Posted on

ഇമാം ബുഖാരി (റ); വെളിച്ചം വിതറിയ ജ്ഞാന തേജസ്സ്

ഇമാം മുഹമ്മദ് ബിന്‍ ഇസ്മാഈല്‍ ബുഖാരി(റ) ഹിജ്റ 194 ശവ്വാല്‍ 13 ന് ബുഖാറയിലാണ് ജനിക്കുന്നത്. ചെറുപ്പത്തില്‍ തന്നെ പിതാവ് മരണപ്പെട്ടു. ശേഷം ഉമ്മയുടെ പരിചരണത്തിലാണ് ബുഖാരി(റ) വളര്‍ന്നത്. ജനിച്ചപ്പോള്‍ കാഴ്ച ശക്തി ഇല്ലായിരുന്ന മകനെ ഓര്‍ത്ത് ഉമ്മ ഒരുപാട് സങ്കടപ്പെട്ടു. കാഴ്ച ശക്തി തിരികെ ലഭിക്കാന്‍ ഉമ്മ എല്ലാ വാതിലുകളും മുട്ടി നോക്കി. പക്ഷേ അതൊന്നും വിജയം കണ്ടില്ല. എങ്കിലും നിരാശപ്പെടാതെ, റബ്ബേ… എന്‍റെ പൊന്നു മോന് കാഴ്ച ശക്തി തിരിച്ച് നല്‍കണേ എന്ന് ഉമ്മ കരളുരുകി പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നു. ഒരു ദിവസം ഇബ്റാഹീം നബി(അ) സ്വപ്നത്തില്‍ വന്ന് ഉമ്മയോട് പറഞ്ഞു : നിങ്ങളുടെ പ്രാര്‍ത്ഥന കാരണത്താല്‍ മകന് കാഴ്ച ശക്തി തിരികെ ലഭിച്ചിരിക്കുന്നു. രാവിലെ എണീറ്റപ്പോള്‍ കാഴ്ച ശക്തി തിരികെ ലഭിച്ച് സുമുഖനായി നില്‍ക്കുന്ന മകനെയാണ് ഉമ്മാക്ക് ദര്‍ശിക്കാനായത്.
പത്താം വയസ്സില്‍തന്നെ ഹദീസ് പഠനത്തില്‍ വലിയ ആവേശം തോന്നിയതിനാല്‍ കുറഞ്ഞ കാലം കൊണ്ട് ഹദീസുകള്‍ മനഃപ്പാഠമാക്കാന്‍ ഇമാമിന് സാധിച്ചു. കുശാഗ്ര ബുദ്ധിയുടേയും ആഴമേറിയ ഗ്രാഹ്യശക്തിയുടേയും ഉടമയായിരുന്ന ബുഖാരി ഇമാം വളരെ ചെറുപ്പത്തില്‍ തന്നെ ഒട്ടനവധി ഗ്രന്ഥങ്ങള്‍ മനഃപ്പാഠമാക്കി. പതിനാറാം വയസ്സ് വരെ സ്വന്തം നാട്ടില്‍ നിന്ന് തന്നെ പഠിച്ചു. ശേഷം വിജ്ഞാനത്തോടുള്ള തന്‍റെ കൊതി തീര്‍ക്കാന്‍ വിവിധ രാജ്യങ്ങളും ഭൂഗണ്ടങ്ങളും താണ്ടി. ത്യാഗ പൂര്‍ണ്ണമായ യാത്ര നടത്താന്‍ മഹാനവറുകള്‍ മടി കാണിച്ചില്ല. ഈ യാത്ര തന്‍റെ ജീവിതാവസാനം വരെ നീണ്ടു നില്‍ക്കുകയും ചെയ്തു. ഉമ്മയുടേയും ജ്യേഷ്ഠ സഹോദരന്‍റെ (അഹ്മദ്) കൂടെ ഹജ്ജ് ആവശ്യാര്‍തം മക്കയിലേക്ക് നടത്തിയ യാത്രയാണ് ബുഖാരി ഇമാമിന്‍റെ ആദ്യ യാത്ര. ഹജജ് പൂര്‍ത്തീകരണത്തിന് ശേഷം സഹോദരന്‍ ബുഖാറയിലേക്ക് തന്നെ തിരിച്ചെങ്കിലും ബുഖാരി ഇമാം മക്കയില്‍ തന്നെ താമസമാക്കി അറിവ് കരസ്തമാക്കാന്‍ ശ്രമിക്കുകയായിരുന്നു. ഈ കാലയളവില്‍ തന്നെയാണ് സ്വഹീഹുല്‍ ബുഖാരിയുടെ രചന ആരംഭിക്കുന്നതും.
