചവുമായി എത്തുന്നവര്‍ക്ക് അഭയകേന്ദ്രമായി നിലകൊള്ളുന്നു. ഉസ്താദിന്‍റെ വഫാത്തിന് ശേഷം ഇടയനില്ലാത്ത ആട്ടിന്‍പറ്റമായി ദിശ തെറ്റി സഞ്ചരിക്കുന്നവര്‍ക്കിടയിലേക്കാണ് പ്രബോധനദൗത്യവുമായി ഞങ്ങളെത്തുന്നത്. പി.എം.കെ ഉസ്താദ് തുടങ്ങി വെച്ച മാതൃകാപരമായ പ്രവര്‍ത്തനങ്ങളുടെ പിന്നാമ്പുറക്കാരാവാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുകയാണ്. അല്‍ഹംദുലില്ലാഹ്, മാസാന്ത ക്ലാസുകളും റിലീഫ് പ്രവര്‍ത്തനങ്ങളും മെഡിക്കല്‍ സഹായ വിതരണവും സമൂഹനോമ്പുതുറയും വഴി അവിടുത്തെ മുസ്ലിംകളില്‍ വലിയൊരു മാറ്റമുണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്. കൂടാതെ ജീലാനി അനുസ്മരണവും മൗലിദ് ബുര്‍ദാ പാരായണങ്ങളും നവ്യാനുഭവമായാണ് അവിടത്തുകാര്‍ ഏറ്റെടുത്തത്.
മജ്മഇലെ ഉസ്താദുമാരുടെ നിതാന്ത നിര്‍ദ്ദേശങ്ങളും പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയായ ടഅഇഞഋറ ന്‍റെ പരിപൂര്‍ണ്ണ പിന്തുണയും ഒരു ഗ്രാമത്തിന് ദീനീവെളിച്ചം പകരുകയാണ്. നെടുമണിയിലെ ജനങ്ങളുടെ കാലങ്ങളോളമായുള്ള മദ്റസ എന്ന സ്വപ്നത്തിന് നിറം പകരാനായതില്‍ വലിയ സന്തോഷമുണ്ട്. റമളാന്‍ ഇരുപത്തിനാലിന് തുടങ്ങിയ നിര്‍മ്മാണ പ്രവര്‍ത്തനം ഇക്കഴിഞ്ഞ ആഗസ്റ്റ് ആറിന് മദ്റസത്തു അനസുബ്നു മാലിക് എന്ന പേരില്‍ ഉദ്ഘാടനം ചെയ്യപ്പെട്ടതോടെ പുതിയൊരു ദീനിപ്രഭാവത്തിലേക്ക് ആ കൊച്ചുഗ്രാമം മാറുകയാണ്. രണ്ടു ക്ലാസുകളിലായി പതിനാറോളം വിദ്യാര്‍ത്ഥികള്‍ മതത്തിന്‍റെ ബാലപാഠം അറിഞ്ഞു തുടങ്ങുമ്പോള്‍ ഹൃദയമറിഞ്ഞു സന്തോഷിക്കുന്നത് ഒട്ടേറെ പേരാണ്. സാമ്പത്തികമായും ശാരീരികമായും മാനസികമായും ഈ ഉദ്യമത്തിന് പിന്തുണയര്‍പ്പിച്ചവര്‍ക്ക് നാഥന്‍ അര്‍ഹമായ പ്രതിഫലം നല്‍കട്ടെ എന്ന പ്രാര്‍ത്ഥനാവചസ്സുകള്‍ മാത്രമാണ് പകരം നല്‍കാനുള്ളത്. സത്യമതത്തിന്‍റെ പ്രബോധകവൃന്ദത്തെ കാത്ത് ഒട്ടേറെ ഗ്രാമങ്ങള്‍ ഇനിയുമുണ്ടെന്ന സത്യം ദഅ്വാ പ്രവര്‍ത്തകര്‍ക്ക് പുതിയ ഇടങ്ങള്‍ തുറന്നു കൊടുക്കുന്നുണ്ട്.

നിസാമുദ്ദീന്‍ പുഴകാട്ടിരി

Write a comment