Posted on

ഗരീബ് നവാസ് വിളിക്കുന്നു

ഇന്ത്യയിലെ ഇസ്ലാമിക വളര്‍ച്ചയില്‍ അതുല്യമായ പങ്ക് വഹിച്ച വ്യക്തിത്വമാണ് ഖാജാ മുഊനുദ്ദീന്‍ ചിശ്തി(റ). സൂക്ഷ്മതയാര്‍ന്ന ജീവിതത്തിന്‍റെയും മഹിതമായ സ്വഭാവത്തിന്‍റെയും ഉടമയായ മഹാനുഭാവന്‍ ജീവിതകാലത്തിലെന്ന പോലെ മരണശേഷവും നാനാ ജാതിമതസ്ഥര്‍ക്ക് അഭയവും അത്താണിയുമായി നില കൊള്ളുന്നു.
ഹിജ്റ 530 റജബ് 14ന് ഇറാനിലെ സഞ്ചര്‍ എന്ന ഗ്രാമത്തില്‍ ഗിയാസുദ്ദീന്‍(റ)വിന്‍റെയും ഉമ്മുല്‍ വറഹ് ബീവിയുടെയും മകനായി മഹാന്‍ ജനിച്ചു. പിതാവ് വഴിയും മാതാവ് വഴിയും തിരുനബി(സ)യിലേക്ക് എത്തിച്ചേരുന്ന വിശുദ്ധമായ കുടുംബ പരമ്പരയാണ് മഹാനുഭാവന്‍റേത്. ഹസന്‍ എന്നാണ് യഥാര്‍ത്ഥ നാമം. സുല്‍ത്താനുല്‍ ഹിന്ദ്, ഖാജാ മുഈനുദ്ദീന്‍ ചിശ്തി, ശൈഖുല്‍ ഹിന്ദ്, ഗരീബ് നവാസ് തുടങ്ങി നിരവധി നാമങ്ങളില്‍ അദ്ദേഹം അറിയപ്പെടുന്നു. ജന്മനാടായ സഞ്ചറിലും പരിസരങ്ങളിലും അക്കാലത്ത് വ്യാപകമായ കലാപങ്ങള്‍ കാരണം ഖാജാ(റ)വിന്‍റെ കുടുംബം ഖുറാസാനിലേക്ക് താമസം മാറി. ഖുറാസാനില്‍ വെച്ചാണ് മഹാന്‍ പ്രാഥമിക വിദ്യാഭ്യാസം നേടുന്നത്. പിതാവ് ഗിയാസുദ്ദീന്‍(റ) തന്നെയായിരുന്നു പ്രഥമ ഗുരു. കൂടാതെ മറ്റു മഹാന്മാരില്‍ നിന്നും വിവിധ വിജ്ഞാന ശാഖകളില്‍ അഗാധപാണ്ഡിത്യം നേടുകയുണ്ടായി.
ചെറുപ്രായത്തില്‍ തന്നെ മാതാപിതാക്കള്‍ വഫാത്തായിരുന്നു. അനന്തരമായി കിട്ടിയ ഒരു മുന്തിരിത്തോട്ടമായിരുന്നു മഹാനുഭാവന്‍റെ ജീവത മാര്‍ഗം. തോട്ടത്തിലെ ജോലികളെല്ലാം സ്വയം നിര്‍വഹച്ചു പോന്നു.ഒരു ദിവസം സൂഫീവര്യനായ ഇബ്റാഹീം ഖന്‍ദസി(റ) പ്രസ്തുത തോട്ടത്തിലേക്ക് കടന്നുവന്നു. അദ്ദേഹവുമായുള്ള കൂടിക്കാഴ്ച ഖാജാ(റ)വിന്‍റെ ജീവിതത്തില്‍ ഒരു വഴിത്തിരിവായിരുന്നു. ഇബ്റാഹീം ഖന്‍ദസി(റ)വിനെ ആദരവോടെ സ്വീകരിച്ച ഖാജാ(റ) അദ്ദേഹത്തിന് കുറച്ച് കാരക്ക നല്‍കി. അതുകഴിച്ച മഹാന്‍ തന്‍റെ സഞ്ചിയില്‍ നിന്ന് ഒരു റൊട്ടിക്കഷണമെടുത്ത് വായിലിട്ട് ചവച്ച ശേഷം ഖാജാ തങ്ങള്‍ക്ക് നല്‍കി. അത് കഴിച്ചപ്പോള്‍ അദ്ദേഹത്തിന്‍റെ ഹൃദയത്തില്‍ സമൂലമായ മാറ്റങ്ങളുണ്ടായി. ആത്മീയതയോട് അടങ്ങാത്ത ആഗ്രഹവും ദുന്‍യാവിനോട് അങ്ങേയറ്റത്തെ വെറുപ്പും ഹൃദയത്തില്‍ ഉടലെടുത്തു. തുടര്‍ന്നങ്ങോട്ട് തന്‍റെ ആത്മീയ ദാഹം തീര്‍ക്കാനുള്ള ദീര്‍ഘമായ പ്രയാണമായിരുന്നു ഖാജയുടെ ജീവിതം.