പഠനാവശ്യാര്‍ത്തം ബുഖാരി ഇമാം ചെന്നെത്താത്ത നാടുകള്‍ വളരെ വിരളമാണ്. ബല്‍ഖ, നൈസാബൂര്‍, ബഗ്ദാദ്, ബസ്വറ, കൂഫ, അസ്ഖലാന്‍ ഇങ്ങിനെ നീളുന്നു ആ പേരുകള്‍. അക്കാലത്തെ ഹദീസ് നിപുണന്മാര്‍ വരെ ബുഖാരി ഇമാമിന്‍റെ മുമ്പില്‍ ഒന്നുമല്ലാതായിരുന്നു. അവരുടെ ഹദീസ് പാരായണത്തിനിടെ വരുന്ന പിഴവുകള്‍ മഹാനവറുകള്‍ ശരിപ്പെടുത്തി കൊടുത്തു. പലരും എഴുതി വച്ച ഹദീസുകള്‍ ശരിയോ തെറ്റോ എന്നറിയാന്‍ ബുഖാരി ഇമാം മനഃപ്പാഠമാക്കിവച്ചതിനോട് മുട്ടിച്ചുനേക്കി. ഹാശിദു ബ്നു ഇസ്മാഈല്‍ (റ) പറയുന്നു. ബസ്വറയിലെ പണ്ടിതന്മാരുടെ അടുത്തേക്ക് ഹദീസ് പഠിക്കാന്‍ നമ്മുടെ കൂടെ ബുഖാരി ഇമാമും വരാറുണ്ടായിരുന്നു. ചെറിയ കുട്ടിയായിരുന്നെങ്കിലും മഹാനവറുകള്‍ നമ്മളെപ്പോലെ ഹദീസുകള്‍ എഴുതി വെക്കാറില്ല. അല്പ ദിവസത്തിന് ശേഷം ഞങ്ങള്‍ ബുഖാരി ഇമാമിനെ പഴി പറഞ്ഞു. അപ്പോള്‍ ബുഖാരി ഇമാം പറഞ്ഞു. ‘നിങ്ങളെന്നെ ചീത്ത പറയുന്നുവല്ലേ. നിങ്ങള്‍ എഴുതിയ ഹദീസുകളെല്ലാം പുറത്തേക്കെടുക്കൂ’. പതിനയ്യായിരത്തില്‍ കൂടുതല്‍ വരുന്ന ആ ഹദീസുകളെല്ലാം ബുഖാരി ഇമാം താന്‍ മനഃപാഠമാക്കി വെച്ചതില്‍ നിന്ന് പാരായണം ചെയ്ത് കൊടുത്തു. അതിലൂടെ മറ്റുളളവര്‍ അവര്‍ എഴുതി വച്ചതിലുള്ള പിഴവുകള്‍ ശരിപ്പെടുത്തുക വരെ ചെയ്തു.
അല്‍ ജാമിഉസ്സ്വഹീഹ് (സ്വഹീഹുല്‍ ബുഖാരി). മുവത്വഅ്, മുസ്നദ് അഹ്മദ്, മുസ്വന്നഫ് അബ്ദുറസാഖ് പോലോത്ത ഒട്ടനവധി ഹദീസ് ഗ്രന്ഥങ്ങള്‍ അക്കാലത്ത് തന്നെ വിരചിതമായിട്ടുണ്ടെങ്കിലും സ്വഹീഹായ ഹദീസുകള്‍ മാത്രം ഉള്‍കൊള്ളിച്ച ആദ്യ ഗ്രന്ഥമാണ് സ്വഹീഹുല്‍ ബുഖാരി. വിശുദ്ധ ഖുര്‍ആന്‍ കഴിഞ്ഞാല്‍ പിന്നെ സ്വഹീഹായ ഗ്രന്ഥമാണിതെന്ന് പണ്ഡിത ലോകത്തിന്‍റെ ഏകാഭിപ്രായമുണ്ട്. സ്വഹീഹായ ഹദീസുകള്‍ മാത്രമുള്ള ഈ ഗ്രന്ഥത്തിന്‍റെ രചന ആറ് വര്‍ഷം കൊണ്ടാണ് മഹാന്‍ പൂര്‍ത്തീകരിച്ചത്. അല്‍ ജാമിഉല്‍ കബീര്‍, അല്‍ ജാമിഉല്‍ സ്സ്വഗീര്‍, അദബുല്‍ മുഫ്റദ്, ഖല്‍ഖു അഫ്ആലില്‍ ഇബാദ്, അസ്മാഉ സ്സ്വഹാബ തുടങ്ങി ഹദീസിലും അല്ലാതെയും ഒട്ടനവധി ഗ്രന്ഥങ്ങള്‍ മഹാനവര്‍കളുടെ കരങ്ങളാല്‍ വെളിച്ചം കണ്ടിട്ടുണ്ട്.
