Posted on

ഇരുള്‍ പ്രകാശിക്കുന്നു

ഹരിതാഭം നിറഞ്ഞ വയലേലകളും ആകാശത്തൂണുകളായ മലകളും ചിക്കിച്ചികഞ്ഞിട്ട പോലെ അങ്ങിങ്ങായി കിടക്കുന്നു. കുറേ ചെറ്റക്കുടിലുകളും. പ്രഭാതം പൊട്ടിവിടര്‍ന്നു. ജീലാന്‍ നഗരം ഉണര്‍ന്നുകഴിഞ്ഞു. ദൂരെയതാ ഒരു കച്ചവടസംഘം ബഗ്ദാദ് ലക്ഷ്യമാക്കി നടന്ന് നീങ്ങുന്നു. ജീലാനില്‍ നിന്ന് ബഗ്ദാദിലേക്കുള്ള വഴി അത്ര സുഖകരമല്ല. കാടും മേടും നിറഞ്ഞ ദുര്‍ഘടമായ ആ കാട്ടുപാത തസ്കരരുടെയും കവര്‍ച്ചാസംഘത്തിന്‍റെയും വിളനിലമാണ്. പക്ഷേ അതിലൂടെ വേണം ബഗ്ദാദിലെത്താന്‍. ചെറിയൊരു കച്ചവടസംഘമാണത്. കൂട്ടത്തില്‍ ചെറിയൊരു കുട്ടിയുമുണ്ട്. സംഘത്തലവന്‍റെ ആജ്ഞയനുസരിച്ച് സംഘം മലമടക്കുകളിലൂടെ മന്ദം മന്ദം ചലിച്ചു തുടങ്ങി. ഘോരവനത്തിലൂടെയാണ് യാത്ര. ഏത് നിമിഷവും ഹിംസ്രജന്തുക്കളുടെയും കൊള്ളസംഘത്തിന്‍റെയും ആക്രമണം പ്രതീക്ഷിക്കാം. അതീവ കരുതലോടെ വേണം അതിലൂടെ പോകാന്‍. പക്ഷേ എല്ലാ വിഘ്നങ്ങളെയും ഭേദിച്ച് മനോഹരമായി സംഘം മധ്യ ഇറാനിലെത്തി. അപ്പോഴേക്കും പലരിലും യാത്രാക്ഷീണം നിഴലിട്ടുതുടങ്ങിയിരുന്നു. യാത്രാനൈരന്തര്യം നിമിത്തം അവര്‍ ഹംദാന്‍ എന്ന സ്ഥലത്ത് വിശ്രമിക്കാനായി തമ്പടിച്ചു പാര്‍ത്തു. ഹംദാന്‍ വരെയുള്ള യാത്ര ഏറെക്കുറെ സംതൃപ്തി ദായകവും ആശ്വാസജനകവുമായിരുന്നു. എന്നാല്‍ പരീക്ഷണങ്ങളുടെ വേലിയേറ്റത്തെ നേരിടാനിരിക്കുന്നതേയുള്ളൂ. വിശ്രമം കഴിഞ്ഞ് വീണ്ടും യാത്ര തുടങ്ങി. ഹംദാനില്‍ നിന്നും ബഗ്ദാദിലേക്കുള്ള പാതയില്‍ അവര്‍ പ്രവേശിച്ചു. ദുസ്സഹമായ യാത്രയാണല്ലോ ഇവിടന്നങ്ങോട്ട്. അതുകൊണ്ടായിരിക്കണം സംഘത്തലവന്‍ ഇടക്കിടെ അവര്‍ക്ക് സ്ഥൈര്യം പകര്‍ന്നു കൊടുക്കുന്നുണ്ട്. അധിക നേരം വേണ്ടി വന്നില്ല. വലിയൊരു കവര്‍ച്ചാസംഘം അവര്‍ക്ക് നേരെ എടുത്തുചാടി. യാത്രക്കാരിലെ ഓരോരുത്തരെയും അവര്‍ പരിശോധനയ്ക്ക് വിധേയമാക്കി.’ കയ്യിലെന്തെങ്കിലുമുണ്ടോ’ എന്നന്വേഷിക്കുമ്പോഴൊക്കെ നിഷേധാര്‍ത്തത്തില്‍ തലയാട്ടുന്നുണ്ടവര്‍. അതൊന്നും വകവെക്കാതെ കവര്‍ച്ചകര്‍ അവരില്‍ നിന്നും പണം കവരുന്നു. എല്ലാം വീക്ഷിച്ചു കൊണ്ട് തന്‍റെ ഊഴവും കാത്തിരിക്കുകയാണ് യാത്രക്കാരിലെ ചെറിയ കുട്ടി. ഒടുവില്‍ കുട്ടിയുടെ ഊഴമെത്തി. നൈര്‍മല്യം ചാലിച്ച സുന്ദരമായ മുഖം, നിഷ്കളങ്കത പൂത്തുനില്‍ക്കുന്ന നില്‍പ്പ്, ആഢംബരഹീനമായ വസ്ത്രം. ഒറ്റ നോട്ടത്തില്‍ തന്നെ വ്യാപാരിയല്ലെന്ന് മനസ്സിലാകും. പുച്ഛഭാവത്തില്‍ ഒരു നോട്ടം അവനിലേക്കിട്ട് പരിശോധനയ്ക്ക് നില്‍ക്കാതെ കൊള്ളസംഘം നടന്നുനീങ്ങി. വ്യര്‍ത്ഥമാണെങ്കിലും എന്നു കരുതി ഒരാള്‍ ‘ കുട്ടീ, നീ വശം വല്ലതുമുണ്ടോ?’ എന്ന് ചോദിച്ച് നടക്കാനാഞ്ഞു. ‘ ഉണ്ട്, നാല്‍പ്പത് ദീനാറുണ്ട്’ ബാലന്‍റെ സത്യസന്ധമായ മറുപടി കേട്ട് അയാള്‍ കോരിത്തരിച്ചു. അയാള്‍ക്ക് തന്‍റെ ശ്രവണപഠങ്ങളെ വിശ്വസിക്കാനായില്ല. എന്താണീ കേള്‍ക്കുന്നത്. അയാള്‍ അതു തന്നെ വീണ്ടും വീണ്ടും ചോദിച്ചു. അപ്പോഴൊക്കെ മറുപടി പഴയത് തന്നെ. ‘കുട്ടീ നീ എന്നെ പരിഹസിക്കുകയാണോ? അതോ തമാശ പറഞ്ഞതോ? എങ്കില്‍ ആ നാണയങ്ങളെവിടെ’ ബാലന്‍റെ സംസാരം കേട്ട് അത്ഭുതം കൂറിയ അയാളുടെ ഇരുകണ്ണുകളും പുറത്തേക്ക് തുറിച്ചിരുന്നു. അയാളുടെ ഗാംഭീര്യം നിറഞ്ഞ ശബ്ദത്തിന് ഇപ്പോള്‍ നല്ല പകര്‍ച്ച വന്നിരിക്കുന്നു. ചോദ്യം കേട്ട ഉടനെ ആ ബാലന്‍ കച്ചവടസംഘത്തോടൊപ്പം തന്നെ യാത്രയാക്കിയപ്പോള്‍ വളരെ രഹസ്യമായി ഉമ്മ വസ്ത്രത്തിനടിയില്‍ തുന്നിപ്പിടിപ്പിച്ച നാണയക്കിഴി പുറത്തെടുത്ത് കാണിച്ചു കൊടുത്തു. അയാള്‍ ആശ്ചര്യചിത്തനായി. ഇത്രയും സത്യസന്ധനായ ഒരു ബാലന്‍. അതും കൊള്ളക്കാരായ നങ്ങള്‍ക്ക് മുമ്പില്‍ തെല്ലും കൂസാതെ. ‘ മോനെ ഞങ്ങള്‍ക്ക് ഒരു തലവനുണ്ട്. അദ്ധേഹത്തെ ഒന്നു കാണാം’. ബാലനെയും കൂട്ടി അയാള്‍ കൊള്ളത്തലവന്‍റെ സന്നിധിയിലേക്ക് നടന്നു. പരശ്ശതം മനുഷ്യരുടെ നിണം കൊണ്ട് മലിനമായ ക്രൗര്യമുഖത്തിന്‍റെ പ്രതിരൂപത്തിന്‍റെ ചാരത്തേക്കാണ് ആ ബാലനെ അയാള്‍ കൊണ്ട് പോയത്. നിബിഢമായ വനങ്ങള്‍ക്കിടയിലൂടെ താന്നും പൊന്തിയും വളരെ പ്രയാസങ്ങള്‍ സഹിച്ചു വേണം അവരുടെ താവളത്തിലെത്താന്‍. അയാള്‍ ബാലനെ തലവന്‍റെയും പരിവാരങ്ങളുടെയും മധ്യത്തില്‍ കൊണ്ട് നിര്‍ത്തി. ബാലന്‍റെ മുഖത്തേക്ക് ചൂണ്ടി തന്നെ നടന്ന സംഭവങ്ങളത്രയും അയാള്‍ തലവനെ ബോധിപ്പിച്ചു. ഒന്നു പരീക്ഷിക്കാമെന്ന മട്ടില്‍ തലവന്‍ അല്‍പ്പം ഗൗരവത്തോടെ ചോദിച്ചു. ‘ കുട്ടീ നിന്‍റെ പക്കല്‍ എന്തുണ്ട്?’ ഒട്ടും പതറാതെ നാല്‍പത് ദീനാറുണ്ടെന്ന് പറഞ്ഞ് ആ കിഴി അയാളുടെ നേരെ നീട്ടി. അയാള്‍ അത് എണ്ണിനോക്കി. കൃത്യം നാല്‍പ്പതെണ്ണം. നിരവധി മനുഷ്യജന്മങ്ങളെ ഹോമിച്ച്, സമ്പത്തുകള്‍ ഭേദിച്ച്, ജനജീവിതങ്ങള്‍ തകര്‍ത്തെറിഞ്ഞ ആ കുടില ഹൃദയം ആശ്ചര്യപ്പെട്ടു. എന്തൊരു സത്യസന്ധത. തന്ത്രങ്ങള്‍ മെനഞ്ഞെടുക്കേണ്ടിടത്ത് ചൊവ്വേ കാര്യങ്ങള്‍ വെട്ടിത്തുറന്നു പറയുന്നോ!!!! ഈ മനസ്സ് ഒരു സാധാരക്കാരന് തീര്‍ത്തും അപ്രാപ്യം. ചിന്താധിക്യത്താല്‍ അയാള്‍ തളര്‍ന്നിരുന്നു. ശേഷം ചോദിച്ചു. ‘മോനെ നിന്‍റെ പേരെന്താണ്’. ‘അബ്ദുല്‍ ഖാദിര്‍’. ‘ഇത്ര സുരക്ഷിതമായി തുന്നിവെച്ച ഈ പണം ഞങ്ങള്‍ കാണില്ലെന്ന് അറിഞ്ഞിട്ടും അതു വെട്ടിത്തുറന്നു പറയാന്‍ നിന്നെ പ്രേരിപ്പിച്ചതെന്താണ്’. വീട്ടില്‍ നിന്നും ഇറങ്ങിപ്പുറപ്പെട്ടപ്പോള്‍ ഉമ്മയുടെ അധരങ്ങളില്‍ നിന്നും ഒഴുകിയ ഉപദേശാ വചസ്സുകള്‍ ആ ബാലന്‍റെ ഓര്‍മ്മയില്‍ തെളിഞ്ഞു. ‘ഞാന്‍ യാത്ര പുറപ്പെടുമ്പോള്‍ ഒരിക്കലും കളവ് പറയരുതെന്നും അത് വിശ്വാസിയുടെ സ്വഭാവമല്ലെന്നും എന്‍റെ ഉമ്മ ഉപദേശിച്ചു. അത് നിറവേറ്റാന്‍ എന്‍റെ ബാധ്യതയാണ്. അതിനാലാണ് ഞാന്‍ സത്യം പറഞ്ഞത്. സത്യസന്ധമായ ബാലന്‍റെ വിവരണം കേട്ട് അന്ധാളിച്ചു നില്‍ക്കുകയാണ് ആ കൊടും പാപി. ഇരുട്ടുകുത്തിയ ആ കല്ലുഹൃദയത്തിലേക്ക് നേരിന്‍റെ വെളിച്ചം കടന്നതായിരിക്കണം അയാളുടെ നയനങ്ങള്‍ നിറഞ്ഞ്, ചുടുകണ്ണീര്‍ കവിള്‍ത്തടത്തിലൂടെ ചാലിട്ടൊഴുകുന്നുണ്ടായിരുന്നു. പരിവര്‍ത്തനത്തിന്‍റെ കാഹളം അയാളുടെ കര്‍ണപുടങ്ങളില്‍ മുഴങ്ങിക്കൊണ്ടിരുന്നു. ഹൃദയത്തിന്‍റെ അടിത്തട്ടില്‍ നിന്നയാള്‍ പടച്ച റബ്ബിനോട് യാചിച്ചു. അധരങ്ങള്‍ പിടച്ചു ‘അല്ലാഹ്’.
ശുറൈഫ് പാലക്കുളം

Write a comment