ഇക്കാലയളവില്‍ നിരവധി ആത്മീയനായകരുമായി ബന്ധം സ്ഥാപിക്കുകയും അവരില്‍നിന്നെല്ലാം ആത്മീയതയുടെ മധുരം നുകരുകയും ചെയ്തു. ശൈഖ് ഉസ്മാന്‍ ഹാറൂനി(റ)വിന്‍റെ അടുക്കല്‍ ഇരുപത് വര്‍ഷം താമസിക്കുകയുണ്ടായി. ഉസ്മാന്‍ ഹാറൂനി(റ)വിന്‍റെ തര്‍ബിയത്തും നിര്‍ദ്ദേശങ്ങളും മഹാനുഭാവനെ ആത്മീയതയുടെ ഉന്നതങ്ങളില്‍ എത്തിക്കുകയുണ്ടായി. അദ്ദേഹവുമായുള്ള സഹവര്‍ത്തിത്വത്തിനിടയില്‍ പല രിയാളകളും മഹാനുഭാവന്‍ വിജയകരമായി പൂര്‍ത്തീകരിക്കുകയും ചെയ്തു. തുടര്‍ന്ന് ഗുരുവിനോടൊപ്പം മക്കയിലും മദീനയിലും സന്ദര്‍ശനം നടത്തി. ഹാറൂന്‍(റ)വില്‍ നിന്ന് ചിശ്തി ത്വരീഖത്തിന്‍റെ എല്ലാവിധ ഇജാസത്തുകളും സ്വീകരിച്ച ഖാജാ(റ) മദീനയില്‍ വെച്ച് ഗുരുവുമായി വേര്‍പിരിഞ്ഞു. പിന്നീട് ഇസ്ലാമിക പ്രബോധന ദൗത്യാര്‍ത്ഥം പല നാടുകളിലൂടെയും ചുറ്റി സഞ്ചരിക്കുകയും നിരവധിയാളുകള്‍ക്ക് സന്മാര്‍ഗത്തിന്‍റെ വെളിച്ചം പകരുകയും ചെയ്തു.
കാലങ്ങള്‍ക്കു ശേഷം മഹാന്‍ വീണ്ടും മദീനയിലെത്തി. റൗളാ ശരീഫില്‍ സിയാറത്ത് ചെയ്തു കൊണ്ടിരിക്കെ നബി(സ)യുടെ ഭാഗത്തു നിന്നും ഒരശരീരി കേള്‍ക്കുകയുണ്ടായി. ‘ഓ… മുഈനുദ്ദീന്‍ താങ്കളെ നാം ഇന്ത്യയിലെ സുല്‍ത്താനായി നിയോഗിച്ചിരിക്കുന്നു. താങ്കള്‍ അജ്മീറില്‍ പോവുക. താങ്കളുടെ വാസസ്ഥലവും ഖബറിടവും അവിടെയാണ്. അവിടെച്ചെന്ന് ഇസ്ലാമിനെ പ്രബോധനം ചെയ്യുക. മുന്‍പരിചയമില്ലാത്ത അജ്മീര്‍ പട്ടണം നബി(സ) ഖാജാ തങ്ങള്‍ക്ക് സ്വപ്നത്തിലൂടെ കാണിച്ചു കൊടുത്തു.