ജനങ്ങളില്‍ ഏറ്റവും കൂടുതല്‍ പരീഷണം നേരിടേണ്ടി വരിക സ്വാലിഹീങ്ങളാണെന്ന നബി വചനത്തിന്‍റെ സാക്ഷാത്കാരമെന്നോണം ഒരു പാട് പ്രയാസങ്ങള്‍ പഠന കാലത്ത് തന്നെ ബുഖാരി ഇമാമിന് നേരിടേണ്ടി വന്നിട്ടുണ്ട്. നബി (സ്വ) യോടുള്ള അതിയായ പ്രേമം കൈമുതലാക്കിയ മഹാനവര്‍കള്‍ ഹദീസ് പഠിക്കാനും പ്രചരിപ്പിക്കാനും എന്തും സഹിക്കുമെന്ന ഉറച്ച തീരുമാനത്തിലായിരുന്നു. ഒരിക്കല്‍ ഉസ്താദായ ആദമുബ്നു ഇയാസ് എന്നവരുടെ അടുത്തേക്കു ഹദീസ് പഠിക്കാന്‍ വേണ്ടി പോയി. അവിടെ നിന്ന് ഭക്ഷണമൊന്നും ലഭിച്ചില്ല. പകരം മൃഗങ്ങള്‍ ഭക്ഷിക്കുന്ന പുല്ല് ഭക്ഷിച്ച് കൊണ്ട് രണ്ട് ദിവസം കഴിച്ചു കൂട്ടി. മൂന്നാമത്തെ ദിവസം ഒരപരിചിതന്‍ വന്ന് കൊണ്ട് ഒരു പണക്കിഴി കൈമാറി. മറ്റൊരിക്കല്‍ ബുഖാറയുടെ ഭരണാധികാരിയായ ഖാലിദ്ബ്നു അഹ്മദ്, ബക്റ് ബ്നു മുനീര്‍ എന്നവരോട് പറഞ്ഞു. നീ ബുഖാരി ഇമാമിന്‍റെ അടുക്കല്‍ പോയി അദ്ദേഹത്തിന്‍റെ സ്വഹീഹ് വാങ്ങി കൊണ്ട് വരണം. ബക്റ് ബ്നു മുനീര്‍ ബുഖാരി ഇമാമിനോട് വിഷയം പറഞ്ഞപ്പോള്‍ ബുഖാരി ഇമാം പറഞ്ഞു. ഞാന്‍ ഇല്‍മിനെ നിന്ദിക്കുന്നവനല്ല. അതിനെ ജനങ്ങളുടെ പടി വാതിലിലേക്ക് കൊണ്ട് പോയി കൊടുക്കുകയില്ല. നിനക്ക് വല്ലതും അറിയണമെങ്കില്‍ നീ പള്ളിയിലോ എന്‍റെ വീട്ടിലോ വന്നോ. ഇങ്ങിനെ ഏത് ഭരണാധികാരികളുടെ മുന്നിലും താന്‍ പഠിച്ച കാര്യങ്ങള്‍ പറയാന്‍ മടി കാണിക്കാത്ത പ്രകൃതമായിരുന്നു ഇമാമിന്‍റേത്. പക്ഷേ ഇതിന്‍റെ പേരില്‍ ബുഖാരി ഇമാം നാട് കടത്തപ്പെടുക വരെ ചെയ്തിട്ടുണ്ട്.
ഹദീസുകളെ വളരെകൂടുതല്‍ ബഹുമാനിക്കുന്നവരായിരുന്നു ബുഖാരി ഇമാം. അവിടുന്ന് പറഞ്ഞു: ഞാന്‍ കുളിച്ച് രണ്ട് റകഅത്ത് നിസ്കരിച്ചിട്ടല്ലാതെ ഒരു ഹദീസും എഴുതിയിട്ടില്ല. അല്ലാഹുവിനെ കൂടുതല്‍ ഭയപ്പെട്ട് കൊണ്ട് പൂര്‍ണ്ണമായി റബ്ബിന് സമര്‍പ്പിച്ച ജീവിതമായിരുന്നു മഹാനവറുകളുടേത്. ഒരിക്കല്‍ ബുഖാരി ഇമാം നിസ്ക്കരിക്കുകയായിരുന്നു. അതിനിടെ ചെറിയൊരു അസ്വസ്ഥത നേരിട്ടു. ശരീരം ആകെ വിവര്‍ണമായി. നിസ്കാരത്തില്‍ നിന്ന് വിരമിച്ചപ്പോള്‍ ചുറ്റുമുള്ളവരോട് മഹാനവറുകള്‍ പറഞ്ഞു. എന്‍റെ വസ്ത്രമൊന്ന് ഉയര്‍ത്തി വല്ലതുമുണ്ടോ എന്ന് നോക്കൂ. നോക്കിയപ്പോള്‍ കണ്ട കാഴ്ച ഏവരേയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. ഒരു കടന്നല്‍ 17 സ്ഥലത്ത് കുത്തി മുറിവാക്കിയിരിക്കുന്നു. നിസ്കരിക്കുമ്പോള്‍ തന്നെ നിങ്ങളിതറിഞ്ഞിട്ടില്ലേ എന്ന് ചോദിച്ചപ്പോള്‍ ഓതി കൊണ്ടിരുന്ന സൂറത്ത് പാതി വഴിയില്‍ നിര്‍ത്തല്‍ ഞാന്‍ ഇഷ്ടപ്പെട്ടില്ല എന്നാണ് അവിടുന്ന് മറുപടി പറഞ്ഞത്. തിരു വചനങ്ങള്‍ക്കുള്ള മഹാനവറുകളുടെ മഹത്തായ സേവനം സ്വീകരിക്കപ്പെട്ടു എന്ന് തെളിയിക്കുന്ന ഒരുപാട് സംഭവങ്ങള്‍ മഹാന്‍റെ ജീവിതത്തല്‍ ഉണ്ടായിട്ടുണ്ട്, ഇമാം ഫറബ്രി പറഞ്ഞു: ഞാന്‍ ഒരിക്കല്‍ നബി(സ്വ) തങ്ങളെ സ്വപ്നത്തില്‍ കണ്ടു. എന്നോട് അവിടുന്ന് ചോദിച്ചു: എവിടേക്കാണ് നീ പോകുന്നത് ? ബുഖാരി ഇമാമിന്‍റെ അടുത്തേക്ക് ഞാന്‍ മറുപടി പറഞ്ഞു. അപ്പോള്‍ നബി(സ) തങ്ങള്‍ പറഞ്ഞു: നീ ബുഖാരി ഇമാമിനോട് എന്‍റെ സലാം പറയണം. ഇങ്ങിനെ വളരെ ഉന്നതികള്‍ കീഴടക്കിയവരാണ് മഹാനവറുകള്‍.
ഹിജ്റ 256 ല്‍ ഒരു ചെറിയ പെരുന്നാള്‍ സുദിനത്തിലാണ് അവിടുന്ന് വഫാതായത്. ആ പുണ്യ മേനി ഖബ്റില്‍ വച്ചപ്പോള്‍ സുഗന്ദം അടിച്ച് വീശിയിരുന്നു എന്നും ആയതിനാല്‍ തന്നെ മഹാനവറുകളുടെ ഖബ്റിലെ മണ്ണ് വാരാന്‍ നാനാ ഭാഗത്ത് നിന്നും ജനങ്ങള്‍ വന്നിരുന്നുവെന്നും ചരിത്ര ഗ്രന്ഥങ്ങളില്‍ കാണാം
ശഫീഖ് സിദ്ദീഖി കക്കോവ്

Write a comment