തിരുനബി(സ)യുടെ നിര്‍ദ്ദേശ പ്രകാരം മഹാന്‍ തന്‍റെ നാല്‍പത് മുരീദുമാരോടൊപ്പം ഇന്ത്യയിലേക്ക് യാത്ര തിരിച്ചു. യാത്രാമദ്ധ്യേ നിരവധി മഹാത്മാക്കളെ കണ്ടുമുട്ടുകയും അവരുടെ അനുഗ്രഹാശിസ്സുകള്‍ കരസ്ഥമാക്കുകയും ചെയ്തു. അവിഭക്ത ഇന്ത്യയുടെ ഭാഗമായിരുന്ന ഇന്നത്തെ പാകിസ്ഥാനിലെ ലാഹോറിലാണ് പ്രസ്തുത സംഘം ആദ്യമെത്തിച്ചേര്‍ന്നത്. കുറച്ചുനാള്‍ അവിടെ താമസിച്ചതിനു ശേഷം ഖാജാ(റ)വും ശിഷ്യന്മാരും ഡല്‍ഹിയിലേക്ക് പുറപ്പെട്ടു. അന്നത്തെ ഡല്‍ഹി ഭരണാധികാരിയായിരുന്ന പൃഥ്വീരാജും മുസ്ലിം ഭരണാധികാരിയായിരുന്ന ശിഹാബുദ്ദീനും തമ്മില്‍ ഘോരമായ പോരാട്ടങ്ങള്‍ നടന്നു കൊണ്ടിരിക്കുന്ന സമയത്താണ് മഹാന്‍ ഡല്‍ഹിയിലെത്തുന്നത്. സംഘര്‍ഷങ്ങളും സംഘട്ടനങ്ങളും നിമിത്തം ഹിന്ദുക്കള്‍ മുസ്ലിംകളുമായി ശത്രുതയില്‍ കഴിയുന്ന സമയത്തു പോലും മഹാനുഭാവന്‍റെ മാതൃകാപരവും ഉല്‍കൃഷ്ടവുമായ ജീവിതത്തില്‍ ആകൃഷ്ടരായി നിരവധിയാളുകള്‍ ഇസ്ലാമാശ്ലേഷിക്കുകയുണ്ടായി. ഏതാനും നാളുകള്‍ക്കു ശേഷം തന്‍റെ പ്രധാന ശിഷ്യന്‍ ഖുതുബുദ്ദീന്‍ ബഖ്തിയാര്‍ കാക്കി(റ)വിനെ ഡല്‍ഹിയുടെ ചുമതലയേല്‍പ്പിച്ച് മഹാന്‍ തന്‍റെ ലക്ഷ്യസ്ഥാനമായ അജ്മീറിലേക്ക് യാത്ര തിരിച്ചു.
മുസ്ലിംകളുടെ കഠിനശത്രുവായ പ്രഥ്വിരാജ് അജ്മീര്‍ ഭരിക്കുന്ന കാലത്താണ് മഹാന്‍ അവിടെയെത്തുന്നത്. ഖാജാ(റ)വിനെ തന്‍റെ പ്രബോധന ദൗത്യത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ പൃഥ്വിരാജ് പല വഴികളും നോക്കി. മാരണക്കാരെയും മന്ത്രവാദികളെയും ഉപയോഗിച്ച് ഖാജാ(റ)വിനെ ഇല്ലാതാക്കാന്‍ ശ്രമിച്ചു. പക്ഷേ അവിടുത്തെ അതുല്യമായ ആത്മീയശക്തിക്കു മുന്നില്‍ അവരുടെ കുതന്ത്രങ്ങളെല്ലാം നിഷ്ഫലമാവുകയാണുണ്ടായത്. മാന്ത്രിക വിദ്യയിലും മാരണത്തിലും നിപുണനായിരുന്ന അജപാലനെ പൃഥ്വിരാജ് ഖാജാ തങ്ങള്‍ക്കെതിരില്‍ നിയോഗിച്ചു. അജപാലന്‍റെ ആഗമന വാര്‍ത്തയറിഞ്ഞ ഖാജാ(റ) ഒരു വൃത്തം വരക്കുകയും തന്‍റെ അനുയായികളോട് അതിനുള്ളില്‍ നില്‍ക്കുവാന്‍ കല്‍പിക്കുകയും ചെയ്തു.മാന്ത്രികവിദ്യയുടെ സഹായത്താല്‍ അജപാലന്‍ തൊട്ടടുത്തുള്ള പര്‍വതങ്ങളില്‍ നിന്നും കാടുകളില്‍ നിന്നും സര്‍പ്പങ്ങളെയും വിഷ ജന്തുകളെയും അവര്‍ക്കു നേരെ അയച്ചു. പക്ഷേ ഖാജാ തങ്ങള്‍ വരച്ച വൃത്തത്തിനു സമീപമെത്തെിയപ്പോള്‍ അവയെല്ലാം ചത്തു വീഴുകയുണ്ടായി. അത്ഭുതകരമായ ഈ കാഴ്ച കണ്ട് അജപാലന്‍ പരാജിതനായി മടങ്ങി. ഇങ്ങനെ പല വിദ്യകളും പയറ്റിയെങ്കിലും അതെല്ലാം മഹാനവര്‍കള്‍ക്ക് മുന്നില്‍ നിഷ്പ്രഭമാവുകയാണെന്നു മനസ്സിലാക്കിയ അജപാലന് ഒടുവില്‍ മാനസാന്തരമുണ്ടായി. അങ്ങനെ ഇസ്ലാമാശ്ലേഷിച്ച് ഖാജാതങ്ങളുടെ ശിഷ്യനായി മാറി.
അവിടുത്തെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ അജ്മീറില്‍ മാത്രം ഒതുങ്ങിയില്ല. ഇന്ത്യയുടെ പല ഭാഗത്തേക്കും മഹാന്‍ ശിഷ്യന്മാരെ അയക്കുകയും അവിടെയെല്ലാം ഇസ്ലാമിക മുന്നേറ്റത്തിന് നേതൃത്വം കൊടുക്കുകയും ചെയ്തു. വിശുദ്ധ ദീനിനായി ജീവിതം ഉഴിഞ്ഞ് വെച്ച അവിടുത്തെ തൂലികയില്‍ നിന്നും നിരവധി ഗ്രന്ഥങ്ങളും വിരചിതമായിട്ടുണ്ട്. കന്‍സുല്‍ അസ്റാര്‍, രിസാലത്തുല്‍ വുജൂദിയ്യ, ഹദീഖതുല്‍ മആരിഫ്, ദീവാനു ഖാജാ തുടങ്ങിയവ അവയില്‍ ചിലതുമാത്രം.
സാധുക്കളുടെയും അശരണരുടെയും അഭയകേന്ദ്രമായിരുന്നു ഖാജാ(റ). സാധുക്കളെ അങ്ങേയറ്റം സഹായിക്കുകയും സ്നേഹിക്കുകയും ചെയ്തിരുന്നു. അതു കൊണ്ടാണ് മഹാനവര്‍കള്‍ ഗരീബ് നവാസ്(സാധുക്കളുടെ സംരക്ഷകന്‍) എന്ന പേരില്‍ പ്രശസ്തനായത്. ജീവിതകാലത്തിലെന്ന പോലെ മരണശേഷവും നിരാലംബരുടെ അത്താണിയായി മഹാനവര്‍കള്‍ അജ്മീറില്‍ അന്ത്യവിശ്രമം കൊള്ളുന്നു. ഹിജ്റ 532 റജബ് ആറിന് അവിടുത്തെ 96-ാം വയസ്സിലാണ് ഖാജാ(റ) വഫാത്താവുന്നത്.
സഹല്‍ ആലപ്പുഴ

Write a comment